എഴുത്ത്:- അരുൺ നായർ
“” ഇങ്ങേർക്ക് ഇത് എന്തിന്റെ ഏനക്കേട് ആണ് അമ്മേ….
ഞാൻ പൈസ ചോദിച്ചത് പഠിക്കുന്ന കാലത്ത് തന്നെ ബിസ്സിനെസ്സ് ചെയ്തു പത്തു കാശ് ഉണ്ടാക്കാൻ അല്ലേ…. അതും എല്ലാവർക്കും ഇഷ്ടം ആകുന്ന ഷേക്ക് പാർലർ തുടങ്ങാൻ അല്ലേ അല്ലാതെ പെ ൺവാ ണിഭം നടത്താൻ ഒന്നും അല്ലല്ലോ പൈസ ചോദിക്കുന്നത്…. പിന്നെയെന്താണ് പൈസ തരില്ലെന്ന് പറയുന്നത്…… “”
തിണ്ണയിൽ കസേരയിൽ ഇരിക്കുന്ന അച്ഛൻ കേൾക്കാൻ വേണ്ടി തന്നെ ഞാൻ ഉറക്കെയാണ് മുറിക്കു ഉള്ളിൽ നിന്നും അമ്മയോട് പറഞ്ഞത്….. ടാ ഒന്നു പതുക്കെ പറ അച്ഛൻ കേട്ടാൽ വഴക്ക് പറയും എന്നുള്ള അമ്മയുടെ മറുപടിക്ക് അയാള് കേൾക്കാൻ വേണ്ടി തന്നെയാണ് ഞാൻ ഇത്രയും ഉറക്കെ സംസാരിക്കുന്നത് എന്നുള്ള മറുപടി തിരിച്ചും കൊടുത്തു……
അച്ഛന്റെ കയ്യിൽ ഇപ്പോൾ പൈസ കാണില്ല പെൻഷൻ ആയില്ലേ മോനെ എന്നുള്ള അമ്മയുടെ ചോദ്യത്തിന് പ്രോവിഡന്റ് ഫണ്ട് പൈസ കയ്യിൽ ഉള്ളത് എനിക്കു അറിയാം അതു തന്നാൽ ഞാൻ ബിസ്സിനെസ്സ് നടത്തിയിട്ടു തിരിച്ചു കൊടുത്തോളം എന്നുള്ള എന്റെ മറുപടിയും കൂടി കേട്ടതോടെ അച്ഛൻ തിണ്ണയിലെ കസേരയിൽ നിന്നും എഴുന്നേൽക്കുന്ന ശബ്ദം ഞാൻ കേട്ടു …..
മുറിയിലേക്ക് കയറി വന്നതും അച്ഛൻ എന്നോടു നീ ഇപ്പോൾ പഠിക്കു അതു കഴിഞ്ഞു നമുക്കു വേണ്ടത് ചെയ്യാം എന്നുള്ള സംസാരം കേട്ടപ്പോൾ എന്റെ പെരുവിരലിൽ നിന്നും ദേഷ്യം ഇരച്ചു കയറി …. തനിക്കു പൈസ തരാൻ വയ്യെങ്കിൽ എനിക്കുള്ള ഷെയർ ഇങ്ങു തന്നേക്കു എന്നുള്ള എന്റെ മറുപടിക്ക് അമ്മയുടെ വക ഒരു കുഞ്ഞടിയും വഴക്കുമാണ് എനിക്കു കിട്ടിയത്…. അപ്പോളും അച്ഛനെ ഞാൻ താൻ എന്നു വിളിച്ചു പറഞ്ഞു അമ്മയും പെങ്ങളും കണ്ണുനീർ പൊഴിക്കുമ്പോളും അച്ഛന്റെ കണ്ണുകളിൽ ഒരു ചെറിയ നനവ് പോലും ഞാൻ കണ്ടില്ല…..
വളരെ ശാന്തമായി തന്നെ അച്ഛൻ എന്നോടു ഉള്ള കാര്യം പറഞ്ഞു…..
