വാർത്തക്കപ്പുറം
Story written by Nisha L
“അറിഞ്ഞോ… ആ കോൺട്രാക്ടറുടെ ഭാര്യ രശ്മി തൂങ്ങി മരിച്ചുന്ന്… “!!
“ഏത്… കോൺട്രാക്ടർ…? “!
“ആ വലിയ രണ്ടു നില വീട്ടിൽ താമസിക്കുന്ന കിരൺ എന്ന ആളില്ലേ.. അയാളുടെ ഭാര്യ.. “!!
“ഏത് ആ പ്യൂണിന്റെ മകളോ..?? “!!
“ആ അതേ.. !!”
“അയ്യോ അവർക്ക് ഒരു കൊച്ചു കുഞ്ഞില്ലേ..? “!!
“ഉണ്ട്… രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന ഒരു മോൻ.. “!!
“ശോ… ആ പെണ്ണിന് ഇത് എന്തിന്റെ കേടായിരുന്നു..?? “!!
“തിന്നിട്ട് എല്ലിന്റെ ഇടയിൽ കുത്തിയിട്ടായിരിക്കും… അഹങ്കാരി.. “!!
“പിന്നല്ലാതെ… അഷ്ടിക്ക് വകയില്ലാത്തത്തിനെയൊക്കെ കെട്ടിക്കോണ്ട് വന്നിട്ട്… പാവം ആ ചെക്കൻ.. “!!
“അതേ.. ഒന്നും കാണാതെ കിടന്നവൾ ഇത്രയും സൗഭാഗ്യങ്ങൾ ഒക്കെ കണ്ടപ്പോൾ…. അവൾക്ക് സന്തോഷത്തോടെ ജീവിച്ചാൽ പോരായിരുന്നോ..? “!!
“അഹങ്കാരി… !!”
“ഇവിടെ ഉണ്ണാനും ഉടുക്കാനുമില്ലാതെ എത്രയോ പേര് ജീവിക്കുന്നു.. അപ്പോഴാ അവളുടെ ഒരു അഹങ്കാരം.. “!!
“അല്ല എന്തിനാ അവൾ ഈ കടും കൈ ചെയ്തത്..??? “
“ഇന്നലെ കിരണും മോനും കൂടി രശ്മിയുടെ വീട്ടിൽ പോയി. രശ്മിയെ വിളിചിട്ടവൾ ചെന്നില്ല പോലും….. “
“എന്നിട്ട്..?? “
“എന്നിട്ടെന്താ… കിരൺ തിരിച്ചു വന്നപ്പോൾ അവൾ വീട്ടിലെ വിശേഷം ചോദിച്ചു.. അപ്പോൾ അവൻ പറഞ്ഞു.. നിന്നെ വിളിച്ചതല്ലേ അപ്പോൾ വരാഞ്ഞത് എന്താ.. വിശേഷം അറിയണമെങ്കിൽ വീട്ടിൽ പോയി തിരക്കാൻ പറഞ്ഞു.. അതിനെ ചൊല്ലി വഴക്കിട്ടു അവൾ വേറെ മുറിയിൽ മാറി കിടന്നു. രാവിലെ എഴുനേൽക്കാഞ്ഞത് കണ്ട് കതകിൽ മുട്ടി വിളിച്ചു.. അനക്കമൊന്നും കേൾക്കാതെ വാതിൽ ചവിട്ടി പൊളിച്ചു നോക്കിയപ്പോൾ ഫാനിൽ തൂങ്ങി നിൽക്കുന്നു.. “!!!
“ശോ.. ആ പെണ്ണിന് എന്തിന്റെ കേടായിരുന്നു.. “!!!
കേട്ടവർ കേട്ടവർ മരിച്ചു പോയവളെ ചീത്ത പറഞ്ഞു കൊണ്ടേയിരുന്നു.
************************
കിരൺ നാട്ടിൽ അറിയപ്പെടുന്ന ഒരു കോൺട്രാക്ടർ ആണ്.. സാമ്പത്തികമായും രാഷ്ട്രീയ സാമൂഹിക ബന്ധങ്ങൾ കൊണ്ടും വളരെ ഉയർന്ന നിലയിൽ ജീവിക്കുന്നവൻ.
