അവളെ കണ്ടപാടെ ഞാൻ ചങ്കിനോട് പറഞ്ഞു അനിയത്തി സൂപ്പറാട്ടാ……

അനിയത്തി സൂപ്പറാട്ടാ

Story written by Adarsh Mohanan

നാലു വർഷത്തെ പ്രവാസ ജീവിതമവസാനിപ്പിച്ച് വീട്ടിലേക്ക് വന്നത് വിവാഹം എന്ന എന്റെ സ്വപ്നത്തെ പൂവണിയിക്കാൻ വേണ്ടിത്തന്നെയായിരുന്നു, എങ്കിലും പെണ്ണുകാണാൻ പോകാൻ അമ്മ ഓർമ്മിപ്പിക്കുമ്പോളൊക്കെ ജാഡ കാട്ടി ഞാൻ മാറി നടന്നു, ഉള്ളിൽ കലശലായ മോഹമുണ്ടായിരുന്നെങ്കിലും അമ്മയുടെ നിർബ്ബദ്ധത്തിനെന്നോണം ഒരു പെണ്ണുകാണൽ ചടങ്ങിനു പോയേക്കാം എന്നു ഞാനും തീരുമാനിച്ചു

റൂമിലുള്ള അലമാരിയിലെ കണ്ണാടി നോക്കി ഒരുങ്ങുന്നതിനിടയിലാണ് പൊരുന്നലു കോഴികൊക്കണ പോലെ ഒരു ചിരി ശബ്ദം കേട്ടത് . തിരിഞ്ഞു നോക്കിയപ്പോൾ എന്റെ കുഞ്ഞു കാന്താരിപ്പെങ്ങൾ എന്നെ നോക്കി ക്കളിയാക്കിച്ചിരിക്കുകയാണ്

“ടാ, മരക്കോന്താ എത്ര ഒരുങ്ങിയാലും നിന്റെ മോറല്ലേ, അതു വെളുക്കണെങ്കിൽ വട്ടകയിൽ ഫെയർ & ലവ് ലി ഇട്ട് അതില് 24 മണിക്കൂറെങ്കിലും മോന്ത പൊത്തി വെക്കണം മോനെ”

അവൾടെ കൊത്തി വർത്താനം എനിക്ക് തീരെപ്പിടിച്ചില്ല . മുടി ചീകിക്കൊണ്ടിരുന്ന ചീർപ്പെടുത്ത് ഞാനവളെ ആഞ്ഞുവീക്കിയപ്പോഴേക്കുമവൾ ഓടി മറഞ്ഞു, എന്നേക്കാൾ പത്തു വയസ്സിന് ഇളയതാണ് എന്നിട്ടും എന്നെ ടാ ന്നേ വിളിക്കൂ തല്ലുകൊള്ളി.

അങ്ങനെ മുഖത്തൽപ്പം ഫെയർ & ഹാൻസവും പുരട്ടി അക്ഷയ് കുമാറിന്റെ പരസ്യത്തിലെ പെൺപിള്ളാരെ ആകർഷിക്കുന്ന ബോഡി സ്പ്രേയും പൂശി, പളപളാ മിന്നുന്ന കരിനീല ഷർട്ടും ഇട്ടു പുറത്തേക്കിറങ്ങി, എന്നെ നോക്കി കൊഞ്ഞനം കുത്തിയ കാന്താരിപ്പെങ്ങൾക്ക് ഒരു പുച്ഛത്തിന്റെ പുഞ്ചിരിയും സമ്മാനിച്ച് കാറിൽ കയറി

“നേരം കൊറെയായി ഇങ്ങനെ കാത്തിരിക്കാൻ തുടങ്ങിയിട്ട് “

ചങ്കിന്റെ ആ വാക്കിന് ചെവികൊടുക്കാതെ ഞാൻ കണ്ണടച്ച് പ്രാർത്ഥിച്ചു “ഈശ്വരാ ആദ്യത്തെ പെണ്ണുകാണലാണ് മിന്നിച്ചേക്കണേ” ന്നു

