അവൾ ഫോൺ എടുത്തു, അകത്തേക്കു കയറി വരാനും പറഞ്ഞു….ഞാൻ പതുങ്ങി ആരും കാണാതെ അകത്തേക്ക് കയറി….

ദാമ്പത്യം

A story by അരുൺ നായർ

കുറച്ചു നാളത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും എഴുതി തുടങ്ങുന്നു

“” എന്നെയൊന്നു ചേർത്തു പിടിച്ചിട്ടെങ്കിലും പൊയ്ക്കൂടേ കണ്ണേട്ടാ, മൂന്നു മാസം ആയില്ലേ ഞാൻ ഏട്ടന്റെ ജീവിതത്തിലേക്ക് കടന്നു വന്നിട്ട്, എന്നിട്ട് ഇതുവരെയും എന്നെയൊന്നു ഭാര്യ എന്ന നിലയിൽ പരിഗണിക്കാൻ എന്താണ് കണ്ണേട്ടന് തോന്നാത്തത്…… “”

പതിവില്ലാതെ രശ്മി എന്റെ തോളിൽ പിടിച്ചു കൊണ്ടു ഞാൻ പുറത്തേക്കു പോകാൻ ഇറങ്ങിയപ്പോൾ ചോദിച്ചു…

ദൈവമേ ഇവൾ ഇനി എന്തെങ്കിലും അറിഞ്ഞിട്ടു ആകുമോ ഈ ചോദ്യം ഒക്കെ….ഞാൻ കണ്ടു അവളുടെ കണ്ണുകളിൽ നിന്നും എന്നോടുള്ള സ്നേഹം കണ്ണുനീരിന്റെ രൂപത്തിൽ ഒഴുകി ഇറങ്ങുന്നത് ….ഞാനവളെ ശരിക്കുമോന്നു നോക്കി, സൗന്ദര്യത്തിന്റെ കാര്യത്തിൽ ഇവൾ ആർക്കും പുറകിൽ അല്ല പക്ഷെ എന്റെ പ്രണയിനി ഗോപികയെ മറക്കാൻ എനിക്കു സാധിക്കുന്നില്ല എന്നുള്ളതാണ് സത്യം, ഞങ്ങളുടെ രണ്ടുപേരുടെയും വിവാഹം കഴിഞ്ഞു എങ്കിലും ഇപ്പോളും രണ്ടു പേരും തമ്മിലുള്ള ബന്ധത്തിന് യാതൊരു കുറവുമില്ല…… രശ്മി എന്റെ അമ്മാവന്റെ മകളാണ് അമ്മാവന് പൈസ ഉള്ളതുകൊണ്ട് അമ്മാവൻ ഇങ്ങനെ ഒരു ആഗ്രഹം പറഞ്ഞപ്പോൾ എന്നോട് ഒന്നു ആലോചിക്കുക പോലും ചെയ്യാതെ വീട്ടുകാർ സമ്മതിച്ചതാണ് ഈ വിവാഹം, എന്തായാലും ഞാൻ ഇട്ടിട്ട് പോയാലും അവൾക്കു വേറെ കല്യാണം കഴിക്കുന്നതുകൊണ്ട് കുഴപ്പമില്ല, ഒന്നു തൊട്ടു അശുദ്ധി പോലും ആക്കിയിട്ടില്ല ഞാൻ….. ഇതെല്ലാം മനസ്സിലോർത്തു കൊണ്ടു ഞാൻ അവളോട്‌ പറഞ്ഞു…

“”രശ്മി ഇത്രയും കാത്തു നിന്നില്ലേ ഇനി ഒരു ദിവസത്തേക്ക് കൂടി നീ ക്ഷമിക്കു…ഇന്ന് നിനക്ക് ഞാനൊരു സർപ്രൈസ് തന്നിരിക്കും…. “”

ഇല്ലാത്ത സ്നേഹം മുഖത്തു കാണിച്ചുകൊണ്ട് ഞാൻ അവളോട്‌ യാത്ര പറഞ്ഞു ഇറങ്ങി, എനിക്കു ആകെ ഒരു ചിന്തയെ ഉണ്ടായിരുന്നുള്ളു എങ്ങനെയും ഗോപികയുമായി ഈ നാട് വിടണം അതിനു മുൻപ് സ്ത്രീകൾക്കായി സംഘടുപ്പിച്ചിരിക്കുന്ന ശാക്തീകരണ ക്ലാസ്സിൽ ക്ലാസ്സ്‌ എടുക്കുകയും വേണം….

