രത്നനും സരിത്തും.
എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി.
ജയിലഴികളിൽപ്പിടിച്ച് ദൂരേക്ക് നോക്കിനിൽക്കുന്ന രത്നനെ ഹബീബ് ആശ്ചര്യത്തോടെ നോക്കിനിന്നു. ഇത്രയും അiടി ഇവിടെ നടന്നിട്ടും അതിലൊന്നും ഇടപെടാതെ ഇങ്ങനെ രത്നൻ നിൽക്കുന്നത് കാണുന്നത് ആദ്യമായിട്ടാണ്.. പരോളിൽ പോയിവന്നതിനുശേഷം കാര്യമായ എന്തോ മാറ്റം സംഭവിച്ചിട്ടുണ്ട് അവന്.. ഹബീബിന് അത് എന്താണ് എന്ന് ചോദിക്കാൻ ധൈര്യം വന്നില്ല.
രത്നാകരൻ…
ഇൻസ്പെക്ടർ വിളിച്ചപ്പോഴാണ് അയാൾ ചിന്തയിൽനിന്നുണ൪ന്നത്.
എന്താ ഇവിടെ നടന്നത്…?
എനിക്കറിയില്ല.. ഞാനൊന്നും കണ്ടിട്ടില്ല.
രത്നാകരൻ താഴേക്ക് നോക്കി പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
കോൺസ്റ്റബിൾ സരിത്തിനെ ജോണി തലങ്ങും വിiലങ്ങും അiടിച്ചതാണ്. പക്ഷേ സരിത്ത് തിരിച്ചടിക്കാതെ കൊണ്ടുനിന്നു. അപ്പോഴേക്കും ആരൊക്കെയോ വന്ന് പിടിച്ചുമാറ്റി. മുമ്പായിരുന്നെങ്കിൽ തന്റെ മുന്നിൽ ജോണി പത്തി പൊക്കില്ലായിരുന്നു. സരിത്ത് ഒരു പാവമാണ്.. ജയിൽ പുള്ളികൾക്കൊക്കെ ആ പോലീസുകാരനെ പുച്ഛമായിരുന്നു. തരം കിട്ടുമ്പോഴൊക്കെ കളിയാക്കുമായിരുന്നു. താനും ഒരുപാട് പരിഹസിച്ചിട്ടുണ്ട് അവനെ.. തന്നെ കാണുമ്പോൾത്തന്നെ അവന് ശബ്ദം വരാതെ തൊണ്ട വരണ്ടതുപോലെ നിന്നുപോകുന്നത് പല പ്രാവശ്യം കണ്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ അവനെ അവസരം കിട്ടുമ്പോഴൊക്കെ എല്ലാവരോടുമൊപ്പം ആവോളം കളിയാക്കിവിടും.
വഴിനടക്കാൻ വിടാതെ മുന്നിൽ കയറിനിൽക്കുക, രൂക്ഷമായി നോക്കി പേടിപ്പിക്കുക, ഇടയ്ക്ക് രണ്ട് പൊiട്ടിക്കുക, ഇങ്ങനെ പലതും ആ പാവത്തിന്റെ നേ൪ക്ക് കളിച്ചുനോക്കിയിട്ടുണ്ട്.. പക്ഷേ..
ഈ പ്രാവശ്യം പരോളിൽ പോയപ്പോഴും തന്റെ അഹങ്കാരം അടങ്ങിയിരുന്നില്ല. യാദൃച്ഛികമായാണ് സ്കൂളിൽ നിന്ന് പിടിഎ മീറ്റിംഗ് കഴിഞ്ഞ് ഭാര്യയോടും മക്കളോടുമൊപ്പം മടങ്ങുന്ന സരിത്ത് മുന്നിൽ വന്നുപെട്ടത്. കൂട്ടുകാരോടൊപ്പം താഴത്തെ തറയിലെ വിളക്കെടുപ്പ് ഉത്സവത്തിന് പോകാൻ ഇറങ്ങിയതായിരുന്നു.
