എഴുത്ത്:-ശ്രീജിത്ത് ഇരവിൽ തെരുവ് കാഥികൻ
രണ്ട് വർഷമായി വീട്ടിൽ നിന്ന് പുറത്തിറങ്ങിയിട്ട്. ഈ കാരണവും പറഞ്ഞാണ് ഭാര്യ പിണങ്ങിപ്പോയത്. ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന മോനും ഈയിടെയായി ഇങ്ങോട്ട് വരാറില്ല. അപ്പോൾ എങ്ങനെയാണ് തീറ്റയും കുടിയുമെല്ലാം നടക്കുന്നതെന്ന് ചിന്തിക്കുന്നുണ്ടാകുമല്ലേ…
‘നമ്മടെ ചന്ദ്രികയുടെ ചെക്കനില്ലേ… സാധനങ്ങളൊക്കെ കിട്ടുന്നത് അങ്ങനെയാണ്…. ചന്ദ്രികയും അവിടെ തന്നെയാണെന്നാണ് കേൾക്കുന്നത്…’
പുറത്തുള്ള സംസാരം ഇങ്ങനെ ആയിരിക്കും. പാതി ശരിയാണ്. ചന്ദ്രികയുടെ ചെറുക്കൻ തന്നെയാണ് എന്റെ സഹായി. അല്ലാതെ നാട്ടുകാര് ഈ പറയുന്നത് പോലെ അവളുമായി എനിക്ക് യാതൊരു ബന്ധവുമില്ല. അത്തരത്തിൽ ഇടപെടാനുള്ള വിശ്വാസം ഇല്ലെന്നതാണ് സത്യം. ആ ചെറുക്കനെ തന്നെ സംശയത്തോടെയാണ് ഞാൻ നോക്കുന്നത്. ആപത്ത് ഏത് വിധത്തിലാണ് വരുകയെന്നത് അറിയില്ലല്ലോ…
‘അല്ല മനുഷ്യാ… ഞാൻ നിങ്ങടെ ഭാര്യയല്ലേ… ഒരുമിച്ച് കിടന്നാൽ എന്തായിത്ര കുഴപ്പം? മോൻ വളർന്നപ്പോൾ നിങ്ങൾക്കെന്നെ വേണ്ടാതായോ…?’
എനിക്ക് മറുപടി ഉണ്ടായിരുന്നില്ല. ഇഷ്ടക്കുറവ് കൊണ്ടായിരുന്നില്ല. എന്നാലും ചെറിയയൊരു ഭയം! മനുഷ്യരാണ്! മനസ്സുകൾ എത്തരത്തിലൊക്കെ മാറുമെന്നത് ആർക്കും പ്രവചിക്കാൻ സാധിക്കില്ല. മുൻകാല ഓർമ്മകൾ ചികഞ്ഞ് ഭാര്യയെന്നെ അപായപ്പെടുത്തുമോയെന്ന് ഞാൻ ഭയക്കുന്നു. എതിരാളിയെ ഉറക്കത്തിൽ കിട്ടുന്നത് ശത്രുവിന്റെ ഭാഗ്യമാണല്ലോ…
‘ഞാനതിൽ വിഷമൊന്നും കലക്കിയിട്ടില്ല… ഞാനെത്രയായി പറയുന്നു… നമുക്കൊരു ഡോക്റ്ററെ കാണിക്കാം.’
അന്ന്, ഞാൻ ഞെട്ടിപ്പോയി. ഇത്ര കൃത്യമായി എന്റെ ചിന്തയെ ഭാര്യ കണ്ട് പിടിച്ചിരിക്കുന്നു. കഴിക്കാൻ തുടങ്ങും മുമ്പേ മണത്ത് നോക്കിയ ഭക്ഷണം രണ്ടും കൽപ്പിച്ച് ഞാൻ തിന്ന് തുടങ്ങി. ഭാഗ്യം! മരിച്ചില്ല. അതുകൊണ്ട്, ഭ്രാന്ത് നിന്റെ അച്ഛനാണെന്നും, അയാളെ കൊണ്ട് ഡോക്റ്ററെ കാണിക്കെന്നും പറഞ്ഞ് ഞാൻ എഴുന്നേറ്റു. അവൾ ആകെ ചമ്മിപ്പോയി. പിറ്റേന്ന്, ഉണരുമ്പോഴേക്കും ഭാര്യ പോയിരുന്നു. മടുത്ത് കാണും. കുറച്ച് വർഷങ്ങളായി എന്റെ പെരുമാറ്റം ഇത്തരത്തിലാണല്ലോ…
എനിക്കാണെങ്കിൽ അവൾ അപായപ്പെടുത്തുമോയെന്ന സംശയം! അവൾക്കാണെങ്കിൽ ഞാൻ സംശയിക്കുന്നുവെന്ന പരിഭവം! രണ്ടായാലും വിശ്വാസമില്ലാത്ത മനുഷ്യരുടെ കൂടെ എങ്ങനെയാണല്ലേ കഴിയുക…!
