മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….
“എനിക്ക് അശ്വതിയെ വിവാഹം കഴിക്കാൻ താല്പര്യം ഇല്ലെങ്കിലോ… “
വിഷ്ണുവിന്റെ ആ ചോദ്യം കേട്ടു എല്ലാവരും ഒന്ന് ഞെട്ടി….
“എന്താടാ നീ പറഞ്ഞത്… അശ്വതിയെ വിവാഹം കഴിക്കാൻ താല്പര്യം ഇല്ലായെന്നോ.? വിഷ്ണുവിനെ പിടിച്ചു കുലുക്കികൊണ്ട് സാവിത്രി ചോദിച്ചു…
“എത്ര നാളായി ഞങ്ങളെല്ലാവരും സ്വപ്നം കാണുവായെന്ന് അറിയോ നിങ്ങടെ വിവാഹം…. എന്നിട്ട് ഇപ്പോൾ…. നിനക്ക് വേണ്ടായെന്നോ…നടക്കില്ല വിഷ്ണു…..നിന്റച്ഛൻ പോലും ഇതിനു സമ്മതിക്കില്ല….. “
“അങ്ങനെ നിങ്ങടെ ഇഷ്ടത്തിന് വില വച്ചു കൊണ്ട് എനിക്കിവളെ കല്യണം കഴിക്കാൻ പറ്റില്ല… എനിക്കും എന്റേതായ ഇഷ്ടങ്ങളും ആവശ്യങ്ങളുമുണ്ട്..”
വിഷ്ണു അത്രയും പറഞ്ഞതും സാവിത്രി പൊട്ടിക്കരയാൻ തുടങ്ങി….
“അശ്വതി മോൾക്കു ആശ കൊടുത്തിട്ട് നീ അതിനെ ഒഴിവാക്കുവാണോ….അപ്പോൾ പിന്നെ ഞാൻ നേരത്തെ അകത്തേക്ക് വരുമ്പോൾ കണ്ടതിനൊക്കെ അർത്ഥമെന്താ വിഷ്ണു…..അതിനെ മോഹിപ്പിച്ചതെന്തിനാ? സാവിത്രിയുടെ ദഹിപ്പിക്കുന്ന നോട്ടം കാണാവയ്യാതെ വിഷ്ണു മുഖം തിരിച്ചു….
“ഞാൻ ആർക്കും ഒരു വാഗ്ദാനവും കൊടുത്തിട്ടില്ല… അശ്വതിയെ ഒരു പെങ്ങളായി മാത്രമേ കണ്ടിട്ടുള്ളു..ഇനിയും അങ്ങനെയേ കാണാൻ പറ്റുകയും ഉള്ളു…”
വിഷ്ണുവിന്റെ മറുപടി എല്ലാവരെയും വിഷമത്തിലാക്കി…. സാവിത്രി അവനു നേരെ കയ്യോങ്ങിയതും മുത്തശ്ശി തടുത്തു…
“വേണ്ട…. അവനെ തല്ലേണ്ട… ഇപ്പോഴത്തെ പിള്ളേരല്ലേ… അവർക്ക് ഈ ബന്ധങ്ങളുടെ വില ഒന്നും മനസിലാവില്ല….മാധവന് ആണായിട്ടും പെണ്ണായിട്ടും ഒന്നിനെ കൊടുത്തു… അതിനെ നമ്മുടെ കുടംബത്തിലേക്ക് തന്നെ പറഞ്ഞു വിട്ടാൽ അത്രയും മനസമാധാനം എന്നു കരുതിയാ കുഞ്ഞിനാളിലേ എല്ലാം പറഞ്ഞു വച്ചത്…. എന്നിട്ടിപ്പോ….
വിഷ്ണു നീ അശ്വതി മോളോട് ഇങ്ങനൊരു ചതി ചെയ്യാൻ പാടില്ലായിരുന്നു…ആശിച്ചു മോഹിച്ചു നിന്നിട്ട്…. എന്റെ കുട്ടിയെ സങ്കടത്തിലാക്കിയില്ലേ….. “”
കണ്ണട അഴിച്ചു മാറ്റി കണ്ണീർ തുടച്ചു കൊണ്ട് മുത്തശ്ശി പറഞ്ഞു. വിഷ്ണു മുത്തശ്ശിയുടെ അടുത്തേക്ക് ഒന്നുകൂടി നീങ്ങി….
