അവൾ പോയതിന് ശേഷം
Story written by Ammu Santhosh
ചടങ്ങുകൾ കഴിഞ്ഞു. മോനും മോളും കരഞ്ഞു തളർന്നകത്തെ മുറികളിലെ വിടെയോ ഉണ്ട്. അയാൾ കസേരകളുടെയും ടാർപ്പാളിന്റെയും വാടക എണ്ണി ക്കൊടുത്തു.
“മനുവേട്ടാ ആ നൂറിന്റ നോട്ട് ഇത്തിരി കീറിയിട്ടുണ്ട്. അത് മാറ്റി കൊടുക്കണേ “
അവളുടെ ശബ്ദം കേട്ട പോലെ.അയാൾ ഞെട്ടി നോക്കി. തോന്നിയതാണ്.
“സാറെ ഇത് കീറിയിട്ടുണ്ടല്ലോ മാറ്റി തരാമോ? “കസേരയുടമ ചോദിച്ചപ്പോൾ അയാൾ അതിശയത്തോടെ നോട്ട് വാങ്ങി.
“ബാക്കി വന്ന ആഹാരമൊക്കെ ഇവിടെ വേണോ അതോ? “
കാറ്ററിംഗ് സർവീസ് പയ്യനാണ്.
“അതവർക്ക് കൊടുത്തേക്ക് മനുവേട്ടാ.. കുറച്ചേയുള്ളു. “വീണ്ടും അവൾ
“അല്ല കുറച്ചേയുള്ളു ഇവിടെ വേണമെങ്കിൽ തരാം “അയാളോട് അവൻ പറഞ്ഞു
“വേണ്ട കൊണ്ട് പൊയ്ക്കോ “
അയാൾ പറഞ്ഞു.. പിന്നെ തിണ്ണയിൽ ഇരുന്നു.. ഇനി മുന്നോട്ട് എങ്ങനെയാണ് പോകേണ്ടത്..? ഒരു ശൂന്യത. അവളില്ല..
“എന്നോടെത്ര ഇഷ്ടം ഉണ്ട്? “ചിലപ്പോൾ ഒരു കൊച്ചുകുട്ടി ചോദിക്കും പോലെയവൾ ചോദിക്കും
“ഈ ആകാശത്തോളം “മറുപടി പറയുമ്പോൾ ഒരു ചിരിയുണ്ട്..
“I am lucky “അവൾ മെല്ലെ മന്ത്രിക്കും..
അവളോടൊപ്പമായിരുന്നു എപ്പോഴും. ആ കണ്ണൊന്നു നിറഞ്ഞാൽ,മുഖം ഒന്ന് വാടിയാൽ തന്റെ ഉള്ളു പിടയും
“എന്താ മാളു വയ്യേ? “താൻ ചോദിച്ചു കൊണ്ടേയിരിക്കും.
“ഈ മനുവേട്ടൻ… ഇത്രയും സ്നേഹിക്കണ്ട കേട്ടോ ദൈവം എന്നെ നേരെത്തെ അങ്ങ് വിളിക്കുമെ”
അത് കേൾക്കുമ്പോൾ തനിക്ക് ദേഷ്യം വരും. പിണങ്ങും. പിന്നെ ഇണക്കാനുള്ള സൂത്രങ്ങളാണ്.. അയാൾ സ്വയം ഒന്ന് ചിരിച്ചു.
മക്കൾക്ക് ജീവനായിരുന്നു അവളെ. ഒരു ഈർക്കിൽ എടുത്തു പോലും തല്ലി യിട്ടില്ല. ഉറക്കെ ശകാരിക്കുക പോലുമില്ല. ഓരോന്നും പറഞ്ഞു കൊടുക്കുന്നത് സ്നേഹം പൊതിഞ്ഞാണ്. അങ്ങനെയല്ലട്ടോ മോളു ദേ ഇങ്ങനെ.. മോനോടും അങ്ങനെ തന്നെ.. അവരെ കുഞ്ഞായിരിക്കുമ്പോൾ തന്നെ എല്ലാം പരിശീലിപ്പിക്കുമായിരുന്നു. നേരെത്തെ പോകുമെന്ന് അറിയാമായിരുന്നോ അവൾക്ക്?
“അച്ഛാ കാപ്പി “
മകൾ കുളിച്ചു വേഷം മാറിയിരിക്കുന്നു..
“മോനെവിടെ? “
“അവനാ മുറികൾ ഒക്കെ ഒന്ന് അടുക്കി വെയ്ക്കുവാ.. പതിനാറു ദിവസവും ആൾക്കാർ ഉണ്ടായിരുന്നതല്ലേ? അമ്മക്ക് ഇഷ്ടമല്ല ഇങ്ങനെ അലങ്കോലമായി കിടക്കുന്നത്..” മോൾ ദൂരെ നോക്കി പറഞ്ഞു.
