അല്ലേലും ഈ നാല്പതു ആവാറാകുമ്പോ പെണ്ണുങ്ങൾക്കൊക്കെ കെട്ടിയോനെ മടുക്കും. പിന്നെ ചെറുപ്പക്കാര് പിള്ളേരെ മതി. നിനക്കും അങ്ങനെ…..

അവളെന്റെ ഭാര്യയാണ്

Story written by Murali Ramachandran

ഈ ഓട്ടോക്കാരന്റെ മുന്നിൽ വെച്ചാണ് അവളെന്റെ ചെകിട് തീർത്തു ഒരു അടി തന്നത്. പെട്ടെന്നുള്ള അടിയായതുകൊണ്ട് തടുക്കാൻ എനിക്കായില്ല. ദേഷ്യം വന്നെങ്കിലും അവളെ തിരിച്ചു അടിക്കാൻ ഞാൻ കൈ ഓങ്ങിയുമില്ല. പല്ലു കടിച്ചു കൊണ്ട് നിസ്സഹായനായി അവർക്ക് മുന്നിൽ നിന്നു. ഓട്ടോക്കാരൻ ഞങ്ങളെ പരസ്പരം നോക്കിയെങ്കിലും അവളുടെ ദേഷ്യത്തിന് മുന്നിൽ അയാൾ ഒന്നും മിണ്ടിയില്ല. അവൾ ഉടനെ ഓട്ടോയിലേക്ക് കയറി, കൂടെ ഞാനും. ഒന്നും മനസിലാക്കാതെ ഓട്ടോ മുന്നോട്ടേക്ക് എടുത്തു.

“അല്ലേലും ഈ നാല്പതു ആവാറാകുമ്പോ പെണ്ണുങ്ങൾക്കൊക്കെ കെട്ടിയോനെ മടുക്കും. പിന്നെ, ചെറുപ്പക്കാര് പിള്ളേരെ മതി. നിനക്കും അങ്ങനെയാരേലും ഉണ്ടോടി പെണ്ണേ..?”

അന്ന് കിടക്കയിൽ നിന്നും എഴുന്നേൽക്കുമ്പോളാണ് ഞാൻ അത് തമാശയോടെ അവളോട്‌ ചോദിച്ചത്. മുടി വാരികെട്ടി രേവതി പറഞ്ഞു.

“മ്മ്മ്മ്.. എങ്കിലെ ഉണ്ടെന്ന് കൂട്ടിക്കൊ, നിങ്ങളൊന്നു പോയേ മനുഷ്യാ..” പെട്ടെന്നു ആയിരുന്നു ആ മറുപടി. ഒരു പ്രത്യേക നോട്ടവും നോക്കിയെച്ചു അവൾ കട്ടിലിൽ നിന്നും എഴുന്നേറ്റു മുറിക്കു പുറത്തേക്ക് ഇറങ്ങി. ആ രാത്രി ഞാൻ ഉറങ്ങിയിട്ടില്ല, പിന്നീടുള്ള രാത്രികളും..

സൗമ്യമോൾക്ക് പ്ലസ് വൺ പരീക്ഷയായത് കൊണ്ടു മോൾടെ ഒപ്പമാണ് രേവതിയുടെ പിന്നീടുള്ള കിടപ്പ്. അതിരാവിലെ മോളെ ഉണർത്തുന്നതും പഠിപ്പിക്കുന്നതും രേവതിയാണ്. അപ്പോഴും ഞാൻ ഈ മുറിയിൽ ഒറ്റയ്ക്ക് കിടക്കും, ഉറക്കം നടിച്ചുള്ളൊരു കിടപ്പ്. ശബ്‌ദിച്ചുകൊണ്ട് എനിക്ക് മീതെയുള്ള ഫാൻ വേഗത്തിൽ കറങ്ങുമ്പോൾ എന്റെ ചിന്തകളും അതിനൊപ്പം കറങ്ങി. അവളുടെ ആ മറുപടിയുടെ ആഴങ്ങളിലേക്ക് ഞാൻ കൂടുതൽ കടന്നു ചിന്തിച്ചു. നാല്പത് കഴിഞ്ഞ എന്നെ അവൾക്ക് മതിയാവാതെ ആയോ..? പഴയപോലെ ഒന്നും ശരിയാവുന്നില്ല എന്ന് അവൾക്കും തോന്നിക്കാണുമോ..? ഞാൻ കൂടുതൽ ക്കൂടുതൽ ചിന്തകളിലേക്ക് മുഴുകി.

