അമ്മേ ഈ വാതിലൊന്നു തുറക്കൂ.. ഇയാൾ എന്നെ കൊല്ലും. അമ്മേ…വാതിൽ തുറക്ക്…കതകിൽ ആഞ്ഞടിച്ചു കൊണ്ട് സവിത അലറി കരഞ്ഞു

Story written by NISHA L

പെരുന്നാൾ തിരക്ക് ആയതിനാൽ സവിത കടയിൽ നിന്ന് ഇറങ്ങാൻ താമസിച്ചു. അവസാന ബസ്,, സ്റ്റോപ്പിൽ നിർത്തിയിട്ടിരിക്കുന്നത് കണ്ട് അവൾ ഓടിചെന്ന് ബസിൽ കയറി. ലാസ്റ്റ് ബസ് ആയതു കൊണ്ടാകാം വല്ലാത്ത തിരക്ക്.. പുറകിൽ നിൽക്കുന്നവന്റെ കൈ ശരീരത്തിൽ തടയുന്നത് പോലെ തോന്നി. അവൾ തിരിഞ്ഞു അവനെ രൂക്ഷമായി നോക്കി… ശേഷം തിരക്കിനിടയിൽ കൂടി എങ്ങനെ ഒക്കെയോ നുഴഞ്ഞു മുന്നിൽ എത്തി നിന്നു.

ഹോസ്റ്റലിന് അടുത്തുള്ള സ്റ്റോപ്പിൽ ഇറങ്ങി. കുറച്ചു കൂടി ഉള്ളിലോട്ടു നടക്കണം ഹോസ്റ്റലിൽ എത്താൻ. ഇരുട്ട് കനം വച്ചു തുടങ്ങിയിരിക്കുന്നു. കുറച്ചു നടന്നപ്പോഴാണ് പിന്നിൽ ആരോ ഉള്ളത് പോലെ തോന്നിയത്. തിരിഞ്ഞു നോക്കിയ അവൾ ഒന്ന് ഭയന്നു. ബസിൽ വച്ചു ശല്യം ചെയ്തവൻ. ചുറ്റും നോക്കി. വിജനമായ വഴി. അലറി വിളിച്ചാൽ പോലും ഓടി വരാൻ ആരുമില്ല. പെട്ടെന്നാണ് അവൻ അവളുടെ കൈയിൽ കയറി പിടിച്ചത്.

അവളുടെ മനസ് അവളോട്‌ മന്ത്രിച്ചു…

തോറ്റു കൊടുക്കാൻ പറ്റില്ല. ഇവിടെ തോറ്റാൽ നിന്റെ ജീവിതം തന്നെ ഇല്ലാതാകും. രക്ഷപെടാൻ എന്തെങ്കിലും ചെയ്യണം. പെട്ടെന്ന് ഒരു ധൈര്യം അവൾക്കുള്ളിൽ തോന്നി.

“കൈ എടുക്കെടാ… “!! അവൾ പരുഷമായി പറഞ്ഞു.

“ഇല്ലെങ്കിൽ നീ എന്തു ചെയ്യുമെടി..? “!!

“എന്തും ചെയ്യും.. ഇനിയും ഇതു പോലെ രാത്രി വൈകിയും എനിക്ക് ജോലി കഴിഞ്ഞു വരേണ്ടി വരും. നിന്നെ പോലെയുള്ളവൻമാരെ പേടിച്ചു ജീവിക്കാൻ എനിക്ക് പറ്റില്ല. അതുകൊണ്ട് മര്യാദക്ക് ഞാൻ പറയുവാ ഈ ശരീരം കൊണ്ട് ഇതു പോലെ വീട്ടിൽ പോകണം എന്നുണ്ടെങ്കിൽ കൈ എടുക്കെടാ.. “!!..

അവളുടെ കണ്ണുകളിലെ വന്യത കണ്ടു അവൻ ഒന്ന് പരുങ്ങി…. അവൻ അവളുടെ കൈ വിട്ടു.

“ഹ്മ്മ് ഈ പീറ പെണ്ണ് എന്നെ എന്തു ചെയ്യാനാ.. ” പെട്ടെന്ന് ഉണ്ടായ പുച്ഛത്തിൽ അവൻ വീണ്ടും അവളുടെ നേരെ കൈ പൊക്കിയതും അവൾ ബാഗിൽ സൂക്ഷിച്ച ചെറിയതും എന്നാൽ ബലമുള്ളതുമായ കത്തി എടുത്തു അവന്റെ കൈയ്ക്കു നേരെ ആഞ്ഞു വീശി..

