അവൾ മറുപടി ഒന്നും പറയാതെ കരഞ്ഞു കൊണ്ടിരുന്നു. ഒന്ന് ശാന്തമാകും വരെ ഞാൻ കാത്തിരുന്നു. പിന്നെ അവളുടെ അവസ്ഥ എനിക്ക് മുന്പിൽ തുറന്നു…..

എഴുത്ത്:-ബഷീർ ബച്ചി

എന്നുമുള്ള രാവിലെയുള്ള ജോഗിങ്ങിനു ഇടയിലാണ് പുഴക്ക് കുറുകെ കെട്ടിയിരിക്കുന്ന പാലത്തിനു അരികിൽ ഒരു സുന്ദരിയായ യുവതി ഒരു കൈക്കുഞ്ഞുമായി നില്കുന്നത് കണ്ടത്..

കലക്കവെള്ളം നിറഞ്ഞു രൗദ്ര ഭാവത്തോടെ കുതിച്ചൊഴുകുന്ന കടലുണ്ടിപുഴ

തന്റെ ഷാൾ കൊണ്ട് കുഞ്ഞിനെ നെഞ്ചോടു ചേർത്ത് കെട്ടാൻ ശ്രമിക്കുന്ന അവളെ കണ്ടപ്പോൾ മനസ്സിൽ എന്തോ പന്തികേട് തോന്നി..

അവൾ പാലത്തിന്റെ കൈവരിയിലേക് കേറി നിന്നപ്പോഴേക്കും ഞാൻ ഓടി വന്നു അവളുടെ കൈ പിടിച്ചു പിന്നോട്ട് വലിച്ചിട്ടു…

വീഴാൻ പോയ അവളെ ഒരു കൈകൊണ്ടു താങ്ങി നേരെ നിർത്തി.

അവൾ എന്റെ മുഖത്തേക്ക് നോക്കി കൊണ്ട് ചീറി.. മനുഷ്യനെ ചാകാനും സമ്മതിക്കില്ലേ… !!പിന്നെയതൊരു പൊട്ടി കരച്ചിലായിമാറി.. അവൾ പാലത്തിന്റെ നടവഴിയിൽ കുത്തിയിരുന്നു എങ്ങി കരഞ്ഞു കൊണ്ടിരുന്നു.

നീ എന്തിനാ ഈ കുഞ്ഞിനേയും കൊണ്ട് മരിക്കാൻ ശ്രമിച്ചത്? .

നിന്റെ പ്രശ്നങ്ങൾ എന്താണ്? ആരാണ് നീ? ഇനി ഇവിടെ നിന്നാൽ ഞാൻ പോലീസിൽ അറിയിക്കും

അവൾ മറുപടി ഒന്നും പറയാതെ കരഞ്ഞു കൊണ്ടിരുന്നു. ഒന്ന് ശാന്തമാകും വരെ ഞാൻ കാത്തിരുന്നു. പിന്നെ അവളുടെ അവസ്ഥ എനിക്ക് മുന്പിൽ തുറന്നു.. സ്നേഹിച്ച പുരുഷന്റെ കൂടെ ഇറങ്ങി പോന്നവൾ.. ഇപ്പോൾ അയാൾ ഇവളെ കളഞ്ഞു ഓഫീസിൽ കൂടെ ജോലി ചെയ്യുന്ന മറ്റൊരു പെൺകുട്ടിയുമായി ഒളിച്ചോടിയിരിക്കുന്നു.. വാടക കൊടുക്കാൻ പോലും കാശ് ഇല്ലാതെ അവൾ ഒറ്റയ്ക്ക്.. ഒരു ജോലി പോലുമില്ല.. ഫളാറ്റിന്റെ ഉടമ ഇന്ന് വീടൊഴിയാൻ പറഞ്ഞിട്ടുണ്ട്. അല്ലങ്കിൽ അയാളുടെ കൂടെ കിടക്കണം പോലും.. സ്നേഹിച്ച പുരുഷൻ ചെയ്ത കൊടും വഞ്ചന..

എനിക്ക് അവളുടെ മാനസികാവസ്ഥ മനസിലാകുമായിരുന്നു..കാരണം അതിന്റെ മറ്റൊരു പതിപ്പായിരുന്നു ഞാനും..