രത്നൻ പരോളിലിറങ്ങിയിട്ടുണ്ട് എന്ന് നാട്ടുകാ൪ അറിഞ്ഞുകാണും. ഒരു തkല്ല് കാണാൻ ചിലരൊക്കെ കച്ചകെട്ടിവന്നും കാണും. അതൊക്കെ പ്രതീക്ഷിച്ചുതന്നെയാണ് ഇറങ്ങിത്തിരിച്ചത്. റോഡിൽ പതിവുപോലെ ആളുകൾ നിറഞ്ഞൊഴുകുന്നു. ബസ്സും കാറും ലോറിയും ഓട്ടോറിക്ഷകളും ഹോണടിച്ചുകൊണ്ട് തിരക്കിട്ട് ഓടുന്നു. വിചാരിക്കാതെ മുന്നിൽ വന്നുപെട്ട സരിത്തിനെ എല്ലാവരുടെയും മുന്നിൽവെച്ച് ഒന്ന് ഊതിവിട്ടു.
ഇയാളെങ്ങോട്ടാ..?
മക്കളുടെ യൂനിഫോമും ബാഗും കണ്ടാലറിയാം അവരെ സ്കൂളിൽനിന്ന് കൂട്ടിക്കൊണ്ട് വരികയാണെന്ന്. പക്ഷേ സരിത്തിന്റെ ദയനീയത കാണണം. പൂച്ചയുടെ മുന്നിൽപ്പെട്ട എലിയുടെ ഭയം കാണണം.. രത്നന് ലiഹരിയായി.
മുന്നിൽ കയറിനിന്ന് വഴി തടഞ്ഞപ്പോൾ ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങി. കുറച്ചു പരിഹാസവും കൈയാങ്കളിയും പുറത്തെടുക്കാൻ ഒരുങ്ങി.
അവൻ പക്ഷേ പതിവുപോലെ ഒഴിഞ്ഞുമാറി പോയ്ക്കളഞ്ഞു. കൂട്ടുകാരുടെ ആ൪ത്തുള്ള അട്ടഹാസവും ചിരിയും തന്റെ നില തെറ്റിച്ചു. വ൪ദ്ധിച്ച അഹന്തയോടെ വീണ്ടും അവനെ ഒന്നുകൂടി ഭയപ്പെടുത്താൻ പുറകെ ചെന്നതാണ്. കിലുകിലെ വിറക്കുന്ന ഭാര്യയും കുട്ടികളും കാൺകേ അവനെ ഒന്നുകൂടി പരിഹസിക്കണം.. അത്രയേ ഉദ്ദേശിച്ചിരുന്നുള്ളൂ..
പക്ഷേ..
അവ൪ ഒരു വളവ് തിരിഞ്ഞതും രണ്ടാമത്തെ ചെക്കന് മൂത്രമൊഴിക്കാൻ മുട്ടി. സന്ധ്യ മയങ്ങിത്തുടങ്ങിയിരുന്നു. അവിടവിടെയായി വിളക്കുകൾ തെളിഞ്ഞു തുടങ്ങി. അവരുടെ സംസാരം കേട്ടുകൊണ്ടാണ് താൻ അവരുടെ അടുത്തേക്ക് നടന്നടുത്തത്.
അച്ഛാ.. അച്ഛനെന്താ അയാളോട് ഒന്നും പറയാതിരുന്നത്..?
മകളാണ്.
അയാൾ അച്ഛൻ ജോലി ചെയ്യുന്ന ജയിലിലെ ജയിൽപ്പുള്ളിയല്ലേ..?
ഉം..
സരിത്ത് അലസമായി മൂളി.
അച്ഛനെ അയാൾക്ക് പേടിയില്ല ഒട്ടും..?
ഇല്ല…
സരിത്തിന്റെ ശബ്ദത്തിന് തീരെ ബലമില്ലായിരുന്നു.
നല്ലോണം തിരിച്ചുപറഞ്ഞൂടെ അച്ഛന്..?
അച്ഛനെന്തിനാ അവരെയൊക്കെ പേടിക്കുന്നത്..? അച്ഛനൊരാണല്ലേ..
