അവസാന നാളുകളിൽ അവൾ പറയുമായിരുന്നു നന്ദൻ സാറിനെ ഒന്ന് കാണാൻ തോന്നുന്നു എന്ന്. അവൾ നന്ദന് വേണ്ടി എഴുതിയ ചില എഴുത്തുകൾ സൂക്ഷിച്ചു വച്ചിട്ടുണ്ട്…..

വൈകിവന്ന വസന്തം 🍁

എഴുത്ത്:-അഞ്ജു തങ്കച്ചൻ

ഒരു കുന്നത്ത്കാവ്……. അയാളുടെ പ്രൗഢഗംഭീരമായ സ്വരം കേട്ട് ബസിലുള്ള ഏവരുടെയും ശ്രെദ്ധ അയാളിലേക്ക് തിരിഞ്ഞു.

തിളങ്ങുന്ന നീലകണ്ണുകളാണ് അയാൾക്ക്‌ , കാറ്റിൽ പാറിയിളകുന്ന കുസൃതി നിറഞ്ഞ മുടിയിഴകൾ, അയാളുടെ മുഖത്ത്‌ വല്ലാത്തൊരു ശാന്തത നിറഞ്ഞു നിന്നിരുന്നു.

ബസിൽ ഉള്ള ചില തരുണീമണികൾ ഇടയ്ക്കിടെ അയാളെ ഒളികണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു.

ആയാളാവട്ടെ പുറത്തെ കാഴ്ച്ചകളിലേക്ക് നോക്കിയിരിക്കുകയാണ്.

തിരക്കുകൾ കുറഞ്ഞ നിരത്തിലൂടെ ബസ് ഓടിക്കൊണ്ടിരുന്നു.

ഗ്രാമത്തിന്റെ നിഷ്കളങ്ക സൗന്ദര്യം കണ്ണിൽ വിരുന്നെത്തി തുടങ്ങി. താളാത്മക മായി തലയാട്ടി ചിരിക്കുന്ന- പുൽനാമ്പുകളും, ഇടയ്ക്കിടെ ഉയർന്നുകേൾക്കുന്ന കുയിൽ നാദവും, തണുത്ത കാറ്റു മുഖത്തേക്ക് വീശിയപ്പോൾ അയാൾക്ക്‌ വല്ലാത്തൊരുണർവ് തോന്നി. അയാൾ സീറ്റിലേക്ക് നന്നായി ചേർന്നിരുന്നു.

അയാൾ ദൂരെയുള്ള കുന്നിൻ മുകളിലേക്ക് മിഴികൾ നീട്ടി. പ്രകൃതി പല നിറമുള്ള മേലാടയണിഞ്ഞ് അതി സുന്ദരിയായി അണിഞ്ഞൊരുങ്ങിയിരിക്കുന്നു. താഴ്വരയിൽ എങ്ങും പാറി നടന്നിരുന്ന മഞ്ഞിൻ കൂട്ടം നേർത്ത കാറ്റിന്റെ കവിളുരുമ്മി പർവ്വതമുകളിലേക്ക് ചേക്കേറുന്നു.

തീർത്തും വിജനമായ ഇരുവശത്തും വയലുകൾ നിറഞ്ഞ വഴിയിലേക്ക് ബസ് തിരിഞ്ഞു. ആർഭാടങ്ങൾ കടന്നുചെല്ലാത്ത വിശുദ്ധി നിറഞ്ഞ നാട്.

ഇറങ്ങേണ്ട സ്ഥലമായ്…. കണ്ടക്ടർ വിളിച്ചുപറഞ്ഞു.

അയാൾ ഇറങ്ങാൻ തയ്യാറെടുത്തു.

സാമാന്യം വലിയൊരു സിറ്റിയിൽ ബസ് നിർത്തി. അയാൾ ഇറങ്ങി. സിറ്റിയുടെ ഇടതുവശത്തായി വലിയൊരു കെട്ടിടം ഉണ്ടായിരുന്നു. പറഞ്ഞുള്ള അറിവ് വച്ച് ആ കെട്ടിടത്തിന്റെ സൈഡിലൂടെ ഉള്ള വഴി ആയിരിക്കും, ഏതായാലും ആ വഴി കുറച്ചു പോയി നോക്കാം. അയാൾ ആ വഴിയിലൂടെ നടന്നു, അല്പം മുന്നോട്ടു നടന്നപ്പോൾ പഴയ നാലുകെട്ടും നടുമുറ്റവും ഉള്ള തറവാട് അയാൾക്ക് മുന്നിൽ തലയുയർത്തി നിന്നു. ഒരുവേള അയാളുടെ കാലുകൾ നിശ്ചലമായി. മനസ്സിലുണ്ടായിരുന്ന സങ്കല്പത്തെക്കാൾ വലിയ പ്രൗഢിയോടെ നിൽക്കുന്ന തറവാട്. മുറ്റത്ത് ചരൽ മണൽ വിരിച്ചിരിക്കുന്നു വളരെ വൃത്തിയോടെ സൂക്ഷിച്ചിരിക്കുന്ന പരിസരം.

അപ്പോളാണ് കണ്ടാൽ മുപ്പത്തിഅഞ്ചോ, മുപ്പത്തിയാറോ വയസ്സ് പ്രായം തോന്നുന്ന ഒരു സ്ത്രീ ഇറങ്ങി വന്നത്.

നന്ദൻ അല്ലേ? അവൾ സംശയത്തോടെ ചോദിച്ചു.

അതെ. അയാൾ പറഞ്ഞു.

ഞാൻ ഭദ്ര, ഗൗരിയുടെ ചേച്ചിയാണ്. അവൾ സ്വയം പരിചയപ്പെടുത്തി.

കയറിവരു… അവൾ പറഞ്ഞു.

ഉമ്മറത്തെ ചാരുകസേരയിൽ മറ്റേതോ ലോകത്തിലെന്നവണ്ണം ചിന്തിച്ചുകൊണ്ട് ഒരു വൃദ്ധൻ ഇരിപ്പുണ്ടായിരുന്നു

അച്ഛാ…. ഇതാണ് നന്ദൻ. അവൾ പറഞ്ഞു.

ഗൗരി പറഞ്ഞ് നന്ദനെ ഇവിടെ എല്ലാവർക്കും നന്നായി അറിയാം.

അകത്തേക്ക് കയറി വരൂ… വൃദ്ധൻ ഗദ്ഗദത്തോടെ പറഞ്ഞു. അയാളുടെ കണ്ണുകളിൽ അഗാധദുഃഖത്തിന്റെ ശേഷിപ്പുകൾ ലയിച്ചു കിടന്നിരുന്നു.

വീട് കണ്ടു പിടിക്കാൻ ബുദ്ധിമുട്ടിയോ? വൃദ്ധൻ ചോദിച്ചു

ഇല്ല. ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല.

വരു….അകത്തേക്ക് വരൂ… ഞാൻ ചായ എടുക്കാം. അവൾ അയാളെ അകത്തേക്ക് ക്ഷണിച്ചു.

വേണ്ട… എനിക്കു ഇപ്പോൾ ഒന്നും വേണ്ട.

എന്നാണ് നന്ദൻ ജയിലിൽ നിന്നും ഇറങ്ങിയത്? അവൾ ചോദിച്ചു

കുറച്ചു ദിവസമായി.

ഉം.

എനിക്കു ഗൗരിയെ അവസാനമായി ഒന്ന് കാണാൻ പറ്റിയില്ല… അയാൾ ഇടർച്ചയോടെ പറഞ്ഞു.

അവസാന നാളുകളിൽ അവൾ പറയുമായിരുന്നു നന്ദൻ സാറിനെ ഒന്ന് കാണാൻ തോന്നുന്നു എന്ന്. അവൾ നന്ദന് വേണ്ടി എഴുതിയ ചില എഴുത്തുകൾ സൂക്ഷിച്ചു വച്ചിട്ടുണ്ട്.

മുകളിലാണ് ഗൗരിയുടെ മുറി, വരൂ….

പടികൾ കയറി മുകളിലേക്ക് എത്തുന്നത് വിശാലമായ മുറിയിലേക്കാണ്. അവിടെ നിന്നും നിന്നും നേർത്ത ഇടനാഴികടന്നുവേണം മുറിയിലേക്ക് എത്തുവാൻ, ഇടനാഴിയിൽ വെളിച്ചത്തിന്റെ നേർത്ത കഷണങ്ങൾ ചിതറിക്കിടക്കുന്ന പോലെയാണ് അയാൾക്ക് തോന്നിയത്. കടന്നു ചെന്നതും വലിയൊരു മുറിയിലേക്കായിരുന്നു. കൊത്തുപണികൾ ധാരാളമുള്ള മച്ച്, തുറന്നിട്ട ജനലഴികളിലൂടെ കടന്നു വന്ന നേർത്ത കാറ്റിൽ ആമ്പൽ പൂക്കളുടെ സൗരഭ്യം.

ഭിത്തിയിൽ മാലയിട്ട് സൂക്ഷിച്ച ഗൗരിയുടെ ഫോട്ടോയിലേക്ക് അയാൾ നോക്കി. അവളുടെ ചുണ്ടിൽ ഒരു കുസൃതി ചിരി ഒളിച്ചിരിപ്പുണ്ട്.

കോളേജിലും അവൾ അങ്ങനെ ആയിരുന്നു. ഒരു ചിരിയോടെ അല്ലാതെ അവളെ കണ്ടിട്ടേ ഇല്ല. ഏറ്റവും നന്നായി പഠിക്കുന്ന അവൾ തന്നെ ആയിരുന്നു കോളേജിലെ വില്ലത്തിയും. താമസിച്ചു വരുന്നതിനും, ഇടക്ക് ക്ലാസ്സ്‌ കട്ട് ചെയ്ത് പുറത്തു പോകുന്നതിനും എത്ര വട്ടം പ്രിൻസിപ്പാൾ അവളെ ശക്കാരിച്ചിട്ടുണ്ട്.

പക്ഷെ പൊതുവെ ഗൗരവക്കാരൻ ആയ തന്റെ ക്ലാസ്സിൽ അവൾ എന്നും മൗനം ആയിരുന്നു. അന്നൊക്കെ ഒരെഴുത്തുകാരൻ എന്ന നിലയിൽ തന്റെ പേര് നാലാൾ അറിയുന്ന സമയം ആണ്.

എഴുത്തുകാരൻ ആയത് കൊണ്ടാണ് ഇത്രേം ജാഡ എന്നൊക്കെ അവൾ ഇടക്ക് ക്ലാസ്സിൽ ഇരുന്ന് പറയും.

സ്പെഷ്യൽ ക്ലാസ് വയ്ക്കുന്ന ദിവസങ്ങളിൽ കുട്ടികൾക്ക് ബോറടിക്കാ തിരിക്കാൻ ഇടക്ക് ആരേക്കൊണ്ടെങ്കിലും താൻ പാട്ട് പാടിക്കാറുണ്ട്.
ഒരിക്കൽ ഗൗരി അതിമനോഹരം ആയ ഒരു കവിത ചൊല്ലി. എന്ത് സുന്ദരമായിരുന്നു ആ വരികൾ.

ഇയാൾ തന്നെയാണോ ഇത് എഴുതിയത് എന്ന ചോദ്യത്തിന് എന്റെ ചേച്ചി എഴുതിയതാണ് എന്ന് അവൾ മറുപടി പറഞ്ഞു.

ആ കവിതകൾ കേൾക്കാനായി അവളെക്കൊണ്ട് ഇടവേളകളിൽ താൻ കവിതകൾ ചൊല്ലിക്കാറുണ്ടായിരുന്നു.

ശരിക്കും എന്തായിരുന്നു ഗൗരിയുടെ അസുഖം ? അയാൾ ഭദ്രയോട് ചോദിച്ചു.

ക്യാൻസർ ആയിരുന്നു, പക്ഷെ അവൾ ഒരിക്കലും ആ രോഗത്തിന് മുന്നിൽ തളർന്നില്ല. എന്നോട് അവൾ പറയുമായിരുന്നു, അങ്ങനൊന്നും ഞാൻ മരിക്കില്ല ചേച്ചി എന്ന്. പക്ഷെ ഒരു ദിവസം എന്നോടൊപ്പം ഉറങ്ങി കിടന്നവൾ പിറ്റേന്ന് രാവിലെ ഉണർന്നില്ല.

അടക്കി വച്ചിരുന്ന കണ്ണുനീർ ഏങ്ങലടിയോടെ ഭദ്രയിൽ നിന്നുതിർന്നു വീണു.

അയാൾ നെടുവീർപ്പോടെ കട്ടിലിലേക്ക് ഇരുന്നു. ഇതായിരുന്നിരിക്കാം അവളുടെ ലോകം . ഇവിടെയിരുന്നായിരിക്കാം അവൾ സ്വപ്നങ്ങൾ കണ്ടത്…

അയാൾ ഗൗരിയെ കുറിച്ച് ഓർത്തു.

ചെയ്യാത്ത തെറ്റിനായിരുന്നു താൻ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നത്.
തന്റെ ഏറ്റവും അടുത്ത കൂട്ടുകാരന്റെ പുതിയ വീടിന്റെ പാലുകാച്ചൽ ആയിരുന്നു അന്ന്. രാത്രി ഏറെ വൈകിയാണ് താൻ മടങ്ങി വന്നത്.

വീടിന് അടുത്ത് എത്തും മുൻപ് ആണ് കുറച്ചാളുകൾ ചേർന്ന് ഒരുവനെ ഉപദ്രവിക്കുന്നത് കണ്ടത്. അവനെ രക്ഷിക്കാൻ താൻ ശ്രെമിക്കുന്നതി നിടയിലാണ് അവനു കുത്തേറ്റത് . അവനെ രക്ഷിക്കാൻ തനിക്ക് കഴിഞ്ഞില്ല.

അത് ചെയ്തവർ ഓടി രക്ഷപെട്ടു. അവനെ രക്ഷിക്കാൻ നോക്കിയ താൻ കുറ്റവാളി ആയി. ആ വഴി വന്ന ലോറിക്കാരൻ ഞാനാണ് കുത്തിയതെന്ന് മൊഴി കൊടുത്തു. അതോടെ തന്റെ ജീവിതം ജയിൽ അഴികൾക്കുള്ളിൽ ആയി.

ജയിലിന്റെ കറുത്ത അഴികൾ പോലെ തന്റെ മനസും, തന്റെ സ്വപ്‌നങ്ങളും ഉറഞ്ഞു പോയ, കടുത്തവിഷാദം വന്നു തന്നെ പൊതിഞ്ഞിരുന്ന, ദിവസങ്ങളിലാണ് ജയിലിലേക്ക് വല്ലപ്പോഴും ഗൗരിയുടെ കത്തുകൾ വന്നുതുടങ്ങിയത്. തനിക്ക് അവളുടെ കത്തുകൾ വല്ലാത്ത ഒരു ആശ്വാസമായിരുന്നു.

അവളുടെ എഴുത്തുകളിലൂടെ അവളുടെ ഗ്രാമത്തെ കുറിച്ച് അറിഞ്ഞു.

പതിയെ പതിയെ അവളുടെ കത്തുകൾക്ക് വേണ്ടി താൻ കാത്തിരുന്നു തുടങ്ങി.

അവൾ തന്റെ ജീവിതം മാറ്റിമറിച്ചു എന്ന് വേണം പറയാൻ. ജീവിതത്തിൽ വന്ന് ചേർന്ന ദുരന്തത്തിൽ നിന്നും താൻ പതിയെ കരകയറി.
തന്റെ ചിരിയുടെ കാരണം അവൾ ആയിരുന്നു.

എന്നാൽ പിന്നീട് എപ്പോഴോ അവളുടെ കത്തുകൾ വരാതായി….

തന്റെ കാലാവധി തീരാൻ നാലു മാസം ഉള്ളപ്പോൾ ആണ് ഒരു കത്ത് വന്നത്. അതെഴുതിയത് അവളുടെ ചേച്ചി ആയിരുന്നു. ‘ ഗൗരി ഇനിയില്ല’ എന്നൊരു വരി മാത്രമെ അതിലുണ്ടായിരുന്നുള്ളൂ

എത്രയോ വർഷങ്ങൾ താൻ ജീവിച്ചത് ഗൗരിയുടെ പ്രചോദനത്തിൽ ആയിരുന്നു. തന്റെ സന്തോഷത്തിന്റെ ഒരേ ഒരു കാരണം അവളായിരുന്നില്ലേ?

അയാളുടെ കണ്ണികളിൽ നിന്നും കണ്ണുനീർ തുള്ളികൾ പെയ്തിറങ്ങികൊണ്ടിരുന്നു.

അയാൾ പടികളിറങ്ങി താഴേക്ക് നടന്നു.

മുറ്റത്തെ തെക്കേ തൊടിയിൽ മൺകൂനക്കരികിൽ അയാൾ കുറേനേരം നിന്നു. മണ്ണിനടിയിൽ ശാന്തമായി ഉറങ്ങുന്നുണ്ടാവാം തന്റെ കുസൃതിക്കാരി,

വല്ലാത്തൊരു ഏകാന്തത തന്നെ പൊതിയുന്നതായ് അയാൾക്ക്‌ തോന്നി.

                       **********

നന്ദൻ ഉമ്മറത്തേക്ക് ചെന്നു.

ശോഷിച്ച നെഞ്ച് തിരുമ്മി ഇരിക്കുന്ന ഗൗരിയുടെ അച്ഛനെ കണ്ടപ്പോൾ നന്ദന് വിഷമം തോന്നി.

ഇനിയും ഇങ്ങനെ വിഷമിച്ചിട്ടു എന്ത് കാര്യം?

എന്നാലും അവളങ്ങു പോയല്ലോടോ… എല്ലാരോടും എന്ത് സ്നേഹമായിരുന്നു എന്റെ കുട്ടിക്ക്.അങ്ങ് വിശ്വാസം വരുന്നില്ല അവൾ ഇല്ലെന്ന്.

ഈ വീടിന്റെ വിളക്ക് ആയിരുന്നു അവൾ, അവൾ പോയതോടെ ഇവിടം മുഴുവൻ മൂകത നിറഞ്ഞു.

ഞാൻ മറ്റൊരു കാര്യം കൂടെ പറയാനാണ് വന്നത്. നന്ദൻ പറഞ്ഞു.

എന്താ..?

ഗൗരി എനിക്കയച്ച കത്തുകളിലൂടെ പറഞ്ഞിരുന്നതത്രയും അവളുടെ ചേച്ചി ഭദ്രയെ കുറിച്ചായിരുന്നു.

അപസ്മാര രോഗത്തിനാൽ മംഗല്യ ഭാഗ്യം നീണ്ടു പോയ അവളുടെ ചേച്ചിയെകുറിച്ച്, കവിതകളുടെ ലോകത്തു കഴിഞ്ഞ ആ പാവത്തിനെ ഒടുക്കം രണ്ടാംകെട്ടുകാരനൊപ്പം കെട്ടിച്ചയച്ചു കടമ കഴിച്ചവരെ കുറിച്ച്. എല്ലാത്തിനു മൊടുവിൽ ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട അവളുടെ കണ്ണുനീരിനെക്കുറിച്ച്.

ശരിയാണ്. എനിക്കന്നു അങ്ങനെ ചെയ്യേണ്ടി വന്നു.

അപസ്മാരമിളകി വീഴുന്നത് തുടർച്ച ആയതോടെ വിദ്യാഭ്യാസം പൂർത്തി യാക്കാൻ എന്റെ ഭദ്രക്ക് കഴിഞ്ഞില്ല.

ഒരുപാട് ചികിത്സകൾ ചെയ്തതിനു ശേഷം അവൾക്ക് രോഗ ശമനം ഉണ്ടായി.എന്നാലും എല്ലാം മറച്ചു വച്ച് അവളുടെ കല്യാണം നടത്തുന്നത് തെറ്റല്ലേ എന്ന് കരുതി, മുൻപ് രോഗം ഉണ്ടായിരുന്നു എന്ന് പറയുമ്പോൾ അറിഞ്ഞു കൊണ്ട് ആരും അവളെ വിവാഹം കഴിക്കാൻ തയ്യാർ ആയില്ല. വിവാഹപ്രായം കഴിഞ്ഞു വീട്ടിൽ നിൽക്കുന്ന പെൺകുട്ടി അച്ഛന്റെ നെഞ്ചിലെ വേവ് കൂട്ടും. അവൾക്ക് താഴെ ഒരു പെൺകുട്ടി കൂടെ ഇല്ലേ എനിക്ക്, എന്റെ കാലം കഴിഞ്ഞാൽ ആരാണ് അതുങ്ങൾക്ക് തുണ? പക്ഷെ എനിക്ക് തെറ്റിപ്പോയി, എന്റെ മോളെ അവൻ വല്ലാതെ ദ്രോഹിച്ചു, അവളെ വേണ്ടെന്നു പറഞ്ഞ് ഇവിടെ കൊണ്ടുവന്നാക്കി. അയാൾ പറഞ്ഞു.

ഗൗരി അയച്ച കത്തുകളിലൂടെ ഞാൻ ഭദ്രയെ അറിയുകയായിരുന്നു, അവളെ സ്നേഹിക്കുകയായിരുന്നു. ഗൗരി പറയുമായിരുന്നു.നന്ദൻ സാറിന്റെ കൂടെ എന്റെ ചേച്ചി സന്തോഷവതി ആയിരിക്കും എന്ന്. പക്ഷെ അത് കാണാൻ അവൾ ഇല്ലല്ലോ.

നന്ദനുള്ള ചായയുമായി അങ്ങോട്ട്‌ വന്ന ഭദ്രക്ക് അയാളുടെ വാക്കുകൾ വിശ്വാസിക്കുവാനായില്ല.

ഇത്ര നാളും താൻ കരുതിയത് തന്റെ ഗൗരിക്കുട്ടി നന്ദനെ പോലെ ഒരെഴുത്തുകാരനോടുള്ള ആരാധന കൊണ്ടാകും കത്തുകൾ അയച്ചിരുന്നതെന്നാണ്. പക്ഷെ….. ഇപ്പോഴാണ് അറിഞ്ഞത് അവർ സംസാരിച്ചിരുന്നതത്രയും തന്നെക്കുറിച്ചായിരുന്നുവെന്ന്.

അവൾക്കു പെട്ടന്നവിടുന്നു ഓടിയൊളിക്കണമെന്ന് തോന്നി.

മഴ പെയ്തൊഴിഞ്ഞ പിന്നാമ്പുറത്തെ മുറ്റത്തേക്ക് , അവൾ ഓടിച്ചെന്നണച്ചു നിന്നു.

മുറ്റത്ത് തളംകെട്ടിനിൽക്കുന്ന മഴ വെള്ളത്തിലേക്ക് ഇടയ്ക്കിടെ ഓരോ തുള്ളികൾ പതിക്കുന്നുണ്ട്. പെയ്തൊഴിഞ്ഞിട്ടും മതിയാവാത്ത പോലെ അടർന്നു വീഴുന്ന മഴത്തുള്ളികൾ…….

മഴ പെയ്തു നനഞ്ഞു കിടക്കുന്ന തൊടിയിലേക്ക് അവൾ പതിയെ നടന്നു, അടിമുടിനനഞ്ഞ് പ്രണയാതുരമായ മനസ്സുമായി വൃക്ഷത്തലപ്പുകൾ, ചെറിയൊരു കാറ്റു മതി മരക്കൊമ്പുകളിൽ പറ്റി ചേർന്നിരിക്കുന്ന വെള്ളത്തുള്ളികൾ അത്രയും തന്നെ പുണരുവാൻ, ഒരഞ്ചു വയസ്സുകാരിയുടെ കൗതുകത്തോടെ അവൾ മരം പിടിച്ചുലച്ചു പെയ്യാൻ വിതുമ്പി നിന്ന ജലകണങ്ങൾ അവളുടെ ശരീരത്തിൽ വീണുചിതറി. അവൾ പതിയെ മിഴികൾ ചേർത്തടച്ചു. ഉള്ളിലെവിടെയോ പ്രണയത്തിന്റെ വിത്തുകൾ മുളപൊട്ടി ഇരിക്കുന്നു, താൻ പോലുമറിയാതെ എവിടെ നിന്നോ വന്നു വീണ പ്രണയത്തിന്റെ വിത്ത്. താനതു നട്ടു നനച്ചില്ല, കാത്തു പരിപാലിച്ചില്ല, എന്നിട്ടും ഉള്ളിന്റെയുള്ളിൽ അത് വളർന്നു തുടങ്ങിയിരിക്കുന്നു.

ചാറ്റൽ മഴ പതിയെ പൊഴിഞ്ഞു തുടങ്ങിയിരുന്നു. മഴ നൂലുകൾ എന്താവാം തന്നോട് പറയാൻ ശ്രെമിക്കുന്നത്? ഒരു പക്ഷെ, തനിക്കായി പിറന്നവൻ തന്റെ അടുത്തെത്തിയിരിക്കുന്നു എന്നാണോ?

ഹേയ് ഭദ്ര….

വിളിയൊച്ച കേട്ടു അവൾ തിരിഞ്ഞു നോക്കി .

നന്ദൻ നടന്നു വരുന്നുണ്ട്. ചാറ്റൽമഴയിൽ നിന്നും രക്ഷപ്പെടാനെന്ന വണ്ണം കൈ തലയ്ക്ക് മുകളിൽ പിടിച്ചിട്ടുണ്ട്എന്താ ഇവിടെ നിൽക്കുന്നത്? അയാൾ ചോദിച്ചു.

ഹേയ് ഒന്നുമില്ല.

അപ്പോഴാണ് അയാൾ അവളുടെ മുഖം ശ്രദ്ധിച്ചത്. അവളുടെ കണ്ണുകൾ വല്ലാതെ ചുവന്നിരുന്നു. അവൾകരയുകയായിരുന്നോ? കണ്ണുകളിൽനിന്നും ഒഴുകി പടർന്നകണ്മഷി. അവൾക്ക് കർപ്പൂരത്തിന്റെ ഗന്ധമായിരുന്നു. ചാറ്റൽ മഴയിൽ അവളുടെ ചുണ്ടുകളിൽ വീണുടയുന്ന മഴത്തുള്ളികൾ പോലും ഒരു വേള ഒഴുകി പോകാതെ പറ്റിപിടിച്ചിരിക്കുവാൻ മോഹിക്കുന്നത് പോലെ അയാൾക്ക്‌ തോന്നി.

അയാൾ അവളുടെ മിഴികളിലേക്ക് നോക്കി ആത്മാവോളം ഇറങ്ങി ചെല്ലുന്ന നോട്ടം.?അവൾ പൊടുന്നനെ മിഴികൾ താഴ്ത്തികളഞ്ഞു.

മഴ നനയാതെ വരൂ… അയാൾ അവളുടെ കൈകളിൽ പിടിച്ചു. അയാളുടെ കൈയിലെ നേർത്ത ചൂട് തന്റെ കൈകളിലേക്കു പടരുന്നത് അവൾ തിരിച്ചറിഞ്ഞു. ഇനി എന്നും താനും ഉണ്ടാകണം എനിക്കൊപ്പം. അവൻ പറഞ്ഞു.

എനിക്ക് കഴിയുമെന്ന് തോന്നുന്നില്ല നന്ദൻ. അയാളോടൊപ്പം ജീവിച്ച ദിവസങ്ങളിൽ പല ദിവസവും ഞാൻ അപസ്മാരമിളകി വീണിട്ടുണ്ട്.?തളർന്നുകിടക്കുന്ന എന്നെ ഒരു മനുഷ്യൻ എന്ന പരിഗണന പോലും തരാതെ അയാൾ കടിച്ചുകീറിയിട്ടുണ്ട്.

അയാൾ അടുത്ത് വരുമ്പോൾ വല്ലാത്ത ഭയമായിരുന്നു എനിക്ക്. അതുകൊണ്ടാവും ഇടയ്ക്കിടെ രോഗമെന്നെ വല്ലാതെ കീഴ്പ്പെടുത്തിയത്. ഒടുവിൽ നിന്നെക്കൊണ്ട് ഒരുപകാരവും ഇല്ലെന്നു പറഞ്ഞ് എന്നെ ഇവിടെ കൊണ്ട് വിട്ടു.

ഇവിടെ വന്നതിനു ശേഷം ആ രോഗം ഉണ്ടായില്ലെങ്കിലും ഇനിയും ഉണ്ടായിക്കൂടാ എന്നില്ല. നന്ദന് ഞാൻ ഒരു ബാധ്യത ആകും.

ഇനി ഒന്നും വരില്ലെടോ, അഥവാ ഇനിയും ഉണ്ടായാൽ അങ്ങ് ഉണ്ടാവട്ടെ,
താങ്ങി പിടിക്കാൻ എന്റെയീ രണ്ട് കരങ്ങൾ ഉണ്ടാവും അത് പോരേ? ഞാൻ ആദ്യമായി സ്നേഹിച്ച ആളാണ് ഭദ്ര. എനിക്കിനി താനില്ലാതെ ജീവിക്കാൻ കഴിയില്ല.

ഭദ്രയുടെ അച്ഛനോട് ഞാൻ സമ്മതം ചോദിച്ചിട്ടുണ്ട്. ഇവിടെ ജീവിതം പാഴാക്കികളയാൻ ഞാൻ സമ്മതിക്കില്ല. അയാൾ അവളെ ചേർത്തു പിടിച്ചു.

എന്റെ മാത്രം സന്തോഷം അല്ലടോ, നമ്മുടെ ഗൗരി മറ്റേതോ ലോകത്തിൽ ഇരുന്ന് ഇപ്പോൾ സന്തോഷിക്കുന്നുണ്ടാകും.

♡♡♡♡♡♡♡♡♡♡♡

ഒരു മാസത്തിനു ശേഷം അച്ഛനോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ അവളുടെ നെഞ്ചിൽ നന്ദൻ അണിച്ച താലി തിളങ്ങുന്നുണ്ടായിരുന്നു.

നന്ദന്റെ കൈപിടിച്ച് നടക്കുമ്പോൾ ഭദ്രക്കു തോന്നി തങ്ങളെ നോക്കി ഗൗരിക്കുട്ടി നിൽക്കുന്നുണ്ടെന്ന്, വയലേലകളിലെ നെൽകതിരുകൾ അപ്പോൾ കാറ്റിൽ
ഇളകി മറിയുന്നുണ്ടായിരുന്നു, അതിലെങ്ങും അവളുടെ ചിരിയുടെ അലകൾ അലിഞ്ഞു ചേർന്നിരുന്നുവോ?

♡♡♡♡♡♡♡♡♡♡♡

Leave a Reply

Your email address will not be published. Required fields are marked *