അയാൾ സ്നേഹത്തോട് കൂടി അവളോട്‌ ആദ്യമായി ആവശ്യപ്പെട്ടത് അവൾ ഒരുപാട് കൊതിച്ചു നേടിയ ജോലി ഉപേക്ഷിക്കാനായിരുന്നു.. വീട്ടിൽ അച്ഛനോടും ഏട്ടനോടും തനിക്കായി അവനോട് സംസാരിക്കാൻ……….

Story written by Gayathri Govind

താമരപൂവിതൾ പോലെയിരുന്ന മകളുടെ വിണ്ടു കീറിയ കാലുകളിലേക്ക് നോക്കി ആ അച്ഛൻ നിശ്ചലനായി നിന്നു.. ഉയർന്നു പറക്കാൻ ആഗ്രഹിച്ചിരുന്ന തന്റെ മകളുടെ കാലിന്റെ പെരുവിരലുകൾ തമ്മിൽ ബന്ധിച്ചിരിക്കുന്നു.. അതെ ഇപ്പോൾ ആത്മാവ് പറന്നുയർന്ന വെറും ജഢമാണ് അവൾ..

നീലിമ അതായിരുന്നു അവളുടെ പേര്.. പാറി പറന്നു നടന്നിരുന്നവൾ..അച്ഛന്റെയും അമ്മയുടെയും ഏട്ടന്റെയും നീലി.. കുഞ്ഞിലെ മുതൽ ആഗ്രഹിച്ചിരുന്ന എയർ ഹോസ്റ്റസ് ജോലി കിട്ടിയ അടുത്ത മാസമാണ് അമ്മയുടെ മരണം അവളുടെ കുടുംബത്തെ തേടിയെത്തിയത്.. ആ ഷോക്കിൽ നിന്ന് അവൾക്കുള്ള ആശ്വാസവും അവളുടെ ജോലി ആയിരുന്നു.. അമ്മ മരിച്ചു വർഷം ഒന്നു തികയുന്നതിനു മുൻപ് ബന്ധുക്കളുടെ നിർബന്ധ പ്രകാരം അച്ഛനും ഏട്ടനും അവൾക്ക് വിവാഹം ആലോചിച്ചു തുടങ്ങി.. പരമാവധി കല്യാണത്തിൽ നിന്നും പിന്തിരിയാൻ ശ്രെമിച്ചെങ്കിലും വീട്ടുകാരുടെ സ്നേഹപൂർവ്വമായ നിർബന്ധതിനു വഴങ്ങി അവൾ..

വിവാഹത്തിന്റെ ആദ്യ ദിനങ്ങൾ മാധുര്യം നിറഞ്ഞതായിരുന്നു.. ഭർത്താവിന്റെ ജോലി സ്ഥലത്തിനരികിൽ ഭർത്താവും താനും മാത്രമുള്ള വില്ല.. ഭർത്താവിന്റെ സ്നേഹത്തിൽ മതിമറന്ന ദിനങ്ങൾ… അയാൾ സ്നേഹത്തോട് കൂടി അവളോട്‌ ആദ്യമായി ആവശ്യപ്പെട്ടത് അവൾ ഒരുപാട് കൊതിച്ചു നേടിയ ജോലി ഉപേക്ഷിക്കാനായിരുന്നു.. വീട്ടിൽ അച്ഛനോടും ഏട്ടനോടും തനിക്കായി അവനോട് സംസാരിക്കാൻ അവൾ പറഞ്ഞെങ്കിലും അവര് പറഞ്ഞു അവൻ സ്നേഹം കൊണ്ടല്ലേയെന്ന്..