അരമണിക്കൂറിനുള്ളിൽത്തന്നെ പെണ്ണിന്റെ വീട്ടിലെത്തി, ഞാനൊരു ഇടതുപക്ഷക്കാരനായതു കൊണ്ട് ഇടതുകാല് വെച്ചാണ് പെണ്ണിന്റെ വീട്ടിലേക്ക് കയറിയത്, അതു കണ്ടപ്പോൾ എന്റെയമ്മാവൻ എന്നെ തുറിപ്പിച്ച് നോക്കുന്നുണ്ടായിരുന്നു

ടേബിളിന് മുൻപിലിരിക്കുന്ന മഞ്ഞ ലഡുവിലേക്ക് ഞാൻ ആർത്തിയോടെ നോക്കി, പണ്ടും മഞ്ഞ ലഡ്ഡു എനിക്കൊരു വീക്ക്നെസ്സ് ആയിരുന്നു, അതെടുക്കാനായ് കൈപൊക്കിയപ്പോഴേക്കും ചങ്ക് എന്റെ കൈ പിറകിലോട്ട് വലിച്ചു

ഗൗരവക്കാരനായ പെണ്ണിന്റെ വെള്ളമീശക്കാരൻ അമ്മാവൻ ഓരോരുത്തരെ യായി പരിചയപ്പെടുത്താൻ തുടങ്ങി, ആദ്യം പെണ്ണിനെ പരിചയപ്പെടുത്തി, പിന്നെ പെണ്ണിന്റെ അനിയത്തിയേയും

അനിയത്തിപ്പെണ്ണിന്റെ മുഖം കടന്നലുകുത്തിയ പോലെ വീർത്തിരിക്കു ന്നുണ്ടായിരുന്നു ഞാനവളെ നോക്കി പുഞ്ചിരിച്ചപ്പോളവൾ മുഖം തിരിച്ചു കളഞ്ഞു, എങ്കിലും എനിക്കിഷ്ട്ടപ്പെട്ടത് പെണ്ണിന്റെ അനിയത്തിയെ ആണ്, എന്റെ സ്വപ്നങ്ങളിൽ ഞാൻ കണ്ട എന്റെ കല്യാണപ്പെണ്ണിന്റെ എല്ലാ ഗുണ കണങ്ങളും അവൾക്കുണ്ടായിരുന്നു, അവളെ കണ്ടപാടെ ഞാൻ ചങ്കിനോട് പറഞ്ഞു

“അനിയത്തി സൂപ്പറാട്ടാ”

ഒരു പഞ്ചിനു വേണ്ടിപ്പറഞ്ഞത് ഹാളിലെ നാൽച്ചുവരുകളിൽ നന്നായി മുഴങ്ങിയെന്ന് പിന്നീടാണ് മനസ്സിലായത്, ചങ്ക് എന്റെ പള്ളക്കിട്ട് ആഞ്ഞൊന്നു കുത്തി, പെണ്ണിന്റെ അച്ഛൻ ഒന്നും കേട്ടില്ലെന്ന് നടിച്ചപ്പോൾ വെള്ളമീശക്കാരൻ അമ്മാവൻ എന്നെ ദഹിപ്പിക്കും വിധത്തിലൊന്ന് നോക്കി . ആ നോട്ടത്തിൽ ഞാനാകെച്ചൂളിപ്പോയി ആ സമയം

ചമ്മലു മാറ്റാനായി നല്ല ഉണക്കമുന്തിരിയുള്ള ഒരു മഞ്ഞ ലഡ്ഡുവെടുത്ത് ഞാനണ്ണാക്കിലേക്കിട്ടു

” പെണ്ണിനോട് എന്തേലും സംസാരിക്കുവാനുണ്ടെങ്കിൽ സംസാരിക്കാം” പെണ്ണിന്റെ അച്ഛൻ പറഞ്ഞു

വേണ്ടെന്നു പറയും മുൻപേ ചങ്ക് എന്നെ കുത്തിപ്പിടിച്ചെഴുന്നേൽപ്പിച്ചു വിട്ടു, അച്ഛനും അമ്മാവനും ചങ്കും മൂന്നും കൽപ്പിച്ച് തന്നെയാണെന്നെനിക്ക് മനസ്സിലായ്, അങ്ങനെ ചടങ്ങും കഴിഞ്ഞ് പെണ്ണിന്റെ കയ്യിൽ നിന്നും വാട്ട്സ്ആപ്പ് നമ്പറും വാങ്ങി ഞങ്ങൾ പുറത്തേക്കിറങ്ങി

