എന്‍ കണിമലരേ…
എഴുത്ത് : ദിപി ഡിജു
‘മോനെ കുട്ടാപ്പി, ഭക്ഷണം കഴിക്കാന്‍ വാ…’
‘എനിക്കൊന്നും വേണ്ട…’
‘അതെന്താടാ… മുത്തശ്ശീടെ ചക്കരമോന്‍ പിണക്കത്തിലാണല്ലോ… എന്തു പറ്റി എന്‍റെ കുട്ടന്…??’
‘ഇവിടുന്ന് ഒന്നു പോയി തരുമോ… എനിക്കാരെയും കാണേണ്ട… ഭക്ഷണവും വേണ്ട… ഞാന്‍ ഇവിടെ കിടന്നു ചത്തോട്ടേ… ആര്‍ക്കാണ് ചേദം…???’
‘അയ്യോ… മുത്തശ്ശീടെ മോന്‍ അങ്ങനെ ഒന്നും പറയല്ലേ… വാ വന്നു ഭക്ഷണം കഴിക്കൂ…’
‘എനിക്കു ഒന്നും വേണ്ടന്നല്ലേ പറഞ്ഞേ… ഇറങ്ങി പോകുമോ ഒന്നു…’
‘അങ്ങനെ പറഞ്ഞാല്‍ പറ്റില്ലല്ലോ… ദാ എല്ലാവരും കഴിക്കാന്‍ ഇരുന്നു… മോനെ നോക്കി ഇരിക്കുവാണ്… വാ ചോദിക്കട്ടെ… എന്താ എന്‍റെ മോന്‍റെ പ്രശ്നം…??’
അത്… അമ്മ എന്നെ തല്ലി… കുറെ ചീത്ത പറഞ്ഞു…’
‘അവളോ…??? അവള്‍ എന്തിനാണ് എന്‍റെ കുഞ്ഞിനെ ചീത്ത വിളിച്ചത്…???’
‘അത്… എന്‍റെ കൂട്ടുകാര്‍ എല്ലാവരും കൂടെ ഐസ്ക്രീം വാങ്ങാന്‍ പ്ളാന്‍ ഇട്ടു… അതിനു ഞാന്‍ അച്ഛന്‍റെ പേഴ്സില്‍ നിന്നു പത്തു രൂപ എടുത്തു… അതിനാണ്…’
‘ഇത്ര ചെറിയ കാര്യത്തിനാണോ എന്‍റെ കുഞ്ഞിനെ അവള്‍ ഇങ്ങനെ തല്ലിയതും ചീത്ത പറഞ്ഞതും… മോന്‍ വാ… ഞാന്‍ അവളോടു ചോദിക്കാം…’
ഒരു വിധം സമാധാനിപ്പിച്ചു അവര്‍ കുട്ടാപ്പിയെ ഭക്ഷണം കഴിക്കാന്‍ ഇരുത്തി. പാത്രത്തിലേക്ക് ചപ്പാത്തി വിളമ്പി കൊടുത്തു.
‘എടി മീനേ… നീ എന്തിനാടി എന്‍റെ കൊച്ചിനെ തല്ലിയത്…??’
‘തല്ലു കൊള്ളേണ്ട പ്രവൃത്തി ചെയ്തതു കൊണ്ട്… ഇനിയും ഇങ്ങനത്തെ പണി ചെയ്താല്‍ കിട്ടും…. വീണ്ടും… നല്ല തല്ല്…’
‘എനിക്ക് ഒന്നും വേണ്ട…’
ഭക്ഷണം വിളമ്പിയ പാത്രം തള്ളി നീക്കി കുട്ടാപ്പി കൈകെട്ടി മുഖം വീര്‍പ്പിച്ചിരുന്നു.
ഒന്നു കൂടി മീന ആ പാത്രം അവനടുത്തേക്ക് നീട്ടി.
‘എനിക്ക് വേണ്ടെന്നല്ലേ പറഞ്ഞത്…’
അവന്‍ വീണ്ടും പാത്രം തള്ളി മാറ്റി.
‘എന്നാല്‍ നീ തിന്നണ്ട…’
മീന അവന്‍റെ പാത്രം എടുത്തു കൊണ്ട് പോയി.
‘എന്താടി നീ ഈ കാണിക്കുന്നത്…??? അവന്‍ ഒരു കൊച്ചു തെറ്റു ചെയ്തെന്നും പറഞ്ഞു കൊച്ചിനെ എങ്ങനെയെങ്കിലും തീറ്റിക്കാതെ… അവള്‍ വാശി കാണിക്കുന്നോ…??’
മീനയുടെ മുഖം വലിഞ്ഞു മുറുകി. അവള്‍ കുട്ടാപ്പിയെ നോക്കി. അവന്‍റെ കണ്ണില്‍ ചെറിയ ഒരു സന്തോഷം ഉണ്ട്. മുത്തശ്ശീയുടെ കൈയ്യില്‍ നിന്നും അമ്മയ്ക്ക് കണക്കിനു വാങ്ങി കൊടുക്കാന്‍ സാധിച്ചതിന്‍റെ ചാരിതാര്‍ഥ്യം ആ ചിരിയില്‍ പ്രകടമായിരുന്നു. അവള്‍ അതു ശ്രദ്ധിക്കാതെ എല്ലാവര്‍ക്കും ഭക്ഷണം വിളമ്പുന്നതില്‍ ശ്രദ്ധിച്ചു.
‘ഒരു പത്തു രൂപ എടുത്തതിനാണോ നീ ഇങ്ങനെ കൊച്ചിനോടു കാണിക്കുന്നത്…??? അവന്‍ അവന്‍റെ അച്ഛന്‍റെ പേഴ്സില്‍ നിന്നല്ലേ എടുത്തത്…??? അല്ലാതെ മറ്റാരുടെയും കൈയ്യില്‍ നിന്നല്ലല്ലോ…??’
അവര്‍ കുട്ടാപ്പിയുടെ നേരെ തിരിഞ്ഞു.
‘മുത്തശ്ശീടെ മോനു മുത്തശ്ശി തരാടാ ഭക്ഷണം… നീ അവളെ ഒന്നും നോക്കണ്ട…’
അവര്‍ ചെന്നു കുട്ടാപ്പിയുടെ പാത്രം എടുക്കാന്‍ ആഞ്ഞു. മീന അവരുടെ കൈയ്യില്‍ കയറി പിടിച്ചു.
‘അമ്മേ…. അവന്‍ അച്ഛന്‍റെ പേഴ്സില്‍ നിന്നു പത്തു രൂപ എടുത്തതല്ല… അച്ഛന്‍റെ പേഴ്സില്‍ നിന്നു ആ കാശ് മോഷ്ടിച്ചിരിക്കുവാണ്… മോഷണം ആണ് അവന്‍ ചെയ്തിരിക്കുന്നത്…’
അവളുടെ തീക്ഷണതയോടെ ഉള്ള ശബ്ദം കേട്ട് അവരുടെ കൈ ഒന്നു അയഞ്ഞു.
‘എന്തൊക്കയാടി നീ പറയുന്നത്…??? മോഷണമോ..??? ഇതൊക്കെ എങ്ങനെയാണ് മോഷണം ആകുന്നത്…??? വെറുതെ കൊച്ചിനെ വിഷമിപ്പിക്കാന്‍ ഓരോന്നു കണ്ടു പിടിച്ചു വന്നോളും…’
മുത്തശ്ശി കുട്ടാപ്പിയുടെ തലയില്‍ തടവി.
‘പിന്നെ… എന്തിനാണ് അവന്‍റെ തല കുനിഞ്ഞിരിക്കുന്നത്…??? അച്ഛന്‍റെ പേഴ്സില്‍ നിന്നാണേലും ചോദിക്കാതെ എടുക്കുന്നതു മോഷണം തന്നെയാണ്… കുഞ്ഞുങ്ങളെ ലാളിക്കണം അമ്മേ… വേണ്ടെന്നു ഞാന്‍ പറയില്ല… പക്ഷേ…തെറ്റു കണ്ടാല്‍ അതിനു ശാസിക്കുക തന്നെ വേണം… ആ ശാസനകള്‍ അവര്‍ക്ക് നന്മ മാത്രമേ വരുത്തു…’
മുത്തശ്ശിയുടെ കൈകള്‍ പെട്ടെന്ന് കുട്ടാപ്പിയുടെ തലയില്‍ നിന്നു താഴേക്ക് വീണു. അവന്‍ അത്ഭുതത്തോടെ മുത്തശ്ശിയുടെ മുഖത്തേക്ക് നോക്കി.
‘ഇന്നവന്‍ പത്തു രൂപ എടുത്തു… അതിനു നമ്മള്‍ പ്രോത്സാഹനം നല്‍കിയാല്‍ അത് ഒരു തുടര്‍ക്കഥ ആവും… പിന്നീട് അത് മറ്റുള്ളവരില്‍ നിന്നായാല്‍… അത് അമ്മ ചിന്തിച്ചിട്ടുണ്ടോ…??? നമ്മുടെ കുഞ്ഞിന്‍റെ ഭാവി നമ്മള്‍ ചിലപ്പോഴൊക്കെ എടുക്കുന്ന നിലപാടുകളില്‍ അധിഷ്ഠിതമാണ് അമ്മേ… ഞാന്‍ ഇങ്ങനെയൊക്കെ പറഞ്ഞതില്‍ അമ്മയ്ക്ക് വിഷമം തോന്നിയെങ്കില്‍ എന്നോടു ക്ഷമിക്കണം…’
‘ഇല്ല മോളെ… നീ പറഞ്ഞതു ശരിയാണ്… ഞാന്‍ അത്രയ്ക്കും ചിന്തിച്ചില്ല… എന്‍റെ കുഞ്ഞ് ചീത്തയായി പോകാന്‍ ഞാനായിട്ടു വഴി വയ്ക്കില്ല… കുട്ടാപ്പീ… നിനക്ക് ഭക്ഷണം വേണ്ടെന്നല്ലേ പറഞ്ഞേ… നീ എഴുന്നേറ്റു പോയ്ക്കോളൂ…’
മുത്തശ്ശി കുട്ടാപ്പിയെ നോക്കി പരുഷമായി തന്നെ പറഞ്ഞു.
മുത്തശ്ശിയുടെ പെട്ടെന്നുള്ള ആ ഭാവമാറ്റം കുട്ടാപ്പി തീരെ പ്രതീക്ഷിച്ചില്ല.
‘ആരു പറഞ്ഞു വേണ്ടെന്ന്…??? എനിക്കു വേണം…’
മുത്തശ്ശിയുടെ അടുത്തിരുന്ന പാത്രം വലിച്ചെടുത്ത് അവന്‍ വലിച്ചു വാരി തിന്നാന്‍ തുടങ്ങി.
‘ഇതെന്താടാ നീ ഇങ്ങനെ തിന്നുന്നേ…??’
‘രണ്ടു പേരും ഒന്നായാലെ എനിക്ക് പച്ചവെള്ളം കിട്ടില്ലെന്നു എനിക്കറിയാം…’
അവന്‍റെ വാക്കുകള്‍ കേട്ട് എല്ലാവര്‍ക്കും ചിരിപൊട്ടി.
ഭക്ഷണം കഴിഞ്ഞു മീന പാത്രം കഴുകി വരുമ്പോഴും കുട്ടാപ്പി ടീവിക്കു മുന്നില്‍ സ്ഥാനം ഉറപ്പിച്ചിരുന്നു.
ടീവി ഓഫാക്കി അവള്‍ കുട്ടാപ്പിയെ നോക്കി.
‘പോയി കിടന്നുറങ്ങെടാ… നാളെ ക്ളാസ്സില്‍ പോകേണ്ടതാണ്…’
അവന്‍ അമ്മയുടെ കൈപിടിച്ചു വലിച്ചു. അവന്‍റെ കണ്ണുകള്‍ കലങ്ങിയിരുന്നു.
‘എന്താ കുട്ടാപ്പി…??’
അവള്‍ അവനരുകില്‍ ഇരുന്നു.
‘അമ്മേ… ഞാനിനി… ഞാനിനി അങ്ങനെ ഒന്നും ചെയ്യില്ല… അമ്മേടെ കുട്ടാപ്പി ഇനി ചോദിക്കാതെ ആരുടെയും ഒന്നും എടുക്കില്ല… എന്നോടു പിണങ്ങല്ലേ…’
അവള്‍ അവന്‍റെ വാത്സല്യത്തോടെ തഴുകി നെറുകയില്‍ ഒന്നു ചുംബിച്ചു.
‘എന്‍റെ കുട്ടാപ്പി നല്ല കുട്ടി ആകാനല്ലേ അമ്മ ചീത്ത പറയുന്നതും തല്ലുന്നതും… ഇനി മോന്‍ അങ്ങനെ ഒന്നും ചെയ്യില്ലെന്നു എനിക്കറിയാം… വാ… നമ്മുക്ക് കിടക്കാം…’
അവര്‍ കിടപ്പുമുറിയിലേക്ക് പോകുന്നതും കെട്ടിപ്പുണര്‍ന്നു ഉറങ്ങുന്നതും നിറക്കണ്ണുകളോടെ മുത്തശ്ശി നോക്കി നിന്നു. അവര്‍ അറിയാതെ പറഞ്ഞു പോയി.
‘ശരിയാണ് മോളെ… നീ തന്നെയാണ് ശരി…’