ഞാൻ വണ്ടിയുമെടുത്തു സ്ത്രീകൾക്കായി മുനിസിപ്പാലിറ്റി സംഘടിപ്പിച്ച പരുപാടി നടക്കുന്ന സ്ഥലത്ത് എത്തി…. അവിടെ എന്നെ കാത്തു കുറെ അധികം സ്ത്രീകളും അവരുടെ ഭർത്താൻക്കന്മാരും അതുപോലെ സംഘാടകരും ഉണ്ടായിരുന്നു…. വളരെ മനോഹരമായി സംസാരിക്കാൻ അറിയാവുന്നതുകൊണ്ട് തന്നെ പെട്ടന്ന് തന്നെ ഞാൻ സദസിനെ കയ്യിലെടുത്തു…. എല്ലാവരോടും ദാമ്പത്യ ബന്ധത്തോടു നമ്മൾ പുലർത്തേണ്ട കൂറിനെ കുറിച്ചും അതുപോലെ സ്ത്രീകളുടെ ശക്തിയെ കുറിച്ചും വാതോരാതെ സംസാരിച്ചു കൊണ്ടു ഞാൻ അവിടെ കൂടിയിരുന്ന എല്ലാവരുടെയും പ്രിയങ്കരനായി…. അവസാനമായി ഞാൻ ഒരു സ്ത്രീ തന്റെ ഭർത്താവിന് വേണ്ടി ഏതറ്റയും പോകുമെന്ന് പറഞ്ഞു നിർത്തിയപ്പോൾ സദസിൽ നിർത്താതെ കയ്യടിക്കുയായിരുന്നു… പരുപാടി കഴിഞ്ഞപ്പോൾ എല്ലാവരും വന്നു എന്റെ അടുത്തു നിൽക്കുവാനും കൂടുതൽ അറിയുവാനും ശ്രമിച്ചു, ഞാൻ എല്ലാവരോടും എനിക്കു മനസ്സിൽ ഗോപികയുമായുള്ള മധുരമുള്ള ദാമ്പത്യം പങ്കുവെച്ചു….

അതിനു ശേഷം ഞാൻ ഫോൺ എടുത്തു ഗോപികയെ വിളിച്ചു…. അവൾ ഫോൺ എടുക്കുന്നില്ലായിരുന്നു….ഇന്ന് തന്നെ ഇവിടുന്നു പോകണം എന്നു അവളോട്‌ നേരത്തെ പറഞ്ഞിരുന്നു എന്നിട്ടും അവൾ ഫോൺ എടുക്കാത്തതിൽ എനിക്ക് അവളോട്‌ ദേഷ്യം തോന്നി…. പോട്ടെ കുളിക്കുക വല്ലതും ആയിരിക്കും എന്നു വിചാരിച്ചു അവളോട്‌ മനസ്സിൽ ക്ഷമിക്കാൻ ഞാൻ തയ്യാറായി അന്നേരമാണ് രശ്മിയുടെ വിളി വന്നത് ചോറുണ്ടോ ചോദിച്ചു, ഇല്ല കഴിക്കാൻ പോകുകയാണ് എന്നു ഒരു ഒഴുക്കൻ മറുപടി പറഞ്ഞു കൊണ്ടു ഞാൻ ആ കാൾ കട്ട്‌ ആക്കി….

കുറെ അധികം തവണ അവളെ വിളിച്ചിട്ടും എടുക്കാത്തത്കൊണ്ട് ഞാൻ അവളുടെ വീട്ടിലേക്ക്‌ പോകാൻ തീരുമാനിച്ചു, ഇനിയും ഇവിടെ നിന്നു സമയം കളഞ്ഞാൽ ഇന്ന് പ്ലാൻ ചെയ്ത കാര്യങ്ങൾ എല്ലാം അവതാളത്തിൽ ആകും….പിന്നെ ഒട്ടും താമസിക്കാതെ ഞാൻ വണ്ടിയുമെടുത്തു അവളുടെ വീട്ടിലേക്കു ചെന്നു…. അവളുടെ ഭർത്താവ് എന്തായാലും ജോലിക്ക് പോയേക്കുകയായിരിക്കും…. വീടിന്റെ വെളിയിൽ എത്തിയിട്ട് വിളിച്ചപ്പോൾ അവൾ ഫോൺ എടുത്തു, അകത്തേക്കു കയറി വരാനും പറഞ്ഞു…. ഞാൻ പതുങ്ങി ആരും കാണാതെ അകത്തേക്ക് കയറി…. എന്റെ മനസ്സിൽ ആ സമയം സന്തോഷ കൊടുങ്കാറ്റ് വീശി അടിക്കുക ആയിരുന്നു….

