അവൾക്ക് അച്ഛന്റെ സ്നേഹം ആവശ്യമുള്ളപ്പോൾ , നിങ്ങൾ പണത്തിന് പിറകെയുള്ള ഓട്ടത്തിൽ ആയിരുന്നു…ഇന്ന് മകളെ കുറിച്ചുള്ള ആധി കേറിയപ്പോൾ , അവൾ അവൾക്ക് തോന്നിയ ഇടത്തും…….

അകലങ്ങളിൽ ഒരു കടലാസ് തോണി…..

എഴുത്ത്:- ഭാവനാ ബാബു

ഓഫീസിലെ തിരക്കേറിയ വീഡിയോ കോണ്ഫറൻസിന്റെ ഇടയിലാണ് എന്റെ ഫോൺ നിർത്താതെ റിങ് ചെയ്തത്….

വേഗം തന്നെ ഞാനത് സൈലന്റ് മോഡിൽ ഇട്ടു….

വഴുതി പോയെന്ന് കരുതിയ ഡീൽ കൈപ്പിടിയിൽ ഒതുക്കാനുള്ള വെമ്പലിൽ ആയിരുന്നു ഞാനാ നിമിഷം…

എല്ലാം കഴിഞ്ഞു ഫോൺ എടുത്തു നോക്കിയപ്പോഴാണ് അമ്മയുടെ അഞ്ചോളം മിസ്സ്ഡ് കാൾസ്…

തിരിച്ചു വിളിക്കാൻ എന്തോ മനസ്സു വന്നില്ല…അമ്മയ്ക്ക് പറയാനുള്ളത് എനിക്ക് കാണാപാഠമാണ്…

“മോനേ , തറവാടിന്റെ ഒരു വശം ആകെ പൊളിഞ്ഞു നാശമായി…അച്ഛന്റെ അസ്ഥിത്തറയ്‌ക്കും ഉണ്ട് ചില കേട് പാടുകൾ..ഇതൊക്കെ ഒന്ന് നേരെയാക്കണം.നീ കുറച്ചീസം ലീവ് എടുത്ത് ഇങ്ങോട്ട് വാ…”

മാസാമാസം തെറ്റില്ലാത്ത ഒരു തുക ഞാൻ അമ്മയുടെ അകൗണ്ടിൽ ഇട്ട് കൊടുക്കാറുണ്ട്…

അമ്മയ്ക്ക് അതൊന്നും പോരാ…എന്റെ കൈയും പിടിച്ചു നാട്ടുകാരുടെ മുന്നിലൂടെ വീമ്പ് പറഞ്ഞു നടക്കണം….

“അപ്പുറത്തെ അമ്മിണിയോടും , സുന്ദരിയോടുമൊക്കെ “എന്റെ മോൻ വന്നൂട്ടോ.ഇനി വീട് പണിയൊക്കെ കഴിഞ്ഞേ തിരിച്ചു പോകൂ”…

എം.ടെക്ക് കഴിഞ്ഞു നാട്ടിലെത്തിയപ്പോൾ എങ്ങനെയെങ്കിലും ആ കാട്ടു മുക്കിൽ നിന്നും രക്ഷപ്പെട്ട് മുന്നോട്ട് പോകണം എന്നൊരു ചിന്ത മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ.

ദുബായിലേക്ക് ഒരു ഓഫർ വന്നപ്പോൾ ഒട്ടും മടിച്ചു നിന്നില്ല… നിറം പിടിച്ച സ്വപ്നങ്ങൾക്ക് പിറകെ കുതിക്കാനുള്ള വെമ്പലിൽ ആയിരുന്നു ഞാൻ….

ജി.കെ.കണ്സ്ട്രക്ഷനിലെ ജോലി എന്റെ ജീവിതം തന്നെ മാറ്റി മറിച്ചു….ഉറക്കമില്ലാത്ത രാത്രികൾ , തലച്ചോറിൽ പുതിയ ഐഡിയകൾ ജനിപ്പിച്ചു…

പക്ഷെ പ്രതീക്ഷിച്ചതിനും അപ്പുറമായിരുന്നു എന്നെ കാത്തിരുന്നത്.