“വണ്ണം ഇച്ചിരി കൂടിപ്പോയോ അളിയാ “

“ഒന്നു പോടാ അവിടന്ന്, പെണ്ണങ്ങളായാൽ ഇത്തിരി നെയ്യൊക്കെ വേണം ശരീരത്തില് “

” എന്നാലും എനിക്കിഷ്ടപ്പെട്ടത് അനിയത്തിനെയാ, നല്ല സ്ലിം ബ്യൂട്ടിയല്ലേ അവൾ “

“ഓഹ് കണ്ടാലും പറയും . എനിക്കവൾടെ മോറുകണ്ടിട്ട് പിടിച്ചില്ല ഒരു മാതിരി പയറും കണ്ടത്തിന് ചട്ടിക്കോലം വെച്ചോണം”

” എന്നാലും അതല്ലളിയാ, പെണ്ണിന്റെ മുഖം കണ്ടിട്ട് തേപ്പുകാരി സിനിമാ നടി അനുശ്രീടെ ഒരു ച്ഛായ”

” മിണ്ടിപ്പോകരുത് നീ, നിന്റെ ഉദ്ദേശം എന്താ? തെണ്ടി നടന്ന് പെണ്ണുകണ്ട് ചായ കുടിക്കലാണോ? ഇതുപോലൊരു ബന്ധം ഇനി സ്വപ്നം കാണാൻ പറ്റില്ല “

എല്ലാവരും കാര്യങ്ങളൊക്കെ ഉറപ്പിച്ച മട്ടായിരുന്നു, പെണ്ണിന്റെ അനിയത്തി യോടുള്ള എന്റെ മോഹത്തെ ചങ്ക് ഒരു നിമിഷം കൊണ്ടു തന്നെ തല്ലിക്കെടുത്തി, അങ്ങനെ വിവാഹ നിശ്ചയവും പെട്ടെന്നു തന്നെ നടന്നു

പിന്നീട് ചാറ്റിംഗിലൂടെ പ്രണയം പൂവിട്ട നാളുകളായിരുന്നു, എന്റെ രണ്ടാം പ്രണയം. ഒമ്പതു മണി വരെ വാതോരാതെ സംസാരിക്കും അവളോട്, അതു കഴിഞ്ഞ് ഉറങ്ങാൻ കിടക്കും വരെ ചാറ്റ് ചെയ്യും . കളിച്ചും ചിരിച്ചും നാളുകൾ നീങ്ങി, അവളുടെ മാസമു റത്തിയ്യതി വരെ കാണാപ്പാടമായിരുന്നു എനിക്ക് , വേറൊന്നും കൊണ്ടല്ല എന്നും അമ്പലത്തിൽച്ചെന്ന് കാണാറുണ്ട് അവളെ എന്നും അവളുടെ കൈയ്യിൽ നിന്നും പ്രസാദവും തൊട്ടിട്ടാണ് വീട്ടിലേക്ക് മടങ്ങാറ്

നെയ്ക്കൊഴുപ്പുള്ള അവളുടെ മേനിക്കുള്ളിൽ വെണ്ണ പോലത്തെ മനസ്സാ യിരുന്നൊരു ധാരണ മനസ്സിൽ ഉണർന്നു വന്നിരുന്നു, അന്നു പെണ്ണുകാണാൻ ചെന്നപ്പോൾ അനിയത്തിയുടെ മുഖഭാവത്തിന്റെ കാരണം ഞാനവളോട് തിരക്കി, കാരണം കേട്ട് ഉള്ളിൽ ദേഷ്യം അരിച്ചു കയറുകയാണുണ്ടായത് എനിക്ക് നിറം കുറവാണത്രേ. ബന്ധുക്കളാകേണ്ടതല്ലേ എന്നോർത്ത് ഞാനെന്റെ ദേഷ്യം കടിച്ചമർത്തി

ചാറ്റിംഗിനിടയിൽ ഞാനാരോടും പറയാത്ത എന്റെ പഴയ പ്രണയകഥ അവൾക്കു വിവരിച്ചുകൊടുത്തു, എന്നെ തേച്ചിട്ടു വേറൊരുത്തന്റെ കൂടെ പോയ പഴയ കാമുകിയുടെ കഥ കേട്ടപ്പോൾ മറുപടി അവളൊരു കരയണ സ്മൈലിയി ലൊതുക്കി

പറഞ്ഞും പിടിച്ചും വിവാഹദിനം വന്നെത്തി തലേദിവസം എന്തെന്നില്ലാത്ത ടെൻഷൻ ഉണ്ടായിരുന്നു കല്യാണപ്പന്തലിൽ ആകെപ്പരക്കംപാച്ചിലാർന്നു, കൂടെ ഓടിനടന്ന് കാര്യങ്ങളെല്ലാം ചെയ്യാൻ ചങ്കുണ്ടായിരുന്നതുകൊണ്ട് കാര്യങ്ങളൊക്കെ എളുപ്പമായി

എങ്കിലും എന്റെ തലക്കനം കുറക്കുവാനായി ഞാനവളെ വിളിച്ചു ഒരുപാടു നേരം ഒരുക്കങ്ങളെക്കുറിച്ചൊക്കെ സംസാരിച്ചു. അവസാനം ഒരു ചക്കരയുമ്മ വാങ്ങി ഉറങ്ങാൻ കിടന്നപ്പോളാണ് ഉള്ളിലെ ഭാരങ്ങളൊക്കെ കുറഞ്ഞത് ,

പുലർച്ചെ 5 മണിക്ക് അലറാം സെറ്റ് ചെയ്ത് ഫാൻ ഫുൾ സ്പീഡിൽ ഇട്ടു ഞാൻ മധുരസ്വപ്നങ്ങളുമായ് ഉറങ്ങാൻ കിടന്നു, കണ്ണടയുംമുൻപേ എന്റെ ഫോൺ റിംഗ് ചെയ്തു . സമയം നോക്കിയപ്പോൾ അർദ്ധരാത്രി 12 മണി, കോൾ അറ്റന്റ് ചെയ്ത പ്പോൾ മറുതലയ്ക്കും നിന്ന് ഉച്ചത്തിലുള്ള നിലവിളി , അവളുടെ വെള്ള മീശക്കാരൻ അമ്മാവനായിരുന്നു അത്

” പോയിമോനെ പോയി നമ്മളെയെല്ലാം ചതിച്ചിട്ട് , ഒരു കത്തും എഴുതി വെച്ചിട്ട് വേറൊരുത്തന്റെ കൂടെ ഇറങ്ങിപ്പോയിമോനേ………”

ഫോൺ അറിയാതെത്തന്നെ കയ്യിൽ നിന്നും വഴുതി വീണു നല്ല തണുപ്പുള്ള ഇരുട്ടുമുറിയിരുന്ന് ഞാൻ വിയർത്തുരുകിക്കൊണ്ടിരുന്നു മറുപടി പറയുവാൻ പോലും നാവ് പൊന്തിയിരുന്നില്ല

നല്ല കട്ടത്തേപ്പ് കിട്ടിയിട്ട് പണിതീരാത്ത വീടിന്റെ വാർക്ക മുഴുവിപ്പിക്കാനാണ് ഗൾഫിൽ പോയത് . തിരിച്ചു വന്നിട്ട് ഒരു കല്യാണം കഴിക്കാൻ തീരുമാനിച്ചപ്പോൾ ഇതു തന്നെയാണല്ലോ അവസ്ഥ എന്നോർത്തപ്പോൾ എനിക്ക് താങ്ങാനായില്ല, എന്തു ചെയ്യണമെന്നൊരു പിടിയും ഉണ്ടായില്ല നാളെ ഉണ്ടാകാൻ പോകുന്ന നാണക്കേടോർത്ത് എന്റെ മനസ്സ് വല്ലാതെ വേദനിച്ചു

