അവന്റെ വാക്കുകൾ ഒരു തിരിച്ചറിവായി എനിക്കപ്പോൾ തോന്നി. മനസ്സ് വല്ലാതെ വിഷമിക്കുന്നതായി തോന്നി എനിക്ക്. എന്തൊക്കെയോ നഷ്ടപെട്ട പോലെ………

Story written by Rivin Lal

ബൈക്കിന്റെ കീ വിരലിലിട്ടു എടുത്തു കറക്കി വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ അമ്മ ചോദിച്ചു,

“എങ്ങോട്ടാ ലാലു നീ ഈ സന്ധ്യക്കു ബൈക്കുമായി.??”

അത് അമ്മേ.. അഭി കാത്തു നിൽക്കുന്നുണ്ട്.. അവന്റെ കൂടെ ഒരു സിനിമയ്ക്കു പോവാണ്.. വരുമ്പോൾ ബീച്ചിലൊക്കെ ഇരുന്നു അല്പം വൈകിയേ വരൂ കേട്ടോ. ഞാൻ മറുപടി പറഞ്ഞു.

“എവിടെ കറങ്ങി തിരിഞ്ഞാലും വേണ്ടില്ല. നേരത്തിനും കാലത്തിനും വീട്ടിൽ തിരിച്ചു എത്തിക്കോളൂ കേട്ടോ.. അല്ലേൽ ഞാൻ വാതിൽ തുറന്നു തരില്ല. എന്റെ പൊന്നു മോൻ പുറത്തു കിടന്നുറങ്ങിക്കോളു.!!” അമ്മയുടെ ആ മറുപടി ഒരു താക്കീതു കൂടിയാണെന്ന് തോന്നി എനിക്ക്.

ഞാൻ അതൊന്നും വക വെക്കാതെ ബൈക്ക് റേസ് ചെയ്ത് വീട്ടിൽ നിന്നും ഇറങ്ങി. അല്പം ഗൗരവത്തോടെ ആണെന്ന് കൂടി വേണേൽ പറയാം.ഞാനും അഭിയും ഫസ്റ്റ് ഷോ മൂവി കണ്ട് കഴിഞ്ഞു നേരെ കോഴിക്കോട് ബീച്ചിൽ പോയിരുന്നു.

കാറ്റും കൊണ്ട് കടൽ തിരമാലകൾ എണ്ണികൊണ്ടിരിക്കുമ്പോൾ അവൻ ചോദിച്ചു, “നീയെത്ര ഭാഗ്യവാനാടാ..??” ഞാൻ ആദ്യമൊന്നു അന്ധാളിച്ചു അവനോടു ചോദിച്ചു, അതെന്താ അഭി നീ അങ്ങിനെ പറഞ്ഞേ.??

“നിനക്കറിയാലോ.. എന്റെ അമ്മ എന്റെ കുഞ്ഞു നാളിലെ എന്നെ വിട്ടു പോയതാണ്. അത് കൊണ്ട് ആ സ്നേഹം കിട്ടാതെ വളരുമ്പോളേ അതിന്റെ വില അറിയൂ.!! നിനക്കൊക്കെ പിണങ്ങാനും ഇണങ്ങാനും ഒരമ്മ ഇല്ലെടാ. എനിക്കങ്ങിനെ ആണോ.??” അവന്റെ ആ ചോദ്യം എന്റെ മനസിനെ ചെറുതായി ഉലച്ചു എന്നതാണ് അപ്പോളത്തെ സത്യം.!!”

“നീ നിന്റെ അമ്മയുടെ എന്തേലും ഇഷ്ടങ്ങൾ നിറവേറ്റി കൊടുത്തിട്ടുണ്ടോ.? അമ്മയുടെ ഏറ്റവും വലിയ ആഗ്രഹം എന്താണെന്നെന്നു നീ എപ്പോളെങ്കിലും ചോദിച്ചിട്ടുണ്ടോ.?? എപ്പോളും ദേഷ്യപ്പെട്ടല്ലേ നീ അമ്മയോട് സംസാരിക്കാറ്.?! ആരെ കാണിക്കാനാ.?? നിന്റെ കാമുകിയുടെ എല്ലാം നീ ഓർത്തു വെക്കാറുണ്ടല്ലോ. അറ്റ് ലീസ്റ് നിന്റെ അമ്മയുടെ ജന്മ ദിനം എന്നാണെന്നു നിനക്കറിയുമോ.?? ജനിച്ച ദിവസം.?? സമയം .?? സ്ഥലം.?? നീ ഒരു മുഴുവൻ ദിവസമെങ്കിലും നിന്റെ കാമുകിക്ക് വേണ്ടി മാറ്റി വെക്കുന്ന പൊലെ അമ്മയുടെ കൂടെ ചിലവഴിച്ചിട്ടുണ്ടോ.?? നിന്റമ്മ നിന്നോട് എന്തേലും ചോദിച്ചാൽ നീ ജോലി തിരക്കാണെന്നു പറഞ്ഞു ഒഴിഞ്ഞു മാറുകയല്ലേ എപ്പോളും പതിവ്.???”
അവന്റെ ആ ചോദ്യങ്ങൾ ഒരു തീ ചൂള പോലെ എന്റെ നെഞ്ചിലാണ് തറച്ചത്. “എടാ ഞാൻ..!” എന്റെ വാക്കുകൾ ഇടറി..

അവന്റെ വാക്കുകൾ ഒരു തിരിച്ചറിവായി എനിക്കപ്പോൾ തോന്നി. മനസ്സ് വല്ലാതെ വിഷമിക്കുന്നതായി തോന്നി എനിക്ക്. എന്തൊക്കെയോ നഷ്ടപെട്ട പോലെ.!!അന്ന് രാത്രി വൈകി ഒരു മണി കഴിഞ്ഞു വീട്ടിലെത്തി ഡോർ ബെൽ അടിച്ചപ്പോളും അമ്മയാണ് വാതിൽ തുറന്നത്.

“നീ വല്ലതും കഴിച്ചോ ലാലൂ.??” “അമ്മ ഉറങ്ങിയില്ലായിരുന്നോ.??” ഞാൻ ചോദിച്ചു.”നീ വരാഞ്ഞിട്ടു ഉറക്കം വന്നില്ല. ഭക്ഷണം അടുക്കളയിൽ വെച്ചിട്ടുണ്ട്. വിളമ്പട്ടെ.??” അമ്മ ചോദിച്ചു. “വേണ്ട.. ഞാൻ പുറത്തു നിന്നും കഴിച്ചു.!!” അമ്മ വാതിൽ അടച്ചു കിടന്നോളു. പിന്നെ നാളെ ഞായറാഴ്ചയല്ലേ.. നേരത്തെ എണീറ്റോളു കേട്ടോ..നമുക്കൊരു സ്ഥലം വരെ പോകണം. ഞാൻ പറഞ്ഞു. “എങ്ങോട്ടാ ലാലൂ.. പെട്ടെന്ന്.??” അമ്മ അതിശയത്തോടെ ചോദിച്ചു. അതൊക്കെ ഉണ്ട് അമ്മാ.. അമ്മ നേരത്തെ എണീറ്റാൽ മാത്രം മതി. അതും പറഞ്ഞ് ഞാൻ റൂമിലേക്ക് പോയി. അന്ന് എനിക്ക് ശരിക്കും ഉറങ്ങാൻ പറ്റിയില്ല എന്നതാണ് സത്യം.

പിറ്റേന്ന് നേരം വെളുത്തു..അമ്മ സെറ്റ് മുണ്ടും സാരിയുമായിരുന്നു ഉടുത്തത്. ബൈക്ക് വേണ്ട. കാർ ആവാം എന്ന് ഞാൻ തീരുമാനിച്ചു. അച്ഛന് ദൂരെ യാത്ര ക്ഷീണം ആയതോണ്ട് അച്ഛൻ വന്നില്ല. അമ്മയുമൊത്തു നേരെ പോയത് ഗുരുവായൂർ അമ്പലത്തിലേക്കാണ്. അമ്മയുടെ കുറെ നാളായുള്ള ഒരു ആഗ്രഹമാണ് കൃഷ്ണനെ ഒന്ന് കാണണം എന്നത് കൂടെ കാറിൽ എന്റെ കൂടെ കാറിൽ ഒരു ലോങ്ങ് ഡ്രൈവും. ആ ആഗ്രഹമാണ് ആദ്യം സാധിച്ചത്. കൃഷ്ണനെ നേരിട്ടു കണ്ട സന്തോഷമായിരുന്നു അമ്മയുടെ മുഖത്തു മുഴുവൻ. തിരിച്ചു വരുമ്പോൾ തട്ടു കടയിൽ നിന്നും നല്ല കോഴിക്കോടൻ തട്ടു ദോശയും കഴിപ്പിച്ചു. പിന്നെ നേരെ ബീച്ചിലേക്ക്. ബീച്ചിലെ വരാന്തയിലിരുന്നു നമ്മുടെ കോഴിക്കോടുകാരുടെ സ്വന്തം കല്ലുമ്മക്കായ പൊരിച്ചതും ഒരു കട്ടൻ ചായയും അടിച്ചു അമ്മയോട് കൊച്ചു വർത്തമാനം. “അല്ല മാതാശ്രീ.. ങ്ങളുടെ ഒരു ആഗ്രഹം പറഞ്ഞെ കേൾക്കട്ടെ.!!” ഞാൻ ചോദിച്ചു..

“ഞാൻ തിയേറ്ററിൽ നിന്നും ഒരു സിനിമ കണ്ടിട്ടു കുറെ കാലമായെടാ.. ഈ മൾട്ടിപ്ളെക്സ് ഒന്നും വന്നതിൽ പിന്നെ ഞാൻ പുതിയ സിനിമകൾ ഒന്നും കണ്ടിട്ടില്ല. അതൊന്നു കാണാൻ ആഗ്രഹമുണ്ട്.”അമ്മ വളരെ നിഷ്കളങ്കമായാണ് മറുപടി പറഞ്ഞത്.

പിന്നെ ഒന്നും നോക്കീല. നേരെ പോയത് മൾട്ടി പ്ളെക്സിലേക്കാണ്. അമ്മയുടെ സ്റ്റാർ ലാലേട്ടന്റെ പടം തന്നെ കണ്ടു എന്ന് പറയാം. സിനിമയും കഴിഞ്ഞു ഇറങ്ങിയപ്പോൾ അമ്മക്കിഷ്ട്ടപ്പെട്ട കളർ ഒരു സാരിയും വാങ്ങിച്ചു കൊടുത്തു. രാത്രി കാറിൽ തിരിച്ചു വരുമ്പോൾ അമ്മ നല്ല ഉറക്കത്തിലേക്കു വീണിരുന്നു. മുഴുവൻ ദിവസത്തെ കറക്കം കൊണ്ട് പാവം നന്നായി ക്ഷീണിച്ചിരുന്നു. ഞാൻ വളരെ പതുക്കെയാണ് വണ്ടി ഓടിച്ചത്.

രാത്രി പതിനൊന്നു മണിയായിക്കാണും വീട്ടിലെത്തിയപ്പോൾ. അച്ഛൻ ചോദിച്ചു.. നല്ല ആൾക്കാരാ.. രാവിലെ പോയിട്ടു ഇപ്പോളാണോ തിരിച്ചു വരുന്നേ.!!”അല്പം വൈകി പോയി അച്ഛാ” എന്ന് പറഞ്ഞു ഞാൻ.. അമ്മ ഒന്ന് ചിരിക്കുക മാത്രം ചെയ്തു അച്ഛനോട്. വാതിൽ അടച്ചു അമ്മ റൂമിലേക്ക് പോണതിനു മുമ്പ് എന്നെ ചേർത്ത് പിടിച്ചു എന്റെ നെറ്റിയിൽ ഒരു സ്നേഹ ചുംബനം തന്നു. അപ്പോൾ അമ്മയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു എന്ന് എനിക്ക് തോന്നി.

സ്നേഹ സമ്പന്നരായ അച്ഛനമ്മമാരുടെ കൊച്ചു കൊച്ചു സന്തോഷം നിറവേറ്റി കൊടുക്കുന്നതിനേക്കാൾ വലുതല്ല ഈ ലോകത്തു മറ്റെന്തു നേട്ടവും എന്ന സത്യം എന്നന്നേക്കുമായി ഞാൻ തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്.!!

Leave a Reply

Your email address will not be published. Required fields are marked *