രശ്മി ഒരു സാധാരണ കുടുംബത്തിലെ അംഗമാണ്. അച്ഛൻ സ്കൂളിൽ പ്യുൺ. അമ്മ വീട്ടമ്മ. ഒരു സഹോദരൻ രാകേഷ്.. രാകേഷ് വിവാഹിതനാണ്. ഭാര്യ ജ്യോതി.. രാകേഷ് ബാംഗ്ലൂർ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നു. ജ്യോതി,, രാകേഷിന്റെ മാതാപിതാക്കൾക്കൊപ്പം രാകേഷിന്റെ വീട്ടിൽ.
രശ്മി ഒരു കൊച്ചു സുന്ദരിയാണ്. പോരാത്തതിന് വളരെ നന്നായി പഠിക്കുന്നവൾ. പഠിച്ച ക്ലാസ്സിൽ ഒക്കെ ഒന്നാം സ്ഥാനം കരസ്ഥമാക്കി വിജയിച്ചു വന്നവൾ. കിരൺ അവളുടെ സൗന്ദര്യം കണ്ടു കല്യാണം കഴിച്ചതാണ്. കല്യാണശേഷം ജോലിക്ക് പോകാൻ രശ്മിക്ക് ആഗ്രഹം ഉണ്ടായിരുന്നു. എങ്കിലും കിരണിന്റെ ഇഷ്ടപ്രകാരം ജോലി എന്ന സ്വപ്നം ഉപേക്ഷിച്ചു അവന്റെ ഭാര്യ,, കുഞ്ഞിന്റെ അമ്മ എന്ന ലേബലിൽ അവൾ ഒതുങ്ങി ജീവിച്ചു.
ഇന്നിപ്പോൾ അവൾ ആത്മഹത്യ ചെയ്തു എന്ന വാർത്ത കേട്ടാണ് നാട് ഉണരുന്നത്. വാർത്ത അറിഞ്ഞവരൊക്കെ അവളെ കുറ്റം പറഞ്ഞു കൊണ്ടിരുന്നു.
ഇതിനിടയിൽ പോലീസ് എത്തി ഡെഡ്ബോഡി അഴിച്ചു പോസ്റ്റ്മോർട്ടം നടത്തി സംസ്‍കാരത്തിന് വിട്ടു കൊടുത്തു.
ചടങ്ങുകൾ കഴിഞ്ഞു മൃതദേഹം ദഹിപ്പിച്ചു. കിരൺ കുഞ്ഞിനെയും അടുക്കി പിടിച്ചു കരഞ്ഞു തളർന്നു ഒരു മൂലയിൽ ഇരുന്നു…. രശ്മിയുടെ സഹോദരനും മാതാപിതാക്കളും അവനോടൊപ്പം തളർന്നിരുന്നു.
എന്നാൽ രണ്ടു കണ്ണുകൾ പുച്ഛത്തോടെ ഇതൊക്കെ വീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. വീണയുടെ കണ്ണുകൾ.അവൾ കിരണിനെ അവജ്ഞയോടെ നോക്കി നിന്നു.
***********************************
കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഒരു പകൽ…കിരണിന്റെ വീട്..
കിരൺ ബാത്‌റൂമിൽ കുളിക്കുന്ന നേരം കിരണിന്റെ ഫോണിലേക്ക് ഒരു കാൾ വന്നു.. രശ്മി ഫോൺ എടുത്തു നോക്കി… ജ്യോതി… !! അയ്യോ ചേട്ടത്തി ആണല്ലോ… ചിലപ്പോൾ എന്റെ ഫോണിൽ വിളിച്ചു കാണും.. എന്നെ കിട്ടാഞ്ഞത് കൊണ്ട് കിരന്നേട്ടന്റെ ഫോണിൽ വിളിച്ചതാകും… രശ്മി കാൾ എടുത്തു..
“ഹോ… എത്ര മെസ്സേജ് അയച്ചു കിരണേട്ടാ.. എന്താ റിപ്ലൈ തരാത്തത്…? “!!
