അയ്യോ അല്ല മുതലാളീ,, കുട്ടികള് ചോറ് കൊണ്ട് പോകാതെയാണ് സ്കൂളിൽ പോയിരിക്കുന്നത്? വൈകുന്നേരം സ്കൂള് വിട്ട് വരുമ്പോൾ അവർക്ക് വിശക്കില്ലേ……

Story written by Saji Thaiparambu

രജനി ,ചീനിയുടെ തൊലി പൊളിച്ച് കൊണ്ടിരുന്നപ്പോഴാണ് ,ഹംസ മുതലാളി കോണിപ്പടി കയറി മുകളിലെത്തിയത്

ഹൗസ്ഓണറെ കണ്ട്, രജനി ചാടിയെഴുന്നേറ്റ് നൈറ്റിയുടെ തുമ്പ് താഴേയ്ക്ക് വലിച്ചിട്ട് വിനയത്തോടെ നിന്നു.

സുരേഷ് എവിടെപ്പോയി രജനീ ,,?

ഏട്ടൻ ,രാവിലെ പണി വല്ലതുമുണ്ടോന്ന് നോക്കി പോയതാണ് ,കുറച്ച് ദിവസമായിട്ട് പണിയൊന്നുമില്ലായിരുന്നു ,,

ഇതെന്താ ഇപ്പോ ചീനി പൊളിക്കുന്നത്? ബീഫ് കിട്ടിയോ? ചീനി ബിരിയാണി വയ്ക്കാനാണോ ?

അയ്യോ അല്ല മുതലാളീ,, കുട്ടികള് ചോറ് കൊണ്ട് പോകാതെയാണ് സ്കൂളിൽ പോയിരിക്കുന്നത്? വൈകുന്നേരം സ്കൂള് വിട്ട് വരുമ്പോൾ അവർക്ക് വിശക്കില്ലേ? അത് കൊണ്ട് ചീനി പുഴുങ്ങി കട്ടൻ ചായയുമായിട്ട് കൊടുക്കാനാണ്

അതെന്താ അവര് ചോറ് കൊണ്ട് പോകാതിരുന്നത് ?

അത് പിന്നെ, അരി തീർന്നിട്ട് രണ്ട് ദിവസമായി ,ഏട്ടന് പണി യില്ലാത്തത് കൊണ്ട് സാധനങ്ങളൊന്നും വാങ്ങിച്ചിട്ടില്ല ,പിന്നെ ചീനിയും ,കാച്ചിലുമൊക്കെ പുഴുങ്ങിയാണ് ഇന്നലെയും മിനിഞ്ഞാന്നുമൊക്കെ അഡ്ജസ്റ്റ് ചെയ്തത് ,മുതലാളി ഇന്നലെ കൊണ്ട് തന്ന നോമ്പ് കഞ്ഞി കുടിച്ചിട്ടാണ് രാവിലെ കുട്ടികള് സ്കൂളിലേയ്ക്ക് പോയത്

ൻ്റെ പടച്ചോനെ ഞാനെന്താണീ കേക്കണത് ,സുബ്ഹാനളളാ,, എൻ്റെ വീട്ടില് ഒരു കുടുംബം രണ്ട് ദിവസമായി അരപ്പട്ടിണിയിലായിട്ട് ഞാനിപ്പഴാണല്ലോ റബ്ബേ അറിയുന്നത് ,നീയെന്താ രജനീ,, അരിയും മറ്റും തീർന്ന കാര്യം ഞങ്ങളോട് പറയാതിരുന്നത് ,,

