എത്സമ്മയുടെ ബുദ്ധി
എഴുത്ത്: പ്രവീൺ ചന്ദ്രൻ
“നിങ്ങളിതെന്തോന്നാ കാണിക്കുന്നേ മനുഷ്യാ? വല്ല ഗവേഷണവും നടത്താണോ? എന്റെ കുക്കറ് നാശാക്കോ ഇപ്പോ?” എൽസമ്മയുടെ വർത്തമാനം കേട്ട് ലോനപ്പൻ ചെയ്തിരുന്ന പണി പാതിക്ക് നിർത്തിട്ട് അവരുടെ അടുത്തേക്ക് ചെന്നു…
“എടീ ഒന്ന് പതുക്കെ പറ.. അയൽപക്കത്തെ ആളുകൾ കേൾക്കണ്ട.. ഞാൻ സാനിറ്റെസർ ഉണ്ടാക്കുകയാണ്.. വെറുതെ കടേന്ന് വാങ്ങിച്ച് പത്ത് നൂറ് രൂപ കളയണ്ടല്ലോ അതാ.. പിന്നെ ഇത് ഉണ്ടാക്കി വിറ്റാ നല്ല വരുമാനവും കിട്ടും..”
ലോനപ്പൻ പറഞ്ഞത് കേട്ട് എത്സമ്മ താടിക്ക് കൈവവച്ചു നിന്നു..
“ആഹാ അത് കൊള്ളാമല്ലോ.. ഇങ്ങക്കിതിന്റെ കെമിട്രി ഒക്കെ എങ്ങനെ അറിയാം? സ്കൂളിൽ പോലും മര്യാദക്ക് പോയിട്ടില്ലല്ലോ? “
“അതൊക്കെ ഉണ്ട്.. ഞാനാരാന്നാ നീ വിചാരിച്ചേ? പിന്നെ നീ ഇതാരോടും പറയണ്ട.. ആരെങ്കിലും അറിഞ്ഞാ പിന്നെ എല്ലാവരും ഈ സാനിറ്റൈസർ ചോദിച്ച് വരും..”
“ഞാനാരോടും പറയുന്നില്ല.. ഇതെപ്പോ തീരും ഈ കലാപരിപാടി… ?എന്നിട്ട് വേണം എനിക്ക് ചോറും കറിയും റെഡിയാക്കാൻ “
“ദേ ഇപ്പോ തീരും.. ഒരു അഞ്ച് വിസില് വരെ കാത്തിരിക്കണം.. പിന്നെ സാനിറ്റൈസറില് അറുപത് ശതമാനം ആൽക്കഹോളുണ്ടെങ്കിലേ കൊറോണ ചാവൂ.. അതോണ്ട് ഞാനിത്തിരി സ്പിരിറ്റ് ഇതിലിടും.. മണം വന്നാ നീ മൈന്റ് ചെയ്യണ്ട.. ” ലോനപ്പൻ പറഞ്ഞത് കേട്ട് എൽസമ്മ തലകുലുക്കി…
അങ്ങനെ ലോനപ്പൻ സാനിറ്റൈസർ നിർമ്മാണം തകൃതിയായി നടത്തി…
കുറച്ച് ദിവസങ്ങൾക്ക് ശേഷം താനുണ്ടാക്കിയ സാനിറ്റൈസർ അഞ്ച്കുപ്പികളിലാക്കി അട്ടത്ത് വച്ചു…
“ഇങ്ങളെന്താ ഈ കാണിക്കണേ മനുഷ്യാ അത് അട്ടത്ത് വക്കാനാണോ ഉണ്ടാക്കിയത്.. ഇങ്ങ് താ… എന്റെ കൈയില് കൊറോണ ഉണ്ടോന്ന് സംശയം.. ഞാൻ കുറച്ചെണ്ണത്തെ കൊല്ലട്ടെ.. “
അവർ പറഞ്ഞത് കേട്ട് അതിൽ നിന്ന് കുറച്ചെടുത്ത് ഒരു ചെറിയ കുപ്പിയിലാക്കി ലോനപ്പൻ അവൾക്ക് കൊടുത്തു..
അത് കയ്യിൽ തേച്ചതിന് ശേഷം അവർ പറഞ്ഞു..
“നല്ല പൈനാപ്പിളിന്റെ മണം.. നിങ്ങക്കിതിന്റെ ബിസിനസ്സ് തുടങ്ങിക്കൂടെ മനുഷ്യാ.. ഈ സമയത്ത് നല്ല ലാഭം കിട്ടില്ലേ? ഇതിന് എന്നാ വില കിട്ടും?”