രശ്മി എന്തെങ്കിലും പറയും മുൻപേ ജ്യോതിയുടെ ശബ്ദം ഫോണിലൂടെ കേട്ടു… ഒരു നിമിഷം അവൾ ഒന്നും മനസിലാകാതെ നിന്നു.. എന്നാൽ പെട്ടെന്ന് തന്നെ അപകടം മണത്ത അവൾ ഫോൺ കട്ട് ആക്കി.. വാട്സ്ആപ്പ് ചാറ്റ് എടുത്തു.. കിരണും ജ്യോതിയും തമ്മിലുള്ള ചാറ്റ് കണ്ട അവൾ വിറങ്ങലിച്ചു നിന്നു പോയി.. പെട്ടെന്ന് തന്നെ ഫോൺ പഴയ പടി അവിടെ വച്ച് അവൾ അടുക്കളയിലേക്ക് പോയി..
ഈശ്വര എന്തൊക്കെയാണ് നടക്കുന്നത്.. കിരണേട്ടനും ജ്യോതി ഏട്ടത്തിയും തമ്മിൽ.. !! ഞാൻ സ്വപ്നം കാണുകയാണോ ദൈവമേ… എന്റെ ജീവിതം തകരാൻ പോകുകയാണോ. എന്റെ കുഞ്ഞു… എന്റെ മാത്രമല്ല…. രാകേഷേട്ടന്റെയും ജീവിതം…??
രാകേഷേട്ടനും താനും ഒരു പോലെ ചതിക്കപ്പെട്ടിരിക്കുന്നു. അവൾക്ക് ആകെ പരവേശം തോന്നി.. ഒന്നും ഉൾക്കൊള്ളാൻ അവൾക്ക് കഴിഞ്ഞില്ല. എങ്ങനെ ഒക്കെയോ കിരണിനെയും മോനെയും യാത്രയാക്കി. കിരണിന്റെ മുഖത്തേക്ക് നോക്കാൻ തന്നെ അവൾക്ക് വെറുപ്പ് തോന്നി. ആട്ടിൻ തോലിട്ട ചെന്നായ… !!
കിരൺ പോകുന്ന വഴി മോനെ സ്കൂളിൽ ആക്കി പോകുന്നതാണ് പതിവ്. വൈകിട്ടും അവൻ തന്നെയാണ് സ്കൂളിൽ നിന്ന് മോനെ കൂട്ടിക്കൊണ്ട് വരുന്നത്.
അവർ പോയ ശേഷം അവൾ മനസ്സിലുള്ള സങ്കടം പൊട്ടി കരഞ്ഞു തീർക്കാൻ ശ്രമിച്ചു.
എന്താ ചെയ്യേണ്ടത്.. ആരോടാ പറയേണ്ടത്.. രാകേഷേട്ടനോട് പറഞ്ഞാലോ… അതോ അച്ഛനോട് പറയണോ.. ഈശ്വര എന്താ ചെയ്യേണ്ടതെന്ന് മനസിലാകുന്നില്ലല്ലോ… !!
കുറേ നേരത്തെ ചിന്തകൾക്കൊടുവിൽ..
തല്ക്കാലം വീട്ടിൽ ആരോടും പറയണ്ട.. എല്ലാവരും അറിഞ്ഞാൽ എന്റെയും രാകേഷേട്ടന്റെയും കുഞ്ഞുങ്ങളുടെ ഭാവി ഉൾപ്പെടെ എല്ലാം തകരാറിലാകും.. പെട്ടെന്ന് വരുന്ന ദേഷ്യത്തിൽ ഏട്ടൻ എങ്ങനെ പെരുമാറും എന്നറിയില്ല.. നാട്ടുകാർ അറിഞ്ഞാലുണ്ടാകുന്ന നാണക്കേട്… ബുദ്ധിപൂർവ്വം ചിന്തിക്കേണ്ടിയിരിക്കുന്നു.. എങ്ങനെയും കിരണിനെയും ജ്യോതിയേയും പറഞ്ഞു മനസിലാക്കാൻ ശ്രമിക്കണം.. അവരെ ഈ ബന്ധത്തിൽ നിന്ന് പിന്തിരിപ്പിക്കണം..
