അവളുടെ വാക്കുകൾ കേട്ടതും എൻ്റെ മുഖത്ത് ഞെരമ്പുകൾ വലിയുന്നത്…..

എഴുത്ത്:-മനു പി എം

“ആരാ ഇപ്പോൾ ഇവിടെ വന്നു പോയെ ..

കുളി കഴിഞ്ഞ് ഇറങ്ങിയ നേരം മുറിയിലേക്ക് കയറിവന്ന ഭാര്യയോട് ഞാൻ തിരക്കി..??

“ആര് വരാന ഇക്ക..

ഞാൻ കുളിക്കുമ്പോൾ കേട്ടല്ലോ പുറത്താരോ വന്നതും സംസാരിച്ചതും..??

“അതൊ അപ്പുറത്തെ മൂസാക്കയ കുറച്ചു പച്ച മീൻ കൊണ്ട് വന്നതാണ് ഇവിടേക്ക് തരാൻ ഞാനത് വേണ്ടന്ന് പറഞ്ഞു തിരികെ പറഞ്ഞു വിട്ടു..

അവളുടെ വാക്കുകൾ കേട്ടതും എൻ്റെ മുഖത്ത് ഞെരമ്പുകൾ വലിയുന്നത് പോലെ എനിക്ക് തോന്നി ..

അന്നാദ്യമായിട്ട് ഞാനവളെ ഒരു നുള്ള് വെറുപ്പോടെ നോക്കിയതും ..

തലയിൽ തോർത്തി കൊണ്ടിരുന്ന ടർക്കി ബഡ്ഡിലേക്കിട്ട് ഞാൻ മുറിവിട്ട് പുറത്തേക്ക് ഇറങ്ങുമ്പോൾ ..

ആദ്യമായി എൻറെ ഭാവമാറ്റം കണ്ടു അവളെന്നെ നോക്കുന്നുണ്ടായിരുന്നു..

മുണ്ടൊന്നു നേരയുടുത്തു പുറത്ത് വച്ചിരുന്ന ചെരിപ്പിട്ട് ഞാൻ മൂസാക്കയുടെ വീട്ടിലേക്ക് ചെല്ലുമ്പോൾ പഴയ ഓടു മേഞ്ഞ പുരയിലെ അര തിണ്ണയിൽ ഒരു ചുരുട്ട് ബീഡിയും വലിച്ചു മൂസാക്ക ഇരിക്കുന്നു കണ്ടു…

എന്നെ കണ്ടിട്ടാവണം ചുണ്ടിൽ എരിഞ്ഞു കൊണ്ടിരുന്ന ബീഡി നിലത്തേക്കിട്ട് കാലുമ്മെ കാലുക്കേറ്റിയത് നിലത്തേക്ക് വച്ച്

” ആ മോനേന്ന് വിളിച്ചു ചിരിക്കുമ്പോൾ എൻ്റെ കണ്ണും മനസ്സും നിറഞ്ഞിരുന്നു..

ഞാനടുത്തെത്തിയതും തലയിലെ തോർത്തു മുണ്ട് അഴിച്ചു തിണ്ണയിൽ ഒന്നു തട്ടി ഇവിടെ ഇരിക്കടാന്ന് പറയുമ്പോൾ..

“അറിയാതെ എൻ്റെ ഉപ്പാന്ന് ഞാൻ മനസ്സിൽ വിളിച്ചു പോയി…

കുഞ്ഞിലെ ഉപ്പ നഷ്ടപ്പെട്ട ശേഷം മൂസാക്ക എൻ്റെ ഉപ്പയെ പോലെ ആയിരുന്നു എനിക്ക്..

ഉമ്മ ഒരുപാട് കഷ്ടപ്പെടുമ്പോൾ ഒരു നേരത്തെ വിശപ്പിന് പൊറുതിമുട്ടി ഇരിക്കുമ്പോൾ എന്നെ വിളിച്ചു വരുത്തി

ഈ അര തിണ്ണയിൽ വച്ച് എനിക്ക് ഇത്തിരി ചോറും മീൻങ്കറിയും വിളമ്പി തന്നിട്ടുണ്ട് ചിരിയോടെ കുശാലം പറഞ്ഞിട്ട് എനിക്കൊപ്പം ഇരുന്നിട്ടുണ്ട്..

അന്ന് മൂസാക്കക്ക് മീൻ കച്ചവടമാണ് എന്നും വൈകീട്ട് കച്ചോടം തീരുമ്പോൾ എനിക്കായി കുറച്ച് മീൻ ബാക്കിയാക്കാറുണ്ട് ..

പിന്നീട് പഠന ശേഷം മൂസാക്കക്ക് ഒപ്പം മീൻ വിക്കാൻ ഇറങ്ങിയതും ഉമ്മാനെ നോക്കി കുടുംബ ഭാരം ഏറ്റെടുത്തതും അതിനിടയിൽ മൂസാക്ക വാങ്ങിയ പെട്ടിയോട്ടയിൽ ഡ്രൈവിങ് പഠിച്ചതും ..

ഒടുവിൽ ഗൾഫിലേക്ക് പോകുമ്പോൾ പണം തികയാതെ വന്നപ്പോൾ ആദ്യം ഓടി വന്നു

” മോനെ നീയൊന്നു കൊണ്ടും വിഷമിക്കേണ്ടാന്ന് പറഞ്ഞു കൈയ്യിൽ ആവശ്യത്തിലേറെ പണം തന്നതും..

ഇതൊക്കെ എവിടേന്നാന്ന് ചോദിച്ചപ്പോൾ ആകെയുള്ളതും വണ്ടിയും വിറ്റു ഞാന് നിനക്ക് തരുന്നതാണെന്ന് പറഞ്ഞു തിരിച്ച് ഒന്നും ഞാനാഗ്രഹിക്കുന്നില്ലട പറഞ്ഞപ്പോൾ കണ്ണു നിറഞ്ഞ് ഒന്നും വേണ്ടെന്ന് തോന്നി പോയ നിമിഷം..

ഇത്രയും സ്നേഹവും നന്മയും നിറഞ്ഞ മനുഷ്യരുള്ളപ്പോൾ ഈ ലോകം വിട്ട് തന്നെ പോകാൻ തോന്നുണില്ലായിരുന്നു

ആ നിമിഷം മൂസാക്ക എൻ്റെ തോളി തട്ടി സമാധനിപ്പിക്കുമ്പോൾ ഒന്നും വേണ്ടായിരുന്നു ഉപ്പാന്ന് പറഞ്ഞു കരഞ്ഞതും ഈ ഒരു നിമിഷം ഞാനോർത്തു..

മൂസാക്കയുടെ കണ്ണിലേക്ക് നോക്കി വല്ലാതൊരു അത്ഭുതവും അഭിമാനവും നിറഞ്ഞ നോട്ടം എൻ്റെ മേൽക്ക് വിഴുന്നുണ്ട്..

ഞാൻ വീടിനു അപ്പുറത്തെ ടാർപ്പായ കെട്ടിയ ഷെഡ്ഡിലേക്ക് നോക്കി അവിടെ മൂസക്കയുടെ മൂത്ത മോൻ അനാസ് മീൻ വണ്ടി കഴുകുന്നുണ്ട്.

ഞാനന്ന് ഗൾഫിലേക്ക് വീമാനം കയറുമ്പോൾ ഒരു ആഗ്രഹം മാത്രം മനസ്സിൽ ഉണ്ടായിരുന്നു ഉള്ളു മൂസാക്കക്ക് ഒരു മീൻ വണ്ടി അങ്ങനെ അതും മൂന്ന് വർഷത്തിന് ഇടയിൽ ഞാൻ ചെയ്തു കൊടുത്തു..

ഞാൻ വീണ്ടും മൂസക്കയെ നോക്കി ശരീരം മൊത്തം ചുളിവ് വീണുട്ടുണ്ടായിരുന്നു അങ്ങനെ നോക്കുമ്പോൾ മൂസാക്ക ചോദിച്ചു.

ഒരോ പ്രവാസികളും നാട്ടിലേക്ക് വന്നാൽ കേക്കുന്നൊരു വാക്ക് …

” ഇനിപ്പൊ ഇജ്ജ് എന്ന തിരിച്ചു പോണ്..

ഞാനിനി പോണില്ല ഉപ്പ നാട്ടില് തന്നെ കൂടാണ് പഴയ പോലെ മീൻകച്ചൊടം..!!

“ഹേയ് അതൊക്കെ മതിയോ..

ഉം..ഇപ്പോൾ മീൻകച്ചോടം എന്നൊക്കെ പറഞ്ഞ സ്വർണ്ണകട നടത്തുന്ന പോലെയാണ് ഉപ്പ ഈ കച്ചോടം അന്നും ഇന്നും നമ്മളെ പോലുള്ള പാവങ്ങൾക്ക് ഒരു അഭിമാനവും വരുമാനവും അല്ലെ അങ്ങനെ അല്ലെ ജീവിച്ചു വന്ന് അതങ്ങനെ അങ്ങ് മറക്കാൻ പറ്റൂലല്ലോ…..

ഞാനിനി പോണില്ല ഞാനിപ്പോൾ വന്നത് എനിക്ക് കുറച്ചു മീൻ വേണം കറി വച്ച് ചോറുണ്ണാൻ ഇങ്ങളങ്ങോട്ട് വരിൻ ഇന്നവിടേന്ന് കഴിക്ക…

ഇല്ലേൽ ഞാൻ ഈ അര തിണ്ണയിൽ വന്നിരുന്നു കഴിക്കുന്ന് പറഞ്ഞപ്പോൾ ..

പോടാന്ന്… പറഞ്ഞു മൂസാക്ക എൻ്റെ തോളിൽ തട്ടി അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു..

” നെബീസോ ആ മീനിങ്ങെടുത്തേന്ന് ..

ഒടുവിൽ മീൻ വാങ്ങി വീട്ടിലേക്ക് കയറി വരുമ്പോൾ ഉമ്മറത്ത് അവളുണ്ടായിരുന്നു.

എന്നെ കണ്ടതും എഴുന്നേറ്റു നിന്നു വിരലുകൾ ഓരോന്നായി ഞെക്കി പൊടിച്ച് പേടിച്ച് നിൽക്കുന്നു കണ്ടപ്പോൾ ഉള്ളിലൊരു ചിരിപ്പൊട്ടി..

ഞാന മീൻ അവളുടെ കൈയ്യിൽ കൊടുത്തു നീയിത് കറിവെച്ചേക്ക് പറഞ്ഞു അതുവാങ്ങി അവൾ തിരിയുമ്പോൾ ഞാൻ പറഞ്ഞു…

” നീയൊന്നവിടെ നിൽക്ക്…

എന്തിക്കാന്ന് .. ചോദിച്ച് എൻ്റെ കണ്ണിലേക്ക് അവൾ നോക്കുമ്പോൾ ഞാൻ പറഞ്ഞു..

അവരൊന്നും എനിക്ക് അന്ന്യരല്ല നീയും അങ്ങനെ കാണെരുത് ഈ മീൻ ഉണ്ടല്ലോ ഇത് കറീവച്ചു കഴിക്കുമ്പോഴുള്ള ഇതിൻ്റെ രുചിയുണ്ടല്ലോ ഇന്നെൻ്റെ ജീവൻ്റെ വിലയുണ്ട്…

പണ്ട് സ്ക്കൂൾ പഠിക്കുമ്പോൾ ഉച്ചയ്ക്ക് കൂട്ടുക്കാർ ഓക്കെ നല്ല കറിയും മീനും ഒക്കെ കൊണ്ട് വരുമ്പോൾ ..

വെറും ചോറിൽ തേങ്ങ ചമ്മന്തിയും കൂട്ടി കഴിക്കുമ്പോൾ ഞാനൊരുപാട് ആഗ്രഹിച്ചിട്ടുണ്ട്…

മീൻ കൂട്ടി ചോറുണ്ണാൻ ഒടുവിൽ വൈകീട്ട് സ്ക്കൂൾ വിട്ടു വരുമ്പോൾ വീട്ടിൽ വെറും ചോറു മാത്രം കാണുമെന്ന് ഓർത്തു വയറിൽ കത്തുന്ന വിശപ്പ് നിറഞ്ഞിട്ടുണ്ട്…

അങ്ങനെ ഒരു ദിവസം കയറി വരുമ്പോഴ ഉമ്മ മീൻ വെട്ടുന്നു കണ്ടു ഓടി വന്നു എവിടേന്നാന്ന് ആവേശം കൊണ്ട് ചോദിക്കുമ്പോൾ അപ്പുറത്തെ മൂസാക്ക നിനക്ക് കറിവച്ചു കഴിക്കാൻ തന്നതാന്ന് പറഞ്ഞതും..

അന്ന് മനസ്സിൽ ഒരുപാട് തവണ പറഞ്ഞിട്ടുണ്ട്…

” മൂസാക്ക എനിക്ക് കറിവെക്കാൻ മീൻ തന്നു എനിക്ക് കറിവച്ചു കഴിക്കാൻ മീൻ തന്നൂന്ന്….

അതുകൊണ്ട് ഈ മീൻ കൂട്ടി ചോറുണ്ണുന്ന ഒരോ ഉരുള ചോറിനും ഇന്നെൻ്റെ ജീവൻ്റെ വിലയുണ്ട്…

Related Posts

Leave a Reply

Your email address will not be published. Required fields are marked *