ആത്മാവിൽ ചേർന്നവർ
Story written by Ammu Santhosh
“മീനുട്ടിയെ, പഴയ പോലല്ല ചിലവൊക്കെ.. കുറച്ചു കൂടി ഫണ്ട് അനുവദിക്കു പ്ലീസ്..”
ഉണ്ണി മീനാക്ഷിയുടെ തോളിൽ കൂടി കയ്യിട്ട് ചേർത്ത് പിടിച്ചു
“നല്ല പോലെ വെളുത്തല്ലോ.. ഫേഷ്യൽ ചെയ്തോ? “
മീനാക്ഷിക്ക് ചിരി പൊട്ടി
“ടാ ടാ മതിയെടാ..സോപ്പ്..മതി ” മനു അവന്റെ തലയിൽ ഒന്ന് തട്ടി
“നിങ്ങളോടാരാ മനുഷ്യാ ഇങ്ങോട്ടിപ്പോ വരാൻ പറഞ്ഞത്.. ഒന്നു പോയെ ” ഉണ്ണി മനുവിനെ പിടിച്ചു ഉന്തി തള്ളി വാതിലിനരികിൽ ആക്കി
“ശ്ശെടാ എന്റെ ഭാര്യയോട് മിണ്ടാനും എനിക്ക് നിന്റെ പെർമിഷൻ വേണോ?”മനു ചിരിച്ചു
“ഇപ്പോൾ ഞങ്ങൾ സീരിയസ് ആയി ഒരു കാര്യം ഡിസ്കസ്സ് ചെയ്യുവാ അല്ലെ മീനു..? കുറച്ചു കഴിഞ്ഞു നിങ്ങളുടെ ഭാര്യ അങ്ങോട്ട് വരും.. പോ പോ “മനു വീണ്ടും ചിരിയോടെ അവിടേം വിട്ട് പോയി
“എന്താ ഇപ്പോൾ പുതിയ ചിലവ്?” മീനാക്ഷി അവന് നേരെ തിരിഞ്ഞു.
“അത്… അവളുടെ പിറന്നാൾ.താരയുടെ…” അവന്റെ മുഖത്തെ നാണം കണ്ടവൾ പൊട്ടിച്ചിരിച്ചു
“ചെക്കന്റെ നാണം നോക്ക് “
“ഒരു ഗിഫ്റ്റ് കൊടുക്കണം. പിന്നെ വലിയ പാർട്ടി ഒക്കെയല്ലേ? കുറച്ചു ഡീസന്റ് ആയിട്ട് പോകണം. ഒരു ഉഗ്രൻ ഷർട്ടും പാന്റും എടുക്കണം..”
“ഇത്രേം ഉള്ളു?എന്റെ ബാഗിലുണ്ട് പൈസ. എത്ര വേണം ന്നു വെച്ചാൽ എടുത്തോളൂ “
“സത്യം?”
“പോയി എടുത്തൊന്ന് “
“എന്റെ മീനു എന്റെ മുത്താണ്..”അവൻ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുത്തിട്ട് ഓടിപ്പോയി..
“നീ അവനെ ഇങ്ങനെ വഷളാക്കല്ലേ കേട്ടോ. കാര്യം എന്റെ അനിയനോക്കെ തന്നെ. നിന്നേ കല്യാണം കഴിഞ്ഞു കൊണ്ട് വരുമ്പോൾ അവന് പത്തു വയസ്സാ.. അമ്മയില്ലാത് വളർന്ന കൊണ്ട് കുറച്ചു കൂടുതൽ ലളിച്ചിട്ടുമുണ്ട്. എന്നാലും പ്രായം വല്ലാത്തതാ.. ഒരു നിയന്ത്രണം വേണം “
“എന്റെ ഉണ്ണി തെറ്റൊന്നും ചെയ്യില്ല. അവനെ ഞാനാ വളർത്തിയെ..അല്ലി മോളെ ഹോം വർക്ക് തീർന്നോ? ഈ കുട്ടി ഇപ്പോഴും ടീവി ക്കു മുന്നിൽ തന്നെ ആണോ?”
അതും ചോദിച്ചു വേഗം അവൾ മകളുടെ അടുത്തേക്ക് പോയി..
എത്ര കൈകളാണവൾക്കെന്ന് ചിലപ്പോൾ മനു ഓർക്കും. നഗരത്തിലെ അറിയപ്പെടുന്ന വക്കീലാണവൾ. അല്ലിമോളുടെ അമ്മയാണ്. തന്റെ എല്ലാമാണ്. തന്റെ അനിയന്റെ മീനുട്ടി ആണ്. തന്റെ അച്ഛന്റെ പൊന്നുമോളാണ്. അവളോടുള്ള സ്നേഹധിക്യത്തിൽ അവന്റെ കണ്ണ് നിറഞ്ഞു..
