അശ്വതി ~ ഭാഗം 08 ~ എഴുത്ത്: മാനസ ഹൃദയ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

ഫോൺ കിടക്കയിൽ ഇട്ടു കൊണ്ട് അച്ചു മുറിയിൽ നിന്നും താഴേക്കിറങ്ങി…. എന്തെന്നില്ലാത്ത സന്തോഷം അവളെ മധുരിപ്പിക്കുന്നുണ്ടായിരുന്നു… ഉള്ളിൽ ഒരായിരം പൂത്തിരികൾ ഒരുമിച്ചു കത്തുന്നുണ്ടായിരുന്നു… ഓടി ചെന്ന് മുത്തശ്ശിയെ കെട്ടിപിടിച്ചു…. ആ കവിളത്തു ഒരു മുത്തം നൽകി…..ഭവാനി അമ്മേടെ അടുത്തു ചെന്നു കവിളിൽ പിടിച്ചു വലിച്ചു…..

“ഇനി ഈ അശ്വതി പഴേ പോലാകും…..രണ്ട് വർഷത്തെ കാത്തിരിപ്പിനു അവസാനമുണ്ടാകാൻ പോവ്വാ… നിങ്ങളൊക്കെ മരിച്ചുന്നും…. എന്നെ ഉപേക്ഷിച്ചു പോയിന്നൊക്കെ പറഞ്ഞുണ്ടാക്കിയ എന്റെ ദേവേട്ടൻ….. വൈകാതെ എന്റടുത്തു എത്താൻ പോവ്വാ …”

കേട്ട വാർത്ത സത്യമാണോ എന്ന രീതിയിൽ ഭവാനി അവളെ തന്നെ നോക്കി…..

“അതെ അമ്മേ…. വിച്ചൻ വിളിച്ചിരുന്നു…. എന്നോട് ദേവേട്ടനെ കാണണോന്ന് ചോദിച്ചു…. നാളെ വിച്ചനിങ്ങു വരും….. ചിലപ്പോൾ അവന്റെ കൂടെ ദേവേട്ടനും കാണുമായിരിക്കും…. എല്ലാം നാളെ അറിയാം… എന്തായാലും ദേവേട്ടനെ കുറിച്ച് കേൾക്കാൻ എങ്കിലും പറ്റിയല്ലോ അത് മതി… “

“ഹാവു… എത്ര നാളായി എന്റെ കുട്ടിയെ ഇങ്ങനൊന്നു തുള്ളിചാടി കണ്ടിട്ട്…. മതി.. ഇനി എനിക്ക് മരിച്ചാലും വേണ്ടീല…. “

ഉള്ളിലെ വിങ്ങലുകൾക്ക് അറുതി ആയെന്നോണം മുത്തശ്ശി പറഞ്ഞു….

“ങേ…. അങ്ങനെ ഇത്ര പെട്ടെന്ന് മരിച്ചാലെങ്ങനാ…. ഞങ്ങടെ കല്യാണം ഒക്കെ കഴിഞ്ഞ്…. എന്റെ മക്കളേം… അവരുടെ മക്കളേം ഒക്കെ കണ്ടിട്ട് പോയ മതി… അല്ലാതെ പരലോകത്തേക്കുള്ള ടിക്കറ്റ് ഇപ്പോഴേ എടുത്ത് വെക്കണ്ടാട്ടൊ…. “

അപ്പോഴേക്കും എല്ലാവരുമൊന്നു ചിരിച്ചു….അവർക്കെല്ലാവർക്കും അച്ചുവിന്റെ ഈ മാറ്റം അത്ഭുതമായി തോന്നി….അന്നവൾ പുറത്തേക്കൊക്കെ ഇറങ്ങി….ദേവനും അശ്വതിയും പതിവ് സല്ലാപം നടത്താറുള്ള ഇട വഴികളിലൂടെയും… വയൽ ചിറകളിലൂടെയും സഞ്ചരിച്ചു…. പഴയ ഓർമകളിലെ മരവിപ്പ് എങ്ങോട്ടാ പോയ പോലെയാണ് അവൾക്കു തോന്നിയത്…. ഇനി ഞാൻ തനിച്ചല്ല ദേവേട്ടനും ഉണ്ടാകാൻ പോകുവാണെന്ന തോന്നൽ അവളിൽ അലയടിച്ചു….അന്നേ ദിവസം അച്ചുവിനു ഒരു തരം അനുഭൂതി ആയിരുന്നു… ഒരു പുതു ജീവൻ വീണ്ടെടുത്ത പോലെ….ആ ദിവസം രാത്രി എത്ര ശ്രമിച്ചിട്ടും ഉറക്കം വന്നില്ല… വിച്ചൻ ഒന്ന് വന്നെങ്കിൽ… ഒന്ന് നേരം വെളുത്തെങ്കിൽ എന്നൊക്കെ ആലോചിച്ചു തിരിഞ്ഞും മറിഞ്ഞും കിടന്നു… പിന്നെ എപ്പോഴോ അവൾ പോലുമറിയാതെ ഉറക്കത്തിലേക്ക് വഴുതി.

