അവളാ കഥയ്ക്ക് വന്നു കമന്റിട്ടു, കഥയൊക്കെ കൊള്ളാം പക്ഷെ നായികയ്ക്ക് അനു എന്ന പേര് കൊള്ളില്ലയെന്നെവൾ പറഞ്ഞപ്പോൾ……….

കുശുമ്പത്തിപ്പാറു

Story written by Adarsh Mohanan

” എട്ടാ ഏതവളാ അത്, ഏട്ടനെന്താ അവളെ വിളിച്ചേ, മായൂന്നോ ? മായാ മുരളി എന്നല്ലെ അവൾടെ പേര് അപ്പൊ അങ്ങനെ വിളിച്ചാ മതി”

” എന്റെ പാറു നീയിങ്ങനെ ഓരോന്നും ചികഞ്ഞ് ഓരോ ദിവസവും വഴക്കുണ്ടാക്കാൻ വന്നാ ഞാനെന്താ ചെയ്യാ”

” അല്ല എനിക്കിപ്പൊ അറിയണം. അവള് ഏട്ടന്റെ കഥയ്ക്ക് കമൻറിട്ടപ്പോ എന്തിന ചെല്ലപ്പേര് വിളിച്ച് കമന്റിന് റീപ്ലേ കൊടുത്തത്, എനിക്കത് ഇഷ്ട്ടല്ല, എന്റെ ഏട്ടൻ എന്നെ മാത്രം ചെല്ലപ്പേര് വിളിച്ചാ മതി വേറെ ഒരുത്തിനേം വിളിക്കണ്ട. വിളിച്ചാൽ ഞാൻ കൊല്ലും ഏട്ടനെ “

അവള് വെറും പാറുവായിരുന്നില്ല എന്റെ കുശുമ്പത്തി പാറു തന്നെയായിയിരുന്നു, സാഹിത്യ ഗ്രൂപ്പുകളിൽ സമാന്യം എഴുതുന്ന കൂട്ടത്തിലായതുകൊണ്ടും പെണ്ണു കെട്ടിയിട്ടില്ലാത്തതുകൊണ്ടുo മാത്രം എഫ് ബി യിൽ പെങ്ങൾമാർക്ക് ഒരു പഞ്ഞവുമില്ലാത്ത സമയം

എന്നും മുടങ്ങാതെയെന്റെ കഥകൾ വായിച്ചിട്ട് കഥയേക്കാൾ മനോഹരമായ കമൻറുകൾ ഇടണ ഒരു കുഞ്ഞു കാന്താരിപ്പെണ്ണുണ്ടായിരുന്നു എനിക്ക് എഫ് ബി യിൽ നിന്ന് കളഞ്ഞു കിട്ടിയ ആ കാന്താരിപ്പെണ്ണിനെ എഴുത്തിന്റെ ലോകത്തേക്ക് വലിച്ചഴിച്ചിട്ടതും ഈ ഞാൻ തന്നെയാണ്, പാറുവെന്ന് പേരിട്ടു വിളിച്ചപ്പോൾ വാരിക്കോരി വിതറിയ സ്നേഹം കൊണ്ടവളെന്നെ മൂടിക്കെട്ടി

അതിനു പിറകെ ഞാനെപ്പോ കഥയെഴുതിയിട്ടാലും ഓടി വന്നവൾ ആദ്യം കമന്റിടും എന്നിട്ടേ അവൾ കഥ വായിച്ചു തുടങ്ങാറുള്ളോ

പിന്നീട് ബാക്കി അടിയിൽ വീഴുന്ന കമൻറിന്റെ ഭംഗി നോക്കലും പെണ്ണങ്ങളുടെ പൊക്കിയടി കമൻറിന്റെ എണ്ണമെടുക്കലും ഒരു പതിവായി മാറി, അതും പറഞ്ഞവളെന്നോട് വഴക്കടിക്കുമ്പോൾ നല്ല ദേഷ്യം തോന്നാറുണ്ടവളോട്, അന്നൊക്കെ എന്തേലും ഒഴിവുകഴിവുകൾ പറഞ്ഞ് പിൻമാറുകയാണ് ഞാനും ചെയ്യാറുള്ളത്

എന്റെയൊരു ശീലം എന്താണെന്നു വെച്ചാൽ, എന്റെ കഥയിലെ നായിക നായകൻമാരുടെ പേര് എന്റെ ഏറ്റവും പ്രിയപ്പെട്ടവരുടെ പേരുകളായിരിക്കും ഇടാറ് പതിവ്, കുറച്ചു നാളുകൾക്ക് മുൻപ് ഞാനൊരു കഥയെഴുതി ആ കഥയിലെ നായികയുടെ പേര് അനു എന്നായിരുന്നു, ഞാനാ പേര് ആ കഥയിലെ നായികക്ക് കൊടുത്തത് എന്റെ കുശുമ്പത്തിപ്പാറുവിന് തീരെ ദഹിച്ചില്ല

അവളാ കഥയ്ക്ക് വന്നു കമന്റിട്ടു, കഥയൊക്കെ കൊള്ളാം പക്ഷെ നായികയ്ക്ക് അനു എന്ന പേര് കൊള്ളില്ലയെന്നെവൾ പറഞ്ഞപ്പോൾ ഞാൻ ശക്തമായതിനെ എതിർത്തു, കാരണം എനിക്ക് അനുക്കുട്ടിയും പാറുവും ഒരു പോലെ തന്നെയാണ്

ഇൻബോക്സിൽ ഇതും പറഞ്ഞവൾ ഉടക്കിയപ്പോൾ വായിൽ തോന്നിയതൊക്കെ ഞാൻ വിളിച്ച് പറഞ്ഞു , എന്റെ വ്യക്തി സ്വാതന്ത്ര്യത്തിലിനി നീ കൈകടത്തണ്ടയെന്ന് ഞാൻ തറച്ചു പറഞ്ഞപ്പോൾ ഓഹ് അതിനിപ്പോ വേറെ ആൾക്കാരായല്ലോ അല്ലേ എന്നാണവളും മറുപടി തന്നത് അതെന്നെ വല്ലാതെ ചൊടിപ്പിച്ചു, ഞാനവളെ അറഞ്ചം പുറഞ്ചo ചീത്ത വിളിച്ചു, ഇനിയൊരിക്കലും എന്നോട് സംസാരിക്കണ്ട എന്ന് പറഞ്ഞപ്പോൾ ഉം എന്ന മറുപടിയലവൾ എല്ലാം ഒതുക്കുകയായിരുന്നു

ചെയ്തതു ഇത്തിരി കൂടിപ്പോയി എന്ന് എനിക്കും തോന്നി, പക്ഷെ അക്കൗണ്ട് ഡിയാക്ടിവേറ്റ് ചെയ്തിട്ടവൾ പോയപ്പോളെനിക്ക് മനസ്സിലായി അവൾക്കത് വല്ലാതെ നോന്തിട്ടുണ്ടായിരുന്നു എന്നത്

തുരുതുരാ മെസ്സേജയച്ച് ശല്യപ്പെടുത്താനവളില്ലാതെ വന്നപ്പോൾ നെഞ്ച് കീറണ പോലെ തോന്നി, ഫോണെടുത്തവളുടെ നമ്പറിലേക്ക് വിളിച്ചപ്പോൾ കിട്ടിയില്ല, സ്വിച്ച് ഓഫ് ആയിരുന്നു അത്

ഉള്ളിലെ ആതി കൂടിക്കൂടി വന്നു അവളില്ലാതെ വന്നപ്പോഴാണെനിക്ക് മനസ്സിലായത് അവളെന്നിൽ എത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന്, ഓരോ കഥകൾ എഴുതിക്കഴിഞ്ഞിട്ട് അതിനവൾ നൽകുന്ന പ്രോത്സാഹനത്തിന്റെ ഊർജം മറ്റെവിടെ നിന്നുമെനിക്ക് കിട്ടിയിട്ടില്ല എന്നതാണ് പച്ചയായ സത്യം

എല്ലാം കൂടെ മനസ്സ് ആകെ അസ്വസ്ഥമായി, ഒരിക്കലെങ്കിലും അവളൊരൊറ്റ മെസ്സേജ് എങ്കിലും അയക്കണമേയെന്ന് ഞാൻ സർവ്വേശ്വരനോട് പ്രാർത്ഥിച്ചു