കൈയിൽ കത്തി കൊണ്ട് പോറിയതും രക്തം ചീറ്റിയതും എല്ലാം നിമിഷങ്ങൾക്കുള്ളിൽ നടന്നു.അവന്റെ ശ്രദ്ധ മാറിയ നേരം കൊണ്ട് രക്തം പുരണ്ട കത്തി ഷാളിൽ പൊതിഞ്ഞു ബാഗിൽ വച്ച് അവൾ മുന്നോട്ടു ഓടി.. !!

ഹോസ്റ്റലിൽ എത്തിയ അവൾ..

“മാഡം.. കടയിൽ നിന്ന് ഇറങ്ങാൻ ലേറ്റ് ആയി.. അതാ ഞാൻ താമസിച്ചു പോയത്.. “!!

“ഹ്മ്മ്… ശരി കയറി പൊയ്ക്കൊള്ളൂ.. “!!

ഉത്സവ സീസണിൽ കടയിൽ തിരക്ക് കൂടുമ്പോൾ ഇങ്ങനെ വൈകി വരാറുണ്ട് അവൾ. മറ്റൊരു തരത്തിലും ഉള്ള കുഴപ്പങ്ങൾ ഒന്നും ഉണ്ടാക്കിയിട്ടില്ലാത്തവൾ ആയതിനാൽ വാർഡൻ അവളോട്‌ വലിയ ബഹളത്തിനു പോകാറില്ല.

റൂമിലെത്തിയ അവൾ…ബാത്‌റൂമിൽ കയറി ഷാളും കത്തിയും നന്നായി കഴുകി കുളിച്ചു വൃത്തിയായി.!!

വിശപ്പ് കെട്ടു പോയിരിക്കുന്നു… ഇന്നിനി ആഹാരം ഇറങ്ങില്ല…പതിയെ അവൾ ബെഡിലേക്ക് ചാഞ്ഞു…

ഓർമ്മകൾ കുറെ വർഷം പിന്നിലേക്ക് പോയി.

▪️▪️▪️

“അയ്യോ.. അമ്മേ ഈ വാതിലൊന്നു തുറക്കൂ.. ഇയാൾ എന്നെ കൊല്ലും.. അമ്മേ.. വാതിൽ തുറക്ക്..”!! കതകിൽ ആഞ്ഞടിച്ചു കൊണ്ട് സവിത അലറി കരഞ്ഞു.

ഉച്ചമയക്കത്തിൽ ആയിരുന്ന രമണി എന്തൊക്കെയോ ശബ്ദം കേട്ട് ഞെട്ടി ഉണർന്നു വെളിയിലേക്ക് വന്നു.

എവിടെ നിന്നാണ് ശബ്ദം കേൾക്കുന്നത്..

“അമ്മേ… ഈ വാതിൽ ഒന്ന് തുറക്ക്… “!! ഒരു പെൺകുട്ടിയുടെ കരച്ചിൽ കേൾക്കുന്നു.

അതെ.. മേനകയുടെ വീട്ടിൽ നിന്നാണ് കരച്ചിൽ കേൾക്കുന്നത്… ഈശ്വര.. ആ മറുത ആ കൊച്ചിനെ കൊലക്കു കൊടുത്തു കാണുമോ.. !!!

രമണി ഒട്ടും സമയം പാഴാക്കാതെ അപ്പുറത്തുള്ള വീടുകളിൽ നിന്ന് സ്ത്രീകളെയും പുരുഷൻമാരെയും കൂട്ടി മേനകയുടെ വീട്ടിലേക്ക് ഓടി. പുറത്തേക്കുള്ള വാതിലും പൂട്ടി അതിനു മുന്നിൽ കാവൽ നിൽക്കുന്ന മേനക..

