അയാളുടെ കടൽ നോട്ടത്തിന്റെ അറ്റത്തേക്ക് നോക്കികൊണ്ട് ഞാൻ പറഞ്ഞു. അതിനുശേഷമാണ് ആ ചോദ്യത്തിലൊരു ആത്മഹ ത്യയുണ്ടല്ലോയെന്ന് ഞാൻ ചിന്തിച്ചത്…….

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

മീൻ പിടിക്കുന്നതിനേക്കാളും എനിക്ക് ഇഷ്ട്ടം കടല വിൽക്കുന്നതാണ്. മോള് പഠിച്ചുതോറ്റ പുസ്തകങ്ങളുടെ കടലാസുകൾ പിച്ചിയെടുത്ത് ചുരുട്ടി ഞാൻ കോണുകളാക്കും. അതിൽ പൂഴിയിൽ വറുത്ത കടലകളിട്ട് അടക്കും. എളുപ്പത്തിൽ എടുക്കാൻ പാകത്തിൽ സഞ്ചിയിലിട്ട് ഞാൻ കടലിലേക്ക് നടക്കും. മുന്നൂറ് മീറ്ററോളമേയുള്ളൂ ഭീത്തിയിലേക്ക്.

അന്ന് ഞാനൊരു പാതിനരച്ച തലയുള്ള മെലിഞ്ഞ മനുഷ്യനെ കണ്ടു. അസ്തമയ സൂര്യന്റെ കടൽമാനത്തിലേക്ക് കണ്ണുകൾ തുറന്നുപിടിച്ച് അയാൾ ആ തിരയെത്താത്ത മണലിൽ ഇരിക്കുകയാണ്. മുഖം അതീവ ദുഃഖത്തിലേക്ക് ആണ്ടുപോയിരിക്കുന്നു. ഇടയ്ക്ക് ഇടയ്ക്ക് തലയിൽ ചൊറിഞ്ഞ് അത് പ്രകടിപ്പിക്കുന്നുമുണ്ട്.

‘ചൂട് കടലയെടുക്കട്ടെ…’

രണ്ടുവട്ടം ഞാൻ ചോദിച്ചു. വേണമെന്ന അർത്ഥം പോലെ കൈകൾ തട്ടി കുടഞ്ഞുകൊണ്ട് അയാൾ വേണ്ടായെന്ന് പറഞ്ഞു. പിന്നെയെനിക്ക് ചോദിക്കാനുണ്ടായിരുന്നത് എന്തെങ്കിലും പ്രശ്നമുണ്ടോയെന്നതായിരുന്നു. ഉണ്ടെന്നോ ഇല്ലായെന്നോ അയാൾ പറഞ്ഞില്ല.

‘കടലയ്ക്കെത്രയാ…?’

“ഇരുപതുറുപ്പ്യ…”

അയാൾ ഉടുത്തിരുന്ന തിളക്കമില്ലാത്ത ജുബ്ബയുടെ കീശയിൽ നിന്ന് കാശെടുത്ത് പറഞ്ഞതിലും കൂടുതൽ എനിക്ക് തന്നു. കൂടുതൽ ഉണ്ടല്ലോയെന്ന് അറിഞ്ഞിട്ടും ഞാൻ പറഞ്ഞില്ല.

‘ഇവിടെ ആരെങ്കിലും മരിച്ചിട്ടുണ്ടോ?’

“ഉണ്ട്.”

അയാളുടെ കടൽ നോട്ടത്തിന്റെ അറ്റത്തേക്ക് നോക്കികൊണ്ട് ഞാൻ പറഞ്ഞു. അതിനുശേഷമാണ് ആ ചോദ്യത്തിലൊരു ആത്മഹ ത്യയുണ്ടല്ലോയെന്ന് ഞാൻ ചിന്തിച്ചത്.

‘എന്താണ് സാറെ.. ചാകാൻ വന്നതാന്നാ…?’

“ഞാൻ ചത്താൽ തനിക്കെന്താണ്…?”