“” മോനെ ജോലി ചെയ്തു സമ്പാദിച്ചത് ഒക്കെ നിങ്ങളെ പഠിപ്പിക്കാനും മൂത്തവളുടെ കല്യാണത്തിനും ആയി ചിലവാക്കി…. ഇനി മോൻ പറഞ്ഞതു പോലെ പ്രോവിഡന്റ് ഫണ്ട് പൈസ കയ്യിൽ ഉണ്ട് അതെടുത്തു ബിസ്സിനെസ്സ് ചെയ്യാൻ അച്ഛനു ധൈര്യമില്ല മോന്റെ താഴെയുള്ള ഇവളെ കാണുമ്പോൾ…. ബിസ്സിനെസ്സ് നഷ്ടമായാൽ മോന്റെ കുഞ്ഞു പെങ്ങളുടെ കല്യാണം നടത്താൻ അച്ഛന്റെ കയ്യിൽ ഒന്നും ഉണ്ടാവില്ല മോനെ….. പിന്നെ മോനു ഉള്ളത് ഈ വീടും പറമ്പും എല്ലാമാണ് അതും ഞങ്ങളുടെ കാലശേഷം…..അതു തന്നെയല്ല അച്ഛന്റെ മകന് ബിസ്സിനെസ്സ് പറ്റില്ല ഈ ശുദ്ധമനസ്സും വച്ചു…. ഈ എടുത്തു ചാട്ടം മാത്രമേയുള്ളു മോനെ നിനക്കു…. ഇതൊന്നും അല്ല ബിസ്സിനെസ്സ് ചെയ്യാനുള്ള യോഗ്യത….. ഒരു മകൻ ഉണ്ടാകുമ്പോൾ അമ്മയും അച്ഛനും എത്രമാത്രം സന്തോഷിക്കുമെന്നോ വയസാം കാലത്ത് ഒരു താങ്ങു ആയി കൂടെ കാണും കരുതി…. എന്റെ മോൻ അച്ഛനെ ഇങ്ങനെ ഒക്കെ വിളിച്ചുവെങ്കിലും അച്ഛനു മകനെ കുറിച്ചുള്ള പ്രതീക്ഷ ഒട്ടും കുറഞ്ഞിട്ടില്ല….. “”
അച്ഛന്റെ വർത്തമാനം കേട്ടപ്പോൾ എനിക്കു മനസ്സിലായി എനിക്കൊരു മാങ്ങാത്തൊലിയും ഇവിടുന്നു കിട്ടാൻ പോകുന്നില്ല എന്നു….. അതുകൊണ്ട് തന്നെ എന്റെ പ്രതികരണവും രൂക്ഷമായിരുന്നു….
അപ്പോൾ നിങ്ങൾ രണ്ടു പേരും ജീവിച്ചിരിക്കുമ്പോൾ എനിക്കൊന്നും കിട്ടാൻ പോകുന്നില്ല…. താൻ എന്തൊരു അച്ഛൻ ആണെടോ….. ഇങ്ങനെ സ്നേഹം ഇല്ലാത്ത ഒരെണ്ണത്തിന്റെ പുത്രൻ ആയി ജനിക്കേണ്ടി വന്നതാണ് ഏറ്റവും ശാപം ഈ ജീവിതത്തിൽ….. ഇങ്ങനെ ആണെങ്കിൽ നിങ്ങളുടെ മരണം എന്റെ കൈകൊണ്ടു ആകുമെന്നുള്ള എന്റെ മറുപടി അച്ഛനെ ചെറുതായി പ്രീകോപിപ്പിച്ചു എങ്കിലും അമ്മയോട് എന്നെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ഒരു താക്കിതും കൊടുത്തിട്ടു അച്ഛൻ പടികൾ ഇറങ്ങി പോയി…..
