പർദ്ദ
Story written by Ammu Santhosh
“എടാ എനിക്ക് വലിയ ഒരാഗ്രഹം ഉണ്ട്.
“ഞാൻ അവന്റെ മുഖത്തു നോക്കി അവന്റെ പൂച്ചക്കണ്ണുകൾ തിളങ്ങി. അതിൽ എന്നോടുള്ള പ്രണയം കത്തി നിന്നു.
“പറയു”
“എനിക്ക് നിന്റെ ഒപ്പം രാത്രി പന്ത്രണ്ടു മണിക്ക് ഫുട്പാത്തിലൂടെ നടക്കണം “
“വാട്ട്? “
“യെസ്.. നിന്റെ കൈ കോർത്തു പിടിച്ചു കൊണ്ട് നിലാവിനെ കണ്ടു കൊണ്ട് തണുത്ത കാറ്റേറ്റ്… അങ്ങനെ ഒരു ഒരു മണിക്കൂർ മതി “
അവന്റെ മുഖത്തു ഒരു നിസഹായത തെളിഞ്ഞു. എന്റെ ആഗ്രഹം മറ്റേതു രാജ്യത്താണെലും നടന്നേനെ. പക്ഷെ ഇവിടെ….
ഞങ്ങളുടെ വിവാഹം നിശ്ചയിച്ചതാണ് പക്ഷെ അതുകൊണ്ട് രാത്രിയിൽ അവന്റെ കൂടെ എന്നെ എന്റെ വീട്ടുകാർ വിടുകയൊന്നുമില്ല അത് അവനെ വിശ്വാസം ഇല്ലാഞ്ഞിട്ടല്ല. നമ്മുടെ നാടിനെ വിശ്വാസം ഇല്ലാഞ്ഞിട്ടാണ്
അവൻ ചിരിച്ചു.
“അമ്മു നീ രാത്രിയിൽ ബാൽക്കണിയിലേക്കുള്ള വാതിൽ തുറന്നിടുക ഞാൻ വരും നമ്മൾ പോകുന്നു “
എന്റെ ഹൃദയം ശക്തിയിൽ മിടിച്ചു
രാത്രിയിൽ അവൻ വരുമ്പോളും എനിക്ക് നെഞ്ചിടിപ്പ് ആയിരുന്നു. അവൻ വന്നു ഒരു പൊതി നീട്ടി
“ഇത് ധരിച്ചിട്ട് വാ “
അതൊരു പർദ്ദ ആയിരുന്നു
“എടാ നമ്മൾ ഹിന്ദുക്കൾ ക്ക്.. ഇത്? “
“വസ്ത്രങ്ങൾക്ക് മതമില്ല അമ്മു. വേഗം വാ “
അവനൊപ്പം ഞാൻ നടന്നു. ആരും ഞങ്ങളെ നോക്കുന്നുണ്ടായിരുന്നില്ല
ഇടയ്ക്കെപ്പോളോ പട്രോളിംഗിന് ഇറങ്ങിയ പോലീസ് അവനോടു ചോദിച്ചു
“എങ്ങോട്ടാണ്? “
“നടക്കാൻ ഇറങ്ങിയതാണ് സർ വൈഫ് ആണ് “
പർദയുടെ സുഖം സ്വാതന്ത്ര്യത്തിന്റേതു കൂടിയാണെന്ന് അന്ന് ഞാൻ അറിഞ്ഞു
“ഇനിയും നിനക്ക് ആഗ്രഹം ഉണ്ടെങ്കിൽ പറയ്.. ഇത് പോലെ നമ്മൾ പോകും. നിനക്കെന്തു വേണമെങ്കിലും പറയ്. ഞാനുണ്ടാകും എന്നും “
അർദ്ധരാത്രിയിൽ നടുറോഡിൽ ഞാൻ അവനെ കെട്ടിപ്പുണർന്നു എനിക്ക് ആ വാക്കുകൾ തന്ന ആത്മവിശ്വാസം യഥാർത്ഥ പുരുഷന് മാത്രം തരാൻ കഴിയുന്ന തായിരുന്നു
പർദ്ദ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗം ആയതും അന്നുമുതൽ ആയിരുന്നു.