പരീക്ഷയുടെ ആ പതിനഞ്ചു ദിവസങ്ങളിൽ ഞാൻ പാതിമാത്രമാണ് ഉറങ്ങി യിട്ടുള്ളത്. മോൾടെ വെക്കേഷൻ തുടങ്ങിയതും ഒരാഴ്ച രേവതിയുടെ വീട്ടിലേക്ക് അവളെ അയച്ചു. പിന്നീട് ഞങ്ങള് രണ്ടാളും ഈ വീട്ടിൽ തനിച്ചായി. പഴയപോലെ രേവതിയോട് ഒന്നു മിണ്ടാനോ.. ഒപ്പം കിടക്കാനോ എനിക്ക് മനസ് വന്നില്ല. എല്ലാം മനസില്ലാമനസോടെ മാത്രമായി മാറി. ഓരോ തവണയും ഞാൻ ആളിൽ നിന്നും അകലാൻ തുടങ്ങി. അത് വാക്കിലും നോക്കിലും പ്രവർത്തിയിലും എന്നിൽ പ്രതിഭലിക്കുന്നതായി അവൾക്ക് തോന്നിക്കാണും..

ഇന്നു പതിവില്ലാതെ ഒരാളെ കൂട്ടികൊണ്ടു ഞാൻ വീട്ടിലേക്ക് ചെന്നു. എന്റെ കൂടെ ജോലി ചെയ്യുന്ന ഒരു ചെറുപ്പക്കാരൻ പയ്യൻ. അവനോട് ഞാൻ ഒന്നും തന്നെ പറഞ്ഞിരുന്നില്ല. ഞങ്ങളെ കണ്ടതും രേവതി ഉടനെ കട്ടൻ ചായ എടുക്കാനായി അടുക്കളയിലേക്ക് ചെന്നു, ഞാനും അവളുടെ കൂടെ ചെന്നു.

“എടി.. അതുപിന്നെ.. എനിക്കെങ്ങനെ പറയണം എന്നറിയില്ല. ദേ.. ആ വന്നേക്കുന്ന പയ്യനെ നിനക്ക് പറ്റുവായിരിക്കുവോ..?”

“എന്ത്..? നിങ്ങളെന്താ പറയുന്നേ.. എനിക്ക് മനസിലായില്ല.”

“അത്, അതുപിന്നെ.. നീയന്നു പറഞ്ഞില്ലേ ചെറുപ്പക്കാര് പിള്ളേര് മതിയെന്ന്. കൂടെ കിടക്കാൻ..”

ഞാൻ അത് പറഞ്ഞു തീരും മുൻപേ തിളച്ചുകൊണ്ടിരുന്ന ചൂട് വെള്ളം കൈയിൽ എടുത്തിട്ട്..

“പ്ഫാ.. തോന്നിവാസം പറയുന്നോ.. തിളച്ച വെള്ളവാ എന്റെ കൈയില്, കെട്ടിയോനാണെന്നൊന്നും ഞാൻ നോക്കത്തില്ല. എടുത്തു മുഖത്തേക്ക് ഒഴിക്കും. നിങ്ങൾക്ക് എങ്ങനെ തോന്നി എന്നോടിത് ചോദിക്കാൻ..? കൂടെ വന്നേക്കുന്നത് ഏതവനാണേലും ഇപ്പോ ഇറങ്ങിക്കോണം ഈ വീട്ടീന്ന്.. ഇല്ലേൽ ഞാൻ ഇറങ്ങും. കൊള്ളാല്ലോ നിങ്ങടെ മനസിലിരിപ്പ്, എനിക്ക് ആവാമെങ്കില് പണ്ടേക്കുപണ്ടേ ആവാരുന്നു. നിങ്ങള് എന്നെ കൂട്ടികൊടുക്കേണ്ട ആവശ്യമൊന്നുമില്ല. കണ്ട വേശ്യപ്പെണ്ണിനോട് സംസാരിക്കുന്നപോലെ എന്നോട് സംസാരിക്കരുത്, ഞാൻ പറഞ്ഞേക്കാം..!”

അവളുടെ ആ ശബ്ദം വീടു ഒട്ടാകെ മുഴങ്ങി കേട്ടു. പേടിച്ച് അരണ്ട ഞാൻ കൂടുതൽ സംസാരിക്കാൻ നിൽക്കാതെ തിരിഞ്ഞതും ആ ചെറുപ്പക്കാരൻ പുറത്തേക്കു ഇറങ്ങി നടന്നു. ഏറെ നേരം വീട്ടിൽ മൗനത്തോടെ ഒരു അന്തരീഷം പരന്നു. എനിക്ക് അവളോട്‌ എന്ത് പറയണമെന്നോ, സംസാരിക്കണമെന്നോ അറിയാതെ പോയി. പറഞ്ഞത് തെറ്റാണ്, ഏറ്റവും വലിയ തെറ്റ്. ഞാൻ അവളോട്‌ പറയാൻ പാടില്ലായിരുന്നു. പറയാൻ അല്ല, അങ്ങനെ ഒരിക്കലും ചിന്തിക്കാനും പാടില്ല. അതും എന്റെ ഭാര്യയെകുറിച്ചു. ഞാൻ എന്താ ഇങ്ങനെ..? എന്റെ തലയിൽ എന്തോ ഒരു ഭ്രാന്ത് ഇരച്ചു കയറിയപോലെ..