അച്ഛൻ പോയി കഴിഞ്ഞപ്പോൾ അമ്മക്ക് ഉള്ളതും പെങ്ങൾക്ക് വേണ്ടി മേടിച്ചു വെച്ചേക്കുന്നതുമായ സ്വർണം അച്ഛനറിയാതെ തരാമെന്നു അമ്മ പറഞ്ഞപ്പോൾ ആണ് എനിക്കു ശ്വാസം നേരെ വീണത്…. ഞങ്ങൾ ചങ്കുകൾ ആയ നാല് കൂട്ടുകാർ ചേർന്നാണ് ബിസ്സിനെസ്സ് തുടങ്ങുന്നത്…. ബാക്കി എല്ലാവർക്കും പൈസ ഉണ്ട് ഞാൻ മാത്രം എല്ലാവരുടെയും മുൻപിൽ മോശമാകും കരുതി പേടിച്ചു എങ്കിലും അമ്മ എന്നെ രക്ഷിച്ചു…. പക്ഷെ അച്ഛൻ അറിയും മുൻപ് പെട്ടെന്ന് തന്നെ തിരിച്ചു എടുത്തു കൊടുക്കണം എന്നു അമ്മ പറഞ്ഞു എങ്കിലും എനിക്കു ബിസ്സിനെസ്സിലും കൂട്ടുകാരിലും ഉള്ള വിശ്വാസം കൊണ്ടു അതൊന്നും ഒരു ബാധ്യത ആയി തോന്നിയില്ല…..
*****************
“” എന്താടാ നിനക്കു മാത്രം മുകളിൽ നിന്നും വിളിക്കാനും പൈസ ഇറക്കാനും ഒന്നും ആരുമില്ലെടാ…… എസ് ഐ അത്ര കടുംപടുത്തകാരൻ ഒന്നും അല്ലേടാ….. കുറച്ചു ലക്ഷം അങ്ങു കൊടുത്താൽ പുള്ളി കേസ് ഒന്നും രജിസ്റ്റർ ചെയ്യില്ല…. നീ നിൻറെ വീട്ടുകാരെ വിളിച്ചു പറ….. നിന്റെ കൂടെ ഉള്ളവന്മാർ മൂന്നും പൈസ കൊടുത്തു ഇറങ്ങി…. ഇനി നീ ഒറ്റയ്ക്ക് ആണ്…. കേസ് ചെറുതൊന്നുമല്ല രജിസ്റ്റർ ചെയ്താൽ…. കഞ്ചാവ് ആണ് മോനെ,, നിനക്കു ജാമ്യം പോലും കിട്ടില്ല…. എന്തായാലും ഇന്നു രാത്രിയിൽ കേസ് എടുക്കണ്ട എന്നാണ് സാർ പറഞ്ഞത് നാളെയും കൂടി നോക്കിയിട്ട് ഒരു കിട്ടപോരും ഇല്ലങ്കിൽ കേസ് എടുത്തു കോടതിയിൽ ആക്കാൻ…. നീ നിൻറെ വീട്ടുകാരെ വിളിച്ചു പറ….. നിന്നേ കണ്ടിട്ട് ഒരു നല്ല കുടുംബത്തിൽ ജനിച്ച പയ്യൻ ആണെന്ന് തോന്നുന്നു അതുകൊണ്ട് പറയുന്നതാണ്…”
രാത്രി ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന പോലീസുകാർ എന്നെ നോക്കി സങ്കടത്തോടെ കാര്യങ്ങൾ അവതരിപ്പിച്ചു…..
“” സാറെ എനിക്കു എന്റെ ഫോൺ ഒന്നു എടുത്തു തരുമോ…. ഞാൻ എന്റെ അച്ഛനെയും അമ്മയെയും വിളിച്ചു പറയട്ടെ….””
എന്തു ചെയ്യണമെന്ന് അറിയാതെ കണ്ണുകൾ നിറഞ്ഞു ഒഴുകി സ്റ്റേഷനിൽ ഇരുന്നുകൊണ്ട് ഞാൻ അവിടെ ഉള്ള പോലീസുകാരോട് അപേക്ഷിച്ചു…..
