മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
ഉള്ളിലെ വിങ്ങലും സങ്കടവും അടക്കി കൊണ്ട് അച്ചു ജനൽ പാളികൾക്കിടയിലേക്ക് കണ്ണുകൾ നാട്ടു…. മഴ ആർത്തുല്ലസിച്ചു പെയ്യുന്നുണ്ട്….. പക്ഷെ എന്നെത്തെയും പോലെ തന്റെ പ്രണയത്തെ താലോലിച്ചു കൊണ്ടുള്ള മഴ ആസ്വാദനമൊക്കെ അവൾ മറന്നിരുന്നു … വിരഹത്തിന്റെ ഓർമ്മകൾ മാത്രമായാണ് അന്നവ പെയ്തത്…..
കാലം എത്രയോ മുന്നോട്ടു സഞ്ചരിച്ചിരുന്നു…. ഈ വഴിത്താരകൾ ഞങ്ങളുടെ പ്രണയത്തിനായി കൊതിക്കുന്നുണ്ടാവാം….ഞങ്ങളുടെ ചുംബനങ്ങളിൽ നാണിച്ചു നിൽക്കാൻ ആഗ്രഹിക്കുന്നുണ്ടാവാം….. അവർക്കറിയില്ലല്ലോ അത്രമേൽ പ്രിയപ്പെട്ടതൊക്കെയും ഇന്നന്യമാണെന്ന്…. ദേവനും അശ്വതിയും എത്രയോ വിദൂരതയിലാണെന്ന്…..
ഞങ്ങളുടെ പ്രണയം പവിത്രമായിരുന്നു….അതിനു തൂ വെള്ള നിറമായിരുന്നു…..നുള്ളി നോവിക്കുന്ന റോസാ പുഷ്പമല്ല മറിച്ചു എന്നെ തന്നെ മത്തു പിടിപ്പിക്കുന്ന മുല്ലയുടെ ഗന്ധമായിരുന്നു…. ഇന്നാ മണവും എത്രയോ അകലെയാണ്…. രണ്ട് വർഷമായി വെറുതെ പുഷ്പിച്ചു വാടി…. മഴയിൽ കുതിരുകയാണ്… ഈ അച്ചുവിന്റെ പ്രണയം പോലെ…..(ആത്മ )
അച്ചു റേഡിയോ ഓൺ ചെയ്തു..അവളുടെ വിരഹത്തിന്റെ ആക്കം ഒന്നുകൂടി കൂട്ടനെന്നോണം വരികൾ മുഴങ്ങി ..
“ആരും കൊതിക്കുന്നൊരാൾ വന്നു ചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാവാം…..പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി കടന്നെത്തുന്ന പദനിസ്വരം…. പടി കടന്നെത്തുന്ന പദനിസ്വരം….. “
വരികൾ കാതിൽ അലയടിച്ചപോഴെക്കും ആ കണ്ണുകൾ ഈറനണിഞ്ഞു….ഓർമകളിൽ മെല്ലെയവൾ കണ്ണുകൾ അടച്ചു.
🌺🌺🌺🌺🌺🌺🌺🌺
“ദേവേട്ടാ…. അവിടെ നിക്ക്…. ഞാൻ പിടിക്കാം…. “
ചുമരുകൾ പിടിച്ചു വേച്ചു വേച്ചു നടക്കുന്ന ദേവനെ കണ്ടു രേവതി(ദേവന്റെ അമ്മാവന്റെ മകൾ ) പറഞ്ഞു…. അവൾ ദേവന്റെ തോളിലൂടെ കയ്യിട്ടു ചേര്ത്തു പിടിച്ചു…. അവനെ ചെറുതായി താങ്ങി കൊണ്ട് നടുമുറ്റമുള്ള വരാന്തയിലൂടെ നടന്നു…
“മഴ പെയ്തു ഉമ്മറമാകെ വഴുക്കുണ്ട് ദേവേട്ടാ… എല്ലാം ശെരി ആയി വരുന്നതല്ലേ ഉള്ളു..ഇനി വീണ്ടും വല്ലതും പറ്റിയാൽ…. അറിയാലോ എനിക്ക് സഹിക്കാൻ ആവില്ല. “
രേവതി അവന്റെ മുഖത്തു നോക്കി ദയനീയത പ്രകടമാക്കി..
“അഹ്….ഒന്ന് പുറത്തേക്കിറങ്ങണമെന്ന് തോന്നി… മുറിക്കകത്ത് ഇരുന്നു മടുത്തു…. ഈ മഴയും കാറ്റിന്റെ കൊഞ്ചലും എല്ലാം കേൾക്കുമ്പോൾ ഒക്കെ കാണാൻ ഒരു കൊതി .. അതാണ് പിന്നേ ഞാൻ……..