ആ മറുപടി ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ആവശ്യമില്ലാത്ത കാര്യത്തിൽ ഇടപെടരുതെന്ന് പറഞ്ഞുകൊണ്ട് അയാൾ തന്റെ നോട്ടത്തിലെ കടലിലേക്ക് നടന്നു. തമാശയാണെന്ന് കരുതി ഞാൻ നോക്കി നിന്നതേയുള്ളൂ.. തിരയോട് അടുക്കുമ്പോഴാണ് ആ നടത്തത്തിന്റെ പന്തികേട് ഞാൻ ശ്രദ്ധിച്ചത്. ആര് ചെന്നാലും എടുത്തുകൊണ്ട് പോകുന്ന കടലിനെ എനിക്ക് അറിയാം. കടലനിറച്ച സഞ്ചി മണ്ണിലിട്ട് ഞാൻ അയാളുടെ അടുത്തേക്ക് ഓടുകയായിരുന്നു.

‘സാറിന് പ്രാന്താന്നോ…?’

അയാളുമായി മറിഞ്ഞു തുടങ്ങിയ തിരയിൽ നിന്ന് പിടിച്ച് വലിച്ചുകൊണ്ട് ഞാൻ ചോദിച്ചു.

“ഞാൻ മരിച്ചാൽ തനിക്കെന്താടോ..?”

ഉപ്പുവെള്ളം തുപ്പിക്കൊണ്ടുള്ള അയാളുടെ ആ ചോദ്യത്തിൽ ഇത്തവണ എനിക്ക് ഉത്തരം മുട്ടിയില്ല. ഉണ്ടെന്ന് ഞാൻ പറഞ്ഞു. സാറ് ചത്താൽ എന്റെ കഞ്ഞികുടി മുട്ടുമെന്നും ചേർത്തു. എങ്ങനെയെന്ന് ആ മനുഷ്യൻ എന്നോട് ചോദിച്ചപ്പോൾ അയാളുടെ കൈകൾ ഞാൻ മുറുക്കെ പിടിച്ചു. എന്നിട്ട് എന്റെ സഞ്ചിയുടെ അടുത്തേക്ക് നടക്കുകയായിരുന്നു…

എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന് കണ്ടവർ ചിലർ ചോദിച്ചിരുന്നു. ഇല്ലെന്നായിരുന്നു കണ്ണിറുക്കി കൊണ്ടുള്ള എന്റെ ഉത്തരം.

‘എങ്ങനെയാടോ ഞാൻ ചത്താൽ തന്റെ കഞ്ഞികുടി മുട്ടുക…?’

നിരാശയിൽ തൂങ്ങിയ കണ്ണുകളോടെ അയാൾ എന്നോട് വീണ്ടും ചോദിച്ചു. ഒരാള് ചത്തുപോങ്ങിയ കടലിലേക്ക് സ്ഥിരമായി വരുന്നവരാരും വരാതെയാകുമെന്ന് ഞാൻ പറഞ്ഞു. ശരിയാണെന്ന അർത്ഥത്തിൽ ഏതൊക്കെയോ ദിശയിലേക്ക് അയാൾ തലകുലുക്കി.

കടൽനീലിമയിലേക്ക് കാഴ്ച്ചയെറിയാൻ വരുന്ന ആൾക്കാരിലാണ് എന്റെ കുടുംബത്തിന്റെ ജീവിതം. അവിടെയുള്ള രണ്ടുപേരുടെ സന്തോഷത്തിലാണ് എന്റെ സുഖവും. സാറ് ഇവിടെ താഴ്ന്ന് ചത്താൽ കുറച്ചുകാലത്തേക്ക് എന്റെ കഞ്ഞിമുട്ടുമെന്ന് വളരേ താഴ്മയോടെ വീണ്ടും പറഞ്ഞുകൊണ്ട് ഞാൻ നിർത്തി.

