അശ്വതി ~ ഭാഗം 01 ~ എഴുത്ത്: മാനസ ഹൃദയ

“ദേവേട്ടാ…കയ്യിന്നു വിടുന്നുണ്ടോ….അല്ലെങ്കിലേ നമ്മൾ തമ്മിലുള്ള പ്രണയം വീട്ടുകാർക്ക് ഒഴിച്ച് നാട്ടുകാർക്ക് മുഴുവൻ അറിയാം…ഇനി ഈ ഇടവഴിയിൽ വച്ചുള്ള സംസാരോം കൂടി ആരെങ്കിലും കണ്ടോണ്ട് വന്നാൽ പിന്നെ അത് മതി…. “

ചുറ്റുപാടും നോക്കി തന്നെ മുറുകെ പിടിച്ചിരിക്കുന്ന ദേവന്റെ കയ്യിൽ നിന്നും പിടിവിടാൻ പാട് പെട്ടുകൊണ്ട് അശ്വതി പറഞ്ഞു…..

“ഓഹോ അപ്പോൾ ആരെങ്കിലും കണ്ടില്ലെങ്കിൽ മോൾക് കുഴപ്പമില്ല അല്ലെ…എന്തായാലും ഈ ശ്രീമംഗലത്തു വീട്ടിൽ ദേവൻ… പുത്തൻ പുരയിലെ ഈ പി പി അശ്വതിയെ മാത്രമേ കെട്ടുകയുള്ളു… പിന്നെന്താ… എല്ലാവരും കാണട്ടെ…. എന്നിട്ട് നിന്റച്ഛനോട് പറയട്ടെന്നെ…അപ്പോൾ പിന്നെ എല്ലാം എളുപ്പമായല്ലോ… ഒളിച്ചും പാത്തും ന്റെ പീ പീ നെ കാണാൻ വരണ്ടല്ലോ… “

അത് കേട്ടതും അശ്വതിയുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു….. അവൾ ദേവന്റെ ചെവിയിൽ കൈ തിരുകി….

“എടാ ദേവൻ മോനെ നിന്നോട് ഞാൻ പലപ്പോഴും പറഞ്ഞിട്ടില്ലേ പി പി അശ്വതിന്നു വിളിക്കരുത് ന്നു….. എപ്പോഴും ഒരു പി പി അശ്വതി…. “

” ആഹ്… വിട്…. നീറുന്നു …. ന്റെ പൊന്നല്ലേ ചെവി പുകയുന്നേടി… ദേ ഞാൻ കൈ വിട്ടു…. മോൾ പൊയ്ക്കോ…. “

അപ്പോഴേക്കും അശ്വതി അവന്റെ കൈകളിൽ നിന്നും ഇളകി ഓടി….

“എടാ ദേവേട്ടാ നീ ഇനിയും വാ…. ട്ടോ ആ ചെവി തിരിച്ചു ഞാൻ പൊന്ന് ആക്കി തരും “

തിരിഞ്ഞു നോക്കികൊണ്ടവൾ വിളിച്ചു പറഞ്ഞു

” നി പോടീ പീ പീ……ഇനിയും വിളിക്കും ഞാൻ.. ആഹ്…. വേദനിച്ചിട്ട് വയ്യാ… “

അവൻ നടന്നു പോവുന്ന അച്ചുവിനെ ഒന്നുകൂടി നോക്കി…….

“ഡി അച്ചുവേ… തന്നിട്ട് പോടി കുരിപ്പേ “

അത് കേട്ടതും ഓട്ടം പകുതി വച്ചു നിർത്തി കൊണ്ട്.. അവൾ തിരികെ നടന്നു… എന്നിട്ട് ദേവന്റെ മുഖത്ത് ഒരു കടി വച്ചു കൊടുത്തു….

“ഇന്നീ കടിയെ ഉള്ളു ന്റെ ദേവൻ മോനു…. പി പി അശ്വതി ന്നു ഇനിയും വിളിക്ക് കേട്ടോ…കടിച്ചു ഞാനാ വെളുത്ത കവിൾ പൊട്ടിച്ചു വെക്കും നോക്കിക്കോ….. അപ്പോൾ നാളെ കാണവേ.. റ്റാറ്റാ…. ” അതും പറഞ്ഞവൾ നടന്നു നീങ്ങി…

***************

ദേ.. ഇവളാണ് അശ്വതി… പുത്തൻ പുരയിൽ മാധവൻ മാഷിന്റെയും, ഭവാനിയമ്മയുടെയും ഒരേ ഒരു മകൾ…. ഇപ്പോൾ ഡിഗ്രിക്ക് പഠിക്കുന്നു… വെളുത്തു മെലിഞ്ഞു നല്ല പളുങ്കു പോലുള്ളൊരു പെണ്ണ്…. അവളുടെ അച്ഛൻ മാധവൻ മാഷ് ഇപ്പോൾ സ്കൂളിൽ നിന്നും വിരമിച്ചു പറമ്പും, കൃഷിയിടവുമൊക്കെ നോക്കി നടത്തുന്നു….ഒറ്റ മകളായി വളർന്നതിന്റെ കുറച്ചു കുറുമ്പും വാശിയുമൊക്കെ നമ്മുടെ ഈ അശ്വതിക്കുണ്ട്…

