അമ്മേ അച്ഛനോട് പറ ഞങ്ങൾക്ക് രണ്ട് പേർക്ക് കൂടി ഒരു ഭാര്യ മതിയെന്ന് അത് കൊണ്ട് അതിന് താല്പര്യമുള്ള പെൺകുട്ടികളുടെ കല്യാണ ആലോചന ഉണ്ടെങ്കിൽ……..

Story written by Saji Thaiparambu

“അമ്മേ അച്ഛനോട് പറ ,ഞങ്ങൾക്ക് രണ്ട് പേർക്ക് കൂടി ഒരു ഭാര്യ മതിയെന്ന് അത് കൊണ്ട് അതിന് താല്പര്യമുള്ള പെൺകുട്ടികളുടെ കല്യാണ ആലോചന ഉണ്ടെങ്കിൽ ഞങ്ങൾ ഒരുമിച്ച് പോയി കണ്ടോളാം”

അജുവും ബിജുവും കൂടി പറഞ്ഞത് കേട്ട് അവരുടെ അച്ഛനും അമ്മയും പകച്ച് പോയി.

“എടാ പിള്ളേരെ അതെങ്ങനെ ശരിയാവും, അതൊക്കെ പണ്ട് കാലത്ത് നടന്നതായി കേട്ടിട്ടുണ്ട്, ഇക്കാലത്ത് ഒരു പെണ്ണും അതിന് മുതിരില്ല”

“അങ്ങനെയാരും തയ്യാറല്ലെങ്കിൽ ഞങ്ങൾക്ക് കല്യാണമേ വേണ്ട”

മക്കളുടെ തീരുമാനമറിഞ്ഞപ്പോൾ ആ മാതാപിതാക്കൾ ശരിക്കും പ്രതിസന്ധിയിലായി.

അജുവും ,ബിജുവും കുഞ്ഞും നാള് മുതൽ എന്ത് കിട്ടിയാലും കൃത്യമായി പങ്ക് വയ്ക്കുമായിരുന്നു, അമ്മയും അച്ഛനും എന്ത് വാങ്ങിയാലും, ഒരു പോലെയുള്ളത് മാത്രമേ വാങ്ങാറുള്ളു ,കാരണം അവരും ഒരുപോലെയുള്ളവരായിരുന്നു, നിമിഷങ്ങളുടെ വ്യത്യാസത്തിൽ മാത്രം ,അമ്മയുടെ ഗർഭപാത്രത്തിൽ നിന്നും ഭൂമിയിലേക്ക് വന്നവർ.

ഇടയ്ക്ക് ചെറിയ പിണക്കങ്ങളൊക്കെ ഉണ്ടാകുമെങ്കിലും ,ആ പിണക്കത്തിന്, അല്പായുസ്സ് മാത്രമേ ഉണ്ടാവാറുള്ളു ,

എവിടെപ്പോയാലും ഒരുമിച്ച് എന്ത് ചെയ്താലും ഒരുമിച്ച് ,ഒരുമിച്ചല്ലാതെ നാട്ടുകാരാരും, തനിച്ച് അവരെ ഇത് വരെ കണ്ടിട്ടില്ല.

മക്കളുടെ ആഗ്രഹപ്രകാരം, പെൺകുട്ടിയെ കിട്ടുമോന്നറിയാൻ, അവരുടെ അച്ഛൻ ,നാനാവഴിക്കും അന്വേഷണം ആരംഭിച്ചു.

ഒടുവിൽ, ഒരു പെൺകുട്ടി അതിന് തയ്യാറായി മുന്നോട്ട് വന്നു, അവൾക്ക് അച്ഛനില്ലായിരുന്നു ,അമ്മയും മൂന്ന് അനുജത്തിമാരുമുള്ള, അവളെയും കുടുംബത്തെയും, സംരക്ഷിച്ച് പോന്നത് അമ്മാവൻമാരായിരുന്നു.

അമ്മാവൻമാരുടെ തീരുമാനപ്രകാരം, അവൾ അതിന് നിർബന്ധിതയാവുകയായിരുന്നു .

സത്രീധനമൊന്നുമില്ലാതെ, ഒരാളുടെ കാര്യമെങ്കിലും നടക്കുമല്ലോ എന്നതായിരുന്നു, അമ്മാവൻമാരെ അങ്ങനെയൊരു തീരുമാനത്തിലേക്കെത്താൻ പ്രേരിപ്പിച്ച പ്രധാന ഘടകം.

അങ്ങനെ മുതലപ്പൊഴിയാറിൻ്റെ തീരത്തുള്ള ഗ്രാമവാസികൾ, ഒരു അപൂർവ്വ മംഗല്യത്തിന് സാക്ഷ്യം വഹിച്ചു.

ബോണറ്റിന് മുകളിൽ രണ്ട് പൂച്ചെണ്ടുകളും, ചെണ്ട്മല്ലിപ്പൂവ് കൊണ്ട് തീർത്ത രണ്ട് പൂമാലകളും കൊണ്ട് അലങ്കരിച്ച, അംബാസഡർ കാറിൻ്റെ ബാക്ക് സീറ്റിൽ ,രണ്ട് ഭർത്താക്കൻമാരുടെ നടുക്കിരുന്ന് വന്ന ,പുതുപ്പെണ്ണിനെ നാട്ടുകാർ കൗതുകത്തോടെ നോക്കി.

പ്രായഭേദമന്യേ, സ്ത്രീകളും പുരുഷന്മാരും ,അവരെ നോക്കി അടക്കം പറഞ്ഞ് ചിരിച്ചു.

രാത്രിയായി .

അമ്മായിയമ്മ കൊടുത്ത് വിട്ട പാൽ ഗ്ളാസ്സുമായി, നെഞ്ചിടിപ്പോടെ സമീര, തന്നെ കാത്തിരിക്കുന്ന ഭർത്താക്കന്മാരുടെ മുറിയിലേക്ക് വന്നു .

കട്ടിലിൽ ഇരിക്കുന്ന അവരുടെ നേരെ, അവൾ ആ പാൽ ഗ്ളാസ്സ് നീട്ടി.

രണ്ട് പേരും ഒരുപോലെ ആ ഗ്ളാസ്സിൽ പിടിച്ചു വലിച്ചു.

“ഞാനാദ്യം കുടിക്കാം ,എന്നിട്ട് നിനക്ക് കുടിക്കാം”

ബിജുവാണത് പറഞ്ഞത്.

“അത് വേണ്ട ,നിമിഷങ്ങളുടെ വ്യത്യാസമേയുള്ളുവെങ്കിലും, ആദ്യം പിറന്നത് ഞാനല്ലേ? അപ്പോൾ മുൻഗണന എനിക്കല്ലേ ?

അജു ചോദിച്ചു.

“ആങ്ങ്ഹാ, അത് കൊള്ളാമല്ലോ, മുൻപ് അങ്ങനൊന്നുമില്ലായിരുന്നല്ലോ?

ബിജു നീരസത്തോടെ പറഞ്ഞു.

“എടാ മുൻപ് നമുക്ക് അച്ഛനും അമ്മയും, എന്ത് വാങ്ങിയാലും ഓരോന്ന് വീതം വാങ്ങുമായിരുന്നു, അപ്പോൾ നമുക്ക് പ്രയാസമില്ലാതെ തുല്യമായി വീതിച്ചെടുക്കാമായിരുന്നു, ഇപ്പോൾ രണ്ട് പേർക്ക് കൂടി ഒന്നല്ലേയുള്ളു, അത് കൊണ്ടാ ഞാനങ്ങനെ പറഞ്ഞത്”

“ഹേയ്, അത് വേണ്ട അത് ശരിയാവില്ല”

അങ്ങനെ സമ്മതിച്ച് കൊടുത്താൽ, ഇനി മുതൽ എല്ലാ കാര്യത്തിലും താൻ രണ്ടാമതായി പോകുമെന്ന് ബിജുവിന് തോന്നി .

“രണ്ട് പേരും ഒന്ന് നിർത്തൂ .. ഞാനൊരു ഐഡിയ പറയാം, ആരാണ് ആദ്യമെന്നുള്ളത്, നമുക്ക് നറുക്കിട്ട് തീരുമാനിക്കാം”

അത് വരെ മിണ്ടാതെ നിന്ന, ഭാര്യയുടെ അഭിപ്രായം അവർ ശരിവച്ചു.