“എനിക്ക് അച്ചുവിനെയോ അവൾക്കെന്നെയൊ അങ്ങനെ സങ്കല്പിക്കാനാവില്ല മുത്തശ്ശി….കാരണം അവൾക്ക് മറ്റൊരാളെ ഇഷ്ടമാണ്… ” അപ്പോഴേക്കും ഒരു ഞെട്ടിതരിപ്പിൽ രാത്രിയുടെ ഏകാന്തത മാത്രമായി അവിടം മാറി. എല്ലാവരും ഒരുനിമിഷം വിഷ്ണുവിന്റെ വാക്കുകൾക്കായി കാതോർത്തു…….
“അതെ മുത്തശ്ശി…. അവൾക്കു ദേവനെ ഇഷ്ടമാണ്…. “
“ഏത് ദേവൻ? “
അടുത്ത ചോദ്യം ഉയർന്നത് മാധവൻ മാഷിന്റെ വക ആയിരുന്നു..
“ശ്രീമംഗലത്തു വീട്ടിൽ ദേവൻ… “
എല്ലാം കേട്ടുകൊണ്ട് അകത്തളങ്ങളിലെ ചുവരിൽ ചാരി നിൽക്കുക ആയിരുന്നു അച്ചു. എല്ലാവരും നിശബ്ദരായതും അച്ചുവിന്റെ അടക്കി വച്ച സങ്കടം മുഴുവൻ മഴ ആയി പെയ്തു…. എത്ര കടിച്ചമർത്തിയിട്ടും തേങ്ങൽ മുറിഞ്ഞു മുറിഞ്ഞു പുറത്തേക്ക് ചാടി..പിന്നെ തെല്ലൊന്ന് ആലോചിച്ച ശേഷം കണ്ണീരു തുടച്ചു കൊണ്ട് ഒരു കുറ്റവാളിയെ പോലേ ഉമ്മറത്തേക്ക് വന്നു…. തന്റെ മേലുള്ള എല്ലാവരുടെയും നോട്ടം കണ്ടതും പേടിച് കൊണ്ടവൾ വിച്ചന്റെ പിറകിലേക്ക് ഒളിച്ചു……
“ഒന്നേ ഉള്ളു എന്നു പറഞ്ഞു കൊഞ്ചിച്ചു വച്ചിട്ടിപ്പോ എന്തായി…. മുതിർന്നവരുടെ വാക്കിന് വില കല്പിക്കുന്നുണ്ടോ…. മുഖമടിച്ചു ഒന്നു കൊടുത്താൽ തീരുന്ന പ്രശ്നമേയുള്ളൂ ഇവൾക്ക്…..അല്ല… എന്റെ മോനു എന്താ ഒരു കുറവ്.. അവൻ ഡോക്ടർ ആകാൻ പോകുവാ… ദേവൻ ഒരു സ്കൂൾ മാഷല്ലേ….” ‘
സാവിത്രിയുടെ വാക്കുകൾ അതിരുകൾ ഭേദിച്ചതും വിഷ്ണുവിനു അരിശം അടക്കാൻ ആയില്ല….
“അമ്മ ഒന്നു നിർത്തുന്നുണ്ടോ…പരസ്പരം ഇഷ്ടം തോന്നാത്ത ആൾക്കാരെ തമ്മിൽ ഒരുമിപ്പിച്ചിട്ടു എന്താണ് കാര്യം ….. “
“ദേവനു അശ്വതിയെ ഇഷ്ടമാണ്.. പറയത്തക്ക ഒരു കുറവുകളും അവനില്ല….ഇതിനു ഒരു ഉത്തരം കാണേണ്ടത് അമ്മ അല്ല…. അതിനിവിടെ അശ്വതിയുടെ അച്ഛൻ ഉണ്ട് .. അമ്മായി ഉണ്ട്…. അവരാണ് തീരുമാനിക്കേണ്ടത്…..”
അതൊക്കെ കേട്ടതും അച്ചു മാധവൻ മാഷിന്റെ മുഖത്തേക്ക് നോക്കി… ആ മുഖത്തു നിഴലിച്ച വിഷാദം അവളിൽ നോവായി മാറി ……
“അഛെ…. “
അവളാ നെഞ്ചിൽ പോയി ചാരി…
അത്രക്ക് ഇഷ്ടപെട്ടു പോയതോണ്ടാ അച്ഛേ…..അല്ലാതെ നിങ്ങളെ വിഷമിപ്പിക്കാനല്ല…..എന്നെ വഴക്ക് പറയല്ലേ അച്ഛാ…. എനിക്ക് സഹിക്കില്ല…. നിക്ക് നിങ്ങളെയും എന്റെ ദേവട്ടെനെയും ഒരുപോലെ ഇഷ്ടാണ്… സമ്മതിക്കണേ അച്ഛാ.. ഈ ജന്മം എനിക്ക് ദേവേട്ടനല്ലാതെ മറ്റൊരാളെ സങ്കല്പിക്കാൻ ആവില്ല….
അച്ചു മാഷിനെ കെട്ടിപിടിച്ചു കരഞ്ഞു…. പിന്നെ ആ കാൽക്കൽ വീണു…അവളുടെ കരച്ചിലിൽ മാധവൻ മാഷിന്റെ ഉള്ളു പിടഞ്ഞു…. എപ്പോഴും ചിരിച്ചുകൊണ്ട് നിക്കുന്ന അച്ചുന്റെ കണ്ണ് നനഞ്ഞപ്പോൾ ആ കണ്ണുകളിലും ഉറവ പൊട്ടി . ഒരു ചെറു വിറയലോടെ അച്ചുവിനെ പിടിച്ചെഴുന്നേൽപ്പിച്ചു,… പിന്നെ ഒന്നും പറയാതെ അകത്തേക്ക് പോയി…
🌺🌺🌺🌺🌺
മുറിയിൽ കിടന്നു കൊണ്ട് തലയിണയിൽ മുഖം പൂഴ്ത്തികരയുകയായിരുന്നു അച്ചു… വിഷമവും സങ്കടവും കാരണം അന്ന് അച്ചു ദേവനെ വിളിച്ചേയില്ല….. കതകിൽ ആരോ തട്ടുന്നത് കേട്ടതും അച്ചു കണ്ണീർ തുടച്ചു വാതിൽ തുറന്നു.. അച്ഛനെ കണ്ടതും അവൾ ചെറുതായൊന്നു പരുങ്ങി. .മാധവൻ മാഷ് മുറിയിലേക്ക് കയറി….എന്ത് സംസാരിക്കണം എന്നറിയാതെ രണ്ട് പേരും മൗനമായി നിന്നു….
“എന്റെ കുട്ടി ഒന്നിന് വേണ്ടിയും വാശി പിടിക്കുന്നത് അച്ഛൻ കണ്ടിട്ടില്ല…. ഇപ്പോൾ ദേവനു വേണ്ടി എന്റെ കാൽക്കൽ വീണെങ്കിൽ എനിക്ക് മനസിലാവും മോൾക്ക് അവനോടുള്ള ഇഷ്ടം…. ദേവൻ നല്ലവനാ…. എന്റെ മോൾക്ക് തെറ്റൊന്നും പറ്റിയിട്ടില്ല….. എല്ലാം ഇനി അതിന്റെ മുറയ്ക്ക് നടക്കട്ടെ…. ദേവനോട് നാളെ വന്നു പെണ്ണ് ചോദിക്കാൻ പറ..വൈകിക്കേണ്ട…. അത് അങ്ങ് നടത്തി തന്നേക്കാം…. “
പിന്നാലെ ഭവാനിയും മുറിയിലേക്ക് വന്നു…
“അതെ മോളെ… നിന്റെഷ്ടം അതാണ് ഞങ്ങൾക്ക് വലുത്…”
സന്തോഷം കൊണ്ട് അച്ചുവിന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു… അവരെ രണ്ട് പേരെയും അച്ചു കെട്ടിപിടിച്ചു…
“എന്നാൽ എന്റെ മോള് കിടന്നോ.. കരഞ്ഞു ഇനിയും ആ മുഖം വിളറിപ്പിക്കേണ്ട…. “
അത്രയും പറഞ്ഞു ഭവാനിയും മാഷും പുറത്തേയ്ക്കിറങ്ങി….
