അല്ലെങ്കിൽ തന്നെ അവൾക്കെന്നാ പൈസയ്ക്ക് ആവശ്യമില്ലാത്തത്. എല്ലാ മാസവും ഓരോ ആവശ്യവും പറഞ്ഞോണ്ട് വന്നോളും ഉളുപ്പില്ലാതെ. അതിനൊത്തു തുള്ളാൻ അമ്മയും……

എഴുത്ത്:-ശിവ

“മോനെ… ഹേമയ്ക്ക് കുറച്ച് കാശിന് ആവശ്യമുണ്ടെന്ന് പറഞ്ഞു. ഈ മാസം പൈസ അയക്കുമ്പോൾ നീ കുറച്ച് കൂടുതൽ അയക്കണേ.”

“അമ്മ ഇത് പറയാനാണോ ഇത്ര അത്യാവശ്യപ്പെട്ട് വിളിച്ചത്.”

“പിന്നെ ഇത് അത്യാവശ്യമുള്ള കാര്യമല്ലേ. നിന്റെ ഒരേയൊരു പെങ്ങളല്ലേ അവൾ. അവൾക്ക് കാശിനു ആവശ്യം വന്നാൽ നമ്മളോട് അല്ലാതെ ആരോടാ ചോദിക്കാ.”

“അല്ലെങ്കിൽ തന്നെ അവൾക്കെന്നാ പൈസയ്ക്ക് ആവശ്യമില്ലാത്തത്. എല്ലാ മാസവും ഓരോ ആവശ്യവും പറഞ്ഞോണ്ട് വന്നോളും ഉളുപ്പില്ലാതെ. അതിനൊത്തു തുള്ളാൻ അമ്മയും.”

“നീയിങ്ങനെയൊന്നും സംസാരിക്കരുത് സുധി. നീ പറയുന്നതൊക്കെ ഹേമയും കേൾക്കുന്നുണ്ടേ.”

“അവള് കൂടെയുണ്ടാവുമെന്ന് ഞാൻ ഊഹിച്ചു. അമ്മയെകൊണ്ട് ഓരോന്ന് പറയിപ്പിക്കുന്നത് തന്നെ അവളാണല്ലോ. ഹേമയ്ക്ക് പൈസയ്ക്ക് ആവശ്യ മുണ്ടെങ്കിൽ അവളോട് വല്ല ജോലിക്കും പോകാൻ പറയ്യ്. പിജി വരെ പഠിച്ചതല്ലേ അവള്. വെറുതെ എന്റെ കാശ് കുറേ കളയാൻ വേണ്ടിയാണോ ഹേമ ഇത് പഠിക്കാൻ പോയത്. ജോലിക്ക് പോകാതെ വീട്ടിലിരിക്കാൻ ആണെങ്കിൽ പ്ലസ്‌ ടു കഴിഞ്ഞപ്പോൾ ഹേമയ്ക്ക് പഠിപ്പ് നിർത്തമായിരുന്നില്ലേ.

ആയിരോ രണ്ടായിരോ ഒക്കെയാണ് ചോദിക്കുന്നതെങ്കി പോട്ടെന്നു വയ്ക്കാ മായിരുന്നു. ഇതിപ്പോ അങ്ങനെയാണോ പതിനായിരം ഇരുപതിനായിര മൊക്കെയല്ലേ അവള് ചോദിക്കുന്നത്.”

“എപ്പഴും എപ്പഴും ഭർത്താവിനോട് കൈ നീട്ടാൻ മടിച്ചല്ലേ അവള് നിന്നോട് ചോദിക്കണേ.”

