പ്രായം
Story written by Murali Ramachandran
“നീയെന്താപെണ്ണേ ഇന്ന് വൈകിയേ..? നീ വന്ന് കാപ്പിയുണ്ടാക്കി തരുന്ന് ഞാൻ കരുതി. നിന്നെ കാത്തിരുന്നു മടുത്തപ്പോ ഞാൻ തന്നെ ഇട്ടു. നിനക്കൊരു ഗ്ലാസ്സിൽ അവിടെ വെച്ചിട്ടുണ്ട്.” ഞാൻ അത് പറയുമ്പോൾ എന്റെ വാക്കുകൾക്ക് കാതോർക്കാതെ ഗൗരി വീടിനുള്ളിലേക്ക് കയറി പോയി. ചൂടുള്ള കാപ്പിയും കൈയിൽ എടുത്ത് ഞാനും അവൾക്ക് പിറകെ നടന്നു ചെന്നു. മുറിക്കുള്ളിൽ കയറിയതും ഞാൻ അവളോട് വീണ്ടും ചോദിച്ചു.
“എടി നിന്നോടാ.. നീയൊന്ന് നിന്നേ, എന്താ മിണ്ടാതെ പോന്നേ..? എന്താ, എന്തു പറ്റി..?”
“ഏട്ടനെന്നാ..? കാപ്പി ഇന്നല്ലേൽ നാളെയായലും കുടിക്കാം. പറയാനുള്ളത് പറഞ്ഞില്ലേൽ എനിക്കൊരു സമാധാനവും കിട്ടില്ല.”
അവളുടെ ആ മറുപടി കേട്ടതും എനിക്ക് ഒന്നും മനസിലായില്ല. ഞാനവളെ ഒന്നു മിഴിച്ചു നോക്കി.
“നീയെന്താ ഗൗരി ഈ പറയുന്നേ..? പറയാനുള്ളത് തെളിച്ചു പറ. എനിക്കൊന്നും മനസിലായില്ല.”
“അല്ല, ഏട്ടന് എന്തെങ്കിലും കുഴപ്പമുണ്ടോ..? ഞാൻ നോക്കിട്ട് ഏട്ടന് യാതൊരു കുഴപ്പവും കണ്ടില്ല.”
“കുഴപ്പമോ..? എനിക്കോ, എനിക്കെന്താ കുഴപ്പം..? ആരാ പറഞ്ഞെ..? “
അതിശയത്തോടെ ഞാൻ മുറിക്കുള്ളിലെ അലമാരയുടെ കണ്ണാടിയിൽ ഒന്ന് നോക്കി. എനിക്ക് ഒന്നും തന്നെ മനസിലായില്ല. ഗൗരി കട്ടിലിൽ ഇരുന്നിട്ട് എന്നെ നോക്കി പറഞ്ഞു.
“ഏട്ടാ.. ഞാനാ ബസ് ഇറങ്ങിയപ്പോ ബസ്റ്റോപ്പിൽ രണ്ടവന്മാര് നിൽക്കുന്നത് കണ്ടു. വീട്ടിലേക്ക് വരണ വഴി അവരെന്റെ പുറകെ ഉണ്ടായിരുന്നു. ‘അവന്റെ യൊരു ഭാഗ്യമേ.. കിളുന്ത് പെണ്ണിനെയല്ലെ കെട്ടിയേ, അവന്റെ യോഗം..’ എന്നും പറഞ്ഞ് എനിക്ക് മുന്നിലൂടെ നടന്നു പോയി. “
“എന്നിട്ട് നീയെന്താ അവരോട് പറഞ്ഞെ..?”
“ഞാൻ വെറുതെ വിടുവോ..? ആ പറഞ്ഞവനെ പിടിച്ചുനിർത്തി. ഷർട്ടിന്റെ കോളറിൽ വലിച്ചിട്ട് പറഞ്ഞു. ‘എന്റെ കെട്ടിയോൻ ആണാണടാ.. അന്തസോടെ തന്നാ എന്നെ നോക്കുന്നേ.. അല്ലാതെ നിന്നെയൊക്കെപ്പോലെ കണ്ട പെണ്ണു ങ്ങളെ നോക്കി വെള്ളമിറക്കാറില്ല, ആരുടെയും കുടുംബവും കലക്കാറില്ല. ഞങ്ങള് പ്രേമിച്ചു തന്നാ കെട്ടിയെ, ഞങ്ങൾക്കില്ലാത്ത ബുദ്ധിമുട്ട് നിങ്ങൾക്കെന്താടാ..? ‘ “
” എന്നിട്ട്, നീ അവരെ തല്ലിയോടി..?”
ആശ്ചര്യത്തോടെ ഞാനത് ചോദിക്കുമ്പോൾ, അവൾ തുടർന്നു..
“തല്ലേണ്ടതായിരുന്നു.. ഉടനെ അവന്മാര് ‘അയ്യോ പെങ്ങളെ..’ എന്നും പറഞ്ഞ് ഓടി. അല്ല ഏട്ടാ, ഏട്ടന് മനസ്സിൽ വെല്ലോം ബുദ്ധിമുട്ടുണ്ടോ..? നമുക്കിടയിലെ ഈ പ്രായവ്യത്യാസം.”
“ഏയ്.. ഇല്ലെടി, അതെന്താ ഇപ്പൊ അങ്ങനെ തോന്നാൻ..? ഞാൻ നിന്നെയും, നീ എന്നെയും മനസിലാക്കി തന്നാണെല്ലോ കല്യാണം കഴിച്ചതും, ഇപ്പോ ജീവി ക്കുന്നതും.. പിന്നെന്താ..? “
പറഞ്ഞ് തീർന്നതും ഞാനവളുടെ കൂടെ കട്ടിലിൽ ചേർന്നിരുന്നു. ഉടനെ അവളെന്റെ തോളിൽ തല വച്ച് ചാഞ്ഞിട്ട് പറഞ്ഞു.
“അതെ ഏട്ടാ.. എനിക്കെന്റെ ഏട്ടനെ മനസിലാകും. ഈ നാട്ടുകാരാ ഓരോന്ന് പറയുന്നേ.. അതാ ഞാനവർക്ക് മറുപടി കൊടുത്തത്. അല്ലേലും ഈ പ്രായ വ്യത്യാസത്തിലൊക്കെ എന്തിരിക്കുന്നു.. അല്ലെ..?”
അവളത് പറയുമ്പോൾ ഞാനവളുടെ തലയിൽ എന്റെ കൈകൊണ്ട് തലോടി കൊടുത്തു.
( ഈ സമൂഹത്തിലെ ചിലർ ഇങ്ങനെയാണ്. അനുവാദം കൂടാതെ ഇടക്കൊക്കെ അയൽക്കാരന്റെ ജനലിലൂടെ എത്തി നോക്കും. )