അവൾക്ക് പല രഹസ്യങ്ങളും ഉണ്ടെന്ന് കണ്ടപ്പോൾ അത് കണ്ടെത്താൻ ഞാൻ നിരന്തരം ശ്രമിച്ചു. എന്റെ സംശയം ശരിയായിരുന്നു…

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ തെരുവ് കാഥികൻ

മനസ്സ് കൈവിട്ട് പോയപ്പോൾ ആശ്വാസത്തിനായി അലയാൻ തുടങ്ങിയതാണ്. എങ്ങനെയാണ് മനസ്സിന് പരിക്ക് പറ്റിയതെന്ന് ചോദിച്ചാൽ ജീവനോളം സ്നേഹിച്ച ഭാര്യയിൽ നിന്നാണെന്ന് പറയേണ്ടി വരും. അവൾക്ക് പല രഹസ്യങ്ങളും ഉണ്ടെന്ന് കണ്ടപ്പോൾ അത് കണ്ടെത്താൻ ഞാൻ നിരന്തരം ശ്രമിച്ചു. എന്റെ സംശയം ശരിയായിരുന്നു…

ഇത് നിങ്ങളുടേത് അല്ലായെന്നും പറഞ്ഞ് കുഞ്ഞുമായി ഭാര്യ വൈകാതെ പോയി. തലക്ക് ഭ്രാന്ത്‌ പിടിച്ച ഞാനന്ന് തന്നെ ആ നാട് വിടുകയായിരുന്നു….

അലഞ്ഞ് മടുത്തിട്ടാണ് സഞ്ചാരം നിർത്തിയത്. കാണാനും കൊള്ളാനും ഇനി യാതൊന്നും ഇല്ലെന്ന് തോന്നിയപ്പോൾ ശാന്തമായി വിശ്രമിക്കണമെന്ന് തോന്നി. അങ്ങനെയാണ് ദയാദേവിയുള്ള ആശ്രമത്തിലേക്ക് ഞാൻ എത്തിപ്പെടുന്നത്…

വിഗ്രഹാരാധന ഇല്ലാത്ത ആ കാവി പുതച്ച സന്യാസ ലോകത്തിൽ നിന്ന് തലയിൽ വെളിച്ചം വീണുവെന്ന് എനിക്ക് തോന്നി. നടത്തിപ്പുകാരനായ ആനന്ദേശ്വര സ്വാമിയോട് എന്നും ചോദ്യങ്ങൾ ചോദിക്കുന്നയൊരു വിദ്യാർത്ഥി എന്നിൽ ജന്മം കൊണ്ടു. പതിയേ ആ വിദ്യാർത്ഥി നിരാശപ്പെടുകയായിരുന്നു. പ്രപഞ്ചോൽപ്പത്തിയുമായി ബന്ധപ്പെട്ട് കിടക്കുന്ന ചോദ്യങ്ങൾക്കൊന്നും സ്വീകാര്യമായ ഉത്തരങ്ങൾ സ്വാമിയിൽ നിന്നും എനിക്ക് ലഭിച്ചില്ല. എന്നാലും ദയാദേവിയുമായുള്ള സമ്പർക്കം എന്നെ അവിടെ നിലനിർത്തുകയായിരുന്നു.

ആയിടക്കാണ് ദയാദേവിയിൽ നിന്ന് ചോരമരത്തെ കുറിച്ച് ആദ്യമായിട്ട് ഞാൻ അറിയുന്നത്. വർഷത്തിൽ മുക്കാലും പ്രത്യേകതരം ചുകന്ന പൂക്കളുമായി പൂത്ത് നിൽക്കുന്ന ആ മരത്തിന്റെ ചില്ലയിൽ നിന്ന് ചോര ഇറ്റിറ്റ് വീഴും പോലും. അങ്ങനെയൊരു സൃഷ്ട്ടി ഭൂഗോളത്തിൽ ഇല്ലെന്നും പറഞ്ഞ് ഞാൻ എതിർത്തു. വിശ്വസിക്കണമെന്ന് താൻ പറഞ്ഞില്ലല്ലോയെന്ന ചിന്തയിൽ ദയാദേവി ചിരിച്ചു. അന്ന് തൊട്ട് ചോരമരം എന്റെ ഞരമ്പിൽ കലർന്നിരുന്നു…

‘എങ്ങനെയാണ് അത് കാണാൻ സാധിക്കുക..?’ ഞാൻ ചോദിച്ചു.