അവന്റെ ആ വലിയ വീട്ടിൽ തനിച്ചായപ്പോഴും ചുറ്റിനും ആശ്വാസ വാക്കുകളുമായി ഒരുപാട് നല്ല സൗഹൃദങ്ങൾ അവൾക്കുണ്ടായിരുന്നു.. അവരുടെ വാക്കുകൾ നൽകിയ ഊർജ്ജത്തിലും ജോലി ശേഷം തിരികെ എത്തിയുള്ള അവന്റെ അമിതമായ സ്നേഹത്തിലും അവൾ മതിമറന്നു ജീവിച്ചു.. അവൻ വിദേശ യാത്രകൾക്ക് പോകുമ്പോൾ മനസ്സിന്റെ ഒറ്റപ്പെടൽ അകറ്റാനായി അവൾ കൂട്ടുകാരികൾക്ക് അരികിലേക്ക് ഓടി..

എന്തോ.. അവളുടെ സുഹൃത്തുക്കളെ അവന് ഇഷ്ടമായിരുന്നില്ല.. ഒരുപക്ഷേ അവനു കിട്ടേണ്ട സ്നേഹമാണ് പങ്കുവയ്ക്കപ്പെടുന്നത് എന്ന ചിന്തയാകാം.. അവൻ ഒരുപാട് സ്നേഹത്തോടെ അവളോട് സുഹൃത്തുക്കളെ എന്നെന്നേക്കുമായി അകറ്റാൻ ആവശ്യപ്പെട്ടു.. അവന്റെ പ്രാന്തമായ ചിന്തകളെ അംഗീകരിക്കാൻ കഴിയാതെ അവൾ അപ്പോഴും അച്ഛന്റെ അരികിലേക്ക് ചെന്നു.. അപ്പോഴും അച്ഛനും ഏട്ടനും അവന്റെ സ്നേഹത്തെ പ്രകീർത്തിച്ചു.. വേറൊരു ഗതിയുമില്ലാതെ അവൾ തിരികെ അവനൊപ്പം മടങ്ങി.. അവന്റെ സ്നേഹം അവളെ വീർപ്പമുട്ടിച്ചു തുടങ്ങിയിരുന്നു.. ആ വീർപ്പുമുട്ടൽ കലഹങ്ങളായി പരിണാമപ്പെട്ടു.. പല തവണ പ്രശനങ്ങൾ ഉണ്ടായപ്പോഴും അച്ഛനരികിലേക്ക് ഓടി എത്തിയെങ്കിലും അച്ഛൻ സ്നേഹത്തോടെ മകളെ ഭർതൃ വീട്ടിലേക്ക് മടക്കി അയച്ചു.. പിന്നീട് ഒരിക്കലും അവൾ അച്ഛനും ഏട്ടനും അരികിലേക്ക് സഹായത്തിനായി ഓടിയില്ല..വളരെ താമസിക്കാതെ അവർക്കിടയിലേക്ക് ഒരു കുഞ്ഞ് അതിഥിയും കടന്നു വന്നു… പക്ഷേ അപ്പോഴേക്കും ഒറ്റപ്പെടലും വേദനകളും അവളുടെ മനസ്സിനെ പിടികൂടിയിരുന്നു.. ഡിപ്രെഷന്റെ ഏറ്റവും അതിഭീകരമായ അവസ്ഥയിൽ കൂടി അവൾ കടന്നു പോകുമ്പോഴും അവളെ സ്നേഹം കൊണ്ടും വീർപ്പുമുട്ടിച്ചവർ ആ മനം അറിഞ്ഞില്ല.. ചിലപ്പോൾ അറിഞ്ഞില്ല എന്നു നടിച്ചതാകാം..

ഇന്ന് ആ ത്മഹത്യ ചെയ്ത അമ്മയുടെ ശവശരീരത്തിന് അരികിൽ ഓടി നടക്കുന്ന ആ രണ്ടു വയസ്സുകാരിയെ എല്ലാവരും നിസ്സംഗതയോടെ നോക്കി നെടുവീർപ്പിടുന്നു……. ചിലർ പുലമ്പുന്നുണ്ട്

“ഈ കുഞ്ഞിനെ തനിച്ചാക്കി പോകാൻ അവൾക്ക് എങ്ങനെ തോന്നി.. “

മനസ്സിന്റെ പിടിവിട്ടുപോയവൾക്ക് കുഞ്ഞിനെക്കുറിച്ച് ഓർക്കാൻ കഴിഞ്ഞിരുന്നുവോ??അറിയില്ല..

അമ്മയെ പോലെ ആകാതെ.. സ്നേഹം കൊണ്ട് കെട്ടിയുണ്ടാക്കുന്ന കൂട്ടിൽ അകപ്പെട്ടു പോകാതെ ഉയർന്നു പറക്കാൻ കഴിയട്ടെ അവൾക്ക്… ആ മകൾക്ക്..

ആ അച്ഛന്റെ കണ്ണിൽ നിന്നും കണ്ണുനീർ വരാൻ മടിച്ചു നിന്നു.. കരഞ്ഞാൽ ചിലപ്പോൾ രക്തമാകും പുറത്തേക്ക് വരുന്നത് അതാകും അയാൾ കരയാത്തത് .. ഹൃദയം പൊട്ടി ഒഴുകുന്നത് അയാൾക്ക് അറിയാം.. വിവാഹത്തിന് മുൻപ് വരെ ഹൃദയത്തോടെ ചേർത്തു നിർത്തിയവളെ കേൾക്കാൻ പിന്നീട് ആ ഹൃദയം തുറക്കാഞ്ഞത് എന്താണെന്ന് ഉള്ളിലിരുന്ന് ആരോ ചോദിക്കുന്നത് പോലെ.. മകളെ വിവാഹം കഴിപ്പിച്ചത് തന്റെ ബാധ്യത ഒഴിപ്പിക്കാനായിരുന്നോ എന്നയാൾ സ്വയം ചോദിച്ചുകൊണ്ടേയിരുന്നു…എവിടെയോ തനിക്ക് തെറ്റിപോയിരിക്കുന്നു.. ഒരിക്കലും തിരുത്താൻ പറ്റാത്ത തെറ്റ്..

ഇപ്പോഴും അയാളുടെ കണ്ണുകൾ മകളുടെ വിണ്ടു കീറിയ കാലുകളിൽ ആണ്.. അതിൽ നിറഞ്ഞിരിക്കുന്ന കറുത്ത ചെളിയിൽ ആണ്..

പറക്കാൻ കൊതിച്ചവളെയാണ് തളച്ചത്..

അവസാനിച്ചു…

NB: ഒരിക്കലും ആ ത്മഹത്യ ഒന്നിനും ഒരു പ്രതിവിധിയാണെന്ന് ഈ കഥകൊണ്ട് ഉദ്ദേശിക്കുന്നില്ല.. ഡിപ്രെഷൻ എന്ന രോഗം മനസ്സിനെ ബാധിച്ചു കഴിഞ്ഞാൽ പലപ്പോഴും നമ്മുക്ക് മനസ്സിനെ നിയന്ത്രിക്കാൻ കഴിയില്ല.. അങ്ങനെയുള്ളവരെ ചേർത്തു നിർത്തിയാൽ അവർക്ക് പെട്ടെന്ന് തന്നെ രോഗ മുക്തരാവാനും സാധിക്കും..ഇങ്ങനെ പല പെൺകുട്ടികളും ഉണ്ട് അച്ഛന്റെയും അമ്മയുടെയും ഭർത്താവിന്റെയും ഒക്കെ മുൻപിൽ അവരുടെ സ്നേഹത്തിനു അടിമയായി ജീവിക്കാൻ വിധിക്കപ്പെട്ടവർ… അവസാനം അവർക്ക് ഒരുപക്ഷേ അവരെ തന്നെ നഷ്ടമാകും.. ഈ സമയങ്ങളിൽ ആ അച്ഛന്റെയോ ഏട്ടന്റെയോ ചേർത്തു നിർത്തൽ മതിയാകും അവൾക്ക് ജീവിതത്തിലേക്ക് വരാൻ.. അങ്ങനെ ചേർത്തു നിർത്തപ്പെടേണ്ടവരെ ചേർത്തു നിർത്തണം.. എല്ലാ ആളുകളും ഒരേ പോലെ ബോൾഡ് ആകണം എന്നില്ലല്ലോ..

Related Posts

Leave a Reply

Your email address will not be published. Required fields are marked *