🌺🌺🌺🌺🌺🌺🌺🌺🌺

ദേവനെ താങ്ങികൊണ്ട് രേവതി കിടപ്പ് മുറിയിലേക്ക് ചെന്നു.അവനെ അവിടുത്തെ കസേരയിൽ ഇരുത്തി ബെഡ്ഷീറ് കുടഞ്ഞു വിരിച്ചു…അവനെ കിടക്കാനായി സഹായിച്ചു…..

“ഓഹ്…. ഒരു കാര്യം മറന്നു…. കുടിക്കാനുള്ള വെള്ളം കൊണ്ട് വച്ചില്ല…”.

തലയിൽ കൈ വച്ചു കൊണ്ട് രേവതി പോകാൻ തുനിഞ്ഞതും ദേവൻ അവളെ പിടിച്ചു വച്ചു…

“അവിടെ നിക്ക്… എങ്ങോട്ടാ ഈ പോണേ….?

“അല്ല… വെള്ളം വേണ്ടേ….”

അപ്പോഴേക്കും ഒരു മന്ദഹാസം അവളുടെ മുഖത്തു വിരിഞ്ഞിരുന്നു ..

“ഇന്നിനി വെള്ളൊന്നും വേണ്ട… നീ ഇവിടെ ഇരിക്ക്… ഞാൻ ഉറങ്ങി കഴിഞ്ഞ് പോയാൽ മതി..”

“അയ്യടാ… പൂതി കൊള്ളാല്ലോ…. ഒന്ന് പോയെ…. എനിക്ക് പഠിക്കാനുണ്ട്…..”

“എങ്കിൽ പിന്നെ പോയി പഠിച്ചോ….. ഒക്കെ.. ഗുഡ് നൈറ്റ്‌…. ” അതും പറഞ്ഞു ദേവൻ പതിയെ ചരിഞ്ഞു കിടന്നു…

“ഓഹ്… പിണങ്ങേണ്ട…. ഉറങ്ങിക്കോ… ഞാൻ ഇവിടെ ഇരുന്നു പഠിച്ചോളാം…. “

കുറച്ചു സമയം അങ്ങനെ നീങ്ങി .. രേവതി ദേവനെ നോക്കി….

“പിന്നേയ്… നാളെ പുതിയ ഡോക്ടർ വരും കേട്ടോ…ഇവിടെ നിന്നുകൊണ്ടാണ് ഇനി ട്രീറ്റ്മെന്റ്… ദിവസവും എക്‌സസൈസ്‌ എങ്കിലേ… ഈ കയ്യും കാലൊക്കെ പഴേ പോലാകു… ” മറുപടി ഒന്നും കേൾക്കാഞ്ഞു അവൾ ദേവനെ തട്ടി വിളിച്ചു …

“ഞാൻ പറയണ വല്ലതും കേൾക്കുന്നുണ്ടോ ദേവേട്ടാ….? “

“മ്മ്മ്മ്……. മ്മ്.. കേൾക്കുന്നുണ്ട്”

ഉറക്കച്ചടവിൽ അവനൊന്നു മൂളി…പിന്നേ ആ മിഴികൾ മെല്ലെ മെല്ലെ അടഞ്ഞു… അവനെയും നോക്കി കൊണ്ട് രേവതി കുറെ സമയം അങ്ങനേ ഇരുന്നു..ആ നെറ്റിയിൽ മൃദുവായി വിരലോടിച്ചു…. ഒരു ചെറു ചിരിയോടെ താടിയിൽ മെല്ലെ പിടിച്ചു,

“എന്റെ ദേവേട്ടന്റെ അസുഖോക്കേ വേഗം മാറും ട്ടോ… ” അവളാ നെറ്റിയിൽ ചുണ്ടുകൾ അമർത്താൻ തുനിഞ്ഞു…..

“വേണ്ട…… “

രേവതി ചെറുതായൊന്നു ഞെട്ടി….

