അവളെ അവനു കെട്ടിച്ചു കൊടുക്കുന്നതാവും നല്ലത്.. ഇതിനു മറുപണി ഒന്നും എന്നേ കൊണ്ട് കൂട്ടിയാൽ കൂടൂല…….

ചേമ്പിലൊരു കൂടോത്രം

എഴുത്ത്:- ബഷീർ ബച്ചി

ഡിസംബർ മാസത്തിലെ കുളിരുള്ള ഒരു പ്രഭാതം അന്നൊരു ഞായറാഴ്ച ആയിരുന്നു. ലീവിന്റെ ആലസല്യത്തിൽ പുതച്ചു മൂടി ഗാഢനിദ്രയിൽ കിടന്നുറങ്ങുന്ന എന്നെ അനിയത്തി സുഹ്റ കുലുക്കി വിളിച്ചുണർത്തി..

എന്താടീ മനുഷ്യനെ ഒന്നുറങ്ങാനും സമ്മതിക്കില്ലേ…

ഞാൻ ദേഷ്യത്തോടെ ചാടി എഴുന്നേറ്റു..

എന്നോട് ചാടി കടിക്കേണ്ട ദേ സുലു പിന്നാമ്പുറത്ത് വന്നു നിൽപ്പുണ്ട്.

എന്റെ ഉറക്കം പമ്പ കടന്നു.

എന്തിനാ…

ആവോ എനിക്കറിയോ അവൾക് എന്തോ അത്യാവശ്യകാര്യം പറയാനുണ്ടെന്ന്…

ഞാൻ വേഗം മുഖം കഴുകി പിന്നാമ്പുറത്തേക്ക് നടന്നു.അവൾ അവിടെ ചിന്താവിഷ്ഠയായി ചുമരും ചാരി നിൽപ്പുണ്ട് അമ്മാവന്റെ മകൾ. മുറപ്പെണ്ണ് ഓർമ വെച്ച കാലം മുതലേ മനസ്സിൽ കൂട് കൂട്ടിയവൾ. കളികൂട്ടുകാരി. അടുത്തടുത്ത് തന്നെയായിരുന്നു വീട്.

ന്താ സുലു..

അതേയ് ഉമ്മ എനിക്ക് വേറെ ഏതോ ചെറുക്കനെ നോക്കുന്നുണ്ട് എങ്ങനെ എങ്കിലും അത് മുടക്കിയില്ലങ്കിൽ ഞാൻ ചത്ത്കളയും പറഞ്ഞില്ലാന്നു വേണ്ട..

അവൾ ഒറ്റ കരച്ചിൽ ഞാൻ ഞെട്ടി പോയി.. കെട്ടിയോൻ ഇപ്പൊ പത്ത് കാശ് ഉണ്ടാക്കിയ നെഗളിപ്പാ തള്ളക്ക് ശരിയാക്കി കൊടുക്കാം.. ഞാൻ മനസ്സിൽ ഓർത്തു.

നീ കരയാതെ സുലു.. ഉമ്മ അവിടുണ്ടോ..ഇല്ല ഇന്ന് ഞായറാഴ്ച അല്ലെ ഉസ്മാൻ മുസ്‌ലിയാരുടെ മതപഠനക്ലാസ്സിന് പോയതാ.. കുറച്ചു കഴിഞ്ഞാ വരും അതോണ്ടാ ഇങ്ങോട്ട് ഓടി വന്നത്.. ഉമ്മാനോട് പോകാൻ പറ ഞമ്മക്ക് ഒളിച്ചോടാം അല്ലങ്കിൽ വേറെ വഴിയുണ്ട്

ഞാനൊരു വഷള ചിരിയോടെ അവളെ നോക്കി. അവൾ എന്റെ മുഖത്തേക്ക് നോക്കി മുഖം കൂർപ്പിച്ചു.. പോ അവിടുന്ന് എനിക്ക് മനസ്സിലാവുന്നുണ്ട് ട്ടാ.. ഇളക്കം എങ്ങോട്ടാണെന്ന്ആ മോഹം മോൻ അങ്ങോട്ട്‌ മാറ്റി വെച്ചേക്ക്ഹും..