എല്ലാം കേട്ടുനിന്ന അയാൾ ചിരിച്ചുകൊണ്ടാണ് പോയത്. അപ്പോഴേക്കും സൂര്യനും താഴ്ന്നു. വീട്ടിലേക്ക് എത്തുന്നത് വരെ അയാളെ കുറിച്ച് തന്നെയായിരുന്നു ഞാൻ ചിന്തിച്ചത്. മോളോട് പറഞ്ഞപ്പോൾ അവൾ ഭയന്നുപോയി. ചാകാൻ തീരുമാനിച്ച ആൾ എങ്ങനേയും ചാകുമെന്നേ കെട്ടിയോൾക്ക് പറയാനുണ്ടായിരുന്നുള്ളൂ…

പിറ്റേന്ന് വൈകുന്നേരം വളരേ ആകാംഷയോടെയാണ് ഞാൻ കടപ്പുറത്തേക്ക് എത്തിയത്. അയാൾ ഉണ്ടാകണമേയെന്ന് അതിയായി ഞാൻ ആഗ്രഹിച്ചിരുന്നു. അകത്തേക്ക് തുഴഞ്ഞ് ഇറങ്ങിയില്ലെങ്കിലും അന്നം തരുന്ന എന്റെ കടൽ അത് സാധിച്ചു തന്നതുപോലെ…

സിന്ദൂര സൂര്യനിലേക്ക് നോക്കി തലേന്ന് കണ്ട അതേ ഇടത്തിൽ അയാൾ ഇരിക്കുന്നു. എന്നെ കണ്ടതും വളരേ സന്തോഷത്തോടെ ആ മനുഷ്യൻ അടുത്തേക്ക് വന്നു. പിന്നെ എന്റെ കൈയ്യും പിടിച്ചായിരുന്നു നടത്തം. തന്റെ ചിലവിൽ കാണുന്നവർക്കൊക്കെ കടല വാങ്ങി കൊടുത്തുകൊണ്ട് അയാൾ എന്തോയൊരു ആനന്ദം കണ്ടെത്തുകയാണ്. അരമണിക്കൂറിനുള്ളിൽ എന്റെ സഞ്ചി കാലിയായി.

മിക്ക ദിവസങ്ങളിലും ഇതൊരു പതിവായി. ഒരിക്കൽ അയാൾ വലിയയൊരു സമ്മാന പെട്ടിയുമായാണ് എന്നെ കാത്തിരുന്നത്. എന്താണെന്ന് ചോദിച്ചപ്പോൾ നിങ്ങളോട് ഒരുപാട് നന്ദിയുണ്ടെന്ന് മാത്രം അയാൾ പറഞ്ഞു. നഷ്ട്ടപ്പെട്ടുവെന്ന് തോന്നിയവരെയെല്ലാം തിരിച്ചുകിട്ടിയത്രേ.. അതുവരെ ജീവിപ്പിച്ചതിന് നിറഞ്ഞ കണ്ണുകളോടെ അയാൾ എന്നോട് ആവർത്തിച്ച് നന്ദി പറഞ്ഞു. ഞാൻ തടഞ്ഞില്ലായിരുന്നുവെങ്കിൽ അന്ന് അയാൾ മരിക്കുമായിരുന്നു. മറികടന്ന കാരണം എന്റെ കുടുംബത്തിന്റെ കഞ്ഞികുടിയും.

എത്രയെത്ര നിസ്സാരമായ കാരണങ്ങളിലാണ് വീണുപോകുന്നവർ തന്റെ ജീവിതം കണ്ടെത്തുന്നതെന്ന് കണ്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി.

ഈ മനുഷ്യരുടെയൊരു കാര്യം. ഈ അലറുന്ന കടൽ ആഴങ്ങൾ പോലെ തന്നെയാണ് മനസ്സുകളുമെന്ന് തോന്നിപ്പോകുന്നു. അനുഭവങ്ങളുടെ തിരകളെല്ലാം കൊഴിഞ്ഞുപോയ കാലത്തിൽ നിന്ന് അടർന്നുപോകുന്ന മറവികളാണ്. യാത്രകൾ കൊണ്ട് ജീവിതത്തിന്റെ തീരങ്ങളിൽ എത്ര ഭാരം ചെലുത്തിയാലും ഒരുനാൾ എല്ലാം മാഞ്ഞുപോകുക തന്നെ ചെയ്യും. പിന്നെ എന്തിനാണ് മടുക്കുമ്പോൾ മനുഷ്യർക്ക് ഈ മരണവെപ്രാളം..!!!

Leave a Reply

Your email address will not be published. Required fields are marked *