“ഓകെ എനിക്ക് സമ്മതം” ,

ആ അഭിപ്രായം രണ്ട് പേരും അംഗീകരിച്ചു.

“പക്ഷേ, എനിക്കൊരു നിബന്ധനയുണ്ട്, എല്ലാ കാര്യത്തിനും, എപ്പോഴും ഇങ്ങനെ നറുക്കിടാൻ പറ്റില്ല, അത് കൊണ്ട് ഇപ്പോൾ നറുക്ക് വീഴുന്ന ആളായിരിക്കും ,ഇനി മുതലങ്ങോട്ട് ഓരോ കാര്യത്തിലും മുൻഗണന ലഭിക്കുന്നത് ,എന്ന് വച്ചാൽ ഇന്ന് ഞാൻ അന്തിയുറങ്ങുന്നത് പോലും, ആ ഒരാളുമായിട്ട് മാത്രമായിരിക്കും, നറുക്ക് വീഴാത്ത ആളോടൊപ്പം ഞാൻ മധുവിധു തുടങ്ങുന്നത് നാളെ മുതലായിരിക്കും അത് കൊണ്ട് ,രണ്ട് പേരും നല്ലത് പോലെ ആലോചിച്ചിട്ട് ഒരു അഭിപ്രായം പറഞ്ഞാൽ മതി”

അത് കേട്ട് ,അജുവും, ബിജുവും തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയിലായി.

എങ്കിലും, തനിക്ക് നറുക്ക് വീണാൽ, ഇന്ന് തന്നെ തൻ്റെ ഫസ്റ്റ് നൈറ്റ് നടക്കുമല്ലോ, എന്ന സന്തോഷത്തിൽ, അവർ രണ്ട് പേരും ഒരുപോലെ സമ്മതമറിയിച്ചു.

അജുവിൻ്റെയും, ബിജുവിൻ്റെയും പേരുകളെഴുതിയ പേപ്പർ ചുരുളുകൾ, സമീര തൻ്റെ കൈക്കുമ്പിളിലിട്ട് നന്നായി കുലുക്കിയിട്ട് ,അതിലൊരെണ്ണമെടുക്കാൻ ബിജുവിനോട് പറഞ്ഞു.

ബിജുവെടുത്ത് കൊടുത്തപേപ്പർ ചുരുൾ ,സമീര നിവർത്തി വായിച്ചു.

“അജുവേട്ടനാണ് നറുക്ക് വീണിരിക്കുന്നത് ,അത് കൊണ്ട് ഇനി മുതൽ എല്ലാ കാര്യങ്ങൾക്കും മുൻഗണന ലഭിക്കുന്നത് അജുവേട്ടനായിരിക്കും, ബിജു വേട്ടന് വിരോധമൊന്നുമില്ലല്ലോ അല്ലേ?

സമീര ചെറുപുഞ്ചിരിയോടെ ബിജുവിനോട് ചോദിച്ചു.

അതിന് മറുപടി പറയാതെ, ബിജു വേഗം അവിടെ നിന്നിറങ്ങി പോയി.

“അവന് അസൂയയാണ് , നീ അതൊന്നും കാര്യമാക്കണ്ട, വേഗം ആ കതകടച്ചിട്ട് ഇവിടെ എൻ്റെ അടുത്ത് വന്നിരിക്ക്”

അജു, ധൃതിവച്ചു.

“അയ്യോ അജുവേട്ടാ.. അങ്ങനെ പറയല്ലേ ,നിങ്ങളെപ്പോലെ ബിജുവേട്ടനും എൻ്റെ ഭർത്താവല്ലേ? പാവം അതിന് വിഷമമായിക്കാണും”

“എന്നാൽ പിന്നെ, നീ അവനെ ഇങ്ങോട്ട് വിളിച്ചിട്ട് അവനോടൊപ്പം ആദ്യരാത്രി ആഘോഷിക്ക്, ഞാൻ എങ്ങോട്ടെങ്കിലും പൊയ്ക്കൊള്ളാം”

“എന്താ അജുവേട്ടാ.. ഇത്, കൊച്ചു കുട്ടികളെ പോലെ, ഫസ്റ്റ് നൈറ്റിൽ തന്നെ ഇങ്ങനെയാണെങ്കിൽ, ഈ ഒരു ജന്മം മുഴുവൻ ,ഞാൻ നിങ്ങള് രണ്ട് പേരോടൊപ്പം എങ്ങനെ സമാധാനമായി ജീവിക്കും”

“ദേ സമീര.. ഞാനൊരു കാര്യം പറയാം ,എനിക്ക് നിന്നെ വേണം, അവൻ വേണമെങ്കിൽ വേറെ ആരെയെങ്കിലും വിവാഹം കഴിക്കട്ടെ”

“അതെങ്ങനെ ശരിയാവും?

“അതൊന്നുമെനിക്കറിയണ്ട ,നാളെ രാവിലെ തന്നെ അച്ഛനോടും അമ്മയോടും ഞാൻ ഇക്കാര്യം പറയാൻ പോകുവാ”

“ഉം ശരി ,എന്തായാലും നേരം വെളുക്കട്ടെ ,ഇപ്പോൾ അവരൊക്കെ നല്ല ഉറക്കത്തിലായിരിക്കും ,അതും പറഞ്ഞിരുന്ന്, വെറുതെ നമ്മുടെ ഫസ്റ്റ് നൈറ്റ് കുളമാക്കണോ?

ചുണ്ടിലൂറി വന്ന കള്ളച്ചിരി, സമീര അജു കാണാതെ നുണക്കുഴിയിലൊളിപ്പിച്ചു .

നേരം പരാ പരാ വെളുത്തപ്പോൾ അജു, തന്നെ ചുറ്റിപ്പിടിച്ചിരിക്കുന്ന സമീരയുടെ കൈകൾ അടർത്തിമാറ്റിയിട്ട് ,അവളെ ഉണർത്താതെ ,പതിയെ കട്ടിലിൽ നിന്നിറങ്ങി പൂമുഖത്തേയ്ക്ക് വന്നു.

കട്ടൻ ചായയും കുടിച്ച് കൊണ്ട്, എന്നത്തേയും പോലെ, തൻ്റെ അച്ഛനും അമ്മയും, അവിടെ കസേരയിലിരുപ്പുണ്ടാവുമെന്ന്, അജുവിനറിയാമായിരുന്നു.

അവൻ അവരോട് തൻ്റെ ആഗമനോദ്ദേശ്യം പറയുമ്പോൾ, അവർ ഞെട്ടുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല.

“നീ ഇപ്പോഴല്ലേ ഇത് പറയുന്നത്, അവൻ ഇന്നലെ തന്നെ ഞങ്ങളോട് വന്ന് പറഞ്ഞിരുന്നു ,ചേട്ടൻ്റെ എച്ചില് അവന് വേണ്ടന്ന് ,അത് കൊണ്ട് സമീരയുടെ അനുജത്തിമാരെ ആരെയെങ്കിലും അവന് വേണ്ടി ആലോചിക്കണമെന്ന്”

അത് കേട്ട അജു പകച്ച് പോയി.

ജനനം കൊണ്ട് താനാണ് മൂപ്പെങ്കിലും, പ്രവൃത്തി കൊണ്ട് അവൻ തന്നെ തോല്പിച്ച് കളഞ്ഞെന്ന് സന്തോഷത്തോടെ അജു ഓർത്തു .

താൻ ഉറക്കമാണെന്ന് തെറ്റിദ്ധരിച്ച്, പൂച്ചയെ പോലെ തൻ്റെയടുത്ത് നിന്ന് എഴുന്നേറ്റ് പോയ അജുവിനെയോർത്ത്, സമീരയുടെ ഉള്ളിൽ ചിരി പൊട്ടി .

ഇനി മുതൽ തനിക്കും, മറ്റ് സ്ത്രീകളെ പോലെ, ഒരു പുരുഷൻ്റെ കാര്യങ്ങൾ മാത്രം നോക്കി ,സാധാരണ ജീവിതം നയിക്കാമല്ലോ, എന്ന ആശ്വാസമായിരുന്നു സമീരയ്ക്കപ്പോൾ.

Leave a Reply

Your email address will not be published. Required fields are marked *