വീടിന്റെ അകത്തേക്ക് കയറിയതും കണ്ട കാഴ്ച എന്നെ ഞെട്ടിച്ചു കളഞ്ഞു, ഗോപിക അനങ്ങാൻ വയ്യാതെ കട്ടിലിൽ കിടക്കുന്നു…എനിക്കു ആ കിടപ്പ്

കണ്ടപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി, ഒരു നിമിഷം പോലും പാഴാക്കാതെ ഞാൻ ഓടി അവളുടെ അടുത്തേക്ക്‌ ചെന്നു….

“”എന്ത് പറ്റി ഗോപു….. എനിക്കു വയ്യ നിന്റെ ഈ കിടപ്പു കാണാൻ “”അതും പറഞ്ഞു കണ്ണ് പൊത്തി പോയി ഞാൻ….

“”ഒന്നുമില്ല കണ്ണേട്ടാ, ഒന്നു വീണതാണ് ഡിസ്ക് തെറ്റി പോയി, ഇനി ആറു മാസം ബെഡ് റെസ്റ് ആണ്…. കണ്ണേട്ടൻ ഇതൊന്നും ഓർത്തു വിഷമിക്കേണ്ട… “”

“” എങ്ങനെ വിഷമം വരാതെയിരിക്കും, നിന്നെ മാത്രം ഓർത്തല്ലേ ഞാൻ ജീവിക്കുന്നത്… നിനക്കൊന്നു എഴുന്നേൽക്കാമായിരുന്നു എങ്കിൽ നിന്നെയും കൊണ്ട് ഞാൻ ഇവിടുന്നു പോയേനെ ഇപ്പോൾ… “”

അതും പറഞ്ഞു ഞാൻ അവളുടെ തലയിൽ സ്നേഹത്തോടെ ഒന്നു തലോടി…..പെട്ടെന്നാണ് പുറകിൽ ഒരു സൗണ്ട് കേട്ടത് തിരിഞ്ഞു നോക്കിയതും ഞാൻ ഞെട്ടി പോയി, ഗോപികയുടെ ഭർത്താവ്…. എന്ത് ചെയ്യണം അറിയാതെ അവിടെ നിന്ന എന്നോട് അദ്ദേഹം പറഞ്ഞു…

“”കണ്ണൻ ഇരിക്ക്, ഇതെന്താണ് വന്നിട്ട് അങ്ങനെ തന്നെ നിൽക്കുന്നത്, കുടിക്കാൻ എന്തെങ്കിലും എടുക്കണം എന്നുണ്ട് പക്ഷെ എല്ലാം ഞാൻ തന്നെ വേണം ചെയ്യാൻ “”

എന്ത് തിരിച്ചു പറയണം അറിയാതെ അവിടെ ഇരുന്ന എന്നെ നോക്കി കൊണ്ടു അയാൾ തുടരുന്നു…”” കണ്ണാ ധൃതി ഒന്നും ഇല്ലല്ലോ, പോകാൻ…. ഞാൻ ഇവൾക്ക് ഈ ആഹാരം ഒന്നു കൊടുത്തോട്ടെ,””

അതും പറഞ്ഞു അദ്ദേഹം അവൾക്കു ആഹാരം നൽകി, ഇടയ്ക്കു എന്നെയും അവളെയും നോക്കി ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു…. ആഹാരം കൊടുത്തതിനു ശേഷം അയാൾ എന്റെ നേരെ വന്നു… എനിക്കു എന്ത് പറയണം ചെയ്യണം അറിയില്ലായിരുന്നു….

“”കണ്ണാ ഇത് എന്റെ ഭാര്യ ആണ്, ഞാൻ താലി കെട്ടി കൂടെ കൂട്ടിയ ഭാര്യ, അവളെ നോക്കാൻ എനിക്കു അറിയാം… കണ്ണാ, കണ്ണൻ ഒരുകാര്യം മനസിലാക്കണം ഭാര്യക്ക് തെറ്റ് പറ്റി എന്നും പറഞ്ഞു വലിച്ചെറിയുന്ന ആണുങ്ങളയേ ചിലപ്പോൾ കണ്ണൻ കണ്ടിട്ട് ഉണ്ടാവു പക്ഷെ എനിക്ക് ഉറപ്പു ഉണ്ട് കണ്ണാ, ആ തെറ്റ് ക്ഷമിച്ചു സ്നേഹം നൽകി കൂടെ നിർത്തിയാൽ അവൾ ഇനി ഈ ലോകത്ത് എന്തിനെ കഴിഞ്ഞും കൂടുതൽ അവനെ സ്നേഹിക്കും… ആ ഒരു അവസരം ഞാൻ എന്റെ ഭാര്യക്ക് കൊടുക്കുകയാണ്…. ഒരു കാര്യം കണ്ണൻ മനസിലാക്കിക്കോ, എന്റെ ഗോപികക്ക് ഒരു വീഴ്ച വേണ്ടി വന്നു അവളുടെ തെറ്റുകൾ ഏറ്റു പറയാൻ ആ ഒരു ഗതികേട് വരും മുൻപ് കണ്ണൻ ഭാര്യയോട് ഒന്നിക്കണം…. അല്ലാതെ വല്ലവന്റെയും ഭാര്യയുടെ പുറകെ നടക്കുന്നത് ആണുങ്ങൾക്ക് ചേർന്ന പരുപാടി അല്ല…. “”

ഞാൻ കസേരയിൽ നിന്നും എഴുന്നേറ്റു, ഒരിക്കൽ കൂടി ഗോപികയെ നോക്കിയപ്പോൾ എനിക്ക് മനസ്സിലായി സ്നേഹം കൊടുത്തു ആ മനുഷ്യൻ അവളെ മാറ്റിയെടുത്തു എന്നു… ഒന്നും മിണ്ടാൻ ആവാതെ ഞാൻ അവിടുന്ന് ഇറങ്ങാൻ തുടങ്ങിയപ്പോൾ ഒരു പിൻവിളി എന്നെ കാത്തു വന്നു…. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ഞാൻ താലി കെട്ടിയ എന്റെ രശ്മി അവിടെ നിൽക്കുന്നു…. ഒന്നു അമ്പരന്നുകൊണ്ട് ഞാൻ അവളെ തന്നെ നോക്കി നിന്നു….പെട്ടന്ന് ഗോപിക പറഞ്ഞു….

””കണ്ണേട്ടൻ അമ്പരക്കണ്ട, ഞാൻ ആണ് രശ്മിയെ കാണാനും ഒന്നു മാപ്പ് പറയാനും ഇങ്ങോട്ട് വരാനും പറഞ്ഞത്…. ഒരുപക്ഷെ രശ്മിയോട് ഞാൻ ചെയ്ത തെറ്റുകൾക്കുള്ള ഫലം ആകും എന്റെ ഈ കിടപ്പു…. ഇനി എങ്കിലും എനിക്കു ആ തെറ്റ് തിരുത്തണം കണ്ണേട്ടാ, എന്റെ മുൻപിൽ വെച്ചു തന്നെ നിങ്ങൾ രണ്ടു പേരും മനസ്സുകൊണ്ട് ഒന്നാവണം…. ഇത് എന്റെ ഒരു ആഗ്രഹമാണ്…. “”

ഞാൻ രശ്മിയെ തന്നെ നോക്കി, എന്ത് പറയണമെന്ന് സത്യത്തിൽ എനിക്ക് അറിയില്ലായിരുന്നു….

എന്നോട് ക്ഷമിക്കു രശ്മി എന്നു ഞാൻ പറഞ്ഞു പൂർത്തിയാക്കും മുൻപ് തന്നെ അവൾ എന്റെ നെഞ്ചത്തൊരു നുള്ളും തന്നു എന്റെ നെഞ്ചിൽ കെട്ടി പിടിച്ചു എന്നോട് ചേർന്നു നിന്നു ….. അവളുടെ ആ നിൽപ്പിൽ തന്നെ എന്റെ ഭാര്യക്ക് എന്നോടുള്ള സ്നേഹം മുഴുവൻ ഞാൻ അറിയുക ആയിരുന്നു അതുപോലെ ആത്മാർത്ഥ ഉള്ള ഭാര്യ കൂടെ ഉള്ളവന്റെ സന്തോഷവും അറിഞ്ഞു…..

ഇനി ഒരിക്കലും ആ കണ്ണുകൾ ഞാൻ കാരണം നിറയുക ഇല്ലെന്നു ഉറപ്പു വരുത്തിക്കൊണ്ട് വീട്ടിലേക്കു പോകും വഴി ഞാനോർത്തു, ഈ ലോകത്തുള്ള സകല ആൾക്കാരും നമ്മളെ കുറിച്ചു നല്ലത് പറഞ്ഞാലും കൂടെ ഉള്ള പെണ്ണിന്റെ മുൻപിൽ വില ഇല്ലെങ്കിൽ നമ്മൾ ജീവിതത്തിൽ വെറും വട്ടപ്പൂജ്യം ആണെന്ന്…. അങ്ങനെ ഒരാൾ ആവാൻ ഈ കണ്ണനു പറ്റില്ല……

ശുഭം

Leave a Reply

Your email address will not be published. Required fields are marked *