“വെറുതെ വീട്ടിലിരിക്കുന്ന ഇവൾക്ക് എന്ത് ചിലവാ. കൂട്ടുകാർക്കും ബന്ധുക്കൾക്കും മുന്നിൽ ആഡംബരം കാണിക്കാനും ബ്യൂട്ടി പാർലറിൽ പോയി മുഖം മിനുക്കാനൊക്കെ അല്ലെ ഇവൾക്ക് പൈസ. ഇനിയെന്റെ കൈയ്യിൽ ഇങ്ങനെ പാഴ് ചിലവിനു തരാൻ പൈസയില്ല. എനിക്കിവിടെ പണം കായ്ക്കുന്ന മരമൊന്നുമില്ല. പൊരി വെയിലത്തു കിടന്ന് കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന കാശാ.”

“എന്റെ ആവശ്യങ്ങളൊക്കെ ചേട്ടനിപ്പോ അനാവശ്യമായല്ലേ. ഞാൻ ജോലിക്ക് പോകുന്നത് വിനുവേട്ടന്റെ അമ്മയ്ക്ക് ഇഷ്ടമില്ലാത്തത് കൊണ്ടല്ലേ ഞാൻ പോവാത്തത്. വെറുതെ വീട്ടിലിരിക്കുന്നെന്ന് പറഞ്ഞ് എനിക്കും ഉണ്ടാവില്ലേ ആഗ്രഹങ്ങളും മോഹങ്ങളും. അതൊക്കെ സാധിച്ചു തരാൻ ചേട്ടനല്ലേ ഉള്ളു എനിക്ക്. വിനുവേട്ടനോട് പൈസ ചോദിച്ച ഏട്ടന്റെ അമ്മ പറയുന്നത് നിന്റെ ആങ്ങള ഒരുത്തൻ ദുബായ് ഇല്ലേ അവനോട് ചോദിക്ക് പൈസയെന്നാ. പിന്നെ ഞാനെന്ത് വേണം ചേട്ടാ.” സരോജിനി അമ്മയുടെ കയ്യിൽ നിന്ന് മൊബൈൽ പിടിച്ചു വാങ്ങി ഹേമ പരാതികളുടെ കെട്ടഴിച്ചു.

“നിന്റെ പൂങ്കണ്ണീരും നുണ കഥയൊന്നും എനിക്ക് കേൾക്കണ്ട. നിന്നെ പഠിപ്പിക്കാനും കെട്ടിച്ചു വിടാനുമൊക്കെ ഞാൻ കുറേ കഷ്ടപ്പെട്ട് കടത്തിൽ മുങ്ങി താഴ്ന്നു പോയതാ. അതിൽ നിന്ന് കര കേറാനാ നാട് വിട്ട് പോരേണ്ടി വന്നത്. എനിക്കെന്റെ കാര്യം മാത്രം നോക്കിയാൽ മതിയാരുന്നെങ്കിൽ ഇങ്ങോട്ട് വരേണ്ടി വരില്ലായിരുന്നു. അച്ഛനില്ലാത്ത കുറവ് അറിയിക്കേണ്ടെന്ന് കരുതി ഇരുന്നപ്പോ നീയെന്നെ മുടുപ്പിക്കാൻ നോക്കുവാണോ.

നാളെ എനിക്കും ഒരു പെണ്ണ് കെട്ടണം. അവൾടേം പിള്ളേരേം കാര്യങ്ങളൊക്കെ നോക്കേണ്ടി വരും. അമ്മയ്‌ക്കൊരു അസുഖം വന്നാൽ ഞാൻ തന്നെ ചിലവാക്കണം. ഇതിനിടയിൽ നിന്നെ കൂടി ചുമക്കാൻ എനിക്ക് വയ്യ. ആവശ്യത്തിന് വിദ്യാഭ്യാസവും ആരോഗ്യവും ഉണ്ടല്ലോ നിനക്ക്. വല്ല ജോലിക്കും പൊയ്ക്കൂടേ. അല്ലാതെ അമ്മായി അമ്മ വിട്ടില്ലെന്ന് മുട്ടാപോക്ക് ന്യായം പറഞ്ഞ് നിൽക്കാൻ നാണമില്ലേ. അവര് നിന്നെ ജോലിക്ക് വീട്ടില്ലെങ്കിൽ നമ്മുടെ വീട്ടിൽ വന്ന് നിന്നോ. വിനുവിനോട് ഞാൻ പറഞ്ഞോളാം. നീ ജോലിക്ക് പോയി നിന്റെ കാര്യം നോക്ക്. അല്ലാതെ നീ ചോദിക്കുമ്പോൾ ചോദിക്കുമ്പോൾ തരാൻ എന്റെ കൈയ്യിൽ പൈസ വേണ്ടേ. കടങ്ങളൊക്കെ ഒന്ന് ഒതുക്കിയിട്ട് എനിക്ക് തിരിച്ചു നാട്ടിൽ തന്നെ വന്ന് നിൽക്കാനുള്ളതാ.”