എങ്കിലും… മനസിന്റെ ഭാരം ഒന്ന് ഒഴിവാക്കാൻ ആരോടെങ്കിലും എല്ലാമൊന്ന് തുറന്നു പറയണം… പക്ഷേ ആരോട്..??
പെട്ടെന്നാണ് അവൾക്ക് കസിൻ വീണയുടെ കാര്യം ഓർമ വന്നത്.. അവളോട് പറഞ്ഞാൽ എന്തെങ്കിലും ഒരു പരിഹാരം പറഞ്ഞു തരും.. അവൾ ആരോടും പറയുകയുമില്ല.. വിശ്വസിക്കാൻ കൊള്ളാവുന്നവളാണ്..
അവൾ വീണയെ ഫോൺ വിളിച്ചു..
“ഹലോ.. വീണ.. ഞാനാടി രശ്മി.. എനിക്ക് നിന്നെ ഒന്ന് കാണണമായിരുന്നു.. ഒരു അത്യാവശ്യം.. “!!
“അതിനെന്താ… നാളെ ഞാൻ അങ്ങോട്ട് വരാമെടി… “!!
എല്ലാത്തിനും ഒരു തീരുമാനം നാളെ ഉണ്ടാക്കണം.. അതുവരെ ഒന്നും സംഭവിക്കാത്തത് പോലെ അയാളുടെ മുൻപിൽ പിടിച്ചു നിൽക്കണമല്ലോ ഓർത്തപ്പോൾ അവൾക്ക് വല്ലാത്ത ദേഷ്യവും സങ്കടവും വന്നു.. എല്ലാവർക്കും പ്രിയങ്കരനാണ് കിരൺ. അയാളെ കുറിച്ച് ഇങ്ങനെ പറഞ്ഞാൽ ആരും വിശ്വസിക്കില്ല.. എത്ര വിദഗ്ദ്ധമായാണ് അയാൾ എന്നെ കബളിപ്പിച്ചു കൊണ്ടിരിക്കുന്നത്.. എത്ര നാളായി കാണും ഈ ബന്ധം തുടങ്ങിയിട്ട്.. ഞാൻ എന്ത് കുറവ് വരുത്തിയിട്ടാ അയാൾ ഇങ്ങനെ… എന്റെ എല്ലാ ഇഷ്ടങ്ങളും ഉപേക്ഷിച്ചു അയാൾക്ക് വേണ്ടി മാത്രം ജീവിച്ചിട്ട് ഇപ്പോൾ..
ഓർക്കവേ അവൾക്ക് ഹൃദയം മുറിഞ്ഞു രക്തം കിനിയുന്നത് പോലെ തോന്നി..
ഈശ്വര… ഈ അവസ്ഥയിൽ നിന്ന് എത്രയും പെട്ടെന്ന് എന്നെ ഒന്ന് മോചിപ്പിക്കണേ… അവൾ മനസ്സുരുകി പ്രാർത്ഥിച്ചു..
പറഞ്ഞത് പോലെ പിറ്റേന്ന് വീണ രശ്മിയെ കാണാനെത്തി..
വിവരങ്ങൾ എല്ലാം പറഞ്ഞു രശ്മി അവളുടെ മുന്നിൽ പൊട്ടി കരഞ്ഞു..
കേട്ടത് വിശ്വസിക്കാനാകാതെ വീണയും തരിച്ചിരുന്നു..
“രശ്മി.. മോളെ ഇത് വീട്ടിൽ അറിയിക്കുന്നതല്ലേ നല്ലത്.. നിനക്ക് അവരെ പറഞ്ഞു തിരുത്താൻ ആകില്ല.. അഥവാ നിന്റെ മുന്നിൽ ഇനി തെറ്റ് ചെയ്യില്ല എന്ന് സമ്മതിച്ചാലും അവർ വീണ്ടും ഇങ്ങനെ ചെയ്യില്ല എന്ന് എന്താണ് ഉറപ്പ്.. നിന്റെയും രാകേഷേട്ടന്റെയും ജീവിതം വച്ച് ഒരു ഭാഗ്യപരീക്ഷണം വേണോ… എന്റെ അഭിപ്രായത്തിൽ എല്ലാം രാകേഷേട്ടനോട് പറയുന്നതാ നല്ലത്.. !!!