തെറ്റ് എന്റെയാണ് കാരണം അവളിൽ കുത്തിനിറഞ്ഞ കുശുമ്പ് എന്നോടുള്ള സ്നേഹത്തിൽ നിന്നുമുടലെടുത്ത ഒന്നായിരുന്നില്ലേ, തഞ്ചത്തിൽ പറഞ്ഞു ഒതുക്കേണ്ട വിഷയത്തെ ഇത്രത്തോളം എത്തിച്ചത് ഞാനായിരുന്നില്ലേ

എങ്കിലും ആ അക്കൗണ്ട് അവൾ ആക്ടിവേറ്റ് ചെയ്തിട്ടും ഞാനങ്ങോട്ട് പോയി മിണ്ടിയില്ല, രണ്ട് ദിവസത്തോളം ഞാൻ കാത്തു അവൾ മെസ്സേജ് ഒന്നും അയച്ചില്ല ഇടണ കഥകൾക്കൊക്കെ വന്ന് കമന്റ് അടിക്കാറുണ്ട് എന്നല്ലാതെ

തോറ്റു കൊടുക്കാൻ തന്നെ ഈ കുശുമ്പത്തിപ്പാറുവിന്റെ ഏട്ടൻ തീരുമാനമെടുത്തു , ഞാൻ ‘സോറി’ എന്നു മാത്രം ടൈപ്പ് ചെയ്ത് അവൾക്ക് അയച്ച്‌ കൊടുത്തപ്പോഴേക്കും അവളുടെ റീപ്ലേ മെസ്സേജുകൾ തുരുതുരാ വന്നു കൊണ്ടിരുന്നു

കുറ്റബോധത്തിന്റെ കയ്പ്പു കലർന്നയാ മെസ്സേജുകൾ കണ്ടപ്പോൾ എന്റെ കണ്ണുകളാകെ ഈറനണിഞ്ഞു

ജീവിതത്തിലൊരിക്കലും ഞാനിനി ഏട്ടനുമായി ഒന്നും പറഞ്ഞു വഴക്ക ഇല്ലെന്നവൾ പറഞ്ഞപ്പോൾ, ഏട്ടന് മറ്റാരേക്കാളും ഇഷ്ട്ടം ഏട്ടന്റെ ഈ പാറുനേ തന്നെയാണെന്നാണ് ഞാനും പറഞ്ഞത്

സ്മൈലികൾ കൊണ്ടും ചക്കരയുമ്മകൾ കൊണ്ടും മെസ്സേജ് നിറഞ്ഞു കുമിഞ്ഞപ്പോൾ അതിലുമുപരി നിറഞ്ഞു കവിഞ്ഞത് എന്റെ മനസ്സായിരുന്നു, ഉള്ളിലെ ആത്മവിശ്വാസവും കൂടെ ആയിരുന്നു.

എല്ലാം കഴിഞ്ഞപ്പോൾ പൂരവും വെടിക്കെട്ടും ഒരുമിച്ച് കഴിഞ്ഞ പ്രതീതി ആയിരുന്നു . മനസ്സാകെ ശാന്തം, ഒരു കുടുംബ കഥയെഴുതാനുള്ള മൂഡ്, അപ്പൊ തന്നെ താങ്ങി ഒരെണ്ണം

ചറപറാ അഭിനന്ദനങ്ങൾ കമന്റുകളാൽ ഒഴുകി വന്നപ്പോൾ അതിനിടയിൽ ഒരുത്തി ഇങ്ങനെ കമന്റ് ഇട്ടേക്കുന്നു

” സൂപ്പർ സ്റ്റോറി , ഐ ലവ്വ്യൂ സോമച്ച് “

തൊട്ടു പിന്നാലെ മെസ്സെഞ്ചറിന്റെയൊരു മണി മുഴക്കവും തുറന്ന്നോ ക്കിയപ്പോൾ

” അവൾടെ കമന്റിന് റിപ്ലേ കൊടുത്താ കൊല്ലും ഞാൻ ” എന്ന മെസ്സേജും

ആരായിരിക്കും അത് അയച്ചത്, നിങ്ങൾ തന്നെ പറ

Related Posts

Leave a Reply

Your email address will not be published. Required fields are marked *