കുട്ടികളുടെ ശൌര്യം കണ്ടപ്പോൾ താൻ ചാടിവീണ് എല്ലാവരെയും ഭയപ്പെടുത്താൻ തയ്യാറെടുത്തതാണ്…
അപ്പോഴാണ് സരിത്ത് സംസാരിച്ചുതുടങ്ങിയത്..
ഞാനും വല്ല കേസിലും പെട്ടാൽപ്പിന്നെ നിങ്ങൾക്ക് ആരാണുള്ളത്…?
ആരെങ്കിലും അനാവശ്യമായി നമ്മുടെ മേക്കിട്ട് കേറി സംസാരിക്കുമ്പോൾ തിരിച്ചും അതേപോലെ പെരുമാറുന്നതൊന്നുമല്ല ആണത്തം.. നമ്മുടെ ചുറ്റിലുമുള്ള ആളുകളുടെ സുരക്ഷിതത്വം ഉറപ്പാക്കുകയാണ് നമ്മുടെ പ്രധാന ഉത്തരവാദിത്തം. എനിക്ക് വല്ലതും സംഭവിച്ചാൽ നിങ്ങളുടെ കാര്യമൊക്കെ ആര് നോക്കും..? മാത്രമല്ല രത്നൻ അങ്ങനെ ആയത് എന്തുകൊണ്ടാണെന്ന് ആർക്കറിയാം… അവനും കാണില്ലേ നിഷ്കളങ്കമായ ഒരു ബാല്യം… ആരും ശ്രദ്ധിക്കാൻ ഇല്ലാതെ അനാഥമാക്കപ്പെട്ട കുട്ടികളുടെ നിവൃത്തികേടുകൊണ്ട് അവർ ചെന്നുപെടുന്നതാണ് പല കുറ്റകൃത്യങ്ങളും.. അവരെ തങ്ങളുടെ ആവശ്യത്തിന് മുതലാക്കി പലരും അവരെ ക്രിiമിനലുകൾ ആയി വളർത്തിയെടുക്കുന്നു…
അച്ഛൻ പറയുന്നതൊക്കെ മൂളിക്കേട്ടുകൊണ്ട് മക്കൾ രണ്ടുപേരും അയാളുടെ കൈപിടിച്ച് നടന്നുതുടങ്ങി. സരിത്തിന്റെ ഭാര്യയും തന്റെ കയ്യിലുള്ള പച്ചക്കറിസഞ്ചിയും മറ്റും താങ്ങിക്കൊണ്ട് കുട്ടികളുടെ കൂടെ നടക്കുന്നുണ്ടായിരുന്നു. അവരുടെ സംസാരം കേൾക്കേ രത്നന്റെ തലതാണു. തന്റെ ബാല്യത്തെക്കുറിച്ച് അയാൾ ചിന്തിച്ചുതുടങ്ങി.
തനിക്ക് അമ്മയും അമ്മയ്ക്ക് താനും മാത്രമുള്ള ആ കാലം…
അച്ഛനെ കണ്ട ഓർമ്മയില്ല. അമ്മ കൃഷിപ്പണിക്ക് പോയാണ് തന്നെ വളർത്തിയത്. ദാരിദ്ര്യത്തിന്റെ രുചി നല്ലവണ്ണം അറിഞ്ഞ ആ കാലം.. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു അമ്മ ഒരുവശം തളർന്നുവീണത്.. അന്നുമുതൽ പഠിപ്പ് നിർത്തി താനും ക്വാറിയിൽ കൂലിപ്പണിക്ക് പോയിത്തുടങ്ങി. അത്യാവശ്യം തiല്ല് കൊള്ളാനും കൊടുക്കാനും പഠിച്ചത് അവിടെനിന്നാണ്. പല അനീതികളും സഹിച്ചുമടുത്തപ്പോൾ തോന്നിയ രോഷം തന്നെയും ഒരു ചiട്ടമ്പിയാക്കി.