പിന്നെ നമ്മുടെ ദേവനും നാട്ടിലെ ഒരു പ്രമാണി തന്നെ… ആളു ചില്ലറക്കാരനല്ല, ഒരു അധ്യാപകനാണു… ചെറിയ പ്രായത്തിൽ തന്നെ പഠിച്ചു ജോലി നേടി…. എന്ന് വച്ചു അതിന്റെ ഒരു അഹങ്കാരവും ദേവനില്ലാട്ടോ…സ്വന്തം അമ്മയെയും നോക്കി സുഖമായി കഴിയുന്നു…..

അശ്വതിയും ദേവനുമായുള്ള പ്രണയം തുടങ്ങിയിട്ട് ഏകദേശം രണ്ട് വർഷം മാത്രമേ ആയുള്ളൂ.. എങ്കിലും മുൻജന്മ ബന്ധം പോലെ അവരുടെ പ്രണയം അത്രയും ആർദ്രമാണ്….ദേവൻ ആളൊരു അധ്യാപകനാണെങ്കിലും അശ്വതിടെ കൂടെയായാൽ അതൊന്നും വിഷയമേയല്ല…ആടിയും പാടിയും,ചിണുങ്ങി കളിച്ചും….. എന്താ പറയാ.. കുഞ്ഞുങ്ങളെക്കാളും നിഷ്കളങ്കതയാണ് അപ്പോൾ അവനു….

*****************

“അച്ചുവേ……… ” അവിടെ നിക്കെടി…. ഒരു സാധനം തരാൻ മറന്നു…. “

ദേവൻ കിതച്ചു കൊണ്ട് അവളുടെ പിന്നാലെ ചെന്നു….

“എന്റെ ദേവേട്ടാ വെറുതെ കയ്യിൽ പിടിച്ചു വയ്ക്കുന്ന സമയം തരാനുള്ളതൊക്കെ തരികയല്ലേ വേണ്ടേ… എന്നിട്ട് ശൃംഗരിക്കാൻ നിന്നോളും… വേഗം താ…എന്താണെന്ന് വച്ചാൽ.. “

“നിക്കെടി പെണ്ണേ ഞാൻ ശ്വാസം ഒന്ന് നേരെ വിടട്ടെ… ദേ… ഇത് അമ്മ തന്നയച്ചതാ നിനക്ക്.. വീട്ടിലെ മുല്ല പൂത്താൽ തരണമെന്ന് പറഞ്ഞിട്ടില്ലേ… നോക്ക്.. നല്ല മാലയാക്കി കൊടുത്ത് വിട്ടിട്ടുണ്ട് ഭാവി മരുമോൾക്ക് വേണ്ടി…. “

ഒരു കള്ള ചിരിയോട് കൂടി വാഴയിലയിൽ പൊതിഞ്ഞ ആ മുല്ലമാല ദേവൻ അശ്വതിക്ക് കൊടുത്തു…. അപ്പോഴേക്കും അവളുടെ കണ്ണുകൾ വിടർന്നിരുന്നു….

” ദേവേട്ടാ ന്ത്‌ മണമാ ല്ലെ..”

കൈ കുമ്പിളിൽ എടുത്ത് മണപ്പിച്ചു കൊണ്ടവൾ പറഞ്ഞു…..

” പിന്നെ മുല്ലക്ക് ചീത്ത ഗന്ധമാണോ …..”

” നി പോടാ… ദേവ… “

“പിന്നെ അമ്മയോട് താങ്ക്സ് പറഞ്ഞേക് കേട്ടോ.. ഇനിയും കോർത്തു വെക്കാൻ പറയണെ… “

” ശെരി അച്ചു… ഇനി ഇവിടെ നിക്കണ്ട.. നേരം ഒരുപാട് വൈകി.. വേഗം വിട്ടോ… ആഹ് പിന്നെ വീട്ടിൽ ചെന്നിട്ടാമ്പോൾ പൂവൊക്കെ ചൂടി ഒരു ഫോട്ടോ അയക്കണേ… “

” ഏറ്റു ദേവൻ മോനെ… അപ്പോൾ പിന്നെ ഒന്നൂടി റ്റാറ്റാ.. “

ആ മുല്ലപ്പൂക്കൾ ദാവണിതുമ്പോട് കൂട്ടി പിടിച്ചു ഇടയ്ക്ക് ദേവനെയും തിരിഞ്ഞു നോക്കി കൊണ്ടവൾ ആ ഇടവഴിയിലൂടെ നടന്നു…

ദേവനുമായുള്ള കളി തമാശകൾ ഓർത്തു അശ്വതിയുടെ മുഖത്തു ഇടയ്ക്കിടെ ചിരി പടർന്നുകൊണ്ടേയിരുന്നു. വീട്ടിലെത്തിയപ്പോഴേക്കും ഉമ്മറത്തുള്ള മുത്തശ്ശിയെ കണ്ടു ആ ചിരി താനേ മാഞ്ഞു… പതുങ്ങി കൊണ്ടവൾ അകത്തേക്ക് കയറി….