അത് ശരിയായിരുന്നു. ഒരു കടലാസ് സ്ഥാനം മാറി കിടക്കുന്നത് ഇഷ്ടമല്ല. അടുക്കും ചിട്ടയും വൃത്തിയും വെടിപ്പും.. അതാണ് ശീലം.
ഒഴിവു ദിവസങ്ങളിൽ മക്കളും അവളും കൂടിയാണ് ജോലികൾ ചെയ്യുക.
“അച്ഛനെ കൂടെ കൂട്ടമ്മേ. മടിയൻ ഇരിക്കുന്നത് കണ്ടില്ലേ? ” മോൾ പറയാറുണ്ട്
“അതൊക്കെ ചെയ്തോളും അല്ലെ ഏട്ടാ? ” തന്നെ ബുദ്ധിമുട്ടിക്കില്ല മിക്കപ്പോഴും.
പക്ഷെ ഇനിയെല്ലാം ചെയ്യണം. കുട്ടികൾക്ക് സ്കൂളിൽ പോകണം. അവരുടെ വസ്ത്രങ്ങൾ തിരുമ്മണം. പാചകം ചെയ്യണം. തനിക്ക് ജോലിക്ക് പോകണം. ഇനി ലീവില്ല. അയാൾ എഴുനേറ്റു അകത്തേക്ക് ചെന്നു
“ഇന്ന് കഞ്ഞി കുടിക്കണേ ഏട്ടാ..ഇഷ്ടമല്ല എന്നറിയാം. പ്ലീസ് പ്ലീസ് “വീണ്ടും അവൾ പറയും പോലെ
“അച്ഛാ കഞ്ഞി വിളമ്പി.. ഇന്ന് മാത്രം.. നാളെ മുതൽ പലഹാരം എന്തെങ്കിലും ആക്കാം “
മകൾ പെട്ടെന്ന് മുതിർന്നു .. അയാൾ ആ ശിരസിൽ ഒന്ന് തലോടി.
“അച്ഛൻ ചെയ്തോളാം നാളെ മുതൽ.. ഇന്ന് കൂടി ഇങ്ങനെ പോകട്ടെ “അയാൾ പറഞ്ഞു
“എല്ലാർക്കും കൂടി ചെയ്യാം ഞങ്ങളെ കൂടെ വിളിച്ചാ മതി ” മോൻ അച്ഛനെ കെട്ടിപിടിച്ചു പറഞ്ഞു..
“അമ്മ പറയും.. ആരുമില്ലങ്കിലും തളർന്നു പോകരുത് എന്ന്..അച്ഛൻ വിഷമിക്കണ്ട
ഈ സമയവും കടന്നു പോകും. നമ്മൾ സഹിക്കും.അമ്മയുണ്ടിവിടെ. അമ്മ എവിടെ പോകാനാ നമ്മളെ വിട്ട്? ” മോൾ കഞ്ഞി വിളമ്പി കൊണ്ട് പറഞ്ഞു.. പതിനാറു വയസ്സിൽ മകൾ സ്ത്രീ ആയിരിക്കുന്നു. അവളുടെ അമ്മയെ പോലെ ധൈര്യം ഉള്ള സ്ത്രീ.
രാത്രിയിൽ അയാളുടെ രണ്ടു വശത്തും മക്കൾ കിടന്നു..
“ഇനി മുതൽ ഞങ്ങൾ ഇവിടെ കിടന്നോളാം അച്ഛാ “മക്കൾ പറഞ്ഞപ്പോൾ അയാൾ അവരെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു..
“അച്ഛാ രാവിലെ ട്യൂഷൻ ഉണ്ട്. വെളുപ്പിന് വിളിക്കണേ ” മോൾ പറഞ്ഞു..
അയാൾ ഒന്ന് മൂളി
മോൻ ഉറങ്ങിയിട്ടില്ല എന്ന് തോന്നി. അവൻ ഇടക്ക് ഏങ്ങലടിക്കുന്നത് അറിയാം.. അവൻ തന്നെ പോലെയാണ്. ദുർബലനാണ്. കുഞ്ഞല്ലേ? അയാൾ ആ നെറ്റിയിൽ ചുണ്ടമർത്തി..
ഒരു ഉറക്കത്തിൽ യാത്ര പോലും പറയാതെ പോകാൻ മാത്രം എന്ത് തെറ്റാണ് ഞാൻ ചെയ്തത് എന്നയാൾ അവളോട് പിന്നെയും പിന്നെയും നിശബ്ദമായ് ചോദിച്ചു കൊണ്ടിരുന്നു.
എന്നാലും യാത്ര ചെയ്യാനിനിയും ഏറെ ദൂരം ഉണ്ടെന്നോർക്കവേ മക്കളെ ഒന്ന് കൂടി ചേർത്ത് പിടിച്ചയാൾ കണ്ണടച്ച് ഒരു ഉറക്കത്തിനായി പ്രാർത്ഥിച്ചു.