‘നീ ഹോസ്റ്റലിൽ നിന്ന് തന്നെ പഠിച്ചാൽ മതി…’
ദിനവും പോയി വരാവുന്ന ദൂരമേ മകന്റെ കോളേജിലേക്കുള്ളൂ. എന്നിട്ടും ഹോസ്റ്റലിൽ നിന്ന് പഠിക്കാൻ അവനെ നിർബന്ധിക്കുകയായിരുന്നു. മകൻ ക്രിക്കറ്റൊക്കെ കളിക്കും. പണ്ട്, കളിക്കാൻ വിടാതിരുന്നതിന്റെ പകയെങ്ങാനും അവന്റെ ഉള്ളിലുണ്ടോയെന്ന് ഞാൻ സംശയിക്കുന്നു. ബാറ്റ് കൊണ്ടെങ്ങാനും എന്റെ തലക്കിട്ടൊന്ന് തരാൻ അവന് തോന്നിയാലോയെന്നും ഭയക്കുന്നുണ്ട്. നമ്മളെ, നമ്മൾ തന്നെ സൂക്ഷിക്കണം. അപകടപ്പെടാനുള്ള എല്ലാ സാഹചര്യങ്ങളേയും വീണ്ട് വിചാരത്തോടെ ഒഴിവാക്കണം.
‘അഞ്ഞൂറ് രൂപ തരാനുണ്ടാകുമോയെന്ന് അമ്മ ചോദിച്ചു….’
അന്ന് ചില്ലറ സാധനങ്ങളൊക്കെ വാങ്ങി ഗേറ്റിലേക്ക് വന്ന ചന്ദ്രികയുടെ മോൻ പറഞ്ഞതാണ്. ഗേറ്റിന് ഇപ്പുറത്തേക്ക് അവനെപ്പോലും ഞാൻ കയറ്റാറില്ല. അഞ്ഞൂറ് രൂപയല്ലേ… കൊടുത്തേക്കാമെന്ന് ഞാനും കരുതി.
അവൻ കൊണ്ട് വന്ന സഞ്ചിയിൽ നിന്ന് പച്ചക്കറികളെല്ലാം സസൂക്ഷ്മം നിരീക്ഷിച്ചാണ് ഞാൻ പുറത്തെടുത്ത് വെച്ചത്. സംശയകരമായി യാതൊന്നും കണ്ടില്ല. കേൾക്കുമ്പോൾ നിസ്സാരമാണെന്ന് തോന്നും. എന്റെ ആലവലാതി എനിക്കല്ലേ അറിയൂ… തക്കാളിയിലും, ക്യാബേജിലുമൊക്കെ സുഖമായി വിഷം നിറക്കാം. എന്നോട് വൈരാഗ്യമുള്ള ആരെങ്കിലും ചന്ദ്രികയുടെ ചെറുക്കനെ ഉപയോഗിക്കുമോയെന്ന് ഞാൻ ഭയപ്പെടുന്നു…
‘ഇന്നാ… പിന്നെ, ഇതൊരു ശീലമാക്കരുതെന്ന് അമ്മയോട് പറയണം… പണം കൊടുക്കുമ്പോഴും വാങ്ങുമ്പോഴും ശത്രുത വരാം…’
അഞ്ഞൂറ് രൂപ കൊടുക്കുമ്പോൾ ഞാൻ പറഞ്ഞതാണ്. അവന് കാര്യമായോന്നും മനസിലായില്ല. എന്നിട്ടും, പണം വാങ്ങുമ്പോൾ അവൻ തല കുലുക്കി. ചെറുക്കൻ എട്ടിലാണ് പഠിക്കുന്നത്. കണക്കൊക്കെ കിറുകൃത്യമാണ്. ഓരോ തവണയും കടയിൽ പോയി വരാൻ ഞാൻ കൊടുക്കുന്ന അമ്പത് രൂപയല്ലാതെ മറ്റൊന്നും അവൻ എടുക്കില്ല. കണക്കും, ബാക്കി പണവും സന്ദേഹമില്ലാതെ കൊണ്ടുവരും.
ഭാര്യ പിണങ്ങിപ്പോയ ആഴ്ച്ചയിൽ മാങ്ങ പെറുക്കാൻ വന്നതായിരുന്നു ചന്ദ്രികയുടെ ചെറുക്കൻ. ഞാൻ കയ്യോടെ പിടിച്ചു. ശേഷം, അവൻ എന്റെ ചൊൽപ്പടിയിലാണ്. ചന്ദ്രികയ്ക്കും പ്രയാസമില്ല. എല്ലാ ശനിയാഴ്ച്ചയും വൈകുന്നേരം അവൻ വന്ന് ഗേറ്റ് മുട്ടും. ശേഷം വൈശാഖൻ സാറേയെന്ന് നീട്ടി വിളിക്കും. വൈശാഖൻ ഞാനാണ്.
‘വൈശാഖാൻ സാറേ…’
അഞ്ഞൂറ് രൂപയും വാങ്ങി പോയ ചന്ദ്രികയുടെ ചെറുക്കൻ ഇത്ര പെട്ടെന്ന് തിരിച്ച് വരുമെന്ന് ഞാൻ കരുതിയില്ല. ഗേറ്റിലേക്ക് നീട്ടി നടക്കുമ്പോൾ ഇവൻ എന്നെ ഉപദ്രവിക്കാൻ വന്നതാണോയെന്ന് സംശയിച്ചിരുന്നു. എന്താടായെന്ന് ഗേറ്റിൽ പിടിക്കാതെ ഞാൻ ചോദിച്ചു.
‘വേണ്ടെന്ന് പറഞ്ഞു…’
അഞ്ഞൂറ് രൂപ നീട്ടിക്കൊണ്ടാണ് അവനത് മൊഴിഞ്ഞത്. ശീലമാക്കരുതെന്ന് പറഞ്ഞപ്പോഴാണ് അമ്മയിത് വേണ്ടായെന്ന് പറഞ്ഞതെന്നും ചെറുക്കൻ ചേർത്തൂ. ശേഷം, മറുപടി ആവശ്യമില്ലാത്ത ഭാവത്തിൽ തിരിഞ്ഞ് നടന്നു. എനിക്ക് ഭയമാണ് തോന്നിയത്. ഇതിന്റെ പേരിൽ ചന്ദ്രികയ്ക്ക് എന്നോട് അനിഷ്ടം ഉണ്ടാകുകയും, ഏതെങ്കിലും വിധം എന്നെ അപായപ്പെടുത്താൻ ശ്രമിക്കുമെന്നും ഞാൻ സന്ദേഹിച്ചു.
അന്ന് രാത്രിയിൽ എനിക്ക് ഉറക്കം നഷ്ടപ്പെട്ടു. കണ്ണടച്ചാൽ ചന്ദ്രികയുടെ മകൻ കത്തിയുമായി മുമ്പിൽ നിൽക്കുന്നു. തുറന്നാൽ അമ്മയും മോനും ആർത്ത് ചിരിക്കുന്നു. ഭാര്യയും മോനും പോയപ്പോഴും ഏതാണ്ട് ഇതുപോലെയൊരു അനുഭവം ഉണ്ടായിട്ടുണ്ട്. മറ്റുള്ളവരിൽ നിന്ന് ആക്രമിക്കപ്പെടാതെ ജീവിക്കുകയെന്ന് പറഞ്ഞാൽ എന്തൊരു പ്രയാസമാണല്ലേ…!
അന്ന്, ശനിയാഴ്ച്ചയായിരുന്നു. നേരം കഴിഞ്ഞിട്ടും ഗേറ്റിന്റെ മുട്ടലും, വൈശാഖൻ സാറേയെന്ന വിളിയും ഞാൻ കേട്ടില്ല. സംശയം ശരിയായിരുന്നുവെന്ന് എനിക്ക് മനസ്സിലായി. ഞാനൊരു ശത്രുവിനെക്കൂടി സമ്പാദിച്ചിരിക്കുന്നു. അതൊരിക്കലും എനിക്ക് ഗുണം ചെയ്യില്ല. ആര് ആരെയാണ് അപായപ്പെടുത്തുകയെന്നത് അപ്രവചനീയമായ ഈ ലോകത്തിൽ എനിക്ക് ശ്വാസം മുട്ടുകയാണ്. ആരും കാണാത്ത ഏതെങ്കിലുമൊരു ഇരുട്ടിന്റെ മൂലയിലേക്ക് കുതറിയോടാൻ തോന്നുകയാണ്…
തുടർന്ന് ജീവിക്കാൻ ചന്ദ്രികയുടെ മകന്റെ സഹായം കൂടിയേ തീരൂ. മറ്റൊന്നും ഉദ്ദേശിച്ച് പറഞ്ഞതല്ലായെന്ന് ധരിപ്പിച്ച് അവരുടെ തെറ്റിദ്ധാരണ മാറ്റണം. അങ്ങനെ, ഇരുട്ടും മുമ്പ് തിരിച്ചെത്തെണമെന്ന കണക്കിൽ രണ്ട് വർഷങ്ങൾക്ക് ശേഷം ആദ്യമായി ഞാൻ ഗേറ്റിന് പുറത്തേക്ക് ഇറങ്ങാൻ തീരുമാനിച്ചു.
പോകുന്നത് ചന്ദ്രികയുടെ വീട്ടിലേക്ക് ആയത് കൊണ്ട് ആരെങ്കിലും കണ്ടാൽ കഥകൾ ഏറെ മെനയുമായിരിക്കും. സാരമില്ല. ജീവനാണല്ലോ സർവ്വതിലും പ്രധാനം.
പണ്ട്, ചെറുക്കൻ പറഞ്ഞത് ഓർമ്മയിൽ ഉണ്ടായിരുന്നു. ഹനുമാൻ അമ്പലത്തിന്റെ അരികിലുള്ള വീട്. പുറത്തൊരു വലിയ പുളിമരം ഉണ്ടാകും. ശരിയാണ്. കുട പോലെ നിൽക്കുന്ന ആ പുളിമരം ഞാൻ കണ്ടു. പുളിയിലകൾ സ്വർണ്ണം പോലെ തിളങ്ങുന്നു. പക്ഷെ, അതിന്റെ വൈകുന്നേര തണലിൽ ഏതാണ്ട് മരണം കൂടാൻ എത്തിയവരെ പോലെ ഒത്തിരി പേർ നിൽപ്പുണ്ടായിരുന്നു. എനിക്ക് സംശയമായി.
‘ചന്ദ്രികയുടെ വീടല്ലേയത്. അവിടെയെന്താ… ആൾക്കൂട്ടം…?’
എതിരേ വന്ന ആളോട് ഒരു കൈയ്യകലത്തിൽ നിന്ന് കൊണ്ട് ഞാൻ ചോദിച്ചതാണ്.
‘ചന്ദ്രികയെ തെളിവെടുപ്പിന് കൊണ്ട് വന്നതാണ്. ചപ്പാത്തിക്കോലെടുത്ത് മകന്റെ തiലയ്ക്ക് അiടിച്ചതാണ് പോലും… എട്ട് തുന്നലുമായി ചെറുക്കൻ ആശുപത്രിയിലുണ്ട്…’
മതിയെന്ന് പറഞ്ഞ് ഞാൻ തിരിഞ്ഞ് നടക്കുകയായിരുന്നു. തലയിലേക്ക് ഒരായിരം വാർത്തകൾ ഇടിഞ്ഞ് വീഴുന്നത് പോലെ…! അതിൽ നിന്ന് പിഞ്ച് കുഞ്ഞുങ്ങളുടേത് ഉൾപ്പടെയുള്ള കരിച്ചിൽ ഉയരുന്നത് പോലെ…!അടുത്തത് നീയാണെന്ന് ആരോ പറയുന്നത് പോലെ…! കിതച്ച് കൊണ്ട് ഗേറ്റിലേക്ക് എത്തിയപ്പോഴും, ആരായിരിക്കും എന്നെ അപായ പ്പെടുത്താൻ പോകുന്നതെന്ന ചിന്ത തന്നെയായിരുന്നു തലയിൽ…
എന്തായാലും ഒരുകാര്യം ഞാൻ തീരുമാനിച്ചു. പട്ടിണി കിടന്ന് ചത്താലും ഗേറ്റ് താണ്ടി ഇനിയൊരിക്കലും പുറത്ത് പോകില്ല. പണ്ടും ഇങ്ങനെ തന്നെയായിരുന്നു. ഭേദപ്പെട്ട ജോലി ഉപേക്ഷിച്ച് വീട്ടിലേക്ക് ഒതുങ്ങിപ്പോയതും ഇതിനേക്കാളും ഭീകരമായ വാർത്തകൾ കണ്ണുകളിലും കാതുകളിലും തുളച്ചപ്പോഴാണ്. അതിനായി ചുറ്റുമുള്ളവരെയെല്ലാം മാറ്റി നിർത്തിയപ്പോൾ എനിക്ക് ഭ്രാന്താണെന്ന് വരെ പലരും പറഞ്ഞു. ആയിരിക്കാം… പക്ഷേ, പരസ്പരം വിശ്വസിക്കാൻ പ്രയാസമുള്ള ഈ ലോകത്തിൽ ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം സ്വന്തം ജീവൻ തന്നെയാണല്ലോ സർവ്വതിലും പ്രധാനം…!!!m