അമ്മേ… ഇന്ന് ഡിപ്പാർട്മെന്റ്ൽ ഒരു കുട്ടി വന്നു ഒരു പാവം കുട്ടി. എനിക്ക് അവളെ വല്ലാതെ അങ്ങ് ഇഷ്ടപ്പെട്ടു. ഞാൻ അവളെ അങ്ങ് കെട്ടിയാലോന്ന് ആലോചിക്കുവാ…

Story written by Nisha L

ഡിപ്പാർട്മെന്റ്ലേക്ക് ഓടി കയറി വന്ന പെൺകുട്ടിയെ ശ്രീനു കണ്ണെടുക്കാതെ നോക്കി നിന്നു. വെളുത്തു കൊലുന്നനെയുള്ള,, വെള്ളാരം കണ്ണുള്ള,, നീണ്ടു പടർന്ന മുടിയുള്ള ഒരു കൊച്ചു സുന്ദരി.

“സർ… ഞാൻ ഇവിടെ പുതിയതായി വന്ന ലാബ് അസിസ്റ്റന്റ് ആണ്… നീതു.. “!!

അവൾ പറഞ്ഞത് കേട്ട് അവൻ സ്വപ്നത്തിൽ നിന്നുണർന്നു.

“ആഹ്ഹ്… ശരി…. ശരി ഞാൻ ശ്രീനു.. ഡിപ്പാർട്മെന്റ് ഹെഡ് ആണ്.. നീതു ഇരിക്കൂ.. “!!!

“ശരി സാർ.. “!!

അന്ന് വീണ്ടും ശ്രീനുവിന്റെ കണ്ണുകൾ അവൻ അറിയാതെ തന്നെ പലവട്ടം അവളെ തേടി ചെന്നു…

ശോ … ഈ പെണ്ണ് എന്റെ ഉറക്കം കളയുന്ന ലക്ഷണം ആണല്ലോ ദൈവമേ.. !!

“നീതുവിന്റെ വീട് എവിടെയാ..? “!!

“പത്തനംതിട്ടയാണ് സർ.. “!!

“അവിടെ എവിടെ..? “!!

“സാറിന് അവിടൊക്കെ അറിയുമോ..? “!!

‘ആഹ്..താൻ പറയെടോ.. ഇങ്ങനെ ഒക്കെ അല്ലെ അറിയുന്നത്.. “!! അവൻ ചിരിയോടെ പറഞ്ഞു.

നീതു വീടും ലൊക്കേഷൻ ഉൾപ്പെടെ എല്ലാം കൃത്യമായി പറഞ്ഞും കൊടുത്തു.

വീട്ടിൽ എത്തിയിട്ടും ശ്രീനുവിന്റെ മനസ്സിൽ നീതു മാത്രം നിറഞ്ഞു നിന്നു.

“എന്താ ശ്രീകുട്ടാ നീ ഇവിടൊന്നും അല്ലെ.. എത്ര നേരമായി ചോദിക്കുന്നു ആഹാരം എടുക്കട്ടെ എന്ന്.. “!!!

അമ്മയുടെ വിളി അവനെ ചിന്തയിൽ നിന്നുണർത്തി.

“അമ്മേ… ഇന്ന് ഡിപ്പാർട്മെന്റ്ൽ ഒരു കുട്ടി വന്നു. ഒരു പാവം കുട്ടി. എനിക്ക് അവളെ വല്ലാതെ അങ്ങ് ഇഷ്ടപ്പെട്ടു. ഞാൻ അവളെ അങ്ങ് കെട്ടിയാലോന്ന് ആലോചിക്കുവാ… “!!

“ങ്‌ഹേ… ഇത്ര പെട്ടെന്നൊ..”!! അമ്മ അന്തംവിട്ട് അവനെ നോക്കി..