അരമണിക്കൂർ യാത്ര ചെയ്‌താൽ എത്തുന്ന അടിവാരത്ത് ചാമുണ്ഡിയുടെ ഒരു ക്ഷേത്രമുണ്ട്. ആദിവാസികൾ അടങ്ങുന്ന കാടരുടെ കാളിയാണ് ആ ഈശ്വരിയെന്നും ദയാദേവി പറഞ്ഞു. അവിടെ ചെമ്പുത്താനെന്ന് പേരുള്ള ഒരാളുണ്ട്. അയാളെ കണ്ടാൽ ചോരമരത്തിന്റെ അടുത്തേക്ക് പോകാൻ പറ്റുമെന്നും ദയാദേവി ചേർത്തു. അത്തരമൊരു അത്ഭുതമരം ഉണ്ടെങ്കിൽ കണ്ടിട്ടുതന്നെ കാര്യമെന്ന് അങ്ങനെയാണ് ഞാൻ തീരുമാനിക്കുന്നത്…

ദയാദേവി പറഞ്ഞത് പോലെ ഞാൻ ചെമ്പുത്താനെ കണ്ടു. ഞങ്ങൾ ചോര മരത്തിലേക്ക് ചലിക്കുകയും ചെയ്തു. കാടാണ്. തണുത്ത കാറ്റ് വീശുന്നുണ്ട്. മുന്നോട്ട് വെക്കുന്ന ഓരോ അടിയിലും പ്രകൃതി കുലുങ്ങുന്നത് പോലെ… അപ്രതീക്ഷിതമായാണ് ഒരു വൃദ്ധയുടെ പിൻവിളി ഞങ്ങൾ ആ നേരം കേൾക്കുന്നത്…

‘ഈ വഴിയിലൂടെ പോയാൽ നിങ്ങള് ചാകും… തിരിച്ച് പോകുന്നതാണ് നല്ലത്…’

അങ്ങനെയൊരു കാട്ടിൽ ഇങ്ങനെയൊരു ആളെയോ, ശബ്ദത്തെയോ ഞാൻ പ്രതീക്ഷിച്ചതേയില്ല. കാര്യമാക്കേണ്ടായെന്ന് ചെമ്പുത്താൻ പറഞ്ഞു. ലക്ഷ്യത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ പാകം ഇങ്ങനെ എത്രയോ വിഷയങ്ങൾ മുന്നിൽ തെളിയും പോലും…

ദേഹം ചുളിഞ്ഞ് തുടങ്ങിയ ആ അർദ്ധ നഗ്നയായ വൃദ്ധയേയും മറികടന്ന് ഞങ്ങൾ യാത്ര തുടർന്നു. തിരിഞ്ഞ് നോക്കുമ്പോഴെല്ലാം ജട പിടിച്ച മുടികളുമായി ആ സ്ത്രീ എന്നെ തുറിച്ച് നോക്കുന്നുണ്ടായിരുന്നു..

‘ഈ വഴിക്ക് എന്താ പ്രശ്നം…?’

ചെമ്പുത്താനോട്‌ ഞാൻ ചോദിച്ചതാണ്.

‘സാറ് പോണമെന്ന് പറഞ്ഞ ചോരമരത്തിലേക്കുള്ള വഴികളെല്ലാം പ്രശ്നാണ്…’

നടത്തത്തിനിടയിൽ അയാൾ മറുപടി തന്നു. ഒന്നിനേയും ഭയമില്ലെന്ന അർത്ഥത്തിൽ ഞാൻ പതിയേ ചിരിക്കുകയായിരുന്നു. എന്നാലും ഹൃദയം ആകുലതയിൽ വെപ്രാളപ്പെടുന്നുണ്ടായിരുന്നു. ഇത്തരത്തിലുള്ള ഭയാനകമായ അന്തരീക്ഷം ഞാൻ പ്രതീക്ഷിച്ചതേയില്ല. ആ പിടപ്പ് കണ്ടുപിടിച്ചത് പോലെ ചെമ്പുത്താൻ ഇളിക്കുകയാണ്.