തന്റെ മരണശേഷം , ഈ ബിസിനെസ്സ് ആര് മുന്നോട്ട് കൊണ്ട് പോകും എന്ന ജി.കെ യുടെ ആകുലത ഞാൻ മുതലെടുത്തു എന്ന് പറഞ്ഞാലും തെറ്റില്ല…

“ഗോകുൽ , നീയെന്റെ മകളെ വിവാഹം കഴിക്കുമോ എന്ന അദേഹത്തിന്റെ ഒറ്റ ചോദ്യത്തിൽ എന്റെ തലവര തെളിഞ്ഞു….

സുകന്യ കോടീശ്വരി മാത്രമായിരുന്നില്ല ഒപ്പം സുന്ദരിയും.

ഉള്ളിലെവിടെയോ ഒരു പൊട്ട് പോലെയുണ്ടായിരുന്ന വീണ എന്ന മുറപ്പെണ്ണിന്റെ പ്രണയം എന്റെ സ്വപ്നങ്ങൾക്ക് ചിറക് മുളപ്പിക്കുവാൻ വേണ്ടി ഞാൻ മനപൂർവം മറന്നു….

“മോനേ ഉണ്ണീ , നീയെന്ത് പാപമാണ് ചെയ്യാൻ പോകുന്നത്…വീണക്ക് നിന്നെ ജീവനാണ്…ആ പാവം പിടിച്ച കുട്ടിയുടെ കണ്ണീര് നീയി തറവാട്ടിൽ വീഴ്ത്തല്ലേ”…

അമ്മയുടെ വാക്കുകൾ കേൾക്കാനുള്ള അവസ്‌ഥയിൽ ആയിരുന്നില്ല അപ്പോഴെന്റെ മനസ്സ്..കൊതിച്ചതും ,വിധിച്ചതും എല്ലാം നേടിയെടുക്കാനുള്ള ഒട്ടത്തിലായിരുന്നു ഞാൻ…

പതിനെട്ടു വർഷം പിന്നിട്ടിരിക്കുന്നു….സുകന്യയും ഞങ്ങളുടെ മകൾ ഗായുവും അവരവരുടെ സ്വപ്ന ലോകത്ത് സന്തോഷത്തോടെ കഴിയുന്നു….

പാതി രാത്രി വീട്ടിൽ എത്തിയപ്പോൾ , സുകന്യ പതിവ് പോലെ ഉറക്കത്തിലാണ് ..ഗായൂ ഇത് വരെ എത്തിയിട്ടില്ല…

ടേബിളിൽ നിരത്തിവച്ച ഡിന്നറിനോട് എന്തോ വല്ലാത്ത മടുപ്പ് തോന്നി.ഈയിടെ വിശപ്പ് മാത്രമല്ല ,ഉറക്കവും കുറവാണ്.

ഒരു ഗ്ലാസ് ജ്യൂസും കഴിച്ചു ഞാൻ റൂമിലേക്ക് നടന്നു….

രാത്രി ഏറെ നേരം ഞാൻ ഗായുവിനു വേണ്ടി കാത്തിരുന്നു…അവൾ വന്നില്ല…കാത്തിരിപ്പുകൾ എന്നെയേറെ മടുപ്പിക്കുമെങ്കിലും…ഇതിന് വല്ലാത്തൊരു സുഖമുണ്ടായിരുന്നു…മക്കളോടുള്ള അച്ഛന്റെ ആധി…അത് മാത്രമാണോ…നനഞ്ഞു കുതിർന്നു നാമ്പിടാൻ മോഹിച്ച ഒരു വിത്തിന്റെ ഗദ്ഗദവും ….

ഇടയിലെപ്പോഴോ ഞാൻ ഉറങ്ങിപ്പോയി…

നേരം പുലർന്നിട്ടും , ഗായുവിനെ മാത്രം കണ്ടില്ല…

സുകന്യേ , ഗായൂ ഇത് വരെ
എത്തിയില്ലേ..?

“ഓ , ഇന്നെന്ത് പറ്റി ഗോകുവിന് മോളോട് വല്ലാത്ത സ്നേഹം…?