“അതെ അമ്മേ… ഇതു വരെ ആരോടും തോന്നാത്ത ഒരു ഇഷ്ടം…അമ്മക്കും അവളെ ഇഷ്ടപ്പെടും. അമ്മയുടെ പോലെ തന്നെ ശാന്തമായ സ്വഭാവം ഉള്ള കള്ളത്തരങ്ങൾ ഒന്നുമറിയാത്ത ഒരു കുട്ടി. പാവപ്പെട്ട വീട്ടിലെ കുട്ടിയാണെന്ന് തോന്നുന്നു. നിറം മങ്ങിയ വസ്ത്രങ്ങൾ ഇട്ടാണ് വന്നത്. അവളെ കല്യാണം കഴിച്ച് ഒരു രാജകുമാരിയെ പോലെ നോക്കണം എനിക്ക്. അവളുടെ വീട്ടിൽ പോയി ഒന്ന് ചോദിച്ചാലോ അമ്മേ..എനിക്ക് അമ്മയുടെ സമ്മതം മാത്രം മതി. “!!

“നിന്റെ ഏത് ആഗ്രഹത്തിനാ ശ്രീകുട്ടാ ഞാൻ എതിരു പറഞ്ഞിട്ടുള്ളത്. നീ ഒരിക്കലും തെറ്റായ തീരുമാനം എടുക്കില്ല എന്നെനിക്കറിയാം… നിനക്ക് ഇഷ്ടമാണെങ്കിൽ എനിക്ക് എതിർപ്പില്ല. നിന്റെ സന്തോഷം ആണ് മോനെ എനിക്ക് വലുത്.. “!!അമ്മ അവന്റെ തലയിൽ തഴുകി പറഞ്ഞു.

അമ്മയുടെ സമ്മതം കിട്ടിയപ്പോൾ അവൻ അവളുടെ വീട്ടിൽ പോയി കല്യാണം ആലോചിക്കാൻ തന്നെ തീരുമാനിച്ചു.

ശ്രീനുവിന്റെ ചെറുപ്പത്തിൽ തന്നെ അവന്റെ അച്ഛൻ മരിച്ചതാണ്. പിന്നെ അവന് എല്ലാം അമ്മയാണ്. അവർ ഒരു പാവം സ്ത്രീ. മകന്റെ സന്തോഷത്തിന് അപ്പുറം ഒരു ലോകമില്ല എന്ന് കരുതുന്ന ഒരു പാവം.

ശ്രീനുവിന്റെ കണ്ണുകൾ എപ്പോഴും നീതുവിനെ ചുറ്റി നിന്നു. ഒരു പാവം നിഷ്കളങ്കയായ പെൺകുട്ടി. നാട്യങ്ങൾ ഏതുമില്ലാത്ത,,, എല്ലാരോടും ഒരു പുഞ്ചിരിയോടെ സംസാരിക്കുന്ന,, ബഹളങ്ങൾ ഒന്നുമില്ലാത്ത,,, കാപട്യങ്ങൾ ഒന്നുമറിയാത്ത,, തുളസി കതിര് പോലെ പരിശുദ്ധയായ,, മിതമായ സംസാരങ്ങളുള്ള ഒരു പെൺകുട്ടി. ഓരോ ദിവസം കഴിയും തോറും ശ്രീനുവിന്റെ മനസ്സിൽ അവളോടുള്ള ഇഷ്ടം വല്ലാതെ വേരൂന്നി കഴിഞ്ഞിരുന്നു. എത്രയും പെട്ടെന്ന് അവളെ തന്റേത് മാത്രമാക്കണമെന്ന ചിന്ത അവനിൽ ശക്തമായി വളർന്നു.

ഒന്നര മാസത്തിനു ശേഷം ഒരു ദിവസം..

ശ്രീനു അവന്റെ കൂട്ടുകാരൻ ജിത്തുവിനെയും കൂട്ടി നീതുവിന്റെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചിറങ്ങി. ജംഗ്ഷനിൽ ഉള്ള കടയിൽ അവളുടെ വീട് തിരക്കാൻ വേണ്ടി അവർ വണ്ടി നിർത്തി.