അച്ചു ഫോൺ എടുത്ത് ദേവനെ വിളിച്ചു നടന്ന കാര്യങ്ങളൊക്കെ പറഞ്ഞു….പിന്നെ അവന്റെ മറുപടിക്കായി കാതോർത്തു….
” എല്ലാം ഇത്ര പെട്ടന്ന് നടക്കുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചില്ല… എന്റെ പെണ്ണ്… എന്റെ അച്ചു കുട്ടി… ഈ ദേവന്റെ സ്വന്തമാവാൻ പോവ്വാ… ഞാൻ വരും പെണ്ണേ…. നാളെ തന്നെ….ഇനിയുള്ള നാളുകൾ നമുക്ക് ഉള്ളതാണ്…ഓരോ രാവുകളും ഈ ദേവനും അശ്വതിക്കും ഉള്ളതാണ്….
അപ്പോഴേക്കും ഒരു മന്ദഹാസം അവളുടെ മുഖത്തു വിരിഞ്ഞു.
അന്നു രാത്രിയിൽ അച്ചുവും ദേവനും കുറെ നേരം സംസാരിച്ചു….സന്തോഷവും പരിഭവങ്ങളും… ഉള്ളിലെ സ്നേഹ കൊഞ്ചലുകളും രണ്ടുപേരും മറയില്ലാതെ പങ്കിട്ടു…..
🌺🌺🌺🌺
“നിനക്കെന്താ വിഷ്ണു പ്രാന്താണോ…… ദേ… അശ്വതി ഒറ്റ മോളാ… ഈ കാണുന്നത് മുഴുവൻ അവൾക്കുള്ളതാ…. കൂടെ കൂട്ടിയാൽ അതിന്റെ ഗുണം നമുക്ക് തന്നെയാ… നീ ഇതുപോലൊരു പൊട്ടനായി പോയല്ലോ വിഷ്ണു … ശ്ശേ.. അവൾക്കു വേണ്ടി വാദിച്ചിട്ട് വന്നിരിക്കുന്നു…. “
അരിശം കടിച്ചമർത്തി കൊണ്ട് സാവിത്രി പറഞ്ഞു….
“ഓഹോ അത് ശെരി… അപ്പോൾ സ്വത്ത് മോഹിച്ചു കൊണ്ടാണ് അശ്വതിയോടുള്ള ഈ സ്നേഹം.. കൊള്ളാം അമ്മേ….അവിടെ അരങ്ങേറിയതൊക്കെ അമ്മയുടെ നാടകമായിരുന്നല്ലേ… അശ്വതിക്ക് ആശ കൊടുത്തു… മരുമോളാക്കാൻ സ്വപ്നം കാണുവാ…. എന്തൊക്കെ ഡയലോഗ് ആയിരുന്നു..”
“പുച്ഛം തോന്നുന്നു എനിക്ക് നിങ്ങളെ ഓർത്ത്… ദേവൻ നാളെ വരും…അശ്വതിയുടെയും ദേവന്റേം കാര്യം ഉറപ്പിക്കുകയും ചെയ്യും… പിന്നെ വേറൊരു കാര്യം കൂടി ഉണ്ട്…. നാളെ വൈകുന്നേരം ഞാൻ തിരിച്ചു പോവും… അമ്മയ്ക്ക് താല്പര്യം ഉണ്ടേൽ എന്റെ കൂടെ വരാം… ഇപ്പോൾ പോയി കിടക്കാൻ നോക്ക്…. “
അത്രയും പറഞ്ഞു വിഷ്ണു സ്ഥലം കാലിയാക്കി… എന്തൊക്കെയോ ആലോചിച്ചുറപ്പിച്ച പോലെ, ദേഷ്യം കടിച്ചമർത്തി കൊണ്ട് സാവിത്രി ആ കിടക്കയിൽ ഇരുന്നു…..
തുടരും…