ഞാൻ നേരെ ഫോൺ എടുത്ത് ചങ്കിനെ വിളിച്ചു വരുത്തി കാര്യങ്ങളെല്ലാം പറഞ്ഞു, അവൻ ഗൗരവത്തിൽ അച്ഛനോടും എന്നോടും വണ്ടിയിൽ കേറാനായ് പറഞ്ഞു ഞാനൊന്നും മിണ്ടാതെ കാറിൽ കയറിയിരുന്നു, വണ്ടി നേരെ വച്ചു പിടിച്ചത് പെണ്ണിന്റെ വീട്ടിലേക്കായിരുന്നു

കല്യാണ മണ്ഡപത്തിൽ അവളുടെ അച്ഛനും അമ്മാവനും താടിക്ക് കൈ വെച്ച് വിഷമിച്ചിരിക്കുന്നുണ്ടായിരുന്നു. വണ്ടിയിൽ നിന്നും ഇറങ്ങിച്ചെന്ന ചങ്കിന്റെ ഭാവം കണ്ട് അവരൊന്നു ഭയന്നിരിക്കണം, പക്ഷെ പ്രതീക്ഷയ്ക്ക് വിപിരീതമായാണ് അവിടെ സംഭവിച്ചത്.

രോഗി ഇച്ഛിച്ചതും വൈദ്യൻ കൽപ്പിച്ചതും ഒന്ന് എന്ന രീതിയിൽ ചങ്ക് എന്റെ മനസ്സിനെ വായിച്ചെടുത്തിരിക്കണം

“സംഭവിച്ചത് സംഭവിച്ചു, ഇനി ഇതിനുള്ള പോംവഴി കാണണം, നാളെ വിവാഹം നടന്നില്ലെങ്കിൽ അതിന്റെ മാനക്കേട് രണ്ടു വീട്ടുകാർക്കും ഉണ്ടാകും അതുകൊണ്ട് ചോദിക്കുന്നതിൽ വിഷമം തോന്നരുത്, ഇവിടുത്തെ ഇളയ മോൾക്ക് സമ്മത മാണെങ്കിൽ നാളെ നമുക്കതങ്ങ് നടത്താം, തീരുമാനം നിങ്ങളുടേതാണ് “

ഞാൻ അച്ഛന്റെ മുഖത്തേക്ക് നോക്കി എവിടെ നിന്നെന്നില്ലാത്ത തെളിച്ചം ആ മുഖത്തു കണ്ടു, എന്റെ മനസ്സിലും പൊന്തി വന്ന ലഡ്ഡുവിനെ പൊട്ടിക്കാതെ നിർത്തി, മുഖത്ത് മ്ലാനത ഫലിപ്പിച്ച് നിന്നു,

അവളല്ലെങ്കിൽ അവൾടെ അനിയത്തി എന്ന പഴമൊഴിയോർത്ത് പുളകം കൊണ്ടു, എങ്കിലും ഉള്ളിലൊരു ഭയമുണ്ടായിരുന്നു, ഒരിക്കൽ നിറം കുറവാണെന്നു പറഞ്ഞ് എന്നെ ഇഷ്ടപ്പെട്ടില്ല എന്നു പറഞ്ഞതല്ലേ

വീണ്ടും പ്രതീക്ഷയ്ക്ക് വിപരീതമായിത്തന്നെ സംഭവിച്ചു അവളെനിക്ക് പച്ചക്കൊടി വീശിക്കാണിച്ചു, വിവാഹം കഴിക്കാനിഷ്ടമാണെന്നു പറഞ്ഞപ്പോൾ ഉള്ളിൽ എന്തെനില്ലാത്ത ആഹ്ലാദമായിരുന്നു

വിവാഹം അങ്ങനെ മംഗളമായിത്തന്നെ നടന്നു, ആദ്യരാത്രിയിൽ മനസ്സിനെ ക്കുഴക്കുന്ന ആ ചോദ്യം എന്നെ വല്ലാതെ അലട്ടിയിരുന്നു

മണിയറയിലേക്ക് പാലുമായി വന്ന അവളുടെ പൂങ്കവിൾ നാണം കൊണ്ടു ചുവന്നു തുടുത്തിരുന്നു. ഞാനവളോടായ് ചോദിച്ചു

” ശരിക്കും ഇഷ്ടപ്പെട്ടു കൊണ്ടു തന്നെയാണോ കുട്ടി ഈ വിവാഹത്തിന് സമ്മതിച്ചത്, അതോ കുടുംബത്തിന്റെ മാനം കാക്കാനോ? എന്തായാലും പറഞ്ഞോളൂ എനിക്ക് വിഷമമില്ല”

” ഏയ് അല്ല ഏട്ടാ ഏട്ടനോടുള്ള ഇഷ്ടം കൊണ്ടു തന്നെയാ “

” അപ്പൊ അന്നെനിക്ക് നിറം പോരാന്ന് പറഞ്ഞതോ?”