“” ടാ ഞങ്ങൾ ഫോൺ ഒക്കെ എടുത്തു തരാം…. പക്ഷെ ഒരു കാര്യം നിൻറെ അച്ഛൻ വന്നാൽ പൈസ കൊടുക്കുമോ…. അല്ലങ്കിൽ എസ് ഐ ഇരട്ടി കലിപ്പ് ആകും…. ഞങ്ങളോട് പോലും കലിപ്പ് ആകും പിന്നെ ഇപ്പോൾ കിട്ടിയതിൽ നിന്നു പോലും കൈമടക്ക് ഞങ്ങൾക്ക് കിട്ടില്ല….. എന്തായാലും നിൻറെ അച്ഛനു വല്ല രാഷ്ട്രീയ പിടിപാടും ഉണ്ടോ പൈസയില്ലെങ്കിൽ അങ്ങനെ നോക്കുന്നത് ആകും ഭേദം അല്ലാതെ ഇവിടെ വന്നു സെന്റി അടിച്ചാൽ ആകെ കലിപ്പ് ആകും….. അതല്ല പൈസ ഉണ്ടെങ്കിൽ നാളെ രാവിലെ തന്നെ ഒരു അഞ്ചു ലക്ഷം രൂപയുമായി ഇങ്ങോട്ട് വരാൻ പറ…. “”
“” ശരി സാറേ ഞാൻ അമ്മയോട് പറയാം…. അമ്മ എവിടുന്നു എങ്കിലും പൈസ ആയി വരും…. അതെനിക്ക് ഉറപ്പാണ് സാറെ…. “”
“” അതെന്നാടാ നിനക്കു അച്ഛൻ ഇല്ലേ… അല്ല അമ്മ വരും പറഞ്ഞതുകൊണ്ട് ചോദിച്ചതാണ്…. “”
എനിക്കു എഴുന്നേറ്റു ചെന്നു കരണകുറ്റിക്കു ഒരെണ്ണം പൊട്ടിക്കാൻ തോന്നി എങ്കിലും അവസ്ഥ പരിതാപകരമായതുകൊണ്ട് അവരോട് ഉള്ള സത്യം പറഞ്ഞു
“” അച്ഛനു ബിസ്സിനെസ്സ് ഒന്നും ഇഷ്ടം അല്ലായിരുന്നു അതുകൊണ്ട് തന്നെ ഇങ്ങനെ ഒരു അബദ്ധം പറ്റിയത് അറിഞ്ഞാലും സഹായിക്കാൻ സാധ്യത ഇല്ല…. “”
“” എന്തായാലും ഞങ്ങൾ ഫോൺ എടുത്തു തരാം…. നീ അമ്മയെ വിളിച്ചു പറ…. രാവിലെ എസ് ഐ വരും മുൻപ് ഇവിടെ വരണം പറയണം…. “”
അതും പറഞ്ഞവർ എന്റെ കയ്യിലോട്ട് ഫോൺ എടുത്തു തന്നു…. ഞാൻ അമ്മയെ വിളിച്ചു കാര്യം പറഞ്ഞപ്പോൾ അമ്മയുടെ ഉച്ചത്തിൽ ഉള്ള നിലവിളി എനിക്കു ഇവിടെ കേൾക്കാമായിരുന്നു…. അഞ്ചു ലക്ഷം രൂപ വേണം പറഞ്ഞപ്പോൾ അമ്മ കൊണ്ടു വരാം പറഞ്ഞു എന്നെ സമാധാനിപ്പിച്ചു…. ഫോൺ വെച്ചു കഴിഞ്ഞപ്പോൾ പോലീസുകാർ എനിക്കു സെൽ തുറന്നു തന്നിട്ട് അതിനുള്ളിൽ കിടന്നോളാൻ പറഞ്ഞു…. രാവിലെ അവർ വിളിക്കാം പറഞ്ഞു അവരും ഇരുന്ന ഇരുപ്പിൽ ഉറക്കം പിടിച്ചു…..
അവിടെ കിടന്നിട്ടു ഉറക്കം വരാത്തതുകൊണ്ട് ഞാൻ അച്ഛൻ എന്നോടു ബിസ്സിനെസ്സ് തുടങ്ങും മുൻപ് പറഞ്ഞ വാക്കുകൾ ഓർത്തു…. നിനക്കു ഇതൊന്നും പറ്റില്ല മോനെ… സത്യം ആയിരുന്നു ആ വാക്കുകൾ…. എന്റെ അച്ഛൻ സത്യം ആയിരുന്നു…. ഓരോന്നും ഓർത്തു ഞാൻ കിടക്കുമ്പോൾ എന്റെ അച്ഛന്റെ പഴയ വെസ്പ സ്കൂട്ടറിന്റെ ശബ്ദം ഞാൻ വെളിയിൽ കേട്ടു…. സമയം നോക്കിയപ്പോൾ പന്ത്രണ്ടു മണി….
അച്ഛൻ വന്നതുകൊണ്ട് പോലീസുകാർ ഉണർന്നു…. അവർ അച്ഛനോട് കാര്യം തിരക്കിയപ്പോൾ മകൻ ആണ് കൂടെ കൊണ്ടു പോകണം കൂടുതൽ ഉപദ്രവിക്കരുതെന്നു അച്ഛൻ അവരോടു കേണു അപേക്ഷിക്കുന്നത് ഞാൻ കണ്ടു….. പൈസ കയ്യിൽ ഉണ്ടെങ്കിൽ രാവിലെ തന്നെ വിട്ടേക്കാം എന്നു പറഞ്ഞപ്പോൾ ബാങ്കിൽ ഉണ്ട് മകളുടെ കല്യാണത്തിന് വെച്ചിരുന്നതാണ് അതു ബാങ്ക് തുറന്നാൽ ഉടനെ എടുത്തു തരാം…. ചെക്കും ബാക്കി വേണ്ട കാര്യങ്ങൾ ഒക്കെ എടുത്തിട്ടുണ്ട് എന്നുള്ള അച്ഛന്റെ മറുപടി കേട്ടപ്പോൾ അച്ഛനു ഇരിക്കാൻ ഒരു കസേര അവർ കൊടുത്തു….. അവിടെ ഇരുന്നുകൊണ്ട് എന്നെ നോക്കുമ്പോൾ ആ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു അതും എന്റെ ജീവിതത്തിൽ ആദ്യമായി…..
അച്ഛൻ അവർ കൊടുത്ത കസേരയിൽ ഇരിക്കാതെ എന്റെ അടുത്തേക്ക് വന്നപ്പോൾ ഞാൻ ചോദിച്ചു അച്ഛാ കയ്യിൽ ഉള്ളത് എനിക്കായി എടുത്താൽ അനിയത്തിയുടെ കല്യാണം വരുമ്പോൾ അച്ഛൻ എന്തു ചെയ്യും….. ഒന്നു ചിരിച്ചുകൊണ്ട് ആ മനുഷ്യൻ പറഞ്ഞു അതു അച്ഛൻ എങ്ങനെയും ഉണ്ടാക്കിക്കോളാം പക്ഷെ ഈ ലോകത്തു ഒന്നിന് വേണ്ടിയും മകനെ നഷ്ടപ്പെടുത്താൻ അച്ഛനു സാധിക്കില്ല മോനെ….
രാവിലെ എസ് ഐ വന്നപ്പോൾ ഞാൻ കിടക്കുന്ന സെല്ലിലേക്ക് ഒന്നു തുറിച്ചു നോക്കിയിട്ട് അകത്തേക്ക് കയറി പോയി…. പുറകെ പോലീസുകാർ കയറി പോയി…. കുറച്ചു കഴിഞ്ഞപ്പോൾ അവർ അച്ഛനോട് അകത്തോട്ടു എസ് ഐ വിളിക്കുന്നു പറഞ്ഞപ്പോൾ അച്ഛൻ അകത്തേക്ക് കയറി പോയി…… ഒരു പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ എന്നെയും അകത്തേക്ക് വിളിച്ചു…. എന്നിട്ടു എസ് ഐ ഒരു താക്കിത് പോലെ എന്നോടു പറഞ്ഞു….
“” ഇനി അച്ഛൻ പറയുന്നതും കേട്ടു നടന്നോണം…. മേലാൽ അതുപോലത്തെ തെമ്മാടികളും ആയി കൂട്ട് കൂടി നിന്നേ കണ്ടേക്കരുത്…. ഇതവണത്തേക്കു ഞാൻ ഇതു കേസ് ആക്കുന്നില്ല…. നിൻറെ അച്ഛനെ ഓർത്തു…. ഞങ്ങൾക്ക് ഒക്കെ അറിവ് പകർന്നു തന്ന ഈ മഹാനായ മനുഷ്യനെ ഓർത്തു…. ഇനി നിന്നേ എന്തെങ്കിലും വള്ളിക്കെട്ടിൽ കണ്ടാൽ കേസ് ഒന്നും ആക്കില്ല ഒരു ഏട്ടന്റെ സ്ഥാനത്തു നിന്നു നിൻറെ കയ്യും കാലും തല്ലി ഒടിക്കും ഞാൻ പറഞ്ഞില്ലെന്നു വേണ്ട…. പൊക്കോ ഇപ്പോൾ അച്ഛന്റെ കൂടെ….. “”
ആകാംഷ അടക്കാൻ വയ്യാതെ ഞാൻ എസ് ഐ യോട് ചോദിച്ചു
“” ഏട്ടന്റെ സ്ഥാനം ആണെന്ന് പറഞ്ഞതുകൊണ്ട് ചോദിക്കുവാ അച്ഛൻ പഠിപ്പിച്ച മഹത്വം ഒക്കെ പറഞ്ഞ എസ് ഐ ഏട്ടൻ പിന്നെ എന്തിനാണ് ഇങ്ങനെ കൈകൂലി വാങ്ങുന്നത്….. “”
ഒന്നു ചിരിച്ചുകൊണ്ട് എസ് ഐ മറുപടി തന്നു….
“” ഇങ്ങനെ കഞ്ചാവും വിറ്റു മയക്കുമരുന്നും വിറ്റു നടക്കുന്നവനോക്കെ ഒക്കെ ശിക്ഷ കൊടുക്കുന്നതിലും എളുപ്പം ഇതാണ്….. ശിക്ഷിക്കാൻ നോക്കിയാലും പൈസയും പിടിപാടും ഉള്ളവനൊക്കെ ഊരി പോകും…. പിന്നെ പാവങ്ങളെ വല്ലതും കിട്ടിയാൽ അവരുടെ തലയിൽ എല്ലാം ആകും…. അതിലും നല്ലത് ഇങ്ങനെ പൈസ മേടിച്ചു വിശക്കുന്ന വയറിനു ആരും അറിയാതെ ഒരു നേരത്തെ ആഹാരത്തിനുള്ള വഴി ഒരുക്കാൻ സാധിക്കുന്നത് നല്ലതെന്നാണ് എന്റെ വിശ്വാസം… അതല്ലെങ്കിൽ അതിനെയാണ് ഞാൻ എന്റെ ഉള്ളിലെ മനുഷ്യത്വം ആയി കാണുന്നത്…. “”
എനിക്കു മനുഷ്യത്വം തുളുമ്പി നിൽക്കുന്ന അദേഹത്തിന്റെ വാക്കുകൾ കേട്ടപ്പോൾ തന്നെ ജീവിതത്തെ കുറിച്ചുള്ള കാഴ്ചപാട് തന്നെ മാറി പോയി…. അദ്ദേഹം വരെ ബഹുമാനിക്കുന്ന എന്റെ അച്ഛനെയാണ് ഞാൻ ഇട്ടു അപമാനിക്കുന്നതെന്നു ഓർത്തപ്പോൾ എന്റെയുള്ളിലൊരു തേങ്ങൽ ഉണ്ടായി….. ഞാൻ നന്ദി പറഞ്ഞു അവിടെ നിന്നും ഇറങ്ങി…..
അച്ഛൻ എസ് ഐ ക്കു നന്ദി പറഞ്ഞിട്ട് ഇറങ്ങുമ്പോൾ ഞാൻ കണ്ടു എന്റെ അച്ഛന്റെ മുടികൾ ഒക്കെ നരച്ചു തുടങ്ങിയിരിക്കുന്നു…. അല്ല നന്നായിട്ടു തന്നെ നരച്ചിട്ടുണ്ട്…. അച്ഛൻ അന്ന് പറഞ്ഞതുപോലെ അച്ഛനു വയസ്സു ആയി ഇനി ഞാൻ വേണം കൂടെ താങ്ങു ആയി എപ്പോളും….. അച്ഛന്റെ കൂടെ ആ പഴയ വെസ്‌പോയിൽ പോകുമ്പോൾ ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു ഇനി ഒരിക്കലും ആ കണ്ണുകൾ നിറയാൻ ഞാൻ സമ്മതിക്കില്ലായെന്നു….
അഭിപ്രായം പ്രതീക്ഷിക്കുന്നു സൗഹൃദങ്ങളെ….