“എന്തുണ്ടായാലെന്താ ദേവേട്ടാ… എന്നെ വിളിച്ചൂടായിരുന്നോ..ഈ രേവതി ഓടി എത്തില്ലേ…? “
“”ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതിയാ… രണ്ട് വർഷമായുള്ള ഈ സ്നേഹോം പരിചരണവും അത്രയ്ക്കായിരുന്നു…എന്റെ ഈ ഉയർത്തെഴുന്നേൽപ്പിന് കാരണം പോലും നീയല്ലേ …. “”
രേവതിയുടെ മുഖത്തു നോക്കി തോളോട് ചേർത്തു പിടിച്ചു കൊണ്ട് ദേവൻ പറഞ്ഞു ….അപ്പോഴേക്കും ആ മുഖം ഒന്നുകൂടി പ്രസാദമായി….
“ദാ…. ഇവിടെ ഇരിക്ക്… മഴയോ.. കാറ്റോ….എന്താണെന്ന് വച്ചാൽ ആസ്വദിക്ക്…. “
ദേവനെ ഉമ്മറത്തെ കസേരയിൽ ഇരുത്താൻ സഹായിച്ചു കൊണ്ട് രേവതി പറഞ്ഞു…..
“അപ്പോൾ നീ എവിടേക്ക് പോവ്വാ… “
“അത് ശെരി…. എന്നും എനിക്കിങ്ങനെ കൂട്ടിരിക്കാൻ പറ്റുവോ…. അടുക്കളയിൽ അമ്മയെ സഹായിക്കണം… പിന്നേ എഴുതാനും പഠിക്കാനും ഒക്കെ ഉണ്ട്…ഞാൻ അച്ഛനെ പറഞ്ഞു വിടാം…പോരെ…. “
“മ്മ്..”
ദേവനൊന്ന് മൂളുക മാത്രം ചെയ്തു…..അമ്മ മരിച്ച ശേഷം മാനസികമായും.. ശരീരികമായും തളർന്നു പോയപ്പോൾ ഈ പെണ്ണാണ് കൂടെ നിന്നത്…. അകത്തളങ്ങളിൽ കിടന്നു വിഷാദമടയുമ്പോൾ ഓരോരോ കവിതകൾ പാടി മനസിന്റെ കറകളെ തുടച്ചു കളഞ്ഞതും അവളാണ്. .. എങ്ങനെ നന്ദി പറയണം ഈ പെണ്ണിനോട്…. ക്ലാസ്സ് കഴിഞ്ഞ് വന്നാലും…. നേരം കിട്ടുമ്പോഴുമെല്ലാം അരികത്തേക്ക് ഓടി വന്നു സമാധാനിപ്പിക്കും…..എനിക്കൊരു പുതു ജീവൻ ഉണ്ടെങ്കിൽ അതിനു കാരണം ഈ രേവതി കുട്ടിയാ…പച്ച കര ദാവണി ചുറ്റി നടന്നു പോവുന്ന അവളെ നോക്കി ദേവൻ മനസ്സിൽ കുറിച്ചു… പിന്നേ ആ പെയ്യുന്ന മഴയിലേക്ക് കണ്ണ് നട്ടു……
🌺🌺🌺🌺
വിഷമിച്ചു തളർന്നു വാടി അച്ചു എപ്പോഴോ മയങ്ങിയിരുന്നു… അതെല്ലെങ്കിലും അങ്ങനെ തന്നെ… ദേവൻ പോയ ശേഷം ആ ചിരിയും കളിയുമൊക്കെ അടങ്ങി…. തുള്ളി ചാടി നടന്നു കുറുമ്പ് കാണിക്കുന്ന അച്ചുവിന്റെ കുസൃതികളെല്ലാം നിലച്ചു…. അച്ചുവിനെ ശാസിക്കാറുള്ള മുത്തശ്ശി അവളെ ഒന്ന് ചിരിച്ചു കണ്ടെങ്കിൽ… അല്ലെങ്കിൽ ഒരു കുറുമ്പി ആയെങ്കിൽ എന്നാഗ്രഹിച്ചു….. സാവിത്രി ഇടയ്ക്കിടെ തറവാട്ടിലേക്ക് വരാറുണ്ടെങ്കിലും അത് കുറ്റം പറയാനായി മാത്രമായി…. എല്ലാത്തിനും കാരണം അച്ചുവിന്റെ ജാതക ദോഷമാണെന്ന് അവർ ആക്രോശിച്ചു….