“ഏട്ടന്റെ പൊന്നല്ലേ…. ചെവിയിൽ പിടിച്ചു വലിക്കെല്ലെടി… ഏഹ്? ദേവൻ മോനോ… ദേവേട്ടാന്ന് വിളിക്കെടി…..ആ….അങ്ങനെ വിളി…… ഏട്ടന്റെ പീ പീ കുട്ടി അങ്ങനെ വിളി…….. അതാണ് ദേവേട്ടനിഷ്ടം… “

“ഓഹ്.. സ്വപ്നം കാണുവാണോ…മനുഷ്യങ്ങു പേടിച് പോയ്‌…ഏട്ടന്റെ പൊന്നല്ലേ എന്നൊക്കെ പറയാൻ മാത്രം അതാരാ? ദേ….. ഈ മനസ്സിൽ ഇനി വേറാരും വേണ്ടാട്ടോ…. അവിടെ ഈ രേവതി എന്നു മാത്രം കൊത്തിവച്ചാൽ മതി…. ആ സ്നേഹോം കുറുമ്പൊക്കെ എനിക്ക് മാത്രം മതി…..അവളാ നെറ്റിയിൽ പകുതിക്ക് വച്ചു മുറിഞ്ഞു പോയ ചുംബനം തിരികെ നൽകി……പിന്നേ വാതിൽ അടച്ചു മുറിയിൽ നിന്നിറങ്ങി……

******************************

“അച്ചുവേ……അവിടെ നിക്ക്… എന്നെ ഇങ്ങനെ പുറകെ നടത്തി നിനക്ക് മതി ആയില്ലേ……. “

“എന്റെ പിന്നാലെ നടക്കേണ്ട… മാഷ് സ്കൂളിൽ പോയെ……. “

ദേവൻ കണ്ണുകൾ വലിച്ചു തുറന്നു. സമയം ഏതാണ്ടൊരു 12മണി കഴിഞ്ഞിരുന്നു…രേവതിയെയും അടുത്തെങ്ങും കണ്ടില്ല.

” ഇതെന്താ ഇപ്പോ ഇങ്ങനൊരു സ്വപ്നം… എന്നെ അവൾ മാഷേന്നൊക്കെ വിളിച്ചതെന്തിനാ….

“അല്ലാ…. ആ പെൺ കുട്ടി ആരാ …? “

എത്ര ശ്രമിച്ചിട്ടും ദേവന് ആ മുഖം ഓർത്തെടുക്കാൻ കഴിഞ്ഞില്ല…. കണ്ണുകൾ അടച്ചു വീണ്ടും സ്വപ്നത്തിലേക്ക് ആഴ്ന്നിറങ്ങാൻ ശ്രമിച്ചെങ്കിലും പിന്നീട് ഒന്നും മനസ്സിൽ തെളിഞ്ഞില്ല..

🌺🌺🌺🌺🌺🌺🌺

“ശ്ശോ…. ഈ സമയം എന്താ.. ഒച്ചിഴയണ പോലാണല്ലോ നീങ്ങുന്നേ… “

“അഹ്… രാവിലെയേ എഴുന്നേറ്റ് ക്ലോക്കും നോക്കി വെറുതെ ഇരുന്നാൽ സമയം നീങ്ങില്ല…. ” അങ്ങോട്ടും ഇങ്ങോട്ടും പരിഭ്രമം നിറച്ചു ഉലാത്തികൊണ്ടിരിക്കുന്ന അച്ചുവിനെ നോക്കി മാധവൻ മാഷ് പറഞ്ഞു …. മറുപടി എന്നോണം അവൾ മുഖം ഗോഷ്ടി കാണിച്ചു…. അങ്ങകലെ നിന്നും ഒരു കാർ വരുന്നത് കണ്ടതും അച്ചു മുറ്റത്തേക്ക് ഇറങ്ങി.. ..

“ദേ…. വിച്ചൻ വന്നുട്ടോ…. “

“ഓഹ്… എന്റെ കുട്ടിയെ…. ഇങ്ങു അകത്തേക്ക് കയറു… അവൻ ഇങ്ങു വരില്ലേ ‘
മുത്തശ്ശിയുടെ വായിൽ ഇരിക്കുന്നത് കൂടി കേട്ടു 😌

കാർ മുറ്റത്തേക്ക് എത്തി… വിഷ്ണു അതിൽ നിന്നിറങ്ങി .. അപ്പോഴും അച്ചുവിന്റെ കണ്ണുകൾ ദേവനെ തിരയുകയായിരുന്നു……

വിഷ്ണു വന്ന സന്തോഷത്തിൽ എല്ലാവരും അവനെ സ്വീകരിച്ചു… ചായ കൊടുക്കുന്ന ബഹളവും തിരക്കുമായി അവിടം മാറി . പാവം… നമ്മുടെ അച്ചുവിനെ ആരും ശ്രദ്ധിച്ചില്ല… അവളുടെ മനസ് തേടുന്നതൊന്നും ആരും വിഷ്ണുവിനോടു ചോദിച്ചുമില്ല…..