മേനക… ഭർത്താവ് ജീവിച്ചിരിക്കെ, ഭർത്താവിന്റെ ചിലവിൽ കഴിഞ്ഞു കൊണ്ട്,,അന്യ പുരുഷൻമാരുടെ കൂടെ കിടക്ക പങ്കിട്ടവൾ. ഭർത്താവ് വീട്ടിൽ ഇല്ലാത്ത നേരം നോക്കി അന്യ പുരുഷനെ സ്വന്തം വീട്ടിൽ കയറ്റി അവിഹിതം നടത്തിയവൾ. നൂറു ശതമാനം വേ ശ്യ എന്ന പേരിന് അർഹതയുള്ളവൾ. ഭർത്താവ് സോമൻ കൂലിപ്പണി ചെയ്തു കുടുംബം നോക്കുന്നു. സവിത മൂത്തമകൾ അവളെ കൂടാതെ ഒരു അനിയൻ കൂടിയുണ്ട്. മേനകയുടെ സ്വഭാവത്തിൽ വന്ന മാറ്റം കണ്ടു പിടിച്ച അന്ന് , അയാൾ അവരെ ഉപേക്ഷിച്ചു എങ്ങോ പോയി. കുട്ടികൾ പോലും അയാളുടേതാണോ എന്ന് അയാൾക് സംശയം ആയി.

അവളുടെ സ്വഭാവം കാരണം നാട്ടുകാർ ആ വീടുമായി അടുപ്പം പുലർത്താറില്ല. ഇന്നിപ്പോൾ അവൾ, അവളുടെ മകളെ,, സവിതയെ,,, ഏതോ ഒരു പുരുഷനോടൊപ്പം മുറിയിൽ അടച്ചിട്ടു പുറത്തു കാവൽ നിൽക്കുകയാണ്. അവളുടെ വഴിയേ ആ പതിനാലുകാരിയെ കൊണ്ടു പോകാനുള്ള ശ്രമമാണ്.

ഇല്ല സമ്മതിച്ചു കൊടുക്കാൻ പാടില്ല. എങ്ങനെയും ആ പെൺകുട്ടിയെ രക്ഷിക്കണം.

രമണിയുടെ നേതൃത്വത്തിൽ ആൾക്കൂട്ടം അവളുടെ വീടിനു മുന്നിൽ തടിച്ചു കൂടി..

“പോലീസിൽ അറിയിക്കേണ്ട..? “!! കൂട്ടത്തിൽ ആരോ ചോദിച്ചു.

“ഇപ്പോൾ വേണ്ട.. ആദ്യം കുറച്ചു പണിയുണ്ട്.. അതു കഴിയട്ടെ..”!! മറ്റൊരാൾ മറുപടി പറഞ്ഞു.

മേനകയുടെ മുഖത്തു ആദ്യ അടി രമണി തന്നെ കൊടുത്തു.. സ്ത്രീകൾ ഒരു തൂണിനോട് ചേർത്ത് അവളെ കെട്ടിയിട്ടു. ഈ സമയം കൊണ്ട് ചിലർ വാതിൽ ചവിട്ടി പൊളിച്ച് അകത്തു കയറി.

വാതിൽ പൊളിച്ചു വന്നവർ ആ കാഴ്ച കണ്ടു ഞെട്ടി… കീറി പറിഞ്ഞ ചുരിദാറും അടി കൊണ്ട കവിളുമായി സവിത നിലത്തു വീണു കിടക്കുന്നു. അവളുടെ മുകളിൽ കയറി ഇരുന്നു വസ്ത്രങ്ങൾ കീറി എറിയാൻ ശ്രമിക്കുന്ന ഒരു ചെറുപ്പക്കാരൻ.

ആൾക്കൂട്ടത്തെ കണ്ട അയാൾ ഭയന്നു. ആ തള്ളച്ചിക്ക് കൊടുത്ത കാശ് വെറുതെ ആയി.. പോരാത്തതിന് ഇവന്മാർ എന്നെ വെറുതെ വിടും എന്ന് തോന്നുന്നില്ല. അയാൾ മനസ്സിൽ വിചാരിക്കും മുൻപേ ആൾക്കൂട്ടം അവനെ വളഞ്ഞു. ഇടിയും ചവിട്ടും കൊണ്ട് അഞ്ചു മിനിറ്റ് കൊണ്ട് തന്നെ അയാൾ അവശനായി താഴേക്കു വീണു.

“ഇനി പോലീസിൽ അറിയിക്ക്.. “!!

ഈ സമയം സ്ത്രീകൾ സവിതയെ കൂട്ടി കൊണ്ട് പോയി വസ്ത്രം മാറി, വെള്ളം കൊടുത്തു… ശേഷം അവളോട്‌..

“മോളെ… പോലീസ് എത്തുമ്പോൾ സംഭവിച്ചത് കൃത്യമായി തന്നെ പറയണം..ഇല്ലെങ്കിൽ ഇവൾ ഇനിയും ഇത് ആവർത്തിക്കും. അപ്പോൾ ഒരു പക്ഷെ ഇതു പോലെ രക്ഷപെടാൻ കഴിഞ്ഞെന്നു വരില്ല. ഇനി ഇവിടെ നിൽക്കുന്നത് നിന്റെ ജീവനും മാനത്തിനും നല്ലതല്ല. സ്ത്രീകൾ… അമ്മമാർ അവളെ ഉപദേശിച്ചു. അവൾ അതെല്ലാം തലയാട്ടി സമ്മതിച്ചു.

പോലീസ് എത്തി..

“എന്താ.. എന്താ സംഭവിച്ചത്…”? ആൾക്കൂട്ടം പോലീസിന് വഴി മാറി കൊടുത്തു.

“സർ… ഈ സ്ത്രീ.. പ്രായപൂർത്തി ആകാത്ത ഈ പെൺകുട്ടിയെ ഇയാൾക്ക് കൂട്ടി കൊടുക്കാൻ ശ്രമിച്ചു. “!! ഒരു സ്ത്രീ മുന്നോട്ട് വന്ന് പറഞ്ഞു.

“ഈ സ്ത്രീയുടെ ആരാ ഈ കുട്ടി..? “!!

“മകളാണ് സാർ.. “!!

“എന്ത്.. മകളോ… !!! സ്വന്തം മകളെ ഉപദ്രവിക്കാൻ കൂട്ട് നിൽക്കുന്ന നീയൊക്കെ ഒരു സ്ത്രീയാണോ… മൊത്തം സ്ത്രീകൾക്കും അപമാനം ഉണ്ടാക്കും… നിന്നെ പോലെയുള്ളവളുമാർ.. “!!

S I കോപം അടക്കാൻ ആകാതെ ആക്രോശിച്ചു.

“Pc കുട്ടിയുടെ മൊഴി രേഖപ്പെടുത്തു… fir ഇവറ്റകൾ രക്ഷപെടാത്ത വിധം സ്ട്രോങ്ങ്‌ ആയി എഴുതി ചേർത്തോ.. ഇനി അവനെ തല്ലണ്ട… തല്ലിയാൽ ചിലപ്പോൾ അവൻ ചത്തു പോകും “!! പുച്ഛത്തോടെ പോലീസ് ഓഫീസർ പറഞ്ഞു.

“മോളെ… ഇവർ മോളെ ഉപദ്രവിക്കാൻ ശ്രമിച്ചോ… പേടിക്കാതെ പറഞ്ഞോളൂ..മോളെ രക്ഷിക്കാൻ ഞങ്ങൾ കൂടെയുണ്ട്. ധൈര്യമായി പറഞ്ഞോളൂ.. “!!

“എന്നെ.. എന്നെ.. ഇവർ കൊല്ലും.. എനിക്ക് പേടിയാ സർ.. എന്നെ ഇവിടുന്നു എങ്ങോട്ടെങ്കിലും കൊണ്ടു പോകണം സർ… എനിക്ക്.. എനിക്ക്.. പേടിയാ.. “!!!

“പേടിക്കണ്ട… മോളുടെ കൂടെ ഞങ്ങളുണ്ട്..”!!

“മോളുടെ അച്ഛൻ എവിടെ..? “”

“അച്ഛൻ… ഇവരുടെ ഈ സ്വഭാവം കാരണം ഞങ്ങളെ ഉപേക്ഷിച്ചു പോയി. ഇപ്പോൾ എവിടെയാണെന്ന് അറിയില്ല “..വേദനയോടെ അവൾ പറഞ്ഞു.

സവിതയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മേനകയേയും അവളുടെ ജാരനെയും പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടു പോയി..

സവിതയെ തണൽ എന്ന ഷെൽട്ടർ ഹോമിൽ എത്തിച്ചു..

“സിസ്റ്റർ… കുട്ടിയെ സ്വന്തം അമ്മയുടെ സമ്മതത്തോടെ അവരുടെ ജാരൻ ഉപദ്രവിക്കാൻ ശ്രമിച്ചതാണ്. ഇന്നു മുതൽ ഈ കുട്ടിയെ കൂടി ഇവിടെ ഉൾപ്പെടുത്തണം. പുറത്തു നിന്ന് സന്ദർശകരെ അനുവദിക്കരുത്… കുട്ടിക്ക് കൗൺസിലിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്.. നിങ്ങളുടെ കൂടെ അവളെയും ചേർത്ത് പിടിക്കണം. “!!