‘ദാ… ആടെയാണ് ചോരമരം…!’

അയാൾ ചൂണ്ടിയ ദൂരത്തേക്ക് ഞാൻ നോക്കി. രണ്ട് ആളിന്റെ ഉയരത്തിൽ പൊങ്ങി നിൽക്കുന്ന മൂന്ന് പാറകളെ മാത്രമേ ഞാൻ അവിടെ കണ്ടുള്ളൂ.. സൂക്ഷിച്ച് നോക്കാൻ ചെമ്പുത്താൻ പറഞ്ഞു. ശരിയാണ്. പാറകളുടെ ഇടയിലൂടെ നിഴൽ പോലെയൊരു മരം കാണാം.

‘നിങ്ങള് വരുന്നില്ലേ…!’ ഞാൻ ചോദിച്ചു.

“ഞങ്ങക്ക് വന്നൂടാ…! അയാൾ പറഞ്ഞു.

കാട്ട് ചാമുണ്ഡിയെ പൂജിക്കുന്ന തങ്ങൾക്ക് ചോരമരത്തിന്റെ അടുത്തേക്ക് വർഷത്തിൽ ഒരിക്കൽ മാത്രമേ പോകാൻ പാടുള്ളൂവെന്നും ചെമ്പുത്താൻ ചേർത്തൂ.. അതും അവരുടെ ചാമുണ്ഡിക്ക് രക്‌താർച്ചന നടത്താനാണത്രേ..

അയാളെ ഞാൻ നിർബന്ധിച്ചില്ല. ലക്ഷ്യത്തിൽ കണ്ണും വെച്ച് ഞാൻ നടന്നു. തിരിഞ്ഞ് നോക്കുമ്പോഴെല്ലാം അങ്കലാപ്പോടെ ചെമ്പുത്താൻ എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഞാൻ ധൈര്യം സംഭരിച്ച് മുന്നോട്ടേക്ക് തന്നെ ചലിച്ചു. ഓരോ കാലടിയിലും കാറ്റിന്റെ വേഗതയും കൂമന്റെ കൂവലും കൂടുന്നു. ഞാൻ നിൽക്കുമ്പോൾ രണ്ടും കുറയുന്നു…

എന്ത് പ്രതിഭാസമാണ് എന്നെ ചേർത്ത് നടക്കുന്നതെന്ന് അറിയാതെ ഞാൻ അതിശയിച്ച് നിന്ന് പോയി. തിരിഞ്ഞ് നോക്കുമ്പോൾ ചെമ്പുത്താനെ കാണുന്നില്ല! മുന്നോട്ട് നോക്കിയപ്പോൾ അയാൾ ചൂണ്ടിയ പാറകളും ചോരമരത്തിന്റെ നിഴൽരൂപവും അപ്രത്യക്ഷമായിരിക്കുന്നു. അമ്പരന്നുകൊണ്ട് ഞാൻ തലയിൽ കൈവെച്ച് പോയി…!

മുന്നോട്ടാണോ പിന്നോട്ടാണോ പോകേണ്ടതെന്ന് അറിയാതെ ആ കാട്ടിൽ പകച്ച് നിന്ന് പോയി..!

‘ചെമ്പുത്താ….!’

