അല്ലെങ്കിലും, മുൻകൂട്ടി തീരുമാനിച്ച നിറത്തിൽ തുണിയുടുത്ത് പോകുന്ന ശീലമൊന്നും എനിക്കില്ല. കുളിച്ച് കഴിഞ്ഞ് കബോർഡിൽ കൈയ്യിടുമ്പോൾ എന്താണോ കിട്ടുന്നത്, അതിട്ട് പോകുക തന്നെ…..

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

മാഷും ദീപ ടീച്ചറും ലൈനാണല്ലേയെന്ന് എന്നോട് ചോദിച്ചത് അഞ്ചാം തരത്തിൽ പഠിക്കുന്നയൊരു വിരുതനായിരുന്നു. ഈയിടെയായി ഉയർന്ന ക്ലാസ്സിലെ കുട്ടികൾക്കും എന്നെ കാണുമ്പോഴൊരു അടക്കം പറച്ചിലും ചിരിയു മൊക്കെയുണ്ട്. ഉച്ച കഴിഞ്ഞുള്ള ഇടവേളയിൽ, സ്റ്റാഫ് റൂമിലും ഇതേ വിഷയത്തിൽ ചില സംസാരങ്ങളുണ്ടായി. ഇങ്ങനെയൊരു സംസാരമുള്ളത് അറിയുന്നത് കൊണ്ടായിരിക്കണം ദീപ ടീച്ചർക്ക് ഈയിടെയായി എന്നോട് വലിയ താല്പര്യമില്ലാത്തത്. അല്ലെങ്കിൽ കാണുമ്പോഴൊരു ചിരിയെങ്കിലുമുണ്ടായിരുന്നു.

‘ശരിയാ മാഷേ.. കുറച്ച് നാളായി നിങ്ങള് രണ്ടാളും ഒരേ നിറത്തിലാണ് വരുന്നത്. നിങ്ങൾക്കിടയിൽ എന്തോ…. അല്ല! ഉണ്ടെന്നല്ല! പൊതുവേ അങ്ങനെയൊരു വർത്താനുണ്ട് മാഷേ..’

സംസാരത്തിനിടയിൽ സഹപ്രവർത്തകനും സുഹൃത്തുമായ മാഷ് എന്നോട് പറഞ്ഞു. ശരിയാണ്. ഓർത്തപ്പോൾ ദീപ ടീച്ചറുടെ സാരിയുടെ നിറവുമായി ഒത്തുപോകുന്ന ഉടുപ്പുകൾ തന്നെയാണ് ഈയിടെയായി ഞാനും ധരിക്കുന്നത്. കേൾക്കുമ്പോൾ ഒരു സിനിമാറ്റിക് സുഖമൊക്കെ ഉണ്ടെങ്കിലും ടീച്ചറുടെ മനസ്സിൽ എന്താണെന്ന് എനിക്ക് അറിയില്ല. കൂടാതെ, എന്നെ കാണുമ്പോൾ ഇപ്പോഴൊരു മുഖം മുറിക്കലുമുണ്ട്. മുഷിപ്പാണെന്ന് പറഞ്ഞ് ആ നേരം ടീച്ചറുടെ കണ്ണുകൾ ചെറുതാകും! പൊട്ട് വരെ അടർന്നു പോകുന്ന വിധത്തിൽ നെറ്റി ചുളിയും! എന്നോട് മുഷിഞ്ഞിരിക്കുന്നുവെന്ന് തന്നെയാണ് ആ ഭാവത്തിൽ നിന്ന് എനിക്ക് വായിച്ചെടുക്കാൻ സാധിക്കുന്നത്!

പിറ്റേന്ന് ഞാനൊരു ചന്ദന നിറത്തിലുള്ള ജുബ്ബയും വെളുത്ത പാന്റുമായിരുന്നു ധരിച്ചിരുന്നത്. ദീപ ടീച്ചറും ഏതാണ്ട് അതേ നിറത്തിൽ തന്നെയുള്ള സാരിയുമുടുത്ത് സ്കൂളിലേക്ക് വന്നിരിക്കുന്നു. അസംബ്ലിയിൽ കുട്ടികൾ പതിവിലും ഉറക്കെ അടക്കം പറഞ്ഞ് ചിരിച്ചു. അത് സ്റ്റാഫ് റൂമിലും മുഴങ്ങി.

പരസ്പരം കാര്യമായൊന്ന് സംസാരിക്കുക പോലും ചെയ്യാത്ത ഞങ്ങൾ പ്രണയത്തിലാണെന്ന് സ്കൂൾ മുഴുവൻ പാടി. ദീപ ടീച്ചറുടെ മനസ്സിൽ എന്താണെന്ന് അറിയില്ലെങ്കിലും അവിചാരികമായി കടന്നുവന്ന ആ സന്ദർഭം ഞാൻ ആസ്വദിക്കുന്നുണ്ടായിരുന്നു.

ഒടുവിൽ പ്രിൻസിപ്പാൾ മാഡത്തിന്റെ കാതുകളിലും ഒരു കാര്യവുമില്ലാത്ത ആ കാര്യമെത്തി. എന്നേയും ദീപ ടീച്ചറേയും വിളിപ്പിച്ചപ്പോൾ വിഷയം ഞങ്ങൾ ഊഹിച്ചിരുന്നു. ചെന്നപ്പോൾ ഈ സ്കൂളിനൊരു അന്തസ്സുണ്ടെന്നായിരുന്നു പ്രിൻസിപ്പാളിന് പറയാനുണ്ടായിരുന്നത്.

‘ദിസ്‌ ഈസ്‌ എ സ്കൂൾ. ഡോണ്ട് ബീഹെവ് ലൈക്‌ എ കോളേജ് കപ്പിൾസ്..’

ഞങ്ങളുടെ ചന്ദന നിറത്തിലുള്ള ഉടുപ്പ് നോക്കിക്കൊണ്ടാണ് പ്രിൻസിപ്പാളത് പറഞ്ഞത്. അതിന് ഞങ്ങളൊന്നും ചെയ്തില്ലല്ലോയെന്ന് ഞാൻ പറഞ്ഞിട്ടും രക്ഷയില്ല. തുടർന്നും നിങ്ങളെക്കുറിച്ചൊരു സംസാരം സ്കൂളിലുണ്ടായാൽ പറഞ്ഞുവിടുമെന്ന് പ്രിൻസിപ്പാൾ താക്കീത് ചെയ്യു. ഒരു തെറ്റും ചെയ്യാതെ ശകാരം കേൾക്കേണ്ടി വരുന്ന കുട്ടികളുടെ മനസ്സുമായാണ് ഞാനും ടീച്ചറും ആ ക്യാബിനിൽ നിന്നും പുറത്തേക്കിറങ്ങിയത്.

‘മാഷേ… ഇനിമുതൽ ഞാനിട്ടിരിക്കുന്ന നിറത്തിൽ തുണിയുടുത്ത് വരല്ലേ…’

അങ്ങനെ കേട്ടപ്പോൾ എനിക്ക് ദേഷ്യം തോന്നി. മനഃപ്പൂർവ്വം ഇട്ടോണ്ട് വരുന്നതാണോയെന്നും ചോദിച്ച് ഞാൻ പല്ലുകൾ ഇറുമ്മി.

‘മാഷിന്റെ ഫോൺ തന്നേ…’

സ്റ്റാ‌ഫ് റൂമിലാണെന്ന് പറഞ്ഞതിന് ശേഷമാണ് എന്തിനായെന്ന് ഞാൻ ചോദിച്ചത്. അപ്പോഴേക്കും അവളൊരു കടലാസ് കീറിൽ തന്റെ നമ്പർ എഴുതിയെനിക്ക് തന്നു. ഇനി മുതൽ ഇട്ടോണ്ട് വരാൻ ഉദ്ദേശിക്കുന്ന വസ്ത്രങ്ങളുടെ നിറം അതാത് ദിവസങ്ങളിൽ തന്നെ അറിയിക്കണമെന്നായിരുന്നു നിബന്ധന. മെസ്സേജ് അയച്ചാൽ മതിയെന്നും പറഞ്ഞു. എന്തൊരു വിധിയാണെന്ന് ഓർത്ത് എനിക്ക് എന്നോട് തന്നെ സഹതപിക്കാനേ തോന്നിയുള്ളൂ..