“ചേട്ടാ… ഈ രഘുവിന്റെ വീട് ഏതാ..? “!!

“ഏത് ആ ഗുണ്ട രഘുവോ..? “!!

കടക്കാരൻ ചോദിച്ചത് കേട്ട് ശ്രീനു ഒന്ന് ഞെട്ടി. .

“അല്ല ചേട്ടാ.. അയാളുടെ മകൾ ഇപ്പോൾ പുതുതായി ജോലിക്ക് കയറി… നീതു എന്നാ ആ കുട്ടിയുടെ പേര്.. “!!

“അതെ മോനെ ആ കുട്ടിയുടെ അച്ഛനാണ് രഘു.. മോൻ എവിടുന്നു വരുന്നു.? “!!

“ഞാൻ നീതു ജോലി ചെയ്യുന്ന കോളേജിൽ അധ്യാപകൻ ആണ്.. “!!

“അയ്യോ.. മോനെ.. ആ കുഞ്ഞും അതിന്റെ അമ്മയും ഒരു പാവമാ…. ആ ദുഷ്ടൻ ആ കൊച്ചിനെ… “!! അയാൾ പകുതിയിൽ നിർത്തി.

“എന്താ ചേട്ടാ… എന്താ കാര്യം… എന്തായാലും പറയൂ നമുക്ക് പരിഹാരം ഉണ്ടാക്കാം. “!!

പിന്നീട് അയാൾ പറയുന്നത് കേട്ട് ശ്രീനുവും ജിത്തും ഞെട്ടി തരിച്ചു നിന്നു പോയി.

നീതുവിന്റെ അമ്മ ഉമയുടെ അച്ഛനമ്മമാർ അവളുടെ ചെറുപ്പത്തിലേ മരിച്ചു. ഒരു അകന്ന ബന്ധുവിനൊപ്പമാണ് അവൾ താമസിച്ചിരുന്നത്. ഒരു ബാധ്യത ഒഴിക്കുന്നത് പോലെ അവർ അവളെ തെമ്മാടിയായ രഘുവിനു വിവാഹം ചെയ്തു കൊടുത്തു. പിന്നീട് ഒരിക്കലും അവർ ഉമയെ കുറിച്ച് അന്വേഷിച്ചതേയില്ല. രഘുവിന്റെ പീഡനം സഹിച്ചു അവൾ ജീവിച്ചു. ഒക്കെ സഹിക്കാം പക്ഷേ അയാളുടെ പരസ്ത്രീ ബന്ധം..

ഇതിനിടയിൽ എപ്പോഴോ നീതു ജനിച്ചു. അച്ഛൻ എന്നത് കുഞ്ഞുന്നാൾ മുതൽ അവൾക്കൊരു പേടി സ്വപ്നം ആയിരുന്നു. പക്ഷേ…അവൾ പ്രായപൂർത്തി ആയപ്പോൾ രഘുവിന്റെ കാമകണ്ണുകൾ അവളെ വിടാതെ പിന്തുടർന്നു. അതിനു ശേഷം ഒരിക്കൽ പോലും ഉമയോ നീതുവോ നന്നായി ഉറങ്ങിയിട്ടില്ല. രാത്രികളെ പകലുകൾ ആക്കി ആ അമ്മയും മകളും ജീവിച്ചു.

“നീതു… നീതു… ഇവിടെ ആരുമില്ലേ.. “? !!

ചുമരുകൾ തേയ്ക്കാത്ത,,, ഓടുകൾ പൊട്ടിയ ആ കൊച്ചു വീട്ടിൽ നിന്ന് നീതുവും പിറകെ ഉമയും പരിഭ്രമത്തോടെ ഇറങ്ങി വന്നു. ആദ്യമായാണ് തങ്ങളെ തിരക്കി ഈ പടി കടന്ന് ആരെങ്കിലും എത്തുന്നത്. അത് ആരാണെന്ന് അറിയാനുള്ള ആകാംക്ഷ അവരുടെ കണ്ണുകളിൽ ഉണ്ടായിരുന്നു.

ഇറങ്ങി വന്ന നീതുവിന്റെ കണ്ണുകൾ ശ്രീനുവിനെ കണ്ട് സന്തോഷത്താൽ വിടർന്നു.

“അയ്യോ.. ശ്രീനു സാർ.. സാർ എന്താ ഇവിടെ.. വാ കയറി ഇരിക്ക്… ” അത്ഭുതം വിടർന്ന കണ്ണുകളോടെ അവൾ അവനെ വിളിച്ചു.

“അമ്മേ ഇത് ശ്രീനു സർ.. കോളേജിൽ എന്റെ ഡിപ്പാർട്മെന്റ് ഹെഡ് ആണ് സാർ.. “

“ഇരിക്കു സാർ.. ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം.. “!!

“ഒന്നും വേണ്ട അമ്മേ.. ഞാൻ.. ഞാൻ ഇപ്പോൾ വന്നത്..ഒരു പ്രധാനപ്പെട്ട കാര്യം പറയാനാണ്… “!! അവൻ ഒന്ന് നിർത്തി തുടർന്നു

“അധികം വളച്ചു കെട്ടില്ലാതെ പറയാം.. എനിക്ക്… എനിക്ക് നീതുവിനെ ഇഷ്ടമാണ് അവളെ വിവാഹം ചെയ്യാൻ താല്പര്യമുണ്ട്. “!”

ഉമയും നീതുവും വിശ്വാസം വരാതെ അവനെ നോക്കി

“സംശയിക്കണ്ട എല്ലാം അറിഞ്ഞിട്ട് തന്നെയാ… നീതുവിനെ കുറച്ചു ദിവസങ്ങൾ കൊണ്ട് എനിക്ക് ഒരുപാട് ഇഷ്ടമായി. കൂടെ കൂട്ടണം എന്ന് തന്നെയാണ് ആഗ്രഹം. “!!

നീതുവും ഉമയും മുഖത്തോടു മുഖം നോക്കി.

കണ്ടിട്ട് നല്ല കുടുംബത്തിൽ പിറന്ന ചെക്കൻ ആണെന്ന് തോന്നുന്നു….. ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലമാ… എന്റെ കുഞ്ഞിനെ അപകടത്തിൽപ്പെടുത്താനായിരിക്കുമോ… സംശയത്തോടെ ഉമ അവനെ നോക്കി.

“അമ്മക്ക് എന്നെ സംശയം ആണോ..? !!”ഉമയുടെ മുഖത്തെ സംശയഭാവം കണ്ട് ശ്രീനു ചോദിച്ചു.

“നീതുവിനോട് ചോദിച്ചു നോക്ക്.. എന്നെ കുറിച്ച് നീതുവിന് അറിയാമല്ലോ.. ഞങ്ങൾ തമ്മിൽ ദിവസവും കാണുന്നതല്ലേ.. “!!

“അതല്ല മോനെ.. എന്റെ മോൾ.. അവൾ ജനിച്ചിട്ട് ഇന്നുവരെ സന്തോഷം എന്തെന്ന് അറിയാതെ വളർന്ന കുട്ടിയാ.. എന്റെ വിധി എന്റെ കുഞ്ഞിന് വരരുത് എന്ന് ആഗ്രഹം മാത്രമേയുള്ളു… അതുകൊണ്ടാ… ഞാൻ.. “!!

“എനിക്ക് അറിയാം അമ്മേ… നിങ്ങളുടെ അവസ്ഥ നന്നായി അറിഞ്ഞിട്ടു തന്നെയാ ഞാൻ വന്നിരിക്കുന്നത്. എന്നെകൊണ്ട് കഴിയും പോലെ ഞാൻ സന്തോഷത്തോടെ നോക്കി കൊള്ളാം അവളെ.. “!!