അനിയത്തിയുടെ മറുപടി കേൾക്കാൻ നിൽക്കാതെ സുധി കാൾ കട്ടാക്കി.

“ഈ ചേട്ടനിത് എന്ത് പറ്റി അമ്മേ. എനിക്ക് എന്തെങ്കിലും വേണോങ്കി നിങ്ങളല്ലേ ഉള്ളു. വിനുവേട്ടനോട് എന്ത് ചോദിച്ചാലും അമ്മയുടെ കൂടെ അനുവാദം ഉണ്ടെങ്കിലേ വാങ്ങി തരൂ. വാശി പിടിച്ചാൽ നിന്റെ വീട്ടിൽ പോയി പറയടി എന്നാ ഡയലോഗ്. ഇന്നത്തെ കാലത്ത് ബ്യൂട്ടി പാർലറിൽ പോകാത്ത ഇഷ്ടപ്പെട്ട ഡ്രസ്സ്‌ എടുക്കാത്ത ഏത് പെണ്ണാ ഉള്ളത്.”

“നീ വിഷമിക്കണ്ട മോളെ. അവൻ പൈസ അയക്കുമ്പോൾ അതീന്നു കുറച്ചെടുത്തു ഞാൻ തരാം.” സരോജിനി മകളെ സമാധാനിപ്പിച്ചു.

******************

“എന്തായി അളിയാ… ഹേമയോട് നീ പറഞ്ഞോ.” ദുബായിൽ ഉള്ള അളിയനെ വിളിച്ചു വിശേഷം ചോദിക്കയാണ് ഹേമയുടെ ഭർത്താവ് വിനു.

“എന്റെ വിനു… എന്റെ പെങ്ങള് എന്നെ ചില്ലറയൊന്നുമല്ല ബുദ്ധിമുട്ടിച്ചത്. നിന്റെ അമ്മ അവളെ ജോലിക്ക് വിടില്ലെന്നും നീ പൈസ ചോദിച്ച കൊടുക്കില്ലന്നൊക്കെ പറഞ്ഞ് എന്തോരം കരഞ്ഞു നാടകം കാണിച്ചിട്ടുണ്ടെന്ന് അറിയോ. അവളുടെ ഇഷ്ടത്തിനു തുള്ളാൻ അമ്മയും.”

“അളിയാ അവള് ജോലിക്ക് പോകുന്നതിൽ ഇവിടെ ആർക്കും ഇഷ്ടക്കേട് ഒന്നുമില്ല. ഹേമയ്ക്ക് മടിയാണ്. അതിന് ഇല്ലാത്ത കാര്യങ്ങൾ പറയാൻ പാടുണ്ടോ. അവൾടെ ആവശ്യങ്ങൾ അനാവശ്യമാണെന്ന് തോന്നിയ ശേഷമാ ഞാനും അമ്മയുമൊന്നും അവൾ ചോദിക്കുമ്പോൾ കാശ് കൊടുക്കാത്തത്. സ്വന്തമായി അധ്വാനിച്ചു ഉണ്ടാക്കിയാലേ പൈസേടെ വില അവളാറിയൂ. അത് അറിയാത്തോണ്ടാ ഇങ്ങനെ ഓരോന്ന് കാട്ടുന്നെ.”