ഞാൻ വിളിച്ച് കൂകി. ശബ്ദം നാലായി ചിതറി എന്റെ കാതുകളിൽ തന്നെ വന്ന് വീണു. പണ്ട് എന്റെ കുഞ്ഞുമായി ഭാര്യ പോകുമ്പോൾ ഉടലെടുത്ത ഭ്രാന്ത് തലയിൽ വീണ്ടും പതയുന്നത് പോലെ. ഞാൻ മുന്നോട്ടേക്ക് നടന്നു. ചോരമരം കാണാതെ ആ കാടുവിട്ട് പോകില്ലെന്ന് ശപഥം ചെയ്തു. അത് അറിഞ്ഞത് പോലെ കാറ്റ് വീണ്ടും ആഞ്ഞടിക്കുകയും കൂമൻ വ്യത്യസ്തമായ വിധം കൂവുകയും ചെയ്യുന്നുണ്ടായിരുന്നു. ഞാൻ നിന്നില്ല. വല്ലാത്ത തരം ആവേശത്തോടെ ഞാൻ മുന്നോട്ടേക്ക് തന്നെ ചലിച്ചു.

‘ഈ വഴിയിലൂടെ പോയാൽ നിങ്ങള് ചാകും… തിരിച്ച് പോകുന്നതാണ് നല്ലത്…!’

യാത്രയുടെ തുടക്കത്തിൽ കണ്ട അതേ വൃദ്ധ…! ഞാൻ ഞെട്ടിയില്ല. പകരം അടുത്ത് കണ്ട കരിങ്കiല്ല് എടുത്ത് ആ സ്ത്രീയുടെ തiലയ്ക്ക് അiടിച്ചു. കല്ല് പൊoട്ടി ചോiരവന്നിട്ടും ആ വൃദ്ധയ്ക്ക് യാതൊന്നും സംഭവിച്ചില്ല.

മരത്തിൽ നിന്നും, കല്ലിൽ നിന്നും ചോiര തെറിക്കുന്ന ലോകത്ത് ഞാൻ സ്തംഭിച്ചു. ഇനി അനങ്ങരുതേയെന്ന് പ്രാർത്ഥിച്ചു

‘സാറേ…!’

തൊട്ട് വിളിച്ചത് ചെമ്പുത്താനാണെന്ന് കണ്ടപ്പോൾ ഞാൻ കുഴഞ്ഞ് വീഴുകയായിരുന്നു…

‘ഹലോ…. വേയ്ക്ക് അപ്പ്‌… സ്ലോലി…. വേയ്ക്ക് അപ്പ്‌…’

ഞാൻ കണ്ണുകൾ തുറക്കാൻ ശ്രമിക്കുകയാണ്. ആനന്ദേശ്വര സ്വാമിയുടെ മുഖ സാദൃശ്യത്തോടെ ഒരു ഡോക്റ്റർ എന്റെ മുന്നിൽ തെളിഞ്ഞു. അരികിലായുള്ള നേഴ്സിന് ദയാദേവിയുടെ ഛായയായിരുന്നു. വിട്ടുപോയെന്ന് ധരിച്ച എന്റെ കുഞ്ഞും ഭാര്യയും തൊട്ടടുത്തുണ്ട്. നിരീക്ഷിച്ചപ്പോൾ ഞാനൊരു ആശുപത്രിയിൽ ആണെന്ന് എനിക്ക് മനസ്സിലായി.

‘നൗ യു ആർ പെർഫെക്റ്റ്‌ലി ആൾറൈറ്റ്…’

ഡോക്റ്റർ അങ്ങനെ പറയുമ്പോൾ ഞാൻ ആ വൃദ്ധയേയും ചെമ്പുത്താനേയും തിരയുകയായിരുന്നു…

ചോരമരം കാണാൻ പോയ എനിക്ക് എന്ത് സംഭവിച്ചുവെന്ന് ഓർക്കാൻ കൂടി വയ്യ. ദിവാൻകോട്ട് പോലെയുള്ള ആശുപത്രി കിടക്കയിൽ നിന്ന് പതിയേ എഴുന്നേറ്റ് എന്റെ കുഞ്ഞിനെ മാറോട് ചേർത്ത് ഞാൻ തലയിൽ ചുംബിച്ചു. ക്ഷമിക്കൂവെന്ന് പറഞ്ഞ് ഭാര്യ ആ നേരം എന്നെ പൊതിഞ്ഞു. നിങ്ങളുടെ സംശയം സഹിക്കാൻ പറ്റാതെ ഞാൻ അങ്ങനെ പറഞ്ഞ് പോയതാണെന്ന് മൊഴിഞ്ഞ് കൊണ്ട് ഭാര്യ വിതുമ്പുകയാണ്.