അവൾ മുഖം വെട്ടി തിരിച്ചു. പിന്നെ ഇനിയിപ്പോ ന്താ മാർഗ്ഗം നീ തന്നെ പറ എന്തായാലും വേണ്ടില്ല ഞാൻ ന്റെ കുഞ്ഞുട്ടിയുടെ കൂടെയുണ്ട്. ഉപ്പ ന്റെ ഇഷ്ടത്തിനെ നിക്കൂ.. ഉമ്മാനെ ഉപ്പാക്കും പേടിയല്ലേ.. അതാ എനിക്ക് ആകെ ടെൻഷൻ അവൾ നഖം കടിച്ചു കൊണ്ട് നിന്നു. എന്തെങ്കിലും വഴി കാണാ തിരിക്കില്ല. നമ്മുക്ക് നോക്കാം സുലു…

ന്നാ ഞാൻ പോവാട്ടോ.. ഉമ്മ കണ്ടാൽ പിന്നെ അത് മതി. അവൾ വേഗം വീട്ടിലേക് ഓടി..

അമ്മാവൻ ഗൾഫിൽ പോയി അത്യാവശ്യം കാശ് സമ്പാദിക്കാൻ തുടങ്ങിയതോടെ തള്ളക്കു ഇപ്പൊ ഞങ്ങളെ പുച്ഛം. പറഞ്ഞ വാക്കിനു വിലയില്ലാത്ത മൂധേവി. എങ്ങനെ ഇതൊന്നു ശരിയാക്കി എടുക്കുമെന്ന് ഓർത്തു ഒരെത്തും പിടിയും കിട്ടുന്നില്ല..

അവസാനം കുരുട്ട്ബുദ്ധിയുടെ ആശാൻ ചങ്കിനെ തന്നെ കണ്ടു നോക്കാൻ തീരുമാനിച്ചു. പല ഐഡിയകളും കുഴിയിൽ ചാടിയിട്ടുണ്ടെങ്കിലും ചിലതൊക്കെ ശരിയായിട്ടുണ്ട്.

രണ്ടു വീടിന് അപ്പുറം തന്നെ അവന്റെയും വീട് ചായ കുടിച്ചു കഴിഞ്ഞു നേരെ അവന്റെ വീട്ടിലേക് കയറി ചെന്നു..

ഡാ ബച്ചി….

പൂമുഖത്ത് തന്നെ മൊബൈലിൽ മുഖം പൂഴ്ത്തി അവനിരുപ്പുണ്ടായിരുന്നു.
ന്താടാ..

ഒരു പ്രശ്നമുണ്ട്. കാര്യങ്ങൾ വിശദമായി അവന്റെ മുന്പിൽ അവതരിപ്പിച്ചു.

എല്ലാം വിശദമായി കേട്ട അവൻ കുറച്ചു നേരം ആലോചിച്ചിരുന്ന ശേഷം പറഞ്ഞു.. ഒരു വളഞ്ഞ വഴി ഉണ്ട് നിന്റെ അടുത്ത് അത് തന്നെയല്ലേ ഉണ്ടാവൂ ഞാനൊരു ഇളിഞ്ഞ ചിരി പാസ്സാക്കി.

ആ തള്ളക്കു ഒടുക്കത്തെ അന്ധവിശ്വാസമല്ലേ.. അവൻ ചോദിച്ചു.

അതേ.. ഒരു തുമ്മൽ വന്നാൽ പോലും ആ ഉങ്ങുംപിലാക്കൽ ഔലിയയുടെ അടുത്തേക്ക് ഓടും അയാള് വെറും തട്ടിപ്പ് അല്ലെ ന്നിട്ടും ഈ പെണ്ണുങ്ങളെന്താ അയാളുടെ അടുത്തേക് ഓടുന്നത്.. അവൻ എന്റെ മുഖത്തേക്ക് നോക്കി ആ ആർക്കറിയാം… ഞാൻ കൈ മലർത്തി.

ന്നാ പണിയുണ്ട്. തള്ളക്കു ഒരു സിഹ്റിന്റെ പണി കൊടുത്താലോ.. സിഹ്റോ ഞാൻ അന്തംവിട്ടവനെ നോക്കി. അതേടാ.. ഒരു വ്യാജകൂടോത്രം ആ തള്ളക്കു അത് മതി. അവൻ കാര്യങ്ങൾ വിശദീകരിച്ചു.