മൂന്ന് വയസ്സ് മാത്രം പ്രായമുള്ള സ്വന്തം മകളെ യും എന്നെയും ഉപേക്ഷിച്ചു ആദ്യത്തെ കാമുകന്റെ കൂടെ പോയ ഭാര്യയുടെ മുഖം മനസ്സിൽ തെളിഞ്ഞു..

നീ എഴുന്നേൽക്ക് നമ്മുക്ക് എന്തെങ്കിലും വഴിയുണ്ടാക്കാം വാ..

അവൾ സംശയത്തോടെ എന്നെ നോക്കി..

പേടിക്കേണ്ട ഞാൻ ഉപദ്രവിക്കുകയൊന്നുമില്ല

എന്തോ എന്നിൽ വിശ്വാസം തോന്നിയിട്ടോ അവൾ എന്റെ പിറകെ വന്നു.. എനിക്ക് എന്തെങ്കിലും ജോലി ശരിയാക്കി തരാമോ.. അവൾ നിറകണ്ണുകളോടെ എന്റെ മുഖത്തേക്ക് നോക്കി.. നമ്മുക്ക് നോക്കാം.. ഞാൻ അവളെയും കൊണ്ട് എന്റെ വീട്ടിലേക്കു കയറി.. അവൾ പരിഭ്രമത്തോടെ എന്റെ മുഖത്തേക്ക് നോക്കി.. ഇവിടെ ഞാൻ ഒറ്റയ്ക്ക് അല്ല..ഉമ്മയുണ്ട് രണ്ടു സഹോദരിമാരുണ്ട് എന്റെ മോളുണ്ട് പേടിക്കേണ്ട.. ഞാൻ അവളെ സമാധാനിപ്പിച്ചു..

ഉമ്മയുടെയും സഹോദരിമാരുടെയും അടുത്ത് അവളുടെ ഇപ്പോഴത്തെ അവസ്ഥയേ കുറിച്ചുംആത്മഹത്യ ചെയ്യാൻ ശ്രമിച്ച കാര്യവുമൊക്ക പറഞ്ഞു.. ഉമ്മാക്ക് പണ്ടേ അനുകമ്പ ഇത്തിരി കൂടുതലാണ്.. മറ്റുള്ളവരുടെ സങ്കടം കണ്ടാൽ ഉമ്മയും കൂടെ കരയും.. നിനക്ക് ഉമ്മയും ഉപ്പയുമൊക്കെ ഉണ്ടോ മോളെ.. ഉപ്പയുണ്ട് ഉമ്മയില്ല.. രണ്ടനുമ്മയാണ്അ അവര് അന്നേ എന്നെ ഒഴിവാക്കിയതാ.. എന്നേ സ്നേഹിക്കാൻ മനസിലാക്കാൻ ഒരാളുണ്ടെന്ന് തോന്നിയപ്പോ.. ഇപ്പൊ അയാളും അവൾ വിതുമ്പി കൊണ്ട് മുഖം തിരിച്ചു..

നീ കരയണ്ട.. മോൾക്ക്‌ ഇഷ്ടമുള്ള കാലമത്രയും ഇവിടെ താമസിക്കാം.. ഇവിടെ യാരും ചോദിക്കാൻ വരില്ല.. അതാണ് അതിന്റെ ശരി ഞാനും പിന്താങ്ങി.. ജോലി യൊക്കെ നമുക്ക് നോക്കാം.. നിന്റെ മനസ് ആദ്യമൊന്ന് നോർമലാവട്ടെ.. അവൾ പതിയെ തലയാട്ടി..ആരുമില്ലാതെ ആശ്രയമറ്റവൾക് അപ്പോൾ വേറെ വഴി ഒന്നും ഉണ്ടായിരുന്നില്ല..

പിന്നെ പിന്നെ അവളും കുഞ്ഞും ഞങ്ങളുടെ ജീവിതത്തിന്റെ ഒരു ഭാഗമാവുകയായിരുന്നു..

എന്റെ മോൾക്കും അവളും കുഞ്ഞും പ്രിയപ്പെട്ടവർ ആയി മാറി.. അവളും എന്റെ കുഞ്ഞിനേ സ്വന്തം ഉമ്മയെ പോലെ വേർതിരിവില്ലാതെ സ്നേഹിക്കുന്നത് കാണുമ്പോൾ എന്റെ മനം നിറഞ്ഞിരുന്നു.

മാസങ്ങൾ കടന്നു പോയി.. പുഴ വറ്റി വരണ്ടു തുടങ്ങിയിരുന്നു.. അടിയിലെ ചെളിയും കല്ലുകളും ഇടക്ക് മാത്രം ചിലയിടത്തു മണലും കാണാമായിരുന്നു.. ഒരു കാലത്ത് മണൽ പരപ്പിൽ ഫുട്ബോൾ കളിച്ചത് ഓർമ വന്നു.. മണൽ വാരി വാരി പുഴ നാശത്തിന്റ വക്കിലെത്തി തുടങ്ങിയിരിക്കുന്നു..

അവൾ എപ്പോഴും എന്റെ കാര്യങ്ങളിൽ പ്രതേക ശ്രദ്ധ പതിപ്പിക്കുന്നത് ശ്രദ്ധിച്ചിരുന്നു.. ചിലപ്പോൾ മനസ്സിൽ തോന്നിയ കടപ്പാട് കൊണ്ടാവാം..

അവളുടെ മനസ്സിൽ എന്നോടുള്ള വികാരം എന്താണെന്ന് എനിക്ക് മനസിലാക്കാൻ കഴിഞ്ഞിരുന്നില്ല

ഉമ്മാക്കും സഹോദരിമാർക്കും ഇപ്പോൾ അവളും മോളുമില്ലാതെ വയ്യ.. ചില സമയങ്ങളിൽ ഉമ്മ എന്നോട് പലതും സൂചിപ്പിക്കാൻ ശ്രമിച്ചിരുന്നെങ്കിലും ഞാനൊഴിഞ്ഞു മാറി.. പക്ഷെ അവളും മകളും ഇവിടുന്നു പോകുന്നത് ആലോചിക്കാനും വയ്യ.. മനസിന്റെ യുള്ളിൽ അവളെ ഞാനിഷ്ടപ്പെട്ടു തുടങ്ങി യിരിക്കുന്നു.. ആദ്യത്തെ തേപ്പിന്റെ വേദനകൾ മറവിയിലേക്കു പോകുന്നതും ഞാൻ മനസിലാക്കി.. പക്ഷെ ഇനിയൊരു വിവാഹ ജീവിതമെന്ന പരീക്ഷണം.. അത് വേണോ വേണ്ടയോ എന്നുള്ള ഉറച്ച തീരുമാനം എടുക്കാൻ കഴിയാതെ ഞാൻ പതറി..

അന്നൊരു ദിവസം രാത്രി

ബാൽക്കണിയിലിരുന്നു പാടത്തു നിന്ന് വീശുന്ന ഇളംങ്കാറ്റ് ആസ്വദിച്ചു കസേരയിൽ ചാരി കിടക്കുമ്പോൾ പിന്നിലൊരു നിഴലനക്കം..ഞാൻ തിരിഞ്ഞു നോക്കി..

അവൾ.. ഫാസില

എന്തേ..

എനിക്ക് ബാംഗ്ലൂരിൽ ഒരു ജോലി ശരിയായിട്ടുണ്ട്

ഞാൻ…. ഞാൻ എന്താ ചെയ്യണ്ടേ…?

അവിടെ എങ്ങനെ.. ഞാൻ ചോദിച്ചു.

മുൻപ് എന്റെ കൂട്ടുകാരിയെ വിളിച്ചു ഞാൻ എന്റെ എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നു. അവൾ ഇന്ന് വൈകുന്നേരം വിളിച്ചിരുന്നു..

മനസ്സിലെന്തോ ഒരു വിങ്ങൽ പോലെ.. അവൾ പോവുകയാണെന്ന് കേട്ടപ്പോൾ..

എന്ത് ജോലിയാ.. ശബ്ദം പതറാതെയിരിക്കാൻ ശ്രമിച്ചു കൊണ്ട് ഞാൻ അവളുടെ മുഖത്തേക്ക് നോക്കി..

അവിടെയൊരു ഹോസ്പിറ്റൽ കാന്റീനിൽ കാഷ്യർ ആയിട്ടാണ്.. കൂട്ടുകാരി അവിടെ നേഴ്സ് ആണ്..

നിന്റെ ഇഷ്ടം പോലെ.. ഞാൻ പതിയെ പറഞ്ഞു.

അവൾ എന്റെ മുഖത്തേക്ക് നോക്കി. പിന്നെ മുഖം തിരിച്ചു മൗനിയായി ഇരുട്ടിലേക്ക് നോക്കി കൊണ്ടിരുന്നു.. അവളുടെ മുഖത്തെ ഭാവമെന്താണെന്ന് എനിക്ക് മനസിലാവുന്നില്ലായിരുന്നു..

കുറച്ചു സമയത്തെ നിശബ്ദതയ്ക്കു ശേഷം ഞാൻ ചോദിച്ചു.. എന്നാ ജോയിൻ ചെയ്യാൻ പറഞ്ഞത്.. അടുത്ത തിങ്കളാഴ്ച.. ഇനി ഒരാഴ്ചയുണ്ട്..

ഞാൻ മൂളി..

അടുത്ത ശനിയാഴ്ചക്ക് ബാംഗ്ലൂരിലേക്കുള്ള ട്രെയിൻ ടിക്കറ്റ് കിട്ടുമോ.. അവളുടെ ശബ്ദം നേർത്തിരുന്നു.. അവളുടെ സംസാരത്തിൽ നിന്നും അവൾക്കു പോകാൻ തീരെ താല്പര്യമില്ലാത്ത പോലെ..

അത് ശരിയാക്കാം..

വീണ്ടും അവൾ എന്റെ മുഖത്തേക്ക് നോക്കി സംസാരിക്കാൻ ശ്രമിച്ചു എങ്കിലും വാക്കുകൾ കിട്ടാതെ മൗനം പാലിച്ചു.. പിന്നെ വേഗം ഉള്ളിലേക്കു നടന്നു പോയി..

അവൾക്കു പോകാനുള്ള ദിവസങ്ങൾ അടുത്ത് തുടങ്ങിയപ്പോൾ വീട് ആകെ മൗനത്തിൽ ആണ്ട് തുടങ്ങിയിരുന്നു.. ആരും പരസ്പരം സംസാരിക്കുന്നില്ല.. എല്ലാവരുടെ ഉള്ളിലും എന്തോ വിഷമം കടന്നു കൂടിയ പോലെ..

രാത്രി ഉമ്മ റൂമിൽ വന്നു എന്റെ അരികിലിരുന്നു. മോനെ.. അവളെ ആ ജോലിക്ക് പറഞ്ഞയക്കണോ..?

അവളുടെ ഇഷ്ടമല്ലേ ഉമ്മാ.. അവളെ ഇവിടെ പിടിച്ചു നിർത്താൻ നമുക്ക് അധികാരം ഉണ്ടോ..

നിനക്ക് അവളെയങ് കെട്ടിക്കൂടെ.. നല്ല കുട്ടിയാ അവള്..

ഉമ്മ എന്താ ഈ പറയുന്നേ.. അതൊന്നും ശരിയാവില്ല..

ശരിയാകും നിനക്കും അവൾ പോകുന്നതിൽ വിഷമമില്ലേ.. അവൾക്കു ജോലിക്ക് പോകാൻ ആഗ്രഹം ഉണ്ടെങ്കിൽ ഇവിടെ എവിടെയെങ്കിലും ജോലി ശരിയാക്കി കൊടുക്കലോ നിനക്ക്..

ഉമ്മാ അവളുടെ മനസ്സിൽ അങ്ങനെയൊന്നും ഉണ്ടാവില്ല.. വെറുതെ ഇനി ഇത് പറഞ്ഞു അവളെ വിഷമിപ്പിക്കേണ്ട.. ഒരിക്കൽ പറ്റിയ ചതിയുടെ വേദന അവളുടെ മനസ്സിൽ നിന്ന് ഇപ്പോഴും പോയിട്ടുണ്ടാവില്ല.. ഉമ്മ പോയി കിടന്നുറങ്ങിക്കോ.. എല്ലാം വിധി പോലെ വരും.

അവൾക്ക് പോകാനുള്ള ദിവസം നാളെയാണ്..

കിടന്നിട്ട് ഉറക്കം വരുന്നില്ല.. ഡോർ തുറന്നു ബാൽക്കണിയിൽ പോയി ഇരുന്നു.. മനസ്സിൽ ഭാര്യ ആയിരുന്നവളുടെ മുഖം തെളിഞ്ഞു വന്നു.. അവൾ ഇപ്പോൾ എവിടെയായിരിക്കും..മറ്റൊരു പുരുഷന്റെ കൂടെ ജീവിതം ആസ്വധി ക്കുന്നുണ്ടാവാം.. ഇങ്ങനെ ഒറ്റയ്ക്ക് എത്ര നാൾ.. ഫാസിലയോട് മനസ്സിൽ ഒരുപാട് ഇഷ്ടം തോന്നി തുടങ്ങിയിരിക്കുന്നു. എന്റെ മോൾക്ക്‌ നല്ലൊരു ഉമ്മയാവാനും അവൾക്കു കഴിയും.. പക്ഷെ എങ്ങനെ അവളോട്‌ പറയും എന്നിൽ അവൾ ക്കൊരു വിശ്വാസമുണ്ട് വെയ്യ അത് നശിപ്പിക്കാൻ.. ആരോ പിറകിൽ നിൽക്കുന്ന പോലെ തോന്നിയപ്പോൾ തിരിഞ്ഞു നോക്കി..

ഫാസില.

ഞാൻ അവളുടെ മുഖത്തേക്ക് നോക്കി. ആ കണ്ണുകൾ നിറഞ്ഞു തുടങ്ങിരിരുന്നു..

ഞാൻ.. ഞാൻ പോണില്ല..

അതെന്തേ..?

ഞാൻ ആകാംഷയോടെഉള്ളിൽ തികട്ടി വന്ന സന്തോഷം മറച്ചു പിടിക്കാൻ ശ്രമിച്ചു കൊണ്ട് ചോദിച്ചു.. എനിക്ക് നിങ്ങളെ ആരെയും വിട്ടു പോകാൻ തോന്നുന്നില്ല.. അപ്പോഴേക്കും അവൾ വിതുമ്പി തുടങ്ങിരുന്നു..

നീ പോകുന്നത് കേട്ടപ്പോൾ തുടങ്ങിയതാ ഇവിടെ എല്ലാവർക്കും വിഷമം. പിന്നെ നിന്റെ തീരുമാനം തിരുത്താൻ ഞങ്ങൾക്ക് എങ്ങനെ…. ഞാൻ പാതിയിൽ നിർത്തി..

ഇക്ക എന്നോട് പോകേണ്ടന്നു പറയുമെന്ന് ഞാൻ ആഗ്രഹചിരുന്നു..

അവളുടെ ശബ്ദം പതിഞ്ഞതായിരുന്നെങ്കിലും എന്റെ മനസിൽ എവിടെയോ പ്രകമ്പനങ്ങൾ സൃഷ്ടിച്ചു..

ഞാൻ അവളുടെ അരികിൽ വന്നു നിന്നു.

നിനക്ക് എന്നേ ഇഷ്ടപ്പെടാൻ കഴിയുമെങ്കിൽ നമ്മുക്ക് ഒരുമിച്ചൂടെ..

എങ്ങനെ നിന്നോട് പറയുമോന്നോർത്തിട്ടാ ഞാൻ ഇത് വരെ മൗനം പാലിച്ചത്..

ഞാൻ അവളുടെ മുഖത്തേക്ക് നോക്കി..

നമ്മളെ ചതിച്ചവർ ഒക്കെ സുഖമായി ജീവിക്കുന്നു.. നമ്മുക്കും ജീവിക്കണം സന്തോഷമായി തന്നെ.. അവരുടെ മുമ്പിൽ കാണിച്ചു കൊടുക്കണം നമ്മൾ തളർന്നിട്ടില്ല ന്ന്..

എനിക്ക് സമ്മതമാണ്..

അവളുടെ മറുപടി പെട്ടന്നായിരുന്നു..

ഇപ്പോൾ ഈ ലോകത്ത് എനിക്ക് ഏറ്റവും വിശ്വാസം ഉള്ളത് ഇക്കയെയും ഈ വീട്ടുകാരെയുമാ.. ഈ സ്നേഹം കണ്ടില്ലന്നു നടിക്കാൻ എനിക്ക് വെയ്യ.. കരഞ്ഞു കൊണ്ട് അവൾ എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി..

അവളുടെ മുഖം കയ്യിലെടുത്തു ഞാൻ നെറുകയിൽ ചുംബിച്ചു.. ഞങ്ങൾ പരസ്പരം കൈകൾ കൊണ്ട് വലയം ചെയ്തു.. ചന്ദ്രന്റെ മങ്ങിയ വെളിച്ചത്തിൽ ഞങ്ങളുടെ നിഴലുകൾ ഒറ്റ ശരീരം പോലെ തോന്നിച്ചിരുന്നു…

ശുഭം

Related Posts

Leave a Reply

Your email address will not be published. Required fields are marked *