അന്ന്, തലയുടെ സ്ഥിരത തെറ്റി നാടുവിട്ട് പോയ ഞാൻ ആത്മഹത്യക്ക് ശ്രമിച്ച് പോലും… പാളത്തിൽ രണ്ടായി മുറിയാൻ തലവെച്ച് കിടന്ന എന്നെ റെയിൽവേ അധികൃതർ പോലീസിൽ ഏൽപ്പിച്ചതാണ് പോലും…

ഡോക്റ്ററും നേഴ്‌സും പോയപ്പോൾ ചോരമരമെന്ന് ഞാൻ ആവർത്തിച്ച് പറഞ്ഞു. പാതിബോധത്തിൽ കിടന്ന നിങ്ങളോട് ഡോക്റ്റർ പറഞ്ഞ കഥ മാത്രമാണ് അതെന്ന് ഭാര്യയാണ് വ്യക്തമാക്കിയത്. മാസങ്ങളോളം മനോരോഗ കേന്ദ്രത്തിലായിരുന്നു ഞാനെന്ന് അപ്പോഴും എനിക്ക് വിശ്വസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല…

മനസ്സ് കൈവിട്ട് പോയ എന്നോട് എന്തിനാണ് അത്തരമൊരു കഥ പറഞ്ഞതെന്ന് ആശുപത്രിവാസം വിടുമ്പോൾ ഞാൻ ഡോക്റ്ററോട് ചോദിച്ചു. ഇല്ലാത്തത് ഉണ്ടെന്ന് കാട്ടി നിങ്ങളെ ഭയപ്പെടുത്തണമെന്നേ എനിക്ക് ഉണ്ടായിരുന്നുള്ളൂവെന്ന് ഡോക്റ്റർ ചിരിച്ച് കൊണ്ടാണ് പറഞ്ഞത്. ശരിയാണ്.. ഞാൻ ഭയപ്പെട്ട് പോയി..

സംശയത്തിന്റെ മിഥ്യയായിരുന്നു ചോരമരം. ആ യാത്രയിൽ കണ്ടുമുട്ടിയ കാറ്റും കൂമനും ചെമ്പുത്താനും ഉൾപ്പെടെയുള്ള സാങ്കൽപ്പിക പാത്രങ്ങളാണ് എന്നെ അസ്വസ്ഥമാക്കിയത്. അല്ലെങ്കിലും, സംശയരോഗികൾക്ക് എന്നും പരക്കം പായേണ്ടി വരുന്നത് ഭയത്തിന്റെ ഭ്രമലോകത്ത് തന്നെയായിരിക്കും…

വർഷത്തിൽ മുക്കാലും പ്രത്യേകതരം ചുകന്ന പൂക്കളുമായി പൂത്ത് നിൽക്കുന്ന ചോരമരങ്ങളാണ് ഓരോ സംശയരോഗികളും… ജീവിതത്തിന്റെ ചില്ലയിൽ നിന്ന് രക്തം ഇറ്റിറ്റ് വീഴ്ത്താൻ പാകം ബന്ധങ്ങൾ മുറിച്ച് തൂക്കാനല്ലാതെ ഇത്തരം മനുഷ്യർക്ക്‌ മറ്റൊന്നിനേയും കുറിച്ച് യാതൊരു ധാരണയുമുണ്ടാകില്ല. അതിന്റെ തെളിവാണ് ഇല്ലാത്തത് ഉണ്ടെന്ന തലത്തിൽ ജീവനോട് കലഹിച്ച് കൊണ്ട് എന്നിൽ നിന്ന് കൊഴിഞ്ഞ് പോയ ഈ ഭ്രമകാലം…!!!

Leave a Reply

Your email address will not be published. Required fields are marked *