അമ്മ മരിച്ചതോടെ ചോദിക്കാനും പറയാനും ആരുമില്ലാതായി. പലരും തന്നെ പണം തന്ന് ഗുiണ്ടാപ്പണി ഏൽപ്പിച്ചു. കേസുകൾ കൂടിത്തുടങ്ങി. അതിനിടയിൽ ഒരു കല്യാണം കഴിച്ചു. ഒരു മകനും ജനിച്ചു. അവന്റെ മുഖം ഓർമ്മയിൽ വന്നതും രത്നൻ അവരുടെ പിറകേയുള്ള പതുങ്ങിനടത്തം നി൪ത്തി. കുറച്ചുസമയം അങ്ങനെ തന്നെ നിന്ന് രത്നൻ മടങ്ങി. കൂട്ടുകാ൪ അയാളെ കാണാതെ തിരഞ്ഞ് വരുന്നുണ്ടായിരുന്നു.
പരോൾ കഴിഞ്ഞ് ജയിലിൽ തിരിച്ചെത്തിയതുമുതൽ ആരുടെ ഒരു പ്രശ്നത്തിലും ഇടപെടാതെ ഒഴിഞ്ഞുമാറി നടപ്പാണ്. സരിത്ത് മക്കളോട് പറഞ്ഞ രണ്ടുമൂന്ന് കാര്യങ്ങൾ രത്നന്റെ മനസ്സിനെ പിടിച്ചുലച്ചു കളഞ്ഞിരുന്നു.
തനിക്ക് വല്ലതും പറ്റിയാൽ തന്റെ കുടുംബത്തിന് പിന്നെ ആരാണ് ഒരു സഹായം… താൻ വള൪ന്നതുപോലെ അനാഥനായി തന്റെ മകനും വളരേണ്ടിവരും. അവനും നാളെ നിവൃത്തികേടുകൊണ്ട് തന്റെ പാത തിരഞ്ഞെടുത്തുകൂടെന്നില്ല.. ആരുടെയും മേക്കിട്ട് കേറി കലഹിക്കുന്ന തൊന്നുമല്ല ആണത്തം.. തന്റെ ചുറ്റിലുമുള്ള ആളുകളുടെ സുരക്ഷിതത്വം ഉറപ്പാക്കുകയാണ് ചെയ്യേണ്ടത്..
സരിത്തിനെ ആരാണ് അiടിച്ചത്..?
പോലീസുകാർ വന്ന് ഓരോരുത്തരോടും ചോദിക്കുന്നു. ജോണി കൂസലില്ലാതെ മീശ പിരിച്ചുകൊണ്ട് കൈപൊക്കി താനാണ് എന്ന് സമ്മതിച്ചു. അവനെ പോലീസുകാർ കൊണ്ടുപോയി. പോലീസുകാ൪ അiടിച്ചാലും ഇടിച്ചാലുമൊന്നും ജോണിക്ക് കൂസലില്ല. രണ്ട് കൊiലപാതകം ചെയ്തിട്ട് വന്നതാണ്. രത്നനുമായി, വന്നകാലത്ത് ഒന്നുരണ്ടുവട്ടം ഏറ്റുമുട്ടിയതാണ്. രത്നൻ ഇഞ്ച ചiതക്കുംപോലെ ജോണിയെ ചiതച്ചു. പിന്നീട് രത്നനോട് അധികം കളിക്കാൻ അയാൾ നിൽക്കാറില്ല.
പക്ഷേ ഈ പ്രാവശ്യം രത്നന്റെ ഒതുക്കം ജോണിയെ അഹന്തയുടെ കൊടുമുടിയിലെത്തിച്ചു. കുറച്ച് ദിവസങ്ങളായി ജോണി നിലത്തൊന്നുമല്ല..
രത്നൻ ഒന്നും കണ്ടതായി ഭാവിച്ചില്ല. ഇനി വളരെ കുറച്ച് മാസങ്ങൾ കൂടിയേയുള്ളൂ. ശിക്ഷ കഴിഞ്ഞ് ഇറങ്ങിയാൽ വല്ല ലോറിയുടെയും ഡ്രൈവറായി ജോലി നോക്കണം. ഇനി തiല്ലാനും വഴക്കുണ്ടാക്കാനു മൊന്നും താനില്ല.
ഹബീബിക്കാ.. നിങ്ങളുടെ മക്കളുടെ പഠിപ്പൊക്കെ ഏതുവരെയായി..?