“വേണ്ടടി.. രാകേഷ് ഏട്ടൻ ദേഷ്യത്തിൽ എന്തെങ്കിലും പ്രവർത്തിച്ചാൽ.. കുഞ്ഞുങ്ങളുടെ കാര്യം കൂടി നമ്മൾ ഓർക്കണ്ടേ…?? “
കുറേ തർക്കത്തിനൊടുവിൽ വീണയും രശ്മിയുടെ വാക്കുകൾ ചെവി കൊണ്ടു…
“ഞാൻ ജ്യോതിയേട്ടത്തിയോട് സംസാരിക്കാം.. അവർ ഒരു സ്ത്രീയല്ലേ.. എന്റെ അവസ്ഥ അവർ മനസിലാക്കും.. “!!
ആത്മ വിശ്വാസത്തോടെ രശ്മി പറഞ്ഞു. വീണ അർദ്ധ സമ്മതം മൂളി.
***************************************
പിറ്റേന്ന്…
പറയാനുള്ളതൊക്കെ മനസ്സിൽ അടുക്കി വച്ച് രശ്മി ജ്യോതിയെ വിളിച്ചു..
ആരോപണങ്ങൾ ഒക്കെ ജ്യോതി നിഷേധിച്ചു.
“ചേട്ടത്തി… ഞാൻ എല്ലാം അറിഞ്ഞു.. കഴിഞ്ഞദിവസം ഫോൺ വിളിച്ചപ്പോൾ എടുത്തത് ഞാനാണ്.. നിങ്ങളുടെ വാട്സ്ആപ്പ് ചാറ്റുകളും ഞാൻ കണ്ടു.. ദയവു ചെയ്തു നിങ്ങൾ ഇത് നിർത്തണം.. എന്നെ മാത്രമല്ല രാകേഷേട്ടനെയും കൂടിയാണ് നിങ്ങൾ വഞ്ചിക്കുന്നത് എന്ന് ഓർമ വേണം… നമ്മുടെ കുട്ടികളെ ഓർത്തെങ്കിലും ഇത് നിർത്തണം.. ഇതുവരെ സംഭവിച്ചതൊക്കെ ക്ഷമിക്കാൻ ഞാൻ തയ്യാറാണ്. ഇപ്പോൾ നമ്മൾ മൂന്നു പേർ മാത്രമേ അറിഞ്ഞിട്ടുള്ളു.. ഇനിയും ഇത് തുടർന്നാൽ ഞാൻ രാകേഷേട്ടനോടും അച്ഛനോടും ചേട്ടത്തിയുടെ വീട്ടുകാരോടും എല്ലാം പറയും… അവൾ ചെറിയ ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞു കൊണ്ട് ഫോൺ കട്ട് ചെയ്തു.
*****************************************
മരണാനന്തര ചടങ്ങുകൾ കഴിഞ്ഞു ഒരാഴ്ചക്ക് ശേഷം ഒരു ദിവസം…
വീണ രാകേഷിനെ കാണാൻ പുറപ്പെട്ടു.. രാകേഷിന്റെ വീട്ടിലെത്തിയ വീണ.. അൽപ്പ സമയം അവരോടു സംസാരിച്ചതിന് ശേഷം…
“രാകേഷേട്ടാ… എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു.. “!!
“എന്താ മോളെ.. പറഞ്ഞോ.. “!!
“ഇവിടെ വേണ്ട… നമുക്ക് പറമ്പിലേക്ക് പോകാം.. “!!
“ഈ പെണ്ണിന് ഇതെന്തു പറ്റി…?? സംശയത്തോടെ അവൻ വീണയെ നോക്കി..
അവളുടെ മുഖത്തെ സംഘർഷം കണ്ടപ്പോൾ എന്തോ ഗൗരവമുള്ള വിഷയമാണെന്ന് അവന് തോന്നി..
“ശരി… വാ നടക്കു… “
അവൻ അവളെയും കൂട്ടി ആളൊഴിഞ്ഞ പറമ്പിൽ എത്തി..