“എന്തായാലും ഹേമയ്ക്ക് കാശ് കൊടുക്കരുതെന്ന് വിനു വിളിച്ചു പറഞ്ഞോണ്ട് അവളെ കള്ളത്തരം എനിക്ക് മനസ്സിലായി. ഞാൻ നല്ലോണം കൊടുത്തിട്ടുണ്ട് അവൾക്”

“അത് നന്നായി… ഇനിയെങ്കിലും ഏതെങ്കിലും ജോലിക്ക് പോട്ടെ. ഇത്രേം പഠിച്ചിട്ട് വീട്ടിലിരിക്കാൻ ഞാൻ സമ്മതിക്കില്ല.”

“വിനുവിനെ പോലെയൊരു അളിയനെ കിട്ടിയത് എന്റെ ഭാഗ്യം.”

സുധിയും വിനുവും ചിരിച്ചു.

അച്ഛന്റെ മരണ ശേഷം കുടുംബം ഏറ്റെടുത്തത് സുധിയാണ്. പെങ്ങളെ നന്നായി പഠിപ്പിച്ചു കെട്ടിച്ചു വിട്ട് കടത്തിൽ മുങ്ങിയപ്പോ ദുബായ്ക്ക് പോയി കഷ്ടപ്പെടാൻ തുടങ്ങിയതാണ് അവൻ. പിജി വരെ പഠിച്ചിട്ടും ഒരു ജോലിക്കും പോകാതെ വീട്ടിലിരിപ്പാണ് ഹേമ. ഭർത്താവ് ചിലവിനു കാശ് കൊടുക്കതായപ്പോ സുധിയെ അവൾ ബുദ്ധിമുട്ടിക്കാൻ തുടങ്ങി. കഷ്ടപ്പാട് അറിയിക്കാതെ അവളെ കൊഞ്ചിച്ചു വളർത്തിയത് കൊണ്ടാണ് ഹേമ കുഴി മടിച്ചി ആയിപ്പോയത്.

ആദ്യമൊക്കെ ഹേമ എന്ത് ആവശ്യത്തിന് പൈസ ചോദിച്ചാലും സുധി കൊടുക്കാമായിരുന്നു. ആങ്ങളയെ ഊറ്റുന്നത് പെങ്ങൾക്കും ഹോബിയായി മാറി. അവളോട് ജോലിക്ക് പോകാൻ പറഞ്ഞാൽ അമ്മായി അമ്മ സമ്മതിക്കില്ല എന്ന് പറയും.

അവൾക്കിങ്ങനെ ദൂർത്തടിക്കാൻ കാശ് കൊടുക്കരുതെന്ന് പറയാൻ സുധിയെ വിനു വിളിച്ചപ്പോഴാണ് പെങ്ങളെ മടിയും കള്ളത്തരവും അവനറിയുന്നത്. വിനുവിന് പകരം വേറെ വല്ല അളിയന്മാരും ആയിരുന്നെങ്കിൽ തന്നെ പിച്ച ചട്ടി എടുപ്പിച്ചേനെ എന്നവന് തോന്നി.

എന്തായലും സുധി പൈസ കൊടുക്കാതായപ്പോൾ ഹേമ നന്നായി തുടങ്ങി. സ്വന്തം കാര്യത്തിന് മറ്റുള്ളവരെ മുന്നിൽ കൈനീട്ടുന്നതിന്റെ നാണക്കേട് അവൾക്ക് ബോധ്യമായി. അങ്ങനെ സ്വന്തമായി തന്നെ ഒരു ജോലി കണ്ട് പിടിച്ചു ഹേമ പോകാൻ തുടങ്ങി. അധ്വാനിച്ചു കാശുണ്ടാക്കാൻ തുടങ്ങിയതോടെ അവളുടെ ദൂർത്തും നിന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *