തോരാതെ പെയ്യുന്ന മഴ പോലെ
Story written by Ammu Santhosh
“അച്ഛൻ എവിടെ ?”
ഇഡലി മുറിച്ചു ചട്ണിയിൽ മൂക്കുമ്പോൾ സന്ദീപ് ചോദിച്ചു .ഫോണിലാണെന്നു ആംഗ്യം കാണിച്ചു നേഹ ഒരു ചിരി ചിരിച്ചു .
“അച്ഛനിയിടെ ആയി ഇത് കൂടുന്നുണ്ടല്ലോ ? ഇതാരാ ഇപ്പൊ ഇത്രയും വിളിക്കാൻ നീ നോക്കിയില്ല ?”
നേഹ അവനരികിൽ വന്നിരുന്നു .
“ഒരു യു എസ് കാൾ ആണ് പേര് ഗൗരി അത്രേം അറിയാം .ഒരിക്കൽ കാൾ വന്നപ്പോൾ കണ്ടതാണ് .പഴയ ലൈൻ വല്ലോം ആയിരിക്കുമോ?”
അവൾ കണ്ണിറുക്കി
“പോടീ “അവൻ അലസമായി പറഞ്ഞു
അച്ഛൻ വന്നു കസേര വലിച്ചിട്ടിരുന്നു .അച്ഛൻ പതിവിലും സുന്ദരനായിരിക്കുന്നു. മുഖത്ത് നല്ല തെളിച്ചം .താടിരോമങ്ങൾ വൃത്തിയായി വെട്ടിയൊതുക്കി യിരിക്കുന്നു. ഇളം നീല ടീ ഷർട്ട് .അച്ഛനെ കണ്ടാൽ തന്റെ ഏട്ടൻ ആണെന്നെ തോന്നുകയുള്ളൂ .
സന്ദീപിന്റെ സ്വാർത്ഥതയും അഹങ്കാരവും അഭിമാനവും അച്ഛനാണ് .മികച്ച വാഗ്മിയും എഴുത്തുകാരനും ആയ ദേവദേവൻ എന്ന അവന്റെ അച്ഛൻ . അമ്മയെ അവൻ കണ്ടിട്ടില്ല അവൻ ഭൂമിയിലേക്ക് വന്നപ്പോൾ ‘അമ്മ പോയിരുന്നു . അച്ഛനും അമ്മയും ദൈവവും അച്ഛൻ തന്നെ .നേഹ ജീവിതതിലേക്കു കടന്നു വന്നപ്പോളും അച്ഛനുള്ളത് അച്ഛന് തന്നെ അതിനു മാറ്റമൊന്നും വന്നിട്ടില്ല . അച്ഛനാണ് സർവം .അച്ഛൻ തന്നെയാണ് പ്രപഞ്ചവും
.അച്ഛന്റെ സുഹൃത്തുക്കൾ അവന്റെയും സുഹൃത്തുക്കൾ ആണ് ആരാധിക മാരെയൊക്കെ ഒരു പരിധിക്കപ്പുറം നിർത്താനുള്ള അച്ഛന്റെ പാടവം അവൻ കണ്ടറിഞ്ഞിട്ടുള്ളതാണ് .തങ്ങളുടെ ലോകത്തേക്ക് ഒരാളും കടന്നു വരൻ അച്ഛൻ അനുവദിച്ചിരുന്നില്ല .
അവൻ അച്ഛനെ നിരീക്ഷിച്ചു കൊണ്ടിരുന്നു .
അച്ഛൻ പതിവ് പോലെ രണ്ടു ഇഡലി , ഒരു ഗ്ലാസ് പാൽ , ഒരു പുഴുങ്ങിയ ഏത്തപ്പഴം ഇത്രയും കഴിച്ചു .അവനെ നോക്കി പുഞ്ചിരിച്ചു ,”പോകാറായോ ?”എന്ന് പതിവ് ചോദ്യം ചോദിച്ചു . പിന്നെ എന്നെത്തെയും പോലെ നിറുകയിൽ ചുണ്ടമർത്തി കടന്നു പോയി
ഹോസ്പിറ്റലിൽ രോഗികളുടെ മുന്നിലിരിക്കുമ്പോളും അവൻ അസ്വസ്ഥ നായിരുന്നു
” ആരാണ് ഗൗരി ?”
വൈകുന്നേരം വീട്ടിലെത്തുമ്പോൾ അച്ഛൻ വീട്ടിലുണ്ടായിരുന്നില്ല .തന്നോട് പറയാതെ പോയി എന്ന ഒരു പിണക്കം അവനിൽ മുട്ടി തിരിഞ്ഞു .വല്ലാത്ത ഒരു ദേഷ്യവും ശുണ്ഠിയും അവനിൽ നിറഞ്ഞു
“കഴിക്കാൻ വരുന്നില്ലേ കുട്ടാ ?”
രാത്രിയിൽ അച്ഛന്റെ കൈവിരലുകൾ നെറ്റിയിൽ അമര്ന്നപ്പോള് കൈ തട്ടി മാറ്റി ചെറിയ കുട്ടിയെ പോലെ അവൻ കമിഴ്ന്നു കിടന്നു . അച്ഛൻ അരികിലിരുന്നു അവന്റെ ചുമലിൽ മുഖം ചേർത്ത് വെച്ചു. ചില ചോദ്യങ്ങൾ ഉള്ളിൽ കിടന്നു തിളയ്ക്കുന്ന ലാവ പോലെയാണ് .അറിഞ്ഞു പറയട്ടെ എന്ന് കരുതും.അവനും അതായിരുന്നു ആഗ്രഹിച്ചതും .അച്ഛൻ അത് പറയട്ടെ .മനസ്സറിഞ്ഞത് പോലെ അച്ഛൻ പാഞ്ഞു തുടങ്ങി “
“ഗൗരി അച്ഛന്റെ സഹപാഠി ആയിരുന്നു . .ഒരേ ചിന്താഗതികൾ ഉള്ളവർ പ്രണയത്തിലെത്തുക സ്വാഭാവികമാണ് .അങ്ങനെ പറയുമ്പോൾ ഗൗരി എന്റെ പ്രണയം ആയിരുന്നു .പക്ഷെ അവളുടെ മാതാപിതാക്കൾക്കരികിലേക്കു തിരിച്ചു പോകേണ്ടത് അനിവാര്യമായിരുന്നു ,അവൾ തിരിച്ചു പോയി പിന്നെ കണ്ടിട്ടില്ല . ഒരു പ്രണയത്തിന്റെ പേരിൽ ജീവിതം കളയാനുള്ള വിഢിത്തം ഒന്നും എനിക്കില്ലായിരുന്നു .ഞാൻ എഴുത്തിലേക്ക് തിരിഞ്ഞു ..പിന്നെ ഈയിടെ അവളുടെ ഒരു ഫോൺ കാൾ എന്നെ തേടി വന്നു .അവൾക്കു ഹൃദയത്തിനു ഒരു തകരാറു ഉണ്ട് ഒരു സര്ജറി വേണം .ആരോ പറഞ്ഞിരുന്നുവത്രെ നീ നല്ല ഒരു കാർഡിയാക് സർജൻ ആണെന്നും എന്റെ മകൻ ആണെന്നും. ഞാനും നിന്റെ പേരാണ് സജ്ജെസ്റ് ചെയ്തത് .അവരുടെ ഒപ്പം ആരുമില്ല .ഒരു മകൾ ഉള്ളത് വിവാഹിതയായി വേറെ നാട്ടിലാണ് .ഇവിടെ നമ്മൾ ഉണ്ടല്ലോ ?”
അവൻ നടുക്കത്തോടെ ചാടി എഴുനേറ്റു
“ഞാനോ ?”
“അതെ നീ ആണല്ലോ ഈ നാട്ടിലെ ഏറ്റവും നല്ല കാർഡിയാക് സർജൻ “
“അമേരിക്കയിലെ ചികിത്സാരീതിക്കടുത്തു വരുമോ അച്ഛാ ഇവിടെ അച്ഛനെന്തിനാ അവരെ …?”
“നീ മതി ഞാൻ വാക്ക് കൊടുത്തു “അച്ഛൻ പറഞ്ഞു നിർത്തി എഴുനേറ്റു പോയി.
ഗൗരി വന്നു .കടും ചുവപ്പു സാരിയിൽ കറുപ്പ് നൂലുകൾ തിളങ്ങി നിന്നു . അവരെ പ്രായം തൊട്ടിട്ടില്ല എന്നവന് തോന്നി അച്ഛന്റെ പ്രായം ആണെന്ന് തോന്നില്ല .നീണ്ട മുടി മുന്നിലേക്കിട്ടു അവർ അവന്റെ ശിരസ്സിൽ തലോടി പുഞ്ചിരിച്ചപ്പോൾ അവൻ പിന്നിലേക്ക് മാറി .അവൻ അസ്വസ്ഥനായിരുന്നു .അച്ഛൻ അവരോട് ചിരിക്കു മ്പോളും സംസാരിക്കുമ്പോളും അത് കൂടി വന്നു . അവരുടെ സൗഹ്രദം കാണുമ്പോൾ സര്ജറിയ്ക്കു ശേഷം അവർ ഇവിടം വിട്ടു പോകാതിരിക്കുമോ എന്ന പേടിയും അവനെ ഗ്രസിച്ചു .
ഓപ്പറേഷൻ ടേബിളിൽ അവരുടെ മുഖം കാണെ അവൻ ശാന്തനായി .അത് ഒരു ഡോക്ടർക്കു മാത്രം സാധിക്കുന്നതാണ് .മരണത്തിന്റ പടിവാതിൽക്കലോളം പോകുന്ന ഒരു ആത്മാവിനെ കൈ പിടിച്ചു തിരികെ നടത്തുന്നവനാണ് ഒരു ഡോക്ടർ .അവൻ ആ മുഖത്തേക്ക് അലിവോടെ നോക്കി.
“പേടിക്കണ്ട “അവൻ മെല്ലെ പറഞ്ഞു
സര്ജറി വിജയമായിരുന്നു . ദിവസങ്ങൾക്കു ശേഷം അവരെ യാത്രയാക്കി എയർപോർട്ടിൽ നിന്നു മടങ്ങുമ്പോൾ അച്ഛൻ അവന്റ തോളിൽ ഒന്ന് തൊട്ടു
“മോനു”
“ഉം “
“നിനക്കൊരു പേടി ഉണ്ടായിരുന്നു ?”
“ഉം”
“എന്തിനു?’
“അറിയില്ല “അവന്റെ ശബ്ദം ഇടറി
നിശബ്ദമായ ഒരു നിമിഷം കടന്നു പോയി
“നിന്റെ ‘അമ്മ എന്റെ ആരായിരുന്നു എന്നറിയുമോ ?
അവൻ വാഹനം വശത്തേക്ക് ഒതുക്കി
” എന്നിലേക്ക് പെയ്‌തു തോർന്ന ഒരു മഴ, അല്ലെങ്കിൽ ഇനിയും തോരാതെ പെയ്തു കൊണ്ടിരിക്കുന്ന ഒരു മഴ. മറക്കാൻ വയ്യ …മരിച്ചാലും പറ്റുമോ ? അറിയില്ല …”അച്ഛന്റെ കണ്ണുകൾ നിറയുന്നുണ്ട് ” അവളുടെ ഓർമയിൽ ജീവിക്കാനെത്ര സുഖമാണെന്നോ ? ആ വിളിയൊച്ച ..ആ ഗന്ധം …ആ സ്നേഹം ..ഒരു ആണിന് അത്തരം സ്നേഹത്തെ മറക്കാൻ പറ്റില്ല മോനെ …”
അച്ഛൻ പിന്നിലേക്ക് ചാരി കണ്ണുകളടച്ചു. അവൻ വാഹനം സ്റ്റാർട്ട് ചെയ്തു
“” അച്ഛാ എന്നോട് ക്ഷമിക്കണേ “ഉള്ളിൽ അവൻ പറഞ്ഞു കൊണ്ടിരുന്നു .
എത്ര മനസിലാക്കി എന്ന് കരുതിയാലും ഇനിയുമുണ്ടാവും ഓരോ താളുകൾ മനുഷ്യൻ എന്നപുസ്തകത്തിന് ..വായിക്കാനാവാതെ ..അല്ലെങ്കിൽ വായിക്കുമ്പോൾ വീണ്ടും വീണ്ടും വായിക്കാൻ കൊതി തോന്നും പോലെ .