“സാർ എന്നോട് ക്ഷമിക്കണം.. ഞാൻ.. എനിക്ക്.. എന്റെ അമ്മ.. അമ്മയെ വിട്ട്…
… അമ്മയെ ഒറ്റയ്ക്ക് ആക്കി ഞാൻ എങ്ങോട്ടും ഇല്ല സാർ.. പ്ലീസ്… “!!

“അതോർത്ത് വിഷമിക്കണ്ട… അമ്മയും കൂടി കൂടെ പോന്നോട്ടെ.നീതു…. ഞാൻ നിന്നെ സ്നേഹിച്ചത് ആത്മാർത്ഥമായി തന്നെയാണ്.. എനിക്ക് വേണം നീതു നിന്നെ… എതിരു പറയരുത്… “!!

നീതു എന്തു പറയണം എന്നറിയാതെ വിഷമിച്ചു..

“വേണ്ട… വേണ്ട മോനെ… ഈ നരകത്തിൽ നിന്ന് എന്റെ കുഞ്ഞിനെ ഒന്ന് രക്ഷിച്ചാൽ മതി. എന്നെകുറിച്ച് വിഷമിക്കണ്ട…”!!! ഉമ പറഞ്ഞു.

കുറച്ചു നേരത്തെ സംസാരത്തിനു ശേഷം ശ്രീനു അവന്റെ തീരുമാനം അറിയിച്ചു.

“ഞാൻ ഏറ്റവും അടുത്ത ദിവസം തന്നെ അമ്മയേയും കൂട്ടി വരാം. എന്നിട്ട് എത്രയും പെട്ടെന്ന് ഏതെങ്കിലും ഒരു ക്ഷേത്രത്തിൽ വച്ചു താലി കെട്ടി കൂടെ കൂട്ടാം.. എനിക്ക് നിങ്ങൾ രണ്ടു പേരുടെയും സമ്മതം മാത്രം മതി. എന്റെ അമ്മയെ കൊണ്ട് ഞാൻ സമ്മതിപ്പിച്ചു കൊള്ളാം.. “!!

പെട്ടെന്നാണ് മുറ്റത്തു നിന്ന് ഒരു അലർച്ച കേട്ടത്..

“എടി &&## മോളെ.. ഞാനില്ലാത്ത സമയം നോക്കി അമ്മയും മോളും കൂടി ഏതവനെയാണെടി അകത്തു കേറ്റി വച്ചിരിക്കുന്നത്.. “!!

“അയ്യോ.. അമ്മേ അച്ഛൻ… അച്ഛൻ വന്നു.. “”!! നീതു പേടിയോടെ ഉമയുടെ പിന്നില്ലേക്ക് പതുങ്ങി.

അകത്തു കയറിയ രഘു ശ്രീനുവിനെയും ജിത്തുവിനെയും കണ്ടു കോപം കൊണ്ട് അലറി..

“ആഹാ… ഒരാളല്ല.. രണ്ടു പേരോ.. തള്ളയും മോളും കൊള്ളാമല്ലോടി.. “!!

രഘുവിന്റെ ഭാവം കണ്ടു ഉമ പേടിച്ചു വിറച്ചു.

ശ്രീനു നോക്കി കാണുകയായിരുന്നു അയാളുടെ ഭാവം.

കാളക്കൂറ്റനെ പോലെയുള്ള രൂപം. കണ്ണുകൾ ചുവന്നു കലങ്ങി.. മദ്യത്തിന്റെ രൂക്ഷ ഗന്ധം.. പാവം നീതുവും അമ്മയും ഇയാളുടെ കൂടെ ഇത്ര നാൾ… പേടിച്ചു.. ഭയന്ന്.. പോകാൻ ഒരിടം ഇല്ലാതെ.. ചേർത്ത് പിടിക്കാൻ ഒരാളില്ലാതെ.. അതോർക്കേ അവന്റെ മനസ്സിൽ നോവുണർന്നു.. ..