ഉടനെ ഒരു സാരി ഉടുത്തിട്ട് അവൾ എന്നെ ഒന്നു തീവ്രമായി തുറിച്ചു നോക്കി യെച്ചും പുറത്തേക്ക് ഇറങ്ങി. എവിടേക്കാണെന്നോ.. എങ്ങോട്ടേക്കാണെന്നോ.. ചോദിക്കാനുള്ള അവകാശം എന്നിൽ നിന്നും ചോർന്നുപോയ ഒരു വാടക ക്കാരനായി ഞാനപ്പോൾ മാറി. കുറച്ചു നേരം കഴിഞ്ഞതും ഞാൻ ചിന്തിച്ചു. ഇങ്ങനെ ഇരുന്നാൽ ശരിയാവില്ല. അവളെ വിളിക്കണം, അവളോട്‌ സംസാരിക്കണം. അവൾ എങ്ങോട്ടാണ് പോയത്..? പിന്നീട് ഒന്നും നോക്കാതെ

ഞാനും വീടു പൂട്ടി ഇറങ്ങി. തെറ്റ് എന്റേതാണെല്ലോ..? കണ്ണിൽ കണ്ട ഒരു ഓട്ടോക്ക് ഞാനാദ്യം കൈ നീട്ടി. പ്രതീക്ഷിച്ചപോലെ ആ ബസ് സ്റ്റോപ്പിലേക്ക് ലക്ഷ്യം വെച്ചതും രേവതി അവിടെ നിൽപ്പുണ്ടായിരുന്നു. അവൾ ആരോടോ ഫോണിൽ സംസാരിക്കുന്നുമുണ്ട്. ഞാൻ അവൾ മുന്നിൽ നിർത്താൻ ഓട്ടോകാരനോട് ആവിശ്യപ്പെട്ടു. പിന്നെ കിട്ടിയ ആ അടിയും വാങ്ങി ഞാൻ അവൾക്കൊപ്പം ഈ നിമിഷം വരെ ഓട്ടോയിൽ ഇരിപ്പാണ്. ഇതുവരെ ഒന്നു മിണ്ടാൻ പോലും ആവാതെ.. ഓട്ടോ വീടിന് മുന്നിലേക്ക് ചെല്ലുമ്പോൾ സൗമ്യമോൾ ബാഗുമായി നിൽക്കുന്നത് ഞാൻ കണ്ടു.

“ഞാൻ എത്രനേരായി ഇവിടെ വന്നിട്ട്..? വീടുപൂട്ടി അമ്മയുമച്ഛനും എങ്ങോട്ടാ പോയേ..? അമ്മയുടെ ഫോണിലേക്ക് ഞാനെത്ര തവണ വിളിച്ചു.”

ഓട്ടോയിൽ നിന്നും ഞങ്ങൾ ഇറങ്ങുമ്പോൾ രേവതി സൗമ്യക്ക് മറുപടി കൊടുക്കാതെ കൂടുതൽ ദേഷ്യത്തോടെ എന്നെ വീണ്ടും ഒന്നു നോക്കി. ഒരു അടികൂടെ കിട്ടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നതിനു ഇടയിൽ എന്റെ കൈയ്യിൽ ഇരുന്ന താക്കോൽ ഉടനെ സൗമ്യ പിടിച്ചു വാങ്ങിയിട്ട് പറഞ്ഞു.

“എനിക്ക് വിശക്കുന്നു. നോക്കിനിൽക്കാതെ അച്ഛനാ താക്കോലിങ് താ..”

ഓട്ടോക്കാരൻ ഓട്ടോയിൽ നിന്നും ഇറങ്ങിയിട്ട് ഉടനെ എന്നോട് പറഞ്ഞു.

“സാറെ.. നൂറ്റി അമ്പത് രൂപയായി.”

കാശ് എണ്ണി അയാൾക്ക് കൊടുത്തതും അയാൾ വീണ്ടും ചോദിച്ചു.

“അത്.. സാറിന്റെ ഭാര്യയാണെല്ലെ..?”

“മ്മ്.. അതെ.. എന്റെ ഭാര്യയാണ്..!”

എന്റെ ആ മറുപടിയിൽ എനിക്കുള്ള ഒരു തിരിച്ചറിവായിരുന്നു. എനിക്ക് എന്നിൽ നിന്നും നഷ്ടമായ ഒരു തിരിച്ചറിവ്. അത് എവിടെ വെച്ചാണെന്നോ.. എപ്പോഴാണെന്നോ അറിയാതെ പോയ ഒന്നു. അതെ, അവളെന്റെ ഭാര്യയായിരുന്നു..!

Related Posts

Leave a Reply

Your email address will not be published. Required fields are marked *