വിഷ്ണുമായുള്ള വിവാഹം നടത്താൻ തിടുക്കം കാട്ടിയിരുന്ന സാവിത്രി അതിൽ നിന്നും ഒഴിഞ്ഞു മാറി…. അച്ചുവിനു ഏറെ കല്യാണാലോചനകൾ വന്നെങ്കിലും അവളുടെ വാശി എന്നോണം ഒന്നിനും സമ്മതിച്ചില്ല……
“മോളേ ” നെറ്റി തടത്തിൽ കൈ വച്ചു ഭവാനി വിളിച്ചപ്പോഴാണ് അശ്വതി കണ്ണുകൾ തുറന്നത്….. അവൾ അമ്മയുടെ മടിയിൽ തല ചായ്ച്ചു.
“മോളെ നീ ഇങ്ങനെ ഉരുകി തീരുന്നത് കാണുമ്പോൾ ഞങ്ങൾക്കെത്ര വിഷമം ഉണ്ടെന്ന് അറിയോ… കാലം ഇത്രയും ആയില്ലേ…… ഇനിയും അവനെയും പ്രതീക്ഷിച്ചിരിക്കണോ… “
ഭവാനിയമ്മയുടെ വാക്കുകൾ കാതിൽ തുളച്ചു കയറിയത് പോലെ ആണു അച്ചുവിനു തോന്നിയത് .. കരച്ചിൽ ഉള്ളിലടക്കാൻ പാട് പെട്ടു കൊണ്ട് അവളാ മുഖം പൂഴ്ത്തി വച്ചു…
‘”ഒരു കല്യാണത്തെ കുറിച്ചു ചിന്തിക്കാനാണേൽ എന്നോട് പറയേണ്ട…. എനിക്കാവില്ലമ്മേ .. വേറെ എന്തേലും ഉണ്ടേൽ പറയാം….” ആ വാക്കുകളിൽ അവളുടെ സ്വരം ഒട്ടും പതറിയിരുന്നില്ല…
“പിന്നേ സ്വന്തം മകൾ കണ്മുന്നിൽ ഇങ്ങനെ പിടയണ കാണണോ ഞങ്ങൾ “
തെല്ലു ദേഷ്യവും സങ്കടവും നിറച്ചു കൊണ്ട് ഭവാനി പറഞ്ഞു…
“നിന്നെ ഓർത്തു ഞാൻ മാത്രമല്ല .. നിന്റെ അച്ഛൻ കൂടിയുണ്ട്… ഒന്നേയുള്ളൂ എന്ന് വച്ചു ശാസിക്കാഞ്ഞിട്ടല്ലേന്നു പറഞ്ഞു നിന്റെ വല്യമ്മ കളിയാക്കാറുണ്ട്….എല്ലാവരുടെ മുന്നിലും ഇനിയും ആ മനുഷ്യനെ തല താഴ്ത്തിക്കാനാണോ നിന്റെ ഉദ്ദേശം …. എന്നാൽ പിന്ന്നെ ഞങ്ങളെ ഒന്ന് കൊന്നു താ അതാ .. നല്ലത്…. “
സാരി തലപ്പാൽ കണ്ണീർ തുടച്ചു അച്ചുവിനെ മടിയിൽ നിന്നും മാറ്റി ഭവാനി അമ്മ സങ്കടത്തോടെ മുറി വിട്ടു…..
അച്ചു പിന്നെയും കരയാൻ തുടങ്ങി…. ആർക്കും എന്റെ സങ്കടം അറിയേണ്ട… വിവാഹ ജീവിതവും സ്വപ്നം കണ്ടു… പാതി വഴിയിൽ മുറിഞ്ഞു പോയവളുടെ വേദന മനസിലാക്കേണ്ട…. അച്ചുവേന്നുള്ള വിളികളില്ലാതെ….ആ കൊഞ്ചലുകളില്ലാതെ ജീവിക്കാൻ തന്നെ എനിക്ക് മടി തോന്നുവാ … ഭ്രാന്ത് പിടിക്ക്യ എനിക്ക്…പെട്ടെന്നാണ് വിച്ചന്റെ നമ്പർ ഫോണിൽ തെളിഞ്ഞത് …പൊടുന്നനെ തന്നെ അച്ചു കാൾ അറ്റൻഡ് ചെയ്തു……
“അച്ചു………നിനക്ക് ദേവനെ കാണണോ….? ” ഒരു നിമിഷം പോലും പാഴാക്കാതെ അവനങ്ങനെ ചോദിച്ചപ്പോൾ അച്ചുവിന്റെ ഉള്ളൊന്നു തണുത്തു ……..
“എവിടെ വിച്ചാ ദേവേട്ടൻ….. “
“ഞാൻ നാളെ തറവാട്ടിലേക്ക് വരാം…. അപ്പോൾ പറയാം എല്ലാം…. ” കൂടുതൽ ചോദ്യങ്ങൾക്ക് വഴി കൊടുക്കാതെ വിച്ചൻ ഫോൺ വച്ചു.
തുടരും…