“നീയെന്താടാ എന്നെ നോക്കി പേടിപ്പിക്കുന്നോ.. “!!

അലർച്ചയോടെ പറഞ്ഞു കൊണ്ട് രഘു അരയിൽ തിരുകിയ ക ത്തി വലിച്ചൂരിക്കൊണ്ടു അവന് നേരെ പാഞ്ഞടുത്തു.. ജിത്തു പെട്ടെന്ന് അവനെ പിടിച്ചു ഒരു വശത്തേക്ക് വലിച്ചു. ഓടി വന്ന സ്പീഡിൽ രഘു അടി തെറ്റി നിലത്തേക്ക് വീണു. മദ്യ ലഹരിയിൽ അയാൾക് അവിടെ നിന്ന് എഴുനേൽക്കാൻ ആകും മുൻപേ ഉമ അടുക്കളയിലേക്ക് ഓടി… കൈയിൽ കിട്ടിയ അരിവാ ളുമായി പാഞ്ഞു വന്ന അവർ രഘുവിന് നേരെ അരിവാ ൾ ആഞ്ഞു വീശി. പലവട്ടം.. ചൂട് ചോ ര ചീറ്റി തെറിച്ചു.

“ആ… അമ്മേ..”!!
രഘു പ്രാണവേദനയോടെ അലറി. ഉമ വീണ്ടും വീണ്ടും അയാളെ വെ ട്ടി…. ആ ശരീരം നിശ്ചലമാകുന്നത് വരെ…

ശ്രീനുവും ജിത്തും ആ കാഴ്ച കണ്ടു ഞെട്ടി തരിച്ചു നിന്നുപോയി..

കണ്മുന്നിൽ നടക്കുന്നത് എന്താണെന്ന് മനസിലാക്കി വന്നപ്പോഴേക്കും നീതു അലറി കരഞ്ഞു…

“അമ്മേ… “!! ഒരു ആർത്തനാദത്തോടെ അവൾ ബോധമറ്റു വീണു. അതു കണ്ട ശ്രീനു ഓടി ചെന്ന് അവളെ കൈകളിൽ താങ്ങി.

വിവരം അറിഞ്ഞു പോലീസ് എത്തി. വിലങ്ങണിഞ്ഞ കൈകളുമായി ഉമ ശ്രീനുവിന് അരികിലേക്ക് വന്നു. അപ്പോഴേക്കും ബോധം തെളിഞ്ഞ നീതു തളർന്നു വാടിപ്പോയിരുന്നു. ശ്രീനു അവളെ തന്നോട് ചേർത്തു പിടിച്ചു.

“മോനെ… ഞാൻ… ഞാൻ ഇത് പണ്ടേ ചെയ്യേണ്ടതായിരുന്നു. പക്ഷേ.. ഞാൻ കൂടി ഇല്ലാതായാൽ എന്റെ കുഞ്ഞ്… അവൾ.. ചുറ്റുമുള്ള കഴുകൻ കണ്ണുകൾക്കിടയിൽ ഒന്നും ചെയ്യാനാകാതെ നിന്നു പോകും എന്നെനിക്ക് അറിയാമായിരുന്നു. അതുകൊണ്ട്.. അതുകൊണ്ട് മാത്രമാണ് ഞാൻ ഇത്ര നാളും ക്ഷമിച്ചത്. മോൻ.. എന്റെ മോളെ കൂടെ കൂട്ടിയില്ലെങ്കിലും സാരമില്ല.. അവളെ.. അവളെ സുരക്ഷിതമായ എവിടെയെങ്കിലും ഒന്ന് ആക്കണം. എനിക്ക് പറയാൻ മറ്റാരും ഇല്ല. ഒരു കൊലപാതകിയുടെ മകളെ മോനും മോന്റെ അമ്മക്കും സ്വീകരിക്കാൻ ആകില്ല എന്നറിയാം. അതുകൊണ്ട്… ആരെയും പേടിക്കാതെ അവൾക്ക് താമസിക്കാൻ ഒരിടം… അത്… അതു മാത്രം മതി.. “!!

“അമ്മ ഒന്നുകൊണ്ടും വിഷമിക്കണ്ട. പകുതി വഴിയിൽ ഉപേക്ഷിച്ചു പോകാനല്ല കൂടെ കൂട്ടാനാണ് ഞാൻ അവളെ പ്രണയിച്ചത്. എന്റെ അമ്മ എന്നേക്കാൾ കൂടുതൽ ഇവളെ സ്നേഹിച്ചു കൊള്ളും. അത്രക്ക് നല്ല കുട്ടിയാ ഇവൾ. ഒന്നിന്റെ പേരിലും ഞാൻ ഇവളെ നഷ്ടപ്പെടുത്തില്ല. അമ്മയുടെ അനുഗ്രഹം മാത്രം മതി. ഞാൻ ഇപ്പോൾ തന്നെ നീതുവിനെ കൂടെ കൊണ്ടു പൊയ്ക്കൊള്ളാം.. “!!

അവിശ്വസനീയതയോടെ ഉമ ശ്രീനുവിനെ നോക്കി നിന്നു. അവർ കാണുകയായിരുന്നു ഒരു പുരുഷൻ എങ്ങനെ ആയിരിക്കണം എന്ന്.

“നോക്കി നിക്കാതെ അമ്മ നീതുവിന്റെ കൈ പിടിച്ചു ശ്രീനുവിന് കൊടുത്താട്ടെ”….!!! ജിത്തു പറഞ്ഞത് കേൾക്കെ ഉമ കരഞ്ഞു തളർന്നു നിൽക്കുന്ന നീതുവിനെ നോക്കി.

“മോളെ അമ്മക്ക് മറ്റു വഴി ഇല്ലാതെ ചെയ്തു പോയതാ. ശ്രീനു എന്റെ മോളെ പൊന്നുപോലെ നോക്കുമെന്നു ഈ അമ്മക്ക് ഉറപ്പാണ്. അവന്റെ കണ്ണുകളിൽ കാണുന്ന സ്നേഹം സത്യമാണ്. മോള് സന്തോഷത്തോടെ ശ്രീനുവിനൊപ്പം പോകണം. മറ്റാരെയും അമ്മക്ക് വിശ്വാസമില്ല… “!!

നീതു പൊട്ടിക്കരഞ്ഞു കൊണ്ട് അമ്മയെ മുറുകെ പുണർന്നു. അവളെ അടർത്തി മാറ്റി ഉമ അവളുടെ കൈകൾ ശ്രീനുവിന്റെ കൈകളിൽ ചേർത്തു വച്ചു.

ശ്രീനു ആ കൈകൾ മുറുകെ പിടിച്ചു. ഒരിക്കലും വിടില്ല എന്ന ഉറപ്പിൽ.

അകന്നു പോകുന്ന പോലീസ് ജീപ്പിൽ ഇരുന്ന് നീതുവിനെ ചേർത്തു പിടിച്ച ശ്രീനുവിനെ കണ്ട് ആ അമ്മ മനസ് നിറഞ്ഞു. തന്റെ വിധി തന്റെ മകൾക്കു വരില്ല എന്ന ആശ്വാസത്തിൽ ഉമയുടെ കണ്ണുകൾ സന്തോഷത്താൽ പെയ്തു.

N b : പ്രണയം ആർക്കും ആരോടും എപ്പോൾ വേണമെങ്കിലും തോന്നാം. എന്നാൽ ഏത് അവസ്ഥയിലും ചേർത്തു പിടിക്കാൻ യഥാർത്ഥ പ്രണയത്തിനെ സാധിക്കൂ.❤️

Leave a Reply

Your email address will not be published. Required fields are marked *