” ത്രിസന്ധ്യക്കു മുന്നേ വീട്ടിൽ കേറിക്കൂടെ കുട്ട്യേ…. ഇപ്പൊ എങ്ങോട്ട് പോയിട്ടുള്ള വരവാ”

അത് കേട്ടതും അവൾ ഒന്ന് വിറച്ചു…. മുത്തശ്ശിനെ മാത്രമാണ് അശ്വതിക്ക് കുറച്ചെങ്കിലും പേടിയുള്ളത്…. ഉള്ളിലെ പരിഭ്രമം മറയ്ക്കാൻ അച്ചു പെടാ പാട് പെട്ടു….

” ന്റെ മുത്തശ്ശി… ഞാൻ എവിടെയും പോയിട്ടില്ല… ചിന്നൂടെ വീട്ടിൽ … ദാ നോക്ക് മുല്ല..ഇത് വാങ്ങിക്കാൻ പോയതാ….

പിന്നെ അവളുടെ അമ്മ ചായ കുടിചിട്ട് പോയാൽ മതീന്ന് പറഞ്ഞു…അതാണ്‌ കുറച്ചു വൈകിയേ…. “

എന്തൊക്കെയൊ തട്ടികൂട്ടിയവൾ പറഞ്ഞൊപ്പിച്ചു…

” ആ…മതി മതി… അകത്തേക്ക് ചെല്ല്..ഒരാൾ വന്നിട്ടുണ്ട്… നിന്നെ കാണാഞ്ഞിട്ട് ചോദിച്ചു… “

” ഓഹോ എന്നെ കാണാൻ ആളുകളൊക്കെ വരാൻ തുടങ്ങ്യോ…അതാരാണ്… “

“ചെന്ന് നോക്ക്… സാവിത്രിയും വിഷ്ണുവും വന്നിട്ടുണ്ട്…. “

” ഏഹ്….. വിച്ചനോ … “

അതും പറഞ്ഞു കൊണ്ടവൾ ധൃതിയിൽ അകത്തേക്കോടി…. മാധവൻ മാഷിന്റെ പെങ്ങളാണ് സാവിത്രി.. അവർക്കും ഒറ്റ മകൻ മാത്രമേയുള്ളൂ…അതാണ് വിഷ്ണു.

അച്ചുവിനെക്കാൾ നാലു വയസ് കൂടുതലാണ് വിഷ്ണുവിനു.. ഇപ്പോൾ എംബിബിസ് നു പഠിക്കുന്നു…. ഇടയ്ക്ക് രണ്ട് പേരും തറവാട്ടിൽ താമസിക്കാൻ വരും… അന്ന് അച്ചൂന് പൂരമാണ്… ഊണും ഉറക്കവുമെല്ലാം വിച്ചു എന്ന വിഷ്ണുന്റെ കൂടെ…. രണ്ട് പേർക്കിടയിലും ഒരു ഒളിച്ചു വെക്കലുമില്ല… പരസ്പരം തുറന്നു പറയുന്ന കൂട്ടുകാരെ പോലെ…അവൻ വന്നു കഴിഞ്ഞാൽ അമ്പലകുളത്തിലും, വയലിലും ഓക്കേ ചുറ്റിയടിയാണ് രണ്ട് പേർക്കും പണി….

” അല്ല ഏട്ടത്തി .. അച്ചു മോൾ ഇതെവിടെ പോയി.. “

ചായ കുടിക്കുന്നതിനിടയിൽ സാവിത്രി ചോദിച്ചു…..

‘”ഞനിവിടെ ഉണ്ടേ… ” അച്ചു ഇടയിൽ കയറി പറഞ്ഞു…

” ആഹാ…. ഇതെവിടെ പോയി ചുറ്റിട്ട് വരുവാ… “

” ഏയ്… ഞാൻ ചിന്നൂടെ വീട്ടിൽ…. ചുമ്മ ഒന്നു പോയി…. വല്യമ്മ കുറെ നേരായോ വന്നിട്ട്..”

ആഹ് കുറച്ചു നേരായി…

അപ്പോഴും അച്ചുവിന്റെ കണ്ണുകൾ അങ്ങിങ്ങായി തിരയുകയായിരുന്നു….

“വിച്ചൻ എവിടെ… വല്യമ്മേ “

“ആഹ് അവൻ നിന്റെ മുറിയിൽ തന്നെ കാണും… ഇവിട വന്നാൽ അവിടമാണല്ലോ അവനു പ്രിയം… പോയി നോക്ക് “

” ആഹ് ഞാൻ വിച്ചേട്ടനെ പോയി കാണട്ടെ….. “

അതും പറഞ്ഞവൾ കോണി പടികൾ കയറി മുറിയിലേക്ക് ചെന്നു…..

” ഡാ വിച്ചാ………. “

തുടരും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *