ദേവ
Story written by DHANYA SHAMJITH
“നീ പോവാൻ തന്നെ തീരുമാനിച്ചോ? “
മടക്കിയ വസ്ത്രങ്ങൾ ബാഗിലേക്ക് വയ്ക്കുകയായിരുന്ന വേദ തിരിഞ്ഞു നോക്കി.
അമ്മ.
അത് ഞാൻ പറഞതല്ലേ അമ്മേ, പിന്നെം എന്തിനാ ഈ ചോദ്യം?
ശരിയാണ് എന്നാലും ഒന്നൂടി ആലോചിച്ചിട്ട് പോരെ മോളെ… ജീവിതം ഒന്നേ ഉള്ളൂ, അത് തിരഞ്ഞെടുക്കുമ്പോ നല്ലപോലെ ആലോചിക്കണം… പത്മ ബെഡിലേക്കിരുന്നു.
എത്ര വട്ടം ആലോചിച്ചാലും ഉത്തരം ഒന്നേ ഉള്ളൂ… എനിക്ക് പോവാതിരിക്കാനാവില്ലമ്മേ…അവൾ ബാക്കിയുളള ഡ്രസുകൾ കൂടി എടുത്തു വച്ച് ബാഗ് കയ്യിലെടുത്തു.
നീ ഞങ്ങൾക്ക് ഒറ്റയാളാ… നീയും പോയാൽ പിന്നെ….. മുഴുമിക്കാനാവാതെ പത്മയുടെ ശബ്ദമിടറി.
ഛേ….. എന്തായിത് പത്മേ? ഒരാൾ യാത്രയ്ക്ക് നിൽക്കുമ്പോഴാണോ ഈ കണ്ണു നിറയ്ക്കൽ..
പത്മയുടെ കണ്ണുനീർ കണ്ടുകൊണ്ടു വന്ന മുകുന്ദൻ അവരെ ശാസിച്ചു.
പെറ്റ വയറിൻ്റെ തീ അവർക്കേ അറിയൂ… നിങ്ങൾക്ക് പറഞ്ഞ് തിരുത്തിക്കൂടെ അവളെ പത്മ പ്രതീക്ഷയോടെ അയാളെ നോക്കി..
ദീർഘമായൊരു നിശ്വാസത്തോടെ മുകുന്ദൻ വേദയെ നോക്കി.
നമ്മുടെ മോൾ വലിയ കുട്ടിയായി, ശരിയും തെറ്റും തിരിച്ചറിയാനുള്ള പാകത അവൾക്കുണ്ട്… അടിച്ചേൽപ്പിക്കുന്ന സമയമൊക്കെ കഴിഞ്ഞെടോ, ഇപ്പോഴത്തെ പെൺകുട്ടികൾക്ക് സ്വന്തം ജീവിതം എന്തെന്ന് തീരുമാനിക്കാനുള്ള കഴിവുണ്ട്… നമ്മുടെ മകൾ അവളുടെ ഇഷ്ടം തിരഞ്ഞെടുത്തു, അതിൽ നിന്ന് പിൻതിരിപ്പിക്കാൻ നമുക്കെങ്ങനെ പറ്റും.
എന്തിനേയും കരുത്തോടെ നേരിടാനാ ഞാനവളെ പഠിപ്പിച്ചത്, എനിക്കുറപ്പുണ്ട് അവളുടെ തീരുമാനം തെറ്റില്ല എന്ന്.
ഉറച്ച ശബ്ദത്തിൽ മുകുന്ദൻ അത് പറയുമ്പോൾ നിറമിഴിയോടെ പത്മ അയാളുടെ നെഞ്ചിലേക്ക് ചാഞ്ഞു.
എനിക്കറിയാം മുകുന്ദേട്ടാ… പക്ഷേ നാട്ടുകാര് എന്തു പറയും? വയ്യാത്ത ഒരുത്തന് വേണ്ടി സ്വന്തം ജീവിതം ഇല്ലാണ്ടാക്കണോ… അതോർത്തിട്ടാ ഞാൻ.. പത്മയുടെ വാക്കുകൾ കേട്ട് വേദ ബാഗ് താഴെ വച്ച് അവർക്കരികിലെത്തി.
വയ്യാത്ത ഒരുത്തൻ….. അതാണോ അമ്മേ നമുക്ക് അവൻ?
അവളുടെ ചോദ്യത്തിന് പത്മയുടെ മിഴികൾ ചുമരിലെ ചിരിക്കുന്ന മുഖത്തേക്ക് നീണ്ടു…
“കമല ” തൻ്റെ പ്രിയപ്പെട്ട കൂട്ടുകാരി. ഒരു വയറ്റിൽ നിന്നും പിറന്നില്ലെങ്കിലും ഊണിലും ഉറക്കത്തിലും ഒരേ പോലെ ജീവിച്ചവർ, അവളില്ലെങ്കിൽ താനില്ല താനില്ലെങ്കിൽ അവളും…മുതിർന്നപ്പോഴും അങ്ങനെ തന്നെ അതു കൊണ്ടു തന്നെയാണ് വിവാഹം കഴിപ്പിക്കുന്നതും ഒരേ വീട്ടിലായിരിക്കണമെന്ന് താൻ ശാഠ്യം പിടിച്ചത്… ഏറെ വൈകിയെങ്കിലും ആഗ്രഹം പോലെ തന്നെ ഒരേ മനസുള്ള ഏട്ടാനുജൻമാരുടെ ഭാര്യമാരായി ഇവിടേക്ക് വന്നു കയറുമ്പോൾ നിറഞ്ഞ സന്തോഷമായിരുന്നു..
താനാണ് ആദ്യം ഗർഭിണിയായത്,, അതറിഞ്ഞ് ഏറെ ആഹ്ളാദിച്ചിരുന്നു കമല, ഒരു പണിയും ചെയ്യിക്കാതെ ഒരു കുഞ്ഞിനെപ്പോലെ നോക്കി…അധികം വൈകും മുന്നേ ആ സന്തോഷം ഇരട്ടിയായി തനിക്കൊപ്പം തന്നെ അവളും അമ്മയാവാനുള്ള ഒരുക്കത്തിലായി.. ദൈവം ആ ഭാഗ്യവും ഒരേ പോലെ നൽകിയതോർത്ത് ആഹ്ളാദിച്ചിരുന്നു… പക്ഷേ ദിവസങ്ങൾ മാത്രം നീണ്ടു നിന്ന ആ സന്തോഷം നെഞ്ചുവേദനയിൽ ഇല്ലാതായ അനുജൻ്റെ മരണത്തോടെ കൊഴിഞ്ഞു. കണ്ണീരിൻ്റെ രുചിയും, മുറിയ്ക്കുള്ളിലെ ഇരുട്ടും മാത്രമായി കമലയ്ക്ക് കൂട്ട്.. എത്ര നിർബദ്ധിച്ചിട്ടും പുറത്തേക്കിറങ്ങാൻ കൂട്ടാക്കാതെ സ്വയമൊരുക്കിയ മൗനത്തിൽ അവളും കുഞ്ഞും…
വേദ ജനിച്ച് ഏറെ നാൾ കഴിയാതെ തന്നെ അവളും അമ്മയായി…. “ദേവ “
അവൻ്റെ കരച്ചിലും ചിരിയും അവളിൽ മാറ്റമുണ്ടാക്കുമെന്ന് കൊതിച്ചെങ്കിലും നിർവികാരതയോടെ ഉള്ള അവളുടെ ഇരിപ്പ് വീടിനെയാകെ മൗനത്തിലാഴ്ത്തി..
നൂലുകെട്ടിന് ഒത്തിരി നിർബദ്ധിച്ചപ്പോൾ ഇറങ്ങിവന്ന അവൾ മുകുന്ദേട്ടൻ്റെ മടിയിൽ കിടന്ന ദേവയെ കണ്ടതും പൊട്ടിക്കരച്ചിലോടെ തിരിഞ്ഞു നടക്കുകയായിരുന്നു.. ഒരാഴ്ച തികയും മുൻപേ എല്ലാവരേയും അമ്പരപ്പിച്ചു കൊണ്ട് അവൾ മുറിയ്ക്കുള്ളിൽ നിന്നും ഇറങ്ങി വന്നു. ദേവയേയും വേദയേയും ഇരു കൈകളിലെടുത്ത് ഉമ്മ വയ്ച്ച് അവൾ പറഞ്ഞു.
” നോക്കു പത്മേ, ഇവരും നമ്മളെപ്പോലെ തന്നെയാ അല്ലേ? ഇവരെ ഒരിക്കലും പിരിയാൻ സമ്മതിക്കരുത് ട്ടോ… ഒരാൾടെ നിഴലായി മറ്റൊരാൾ എപ്പഴും ഉണ്ടാവണം…. ഒരു വയറ്റില് പിറന്നില്ലെങ്കിലും ഇവനേം നീ വേദയെപ്പോലെ നോക്കണം… ഞാനില്ലാണ്ടായാലും “
ഒന്നു പൊയ്ക്കോ ഭ്രാന്ത് പറയാതെ, ഇവനും എൻ്റെ മോൻ തന്നെയല്ലേ…അതു കേട്ട് താനവളെ ശാസിച്ചു.. ചിരിയോടെ തൻ്റെ കൈയ്യിൽ നിന്നും ഒരു ഗ്ലാസ് ചായ വാങ്ങിക്കൊണ്ട് തിരികെപ്പോയപ്പോൾ താനറിഞ്ഞിരുന്നില്ല അതവളുടെ അവസാനത്തെ ചിരിയും വാക്കുമായിരിക്കുമെന്ന്… അന്നത്തെ സന്ധ്യയിൽ തെക്കേപറമ്പിലെ മൂലയിൽ ആ ചിരി അണയുമ്പോൾ ആ വാക്ക് മാത്രം തന്നെ പൊതിഞ്ഞു നിന്നിരുന്നു.
അമ്മയുടെ ചൂടേറ്റ് കൊതി മാറാതെ ദേവ പരതി വന്നത് തൻ്റെ മാറിലേക്കായിരുന്നു. അന്നുതൊട്ട് വേദയേക്കാൾ അവനു വേണ്ടി തൻ്റെ മാറ് ചുരന്നു.. അവനായിരുന്നു തനിക്കെല്ലാം,, കാരണം തനിക്കവൻ കമലയായിരുന്നു.
വലുതാകുന്തോറും വേദയേക്കാൾ വാശിയിലും, കുസൃതിയിലും അവനായിരുന്നു മുൻപിൽ.. സഹിക്കാനാവാതെ വരുമ്പോൾ കൈ വെള്ളയിലൊരടി അത് കഴിഞ്ഞുള്ള കരച്ചിലിനേക്കാൾ വാശിയായിരുന്നു അവന്..മുതിർന്ന് കഴിയുമ്പോൾ ഒക്കെ മാറുമെന്ന മുകുന്ദേട്ടൻ്റെ വാക്കുകളിൽ ആശ്വാസം കണ്ടെത്തി.. പക്ഷേ അതുണ്ടായില്ല, ദേവ വളരുന്തോറും അവൻ്റെ വാശിയും ദേഷ്യവും അവനൊപ്പം വളർന്നു.
കൂടെ പഠിക്കുന്നവർക്കും, കൂട്ടുകാർക്കുമെല്ലാം അവൻ്റെ സ്വഭാവം താന്തോന്നിത്തരം നിറഞ്ഞതായി, ശാസിച്ചു നോക്കി പക്ഷേ അവനിലൊരു മാറ്റം ഉണ്ടായിരുന്നില്ല… ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് കോളേജിലെ റാഗിംഗിൻ്റെ പേരിൽ അവനെ പുറത്താക്കുന്നത്… ആ വാശിക്ക് കൂട്ടുകാർക്കൊപ്പം ചേർന്ന് പരസ്യമായി ഒരു പെൺകുട്ടിയെ ഉമ്മ വയ്ച്ചത് അതേ പ്രായത്തിലൊരുവൾ വീട്ടിലുണ്ടെന്ന് ഓർക്കാതെയായിരുന്നു.
അന്നാണ് ആദ്യമായി അവനെ മുകുന്ദേട്ടൻ തല്ലിയത്,, തേടി വന്ന പോലീസുകാർക്കൊപ്പം അവനെ പറഞ്ഞയച്ചപ്പോൾ ഉണ്ടായ നീറ്റൽ ഉള്ളിലൊതുക്കുകയായിരുന്നു അങ്ങനെയെങ്കിലും അവൻ തിരിച്ചറിവുണ്ടാവട്ടെയെന്ന് കരുതി.. പോകുമ്പോൾ അവൻ പറഞ്ഞ വാക്കുകൾ…..
” നിങ്ങളുടെ മകനായിരുന്നുവെങ്കിൽ ഇങ്ങനെ ചെയ്യുമായിരുന്നോ? ” മനസിലൊരു മിന്നലായാണ് ഇപ്പഴും മായാതെ കിടക്കുന്നത്..
കൂട്ടുകാർക്കൊപ്പം ജാമ്യം കിട്ടിയ അവനെ കൂട്ടാൻ ചെന്ന മുകുന്ദേട്ടനെ വെറുപ്പോടെ അകറ്റുകയാണ് അവൻ ചെയ്തത്.. ഇനിയൊരു തിരിച്ചുവരവില്ലെന്ന് പറഞ്ഞ് പോയ അവനെയോർത്ത് പൊഴിക്കാത്ത കണ്ണീരില്ല… എവിടെയാണെന്ന് അന്വേഷിച്ചലഞ്ഞിട്ടും ഒരു വിവരവുമുണ്ടായില്ല.. എന്നെങ്കിലും തിരികെ വരുമെന്ന പ്രതീക്ഷയിൽ കാത്തിരുന്നു.
ഇപ്പോൾ വർഷം ആറ് കഴിഞ്ഞിരിക്കുന്നു… ഒരു പകലിൽ കയറി വന്ന അവൻ്റെ ഏതോ ഒരു സുഹൃത്ത് പറഞ്ഞാണറിയുന്നത് ദേവ മംഗലാപുരത്തെ ഒരാശുപത്രിയിലാണ് എന്ന്…
വഴിവിട്ട ജീവിതവും, കൂട്ടും മദ്യത്തിനും മയക്കുമരുന്നിനും അടിമയാക്കി അവസാനം ഏതോ കൊട്ടേഷൻ ഗുണ്ടകൾ പകരം തീർത്ത് വെറുമൊരു മാംസക്കഷ്ണമായി ആരോരുമില്ലാതെ കിടക്കുന്നുവെന്നറിഞ്ഞപ്പോൾ തന്നേക്കാൾ ഉരുകിയത് മുകുന്ദേട്ടനും വേദയുമായിരുന്നു..ബോധമില്ലാതെ കിടന്നപ്പോഴെപ്പഴോ ഉരുവിട്ട പേരും നാടുമാണവനാണതെന്ന് തിരിച്ചറിയിച്ചതെന്ന് അറിഞ്ഞതും ആർത്തിരമ്പുകയായിരുന്നു ഉള്ളിലെ നോവ്.
ആ വേദനയാണ് അവനെ ഇങ്ങോട്ട് കൊണ്ടുവരാൻ തീരുമാനിച്ചത്… വേദ,, അവൾക്കായിരുന്നു നിർബദ്ധം അവനെ തിരികെ കൊണ്ടുവരണം എന്ന് അവൾക്ക് അവനൊരു കളിക്കൂട്ടുകാരൻ മാത്രമായിരുന്നില്ല, ചോരയല്ലാതെ ‘തന്നെ ചോരബന്ധം തീർത്തവർ…
എന്നാലും ഇപ്പോൾ താൻ ശരാശരി ഒരു അമ്മ മാത്രമാവുകയായിരുന്നു.. സ്വന്തം മകളുടെ ഭാവിയുടെ ത്രാസിനായിരുന്നു തൂക്കം കൂടുതൽ.
ആയുഷ്ക്കാലം മുഴുവൻ കിടക്കേണ്ടി വരുന്ന ഒരാൾക്കു വേണ്ടി തൻ്റെ മകൾ……. അവളുടെ ഭാവി,, അറിഞ്ഞു കൊണ്ടൊരു വിവാഹം അവൾക്കുണ്ടാകുമോ?
പക്ഷേ കമല…… അവളുടെ വാക്കുകൾ…..പത്മയുടെ മിഴികൾ നിറഞ്ഞൊഴുകി.
നമുക്ക് അവനെ വേണം അമ്മ, പഴയ ദേവയായി അവനിവിടെ വേണം എങ്കിലേ കമലമ്മയ്ക്ക് അമ്മ കൊടുത്ത വാക്കിന് അർത്ഥമുണ്ടാകൂ …, എന്നെ തടയുമ്പോഴും അവനെയൊന്ന് കാണാൻ ഈ മനസ് തുടിക്കുന്നത് എനിക്കറിയാം… ഞാൻ പോയി വരട്ടെ അമ്മാ… നമ്മുടെ ദേവയ്ക്ക് വേണ്ടി…
അവളുടെ നേർത്ത സ്വരത്തിന് വിരുമ്പലോടെ അവളെ ചേർത്തണച്ചു പത്മ.
“വേണം,, അവനെ നമുക്ക് വേണം…. എൻ്റെ മക്കളായി നിങ്ങൾ രണ്ടാളും എൻ്റെയീ ഇരുവശത്തും ഉണ്ടാവണം.. “
അവർ മിഴികളൊപ്പി നിലത്തു വച്ച ബാഗ് അവളുടെ കൈയ്യിലേക്ക് കൊടുത്തു.. പുഞ്ചിരിയോടെ പടിയിറങ്ങുന്ന വേദയ്ക്കു മുന്നിലും പിന്നിലും ഒരേയൊരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ….. അവൻ,
“ദേവ “…