Story written by Saji Thaiparambu
ങ്ഹാ,മോളേ., നീയെവിടാ?
എന്താ ഇത് വരെ വിളിക്കാതിരുന്നത്?
ഓമന ,ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന തൻ്റെ മകളോട് ,ഉത്ക്കണ്ഠയോടെ ചോദിച്ചു
അമ്മേ,, ഇന്ന് മാർക്കറ്റിങ്ങിൻ്റെ ക്ളാസ്സാണ്, രാവിലെ ഞങ്ങൾക്ക് കുറച്ച് പ്രോഡക്ടുകൾ തന്നിട്ടുണ്ട്, അതുമായി ഫീൽഡിലിറങ്ങി.വില്പന നടത്തണം, എനിക്കിത് വരെ ഒന്നും വില്ക്കാൻ പറ്റിയില്ലമ്മേ,, രാവിലെ മുതലുള്ള വെയില് കൊണ്ട്, ഓരോരോ വീടുകൾ കയറിയിറങ്ങി, ഞാൻ തളർന്നു,,,
ങ്ഹേ,,നീയെന്തുവാ മോളേ,,,.ഈ പറയുന്നത് ?ഇങ്ങനെ വെയില് കൊണ്ട് തെണ്ടിത്തിരിയാനാണോ, നിന്നെ, ഇത്രയും വലിയ ഫീസ് കൊടുത്ത് ഇങ്ങനെയൊരു കോഴ്സിന് പഠിക്കാൻ വിട്ടത്?
എൻ്റമ്മേ,,, ഇതൊക്കെ എൻ്റെ പഠനത്തിൻ്റെ ഭാഗം തന്നെയാണ്, ഒരു ഉല്പന്നം, എങ്ങനെ വിറ്റ് കാശാക്കാമെന്നുള്ള ട്രെയിനിങ്ങാണ്, ഓരോ വീട്ടിലും കയറിയിറങ്ങി, നമ്മുടെ വാക്ചാതുര്യം കൊണ്ട് വേണം, പ്രോഡക്ട് വില്ക്കാൻ,
ഞാൻ ചെന്ന് കയറുന്ന പല വീട്ടുകാരും, ഒന്നുകിൽ വാതില് തുറക്കില്ല, ഇല്ലെങ്കിൽ ഞാൻ കൊണ്ട് ചെന്ന സാധനങ്ങളൊക്കെ അവിടെയുണ്ടെന്ന് പറഞ്ഞ് എന്നെ പറഞ്ഞ് വിടും, ആരെങ്കിലും ഒരാളെ കൊണ്ടെങ്കിലും വാങ്ങിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ, ഞാൻ ഫെയിൽഡായിപ്പോകും അമ്മേ,, ഇനി ഞാനെന്ത് ചെയ്യും? എനിക്ക് കരച്ചില് വരുവാ ,,,
മോള് വിഷമിക്കണ്ടാ,, ഇനി കയറുന്ന വീട്ടുകാരിൽ ആരെങ്കിലും, മോളുടെ കൈയ്യിലെ സാധനങ്ങൾ വാങ്ങിക്കും, നീ തോറ്റ് പോകില്ല, അമ്മയല്ലേ പറയുന്നത്,,,
മകൾക്ക് ഉറപ്പ് കൊടുത്തിട്ട്, ഓമന ഫോൺ കട്ട് ചെയ്തു ,
അല്പനേരം ആലോചനാമഗ്നയായി നിന്നിട്ട്, അവർ വേഗം റോഡിലേക്കിറങ്ങി .
കുറച്ചകലെയൊരു വീടിൻ്റെ ഗേറ്റടച്ചിട്ട് ,ഒരു പെൺകുട്ടി,തോളിൽ തൂക്കിയ ബാഗുമായി ,ഇനി എങ്ങോട്ട് പോകണമെന്നറിയാതെ നില്ക്കുന്നത് ഓമന കണ്ടു.
അവർ രണ്ട് കൈപ്പത്തികളും കൂട്ടിയടിച്ചു
ശബ്ദം കേട്ടത് കൊണ്ടാവാം ആ പെൺകുട്ടി, ഓമനയെ തിരിഞ്ഞ് നോക്കി.
ഓമന, കൈ കൊണ്ട് ആഗ്യം കാട്ടി ,ആ പെൺകുട്ടിയെ തൻ്റെ അടുത്തേയ്ക്ക് വിളിച്ചു.
സോറി മോളേ,, നേരത്തെ മോള് വന്ന് ബെല്ലടിച്ചപ്പോൾ ഞാൻ ബാത്റൂമി ലായിരുന്നു, പിന്നെ CCTV ചെക്ക് ചെയ്തപ്പോഴാണ്, മോളാണെന്ന് മനസ്സിലായേ,
എനിക്ക് കുറച്ച് സാധനങ്ങൾ വേണം, മോള് അകത്തേയ്ക്ക് വാ,,
ആ പെൺകുട്ടിയെയും കൂട്ടി, അകത്തേയ്ക്ക് കയറുമ്പോൾ, നേരത്തെ താൻ മനപ്പൂർവ്വം കതക് തുറക്കാത്തതോർത്ത് ഓമനയ്ക്ക് പശ്ചാതാപം തോന്നി.
Nb :- നമ്മുടെ വീടിന് മുന്നിൽ ഇത് പോലെയുള്ള പെൺകുട്ടികളും ആൺകുട്ടികളും ഭാരമേറിയ ബാഗുകൾ തോളിൽ തൂക്കി നിസ്സഹായതയോടെ വന്ന് നില്ക്കുമ്പോൾ ,അവരെ കണ്ടില്ലെന്ന് നടിക്കരുത് ,അധികമൊന്നും വേണ്ട, നമ്മുടെ കൈയ്യിലുള്ള നൂറോ, നൂറ്റമ്പതോ മുടക്കിയാൽ, അത് ആ കുട്ടികൾക്ക് വലിയൊരു ആശ്വാസമാകും, എന്ന് മാത്രമല്ല ,അവരുടെ ഭാവി ഭദ്രമാക്കാനുള്ള ഒരു അവസരമാണ് നമ്മൾ അവർക്ക് നല്കുന്നത് എന്നോർക്കുക