അവസരത്തിനൊത്ത് എവിടെയെല്ലാം ആദിയേട്ടനെ ചെറുതാക്കിക്കാണിക്കാൻ പറ്റുമോ അവിടെയെല്ലാം ഞാനത് പ്രാവർത്തികമാക്കി മനസ്സിലപ്പോഴും ഒരു തെറ്റും ചെയ്യാത്തവനെ അടിച്ചമർത്തുന്നതിന്റെ കുറ്റബോധമാണുണ്ടായിരുന്നത്…….

മാംഗല്യ യോഗം

Story written by Adarsh Mohanan

” ആ മരക്കോന്തനെ കണ്ടാലും മതി, മോറു കണ്ടാ പട്ടി കഞ്ഞെളളം കുടിക്കോ?”

” ഹയ്യട കിട്ടാത്ത മുന്തിരി പുളിക്കുമെടി അമ്മാളോ “

” കിട്ടാത്ത മുന്തിരിയോ? ആ കാൽ കാശിന് ഗതിയില്ലാത്തവനോ ?”

” പിന്നെയാ കാൽക്കാശിന് ഗതിയില്ലാത്തവനോടെന്തിനാ നീ ഇഷ്ട്ടമാണെന്നും പറഞ്ഞ് പിറകേ നടന്നത്?”

പൊന്നുട്ടിയുടെ ആ ചോദ്യത്തിന് മുൻപിൽ ഞാനുത്തരം മുട്ടി നിന്നു എന്റെ വാടിക്കൊഴിഞ്ഞ മുഖം കണ്ടിട്ടാവണം ചുമ്മാ പറഞ്ഞതാണെന്നും പറഞ്ഞ അവളെന്നെ സമാധാനിപ്പിച്ചത്

ഒരുപാടു പിറകെ നടന്നാണ് ഞാനെന്റെ ഇഷ്ട്ടം ആദിയേട്ടനോട് തുറന്നു പറഞ്ഞതും ഇതുവരെയുള്ള ആ മുഖത്തെ മൗനമാണ് ഇത്രയധികം വെറുക്കാൻ പ്രേരണയായതും

അതിരു കവിഞ്ഞ് ഞാനെന്റെ സൗന്ദര്യത്തിൽ അഹങ്കരിച്ചതിനു കിട്ടിയ ആദ്യത്തെ അടിയായിരുന്നു അത്.

സുഹൃത്തുക്കളെല്ലാം മാറി മാറിയെന്നെ ഉപദേശിച്ചതാണ് എന്റെ നിലക്കും വിലക്കും സൗന്ദര്യത്തിനും ചേർന്നൊരാളല്ല ആദിയേട്ടൻ എന്ന് . എന്നിട്ടും എന്റെ തീരുമാനത്തിനു മാറ്റമൊന്നുമുണ്ടായിരുന്നില്ല

മനസ്സിൽ ഉറപ്പുണ്ടായിരുന്നു എന്നേപ്പോലൊരാള് വന്ന് ഇഷ്ട്ടം പറഞ്ഞാൽ ആരും ഇരുകയ്യും നീട്ടി സ്വീകരിക്കും എന്ന്

പക്ഷെ പ്രതീക്ഷകളെല്ലാം തെറ്റിയിരുന്നു. ആ അവഗണനയിൽ ഞാൻ വെന്തുരുകുകയായിരുന്നു. അന്നു കരഞ്ഞു തീർത്ത കണ്ണീരിന്റ കണക്ക് കരിമഷി കുത്തിയൊലിച്ചയെന്റെ കവിളിണകൾക്ക് മാത്രമേ അറിയൂ.

മനസ്സിലൊരുറച്ച തീരുമാനമെടുത്തത് അപ്പോഴാണ്, ഇനിയെന്റെ ജീവിതത്തിൻ പ്രണയത്തിന്റെ സ്ഥാനം തീണ്ടാപ്പാടകലെയായിരിക്കും എന്ന്.

എന്റെ വേദനകളെ ഞാൻ വെറുപ്പാക്കി മാറ്റാൻ ശീലിച്ചു. ഇല്ലാതിരുന്ന മനക്കരുത്ത് നെയ്തെടുക്കാൻ ശ്രമിച്ചെങ്കിലും ഫലത്തിൽ അത് അഭിനയിച്ച് പ്രതിഫലിപ്പിക്കാൻ മാത്രമേ എനിക്ക് സാധിച്ചിരുന്നുള്ളോ.

അവസരത്തിനൊത്ത് എവിടെയെല്ലാം ആദിയേട്ടനെ ചെറുതാക്കിക്കാണിക്കാൻ പറ്റുമോ അവിടെയെല്ലാം ഞാനത് പ്രാവർത്തികമാക്കി മനസ്സിലപ്പോഴും ഒരു തെറ്റും ചെയ്യാത്തവനെ അടിച്ചമർത്തുന്നതിന്റെ കുറ്റബോധമാണുണ്ടായിരുന്നത്

ആദിയേട്ടന്റെ വല്ല്യച്ഛന്റെ മോൾടെ കല്ല്യാണത്തിന് കൂട്ടുകാരികളുമായി ഒത്തു കൂടിയപ്പോൾ ആ ഗതിയില്ലാത്തവനെ കളിയാക്കിച്ചിരിച്ച കൂട്ടത്തിൽ മൗനം പൂണ്ട് നിൽക്കുക മാത്രമാണ് ഞാനും ചെയ്തത്

അന്നു കല്ല്യാണത്തിന് വില കൂടിയ സമ്മാനപ്പൊതിയുമായി കല്ല്യാണ പ്പെണ്ണിനരികിലേക്ക് നടന്നടുക്കുമ്പോഴും വെറും കൈയ്യോടെ “ഈ ഏട്ടന്റെ കൈയ്യിൽ നിനക്കു തരാനായൊന്നുമില്ലല്ലോ” എന്നു പറഞ്ഞയാ ഗതിയില്ലാത്തവനെ പുച്ഛത്തോടെ തന്നെയാണ് ഞാൻ നോക്കിയതും

സുഹൃത്തുക്കളൊന്നടങ്കം വട്ടം കൂടി പരസ്യമായി ആദിയേട്ടനെ കളിയാക്കിയപ്പോഴും ഹൃദയത്തിൽ കാരമുള്ളു തറച്ച വേദയുളവായെതെന്തിനായിരുന്നെന്നെനിക്ക് മനസ്സിലായിരുന്നില്ല

വെറുക്കാനായി പരമാവധി ശ്രമിച്ചെങ്കിലും എന്റെ മനസ്സാക്ഷിയെന്നെ ചതിക്കുകയായിരുന്നു, അവനെ നിനക്കെങ്ങനെ വെറുക്കാനാവും നീ അത്ര മാത്രം അവനെ സ്നേഹിക്കുന്നില്ലേ എന്നെന്നോടായ് മനസ്സ് വീണ്ടും വീണ്ടും ചോദിച്ചു കൊണ്ടേയിരുന്നു

പകലു മുഴുവൻ പ്രതിഷേധിച്ചും അമർഷം തീർത്തും കഴിഞ്ഞ് ഇരവിലെ നിലാവെളിച്ചത്തോട് ശുഭരാത്രി നേർന്ന് ഉറങ്ങാൻ കിടക്കുമ്പോഴും എന്നുമെന്റെ സ്വപ്നത്തിലെ നായകനായവതരിച്ചിരുന്നത് ആ കാൽക്കാശിന് ഗതിയില്ലാത്തവൻ തന്നെയായിരുന്നു.

എന്നും മനസ്സുതുറക്കാറുള്ള ക്ഷേത്രത്തിനുള്ളിലെ കാളിയമ്മയും എന്നെ കൈവിട്ടതറിഞ്ഞപ്പോൾ ആ തിരുനടയിലേക്ക് ഞാനവസാനമായി പോയത് പരാതി ബോധിപ്പിക്കാൻ വേണ്ടി മാത്രമായിരുന്നു, ആദിയേട്ടന്ന് എന്നെക്കാൾ പൊട്ട കുട്ടിയെ കിട്ടണേന്ന് പ്രാർത്ഥിക്കാൻ വേണ്ടിയായിരുന്നു .

വിവാഹപ്രായമെത്തി നിൽക്കുന്ന മകളുടെ ഭാവിയോർത്ത് വേവലാതി കൊണ്ട എന്റെ മാതാപിതാക്കൾക്കു മുൻപിൽ ആദ്യത്തെ ആലോചനയ്ക്ക് അർദ്ധ സമ്മതം മൂളിയപ്പോഴും മനസ്സിൽ വേദന മാത്രമായിരുന്നു ഉണ്ടായിരുന്നത്

ഏതൊരു പെണ്ണിനെയും പോലെ കിളിർക്കാത്ത പ്രണയ നഷ്ട്ടത്തിന്റെ ഭാരമേന്തി ജീവിക്കേണ്ടി വരുന്നതിന്റെ ഭയമായിരുന്നു ഉള്ളിലുളവായത്

ഒരു ഗവൺമെന്റ് ജോലിക്കാരനെന്നെ പെണ്ണുകാണാൻ വരുന്നതിന്റെ തെളിച്ചം അമ്മയുടെയും അച്ഛന്റെയും മുഖത്ത് നന്നേ പ്രകടമായിരുന്നു മനസ്സില്ലാ മനസ്സോടെ ഞാനാ ജനലഴികളിലൂടെ നോക്കിയപ്പോൾ ആദ്യമൊന്നു ഞെട്ടി

കാരണം എന്നെ പെണ്ണുകാണാൻ വന്നത് മറ്റാരുമായിരുന്നില്ല ആദിയേട്ടൻ തന്നെയായിരുന്നു അത്

ഒരു കള്ളച്ചിരിയോടെ ചായപ്പാത്രമെന്നെ ഏൽപ്പിച്ചിട്ട് ചായകൊടുക്കാനമ്മ പറഞ്ഞപ്പോൾ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ഉയർന്നു വന്നിരുന്നു ഒപ്പം ഭീതിയും

ഞങ്ങൾക്കു സംസാരിക്കുവാൻ വേണ്ടി കാരണവൻമാർ ഒഴിഞ്ഞു തന്നപ്പോൾ ആദിയേട്ടനോടായ് ഞാൻ ചോദിച്ചു

” ഒരു പ്രതികാരത്തിനു വേണ്ടിയുള്ള വരവായിരുന്നില്ലേ ഇത് ” എന്ന്

ചോദ്യം കേട്ടതും എന്നേ നോക്കിയൊന്നു പുഞ്ചിരിക്കുക മാത്രമാണ് ആദിയേട്ടൻ ചെയ്തത് ചായ ഗ്ലാസ്സ് ചുണ്ടോടടുപ്പിച്ചതിനു ശേഷo ആദിയേട്ടൻ ഭാവവ്യത്യാസ മില്ലാതെത്തന്നെ എനിക്കുള്ള മറുപടി തന്നു

“അന്നു നീ എന്നെ ഇഷ്ട്ടമാണെന്നു പറഞ്ഞപ്പോൾ ഞാനാദ്യം ചെയ്തത് എന്താന്നറിയോ?”

ഇല്ല എന്ന അർത്ഥത്തിൽ ഞാനൊന്നു മൂളി

“നിന്നെ ഇഷ്ട്ടമല്ലാത്തതു കൊണ്ടല്ല ഞാനൊരു മറുപടി തരാഞ്ഞത് , നിന്നെ എനിക്ക് ഒരുപാട് ഇഷ്ട്ടമായിരുന്നു. അതു പറയേണ്ടത് നിന്നോടല്ല നിന്റെ വീട്ടുകാരോടായിരിക്കണമെന്നെനിക്കു തോന്നി.

ഒരു ജോലിയും കൂലിയുമില്ലാത്തവന്റെ വാക്കിൽ നിന്നെ തളച്ചിട്ടിരുന്നെങ്കിൽ പിന്നീടാ വാക്ക് പാലിക്കാൻ കഴിയാതെ വന്നാൽ ഈ ജീവിതത്തിലെനിക്ക് സമാധാനം കിട്ടില്ലെന്നറിയാവുന്നതു കൊണ്ടു തന്നെയാണ് ഞാൻ നിന്റെ അച്ഛനെ വന്നു കണ്ടത്,

ഞാനദ്ദേഹത്തോട് ചോദിച്ചത് ഒരു വർഷം സമയം മാത്രമായിരുന്നു. അന്നു നിന്നെ പോറ്റാനെനിക്ക് കഴിവുണ്ടെങ്കിൽ മാത്രം കെട്ടിച്ചു തന്നാൽ മതിയെന്നു തന്നെയാണ് പറഞ്ഞതും . നിറഞ്ഞ മനസ്സോടെ അതിനു സമ്മതം മൂളിയപ്പോൾ തെല്ലൊന്നുമല്ല ഞാൻ സന്തോഷിച്ചത്.

ഒരു പെണ്ണിനെ പ്രണയിക്കുവാനും അവൾക്കു ഒന്നിച്ചൊരു ജീവിതമെന്ന വാക്കു നൽകാനുള്ള മിനിമം യോഗ്യത അവളെ പോറ്റാനുള്ള കഴിവ് അവനു ഉണ്ടായിരിക്കണം എന്നതാണെന്ന് എന്റെയച്ഛൻ പറഞ്ഞിട്ടുണ്ടെന്നോട്

അമ്മു നിനക്കൊരു കാര്യമറിയുമോ?

എന്റെയച്ഛൻ അമ്മയെ പ്രണയിച്ച പോലെ ഈ ഭൂമിയിൽ വേറൊരാളും തന്റെ ഭാര്യയെ പ്രണയിച്ചിട്ടുണ്ടാകില്ല ,ഒരു വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളോ അതിൽ.

സ്നേഹിച്ച പെണ്ണിനെ ചങ്കുറപ്പോടെ വീട്ടിൽ ചെന്ന് പെണ്ണു ചോദിക്കുകയാണ് അച്ഛൻ ചെയ്ത്, വിവാഹത്തിനു ശേഷമാണ് അവർ പ്രണയിച്ചു തുടങ്ങുന്നതും. അതു തന്നെയാണ് ശരിയെന്ന് എനിക്കും തോന്നി,

ആ അച്ഛന്റെ മകനാണ് ഞാനും. ആ പാത പിന്തുടരാനാണ് എനിക്കും ഇഷ്ട്ടം

നിന്റെ കൂട്ടുകാരികൾ പറയുന്ന പോലെ ഇന്നു ഞാൻ കാൽക്കാശിന് ഗതിയില്ലാത്തവനല്ല ,ഗവൺമെന്റ് തസ്തികയിലുള്ള ഒരു പ്യൂൺ ആണ്. രാജകുമാരിയെപ്പോലെ നിന്നെ വാഴിക്കാനാവില്ലെങ്കിലും അല്ലലില്ലാതെ നിന്നെ പോറ്റാനാകും എന്നൊരു വിശ്വാസമുണ്ടിന്നെനിക്ക് “

പറഞ്ഞു തീരുമ്പോഴും എന്റെ കണ്ണുകൾ അണപ്പൊട്ടിയൊഴുകുന്നുണ്ടായിരുന്നു, ആരാണ് ശരിയെന്നുള്ള ചോദ്യചിഹ്നത്തിന് ഞങ്ങളുടെ വിവാഹം കഴിഞ്ഞതിനു ശേഷമായിരുന്നു എനിക്കുത്തരം കിട്ടിയത്, വിവാഹത്തിനു ശേഷമുള്ള പ്രണയത്തിന് ഇരട്ടി മധുര്യമാണുള്ളത് എന്നു ഞാൻ പതിയെപ്പതിയെ മനസ്സിലാക്കുകയായിരുന്നു.

അതെ ആദിയേട്ടനായിരുന്നു ശരി, ഞാൻ വലിയൊരു തെറ്റും. കാരണം അങ്ങനെയൊരിഷ്ട്ടം എനിക്ക് തോന്നിയിരുന്നെങ്കിൽ ആദ്യo ഞാനതു തുറന്നു പറയേണ്ടത് എന്റെ വീട്ടുകാരോടായിരുന്നു.

പതിവായി ഞാൻ പോകാറുള്ള തിരുനടയിലേക്ക് ഇന്നു ഞാൻ പോയത് പരാതി ബോധിപ്പിക്കുവാൻ വേണ്ടിയായിരുന്നില്ല മറിച്ച് നന്ദി പറയുവാൻ വേണ്ടി ആയിരുന്നു എന്റെ കാളിയമ്മയോട് .

എന്തിനെന്നോ?

എന്റെ പ്രാർത്ഥനയെ അക്ഷരംപ്രതി ചെവികൊണ്ടതിന് , അന്നു ഞാൻ പറഞ്ഞു പ്രാർത്ഥിച്ച അഗ്രഹം പൂർത്തീകരിച്ചു തന്നതിന്

എന്നെക്കാൾ പൊട്ട ഞാൻ മാത്രമായിരുന്നെന്ന് എനിക്ക് തെളിയിച്ചു തന്നതിന്

Leave a Reply

Your email address will not be published. Required fields are marked *