കറുത്ത മിന്നു
Story written by Kannan Saju
” നാശത്തിന്റെ തല വെട്ടം കണ്ടതും തുടങ്ങിയതാ നശിക്കാൻ…. ഏതു നേരത്താണോ ദൈവമേ ഇവളൊക്കെ എന്റെ വയറ്റിൽ വന്നു പിറന്നത് “
അടുപ്പിലെ തീ ഊതിക്കൊണ്ട് അമ്മ മിന്നുവിനെ പ്രാകി…മുൻപ് വശത്തെ ഇറയത്തു പുസ്തകം നോക്കി ഇരുന്ന പതിമൂന്നുകാരി പുസ്തകത്തിൽ നിന്നും കണ്ണെടുക്കാതെ അതിലേക്കും തുറിച്ചു നോക്കി അതും കേട്ടുകൊണ്ടിരുന്നു.
” ഓ… അയ്യേയസിന് പഠിക്കുവായിരിക്കും തമ്പുരാട്ടി ” ആടി ആടി മുന്നിലെ കമ്പ് വേലിയിൽ പിടിച്ചുകൊണ്ടു അച്ഛൻ അവളെ നോക്കി പുച്ഛിച്ചു…
” നിങ്ങളിന്നും ഒന്നും മേടിക്കാതെ ഒടുക്കത്തെ കുടീം കഴിഞ്ഞു വന്നേക്കുവാണോ മനുഷ്യ ? “
അലറിക്കൊണ്ട് അമ്മ മുൻപുവശത്തേക്ക് വന്നു…
” അതേടി പെ*** ഞാൻ ഒന്നും വാങ്ങീലാ.. എന്തെ നീ എന്നെ അങ്ങ് ഒറക്കി കളയുവായിരിക്കും “
” ഇങ്ങനെ പോയ നിന്നെ ഞാൻ ഒറക്കും.. നീ നോക്കിക്കോ ” അമ്മ നൈറ്റി പൊക്കിക്കുത്തി കലിയോടെ അടുക്കളയിലേക്കു നടന്നു…
” പിന്നെ.. നീയല്ല നിന്റെ അപ്പൻ… ” അത്രേം പറഞ്ഞപ്പോഴേക്കും ഛർദ്ധിച്ചു കൊണ്ടു അയ്യാൾ മുറ്റത്തേക്ക് കമന്നടിച്ചു വീണു…
” അയ്യോ അച്ഛാ ” പുസ്തകം മടക്കി വെച്ചു മിന്നു ഓടി അയ്യാളുടെ അടുത്തേക്ക് വന്നു
” തൊടരുത്…. ” എണീക്കാൻ ശ്രമിച്ചു മുഖത്തെ ഛർദി തുടച്ചു കളയാൻ ശ്രമിച്ചു കൊണ്ടു അയ്യാൾ അവൾക്കു നേരെ വിരൽ ചൂണ്ടി…
” അച്ഛനോ !!! ആരുടേ അച്ഛൻ …??? അവളുടെ വെല്ലിടത്തും പോയി കിടന്നിട്ടു വന്നതിന്റെ ഫലമാ നീ… ത്ഫൂ… ആ നീ എന്നെ അച്ഛാ എന്ന് വിളിക്കുന്നോ ! “
മിന്നുവിന്റെ കണ്ണുകൾ നിറഞ്ഞു
” ഓഹ്! അവളുടെ ഒരു പൂങ്കണ്ണീര് … നല്ല തൂവെള്ള പോലുള്ള എനിക്കും വെളുത്ത അവക്കും എങ്ങനാടി കാക്ക കറുമ്പി പോലിരിക്കണ കരിമുണ്ടി നീ ഉണ്ടായത്? “
മിന്നു കണ്ണുകൾ തുടച്ചു കൊണ്ടു വീണ്ടും പുസ്തകം എടുത്തു മടിയിൽ വെച്ചു ഇറയാത്ത് ഇരുന്നു.
” പഠിക്ക്.. പഠിക്ക്… പഠിച്ചു നീ നാളെ മുഖ്യമന്ത്രീടെ കയ്യീന്ന് പട്ടും വളേം വാങ്ങാൻ പോവല്ലേ കരിമുണ്ടി “
അവൾ സങ്കടത്തോടെ അച്ഛനെ നോക്കി..സ്കൂളിൽ കൂട്ടുകാർ കാക്ക തമ്പുരാട്ടി എന്ന് വിളിക്കുമ്പോഴും ചില അദ്ധ്യാപകർ കറുത്ത മിന്നു എന്ന് വിളിക്കുമ്പോഴും ഇത്രയും സങ്കടം അവൾക്കു തോന്നാറില്ലായിരുന്നു.
എല്ലാം കണ്ടു കൊണ്ടു എതിർ വീട്ടിലെ നാണി തള്ള ഉമ്മറത്ത് ഇരിക്കുന്നുണ്ടായിരുന്നു. മകൻ ഉപേക്ഷിച്ചു പോയ അവർ ആ വീട്ടിൽ ഒറ്റക്കാണ്. മൺകലങ്ങളും കുടങ്ങളും ഒക്കെ ഉണ്ടാക്കി വിറ്റു അവർ ജീവിച്ചു പോന്നു. മിന്നുവിന് ആകെ ഉള്ള ആശ്വാസം അവരാണ്. അമ്മയും അച്ഛനും വീട്ടിൽ ഇല്ലാത്തപ്പോൾ അവർ കൈ കാണിച്ചു വിളിക്കും. ഉണ്ടാക്കിയിട്ടുള്ള ഭക്ഷണം വയറു നിറച്ചു കൊടുക്കും.
ചിലപ്പോഴൊക്കെ ഒരുപാട് കഥകൾ പറഞ്ഞു കൊടുക്കും… ഒരുപക്ഷെ ആ കഥകൾ ആയിരുന്നു മിന്നുവിന് എന്നും താങ്ങായി നിന്നിരുന്നത് എന്ന് അവൾക്കു പലപ്പോഴും തോന്നിയിട്ടുണ്ട്. മുത്തശ്ശി പറയാറുള്ള കഥകളിൽ അവൾ എന്നും ഓർമിക്കാറുള്ള കഥയാണ് കൊരങ്ങന്റെ കഥ.. ഒരിടത്തു ഒരു ഗുരു ഉണ്ടായിരുന്നത്രെ… അദേഹത്തിന്റെ ശിഷ്യന്മാരിൽ ഒരുവൻ ഗുരുവിനോട് ചോദിച്ചു പോലും, ഗുരോ അത്ഭുദങ്ങൾ വേഗം പ്രവർത്തിക്കാൻ കഴിയുന്ന മന്ത്രം എന്നെ പഠിപ്പിച്ചാലും.. ഗുരുവിനു ശിഷ്യന്റെ ഉദ്ദേശം മനസ്സിലായി.
അദ്ദേഹം പക്ഷെ അവനോടു ഒരു മന്ത്രം സ്നേഹത്തോടെ ഉപദേശിച്ചു കൊടുത്തിട്ടു ഇങ്ങനെ പറഞ്ഞു ” ഈ മന്ത്രം നീ അടച്ചിട്ട മുറിയിൽ ഇരുന്നു ആഗ്രഹിക്കുന്ന കാര്യം ഓർത്തു ജപിച്ചാൽ അത് സാധിക്കും ” അത് കേട്ട ശിഷ്യനും സന്തോഷമായി.. ” പക്ഷെ ഒരു കാര്യം ! ഈ മന്ത്രം ഉരുവിടുമ്പോൾ നീ ഒരിക്കലും കുരങ്ങന്മാരെ ഓർക്കാതിരിക്കുക “… ങേ! ഞാനെന്തിന് കുരങ്ങനെ ഓർക്കണം? ശിഷ്യൻ ചിന്തിച്ചു..
ഈ ഗുരുവിനു വട്ടാണോ? ശിഷ്യന് ചിരി വന്നു. മന്ത്രം സ്വായത്വമാക്കിയ സന്തോഷത്തിൽ ശിഷ്യൻ മുറി അടച്ചു ആഗ്രഹം മനസ്സിൽ വിചാരിച്ചു മന്ത്രം ജപിക്കാൻ ആരംഭിച്ചതും മനസ്സിലേക്ക് കുരങ്ങന്മാർ ഓടി വരാൻ തുടങ്ങി. അതിൽ മഴവില്ലിന്റെ നിറമുള്ള കുരങ്ങന്മാർ വരെ ഉണ്ടായിരുന്നത്രെ!
മുത്തശ്ശി പറഞ്ഞു, ഇതുപോലാണ് നമ്മുടെ മനസ്സും. ഗുരു എപ്പോ അവനോടു കുരങ്ങന്മാരെ പറ്റി ചിന്തിക്കരുത് എന്ന് പറഞ്ഞോ അപ്പൊ മുതൽ അവന്റെ ചിന്ത മുഴുവൻ എന്തിനാവും അങ്ങനെ പറഞ്ഞതെന്നും കുരങ്ങന്മാരെ കുറിച്ചും ആയി. അതോടെ അവനു മന്ത്രം ചൊല്ലാൻ കഴിയാതെയും ആയി.. ഈ കുരങ്ങന്മാർ ആണ് നമുക്ക് ചുറ്റും ഉള്ള അനുഭവങ്ങളും ആളുകളും.. അവരെയും അവരുടെ പ്രവർത്തിയെയും കുറിച്ചുള്ള ചിന്തകൾ നമ്മെ നശിപ്പിക്കും.. നമുക്ക് എന്താണോ വേണ്ടത് അതിനെ പറ്റി മാത്രം ചിന്തിക്കുക.
മുത്തശ്ശി ഇതുപോലെ അവര് കേട്ടതും പണ്ട് മകൻ വായിച്ചു കേപ്പിച്ചിട്ടുള്ളതും ആയ കഥകൾ ഓരോന്നും മിന്നുവിന് പറഞ്ഞു കൊടുത്തു അതിലെ ആശയങ്ങളും വ്യക്തമാക്കി കൊടുക്കുമായിരുന്നു.
എന്താണ് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം അല്ലെങ്കിൽ ആരായി തീരണം ഭാവിയിൽ എന്ന് ചോദിക്കുമ്പോൾ എല്ലാവരും ഡോക്ടർ എഞ്ചിനീയർ എന്നൊക്കെ പറയുമായിരുന്നു… പക്ഷെ മിന്നു മാത്രം പറയും എനിക്ക് മോഡൽ ആവണം.വനിതയുടെ കവർ പേജുകൾ അവൾ കിട്ടുന്നത് വെട്ടി മുറിയിൽ ഒട്ടിക്കുനായിരുന്നു.. അവളുടെ ആഗ്രഹം കേട്ടു എല്ലാവരും ചിരിച്ചു. പുതിയ ടീച്ചർമാർ മാറി മാറി വരുമ്പോൾ ആരായി തീരണം എന്ന ചോദ്യം മിന്നുവിലേക്കെ എത്തുന്നതും നോക്കി എല്ലാവരും കാത്തിരിക്കും.
” നിന്റെ മോന്ത നീ കണ്ണാടിയിൽ നോക്കിയിട്ടു തന്നെ ആണോ ഈ ആഹ്രഹം ഒക്കെ പറയുന്നേ ” എന്ന് ഒരിക്കൽ ഒരു ടീച്ചർ തന്നെ ചോദിച്ചത് അവളെ വല്ലാതെ വിഷമിപ്പിച്ചു. പക്ഷെ മുത്തശ്ശി പറഞ്ഞ, പണ്ടാരോ പറഞ്ഞു വെച്ച ആ കഥയിലെ കൊരങ്ങാനായി മാത്രം കണ്ടു മിന്നു ആ വാക്കുകളെ എഴുതി തള്ളി.
ഓരോ ദിവസവും കളിയാക്കലുകൾ കിട്ടുമ്പോഴും അവൾ കണ്ണാടിയിൽ തന്റെ മുഖം നോക്കി അവൾ സ്വയം പറയും ” നീയാണ് സുന്ദരി ! നിന്നെ കളിയാക്കാൻ മാത്രം യോഗ്യരല്ല അവരാരും … ” ആ വാക്കുകൾക്കപ്പുറം ചുമരിൽ ഒട്ടിച്ചിരിക്കുന്ന വിജയ്‌യുടെ ചിത്രത്തിലേക്ക് അവൾ നോക്കും.. അതെ.. നിറം അല്ല പ്രധാനം.. കഴിവല്ല പ്രധാനം…ഏതു മേഖല തിരഞ്ഞെടുത്താലും അവിടെ ആഴത്തിൽ ഇറങ്ങി ചെല്ലാൻ കഴിയണം. ഞാൻ മോഡൽ ആവും.. ഒരു നാൾ ഈ മകസിനുകളിൽ ഞാൻ കവർ ചിത്രമാവും… അന്ന് ഞാൻ അവരുടെ സുഹൃത്താണെന്ന് പുച്ഛിച്ചു തള്ളിയവർ പറയും.
പക്ഷെ മനസ്സുകൊണ്ട് ഏറ്റവും തളർന്നു പോയത് ക്ലാസ്സിലെ ഗ്രൂപ്പ് ഫോട്ടോ എടുക്കുമ്പോൾ ആയിരുന്നു.
” ഏതാ കറുത്ത കുട്ടി മുന്നിൽ നിക്കുന്നെ ? ഏഹ് ! ഇത്രേം വെളുത്ത കുട്ടികളുടെ അവളെ നിർത്തുന്നത് മെനകെടാണ്.. ആ കൊച്ചിനെ ആ പിന്നിൽ ഏതേലും മൂലയിൽ നിർത്തു “
ഫോട്ടോഗ്രാഫർടെ വാക്കുകൾ ആരും എതിർത്തില്ല. അത്രേം കുറ്റികളും ടീച്ചർമാരും നോക്കി നിക്കുമ്പോൾ ഒരു ടീച്ചർ അവളെ വലിച്ചു പിന്നിലേക്ക് നിർത്തി.
കുട്ടികളിൽ പലരും അവളെ കളിയാക്കുന്നത് മിന്നു കണ്ടു..
” മോഡൽ പോയ പോക്ക് കണ്ടോ “
” പയ്യെ പറയടാ.. അവളു നാളെ ലോക സുന്ദരി ഒക്കെ ആയ നമ്മളെ അങ്ങ് ഒറക്കി കളയും “
പോസിറ്റീവ് ആകാൻ ശ്രമിച്ചെങ്കിലും ഒരു സ്കൂൾ മുഴുവൻ അയ്യാളുടെ വാക്കുകളെ എതിർക്കാതിരുന്നത് അവളെ പിരിഞ്ഞു മുറുക്കി. താൻ ശരിക്കും വികൃത ആണെന്ന തോന്നൽ അവളിൽ ഉണ്ടായി.
” അച്ഛനെ കാണുന്നില്ലല്ലോ അമ്മേ ” രാത്രി പതിനൊന്നു മണി ആയിട്ടും അച്ഛനെ കാണാതെ മിന്നു ഉമ്മറത്ത് നിന്നും എത്തി നോക്കികൊണ്ടു പറഞ്ഞു..
” ആ കുടിച്ചു വഴിയിയിൽ വെല്ലോം വീണു കിടക്കുന്നുണ്ടാവും.. വന്നു കിടന്നു ഉറങ്ങാൻ നോക്ക് “
” നമുക്കൊന്ന് പോയി നോക്കിയാലോ അമ്മേ “
” പിന്നെ… ആ കാലൻ വരാതിരുന്നാൽ അത്രേം സമാധാനം.. അത്ര സൂക്കേടാണേൽ ടോർച്ചവിടെ ഇരുപ്പണ്ട് പോയി നോക്ക് ” അമ്മ അകത്തേക്ക് പോയി. സമയം കടന്നു പോയി. അച്ഛൻ വന്നില്ല. മിന്നു ടോർച്ചു കയ്യിൽ എടുത്തു. ചുറ്റും നോക്കി. കൂരാ കൂരിരുട്ടു.. മുത്തശ്ശിയും ഉറങ്ങിയിരിക്കുന്നു.
വിറച്ചു വിറച്ചു കൊണ്ടു അവൾ ഷാപ്പിലേക്കുള്ള വഴിയേ മുന്നോട്ടു നടന്നു. വീടുകൾ ഉള്ള സ്ഥലം കഴിഞ്ഞു. ഇനി കുറച്ചു ദൂരം ഇരു വശവും റബ്ബർ തോട്ടമാണ്. പള്ളി കഴിഞ്ഞു കുറച്ചു കഴിയുന്നത് വരെ അധികം വീടുകൾ ഇല്ല. പള്ളി ഇരിക്കുന്ന വശം ഉയർന്നും റോഡിന്റെ മറുവശം താഴ്ന്നും ആണ്.
ശ്മാശാനതിന് മുന്നിലൂടെ വേണം നടന്നു പോവാൻ… അവളുടെ കൈ കാലുകൾ വിറക്കാൻ തുടങ്ങിയിരുന്നു. തന്നെ ആരോ പിന്തുടരുന്നത് പോലെ തോന്നി അവൾ ഇടയ്ക്കിടെ തിരിഞ്ഞു നോക്കാൻ തുടങ്ങി. എങ്കിലും അച്ഛന് എന്തെങ്കിലും പറ്റി കാണുമോ എന്ന ഭയം അവളെ മുന്നോട്ടു നടത്തി.
പള്ളി കഴിഞ്ഞു.. ശ്മാശാനതിന് മുന്നിൽ എത്തിയപ്പോൾ പിന്നിൽ നിന്നും ഒരു ഞെരുക്കം കേട്ടു. അവൾ ഞെട്ടലോടെ നിന്നു. ആരോ കരയുന്ന പോലെ അവൾക്കു തോന്നി… വിറയലോടെ അവൾ മെല്ലെ തിരിഞ്ഞു. പിന്നിൽ ആരും ഇല്ല. വീണ്ടും ശബ്ദം കേൾക്കാൻ തുടങ്ങി. ഇത്തവണ അത് താഴെ പറമ്പിൽ നിന്നും ആണെന്ന് അവൾക്കു മനസ്സിലായി.
ഒരുപക്ഷെ അച്ഛനായിരിക്കും എന്ന് കരുതി വേവലാതിയോടെ റോഡരുകിൽ നിന്നും പറമ്പിലേക്ക് ഇറങ്ങി ടോർച്ചടിച്ച അവൾ ഞെട്ടി.. ഒരു കാർ റോഡിൽ നിന്നും മറിഞ്ഞു താഴേക്കു വീണു കിടക്കുന്നു… അതിനകത്തും ആളുണ്ട്.. പുറത്തും വീണു കിടക്കുന്നുണ്ട്.. അതിൽ ഒരാൾ ഞെളിപിരി കൊള്ളൂന്നതിന്റെ ശബ്ദമായിരുന്നു അത്.
എല്ലാവരും ചോരയിൽ മുങ്ങി കിടക്കുന്നു. മറ്റാർക്കും ബോധം ഇല്ല.. ഇടയിൽ ചെറിയൊരു പെൺകുട്ടിയുടെ തല മാത്രം പുറത്ത് കാണാം.
മിന്നുവിന് തല കറങ്ങുന്ന പോലെ തോന്നി.. ഒരു നിമിഷം അവൾ പതറി. സമനില വീണ്ടെടുത്ത് ചുറ്റും നോക്കി. അടുത്തൊന്നും വീടില്ല.. അയ്യാൾ രക്തം വാർന്നുകൊണ്ടിരിക്കുന്നു. മിന്നു ടോർച്ചിൽ പിടുത്തം മുറുക്കി. അവളുടെ കണ്ണുകൾ പള്ളിയുടെ മേൽ പതിഞ്ഞു. അധികം ഒന്നും ചിന്തിക്കാൻ നിക്കാതെ അവൾ പള്ളിയിലേക്ക് ഓടി. കൂട്ടമണി അടിച്ചു. ആളുകൾ ഓടിക്കൂടി. എല്ലവരും ചേർന്ന് അപകടം പറ്റിയവരെ ആശുപത്രിയിൽ എത്തിച്ചു.
രക്തം വാർന്നു ഞെളിപിരി കൊണ്ടുകൊണ്ടിരുന്ന ആ മാന്യഷ്യൻ മാത്രം മറിച്ചു. ബാക്കി ആറു പേരും ആ കുഞ്ഞും രക്ഷപെട്ടു.അവസരോചിതമായ മിന്നുവിന്റെ ഇടപെടൽ പ്രശംസിക്കപ്പെട്ടു. ന്യൂസ് ചാനലുകാർ വീട്ടിൽ എത്തി. വാർത്തകളിൽ അവൾ നിറഞ്ഞു നിന്നു. മുഖ്യമന്ത്രി അവളെ അഭിനന്ദിച്ചു.
അതെ സ്കൂളിൽ മറ്റു കുട്ടികളുടെയും അദ്ധ്യാപകരുടെയും സന്നിധ്യത്തിൽ അവളെ ആദരിച്ചു കൊണ്ടു ചടങ്ങു നടത്തപ്പെട്ടു.അവളെ മാറ്റി നിർത്തിയ അതെ ഫോട്ടോഗ്രാഫർ മറ്റു കുട്ടികളെ കാണികൾ ആക്കി അവൾ സംസാരിക്കുന്നതിന്റെ ചിത്രങ്ങൾ പകർത്തി.
” രക്ഷകയായ മാലാഖ ” എന്ന തലക്കെട്ടോടെ അവൾ ആഗ്രഹിച്ച മാഗസിനിൽ അവൾ കവർ ചിത്രമായി.
ഷാപ്പിൽ ബോധം കെട്ടു കിടന്ന അച്ഛനും അച്ഛന്റെ കള്ള് കുടിയും കാരണം ആദ്യമായി മിന്നുവിന് ഒരു ഉപകാരം ഉണ്ടായി. നിറഞ്ഞ സദസ് തന്റെ മകൾക് വേണ്ടി കയ്യടിക്കുന്നത് കണ്ടു അമ്മയുടെ കണ്ണുകൾ നിറഞ്ഞു.അവളെ പ്രാകിയാ നിമിഷങ്ങൾ ഓർത്തു അവൾ ദുഖിച്ചു.
അന്നുവരെ കറുത്തവൾ കാക്ക തമ്പുരാട്ടി എന്ന് വിളിച്ചിരുന്നവർ അവളെ സ്നേഹത്തോടെ പേര് വിളിക്കാൻ തുടങ്ങി…
” കണ്ടോ ഞാൻ പറഞ്ഞില്ലെ.. സൗന്ദര്യത്തിന് അങ്ങനെ കറുപ്പും വെളുപ്പും ഒന്നും ഇല്ല.. അതൊക്കെ നോക്കുന്നവന്റെ കണ്ണിൽ ആണ് ഇരിക്കുന്നത്.. ഇപ്പൊ എല്ലാവർക്കും മോളോടുള്ള മനോഭാവം മാറിയില്ലേ.. അത്രേ ഉള്ളൂ.. വെളുപ്പ് നല്ലതും കറുപ്പ് ചീത്തയും ആണെന്ന തോന്നൽ എല്ലാവർക്കും ഉണ്ട്.പക്ഷെ മോളൊന്നു ഓർത്തു നോക്കിയേ,ഏറ്റവും വേഗം ചെളി പുരാളുന്നത് വെള്ളയിൽ അല്ലേ..? അത്രേ ഉള്ളൂ മോളേ… ” മുത്തശ്ശി അവളെ ചേർത്തു പിടിച്ചു പറഞ്ഞു.
പൌലോ കൊയ്‌ലോ പറഞ്ഞ പോലെ പണ്ടാരോ പറഞ്ഞത് മുത്തശ്ശി ഏറ്റു പറഞ്ഞ പോലെ ” വേണം എന്ന് നിങ്ങൾ തീവ്രമായി ആഗ്രഹിച്ചാൽ,കുരങ്ങാമാരെ പുറത്താക്കി ലക്ഷ്യത്തിൽ ശ്രദ്ധ ഉറപ്പിച്ചാൽ ജീവിതം അത് നിങ്ങൾക്കു നടത്തി തരിക തന്നെ ചെയ്യും ” മിന്നു മുത്തശ്ശിയെ ചേർത്തു പിടിക്കുമ്പോൾ മനസ്സിൽ പറഞ്ഞു.😁😃❣️😘