അല്ലെങ്കിലും, മുൻകൂട്ടി തീരുമാനിച്ച നിറത്തിൽ തുണിയുടുത്ത് പോകുന്ന ശീലമൊന്നും എനിക്കില്ല. കുളിച്ച് കഴിഞ്ഞ് കബോർഡിൽ കൈയ്യിടുമ്പോൾ എന്താണോ കിട്ടുന്നത്, അതിട്ട് പോകുക തന്നെ. യാദൃശ്ചികമെന്നോണം തുടർച്ചയായ അഞ്ചാറ് നാളുകളിൽ ഞാൻ ധരിക്കുന്ന നിറം തന്നെയാണ് ദീപ ടീച്ചറും ഉടുത്തു വരുന്നത്. എന്തൊക്കെ പറഞ്ഞാലും, ടീച്ചറുമായി എന്റെ പേര് ചേർത്ത് കേൾക്കുന്നതിൽ ഒരു സുഖമൊക്കെ തോന്നുന്നുണ്ട്. എന്നാലും, ഞാൻ കാരണം ഒരാൾ ദുഃഖിക്കരുതല്ലോ..

അന്നു രാത്രിയിൽ അത്താഴം കഴിഞ്ഞിരിക്കുമ്പോൾ എനിക്ക് ടീച്ചറെ ഫോൺ ചെയ്യണമെന്ന് തോന്നി. എല്ലാവരും പറയുന്നത് എന്തുകൊണ്ട് സത്യമാക്കി ക്കൂടായെന്നായിരുന്നു എനിക്ക് ചോദിക്കേണ്ടിയിരുന്നത്. പിന്നീട് തോന്നി വേണ്ടായെന്ന്. എന്തായാലും കാലത്ത് വിളിച്ച്, ഇട്ടോണ്ട് വരുന്ന തുണിയുടെ നിറം പറഞ്ഞേക്കാമെന്ന് കരുതി ഞാൻ എപ്പോഴോ ഉറങ്ങുകയും ചെയ്തു.

പിറ്റേന്ന് പതിവിലും നേരത്തേ ഉണർന്ന് ഞാൻ കുളിച്ചു. കാബോർഡിൽ കൈയ്യിട്ട് ചുകന്ന ജുബ്ബയും കറുത്ത കോട്ടൺ പാന്റുമെടുത്തത്തിന് ശേഷം ദീപ ടീച്ചറെ വിളിക്കാനായി ഞാൻ ഫോൺ തിരഞ്ഞു. കുറിച്ച് തന്ന നമ്പറിലേക്ക് ഡയൽ ചെയ്തപ്പോൾ ദയവായി റീച്ചാർജ് ചെയ്യുകയെന്ന് ഒരു പെണ്ണ് പറഞ്ഞു. അറിഞ്ഞതേയില്ല! ഫോൺ റീച്ചാർജ് ചെയ്യണമെന്ന് ശ്രദ്ധിച്ചതേയില്ല! ഇനിയെന്ത് ചെയ്യുമെന്ന് ഓർത്ത് അൽപ്പനേരം ഞാൻ കട്ടിലിൽ തന്നെയിരുന്നു.

ഒടുവിൽ ഞാനൊരു തീരുമാനത്തിൽ എത്തുകയായിരുന്നു. എന്റെ പേരിൽ ദീപ ടീച്ചർക്കൊരു മാനഹാനി ഉണ്ടാകരുത്. അങ്ങനെയാണ് തലേ ദിവസം ധരിച്ച അതേ ചന്ദന നിറത്തിലുള്ള ജുബ്ബയിലും വെളുത്ത പാന്റിലും സുഗന്ധം പുരട്ടി ഞാൻ ഉടുത്തത്. ഒരിക്കലും, മുഷിഞ്ഞ വേഷത്തിൽ ടീച്ചർ വരില്ല. നിറങ്ങൾ മനുഷ്യരുടെ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം ചെറുതല്ലായെന്ന തോന്നലുകൾ ചവച്ച് ഞാൻ സ്കൂളിലേക്കിറങ്ങി…

എത്തുമ്പോൾ അസംബ്ലി തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. വൈകാതെ ദീപ ടീച്ചറും വന്നു. സ്കൂൾ ഗേറ്റിൽ നിന്നും ധൃതിയിൽ നടന്നുവരുന്ന ടീച്ചറെ കണ്ടപ്പോൾ എന്റെ കണ്ണുകളെ ഞാൻ കൂർപ്പിച്ചു. കാഴ്ച്ചയിൽ കുത്തിയത് ദീപ ടീച്ചർ തലേന്നാൾ ഉടുത്ത അതേ വെള്ള ഞൊറികളുള്ള ചന്ദനസാരിയായിരുന്നു.

വേണ്ടായെന്ന് വെക്കുന്തോറും നിറങ്ങൾ ഞങ്ങളെ കൂട്ടിക്കെട്ടുകയാണോയെന്ന് വരെ ഞാൻ സംശയിച്ചു. ആ സന്തോഷത്തിന്റെ കൂടെ ദീപ ടീച്ചറുടെ മാനസികാവസ്ഥയിലും എനിക്ക് ദുഃഖവും തോന്നിയിരുന്നു. ഇനിയേത് നാടകീയ രംഗമാണ് തുടർന്നും അരങ്ങേറാൻ പോകുന്നതെന്ന് ഊഹിച്ച് വെറുതേ ഞാൻ കൈകെട്ടി നിന്നു.

അസംബ്ലി പിരിഞ്ഞു. ക്ലാസുകൾ തുടങ്ങും മുമ്പേ പ്രിൻസിപ്പാൾ ഞങ്ങളെ വീണ്ടും വിളിപ്പിച്ചു. ഫോണിൽ ബാലൻസ് ഇല്ലാത്തത് കൊണ്ടാണ് അറിയിക്കാൻ പറ്റാതിരുന്നതെന്ന് പറയാൻ ദീപ ടീച്ചർ എനിക്ക് മുഖം തന്നതേയില്ല.

‘എന്തു ഭാവിച്ചാണ് നിങ്ങൾ രണ്ടുപേരും..?’

പ്രിൻസിപ്പാൾ ചോദിച്ചു. ഞങ്ങൾ പരസ്പരം വെറുതേയൊന്ന് നോക്കി. വീണ്ടും ശകാരമേൽക്കാൻ എനിക്ക് തോന്നാത്തതുകൊണ്ട് ഒരു ഭാവവുമില്ലെന്ന് ഞാൻ പറഞ്ഞു.

‘ഉണ്ട് മാഡം..!’

താഴ്ന്നിരുന്ന ദീപ ടീച്ചറുടെ തല, അതു പറയാൻ പെട്ടന്നാണ് ഉയർന്നത്. താനും മാഷും ഈ വർഷം വിവാഹിതരാകാൻ പോകുന്നവരാണെന്ന് പറയുമ്പോൾ ഒരു തരി ലജ്ജപോലും ടീച്ചറുടെ മുഖത്ത് ഉണ്ടായിരുന്നില്ല. എല്ലാവരേയും അറിയിക്കാൻ കല്ല്യാണക്കത്തിനായി ഞങ്ങൾ കാത്തിരിക്കുകയാണ് പോലും! ദീപ ടീച്ചറുടെ ആ പുതിയ ഭാവം എന്നോട് പതിയേ ചിരിച്ചു. ആണോ മാഷേയെന്ന് അതിശയത്തോടെ പ്രിൻസിപ്പാൾ ചോദിച്ചപ്പോൾ അതേയെന്ന് രണ്ടുവട്ടം ഞാൻ പറയുകയായിരുന്നു…!!!

Related Posts

Leave a Reply

Your email address will not be published. Required fields are marked *