“ഏട്ടാ.. എനിക്ക്.. എങ്ങനെ പറയണം എന്നറിയില്ല… ഏട്ടൻ ഞാൻ പറയുന്നത് സമാധാനത്തോടെ കേൾക്കണം.. എടുത്തു ചാടി പ്രതികരിക്കരുത്.. “!!
“നീ ടെൻഷൻ അടിപ്പിക്കാതെ കാര്യം പറ പെണ്ണേ.. “!!അവൻ ദേഷ്യപ്പെട്ടു.
“അത്.. ഏട്ടാ.. മരിക്കും മുൻപ് രശ്മി എന്നോട് ചിലത് പറഞ്ഞിരുന്നു… ഏട്ടനോട് പറയാൻ ഞാൻ അന്നേ പറഞ്ഞിരുന്നതാ.. പക്ഷേ അവൾ സമ്മതിച്ചില്ല.. “!!
“നീ വളച്ചു കെട്ടാതെ കാര്യം പറ.. “!!
“അത്.. അത്.. ജ്യോതി ചേച്ച യും കിരൺ ചേട്ടനും തമ്മിൽ അരുതാത്ത ബന്ധം ഉണ്ട്. രശ്മി അതിന്റെ വിഷമത്തിലാണ് ഈ കടുംകൈ ചെയ്തത്.. “!!
“വീണേ… “!! രാകേഷ് അലറി വിളിച്ചു..
“നീ.. നീ.. എന്തൊക്കെയാ പറയുന്നതെന്ന് വല്ല ബോധവുമുണ്ടോ… എന്റെ ഭാര്യയെ കുറിച്ചാണ് നീ മോശമായി പറയുന്നതെന്ന് ഓർമ വേണം.. “!!
“സത്യമാ രാകേഷേട്ടാ… അവർ രണ്ടും കൂടി നിങ്ങളെ എല്ലാവരെയും ചതിച്ചു കൊണ്ടിരിക്കുകയാണ്.. “!!
പിന്നീട് രശ്മി അവളോട് പറഞ്ഞ വിവരങ്ങൾ എല്ലാം വീണ കരഞ്ഞു കൊണ്ട് അവനോടു പറഞ്ഞു.
എല്ലാം കേട്ട രാകേഷ് ദേഷ്യം പൂണ്ടു വീട്ടിലേക്ക് ഓടി..
“രാകേഷേട്ടാ.. ഒന്ന് നിൽക്ക്.. പ്ലീസ്…ഈ ദേഷ്യം.. ഇതു കാരണമാ പാവം രശ്മി നിങ്ങളോടൊന്നും അതിനെ കുറിച്ച് പറയാതിരുന്നത്… “!!
പക്ഷേ രാകേഷ് അവളുടെ വാക്കുകൾ ഒന്നും കേട്ടില്ല.. വീട്ടിലെത്തി അവൻ അലറി…
“ജ്യോതി… ഡി… ജ്യോതി.. “!!
“എന്താ.. എന്താ ഏട്ടാ.. എന്തു പറ്റി..?? “!!
“നിനക്ക് ഒന്നും അറിയില്ല അല്ലെ.. “!!
“എന്ത്.. എന്താ കാര്യം..?? “!!
“നീയും ആ കിരണും തമ്മിൽ എന്താടി…?? നിങ്ങൾ രണ്ടും കൂടിയല്ലേ എന്റെ രശ്മി മോളെ കൊന്നത്..?? “!!
ജ്യോതിയുടെ മുഖത്ത് ആഞ്ഞടിച്ചു കൊണ്ട് അവൻ ചോദിച്ചു.. ജ്യോതി ആകെ ഭയന്നു.. രശ്മി മരിച്ചിട്ടും ഇയാൾ എങ്ങനെ അറിഞ്ഞു ഈ വിവരം.തങ്ങൾ മൂന്നു പേർക്കു മാത്രം അറിയാവുന്ന രഹസ്യം.. ഈ വിവരം പുറത്തു പറയുന്ന ഏക വ്യക്തി രശ്മി ആയിരുന്നു. അവൾ ഇന്ന് ജീവനോടെയില്ല… പിന്നെ… പിന്നെങ്ങനെ ഇയാൾ ഇത് അറിഞ്ഞു.. ജ്യോതിക്ക് ഒന്നും വ്യക്തമായില്ല.
ഈ സമയം ബഹളം കേട്ട് അച്ഛനും അമ്മയും ചില അയൽക്കാരും അടുത്തു കൂടി.. എല്ലാവരുടെയും മുന്നിൽ അപമാനിതയായി ജ്യോതി തല കുനിഞ്ഞു നിന്നു..
“പറയെടി… ഞാൻ ചോദിച്ചതിന് ഉത്തരം പറയെടി… നിങ്ങൾ രണ്ടും കൂടി ഞങ്ങളെ എല്ലാവരെയും ഒരു പോലെ ചതിക്കുകയായിരുന്നു.. അല്ലെ… !!
എന്റെ രശ്മി മോളെ കൊന്നപ്പോൾ നിനക്ക് സമാധാനം ആയോടി…?? “!!
“അത്… അത്.. ഞാനല്ല… കിരൺ മാത്രമാ.. “!!
“എന്ത്… “???? രാകേഷ് ഒന്ന് ഞെട്ടി…
‘രശ്മിയെ കൊന്നു കെട്ടി തൂക്കിയത് കിരൺ തനിയെയാ… ഞാൻ.. ഞാനല്ല.. ” ജ്യോതി വിക്കി വിക്കി പറഞ്ഞു..
“എന്താ… കൊന്നു കെട്ടി തൂക്കിയെന്നോ..? “!!
ഇത്തവണ ജ്യോതി ഒന്ന് പകച്ചു.. ഈശ്വര എല്ലാം കൈയിൽ നിന്ന് പോയല്ലോ.. അപ്പോൾ രാകേഷ് ആ വിവരം അറിഞ്ഞിട്ടില്ലായിരുന്നോ.. !!
ചുറ്റും കൂടിയവരും വീണയും രാകേഷും മാതാപിതാക്കളും എല്ലാം ഞെട്ടി തരിച്ചു നിന്നു പോയി.. വീണയ്ക്കും അതൊരു പുതിയ അറിവായിരുന്നു.
അപ്പോൾ.. അപ്പോൾ രശ്മി ആത്മഹത്യ ചെയ്തതല്ല… ആ ദുഷ്ടൻ ആ പാവത്തിനെ കൊന്നു കെട്ടി തൂക്കിയിട്ട് അത് ആത്മഹത്യ ആക്കിയതാണ്..
രാകേഷ് ജ്യോതിയുടെ മുടിയിൽ കുത്തി പിടിച്ചു വലിച്ചു പൊക്കി.. ഇരു കവിളിലും മാറി മാറി അടിച്ചു..
“സത്യം പറയെടി… എന്താ സംഭവിച്ചതെന്ന് സത്യം പറയെടി.. “!!
ജ്യോതിക്ക് പിടിച്ചു നിൽക്കാൻ ആകാതെ എല്ലാ സത്യങ്ങളും തുറന്നു പറയേണ്ടി വന്നു..
അവൾ പതിയെ പറഞ്ഞു തുടങ്ങി…
രശ്മി ജ്യോതിയെ ഫോണിൽ വിളിച്ചു സംസാരിച്ചതിന് ശേഷം…
ജ്യോതി കിരണിനെ വിളിച്ചു രശ്മി എല്ലാം അറിഞ്ഞവിവരവും അവൾ ഭീഷണിപ്പെടുത്തിയ വിവരവും പറഞ്ഞു.. അതുകേട്ട കിരൺ വീട്ടിലെത്തി രശ്മിയുമായി വഴക്കുണ്ടാക്കുകയും രശ്മിയെ അടിക്കുകയും ചെയ്തു.. അടി കൊണ്ട് അവൾ താഴെ വീണപ്പോൾ കട്ടിലിന്റെ കാലിൽ തട്ടി തലയിടിച്ചു ബോധം പോയി.. ബോധമില്ലാതെ കിടന്ന അവളെ എടുത്തു അടുത്ത മുറിയിൽ കൊണ്ടു പോയി ഫാനിൽ തൂക്കി..
ശേഷം… ഒന്നും സംഭവിക്കാത്തതുപോലെ കുളിച്ചു വേഷം മാറി അയാൾ സ്കൂളിൽ എത്തി കുഞ്ഞിനേയും കൂട്ടി രശ്മിയുടെ വീട്ടിലെത്തി… രശ്മിയെ അന്വേഷിച്ച അവളുടെ മാതാപിതാക്കളോട് അവൾ വരുന്നില്ല അവൾക്ക് എന്തൊക്കെയോ ജോലിയുണ്ട് എന്ന് പറഞ്ഞു..
ഇതിനിടയിൽ എല്ലാവരും അപ്പുറത്തേക്ക് പോയ സമയം രഹസ്യമായി അയാൾ സംഭവിച്ചതൊക്ക ജ്യോതിയോട് പറഞ്ഞു..
ഇത്രയുമാണ് അന്ന് സംഭവിച്ചത്.. അടി കൊണ്ടു തളർന്ന ജ്യോതി പറഞ്ഞവസാനിപ്പിച്ചു..
“ഹ്മ്മ്.. ഇനി നിന്നെ എനിക്ക് വേണ്ട… എന്റെ കുഞ്ഞിനും നിന്നെ വേണ്ട.. നിന്റെ വീട്ടിലേക്ക് വിളിക്ക്… അവരോടു പറ നിന്നെ ഇവിടുന്നു കൊണ്ടു പോകാൻ…ഇല്ലെങ്കിൽ നിന്നെ കൊന്നിട്ട് ഞാൻ ജയിലിൽ പോകേണ്ടി വരും.. “!!
തളർച്ചയോടെ അവൻ നിലത്തേക്കിരുന്നു..
“രാകേഷേ ..മോനെ… ഇത് അങ്ങനെ വെറുതെ വിട്ടു കൂടാ… ഒരു പരാതി സ്റ്റേഷനിൽ കൊടുക്കണം… “!! കൂടി നിന്നവരിൽ മുതിർന്ന ആരൊക്കെയോ അവനോടു പറഞ്ഞു…
“അതേ… അതു വേണം… അതിനു മുൻപ് ഇവളെ ഇറക്കി വിട്ട് എന്റെ വീടൊന്നു ശുദ്ധീകരിക്കണം..”!!
ശേഷം…
രാകേഷ് പോലീസ് സ്റ്റേഷനിലെത്തി പരാതി കൊടുത്തു. അവന്റെ പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി..
പക്ഷേ…
അന്വേഷണം എങ്ങുമെത്തിയില്ല… കിരൺ പണം വാരി എറിഞ്ഞു. അയാളുടെ രാഷ്ട്രീയ ബന്ധങ്ങൾ ഉപയോഗിച്ച് നിഷ് പ്രയാസം കേസിൽ നിന്ന് ഊരി പോന്നു…
ബഹളങ്ങൾ എല്ലാം ഒന്ന് ഒതുങ്ങിയപ്പോൾ കിരണും ജ്യോതിയും ഒരുമിച്ച് ജീവിച്ചു തുടങ്ങി… ഒരു സമൂഹത്തെ ഒന്നടങ്കം നോക്കി പുച്ഛിച്ചു ചിരിച്ചു കൊണ്ട്…
Nb : കഥയല്ല ജീവിതമാണ് … !! മാധ്യമങ്ങൾ ചർച്ച ചെയ്യാത്ത,,, ലോകം അറിയാത്ത പല ആത്മഹത്യകളും ഒന്ന് വിശദമായി അന്വേഷിച്ചാൽ കൊലപാതകങ്ങൾ ആകുന്ന വിചിത്രമായ കാഴ്ച നമുക്ക് ഇനിയും കാണാം… അപ്പോഴും നമ്മൾ മരിച്ചു പോയവളെ കുറ്റം പറഞ്ഞു,,,… അവളെ മാത്രം പുച്ഛിച്ചു കൊണ്ടേയിരിക്കും.അവൾ മണ്ടിയാണ്… അവൾ ശക്തമായി പ്രതികരിക്കണമായിരുന്നു,,, അവളുടെ തെറ്റാണ്… ഇങ്ങനെ ഇങ്ങനെ പൊള്ളയായ വാക്കുകൾ പറഞ്ഞു മരിച്ചു പോയവളെ പരിഹസിച്ചു കൊണ്ടേയിരിക്കും..