Story written by SAJI THAIPARAMBU
സ്നേഹിച്ച പെണ്ണാണെന്നറിയാതെ, അവളെ അനുജന് വേണ്ടി പെണ്ണ് ചോദിക്കാൻ പോയ, ഹതഭാഗ്യനായ ജ്യേഷ്ടനാണ് ഞാൻ.
കവലയിലുള്ള കണാരേട്ടൻ്റെ പലചരക്ക്കടയിലെ ജോലിക്കാരനായ ഞാൻ ,തികച്ചും അവിചാരിതമായിട്ടാണ്, കറ്റാനം അടിവാരം റൂട്ടിലോടുന്ന, കല്പക ബസ്സിൻ്റെ സൈഡ് സീറ്റിലിരുന്ന അവളെ ശ്രദ്ധിച്ച് തുടങ്ങിയത്.
ഒരു തട്ടിൽ രണ്ട് കിലോയുടെ കട്ടിയും, മറ്റേ തട്ടിൽ പഞ്ചസാരയും വച്ചിട്ട്, തൂക്കം കൃത്യമാണോന്നറിയാൻ, തുലാസിൻ്റെ സൂചിയിലേക്ക് നോക്കിയ ,എൻ്റെ കണ്ണുകൾ ചെന്ന് പതിച്ചത് ,കവലയിലെ ബസ് സ്റ്റോപ്പിൽ നിർത്തിയിട്ടിരിക്കുന്ന, കല്പക ബസ്സിൻ്റെ സൈഡ് സീറ്റിലിരുന്ന് ,എന്നെ ഉറ്റ് നോക്കുന്ന അവളുടെ മുഖത്തേയ്ക്കാണ്.
ഡബിൾബെല്ലടിച്ച് ബസ്സ് മുന്നോട്ടെടുത്തെങ്കിലും, വളവ് തിരിയുന്നത് വരെ ,കൊളുത്തി വലിക്കുന്ന അവളുടെ നോട്ടത്തെ, എൻ്റെ കണ്ണുകൾ പിന്തുടർന്ന് കൊണ്ടിരുന്നു.
പിറ്റേ ദിവസവും പതിവ് സമയത്ത് ,കല്പക ബസ്സ് , സ്റ്റോപ്പിൽ നിർത്തുകയും സൈഡ് സീറ്റിലിരുന്ന അവളുടെയും എൻ്റെയും കണ്ണുകൾ തമ്മിൽ, കൊരുക്കുകയും, അതിലൂടെ എൻ്റെ മനസ്സിൽ പ്രണയമെന്ന വികാരം ഉടലെടുക്കുകയും ചെയ്തു.
അവളുടെ നോട്ടത്തിൻ്റെ തീവ്രത കൂടിയപ്പോൾ, കരിമഷിയെഴുതിയ ആ കണ്ണുകളിൽ നിറഞ്ഞ് നില്ക്കുന്നത്, എന്നാടുള്ള പ്രണയമാണെന്ന് എനിക്ക് തോന്നിത്തുടങ്ങി.
ഒരിക്കൽ പോലും നേരിട്ട് സംസാരിക്കാതെ, വെറും കടാക്ഷങ്ങൾ കൊണ്ട് മാത്രം, ഞങ്ങളുടെ ഹൃദയങ്ങൾ വാചാലമാകുകയാണെന്ന്, ഞാൻ ധരിച്ചു.
അങ്ങനെയിരിക്കുമ്പോഴാണ്, ദുബായിൽ പോയിരുന്ന അനുജൻ പെട്ടെന്നൊരു ദിവസം വീട്ടിലേക്ക് വരുന്നത് .
വലിയൊരു ഡിമാൻ്റുമായിട്ടാണ് അവൻ വന്നിരിക്കുന്നത് ,രണ്ട് വർഷം മുമ്പ് ,ദുബായിലേക്കവൻ പോകുന്നതിന് മുമ്പ്, നാട്ടിലൊരു പെൺകുട്ടിയുമായി, ഇഷ്ടത്തിലായിരുന്നെന്നും ,ഇപ്പോൾ അവളുടെ വീട്ടിൽ കല്യാണാലോചനകൾ തകൃതിയായി നടക്കുന്നുണ്ടെന്നും, അത് കൊണ്ട്, ആ പെൺകുട്ടിയുടെ വീട്ടിൽ ഉടനെതന്നെ പോയി, പെണ്ണ് ചോദിച്ചിട്ട് ,അനുജൻ്റെയും അവളുടെയും വിവാഹം, ഉറപ്പിച്ച് വയ്ക്കണമെന്നും അവൻ നിർബന്ധം പിടിച്ചു.