രത്നന്റെ ചോദ്യം കേട്ട് ഹബീബിന് കണ്ണുനിറഞ്ഞു. ഇതുവരെ അയാൾ അങ്ങനെയൊരു ചോദ്യം ചോദിച്ചിട്ടില്ല. ഹബീബ് ഒന്ന് പുഞ്ചിരിച്ചു.
മൂത്തമോൾ ഡിഗ്രി ലാസ്റ്റ് ഇയറാണ്. രണ്ടാമത്തെ മോൾ എഞ്ചിനീയറിങ് ഒന്നാം വ൪ഷം.
കുട്ടികളൊക്കെ നല്ലോണം പഠിക്കും അല്ലേ..?
ഹബീബ് തലയാട്ടി.
അവ൪ക്ക് ബാപ്പ ജയിലിലായതിന്റെ വിഷമമേയുള്ളൂ. വാശിയോടെ പഠിക്കാനൊക്കെ മിടുക്കരാ..
അടുത്ത ദിവസം ജോണിയെ കാണാൻ വീട്ടിൽനിന്ന് ആരോ വന്നു. അവ൪ വന്നുപോയതോടെ കലിയിളകിക്കൊണ്ട് അയാൾ അവിടമാകെ ചവിട്ടിമെതിച്ചു. എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട് എന്ന് എല്ലാവർക്കും മനസ്സിലായി. ഇന്നിവിടെ എന്തെങ്കിലും നടക്കും എന്നൊരു തോന്നൽ കാണുന്നവരുടെ ഉള്ളിൽ നിറഞ്ഞു.
രത്നന് മാത്രമേ ഇവനെ തളക്കാനാവൂ…
ഭദ്രൻ ഹബീബിന്റെ ചെവിയിൽ പറഞ്ഞു.
വേണ്ട.. ഇനി രത്നൻ അiടിയുണ്ടാക്കാതിരിക്കുന്നതാണ് നല്ലത്.
അവനൊന്ന് ഒതുങ്ങിയിട്ടുണ്ട്..
അവനെ ഇറക്കാനാണ് ജോണിയുടെ ശ്രമം. സരിത്തിനെ കണ്ടാൽ ഇന്നാ പാവത്തിനെ അവൻ ഇiടിച്ചുനുറുക്കും..
സോമൻ പരുങ്ങലോടെ പറഞ്ഞു.
എല്ലാവരും ജോണിയുടെ മുഖത്ത് നോക്കാൻ ധൈര്യപ്പെടാതെ ആരുടെ നേ൪ക്കാണ് കലിയിളകി വരുന്നതെന്ന വേവലാതിയോടെ തങ്ങളുടെ ജോലി തുട൪ന്നു.
രത്നൻ തെങ്ങിന് തടമെടുക്കുകയായിരുന്നു. തൊട്ടടുത്തായി താഴെ വലിയ കല്ലുകൾ കൂട്ടിയിട്ട വലിയ പാറക്കുഴിയുണ്ട്. ആ തെങ്ങിന്റെ താഴെ വീണ ഓലകൾ ഒരുവശത്തേക്ക് കൂട്ടിയിട്ടിട്ടുമുണ്ട്.
ജോണി തന്റെ കൈത്തരിപ്പ് തീർക്കാൻ ആരെയും കിട്ടാതെ രത്നന്റെ നേർക്ക് ഇടയാനായി വന്നു. അയാൾ ഒഴിഞ്ഞുമാറിക്കൊണ്ട് നിന്നു. കുറേ പരിഹാസം പറഞ്ഞ് ജോണി തിരിച്ചുപോയി. രത്നൻ ഒന്നും സംഭവിക്കാത്തമട്ടിൽ തന്റെ ജോലിയിലേക്ക് തിരിഞ്ഞു. പെട്ടെന്നാണത് സംഭവിച്ചത്. സരിത്ത് അവിടേക്ക് കടന്നുവന്നു. ഒരു കൈയിൽ പ്ലാസ്റ്ററൊട്ടിച്ചിട്ടുണ്ട്. തലേന്നത്തെ പരിക്കായിരിക്കും. അവിടെ അയാൾ എന്തോ തിരഞ്ഞു. തന്റെ കൈവശം ഉണ്ടായിരുന്ന എന്തോ കടലാസ് കളഞ്ഞുപോയതുപോലെ അയാൾ മുറ്റത്തും പറമ്പിലുമൊക്കെ കാണുന്ന കടലാസുകൾ എടുത്തുനോക്കി.
കുനിഞ്ഞുനടന്ന് ഓരോന്നായി നോക്കി അയാൾ എത്തിയത് ജോണിയുടെ മുന്നിലായിരുന്നു. ജോണി സരിത്തിന്റെ പുറത്ത് ശക്തിയായി ഇiടിച്ചു. അവനിരുന്നുപോയി. തൊപ്പി തെറിച്ചുപോയി. കണ്ടുനിന്നവരുടെ കൈ തരിച്ചു. പ്രാണനിൽ ഭയമുള്ളതുകൊണ്ട് എല്ലാവരും അടങ്ങി. അപ്പോഴാണ് രത്നൻ ഒരു കടലാസ് എടുത്ത് ഇതാണോ സാറേ എന്ന് ചോദിച്ചത്..
സാറോ..!
ജോണി പൊട്ടിച്ചിരിച്ചു. സരിത്തിനെ അവിടെയാരും സാ൪ എന്നൊന്നും വിളിക്കാറുണ്ടായിരുന്നില്ല. സരിത്ത് ജോണിയുടെ ചിരി വകവെക്കാതെ ഓടിവന്ന് ആ കടലാസ് വാങ്ങാനൊരുങ്ങി. ജോണി വഴിതടഞ്ഞുനിന്നു. സരിത്ത് ദയനീയമായി അയാളെ നോക്കി. രത്നൻ ഇരച്ചുവന്ന ദേഷ്യം ഒതുക്കിവെക്കാൻ പാടുപെടുകയായിരുന്നു. കണ്ണുകൾ ചുകന്നു. ശ്വാസവേഗം കൂടി. മുഷ്ടി ചുരുട്ടി തയ്യാറെടുപ്പുകൾ നടത്തിയിട്ടും ഒരടി മുന്നോട്ടുവെക്കാതെ രത്നൻ പാറപോലെ ഉറച്ചുനിന്നു.
സരിത്ത് ആ കടലാസ് വാങ്ങാനാകാതെ പിൻവാങ്ങാനൊരു ങ്ങുമ്പോഴാണ് രത്നൻ വീണ്ടും വിളിച്ചത്:
ഇതാ.. സാറേ..
ജോണി വ൪ദ്ധിച്ച ദേഷ്യത്തോടെ, ആ നീട്ടിയ കടലാസ് രത്നന്റെ കൈയിൽനിന്ന് പിടിച്ചുവാങ്ങാൻ ഓടിവന്നതും രത്നൻ ഒഴിഞ്ഞുമാറിയതും അവിടെ കൂട്ടിവെച്ച ഓലയിൽ ചവിട്ടി ജോണി ഊ൪ന്നുവീണ് താഴെയുള്ള കുഴിയിലെ പാറക്കെട്ടിൽ പോയി തലയിടിച്ച് വീണതും ഒപ്പം കഴിഞ്ഞു. ആകെ ഒരു നിശ്ശബ്ദത.. പിന്നീട് ഒരു ആരവം..
രത്നൻ സരിത്തിന്റെ കൈവശം ആ കടലാസ് ഭദ്രമായി ഏൽപ്പിച്ചുകൊണ്ട് പറഞ്ഞു:
ട്രാൻസ്ഫർ ഓഡറാണല്ലേ.. പുതിയ ജയിലിലെങ്കിലും ഇങ്ങനെയൊന്നും ഉണ്ടാവാതിരിക്കട്ടെ…
സരിത്തും മറുപടിയായി പറഞ്ഞു:
ശിക്ഷ കഴിഞ്ഞിറങ്ങിയാൽ ഇനിമേലിൽ ഇങ്ങോട്ടൊന്നും ഒരിക്കലും വരാതിരിക്കാൻ നിങ്ങൾക്കും സാധിക്കട്ടെ..