സുകന്യയുടെ വാക്കുകളിലെ നീരസം ഞാൻ കണ്ടില്ലെന്ന് നടിച്ചു….

“നീ ചോദിച്ചതിന് ഉത്തരം പറയ്…എവിടെ നമ്മുടെ മോള്”.

“അവൾക്ക് അച്ഛന്റെ സ്നേഹം ആവശ്യമുള്ളപ്പോൾ , നിങ്ങൾ പണത്തിന് പിറകെയുള്ള ഓട്ടത്തിൽ ആയിരുന്നു…ഇന്ന് മകളെ കുറിച്ചുള്ള ആധി കേറിയപ്പോൾ , അവൾ അവൾക്ക് തോന്നിയ ഇടത്തും…

“സുകന്യേ , നീ നിന്റെ മോളേ കുറിച്ചാണ് പറയുന്നതെന്ന് ഓർമ്മ വേണം…”

“ആ കരുതൽ ഇല്ലാതെ പോയത് എനിക്കല്ല.. ഗോകുവിനാണ്”…

സുകന്യയുടെ കണ്ണുകൾ.വല്ലാതെ ജ്വലിക്കുന്നുണ്ടായിരുന്നു…നിരായുധനെ പോലെ ഞാൻ അവിടെ നിന്നും തലയും താഴ്ത്തി നടന്നു….

അന്ന് ഉച്ചക്ക് അമ്മ വീണ്ടും വിളിച്ചു….

ദേഷ്യവും , സങ്കടവും ഒക്കെ നിറഞ്ഞ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു ഞാനപ്പോൾ….

“അമ്മയോട് ഞാൻ എത്ര തവണ പറഞ്ഞു…എനിക്ക്.ഇപ്പോൾ നാട്ടിലേക്ക് വരാൻ കഴിയില്ലെന്ന്….”

ഫോൺ അറ്റൻഡ് ചെയ്ത ഉടനെ രോക്ഷം കൊണ്ടു ഞാൻ പറഞ്ഞു….

“എന്താ ഉണ്ണി…എന്ത് പറ്റി നിനക്ക്”…

അമ്മയുടെ സ്നേഹവും , വാത്സല്യവും തുളുമ്പുമുന്ന ശബ്ദം….

തിളച്ചു മറിഞ്ഞ എന്റെ മനസ്സിലെ തീയ് കെടാൻ ആ രണ്ട് വാക്കുകൾ തന്നെ ധാരാളമായിരുന്നു….

“ഒന്നുമില്ലമ്മേ , ഞാനെന്തോ ടെ ൻഷണിൽ…അമ്മക്ക് സുഖമാണോ…”?

ഇന്നെനിക്ക് നല്ല സന്തോഷമുള്ള ദിവസമാണ്…അതുകൊണ്ട് അസുഖങ്ങൾക്കൊക്കെ ഇന്ന് തൽക്കാലം അവധി കൊടുത്തു….

“അതെന്താ , ഇന്നത്തെ ദിവസത്തിന് ഇത്ര പ്രത്യേകത”?

“ചിങ്ങത്തിലെ രേവതി നാൾ… ഇന്നെന്റെ ഉണ്ണിയുടെ പിറന്നാളല്ലേ…മറന്നോ നീ…”

സുകന്യ അവിടെ വല്യ പാർട്ടിയൊക്കെ വച്ചിട്ടുണ്ടാകും അല്ലെ?

“ഞാനും , ആദ്യം ഒരു ചെറിയ സദ്യ ഒരുക്കാമെന്നാണ് കരുതിയെ…പിന്നെ അത് വേണ്ടെന്ന് വച്ചു…”

“രാവിലെ അമ്പലത്തിൽ പോയി വഴിപാടൊക്കെ കഴിപ്പിച്ചു. പിന്നെ ഇവിടെ അടുത്ത് ഒരു ചെറിയ അനാഥാലയം ഉണ്ട്…ഒരു ദിവസത്തെ ഊണിനുള്ള പൈസ അവരെ ഏൽപ്പിച്ചു…വല്യ കഷ്ടത്തിലാണ് അവിടത്തെ അവസ്‌ഥ…”

“അതൊക്കെയല്ലേ ഉണ്ണി നിനക്ക് വേണ്ടി അമ്മ ചെയ്യേണ്ടത്….ആ ഉരുള ചോറുണ്ണുമ്പോൾ , അവരെന്റെ ഉണ്ണിയെ സ്നേഹത്തോടെ ഓർക്കും…”

അമ്മയുടെ വാക്കുകൾ എന്റെ ഹൃദയത്തിൽ എവിടെയോ ഒരു മുറിപ്പാട് ഉണ്ടാക്കി….

“പിന്നെ ഉണ്ണി , ചില കാര്യങ്ങൾ കൂടി നിന്നോട് പറയാനുണ്ട്…”

“എന്താ അമ്മേ…പറയൂ..ഞാൻ കേൾക്കുന്നുണ്ട്…”

“ഞാനീ തറവാട് വീണയുടെ പേരിൽ എഴുതി വയ്ക്കാൻ പോകുകയാണ്…നിനക്ക് എതിർപ്പൊന്നും ഉണ്ടാകില്ലല്ലോ…നീ കൊടുത്ത വേദനക്ക് ഇതൊന്നും പകരമാകില്ല എന്നറിയാം…എങ്കിലും എന്റെ ഒരു സമാധാനത്തിന്…”

“വീണ ഇപ്പോഴും…?

“നീ വലിച്ചെറിഞ്ഞു പോയ ഇടത്ത് തന്നെയാണ് അവൾ ഇപ്പോഴും…എന്നെയും നോക്കി ആ പാവം കാലം കഴിക്കുന്നു”.

“അമ്മേ , ഞാൻ….”

“വേണ്ട ഒന്നും പറയേണ്ട…നാളെയാണ് രജിസ്ട്രേഷൻ..പിന്നെ മറ്റന്നാൾ വീടിന്റെ അറ്റകുറ്റപ്പണി ചെയ്യാൻ കൃഷ്ണേട്ടൻ വരാമെന്ന് പറഞ്ഞു….നിനക്ക് ലീവ് കിട്ടില്ലല്ലോ….”

“ശരി ഉണ്ണീ …അമ്മ പോവ”…

ഇപ്പോൾ എന്തോ വല്ലാത്ത കുറ്റബോധം…തിരിച്ചു കിട്ടിയതിനെക്കാൾ എത്രയോ മടങ്ങാണ് ഞാൻ നഷ്ടപ്പെടുത്തിയത് എന്ന ചിന്ത എന്റെ മനസ്സിനെ മഥി ച്ചു കൊണ്ടിരുന്നു…വല്ലാത്തൊരു കുറ്റബോധം നിഴൽ പോലെ പിന്തുടരുന്നു…

നാട്ടിൽ പോകണം…അമ്മയെ കാണണം…അമ്മയുടെ അഹങ്കാരമായി , ആ കൈയും പിടിച്ചു മറന്നു തുടങ്ങിയ ഇടവഴികളിലൂടെ നടക്കണം…

പിന്നെ എല്ലാം പെട്ടെന്നായിരുന്നു…നാളേക്കുള്ള ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തു…മാനേജർ അശോകിനെ കമ്പനികാര്യങ്ങളെല്ലാം ഏൽപ്പിച്ചു…

സുകന്യയോട് ഈ കാര്യം പറഞ്ഞപ്പോൾ അവളുടെ മുഖത്തു വലിയ തെളിച്ചമൊന്നും ഉണ്ടായില്ല…

“ഗോകു പോയാൽ ഓഫീസിലെ കാര്യങ്ങളോ”?

“അതൊക്കെ അശോക് വേണ്ട പോലെ ചെയ്യും”.

അന്ന് രാത്രി ഞാൻ സുഖമായി ഉറങ്ങി…നാളെ അമ്മയെ കാണമല്ലോ എന്ന സന്തോഷമായിരുന്നു മനസ്സ് നിറയെ….

നാട്ടിലെത്തിയപ്പോൾ , അമ്മയ്ക്ക് എന്തെങ്കിലും വാങ്ങണം എന്നു തോന്നി…ഒരു സെറ്റ് സാരി വാങ്ങാം…അമ്മക്ക് സന്തോഷമാകും….

അമ്മയുടെ ഇഷ്ടങ്ങളറിയാൻ ഇത് വരെ ഞാൻ ശ്രമിച്ചിട്ടില്ല. എങ്കിലും എനിക്ക് ഇഷ്ടമുള്ള ഒരെണ്ണം ഞാൻ എടുത്തു.

പത്ത് വർഷങ്ങൾക്ക് ശേഷം ഞാൻ വീണ്ടും എന്റെ തറവാട്ടിലേക്ക്…ഓർക്കുമ്പോൾ തന്നെ കുളിര് കോരുന്നു…

നാട്ടു വഴികളിലെ ചെമ്പകവും , കോളാമ്പി പൂവുമൊക്കെ എവിടെയോ അപ്രത്യക്ഷമായിരിക്കുന്നു….ഇവിടെയും ഉണ്ട് മാറ്റത്തിന്റെ കാലൊച്ചകൾ….

എന്നെ കണ്ടാൽ അമ്മക്ക് മനസ്സിലാകുമോ…ലേശം കഷണ്ടിയും , നരയുമൊക്കെ തലയിൽ കടന്നു കൂടിയിട്ടുണ്ട്…

ഇനി പത്തു ചുവട് കൂടി നടന്നാൽ തറവാട്ട് മുറ്റമായി…

ഇതെന്താ , വീടിന് മുൻപിലൊരു ആൾകൂട്ടം..ആരൊക്കെയോ ഉറക്കെ കരയുന്നതും കേൾക്കാനുണ്ട്….

എന്തോ പ്രശ്നമുണ്ട്…അമ്മക്ക് എന്തെങ്കിലും വയ്യായ്ക…ഏയ്…അതൊന്നും ആകില്ല….ധൈര്യം സംഭരിച്ചു ഞാൻ മുന്നോട്ട് നടന്നു…

ആദ്യത്തെ പടിയിൽ കാലെടുത്തു വച്ചതും , ഞെട്ടലോടെ ഞാൻ പിന്നോട്ട് മറിഞ്ഞു…

വെട്ടിയിട്ട വാഴയിലയിൽ ചേതനയറ്റു എന്റെ അമ്മ…

തളർന്നു വീഴാൻ തുടങ്ങിയ എന്നെ ആരോ താങ്ങിപ്പിടിച്ചു കസേരയിൽ ഇരുത്തി…

“ഉണ്ണിയേട്ടാ… ചുമലിൽ ഒരു മൃദു സ്പർശം…തിരിഞ്ഞ് നോക്കിയപ്പോൾ , കരഞ്ഞു
കലങ്ങിയ കണ്ണുകളോടെ വീണ….

“വീണേ , നമ്മുടെ അമ്മ പോയി…എന്നെ കാണാൻ കൊതിച്ചു , ഒടുവിൽ ഞാൻ എത്തിയപ്പോൾ കാത്തു നിൽക്കാതെ അമ്മ പോയി…”
പൊട്ടിക്കരഞ്ഞു കൊണ്ട് ഞാൻ ഉറക്കെ പറഞ്ഞു…

“വൈകിപ്പോയി ഉണ്ണിയേട്ടാ….ഒരുപാട് ഒരുപാട്…

“ശരിയാ , വീണേ , ഞാനെന്നും
എവിടെയും വൈകി എത്താൻ മാത്രം വിധിക്കപ്പെട്ട വെറുമൊരു അതിഥിയാണ്”…

“ഉണ്ണീ…ഒടുവിൽ നീ വന്നു ല്ലേ…അമ്മയുടെ സ്നേഹം നിറച്ച ശബ്ദം ആപ്പോഴും എനിക്ക് മാത്രമേ കേൾക്കാൻ കഴിഞ്ഞുള്ളൂ….അവസാനമായി ആ നെറ്റിയിൽ ഇനിയൊരുമ്മ അത് മാത്രമേ ഇനി ചെയ്യാനെനിക്ക് ബാക്കിയുള്ളൂ….

Related Posts

Leave a Reply

Your email address will not be published. Required fields are marked *