അത് പിന്നെ, ഏട്ടൻ മുതലാളിയെ കാണാനിരിക്കുകയായിരുന്നു ,അത് വേറൊന്നിനുമല്ല ,ഞങ്ങളേതായാലും അരപ്പട്ടിണിയിലാണ് കഴിയുന്നത് ,അപ്പോൾ ഏട്ടൻ പറഞ്ഞു, എന്തായാലും പണി മോശമാണ്, എത്ര നാള് പട്ടിണി കിടക്കേണ്ടി വരുമെന്നറിയില്ല , അത് കൊണ്ട് നമുക്കും നോമ്പെടുക്കാമെന്ന് ,മുതലാളിയോട് ചോദിച്ച് എങ്ങനെയാണ് നോമ്പെടുക്കുന്നതെന്ന് ചോദിച്ച് മനസ്സിലാക്കണമെന്ന് എന്നോട് പറഞ്ഞിരുന്നു,

എൻ്റെ രജനീ,, നോമ്പെന്ന് പറയുന്നത് നിങ്ങളെപ്പോലെ പട്ടിണി കിടക്കുന്നവർ ഗതികേട് കൊണ്ട് അനുഷ്ടിക്കേണ്ട ഒന്നല്ല ,അത് വിശപ്പിൻ്റെ വില അറിയാത്തവർക്കുള്ളതാണ്,

നിങ്ങള് തല്ക്കാലം നോമ്പെടുക്കേണ്ട ആവശ്യമില്ല നിങ്ങളെപ്പോലെ യുള്ളവർ വിശപ്പും ദാഹവും സഹിച്ച് ജീവിക്കുന്നവരാണ്അ ത് കൊണ്ട് ഇനി നിങ്ങൾ പട്ടിണി കിടക്കാൻ പാടില്ല ,ഞാൻ താഴെപോയി കുറച്ച് അരിയും സാധനങ്ങളും എടുത്തിട്ട് വരാം ഫ്രിഡ്ജില് ചിക്കനും ഇരിപ്പുണ്ട് നീ വേഗം കുറച്ച് നെയ്ച്ചോറും ഇറച്ചിക്കറിയും വയ്ക്ക്, വിശന്നലഞ്ഞ് വരുന്ന കുട്ടികള്വ യറ് നിറച്ച് കഴിക്കട്ടെ ,,

പിന്നെ സുരേഷ് വരുമ്പോൾ ,ദാ ഈ കാശ് അവൻ്റെ കൈയ്യിൽ കൊടുത്തിട്ട് ഒരു മാസത്തേക്കുള്ള സാധനങ്ങള് കടയിൽ പോയി വാങ്ങാൻ പറയ് ,, പണിയൊന്നും കിട്ടിയില്ലെങ്കിൽ അവന് ഞാൻ നല്ലൊരു ജോലി ശരിയാക്കിക്കൊടുക്കാം ,നിങ്ങള് ബേജാറാവണ്ടാ ,നിങ്ങളിത്രയും ബുദ്ധിമുട്ടിലായിരുന്നു എന്നറിയാൻ ഞാൻ വൈകിപ്പോയതിൽ ക്ഷമ ചോദിക്കുന്നു ,ദാ ഈ നോമ്പ് കഞ്ഞി ,അകത്ത് കൊണ്ട് വയ്ക്ക്

കൊണ്ട് വന്ന തൂക്ക് പാത്രം രജനിയെ ഏല്പിച്ചിട്ട് ,അരിയും മറ്റുമെടുക്കാൻ ഹംസ മുതലാളി,താഴേയ്ക്ക് പോയി.

NB :- നോമ്പെടുക്കുന്ന ഞാനുൾപ്പെടെ ഉള്ളവർക്ക് മഗ്രിബ് ഒരു പ്രതീക്ഷയാണ്, പക്ഷേ, സ്ഥിരവരുമാനമില്ലാതെ , നമുക്കിടയിൽ അരപ്പട്ടിണിയിലും മുഴുപ്പട്ടിണിയിലും കഴിയുന്നവർക്ക് പ്രതീക്ഷിക്കാൻ ഒന്നുമില്ല, അത് കൊണ്ട് നമ്മളോരോരുത്തരും ചുറ്റിലും ഒന്ന് കണ്ണോടിക്കുന്നത് നല്ലതാണ്, സജി തൈപ്പറമ്പ്.

Leave a Reply

Your email address will not be published. Required fields are marked *