കടമ
Story written by Adarsh Mohanan
തിരക്കിനിടയിൽ ബസ്സ് സ്റ്റോപ്പിന്റെ മൂലക്ക് ചുരുണ്ടുകൂടിയിരിക്കുന്ന ആ പതിനാലുകാരിയുടെ മുഖo കണ്ടപ്പോൾ എന്റെ കുഞ്ഞിപ്പെങ്ങളെ യാണെനിക്കോർമ്മ വന്നത്
ഭയന്നു വിറച്ച മുഖവുമായവളവിടെ ഇരിക്കുന്നത് കണ്ടപ്പോൾ തിരിഞ്ഞു നോക്കാതെ പോവാനെനിക്ക് തോന്നിയില്ല
മെല്ലെ ഞാനവളുടെ അരികിലേക്കടുത്തപ്പോൾ ചുറ്റും കൂടി നിന്നവർ പുച്ഛത്തോടെയവളെത്തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു
കാര്യം തിരക്കിയ എന്റെ മുഖത്തേക്ക് നിസ്സഹായതയോടെയൊന്നു നോക്കിയിരിക്കുക മാത്രമേ ചെയ്തുള്ളൂ അവൾ
അസഹ്യമായ വേദനയിൽ അടിവയറ്റിലവൾ കയ്യൂന്നിയതു കണ്ടപ്പോഴാണ് വ്യക്തമായ കാരണമെനിക്ക് മനസ്സിലായത്
അവളുടെ വെള്ള യൂണിഫോമിന്റെ തുടഭാഗത്തു കൂടിയൊലിച്ച രക്ത ക്കറയെ പാടുപെട്ടവൾ മറച്ചു പിടിക്കാൻ ശ്രമിക്കുന്നത് കണ്ടപ്പോൾ മനസ്സറിയാതെയെന്നു വിങ്ങി
ആ മൂലയിൽ അവൾക്കൊരു മറയായി ഞാൻ നിന്നപ്പോഴും ചുറ്റും കൂടി നിന്നവരിൽ ഞാൻ കണ്ടത് സഹായ മനസ്കതയായിരുന്നില്ല
മറിച്ച് അറപ്പോടെയും വെറുപ്പോടെയുമുള്ള നോട്ടവും കളിയാക്കലുകളുമായിരുന്നു.
സദാചാരo പറഞ്ഞു നടന്ന സഹോദരന്മാരും സ്ത്രീശക്തി തെളിയിച്ച തുറിച്ചു നോട്ടത്തിനെതിരെ ടൗൺ ഹാളിൽ നിന്ന് ഒച്ചയുയർത്തിയ മഹിളാരത്നങ്ങളേയും കണ്ടിരുന്നു ഞാനക്കൂട്ടത്തിൽ, അവരോടൊക്കെ അടക്കാനാകാത്ത പുച്ഛമായിരുന്നു എനിക്കാ നിമിഷം തോന്നിയത്
ആശ്വാസവാക്കുകൾക്കിടയിൽ പേടിച്ചിരണ്ട അവളുടെ കൈകൾ കൂട്ടിപ്പിടിച്ച് പേടിക്കണ്ട ഈ ഏട്ടനുണ്ട് കൂടെ എന്നു പറഞ്ഞപ്പോഴാണ് അവളുടെ മുഖത്തൽപ്പം ആശ്വാസം കണുവാനായത്
ടൗണിലുണ്ടായിരുന്ന സഹപ്രവർത്തകരെ രണ്ടാളെ വിളിച്ചു വരുത്തി ഞാൻ വണ്ടിയെടുത്ത് നേരെച്ചെന്നത് അടുത്തുള്ള സൂപ്പർ മാർക്കറ്റിൽ വർക്ക് ചെയ്യുന്ന അമ്മയുടെ അരികിലേക്കായിരുന്നു
തിരിച്ചു വരും വഴി അമ്മയുടെ നിർദ്ദേശ പ്രകാരം പാ ഡും ഒപ്പം മാറ്റിയുടുക്കാൻ പാകത്തിനുള്ള വസ്ത്രവും വാങ്ങിയേൽപ്പിച്ചു കൊടുക്കുകയും ചെയ്തു
ആ ആൾക്കൂട്ടത്തിനിടയിൽ നിന്നും തലയയുയർത്തിപ്പിടിച്ചവളെ ചേർത്തു നിർത്തിയമ്മ കൊണ്ടു പോകുന്നതു കണ്ടപ്പോൾ ഉള്ളിൽ ഞാനൊരുപാടു സന്തോഷിക്കുന്നുണ്ടായിരുന്നു.
അമ്മയുടെ സാന്നിധ്യം അവൾക്ക് വല്ലാത്ത ആശ്വാസമേകിയിരിക്കണം കാരണം തിരിച്ചു വരുമ്പോൾ ആ മുഖം നീലാകാശം പോലെ തെളിഞ്ഞിരുന്നത് ഞാൻ കണ്ടു
തിരിച്ചവളെ കൊണ്ടുവിടാൻ ഓട്ടോ വിളിക്കാനമ്മപറഞ്ഞപ്പോൾ അവൾ കൊറേ എതിർന്നു ആ എതിർപ്പു വക വെക്കാതെയമ്മ വാശിപിടിച്ചപ്പോൾ അവളുടെ കുഞ്ഞിക്കണ്ണുകളിലൽപ്പം കണ്ണുനീർ തടം കെട്ടി നിന്നത് ഞാൻ കണ്ടിരുന്നു
നന്ദി സൂചകമായി നിറകണ്ണുകളോടെയവളെനിക്കു നേരെ കൈകൂപ്പിയപ്പോൾ ആ കൈകൾ കൂട്ടിപ്പിടിച്ചു കൊണ്ടമ്മ അഭിമാനത്തോടെ പറയുന്നുണ്ടായിരുന്നു
” ഇവനെന്റെ മകനാണ് ഇവൻ നിനക്ക് ചെയ്തു തന്നത് ഒരു ഔദാര്യമായ് നീ കാണരുത് അവനവന്റെ കടമ നിറവേറ്റിയെന്നു മാത്രം കാരണം നിന്റെ പ്രായത്തിൽ ഞങ്ങളുടെ വീട്ടിൽ അവനുമുണ്ടൊരു കുഞ്ഞിപ്പെങ്ങൾ ” എന്ന്. ജീവിതത്തിലോർത്തു വെക്കാൻ അമ്മയുടെ ഈയൊരൊറ്റ വാക്കുമതിയായിരുന്നു എനിക്ക്.