അവനവളെ ഒരുപാട് ഇഷ്ടമായിരുന്നു. അന്നൊന്നും, നമ്മൾ കുട്ടികളുടെ ഭാഗത്തുനിന്ന് ചിന്തിച്ചിട്ടില്ല. നമ്മുടെ വാശി ജയിക്കുന്നുണ്ടോ എന്ന് മാത്രമേ നമ്മൾ നോക്കിയുള്ളൂ…..

വെളുപ്പാൻ കാലത്തെ സ്വപ്നം

Story written by Sheeba Joseph

തോമസുകുട്ടി.. വാ മക്കളെ, നമുക്ക് വീട്ടിൽ പോകാം…

കുറച്ച് നേരം കൂടി ഞാനിവിടെ ഇരിക്കട്ടെ അമ്മച്ചി…? അവളിവിടെ ഒറ്റയ്ക്കല്ലേ.?

എല്ലാവരും പിരിഞ്ഞു പോയിരുന്നു.

അവൾക്ക് കിട്ടിയ പൂക്കളും, സമ്മാനങ്ങളും അവൾക്ക് തന്നെ കൊടുത്ത് വിട്ടു. വലിയ സ്ലാബ് കൊണ്ട് കുഴി മൂടി സുരക്ഷ ഉറപ്പാക്കിയിട്ട് പണിക്കാരും പോയി.

എന്തൊരു നിശബ്ദത ആണിവിടെ…!

അവൾക്ക്, ശരിയ്ക്കും ഇവിടം ഇഷ്ടപ്പെടും. “നിശബ്ദതയും, പൂക്കളും അവൾക്ക് ഒരുപാട് ഇഷ്ട്ടമാണ്. “

“മതി മോനെ, വാ നമുക്ക് പോകാം..”

“ഇവിടെ ഇങ്ങനെ ഒത്തിരി നേരം ഇരിക്കണ്ട.”

ദേ, കുഞ്ഞ് കിടന്നു കരയുന്നു…!

“നീ അവളെ ഒന്നു എടുത്ത് സമാധാനിപ്പിച്ചേ. “

അമ്മയില്ലാത്ത കുഞ്ഞാ. ?

തോമസുകുട്ടി അപ്പോഴാണ്, കുഞ്ഞിൻ്റെ കാര്യം ഓർത്തത്. ഇതുവരെ, എല്ലാ കാര്യങ്ങളും ആലീസാണ് നോക്കിയിരുന്നത്.

തോമസുകുട്ടി എഴുന്നേറ്റു കുഞ്ഞിൻ്റെ അടുത്തേയ്ക്ക് ചെന്നു.

കറിയാച്ച, എനിയ്ക്കവൻ്റെ ഇരിപ്പും ഭാവവും കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല. ?

“എങ്ങനെ നടന്ന ചെറുക്കനാണ്. ആകെ അങ്ങ് വാടിയ ചേമ്പില പോലെയായി.”

അവന് എന്നാ പ്രായം ഉണ്ടെന്ന് വച്ചാ.? ഒറോമ്മ ചേട്ടത്തി വിങ്ങിപ്പൊട്ടി.

എടീ അതിപ്പോ ഞാൻ എന്നാ പറയാനാ. ? മരിച്ചു പോയത് അവൻ്റെ ഭാര്യ അല്ലായോ..! “അവളെന്ന് പറഞ്ഞാ അവന് ജീവനായിരുന്നു. “

പെട്ടെന്നങ്ങ് മറക്കണം എന്ന് പറഞ്ഞാല് എങ്ങനെയാ. ?

“അതൊക്കെ സമയം എടുക്കും..”

എന്നു വച്ച് അവനെ അങ്ങനെ ഒറ്റയ്ക്ക് സങ്കടപ്പെടുത്താൻ, വിട്ടുകൊടുക്കാൻ പറ്റുമോ. ?

കുഞ്ഞിന് എന്നാ പ്രായം ആയെന്ന് വച്ചാ.!

അതിന് ഒരു അമ്മയുടെ സ്നേഹവും പരിചരണവും ഒക്കെ കിട്ടണ്ടായോ?

എടീ, അതിന് ഞാൻ ഇപ്പൊ എന്ത് ചെയ്യാനാണ്…?

“അവന്, നമുക്കൊരു നല്ല പെങ്കൊച്ചിനെ കണ്ടുപിടിയ്ക്കണം.”

എടി.. വരുന്ന പെൺകൊച്ച് നമ്മുടെ ആനി മോളെ നോക്കുമെന്ന് എന്താ ഇത്ര ഉറപ്പ്..?

കുഞ്ഞിനെ നോക്കിയില്ലേലും കുഴപ്പമില്ല.. “നമ്മള് മരിക്കുന്നത് വരെ അവൾക്ക് നമ്മളില്ലേ…”

നമ്മളുടെ കാലശേഷം അവൻ ഒറ്റപ്പെട്ട് പോകരുത്…? “അവനൊരു കൂട്ട് വേണം….”

അതവൻ, സമ്മതിക്കും എന്ന് തോന്നുന്നുണ്ടോ?

“സമ്മതിപ്പിക്കണം, പിന്നെന്തിനാ അവന് തന്തയും തള്ളയും. “

നമ്മള് ജീവിച്ചിരിക്കുമ്പോൾ തന്നെ അവൻ്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കണം. കുഞ്ഞിൻ്റെ കാര്യവും പറഞ്ഞ് രണ്ടുപേരും കൂടി ഒരു വിധത്തിൽ തോമസ്സുകുട്ടിയെ കൊണ്ട് സമ്മതിപ്പിച്ചു.

“പാതി സമ്മതമേ തോമസ്സുകുട്ടിയ്ക്ക് ഉണ്ടായിരുന്നുള്ളു…”

പല കല്യാണ ആലോചനകളും വന്നു. രണ്ടാം കെട്ടുകാരനായ തോമസ്സുകുട്ടിക്ക് രണ്ടാം കെട്ടുകാരികളായ പെണ്ണുങ്ങളുടെ ആലോചനകൾ ആണ് കൂടുതലും വന്നത്. തോമസ്സുകുട്ടിക്ക് അവരാരെയും തന്നെ മനസ്സുകൊണ്ട് അംഗീകരിക്കാൻ സാധിച്ചില്ല.

ഒരു ദിവസം അവരുടെ വീട്ടിലേയ്ക്ക് ഒരു വിരുന്നുകാരൻ എത്തി.

കറിയാച്ച, തനിയ്ക്ക് എന്നെ ഓർമ്മയുണ്ടോ?

“എടോ ഇത് ഞാനാ.. തന്റെ പണ്ടത്തെ അയൽവാസി വക്കച്ചൻ.”

എൻ്റെ കർത്താവേ എനിക്ക് തന്നെ കണ്ടിട്ട് മനസ്സിലായില്ല കേട്ടോ?

തന്നെ കണ്ടിട്ട് എത്രയോ കാലമായെടോ.!

നിങ്ങൾ, ഇപ്പോൾ എവിടെയാ താമസിക്കുന്നത്?

മോൾക്ക് സുഖമാണോ?

“അവൾ സുഖമായിരിക്കുന്നു..” “അവളിപ്പോൾ ഞങ്ങളുടെ നാട്ടിലെ തന്നെ ഒരു സ്കൂളിൽ ടീച്ചറാണ്..”

തോമസ്സുകുട്ടി എന്നാ എടുക്കുന്നു.. ? അവൻ്റെ ഭാര്യയും കുഞ്ഞും ഒക്കെ സുഖമായിരിക്കുന്നോ?

പിള്ളേര് തമ്മിലുള്ള ഇഷ്ടത്തെ ചൊല്ലിയുള്ള തർക്കത്തിൽ, അന്ന് നമ്മൾ കുറച്ചു കൂടി പക്വതയോടെ കാര്യങ്ങൾ തീരുമാനിക്കേണ്ടതായിരുന്നു. അന്നത്തെ വാശിയിൽ ഞാൻ മോളെയും കൂട്ടി നാട് വിടുമ്പോൾ കൂടുതലൊന്നും ആലോചിക്കാനുള്ള ഒരു ഹൃദയ വിശാലതയൊന്നും എനിക്കില്ലായിരുന്നു.

പോട്ടെ, ഇനി അതൊക്കെ പറഞ്ഞിട്ട് എന്നതാ കാര്യം.?

” അവൻ്റെ ഭാര്യയെയും കുഞ്ഞിനെയും ഒന്നു വിളിച്ചേ, ഞാനൊന്ന് കാണട്ടെ.”

ഒറോമ്മ ചേട്ടത്തി കുഞ്ഞിനെയും എടുത്ത് കൊണ്ട് വന്നു. “ആ വന്നേ, മിടുക്കത്തി ആണല്ലോ.”

എന്നതാ മോളുടെ പേര്. ?

ആനി..

ആനിമോളോ..!

“അതേ വക്കച്ചാ, ആ പേര് തന്നെയിടണം എന്ന് തോമസ്സുകുട്ടിക്ക് നിർബന്ധ മായിരുന്നു.”

നമ്മൾക്കാ തെറ്റുപറ്റിയത്.?

” അവനവളെ ഒരുപാട് ഇഷ്ടമായിരുന്നു. അന്നൊന്നും, നമ്മൾ കുട്ടികളുടെ ഭാഗത്തുനിന്ന് ചിന്തിച്ചിട്ടില്ല. നമ്മുടെ വാശി ജയിക്കുന്നുണ്ടോ എന്ന് മാത്രമേ നമ്മൾ നോക്കിയുള്ളൂ. “

ശരിയാ… ഇനി അതൊക്കെ പറഞ്ഞിട്ട് എന്തിനാ… ഒക്കെ ഓരോ വിധിയാ….

മോളുടെ അമ്മ എന്തിയേ? അവളെ ഒന്ന് വിളിച്ചേ…

ഒന്ന് കാണട്ടെ ഞാൻ…. ?

കറിയാച്ചനും ഒറോമ്മ ചേട്ടത്തിയും പരസ്പരം മുഖത്തോട് മുഖം നോക്കി.

എന്താ അവളിവിടെ ഇല്ലേ, എന്തുപറ്റി?

“ഒറോമ്മ ചേട്ടത്തി വിങ്ങിപ്പൊട്ടി.”

തോമസുകുട്ടിയെയും കുഞ്ഞിനെയും ഒറ്റയ്ക്കാക്കി അവള് പോയി വക്കച്ചാ..!

നല്ല സ്നേഹമുള്ളവൾ ആയിരുന്നു…

ക്യാൻസർ ആയിരുന്നു അവൾക്ക്…

“അവനവളെ ഒരുപാട് ചികിത്സിച്ചെങ്കിലും അവൾ രക്ഷപ്പെട്ടില്ല. “

ഞങ്ങൾ ഇപ്പോൾ അവന് വേറൊരു കല്യാണമൊക്കെ ആലോചിച്ചു കൊണ്ടിരിക്കുകയാ..

കുഞ്ഞിൻ്റെ കാര്യം നോക്കണ്ടായോ…?

ഓ.. അങ്ങനെയാണോ കാര്യങ്ങൾ..?

ഞാൻ ഇതൊന്നും അറിഞ്ഞിരുന്നില്ല കേട്ടൊ. ഇവിടുന്ന് പോയതിൽ പിന്നെ ഈ നാടുമായി ഒരു ബന്ധവും എനിക്കില്ലായിരുന്നു.

എല്ലാം ദൈവനിശ്ചയം ആണ് ഒറോമ്മെ.

അതൊക്കെ പോട്ടെ…

ആനിമോൾക്കും കുടുംബത്തിനും ഒക്കെ സുഖമാണോ? അവൾക്കിപ്പൊ എത്ര മക്കളായി?

അയ്യോ ഒറോമ്മേ, ആനിമോൾ ഇപ്പോഴും കല്യാണം കഴിച്ചിട്ടില്ല.

“കല്യാണം വേണ്ട എന്ന് പറഞ്ഞു ഒറ്റ നിൽപ്പാണ്. “

“അതാണിപ്പോൾ എന്റെ സങ്കടം.”

നമ്മുടെയൊക്കെ കാലം കഴിയുന്നതിനു മുന്നേ പെൺകുട്ടികളെ എവിടെ യെങ്കിലും കെട്ടിച്ചു വിട്ടാൽ നമുക്കൊരു സമാധാനം ആകും.

“ഞാനന്നാ, അങ്ങോട്ട് ഇറങ്ങട്ടെ കറിയാച്ചാ. “

“ഇവിടെ ടൗൺ വരെ ഒന്ന് വന്നതാ.”

അപ്പോഴാ തന്നെ ഒന്ന് കണ്ടേച്ചു പോകാം എന്ന ഒരു തോന്നൽ ഉണ്ടായത്.

പഴയതൊക്കെ നമുക്കങ്ങനെ പെട്ടെന്ന് മറക്കാൻ പറ്റുമോ?

“ഒരു കുടുംബം പോലെ ജീവിച്ചതല്ലേ നമ്മൾ. “

തോമസ്സുകുട്ടിയോട് എൻ്റെ അന്വേഷണം പറ.

തോമസ്സുകുട്ടി വന്നു കയറിയ ഉടനെ ഒറോമ്മ ചേട്ടത്തി വക്കച്ചൻ വന്ന കാര്യം പറഞ്ഞു.

മോനെ ആനിമോൾ ഇപ്പോഴും കല്യാണം കഴിച്ചിട്ടില്ല എന്ന്…!

“അവൾക്ക്, കല്യാണം വേണ്ട എന്ന് പറഞ്ഞ് നിൽപ്പാണെന്ന്.” “മോനൊന്നു പോയി കാണരുതോ അവളെ. “

എന്തിനാണ് അമ്മച്ചി..?

“എൻ്റെ കാര്യങ്ങളൊക്കെ വെറുതെ അവളെ കൂടി അറിയിക്കുന്നത് എന്തിനാണ്. “

അതല്ല മോനെ, ഇനി നിന്നോടുള്ള ഇഷ്ടം കൊണ്ടാണോ അവൾ കല്യാണം കഴിക്കാൻ സമ്മതിക്കാതെ ഇരിക്കുന്നത്.?

“നിൻ്റെ മനസ്സിലും അവൾ ഉണ്ട് എന്ന് അമ്മച്ചിക്ക് നന്നായിട്ടറിയാം.”

“നമ്മുടെ ആനിമോളെ കാണുമ്പോൾ, നമ്മുടെ കുഞ്ഞിൻ്റെ പേര് വിളിക്കുമ്പോൾ, അമ്മച്ചിയുടെ മനസ്സിലേയ്ക്ക് ആദ്യം ഓടിയെത്തുന്നത് ആനിയുടെ മുഖമാണ്. “

“ഞാൻ പോയി അവളെ കാണാം അമ്മച്ചി.”

പിന്നെ എല്ലാം വളരെ പെട്ടെന്ന് തന്നെ നടന്നു. തോമസ്സുകുട്ടിയുടെ കൈയും പിടിച്ച് ആനി ആ വീട്ടിലേയ്ക്ക് കയറി വന്നു. ആനി, കുഞ്ഞിനെ കയ്യിലെടുത്ത് അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു.

“ഇതിപ്പോ ആനിമോളെയെന്ന് വിളിച്ചാൽ രണ്ടുപേരും വിളി കേൾക്കും.”

അതുകൊണ്ട് കുഞ്ഞിൻ്റെ പേരിൽ ഒരു മാറ്റം വരുത്തിയേ പറ്റൂ..
കേട്ടോടാ തോമസ്സുകുട്ടി..?

മാറ്റാം അമ്മച്ചി..

ഇനി ഈ വീട്ടിൽ ഒരു ആനി മതിയല്ലോ?

“നമുക്ക് കുഞ്ഞിൻ്റെ പേര് മാറ്റാം…”

“ങാഹാ, അങ്ങനെ ഞാനിപ്പോൾ എൻ്റെ കുഞ്ഞിൻ്റെ പേര് മാറ്റാൻ സമ്മതിക്കുകേല. “

ആലീസ് ചാടിയെഴുന്നേറ്റു.

തൊട്ടപ്പുറത്ത് തോമസ്സുകുട്ടിയും കുഞ്ഞും സുഖമായി കിടന്നുറങ്ങുന്നു.

ദൈവമേ, ഞാൻ കണ്ടത് സ്വപ്നമായിരുന്നോ?

വെളുപ്പാൻ കാലത്ത് കണ്ട സ്വപ്നമാണ്. ഇതിൽ എന്തെങ്കിലും യാഥാർത്ഥ്യം കാണുമോ?

രാവിലെ തോമസുകുട്ടിയ്ക്ക് ചായ റഡിയാക്കി കൊണ്ടിരിക്കുമ്പോഴും ആലീസിന്റെ മനസ്സിൽ ആനിയെകുറിച്ചുള്ള ചിന്തയായിരുന്നു.

ഇനി അങ്ങനെ ഒരാൾ കാണുമോ?

തോമസുകുട്ടിക്ക് ചായ കൊണ്ട് കൊടുത്തിട്ട് ആലീസ് അടുത്ത് ചെന്നിരുന്നു.

അതെ ഞാനൊരു കാര്യം ചോദിച്ചോട്ടെ.? ഈ വെളുപ്പാൻ കാലത്ത് കാണുന്ന സ്വപ്നം ഫലിക്കുമോ?

“അതിനെക്കുറിച്ച്, എനിക്കൊന്നും അറിയില്ല. ” പണ്ടുമുതലേ ചിലരൊക്കെ ഇങ്ങനെ പറയുന്നത് കേൾക്കാം… “വെളുപ്പാൻ കാലത്ത് കണ്ട സ്വപ്നം ഫലിയ്ക്കും എന്നൊക്കെ.”

അതെന്താടി, നീ വല്ല സ്വപ്നവും കണ്ടോ? എന്താടി നീ അങ്ങനെ ചോദിച്ചത്.

ഒന്നുമില്ല തോമസ്സുകുട്ടി. ആലീസിന്, എന്നാലും മനസ്സിനൊരു സുഖവും തോന്നിയില്ല. ചായയുമായി ഒറോമ്മ ചേട്ടത്തിയുടെ അടുത്ത് ചെന്നു അമ്മച്ചിയുടെ കാലൊക്കെ ഒന്ന് തിരുമ്മി കൊടുത്ത് അടുത്തിരുന്നു.

അമ്മച്ചി ഞാനൊരു കാര്യം ചോദിക്കട്ടെ.?

എന്താ മോളെ ?

ഇവിടെ അടുത്തെങ്ങാനും ആനി എന്ന് പേരുള്ള ആരെങ്കിലും താമസിച്ചിരുന്നോ…?

എന്താ മോളെ…?

ഒന്നും ഇല്ല അമ്മച്ചി, ഞാൻ വെറുതെ ചോദിച്ചതാ…

ഇവിടെയൊന്നും അങ്ങനെ ഒരാൾ താമസിച്ച കാര്യം അമ്മച്ചിയ്ക്ക് അറിയില്ല മോളെ. ?

“ശരി അമ്മച്ചി.. ഞാനന്ന അടുക്കളയിലോട്ട് ചെല്ലട്ടെ. “

ആലീസ് അടുക്കളയിലേക്ക് പോയ ഉടനെ ഒറോമ ചേട്ടത്തി നെഞ്ചത്ത് കൈവെച്ചു.

കർത്താവേ ഇവൾ എങ്ങനെയാ ആനിയുടെ കാര്യം അറിഞ്ഞത്… ?

എന്തായാലും കെട്ടിയോനും പിള്ളേരും ആയി അവളങ്ങ് അമേരിക്കയിൽ ആയത് നന്നായി….

Related Posts

Leave a Reply

Your email address will not be published. Required fields are marked *