ആകാംക്ഷ നിറഞ്ഞ എന്റെ ചോദ്യത്തിന് ഒരു കൂസലുമില്ലാതെയുള്ള അവളുടെ മറുപടി എന്നെ അത്ഭുതപ്പെടുത്തി

“ഓഹ് അതോ, സത്യം പറഞ്ഞാ അസൂയ കൊണ്ടാ ഏട്ടാ “

” അസൂയയോ? എന്തിന്?”

” ഏട്ടന് ഓർമ്മയുണ്ടോ എന്നെനിക്കറിയില്ല, കട്ടത്താടിക്കാരനായ എം ബി എ ക്കാരന് പ്രേമലേഖനം തന്ന ഒരു പത്താം ക്ലാസ്സുകാരിയുണ്ടായിരുന്നു, അന്ന തയാൾ കീറിക്കളഞ്ഞപ്പോൾ മുതൽ വാശിയായിരുന്നു, പ്രണയം നേടി യെടുക്കാൻ വേണ്ടി പിന്നീട് ശ്രമം നടത്തിയില്ല, കാരണം പഠിച്ച് ഒരു ജോലി നേടിയിട്ട് വീണ്ടും വന്നു ഇഷ്ടം പറയാമെന്നു കരുതി പക്ഷെ ഒരുപാട് വൈകി പ്പോയിരുന്നു, തെറ്റ് പറ്റിപ്പോയി “

“എടി വെള്ളപ്പാറ്റെ നീ ആയിരുന്നോ അത്,? “

“ജോലി കിട്ടിയിട്ട് ഏട്ടനെ കാണാൻ വരാനിരിക്കാർന്നു, അപ്പോഴാണ് ചേച്ചിനെ പെണ്ണുകാണാൻ ഏട്ടൻ വന്നത് എനിക്കാകെ വല്ലാത്ത വിഷമായി അതാ ഞാനങ്ങനെ പറഞ്ഞെ”

പറഞ്ഞു തീരുമ്പോഴും നാണം പൂത്ത അവളുടെ ചുവന്ന കവിളിലൂടെ ഒരിറ്റു കണ്ണുനീരൊഴുകി വന്നു, ഞാനാ കണ്ണിമാങ്ങക്കവിളിൽ മെല്ലെയൊന്നു കാരി, ഇരു കൈകൾക്കൊണ്ടും നാണത്തോടെയവളെന്നെ തള്ളി മാറ്റി

“ശ്ശോ , വെറുതെയല്ല പഴയ കാമുകി ഏട്ടനെ ഇട്ടിട്ട് പോയത്, എന്തൊരു കടിയാ”

“അതെങ്ങനെ നിനക്കറിയാം?”

“എന്റെ കൂട്ടുകാരീടെ ചേച്ചിയായിരുന്നു, നിങ്ങടെ പ്രണയം പൊളിയൻ ഏതൊക്കെ ദൈവത്തിന് എത്രയൊക്കെ നേർച്ച ഞാൻ നേർന്നതാന്ന് അറിയോ ഏട്ടന്?”

“അമ്പടി കാന്താരീ നിനക്കെല്ലാമറിയാലേ?”

സംസാരിച്ച് ആ രാത്രി അറുബോറാക്കി മാറ്റാൻ ഞങ്ങൾക്ക് താൽപര്യ മുണ്ടായിരുന്നില്ല. ലൈറ്റണച്ച് പതുക്കെ ആക്ഷൻ രംഗങ്ങളിലേക്ക് കടന്നു, ആദ്യരാത്രിയാണേ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *