അവനങ്ങിനെ പിറ്റേ ദിവസം പണം പിൻവലിക്കാൻ കൗണ്ടറിൽ ചെന്ന് കാർഡിട്ടു. പൈസ വിത്ത്ഡ്രോ ചെയ്തെന്ന് മെസേജ് വന്നെങ്കിലും അവനത് ATM ൽ നിന്ന് ലഭിച്ചില്ലെന്ന് എന്നോട് ഫോൺ ചെയ്തു പറഞ്ഞു……

വാസന്തിയുടെ ചൊവ്വാദോഷം

എഴുത്ത്:- ഷെര്‍ബിന്‍ ആന്റണി

അശോകൻ്റെ ആദ്യത്തെ കെട്ടായിരുന്നു, വാസന്തിയുടേത് രണ്ടാമത്തേതും.

കല്ല്യാണക്കാര്യം അറിഞ്ഞ നാട്ടുകാർ മൂക്കത്ത് വിരല് വെച്ചു ഈ ചെക്കനിത് എന്തിൻ്റെ കേടാ….അതും ഒരു ദോഷക്കാരിയെ!

മറ്റ് ചിലർ പറഞ്ഞു ഇത്രയും നാൾ വിവാഹം വേണ്ടന്ന് പറഞ്ഞ് ഒറ്റാം തടിയായ് കറങ്ങി നടന്നവനാ ദോഷക്കാരീടെ സൗന്ദര്യത്തിൽ ഭ്രമിച്ച് പോയീന്ന്!

അശോകനെ അടുത്തറിഞ്ഞിരുന്ന ബന്ധുക്കൾ പറഞ്ഞത് വേറൊരു തരത്തിലായിരുന്നു. എന്തായാലും അവനത് ചെയ്തത് നന്നായെ ഉള്ളൂ, വയ്യാതേ കിടക്കുന്ന തള്ളയെ നോക്കാൻ ഒരാളായല്ലോ!

വാസന്തിയെ ആദ്യം കെട്ടിയത് അശോകൻ്റെ അകന്ന ബന്ധുവായിരുന്നു. വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയും മുന്നേ അയാൾ ആക്സിഡൻ്റിൽ മരണപ്പെടുകയായിരുന്നു. കല്ല്യാണത്തിന് മുന്നേ തന്നെ മുറുമുറുപ്പ് തുടങ്ങിയിരുന്നു, മരണത്തോടേ അത് പൂർത്തിയായി.

കിടപ്പിലായ അശോകൻ്റെ അമ്മയെ കാണാനെത്തിയ മാമനാണ് കല്യാണക്കാര്യം എടുത്തിട്ടത്.

ഇനിയും എത്ര നാൾ ഇങ്ങനെ നടക്കാനാണ് നിൻ്റെ ഉദ്ദേശം. എൻ്റെ പെങ്ങൾക്ക് ആകേ ഒരു സന്തതിയേ ഉള്ളൂ അവളെ നോക്കാനെങ്കിലും നീ കെട്ടിയേ തീരൂ.

അശോകൻ പതിവ് പോലേ ഒന്നും മിണ്ടാതേ മൗനം പൂണ്ടു. ചൊവ്വാദോഷക്കാരി യാണെങ്കിലും വാസന്തി മിടുക്കിയാ, അവൾക്കൊരു ജീവിതം കൊടുത്തൂടേ, നിൻ്റെ അമ്മയെ നോക്കാനാണെന്ന് കരുതിയാ മതി. വയസ്സാംകാലത്ത് നിനക്കൊരു കൈത്താങ്ങും ആകും.

ഈ നല്പതാം വയസ്സിൽ എനിക്കിനി എന്തിനാ ഒരു തുണ?

ഓഹോ… ദൈവ വിശ്വാസം ഇല്ലെങ്കിലും, ജീവനിൽ ഭയമുണ്ടല്ലേ… അമ്മാവൻ അശോകനെ നോക്കി പരിഹസിച്ചു.

എനിക്കോ…. കൊള്ളാം നല്ല കളിയായ്

എങ്കിൽ ഞാനിത് ആലോചിക്കാം, അധികം ആളെയൊന്നും കൂട്ടണ്ട. അമ്മാവൻ തീരുമാനിച്ച് ഉറച്ച മട്ടിലായിരുന്നു.

വയ്യാതായ അമ്മയുടെ കാര്യം ഓർത്തപ്പോൾ അശോകനും മറുത്തൊന്നും പറഞ്ഞീല

കല്ല്യാണം കഴിഞ്ഞ് അധികം താമസിയാതേ അശോകൻ്റെ ജോലി നഷ്ട്ടമായി. ആ കുറ്റവും വാസന്തിയുടെ തലയിൽ തന്നെ പതിച്ചു. ശ്വാസം മുട്ടലുള്ള തള്ളവരെ ചുമച്ചോണ്ട് പ്രാകി എൻ്റെ മകൻ്റെ കഷ്ടകാലം തുടങ്ങീന്ന്.

നാളും നക്ഷത്രവും കാര്യമാക്കാത്ത അശോകൻ അതൊന്നും വകവെച്ചില്ലെന്ന് മാത്രമല്ല വാസന്തിയെ ആശ്വസിപ്പിക്കുകയും ചെയ്തു. അതോടേ അവൾക്ക് അശോകൻ ജീവനായ് മാറി.

മറ്റാര് എന്ത് പറഞ്ഞാലും തന്നെ കൈ വിടാതേ ചേർത്ത് നിർത്തുന്ന തുണയെ കിട്ടിയതിൽ അവളും സന്തോഷവതിയായിരുന്നു. അശോകൻ്റെ ഉള്ളിൽ വാസന്തിയെ ഒത്തിരി ഇഷ്ട്ടമായിരുന്നെങ്കിലും മുപ്പർക്കത് പ്രകടിപ്പിക്കാൻ അറിയില്ലായിരുന്നു.

വാസന്തിയെ കുറ്റം പറഞ്ഞവരെ കൊണ്ട് തന്നെ തിരുത്തിക്കണമെന്ന വാശിയിലായിരുന്നു അശോകനെങ്കിലും തിരിച്ചടികൾക്ക് ഒരു കുറവുമില്ലായിരുന്നു.

ബാങ്കിലെ ലോണടവ് മുടങ്ങിയിട്ട് മാസങ്ങളായ്, ചിട്ടിക്കാര് വീട്ടില് വന്ന് തുടങ്ങി, അമ്മയ്ക്കുള്ള മരുന്നിന് പോലും കൈ നീട്ടേണ്ട ഗതികേടിലായി. എന്നിട്ടും വാസന്തിയെ പഴി ചാരാനോ ഒരു നോക്ക് കൊണ്ട് പോലും അവനവളെ വിഷമിപ്പിക്കുകയോ ചെയ്തില്ല. അങ്ങനെയിരിക്കേയാണ് ഗൾഫിലെ ഒരു കമ്പനിയിൽ വേക്കൻസി ഉണ്ടെന്നും കിട്ടിയാൽ രക്ഷപെടാമെന്നുള്ള പ്രതീക്ഷയിൽൽ അയാൾ പ്രവാസത്തിലേക്ക് കുടിയേറുന്നത്.

പിന്നീടങ്ങോട്ട് നാളുകൾ എണ്ണി കാത്തിരിക്കാൻ തുടങ്ങി വാസന്തിയും

നീണ്ട രണ്ട് വർഷത്തിന് ശേഷം ലീവിന് വന്ന അശോകനോട് ഒരു രാത്രി വാസന്തി പറഞ്ഞു ഇങ്ങളിനി തിരികേ പോവണ്ടാട്ടോന്ന്….

നമ്മുടെ കടങ്ങളൊക്കെ എങ്ങനെ വീട്ടുമെടി?

അതിനൊക്കെ എന്തെങ്കിലും വഴിയുണ്ടാക്കാം, അതോർത്ത് ഇങ്ങള് ടെൻഷനാവണ്ട. അവൾ എന്തോ മനസ്സിൽ ഉറപ്പിച്ചിട്ടെന്ന പോലേ പറഞ്ഞു.

ഇപ്പോ ഇത് പറയാൻ എന്തോ കാര്യമുണ്ടല്ലോ അവനവളുടെ മുഖത്തേക്ക് നോക്കി

ഇന്നലെ രാത്രി ഉറക്കത്തിൽ നിങ്ങൾ പിച്ചും പേയും പറയുന്നതും, വെiട്ടി വിയർക്കുന്നതുമൊക്കെ ഞാൻ കണ്ടായിരുന്നു. ബാങ്കെന്നും പോലീസെന്നു മൊക്കെ അലമുറ ഇടുന്നുണ്ടായിരുന്നു അക്കൂട്ടത്തിൽ!

ഒരു നിമിഷം അശോകനൊന്ന് ഞെട്ടി. ഇത്രയും നാൾ ഇവളറിയാതേ ഉള്ളിലൊളിപ്പിച്ച രഹസ്യങ്ങൾ ഇനിയും മറച്ച് വെക്കേണ്ടതില്ലെന്ന് തോന്നി അയാൾക്ക്

എനിക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ട് മുഖവുരയിട്ട് അശോകൻ പറഞ്ഞ് തുടങ്ങി.

വളരെയധികം പ്രതീക്ഷയോടേയാണ് ഗൾഫിലേക്ക് പോയത് പക്ഷേ അവിടെ ചെന്നപ്പോൾ മനസ്സിലായി സ്വപ്നം കണ്ടതൊക്കെ വെറുതെയാണെന്ന്. വളരെ തുച്ഛമായ കൂലിയേ ഉണ്ടായിരുന്നുള്ളൂ.

ആറ് മാസം കഴിഞ്ഞപ്പോഴേക്കും മടുത്ത് തുടങ്ങിയിരുന്നു. ഒരു ദിവസം അതായത് കമ്പനീന്ന് ശമ്പളം കിട്ടിയതിൻ്റെ തൊട്ടടുത്ത ദിവസമായിരുന്നു. അവനവിടെ സംഭവിച്ച കാര്യങ്ങൾ അതേപടി തന്നെ അവളോട് പറഞ്ഞു

ശമ്പളം കിട്ടിയതിൻ്റെ പിറ്റേ ദിവസം കൂട്ടുകാരൻ ചോദിച്ചു നീ ഈ മാസം നാട്ടിലേക്ക് പൈസ അയക്കുന്നില്ലേന്ന്….

കൊള്ളാം നല്ല കളി ഒത്തിരി ബാധ്യതകൾ ഉള്ളതാ… ബാങ്ക് ലോൺ, ചിട്ടി പൈസ, മരുന്ന്, വീട്ട് ചിലവ് പിന്നെ പലിശക്കാർക്ക് ഉള്ളത്… പ്രാരാബ്ധ കെട്ടഴിച്ച് വെച്ചു അവന് മുന്നിൽ

കടം ചോദിക്കാൻ വന്നതല്ലെടാ… എനിക്ക് കുറച്ച് സ്വർണ്ണം വാങ്ങാനാ നീ ഇവിടെ തരുന്ന പൈസ ഞാൻ നാട്ടില് നിനക്ക് ഇട്ട് തരാം.

അവൻ അടുത്ത മാസം ലീവിന് പോകാൻ ഇരിക്കുവായിരുന്നു. ഇവിടെ നാട്ടിലേക്കാളും സ്വർണ്ണത്തിന് വിലയും കുറവാ, നല്ല സ്വർണ്ണവും കിട്ടും.

ഇവിടന്ന് നാട്ടിലേക്ക് പൈസ അയക്കാൻ ബാങ്ക് ഫീസ് ഒഴിവാകുമല്ലോ എന്നോർത്ത് ATM കാർഡ് കൊടുത്തിട്ട് അവനോട് പറഞ്ഞു ആയിരം റിയാലുണ്ട് അതെടുത്തിട്ട് നാട്ടിലെ ഇരുപത്തി രണ്ടായിരം രൂപ അയക്കാൻ, കൂടേ അക്കൗണ്ട് നമ്പരും കൊടുത്തു. ഇവിടത്തെ ഒരു റിയാലിന് ഇന്ത്യൻ മണി ഇരുപത്തിരണ്ട് രൂപയാണ് കണക്ക്.

അവനങ്ങിനെ പിറ്റേ ദിവസം പണം പിൻവലിക്കാൻ കൗണ്ടറിൽ ചെന്ന് കാർഡിട്ടു. പൈസ വിത്ത്ഡ്രോ ചെയ്തെന്ന് മെസേജ് വന്നെങ്കിലും അവനത് ATM ൽ നിന്ന് ലഭിച്ചില്ലെന്ന് എന്നോട് ഫോൺ ചെയ്തു പറഞ്ഞു.

ഞാനുടനെ ബാങ്കിൽ വിളിച്ച് കാര്യം പറഞ്ഞു. അക്കൗണ്ട് ഡീറ്റേലും, കാർഡിൻ്റെ പിൻ നമ്പരുമെല്ലാം അവർ ആവശ്യപ്പെട്ടു, അവരതെല്ലാം Note ചെയ്യുന്നുണ്ടായിരുന്നു ഇടയ്ക്ക് ഇങ്ങിനെ സംഭവിക്കാറുള്ളതാണ് ഞങ്ങളൊന്ന് ചെക്ക് ചെയ്യട്ടേ ഏഴ് വർക്കിംഗ് ഡെയ്സിനുള്ളിൽ നഷ്ട്ടമായ തുക താങ്കളുടെ അക്കൗണ്ടിൽ വരുമെന്ന് വളരെ സോഫ്റ്റായിട്ട് അവരെനിക്ക് പറഞ്ഞ് മനസ്സിലാക്കി തന്നു.

കൂട്ടുകാരൻ അവന് പൈസ കിട്ടിയില്ലെങ്കിലും നാട്ടിലേക്ക് പൈസ അയച്ച് തന്നിട്ട് പറഞ്ഞു നിനക്ക് കിട്ടുമ്പോൾ തിരിച്ച് തന്നാൽ മതിയെന്ന്. എൻ്റെ അവസ്ഥ അവന് നല്ലവണ്ണം അറിയാമായിരുന്നു, അതെനിക്ക് വലിയ ആശ്വാസമാവുകയും ചെയ്തു.

അങ്ങനെ ഒരാഴ്ചക്കുള്ളിൽ ക്യാഷ് ക്രെഡിറ്റായെന്ന് എൻ്റെ ഫോണിലേക്ക് മെസേജ് വരുകയും ഞാനവന് ആ തുക ഏല്പിക്കുകയും ചെയ്തു.

ഇനിയാണ് ട്വിസ്റ്റ്….

വാസന്തി ആകാംക്ഷയോടേ അശോകൻ്റെ മുഖത്ത് തന്നെ നോക്കി ഇരിക്കുവായിരുന്നു….

പിന്നീടുള്ള ഓരോ ഏഴ് ദിവസം കൂടുമ്പോഴും എൻ്റെ അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റാവാൻ തുടങ്ങി. ഈ പൈസ എവിടെ നിന്നാണ് വരുന്നത് എന്നറിയാതേ എൻ്റെ ഉറക്കം നഷ്ട്ടപ്പെടുകയായിരുന്നു. ആ ഒരവസ്ഥയിൽ ഈ വിവരം ഷെയറ് ചെയ്യാൻ പോലും എനിക്ക് ഒരാളില്ലാതേ വല്ലാതേ ഞാൻ കഷ്ട്ടപ്പെട്ടിരുന്നു.

ഒടുവിൽ കൂട്ടുകാരനോട് തന്നെ മറ്റാരും അറിയരുതെന്ന് സത്യം ചെയ്യിപ്പിച്ച് ഈ സംഭവം മുഴുവനും ഞാൻ അവനോ ട് പറഞ്ഞു.

നീ പേടിക്കേണ്ട ഇത് ബാങ്കിൻ്റെ മിസ്റ്റേക്കാണ്

എന്നാലും അതല്ലല്ലോ… എന്നെങ്കിലും അറിഞ്ഞാൽ പിടിക്കപ്പെടില്ലേ? ഞാനെൻ്റെ ഉൾഭയം അവനെ അറിയിച്ചു.

അതിന് നീ ആരുടെയും മുതല് മോഷ്ടിക്കാനും പിടിച്ച് പറിക്കാനും പോയിട്ടില്ലല്ലോ… നിൻ്റെ അക്കൗണ്ടിലേക്കല്ലേ വരുന്നത്. അവൻ എനിക്ക് ധൈര്യം പകർന്നു.

ഇത്രയധികം ക്യാഷ് അക്കൗണ്ടിൽ വന്നിട്ടും എന്തേ കമ്പനിയെ അറിയിക്കാത്തത് എന്ന് ചോദിച്ചാൽ ഞാനാകേ പെട്ട് പോകില്ലേ?

പണം വന്ന വിവരം അറിഞ്ഞില്ലെന്ന് പറഞ്ഞേക്കണം. നീയത് ഉടനെയൊന്നും എടുക്കാനും നിക്കണ്ട. അവൻ തന്ന ധൈര്യത്തിലാണ് ഞാൻ പിടിച്ച് നിന്നത്.

പക്ഷേ പല രാത്രികളിലും ഉറക്കത്തിൽ നിന്ന് ഞാൻ ഞെട്ടി എഴുന്നേല്ക്കാറുണ്ടായിരുന്നു. കൺമുന്നിൽ അറബി പോലീസും ബാങ്ക്കാരും ചേർന്നെന്നെ മiർദ്ദിക്കുന്നതായും റോഡിലൂടേ വiലിച്ചിഴക്കുന്നതായും സ്വപ്നം കണ്ട് ഞാൻ പേടിച്ച് നിലവിളിക്കുമായിരുന്നു.

എൻ്റെ മനസ്സിൻ്റെ സമാധാനത്തിന് വേണ്ടി അതിൽ നിന്ന് ഒരു റിയാൽ പോലും ഞാനെടുത്തില്ല. എന്നെങ്കിലും ഒരു കാലത്ത് ആരെങ്കിലും ഇത് കണ്ടെത്തിയാൽ എനിക്ക് അവരോട് പറയാമല്ലോ നിങ്ങളുടെ പൈസ ഒന്നും തന്നെ ഞാനെടുത്തിട്ടില്ലെന്നും അത് അതേ പടി തന്നെ അക്കൗണ്ടിൽ ഉണ്ടെന്നുമൊക്കെ അതായിരുന്നു ഞാൻ കണ്ടെത്തിയ ഏക മാർഗം. ഒരു നീണ്ട നിടുനിശ്വാസം വിട്ട് ഞാനവളോട് പറഞ്ഞ് നിർത്തി.

ഇതെല്ലാം കേട്ട് അവളാകേ അന്തം വിട്ട് ഇരിക്കുകയായിരുന്നു.

നിങ്ങൾ എന്തൊരു മണ്ടനാണ്…. നമ്മുക്ക് ആ പൈസ ദൈവം തന്നതാണെന്ന് കരുതിക്കൂടാരുന്നോ. കഷ്ടം അതിൽ നിന്ന് ഒരു രൂപ പോലും എടുക്കാതിരുന്ന നിങ്ങളൊരു ലോക തോൽവി തന്നെ!

അത് ശര്യാ…. ബുദ്ധി ഉണ്ടായിരുന്നെങ്കിൽ ഞാൻ നിന്നെ കെട്ടുമായിരുന്നോ…. അത് ചോദിച്ചിട്ട് അശോകൻ ഒന്ന് ചിരിച്ചു.അപ്പഴേക്കും വാസന്തി ചുണ്ട് കൂർപ്പിച്ചു.

അതേ… ഞാനൊരു ഭാഗ്യം കെട്ടവളാ എൻ്റെ കൂടേ കൂടി നിങ്ങൾക്ക് കൈ വന്ന ഭാഗ്യവും തട്ടിത്തെറിപ്പിച്ച് ഞാൻ.

ശരി എങ്കിൽ ഒരു കാര്യം ചോദിക്കട്ടേ അശോകൻ അല്പം ഗൗരവത്തോടേ വാസന്തിയെ നോക്കി. അതേ സമയം ബാങ്ക് തട്ടിപ്പ് നടത്തി ഒരു മലയാളി പിടിയിലായി എന്നൊരു ന്യൂസ് കേട്ടാൽ നീ എന്ത് കരുതും എന്നെ പറ്റി?

ഞാനത് വിശ്വസിക്കില്ല കാരണം എൻ്റെ അശോകേട്ടൻ ഒരു പാവമാണെന്ന് എനിക്കറിയാം. അത് പറഞ്ഞ് അവളെൻ്റെ നെഞ്ചിലേക്ക് ചേർന്ന് കിടന്നു.

അവളെ ഒന്ന് കൂടി വലിച്ച് അടുപ്പിച്ചിട്ട് അയാൾ പറഞ്ഞു എങ്കിൽ കേട്ടോ നിൻ്റെ അശോകൻ അത്ര പാവോന്നും അല്ലാട്ടോ. ഇങ്ങോട്ട് ലീവിന് വരുന്നതിന് രണ്ട് ദിവസം മുന്നേ തന്നെ ഞാനാ പണം മുഴുവൻ പിൻവലിച്ച് എൻ്റെ NRI അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു.ആ രണ്ട് ദിവസം ഹോളിഡേ ആയതിനാൽ ബാങ്ക് പ്രവർത്തനരഹിതമായതും എനിക്ക് തുണയായി. ഇത്രയും നാൾ വെയ്റ്റ് ചെയ്തതിന് ഒരു കാരണം കൂടിയുണ്ട് ഇടയ്ക്ക് പിൻ വലിച്ചാൽ ഒരു പക്ഷേ ബാങ്കിൽ നിന്ന് നഷ്ട്ടപ്പെട്ട തുക മനസ്സിലാവുകയും അവരത് തിരിച്ച് ഈടാക്കുകയും മാത്രമല്ല ചിലപ്പോൾ എൻ്റെ ജോലി വരെ നഷ്ടമാവുകയും ചെയ്തേക്കാം.

വാസന്തി ഒന്നും മനസ്സിലാവാതേ അവനെ തന്നെ നോക്കിയിരുന്നു.

ഇടയ്ക്ക് കമ്പനിയിൽ നിന്ന് ക്യാൻസൽ ചെയ്ത് പോന്നാൽ അതൊരു സംശയത്തിന് ഇട നൽകും അത് കൊണ്ടാണ് ലീവാകാൻ ഞാൻ കാത്ത് നിന്നത്.

നമ്മുടെ കഷ്ടപ്പാട് കണ്ടറിഞ്ഞ് ദൈവം സഹായിച്ചതായിരിക്കുമല്ലേ അശോകേട്ടാ…. വാസന്തിയുടെ നിഷ്കളങ്കമായ ചോദ്യം കേട്ടിട്ട് അശോകൻ പറഞ്ഞു അല്ലെടി പൊട്ടിപ്പെണ്ണേ ഇത് നിൻ്റെ ചൊവ്വ തന്നതാ, നിന്നെ എനിക്ക് കിട്ടിയത് പോലേ!

Leave a Reply

Your email address will not be published. Required fields are marked *