“ഒരു പത്തഞ്ഞൂറ് രൂപ കിട്ടും അഞ്ചിനും കൂടെ… “
” ഓ അഞ്ഞൂറെങ്കിലഞ്ഞൂറ്.. ഒരു പത്തമ്പത് കുപ്പി ഉണ്ടാക്കി വിൽക്കാലോ?”
“ഉം.. നമുക്ക് ആലോചിക്കാം.. ഞാൻ മാർക്കറ്റില് ഒന്ന് പോയേച്ചും വരാം.. കുറച്ച് ശർക്കര വാങ്ങിക്കണം.. നീ പറഞ്ഞപോലെ സാനിറ്റൈസർ കുറച്ചൂടെ ഉണ്ടാക്കണം…”
അതും പറഞ്ഞ് ചിരിയടക്കി സഞ്ചിയുമായി അയാൾ പുറത്തേക്ക് നടന്നു…
ഉച്ചകഴിഞ്ഞാണ് ആണ് ലോനപ്പൻ വീട്ടിൽ തിരിച്ചെത്തിയത്..
വാതിക്കൽ തന്നെ നോക്കി ചിരിച്ചുകൊണ്ടിരുന്ന എൽസമ്മയെ കണ്ട് ലോനപ്പൻ അതിശയിച്ചു..
“നീയെന്താടി ഇങ്ങനെ ചിരിക്കുന്നത്?” അയാൾ ആശ്ചര്യത്തോടെ ചോദിച്ചു..
“നിങ്ങളല്ലേ പറഞ്ഞത് മനുഷ്യാ എനിക്ക് ബുദ്ധിയില്ലെന്ന്.. എന്നാ ഇനി അങ്ങനെ നിങ്ങള് പറയില്ല.. “
ലോനപ്പൻ ഒന്നും മനസ്സിലാവാതെ അവരെ നോക്കി…
” ഇങ്ങള് എത്ര വില കിട്ടൂന്നാ പറഞ്ഞേ ആ സാനിറ്റൈസർ വിറ്റാ…?”
” അഞ്ഞൂറ്…എന്തേ?” ലോനപ്പൻ സംശയത്തോടെ ചോദിച്ചു..
” എന്നാ ഞാൻ അത് വച്ച് തൊള്ളായിരം രൂപ ഉണ്ടാക്കി… അപ്പുറത്തെ വീട്ടിലെ ലില്ലി സാനിറ്റൈസർ വാങ്ങാൻ പോകുന്നുണ്ടെന്ന് പറഞ്ഞപോഴാ എന്റെ ബുദ്ധി തെളിഞ്ഞത്.. ഞാൻ പറഞ്ഞു എന്റെ കയ്യിലുണ്ട് നൂറ് രൂപ തന്നാ ഒരു കുപ്പി തരാന്ന്.. അവള് അത് സമ്മതിക്കുക യും ചെയ്തു .. ഞാനവൾക്ക് വിൽക്കുകയും ചെയ്തു..”
അത് കേട്ടതും ലോനപ്പന്റെ നെഞ്ചില് ഇടിത്തീ വീണപോലെ ആയി…
“അതല്ല രസം.. അവളുടെ ഭർത്താവില്ലേ സൈമൺ.. അവൻ ഇവിടെ വന്ന് ചോദിച്ചു അത് പോലത്തെ സാനിറ്റൈസർ ഇനി ഉണ്ടോന്ന്.. ഞാനാദ്യം പറഞ്ഞു ഇല്ലാന്ന്.. അപ്പോ അവൻ പറയാ ഒരു കുപ്പിക്ക് ഇരുനൂറ് വച്ച് തരാന്ന്.. പിന്നെ ഞാനൊന്നും നോക്കിയില്ല ബാക്കി ഉണ്ടാടന്ന കുപ്പി മുഴുവൻ അവന് വിറ്റു.. അങ്ങനെ അഞ്ഞൂറ് കിട്ടണ്ടോടത്ത് തൊള്ളായിരം ഞാനുണ്ടാക്കി.. നമുക്ക് ഈ ബിസിനസ്സ് തന്നെ അങ്ങട് തുടർന്നാലോ.. നിങ്ങളുണ്ടാക്ക് ഞാനെന്റെ ബുദ്ധി ഉപയോഗിച്ച് വിറ്റ് തരാം”
ഒരു ഉലക്ക കിട്ടിയാ അത് വച്ച് അവരുടെ തലക്കിട്ട് ഒന്ന് കൊടുക്കാമായിരുന്നു എന്ന് ലോനപ്പന് തോന്നി.. ഒരു കുപ്പിക്ക് മൂവായിരം വരെ കിട്ടുന്ന നല്ലൊന്നന്താരം വാറ്റല്ലേ മഹാപാപി ഇരൂന്നൂറ് രൂപയ്ക്ക് വിറ്റത്..