അവൾക്ക് വേണ്ടി നീ വിയർപ്പ് ഒഴുക്കേണ്ട.ഞാൻ ആവശ്യമുള്ളത് ഉണ്ടാക്കി ഇട്ടിട്ടുണ്ട്.എം.ബി.എ നല്ല മാർക്കോടെ പാസ്സ് ആയിട്ടും , നാലു ചുവരുകൾ ക്കുള്ളിൽ അവൾ തളച്ചിട്ട പോലെ ആയല്ലോ….

അണയാത്ത ജ്വാല

എഴുത്ത്:- ഭാവനാ ബാബു

ഓഫീസിന്റെ ഡോർ തുറന്നു ഉള്ളിലേക്ക് കയറിയപ്പോൾ പതിവ് പോലെ ചിരിക്കുന്ന മുഖവുമായി ആൻസി എന്നെ കാത്തു നിൽപ്പുണ്ടായിരുന്നു.

,”ഗുഡ് മോർണിങ് ആന്റിയമ്മേ , “എന്റെ ബാഗിനായി കൈ നീട്ടി അവൾ പറഞ്ഞു.

“ഗുഡ് മോർണിങ് ആൻസി.”

മുറി പതിവ് പോലെ അടുക്കി പെറുക്കി വച്ചിട്ടുണ്ട്.എവിടെയും ഒരു തരിമ്പു പൊടിയോ പേപ്പർ കഷ്ണമോ കാണാൻ ഇല്ല.

“ആന്റിയമ്മേ , ഇന്നൊരു അഡ്മിഷൻ ഉണ്ട്.ആശ മാഡം റെക്കമെന്റ് ചെയ്തതാണ്.”

“എന്താ അവളുടെ പേര്”?

മേശപ്പുറത്ത് അടുക്കി വച്ച ഒരു ഫയൽ അവൾ എന്റെ നേരെ നീട്ടി.
“എല്ലാ ഡീറ്റൈൽസും ഇതിലുണ്ട് ആന്റിയമ്മേ”

ഞാൻ അത് വിശദമായി തന്നെ പരിശോധിച്ചു.”മായ , പതിനെട്ട് വയസ്സ്.പ്രണയാഭ്യർത്ഥന നടത്തി അഞ്ചു പേർ പതിനാല് ദിവസം പീ ഡിപ്പിച്ചു”.

ഈ ജ്വാലയുടെ പടി കടന്നു വരുന്ന ഇരുനൂറാമത്തെ പെണ്കുട്ടി ആണ് ഇവൾ.മൂന്ന് വർഷങ്ങൾക്ക് മുൻപ് ഒരു ന്യൂസ് വായിച്ചു വേദന തോന്നിയാണ് ഞാൻ ഒരു ഇരുപത്തിയഞ്ചുകാരിയെ കാണാൻ പോകുന്നത്.

രണ്ടാനച്ഛൻ ആയിരുന്നു അന്ന് പ്ര തി.ഒറ്റ നോട്ടം മാത്രമേ ഞാനവളെ നോക്കിയുള്ളൂ. അഞ്ചാറ് ചെന്നായ്ക്കൾ ക ടിച്ചു തു പ്പിയ കരിമ്പിൻ ചണ്ടി പോലെ ഒരു കീറ പ്പായിൽ അവൾ തലയും കു മ്പി ട്ടു ഇരിക്കുന്നു.അവളുടെ ചിത്ര മെടുക്കാൻ ഉന്തും തള്ളിമായി മാധ്യമ വിചാരണക്കാർ ഒരു ഭാഗത്ത് . പെണ്ണായി പിറന്നതിൽ എനിക്ക് എന്നോട് പോലും അവജ്ഞ തോന്നിയ നിമിഷം.

പിന്നീടുള്ള കുറച്ചു ദിവസങ്ങൾ അവളുടെ മുഖം എന്റെ മനസ്സിനെ വേട്ടയാടി കൊണ്ടിരുന്നു.ഫാസ്റ്റ് ട്രാക്ക് കോടതിയിൽ വിചാരണ തുടർന്നു. പ്രതികളിൽ ചിലർ ഉന്നത ബന്ധം ഉള്ളവർ ആയിരുന്നതിനാൽ ,പുഷ്പം പോലെ അവർ ആ വിധിയിൽ നിരപരാധികൾ ആയി.അവൾ സമൂഹത്തിന്റെ കണ്ണിൽ പി ഴച്ചവളും.

അന്ന് ആ കോടതി വരാന്തയിൽ നൊന്തു പിടഞ്ഞ മനസ്സുമായി ഞാനും ഉണ്ടായിരുന്നു.ഒരു ഭ്രാന്തിയെ പോലെ നടന്നു പോകുന്ന അവളുടെ ചിത്രം എന്റെ മനസ്സിനെ ഉലച്ചു.തൊട്ടടുത്ത നിമിഷം തോന്നിയ ഒരു ആവേശത്തിൽ ഞാൻ അവളെ കാറിലേക്ക് വലിച്ചിട്ടു എന്റെ വീട്ടിലേക്ക് കൊണ്ടു പോയി.

ആറു മാസം ചികിത്സയും , കൗണ്സിലിംഗും നടത്തി അവളെ തിരികെ ജീവിതത്തിലേക്ക് കൊണ്ട് വന്നു.അവളാണ് ഇന്നെന്റെ താങ്ങും തണലുമായ ആൻസി.

ആന്സിയുടെ വരവ് അറിഞ്ഞു സമൂഹത്തിലെ മാന്യന്മാർ എന്റെ വീട് വളഞ്ഞു.മകൾ ആയ സോഫിയ്ക്കും ആൻസിയെ അവിടെ നിർത്തുന്നതിൽ നീരസം ഉണ്ടായിരുന്നു.എട്ട് മാസം കൂടി കഴിഞ്ഞാൽ അവളുടെ മിന്നുകെട്ടാണ്.ഇത് കാരണം അവളുടെ മിന്നുകെട്ട് മുടങ്ങുമോ എന്ന പേടിയായിരുന്നു അവൾക്ക്.

എന്നിട്ടും തോൽക്കാൻ എനിക്ക് മനസ്സുണ്ടായില്ല.മരിക്കുന്നതിന് കുറച്ചു നാൾ മുൻപ് ഇച്ഛായൻ എന്റെ പേർക്ക് വാങ്ങിയ ഇരു നില കെട്ടിടത്തിനെ കുറിച്ചു അപ്പോഴാണ് ഞാൻ ഓർത്തത്.സിറ്റിയോട് ചേർന്നായിരുന്നു ആ വീട്.

പീ ഡനത്തിന് ഇരയായ പെണ്കുട്ടികള്ക്ക് ഒരു പുനരധിവാസം എന്ന നിലയിലാണ് ഞാൻ ആ വീടിനു രജിസ്‌ട്രേഷൻ എടുത്തത്.”ജ്വാല”എന്ന പേരും നൽകി.

തയ്യലും , ഫാഷൻ ഡിസൈനിങ്ങും പഠിപ്പിച്ചു അവര്ക് ഒരു ചെറിയ യൂണിറ്റ് തുടങ്ങി കൊടുക്കും.ചിലരെ ഒക്കെ വിവാഹം കഴിപ്പിച്ചയച്ചു..ആൻസി ഉള്ളത് കൊണ്ട് എല്ലാം ഭംഗിയായി നടക്കുന്നു.

“ആന്റിയമ്മേ , ഇതാണ് മായ ” ആൻസിയുടെ ശബ്ദം കേട്ട് ഞാൻ തല ഉയർത്തി നോക്കി.

വെളുത്ത് മെലിഞ്ഞു കാണാൻ തരക്കേടില്ലാത്ത ഒരു കുട്ടി.

“മായ എതു വരെ പഠിച്ചിട്ടുണ്ട്”?

പ്ലസ് ടൂ പാസ്സ് ആയി.നിസ്സംഗ ഭാവത്തോടെ അവൾ പറഞ്ഞു.

“മായയുടെ ജീവിതത്തിൽ സംഭവിച്ചതൊക്കെ ഒരു ദുസ്വപ്നം പോലെ മറന്നു കളയുക.ഇവിടെ നിന്നാൽ കുട്ടിക്ക് ഭാവിയെ കുറിച്ചു ആശങ്കപ്പെടേണ്ടി വരില്ല”

സ്നേഹത്തോടെ ഞാൻ അവളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു.

“മാഡം , പ്രിൻസ് എന്നെ ച തിച്ചതല്ല. അവന്റെ കൂട്ടുകാരന്മാർ ആണ് എല്ലാം ചെയ്തത്.എനിക്ക് അവന്റെയൊപ്പം ജീ വിക്കണം”.തൊഴുകൈയോടെ അവൾ വാവിട്ട് നിലവിളിക്കാൻ തുടങ്ങി.

കൂ ട്ടികൊ ടുപ്പുകാരനായ കാമുകനെ ന്യായീകരിക്കാൻ ശ്രമിക്കുകയാണ് അവൾ.ചില പെണ്ണുങ്ങൾ ഇങ്ങനെയാണ്.എത്ര കിട്ടിയാലും പഠിക്കില്ല.

“ആൻസി , ഇവൾക്ക് നമ്മുടെ വർക്ക്ക്ഷോപ്പ് കാണിച്ചു കൊടുക്കൂ”.

വേണ്ട എനിക്ക് അറിയാം പോകാൻ , ആന്സിയുടെ കൈ തട്ടി മാറ്റി അവൾ നടക്കാൻ തുടങ്ങി.

“മായ ഇവിടെ അധികനാൾ ഉണ്ടാകില്ല ആൻസി”….വിഷമത്തോടെ ഞാൻ പറഞ്ഞു.

“എനിക്കത് നേരത്തേ തന്നെ മനസ്സിലായി ആന്റിയമ്മേ.”

“എന്തായാലും കൗൻസ്‌ലിംഗ് കൊടുത്തു നോക്കാം. അവളെ തിരിച്ചു കൊണ്ട് വരണം ആൻസി”

“മാറ്റന്നാളേക്ക് ഞാൻ ഡോക്ടറുടെ അപ്പോയിന്റിമെന്റ് എടുത്തിട്ടുണ്ട്”.

“ഗുഡ് “.

“ആന്റിയമ്മേ , എനിക്ക് മറ്റൊരു കാര്യം കൂടി പറയാനുണ്ട്.മടിച്ചു മടിച്ചാണ് അവൾ അത് പറഞ്ഞത്.

“എന്താണ് പറയൂ… , “

“ഇന്നലെ മെൽവിൻ കുറച്ചു ഫ്രണ്ട്സുമായി ഇവിടെ വന്നിരുന്നു.ഇവിടെ മുഴുവൻ ചുറ്റിത്തിരിഞ്ഞാണ് അവൻ പോയത്

“അവനോട് ഞാൻ പറഞ്ഞിട്ടുള്ളതാണ് ഈ ജ്വാലയുടെ പടി കടക്കരുതെന്ന്.ആ സമയം ഞാൻ എവിടെ ആയിരുന്നു.”?

“ആശ മാഡത്തിന്റെ സെമിനാറിൽ പങ്കെടുക്കാൻ പോയപ്പോൾ”.

മകൾ സോഫിയയുടെ ഭർത്താവ് ആണ് മെൽവിൻ.സോഫ്റ്റ് വെയർ എഞ്ജിനീർ ആയ അവനു ഇവിടെ എന്താണ് കാര്യം?

അന്ന് രാത്രി വീട്ടിലെത്തിയപ്പോൾ ഏകദേശം ഏഴ് മണിയായി.ഞാൻ താഴത്തെ നിലയിലും , സോഫിയും മേൽവിനും മുകളിലത്തെ നിലയിലും ആണ് താമസം.

മേൽവിന്റെ ശബ്ദം ഉയർന്നു കേൾക്കുന്നുണ്ട്.രണ്ടും കൂടി വഴക്ക് ഇടുകയാണ്. മെൽവിൻ ഇന്ന് ഓഫീസിൽ വന്നതിന്റെ കാരണം എനിക്ക് അറിയണമെന്ന് തോന്നി.ഞാൻ സോഫിയെ വിളിക്കാനായി ബെഡ് റൂമിലെ കോളിംഗ് ബെല്ലിൽ വിരൽ അമർത്തി.

മേൽവിനും , സോഫിയും താഴേക്ക് വന്നു. മെൽവിന്റെ മുഖം ആകെ ദേഷ്യം കൊണ്ട് ഇടുങ്ങിയിട്ടുണ്ട്.

“എന്താണ് രണ്ടും കൂടി രാത്രി മനുഷ്യർക്ക് സ്വൈര്യം തരില്ലേ”,? ദേഷ്യത്തോടെ ഞാൻ അവരോട് ചോദിച്ചു.

അപ്പോഴാണ് സോഫീ കാര്യങ്ങൾ വിശദീകരിക്കുന്നത്.

മെൽവിനു ബിസിനസ് തുടങ്ങാൻ ജ്വാലയുടെ ഓഫീസ് വേണം.

“ജ്വാല മനസ്സിൽ കണ്ട് നീ ഒരു പ്ലാനും ഉണ്ടാക്കേണ്ട മെൽവിനെ “. .ശാസനാ രൂപത്തിൽ ഞാൻ അവനോട് പറഞ്ഞു.

“കുറേ വേ ശ്യകൾക്ക് വേണ്ടി അങ്ങനെയൊരു വീട് എന്തിനാണ് മമ്മി.”?
മെൽവിന്റെ പരിഹാസം എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

“അവരാരും എന്റെ കണ്ണിൽ വേ ശ്യകളല്ല.ച തിയിലൂടെയും , വ ഞ്ചനയിലൂടെയും അവിടെ എത്തപ്പെട്ടവർ മാത്രം.”

“ഈ ബിസിനസ് നിങ്ങളുടെ മോൾക്ക് സുഖിച്ചു കഴിയാൻ വേണ്ടിയല്ലേ.”?

അവന്റെ സംസാരം പെട്ടെന്നാണ് മാറിയത്.

“അവൾക്ക് വേണ്ടി നീ വിയർപ്പ് ഒഴുക്കേണ്ട.ഞാൻ ആവശ്യമുള്ളത് ഉണ്ടാക്കി ഇട്ടിട്ടുണ്ട്.എം.ബി.എ നല്ല മാർക്കോടെ പാസ്സ് ആയിട്ടും , നാലു ചുവരുകൾ ക്കുള്ളിൽ അവൾ തളച്ചിട്ട പോലെ ആയല്ലോ എന്നോർക്കുമ്പോൾ മാത്രമാണ് ഒരു സങ്കടം.

“നിങ്ങൾ അതും കെട്ടിപ്പിടിച്ചു ഇരുന്നോ.ചാകുമ്പോൾ മുകളിലേക്ക് കൊണ്ടു പോകാം”.

മെൽവിൻ ദേഷ്യത്തോടെ പടികൾ കേറി പോയി.

സോഫി എന്റെ അടുത്തേക്ക് വന്നു.എന്നെ കെട്ടിപ്പിടിച്ചു.

“മമ്മി , യൂ ആർ ഗ്രെറ്റ്.ഇതിന്റെ പത്തിലൊന്ന് ധൈര്യം എനിക്ക് ഇല്ലാതെ പോയല്ലോ.ഒരു കുഞ്ഞിനെ പ്രസവിക്കാൻ പോലും മെൽവിൻ എന്നെ അനുവദിക്കുന്നില്ല”.

“സോഫി , നീ ഇത്ര തൊട്ടാവാടി ആകരുത്. ജ്വാലയിൽ ഇന്നും നിനക്കൊരു വേക്കൻസി ഉണ്ട്.ഇഷ്ടമുള്ള സാലറിയും നിനക്ക് എഴുതി എടുക്കാം”

“ജോലിക്ക് പോയാൽ മെൽവിൻ എന്നെ ഡിവോഴ്സ് ചെയ്യും മമ്മീ.”

ഒരു നല്ല ഭാര്യ ഭർത്താവിനെ അനുസരിക്കുന്നവൾ മാത്രമല്ല നല്ല വഴിയിലേക്ക് നയിക്കുന്നവർ കൂടിയാണ്.സ്നേഹം ഉണ്ടെങ്കിൽ അവൻ നിന്റെയൊപ്പം നിൽക്കും.നാളത്തെ ദിവസം നല്ലൊരു തുടക്കമാകട്ടെ.

“അത് വേണോ മമ്മി…?”

“വേണം മോളേ…എന്റെ കാല ശേഷവും എന്റെ സ്വപ്നമായ ജ്വാല തുടരണം.ആ കുട്ടികളുടെ പ്രാർത്ഥനയിൽ എന്നും ഈ കുടുംബം ഉണ്ടാകും”.

എന്റെ വാക്കുകൾ അവളിൽ ഒരു ഊർജം പകർന്നതു പോലെ.തിരികെ പടികൾ കയറുമ്പോൾ അവളെന്നെ നോക്കി പുഞ്ചിരിച്ചു.

“നാളെ മമ്മിയോടൊപ്പം ഞാനും ഉണ്ടാകും.ഷുവർ.”

അന്ന് ഞാൻ ശാന്തമായി ഉറങ്ങി.നല്ലൊരു പ്രഭാതവും സ്വപ്നം കണ്ട്…. ജ്വാലക്ക് ശക്തി പകരുവാൻ എന്റെയൊപ്പം വരുന്ന സോഫിയയുടെ മുഖമായിരുന്നു അപ്പോഴെന്റെ മനസ്സ് നിറയെ.

കുറച്ചു ദിവസങ്ങൾക്ക് ശേഷം പതിവ് പോലെ ജ്വാലയുടെ ഓഫീസ്….

“ഗുഡ് മോർണിങ് മാഡം.പുഞ്ചിരിയോടെ ആൻസി ബാഗിനായി കൈ നീട്ടി.

“ഗുഡ് മോർണിങ് ആൻസി”

“ഞാൻ നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ട് , മമ്മിയെ പോലെ എന്നെ കാണരുതെന്ന്.”

“സോറി സോഫി….ഇപ്പോൾ നിന്നെ കണ്ടാൽ ശരിക്കും ആന്റിയമ്മയെ പോലെയുണ്ട്”.

“മമ്മി എനിക്കിന്നും ഒരു വേദനയാണ് ആൻസീ , അന്ന് ഉറങ്ങാൻ കിടന്ന മമ്മി പിന്നെ ഉണർന്നില്ല.അവസാന ആഗ്രഹം പോലെ ഞാൻ ഈ ജ്വാലയുടെ ചുമതലയും ഏറ്റെടുത്തു.പക്ഷെ ഒരിക്കലും മമ്മിയെപോലെ എനിക്ക് അകാൻ കഴിയില്ല.വല്ലാത്തൊരു കുറ്റബോധം ഓരോ നിമിഷവുംഎന്നെ വേട്ടയാടുന്നുണ്ട്”

“സോഫി , നീ വിഷമിക്കരുത്…ആന്റിയമ്മയുടെ ആത്മാവ് ഇവിടെതന്നെയുണ്ട്.ഈ ജ്വാലയുടെ നാലു ചുവരുകളിൽ…മേശപ്പുറത്തെ ഫോട്ടോയ്ക്ക് മുന്നിൽ മെഴുകുതിരി തെളിയിച്ചു , ആൻസി ഒരു നിമിഷം പ്രാർത്ഥിച്ചു….തൊട്ടടുത്തായി നിഴലു പോലെ സോഫിയും…

ചെമ്പകം.

Leave a Reply

Your email address will not be published. Required fields are marked *