വീട്ടിലെ മുഖ്യ വരുമാന മാർഗ്ഗം, മാസത്തിൽ അവനയച്ച് തരുന്ന വിദേശ നാണ്യമാണെന്നറിയാവുന്നത് കൊണ്ട്, അത് നിലച്ച് പോകാതിരിക്കാൻ, അച്ഛനും അമ്മയും അവൻ്റെ ആവശ്യം നിരസിച്ചില്ല
പിറ്റേന്ന് തന്നെ, കുഞ്ഞമ്മാവനെയും കൂട്ടി ,ഞാനും, അനുജനും കൂടി അവൻ്റെ കാമുകിയെ പെണ്ണ് കാണാൻ പോയി.
ഞങ്ങളുടെ മുന്നിലേക്ക് ട്രേയിൽ ചായയുമായി നടന്ന് വരുന്ന, അനുജൻ്റെ കാമുകിയെ കണ്ട് ഞാൻ ഞെട്ടി.
കല്പക ബസ്സിലെ സൈഡ് സീറ്റിലിരുന്ന്, എൻ്റെ ഹൃദയം കവർന്നെടുത്ത, ഊരും പേരും അറിയാത്ത, എൻ്റെ കാമുകിയായിരുന്നു അവളെന്ന തിരിച്ചറിവ്, എൻ്റെ ഹൃദയം തകർത്തിരുന്നു.
അനുജനും, അമ്മാവനും ചായകൊടുത്തിട്ട്, ഒരു പുഞ്ചിരിയോടെയവൾ ,എൻ്റെ നേരെ ചായ നീട്ടുമ്പോൾ, പകച്ച് പണ്ടാരമടങ്ങിയ എൻ്റെ മുഖം കണ്ടിട്ടും, അവൾക്ക് യാതൊരു കൂസലുമില്ലായിരുന്നു .
അവളുടെ വീട്ടുകാരും, കുഞ്ഞാമ്മാവനും കൂടി ,അനുജൻ്റെ കല്യാണക്കാര്യത്തിൽ ഏകദേശ ധാരണയിലെത്തിയിട്ട്, അവിടെ നിന്നിറങ്ങുമ്പോൾ, അനുജൻ്റെ മുഖം സന്തോഷം കൊണ്ടും, എൻ്റെ മുഖം വേദന കൊണ്ടും ചുവന്നിരുന്നു.
അവളെന്നും ബസ്സിലിരുന്ന് കൊണ്ട് ,എന്നെ നോക്കിയിരുന്നത്,കാമുകൻ്റെ ചേട്ടനാണെന്നുള്ള തിരിച്ചറിവ് കൊണ്ട് മാത്രമായിരുന്നെന്നും ,ആ നോട്ടത്തെ ഒരു കാമുകിയുടെപ്രണയാർദ്രമായ കടാക്ഷമായി, ഞാൻ തെറ്റിദ്ധരിച്ചതായിരുന്നെന്നും എനിക്ക് പിന്നീട് മനസ്സിലായി.
പിറ്റേ ദിവസം മൂഡില്ലാതിരുന്നത് കൊണ്ട് ,ഞാൻ കടയിൽ പോകാൻ എഴുന്നേറ്റില്ല.
പുതച്ച് മൂടി കട്ടിലിൽ തന്നെ കിടന്ന എനിക്ക് ,പനിയുണ്ടോ എന്ന് ‘ അമ്മ പല തവണ വന്ന് നെറ്റിയിൽ കൈവച്ച് നോക്കിയിട്ട് പോയി.
ഇനിയും നിരാശ പൂണ്ട് കിടന്നിട്ട്, യാതൊരു കാര്യവുമില്ലെന്ന് മനസ്സിലായ ഞാൻ, അതിൻ്റെ പിറ്റേ ദിവസം പതിവ് പോലെ കടയിലേക്ക് പോയി .
കല്പക ബസ്സ് വരാനുള്ള സമയമടുക്കുന്തോറും, എൻ്റെ നെഞ്ചിടിപ്പ് കൂടി കൊണ്ടിരുന്നു.
ചിലപ്പോൾ, കല്യാണമുറപ്പിച്ചത് കൊണ്ട്, ഇനി മുതൽ അവൾ പഠിക്കാൻ പോകുമെന്ന് തോന്നുന്നില്ല.
ഇനിയവൾ പോയാലും, ഇല്ലേലും എനിക്കെന്താ എന്നാലോചിച്ച് നില്ക്കുമ്പോഴാണ്, കല്പക ബസ്സ് വലിയൊരു ശബ്ദത്തോടെ ബസ് സ്റ്റോപ്പിലേക്ക് ഇരച്ച് വന്ന് നിന്നത് .
ആരോ ഒരാൾ, വട്ടംചാടിയപ്പോൾ ഡ്രൈവർ സഡൻ ബ്രേക്കിട്ടത് കൊണ്ടാണ്, ടയറ് റോഡിലുരഞ്ഞ് വലിയ ശബ്ദമുണ്ടായത് .
ആ ശബ്ദം കേട്ട്, അറിയാതെ ഞാൻ നോക്കിപ്പോയി.
കൃത്യം, എൻ്റെ നോട്ടം ചെന്ന് വീണത് ,അവളുടെ മുഖത്തായിരുന്നു, അപ്പോഴും ആ മുഖത്ത് പതിവ് പുഞ്ചിരിയുണ്ടായിരുന്നു.
പെട്ടെന്നവൾ, ഒരു മടക്കിയപേപ്പർ എന്നെ കാണിച്ച് കൊണ്ട് ബസ്സിന് പുറത്തേക്കിട്ടു, എന്നിട്ട് കണ്ണുകൾ കൊണ്ട് അതെടുക്കാൻ എന്നോടവൾ ആംഗ്യം കാണിച്ചു.
പെട്ടെന്ന് തന്നെ ബസ്സ്, മുന്നോട്ടെടുത്തപ്പോൾ ,അവൾ കൈ വെളിയിലേക്കിട്ട്, ആ പേപ്പർ എടുക്കാൻ വീണ്ടും എന്നോട് ആംഗ്യത്തിലൂടെ ആവശ്യപ്പെട്ടു.
അതെന്താണെന്നറിയാനുള്ള ഉത്ക്കണ്ഠ എനിക്കുമുണ്ടായിരുന്നു.
ഉടൻ തന്നെ ഞാൻ ,കടയിൽ നിന്നിറങ്ങി ചെന്ന് ,റോഡിൽ കിടന്ന ആ മടക്കിയ പേപ്പറെടുത്ത് നിവർത്തിയിട്ട് ,അതിലെഴുതിയിരിക്കുന്നത് ആകാംക്ഷയോടെ വായിച്ചു .
ഇന്നലെ നിങ്ങൾ അനുജനുമായി എൻ്റെ വീട്ടിലേക്ക് കയറി വന്നപ്പോൾ, ഞാൻ ശരിക്കും ഞെട്ടിപ്പോയി, ഞാൻ കരുതിയത് നിങ്ങളെന്നെ പെണ്ണ് ചോദിക്കാൻ വന്നതായിരിക്കുമെന്നാണ്, പക്ഷേ നിങ്ങളുടെ അനുജന് വേണ്ടി, എൻ്റെ സഹോദരി റിഹാനയെ കാണാൻ വന്നതായിരുന്നെന്ന് പിന്നീടാണ് മനസ്സിലായത് , ഞാനീ പറഞ്ഞത് കേട്ട്, നിങ്ങൾ ആകെ കൺഫ്യൂഷനായി കാണുമല്ലേ ? ഞെട്ടണ്ട, അനുജന് വേണ്ടി ഇന്നലെ നിങ്ങൾ വന്ന് കണ്ടത്, എൻ്റെ ഇരട്ട സഹോദരിയെയാണ്, അവൾ, ചായ കൊണ്ട് തന്നപ്പോൾ, നിങ്ങളുടെ മുഖം വിളറിയത്, കർട്ടൻ്റെ മറവിൽ നിന്ന ഞാൻ കണ്ടിരുന്നു, ആ സംഭവത്തോട് കൂടി ,നിങ്ങളുടെ മനസ്സിലുണ്ടായ തെറ്റിദ്ധാരണ മാറ്റാൻ വേണ്ടിയാണ് ,ഇങ്ങനെയൊരു സാഹസത്തിന് ഞാൻ മുതിർന്നത്, ഞാനും അവളും ഒരു പോലെയാണ് ഇരിക്കുന്നതെങ്കിലും, ഞങ്ങളെ തമ്മിൽ വേർതിരിക്കുന്നത്, അവളുടെ മുഖത്ത്, ചെറിയ ഒരു മറുകുള്ളത് കൊണ്ടാണ്, എനിക്കിങ്ങനെയൊന്നും ശീലമില്ലാത്തതാണ് ,എന്ത് കൊണ്ടാണെന്നറിയില്ല, ചിലപ്പോൾ സ്ഥിരമായി കാണുന്നത് കൊണ്ടാവാം ,എനിക്ക് നിങ്ങളോട് ഒരിഷ്ടം തോന്നി തുടങ്ങിയത് ,പേടി കൊണ്ടാണ്, ഇത് വരെ തുറന്ന് പറയാൻ മടിച്ചത് ,നിങ്ങൾക്ക് എന്നെ ഇഷ്ടമായെങ്കിൽ ,ഒരിക്കൽ കൂടി എൻ്റെ വീട്ടിലേക്ക് പെണ്ണ് ചോദിക്കാൻ വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു…
സ്നേഹത്തോടെ ,നിഷാന.
സത്യം പറഞ്ഞാൽ ,കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന സിനിമയിലെ നായകൻ നടുറോഡിൽ നൃത്തംചവിട്ടുന്നത് പോലെ എനിക്കും അപ്പോൾഡാൻസ് ചെയ്യാൻ തോന്നി.