സംഗതി നടക്കുമോ.. ഞാൻ ചോദിച്ചു

നോക്കാം..

കുറച്ചു കഴിഞ്ഞു നീ അവളുടെ വീട് വരെ പോയി നോക്ക്. ബാക്കി പിന്നെ..

ഓക്കേ..

ഞാനിറങ്ങി വീട്ടിലേക് നടന്നു. പറഞ്ഞ പോലെ ഒരു പത്തുമണിയോട് കൂടി ഞാനവളുടെ വീട്ടിലേക് പിന്നാമ്പുറം വഴി കയറി ചെന്നു. അമ്മാവന്റെ വീട് ആണെങ്കിലും അവളുടെ ഉമ്മാക് ഇപ്പൊ കുറച്ചു പൊങ്ങച്ചവും അഹങ്കാരവും കൂടിയിട്ടുണ്ട് അതോണ്ട് തന്നെ വല്ലപ്പോഴും അങ്ങോട്ട് പോകാറുള്ളൂ.. അമ്മായി അവിടെ കിച്ചൺ ഭാഗത്തു തന്നെ ഉണ്ടായിരുന്നു. എന്നെ കണ്ടിട്ടും മുഖത്ത് വലിയ തെളിച്ചമൊന്നുമില്ല

അല്ല അമ്മായി.. നിങ്ങള് സുലുവിനു വേറെ കല്യാണം ആലോചിക്കുന്നുണ്ടന്ന് കേട്ടു. ശരിയാണോ..

അതേ.. അവൾക് പിന്നെ കല്യാണം നോക്കണ്ടേ.. വയസ് 19 ആയി

അവൾ എനിക്കുള്ളതാണെന്നു മുന്പേ പറഞ്ഞിട്ടുള്ളതല്ലേ.. ഇപ്പോഴെന്താ ഒരു മനംമാറ്റം..

പിന്നെ.. നിന്നെ പോലെ പെയിന്റിംഗ് ജോലിക്ക് പോണൊന് കെട്ടിച്ചു കൊടുക്കാൻ ഞങ്ങൾക്ക് വട്ടൊന്നുമില്ല. അവൾക് ഗൾഫിൽ ജോലി ചെയ്യുന്ന ഒരു എഞ്ചിനീയർ പയ്യന്റെ ആലോചന വന്നിട്ടുണ്ട്. ഞങ്ങളത് നടത്താൻ തീരുമാനിച്ചു.

അമ്മായി എന്റെ മുഖത്തു നോക്കി ദേഷ്യത്തോടെ പറഞ്ഞു.

ന്നാ അത് നടക്കില്ല എന്ത് കുരുത്തംകെട്ട പണി ഒപ്പിച്ചിട്ടാണേലും ഞാനവളെ കെട്ടിയിരിക്കും.. ഞാൻ വെല്ലുവിളിച്ചു.

ഇറങ്ങടാ വെളിയിൽ.. നമ്മുക്ക് കാണാം അമ്മായിയും വെല്ലുവിളിയോടെ എന്നേ നോക്കി.

കുറച്ചു സമയം കഴിഞ്ഞു അമ്മാവന് വാട്സ്ആപ്പ് കാൾ ചെയ്തു..

ന്താ റാഫി.. നിങ്ങളും കൂടി അറിഞ്ഞിട്ടാണോ സുലുവിന് കല്യാണം നോക്കുന്നത് ഈ ചതി എന്നോട് വേണ്ടായിരുന്നു..

കല്യാണമോ ഓള് നിനക്ക് പറഞ്ഞു വെച്ച പെണ്ണല്ലേ..

പിന്നെന്താ അമ്മായി വേറെ കല്യാണം ഉറപ്പിക്കാൻ പോകുവാണെന്നു ഒക്കെ പറയുന്നത്..

നിനക്ക് അറിയാലോ അമ്മായിന്റെ സ്വഭാവം ഞാൻ പറഞ്ഞിടത്ത് നിക്കൂല അത് എന്ത് ചെയ്യാനാ ന്റെ തലവിധി ഞാൻ നിന്റെ കൂടെയുണ്ട് നീ എന്തേലും ഒപ്പിച്ചു അത് മുടക്കിക്കോ ന്റെ മോളെ ഇഷ്ടമാണ് ന്റെയും ഇഷ്ടം.. ഡാ നീ പിന്നെ വിളി ഞാനിപ്പോ ജോലിതിരക്കിലാണ്..