ഉണ്ണി വരും വരെ മീനാക്ഷി ഉറങ്ങിയില്ല.
“നീ വന്നു കിടക്കു അവനിങ്ങ് വരും.. എടി അവനൊരു ആൺകുട്ടിയാണ് “പറഞ്ഞു കൊണ്ട് നിൽക്കെ ഒരു കാർ വന്നു നിന്നു
അതിൽ നിന്നു ഉണ്ണി ഇറങ്ങി. അവന് ലേശം ആട്ടമുണ്ട്.. നേരെ നിൽക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ വേച്ചു പോകുന്നുണ്ട്.
“കുടിച്ചിട്ടുണ്ടോ നീ?” മനു അവന്റെ മുന്നിൽ നിന്നു. മീനാക്ഷി അമ്പരപ്പോടെ മനുവിന്റെ അരികിലേക്ക് ചെന്ന് ഉണ്ണിയുടെ മുഖത്ത് സൂക്ഷിച്ചു നോക്കി.
“കുറച്ച്. ഫ്രണ്ട്സ് നിർബന്ധിച്ചപ്പോ.. കുറച്ചു കുടിച്ചാൽ എന്താ കുഴപ്പം?”
ഒറ്റ അടി വീണു അവന്റെ മുഖത്ത്. മീനാക്ഷിയുടെ ഉയർന്ന കൈകളിലേക്ക് മനു നടുക്കത്തോടെ നോക്കി
മീനാക്ഷി യുടെ കൈകൾ വീണ്ടും ഉയർന്നു താണു.
“മീനു മതി “മനു അവളുടെ കയ്യിൽ പിടിച്ചു.
“കൈ വിട് മനുവേട്ടാ “അവൾ ചീറി
“കുറച്ചു കുടിച്ചാൽ കുഴപ്പമില്ല അല്ലേടാ? ഇങ്ങനെ ആണ് പലതും തുടങ്ങുക. പിന്നെ ശീലമാക്കുക. അഡിക്റ്റാകുക.. പലതവണ ഞാൻ നിന്നോട് ഇതൊക്കെ പറഞ്ഞു തന്നിട്ടുണ്ട്..”അവന്റെ കയ്യിലും പുറത്തും അവൾ ആഞ്ഞടിച്ചു
“നീ..നീ.. എങ്ങനെ തോന്നി? ഇങ്ങനെ ഉറയ്ക്കാത്ത കാലിൽ വീട്ടിൽ കയറി വരാൻ.. നിന്നേ ഞാൻ എങ്ങനെ വളർത്തിയതാ ഉണ്ണി..”അവൾ പൊട്ടിക്കരഞ്ഞു
“എനിക്ക് നിന്നേ കാണണ്ട പൊയ്ക്കോ എങ്ങോട്ടെങ്കിലും “അവൾ വീടിനുള്ളിലേക്ക് ഓടിപ്പോയി.
ഉണ്ണിയുടെ ലഹരി ഒറ്റ നിമിഷം കൊണ്ടിറങ്ങിപോയി. എല്ലാവരും കുടിച്ചു. താര ഉൾപ്പെടെ.. അവളാണ് നിർബന്ധിച്ചത്.. ഇതൊക്കെ സമൂഹമര്യാദയുടെ ഭാഗമാണ് എന്ന് പറഞ്ഞു തന്നത്.. വേറെ എന്തൊക്കെയോ കൂടി ഉണ്ടായിരുന്നു. എന്തൊക്കെയോ പേരുകളും അവർ പറഞ്ഞു കേട്ടു.. അത് മാത്രം വേണ്ട എന്ന് പറഞ്ഞു..
മീനു കരഞ്ഞു.. താൻ കാരണം.. ഈശ്വര! അവന് നെഞ്ച് പൊട്ടുന്ന പോലെ തോന്നി.
ഏട്ടൻ അവനെ ചേർത്ത് പിടിച്ചു..
“മോൻ വാ.. അവള് സങ്കടം കൊണ്ട് തല്ലിയതാ ഒന്നും തോന്നേണ്ട. വന്നു കിടക്കു “
അവൻ നിറഞ്ഞ കണ്ണുകളോടെ ഏട്ടനെ നോക്കി
“മീനു ഇനി എന്നോട് മിണ്ടില്ലേ?”
“ശ്ശെ.അവൾ മിണ്ടാതെ പിന്നെ എവിടെ പോകാൻ “? നീ പോയി കിടക്ക് “
“ഞാൻ മീനുനോട് ഒരു സോറി പറയട്ടെ?.”
“ഇപ്പോൾ വേണ്ട. ഒത്തിരി രാത്രി ആയി… പോയി കിടന്നോ “
അവനെ മുറിയിലാക്കി മനു വരുമ്പോളും മീനാക്ഷി കരയുകയാണ്
“എന്താ പറയുക എന്റെ കൊച്ചേ അവനൊരു ആണല്ലേ.. ഇച്ചിരി കുടിച്ചു പോയി.. ക്ഷമിക്ക്.. എന്നാ അടിയാ നീ അവനെ അടിച്ചത്? എന്നിട്ട് ഒറ്റ അക്ഷരം പറഞ്ഞോ അവൻ..?പോട്ടെ സാരോല്ല ഇനി ചെയ്യില്ല. നീ ക്ഷമിക് “
അവൾ ഒന്നും മിണ്ടാതെ ലൈറ്റ് അണച്ചു കിടന്നു
മീനാക്ഷി അവനെ അവഗണിച്ചു കളഞ്ഞു
പലതവണ അവൻ ദയനീയമായി നോക്കിക്കൊണ്ട് അവളുടെ മുന്നിൽ വന്നു..
“ഞാനീ കാല് പിടിക്കാം ഏട്ടത്തിയമ്മേ..”അവൻ കരഞ്ഞു കൊണ്ട് നിലത്തിരുന്നു ആ കാലിൽ തൊട്ടു.
“ഭൂമിയിൽ ആരു പിണങ്ങിയാലും എനിക്ക് സഹിക്കാൻ പറ്റും. എന്റെ ഏട്ടത്തിയമ്മ എന്നോട് പിണങ്ങല്ലേ പ്ലീസ് “അവൾ ആ ശിരസ്സിൽ വിറയാർന്ന കൈകൾ വെച്ച് അൽപനേരം അനങ്ങാതെ നിന്നു..
“എന്റെ പൊന്ന് ഏട്ടത്തിയമ്മയല്ലേ? ഞാൻ ഹൃദയം പൊട്ടി മരിച്ചു പോകും എന്നോട് മിണ്ടാതെ.. ഇങ്ങനെ. വയ്യ.. പ്ലീസ് “
മീനാക്ഷി നിലത്തിരുന്നു അവനെ ചേർത്ത് പിടിച്ചു.. രണ്ടു പേരും കരഞ്ഞു കൊണ്ടിരുന്നു. എപ്പോഴോ കണ്ണീർ പെയ്ത്ത് നിന്നു.. അവൻ ആ മടിയിൽ മുഖം വെച്ച് കിടന്നു.. കുഞ്ഞിലേ അങ്ങനെ ആയിരുന്നു ഉറങ്ങുക.. ആ മടിയിൽ മുഖം വെച്ച്…
“മോനെ കുറച്ചു മദ്യപിച്ചത് കൊണ്ടോ കൊണ്ടോ ഒരു സിഗരറ്റ് വലിച്ചത് കൊണ്ടോ ഒരാൾ ചീത്തയാവില്ല. പക്ഷെ ലഹരി നമ്മളെ അടിമയാക്കും.നമ്മൾ നശിച്ചു പോകും. അന്ന് നിന്റെ ഷർട്ടിൽ വേറെ ഒരു മണമുണ്ടായിരുന്നു. ഡ്ര ഗ്ഗ്സ്.. അതിന്റ? അത് പാടില്ല മോനെ “
“ഞാൻ അത് എടുത്തിട്ടില്ല സത്യം.. ഫ്രണ്ട്സ് ഉപയോഗിച്ചതാ സത്യായിട്ടും.”
“ഉം “അവൾ മൂളി” കോളേജിൽ പഠിക്കുമ്പോൾ ഇതൊക്കെ ടൂറുകളിൽ ഞാനും കണ്ടിട്ടുണ്ട്. ഉപയോഗിക്കാൻ തോന്നിയിട്ടില്ല. അമ്മയുടെ മുഖം ഓർക്കും. ഒത്തിരി കഷ്ടപ്പെട്ടാ എന്നെ പഠിപ്പിച്ചേ.നമുക്ക് പ്രിയമുള്ളവരേ വേദനിപ്പിക്കാതിരിക്കാൻ ചില സന്തോഷം വേണ്ടന്ന് വെയ്ക്കാൻ കഴിയണം. എത്ര പ്രലോഭന മുണ്ടായാലും “
“ചെയ്യില്ല സത്യം.. എന്റെ ഏട്ടത്തിയമ്മയുടെ കണ്ണ് നിറയുന്നത് ഒന്നും ഞാൻ ചെയ്യില്ല. എന്റെ മരിച്ചു പോയ അമ്മ സത്യം “
അവൾ ആ നെറ്റിയിൽ ചുണ്ടമർത്തി. അവൾ ആ മുടിയിലൂടെ വിരലോടിച്ചു
“, മോനെ ഏട്ടത്തി ഒത്തിരി അടിച്ചു “
“സാരോല്ല എനിക്ക് നൊന്തില്ല. പക്ഷെ എന്റെ മീനു കരഞ്ഞപ്പോൾ സത്യായിട്ടും എന്റെ നെഞ്ച് പൊട്ടിപ്പോയി..”
അവന്റെ ശബ്ദം ഇടറി
“,പോട്ടെ കഴിഞ്ഞത് കഴിഞ്ഞു.. നിനക്ക് എന്താ വേണ്ടേ പറഞ്ഞോ? ബിരിയാണി ഉണ്ടാക്കി തരട്ടെ?”അവൾ ചിരിച്ചു
“അയ്യടാ ബിരിയാണി.. എനിക്ക് വേണ്ട. എനിക്ക് ചമ്മന്തി ചോറുണ്ടാക്കി താ. അത് മതി.ഞാൻ രണ്ടു ദിവസം ആയി ശരിക്ക് കഴിച്ചിട്ടില്ലന്നെ “അവൻ കുസൃതി യിൽ പറഞ്ഞു
അവൾ പുഞ്ചിരിച്ചു.
അരകല്ലിൽ അരയ്ക്കുന്ന മാങ്ങാച്ചമ്മന്തിയുടെ എരിവ്നൊപ്പം ചോറും കൂടി കുഴഞ്ഞപ്പോ നല്ല നിറം.. അവൾ അത് ഒരു പാത്രത്തിൽ എടുത്തു
“എനിക്കും വേണം “അല്ലി
“ഞാനും ഉണ്ടിവിടെ “മനു
“കുറച്ചു നാളായി ഇത് കഴിച്ചിട്ട് “അച്ഛൻ
“പറഞ്ഞു വന്നപ്പോൾ എല്ലാർക്കും വേണം.. ഞാനാ ഇത് പറഞ്ഞു ഉണ്ടാക്കിയത്. എനിക്ക് താ ആദ്യം “ഉണ്ണി കുശുമ്പോടെ പറഞ്ഞു
അവന്റെ വായിലേക്ക് തന്നെ മീനാക്ഷി ആദ്യ ഉരുള വേച്ചു കൊടുത്തു.. പിന്നെ അല്ലി. മനു. അച്ഛന് ഒരു പാത്രത്തിൽ കുറച്ചു എടുത്തു കൊടുത്തു..അവൾ സംതൃപ്തിയോടെ അത് നോക്കി നിന്നു.
പിന്നെ മനുവും അവളും തനിച്ചായ ഒരു നിമിഷം.
“അതേയ്.. നിനക്ക് അവനെ ഇത്ര സ്നേഹിക്കാൻ പറ്റുന്നത് എങ്ങനെയാ മീനു?”
മനു കൈകളിൽ അവളുടെ മുഖം ഉയർത്തി മെല്ലെ ചോദിച്ചു
അങ്ങോട്ടേക്ക് വരികയായിരുന്ന ഉണ്ണി ആ ചോദ്യം കേട്ട് നിന്നു
“അവൻ എന്റെ മോനാ മനുവേട്ടാ..എന്റെ പൊന്നു മോൻ. മകനാവാൻ ഗർഭത്തിൽ ചുമക്കെണ്ടതില്ല..എന്റെ കുഞ്ഞാ അവൻ ” അവളുടെ ശബ്ദം ഇടറി. മനു അവളെ നെഞ്ചിൽ ചേർത്ത് അമർത്തി പിടിച്ചു.
ഉണ്ണിയുടെ കണ്ണുകൾ പെയ്തു കൊണ്ടിരുന്നു
അവൻ അമ്മയുടെ ഫോട്ടോക്ക് മുന്നിൽ പോയി നിന്നു..
“അമ്മ എന്റെ ഏട്ടത്തിയുടെ ഉള്ളിലിരുന്നു എന്നെ സ്നേഹിക്കുവാ അല്ലെ?”
അവൻ നിശബ്ദമായ് ചോദിച്ചു
അമ്മയുടെ മുഖത്തെ തിളക്കം… ആ പുഞ്ചിരി..
ഭൂമി വിട്ട് പോയാലും ആത്മാക്കൾ ഒപ്പമുണ്ടാകും… അമ്മയ്ക്കെങ്ങനെ മകനെ വിട്ട് പോകാനാകും?
അവരങ്ങനെ ഉള്ളിലുണ്ടാകും പ്രിയമുള്ളവരുടെ ഹൃദയത്തിൽ.. ആത്മാവിൽ..
സ്നേഹിച്ചു സ്നേഹിച്ചു കൊതി തീരാതെ അങ്ങനെ അങ്ങനെ അങ്ങനെ….