“ശരി സർ… ഇന്ന് മുതൽ ഞങ്ങളുടെ വീട്ടിൽ പുതിയ ഒരു അംഗം കൂടി… ഇവൾ ഇന്ന് മുതൽ ഞങ്ങളുടെ മകളാണ്. സാർ സന്തോഷമായി പൊയ്ക്കൊള്ളൂ.. “!!

അന്ന് കൂടിയതാണ് അവിടെ.ഇപ്പോൾ ഈ ജോലി കിട്ടിയപ്പോഴാണ് ഹോസ്റ്റലിലേക്ക് മാറിയത്. ഇടയിൽ എപ്പോഴോ നോക്കാൻ ആളില്ലാതെ അനാഥനായ അനിയനെയും മറ്റൊരു അഭയകേന്ദ്രത്തിൽ എത്തിച്ചു. അമ്മ എന്ന് പറയുന്ന ആ സ്ത്രീയെ കുറിച്ച് പിന്നെ അറിഞ്ഞിട്ടേയില്ല. അറിയാൻ താൽപ്പര്യപെട്ടില്ല എന്നതാണ് സത്യം.

ജീവിതത്തിൽ ആരും തുണയില്ല എന്നറിയുമ്പോൾ,, ചായാൻ ഒരു തോളില്ല എന്നറിയുമ്പോൾ,, എനിക്ക് ഞാൻ മാത്രമേയുള്ളു എന്ന ചിന്ത വരുമ്പോൾ,, വല്ലാത്ത ഒരു ആത്മ ധൈര്യം വരും… പൊരുതാനുള്ള ഒരു ധൈര്യം.. ആ ധൈര്യത്തിന്റെ പുറത്താണ് അവന്റെ കൈയ്ക്കു കുത്തിയിട്ട് ഓടിയത്. ആത്മബലത്തിന് വേണ്ടി എപ്പോഴോ കൈയിൽ കരുതിയതാണ് ആ കത്തി..ഒരിക്കലും അത് എടുത്തു ഉപയോഗിക്കണം എന്ന് കരുതിയതേയല്ല… പക്ഷേ..

ആ സമയത്തു രക്ഷപെടണം എന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ.. അവൻ ചത്തു കാണുമോ,, ആരെങ്കിലും അവനെ ഹോസ്പിറ്റലിൽ എത്തിച്ചു കാണുമോ,, അവൻ രക്ഷപെട്ടാൽ എന്റെ പേര് പറയുമോ,,, എന്നെ തിരക്കി പോലീസ് എത്തുമോ,,, ഒന്നുമറിയില്ല…

ഒന്നും സംഭവിക്കില്ലായിരിക്കും.. കൈയിൽ പറ്റിയ മുറിവ് കൊണ്ട് അയാൾ മരിക്കില്ലായിരിക്കും.. ഇനി എന്തു വന്നാലും ധൈര്യത്തോടെ നേരിടും. ഇനി ഒരിക്കലും ഒരിടത്തും തോൽക്കാതിരിക്കാൻ അവസാന ശ്വാസം വരെ ശ്രമിക്കും. അഥവാ പരാജയപ്പെട്ടു പോയാലും പൊരുതി തോറ്റു എന്ന ആത്മസംതൃപ്തി എങ്കിലും ലഭിക്കുമല്ലോ. ഈ ഭൂമി എന്റേതും കൂടിയാണ്. എനിക്കും ഇവിടെ ജീവിക്കണം.

മനസ്സിൽ ഒരു ഉറച്ച തീരുമാനത്തോടെ അവൾ കണ്ണുകൾ അടച്ചു ഉറക്കത്തെ വരവേൽക്കാൻ കിടന്നു. നാളത്തെ പുലരിയിൽ അശുഭമായതൊന്നും സംഭവിക്കില്ല എന്ന ആത്മവിശ്വാസത്തോടെ. ❤️

N b: ആരുടെയെങ്കിലും ചതികുഴിയിൽ പെട്ട് വേ ശ്യാവൃത്തിയിലേക്ക് എത്തപെട്ടവരേക്കാൾ കൂടുതൽ,,, ശരീരസുഖത്തിനു വേണ്ടി മാത്രം പുരുഷൻമാർക്ക്‌ കിടക്ക വിരിക്കുന്ന മേനകയെ പോലെയുള്ളവർക്കാണ് വേ ശ്യ എന്ന പേര് കൂടുതൽ ചേർച്ച.

Related Posts

Leave a Reply

Your email address will not be published. Required fields are marked *