ആ… ശരി. ഞാൻ കാൾ കട്ട് ചെയ്തു.

ഇനി അമ്മാവന്റെ മനസ് ആ തള്ള മാറ്റുന്നതിന് മുന്പേ പണി കൊടുക്കണം.

അന്ന് രാത്രി സെക്കന്റ്‌ഷോ സിനിമ കണ്ടു ഞങ്ങളിറങ്ങി ബൈക്കിൽ വീട്ടിലേക്കു തിരിച്ചു. തണുത്ത കാറ്റടിച്ചു പല്ലുകൾ കൂട്ടിയിടിക്കുന്നുണ്ട് ആകാശത്ത് പൂർണ ചന്ദ്രൻ പ്രകാശം പൊഴിച്ചു നില്പുണ്ടായിരുന്നു.. അവന്റെ വീടിന്റെ മുന്പിൽ വണ്ടി നിർത്തി ഞങ്ങളിറങ്ങി ശബ്ദം ഉണ്ടാകാതെ അവന്റെ വീടിന്റെ അടുക്കളഭാഗത്തു വളർന്നു നിന്നിരുന്ന വലിയൊരു ചേമ്പ് അതിന്റെ മൂടോടെ അവൻ വലിച്ചെടുത്തു

ഡാ ഇനിയാണ് പണി ധൈര്യം ആയി നിന്നോണം വാ അവൻ എന്നെ വിളിച്ചു കൊണ്ട് അവളുടെ വീടിന്റെ കിച്ചൺ ഭാഗത്തേക്ക് നടന്നു. അവരുടെ കിച്ചൺ വീടിനോട് ചേർന്ന് പുറത്ത് വേറെ പണി കഴിപ്പിച്ചതാണ്.. ഗിൽസിന്റെ താക്കോൽ അതിന്റെ ചുമരിനു മുകളിൽ തന്നെ വെക്കാറാണ് പതിവ്. ശബ്ദമുണ്ടാക്കാതെ ഗിൽസ് തുറന്നു ചേമ്പ് അടുപ്പിൽ ഇറക്കി വെച്ച് ഞങ്ങൾ പുറത്ത് കടന്നു.
വീട്ടിലെത്തി കിടന്നുറങ്ങി..

പിറ്റേന്ന് രാവിലെ വലിയൊരു ബഹളം കേട്ടാണ് ഞാനുണർന്നത്.. ഞാൻ ചെവി വട്ടം പിടിച്ചു. ഉമ്മയും അമ്മായിയും കൂടിയാണല്ലോ മുട്ടൻ വഴക്ക്. പതുക്കെ ഇറങ്ങി ചെന്നു.

ഡാ ഒരുമ്പെട്ടവനെ നീ എന്റെ മോൾക്കിട്ട് ഇത് ചെയ്തല്ലോടാ മഹാപാപി.. അമ്മായി എന്റെ അടുത്തേക്ക് ഓടിയടുത്തു.

എന്തോന്നാ തള്ളേ നിങ്ങളീ പറയുന്നത്.

നീയല്ലേ അടുപ്പിൽ സിഹ്ർ കുഴിച്ചിട്ടത്.. അതേ.. ഞാൻ തന്നെ… അത് മോൾക് അല്ല നിങ്ങൾക്കാ.. അവളെ വേറെ ആരെങ്കിലും കല്യാണം കഴിച്ചാൽ നാല്പത് ദിവസങ്ങൾക്കു ഉള്ളിൽ നിങ്ങൾ ചൊറി പിടിച്ചു ചാവും..

ന്റെ ബദ്രീങ്ങളെ… നെഞ്ചിൽ രണ്ടു ഇടിയും വെട്ടിയിട്ട പോലെ ഒറ്റ വീഴ്ചയും. തള്ളയുടെ കാറ്റ് പോയോ.. ഞാൻ ഭീതിയോടെ ഉമ്മയെ നോക്കി. ഉമ്മ മിഥുനത്തിലെ ഇന്നസെന്റിനെ പോലെ കയ്യും കെട്ടി അക്ഷോഭ്യ ആയി തന്നെ നിൽപ്പുണ്ട് ഇത് എത്ര കണ്ടതാ എന്ന ഭാവത്തിൽ.. അടുത്ത നിമിഷം അവിടെയൊരു കൂട്ടകരച്ചിലുയർന്നു. സുലുവും രണ്ടു അനിയന്മാരും കൂടെ..

ഞാനിറങ്ങിയോടി നേരെ ബച്ചിയുടെ വീട്ടിലേക്കു കയറി.. തെണ്ടി ഉള്ള പണിയെല്ലാം ഒപ്പിച്ചിട്ട് സുഖമായി കിടന്നുറങ്ങുന്നു. ഒറ്റ ചവിട്ട് അവൻ ഞെട്ടി യുണർന്നു.

ന്താടാ തെണ്ടീ മനുഷ്യനെ രാവിലെ തന്നെ വന്നു ചവിട്ടികൂട്ടുന്നത് കലിപ്പോടെ അവൻ എന്റെ മുഖത്തേക്ക് നോക്കി. ആകെ സീനായി.. ആ തള്ള ചത്തന്നാ തോന്നണത്.. ഞാൻ ഭീതിയോടെ പറഞ്ഞൊപ്പിച്ചു. അവൻ ചാടി എഴുന്നേറ്റു.

പോടാ തെണ്ടീ പേടിപ്പിക്കാതെ.. ഞാൻ കാര്യങ്ങൾ വിശദീകരിച്ചു… വാടാ അവിടെ ഒന്ന് പോയിനോക്കാം..

ഡാ ഞാനില്ല എനിക്ക് പേടിച്ചിട്ട് കയ്യും കാലും വിറക്കുന്നു..

നീയാണോ ഒരു കാമുകൻ അവൻ പുച്ഛത്തോടെ എന്നേ നോക്കി. ആ തള്ള അത്ര പെട്ടെന്ന് ചാവുന്ന ഇനമൊന്നുമല്ല ബോധം പോയതാവും. അവൻ എന്നെ വലിച്ചോണ്ട് അവിടേക്ക് ചെന്നു..

ചുറ്റും അയൽക്കാർ മൊത്തം കൂടി നിക്കുന്നു. തള്ളക്കു ബോധം വീണിട്ടുണ്ട് സമാധാനത്തോടെ ഞാനവനെ നോക്കി.. ഡാ ഇനി ഈ പറഞ്ഞ പ്ലാനിംഗിൽ നിന്ന് ഒരിക്കലും പിന്മാറരുത്. തള്ള ശരിക്കും പേടിച്ചിട്ടുണ്ട് അവൻ എന്റെ ചെവിയിൽ മെല്ലെ മന്ത്രിച്ചു.

ഞാൻ സുലുവിനെ ഒന്ന് നോക്കി അവൾ കലിപ്പോടെ എന്നേ നോക്കുന്നുണ്ട്. ഞാൻ കണ്ണടച്ച് കാണിച്ചു.. അവളുടെ ഉമ്മ വേഗം ഡ്രസ്സ്‌ മാറി ഉങ്ങുംപിലാക്കൽ ഔലിയയുടെ വീട്ടിലേക് ഓടി. ഞാൻ സുലുവിന്റെ അടുത്തേക്കും..

ന്നാലും കുഞ്ഞുട്ടിക്ക് എങ്ങനെ ഇത് തോന്നി അതും എന്റെ ഉമ്മയോട്.. അവൾ കരഞ്ഞു കൊണ്ട് എന്നേ നോക്കി..

ഡീ അത് ഇന്നലെ രാത്രി വെറുതെ അവിടെ വെച്ചതാ..ഉമ്മയെ ഒന്ന് പേടിപ്പിക്കാൻ അല്ലാതെ എന്തോന്ന് കൂടോത്രം നിനക്ക് ഇതിലൊക്കെ വിശ്വാസമുണ്ടോ.. അതങ്ങനെയാ തള്ളയുടെ അല്ലെ മോള്. ഞാൻ ദേഷ്യത്തിൽ അവളെ നോക്കി.

ന്നാലും.. ഉമ്മ ശരിക്ക് പേടിച്ചിട്ടുണ്ട് അത് നല്ലതാ.. അഹങ്കാരം കുറച്ചു കുറയട്ടെ..

ആദ്യമേ മുസ്ലിയാരെ ഞങ്ങൾ ചാക്കിട്ട് പിടിച്ചിട്ടുണ്ടായിരുന്നു

മുസ്‌ലിയാർ കുറെ നേരം താടിക്ക് കയ്യും കൊടുത്തു ചിന്താഭാരത്തോടെ ഇരുന്നു. എന്നിട്ട് അവരുടെ മുഖത്തേക്ക് നോക്കി ഇതൊരു കടുപ്പം കൂടിയ ഇനമാ.. അവളെ അവനു കെട്ടിച്ചു കൊടുക്കുന്നതാവും നല്ലത്.. ഇതിനു മറുപണി ഒന്നും എന്നേ കൊണ്ട് കൂട്ടിയാൽ കൂടൂല..

അമ്മായി കരഞ്ഞു മൂക്ക് പിഴിഞ്ഞ് വീട്ടിലേക് തിരിച്ചു. പക്ഷെ അപ്പോഴേക്കും അയൽക്കാരിൽ നിന്ന് അടുത്ത വീടുകളിലേക്കും അവടുന്ന് അടുത്ത വീടുകളിലേക്കും വാർത്ത പരന്നു നാട്ടിലെ ഫ്ലാഷ് ന്യൂസ്‌ ആയി മാറി കഴിഞ്ഞിരുന്നു

ഞാൻ ആകെ നാണംകെട്ട് വീട്ടിൽ തന്നെ കുത്തിയിരുന്നു. അങ്ങനെ റാഫി എന്ന എന്റെ മനോഹരമായ പേര് ചേമ്പ്റാഫി എന്ന ഇരട്ട പേരിലറിയപെട്ടു..

രണ്ടു ദിവസം കഴിഞ്ഞു അമ്മായി എന്റെ വീട്ടിൽ വന്നു.

ഡാ നീ എന്നോട് ഇങ്ങനെയൊക്കെ ചെയ്യാമോ.. നിന്റെ അമ്മായി അല്ലെ ഞാൻ.. ഇത് എങ്ങനെയെങ്കിലും നീ ഒന്ന് ഒഴിവാക്കി താ.. പേടിച്ചിട്ട് രാത്രി ഉറങ്ങാൻ പോലും വയ്യ അവർ ദയനീയതയോടെ എന്റെ മുഖത്തേക്ക് നോക്കി.

അതൊക്കെ ഞാൻ ഒഴിവാക്കി തരാം ആദ്യം ഓളെ കെട്ടിച്ചു താ എന്നിട്ട്. ഇനി ഏതായാലും അവളെ ഞാനല്ലാതെ ആരും കെട്ടാനും പോകുന്നില്ല നാട് മൊത്തം അറിഞ്ഞില്ലേ..ഞാൻ ചിരി അടക്കി പിടിച്ചു കൊണ്ട് പറഞ്ഞു. അമ്മായി തലയും താഴ്ത്തി നടന്നു പോയി…

പിന്നെ കുറച്ചു ദിവസങ്ങൾക് ശേഷം അമ്മാവൻ നാട്ടിലെത്തി. എന്റെയും അവളുടെയും കല്യാണം അങ്ങനെ കെങ്കേമമായി ഉറപ്പിച്ചു. പിറ്റേന്ന് വൈകുന്നേരം അമ്മാവൻ എന്റെ അടുക്കലേക്കു വന്നു..ഡാ നിന്നോടുള്ള ദേഷ്യം കൂടെ നിന്റെ അമ്മായി എന്റെ മേലെയാ തീർക്കുന്നത്…

നീ അമ്മായിയെ ഒതുക്കിയ പോലെ വല്ല സിഹ്ർ വിദ്യ ഇനിയുണ്ടോ… അമ്മാവൻ എന്റെ മുഖത്തേക്ക് നോക്കി.

ഞാൻ താടിക്ക് കയ്യും കൊടുത്തു വിഷണ്ണനായി കുത്തിയിരുന്നു.

ശുഭം.

(സിഹ്ർ =കൂടോത്രം )ഇതിലെ കുരുട്ട് ബുദ്ധി പറഞ്ഞു കൊടുത്ത ബച്ചി സത്യമായിട്ടും ഞാനല്ല

Leave a Reply

Your email address will not be published. Required fields are marked *