ഒടുക്കം അവൾ തന്നെ വിഷ്ണുവിന്റെ അടുത്തേക്ക് ചെന്നു …

‘വിചേട്ടാ…. ദേവേട്ടനെ കാണണോ എന്നു ചോദിച്ചിട്ട്…..?…. എന്നിട്ടെവിടെ… കൂടെ വന്നില്ലേ…? “.

വിഷ്ണു അവളെ ഒന്ന് നോക്കി, ഒന്ന് ചിരിക്കാൻ ശ്രമിച്ചു…. പക്ഷെ അച്ചു അതിലൊന്നും ശ്രദ്ധിച്ചില്ല….

“പറ…. ദേവേട്ടൻ എവിടെ?… എനിക്കിനിയും ക്ഷമിക്കാൻ വയ്യാ … ” കരച്ചിലിന്റെ വക്കത്തോളമെത്തികൊണ്ടവൾ പറഞ്ഞു…. ഇനിയും ഒന്നും പറയാതിരിക്കുന്നതിൽ അർത്ഥമില്ലെന്ന് അവനു തോന്നി…

“അച്ചു….. ഞാൻ പറയുന്നത് മുഴുവൻ നീ ആദ്യം കേൾക്കണം…. എന്തുണ്ടായാലും സാഹചര്യത്തോട് പൊരുത്തപെടാൻ പാകത്തിന് മനസിനെ മാറ്റണം….. ” അവൾ സംശയം നിഴലിച്ച മുഖവുമായി വിച്ചന്റെ വാക്കുകൾക്കായി കാതോർത്തു….

“ഇത്രയും വർഷം ദേവൻ എവിടെ ആയിരുന്നു എന്നതിന്റെ ഉത്തരമാണ് ഞാൻ പറയാൻ പോവുന്നത്…. “

കുറച്ചു സമയത്തെ മൗനത്തിനു ശേഷം വിഷ്ണു പറയുവാൻ തുടങ്ങി .

അന്ന് ദേവനും അമ്മയും കൂടി തറവാട്ടിലേക്ക് പോയി… അവിടെ ചെന്ന് നിങ്ങടെ കാര്യം അമ്മാവൻമാരോടൊക്കെ അറിയിച്ചു….ഒട്ടും വൈകിപ്പിക്കേണ്ട എന്നോണം… ദേവന്റെ രണ്ട് അമ്മാവൻമാരെയും അമ്മായി മാരെയും കൂട്ടി ഇങ്ങോട്ടേക്കു പുറപ്പെട്ടു…. പക്ഷെ വിധി മാറി മറഞ്ഞു….. അവർ സഞ്ചരിച്ചിരുന്ന കാറിനെ ലോറി ഇടിച്ചു തെറിപ്പിച്ചു…അന്ന് ആ ആക്‌സിഡന്റിൽ ദേവൻ മാത്രമാണ് രക്ഷപെട്ടത്…. അവന്റെ തലയ്ക്കു ഗുരുതരമായി പരിക്കേറ്റു കൈ കാലുകൾ തളർന്നു .എങ്കിലും ഇപ്പോൾ ചെറിയ രീതിയിൽ നടന്നു തുടങ്ങീട്ടുണ്ട് .

ഇടി വെട്ടിയ പോലെ അച്ചു ഞെട്ടി പരിഭ്രമിച്ചു… ആ മുഖത്തെ തെളിച്ചം മങ്ങി…. കണ്ണുകളിൽ വേദന പടരുന്നതവൾ അറിഞ്ഞു … ശ്വാസം പോലും ധ്രുത ഗതിയിലായി തളർന്നു കൊണ്ടവൾ വിച്ചന്റെ കയ്യിൽ താങ്ങി…..

“വിച്ചാ….. ഒന്നും വേണ്ടെനിക്ക്… ദേവേട്ടനെ ജീവനോടെ കണ്ടാൽ മതി… എത്ര കാലം വേണേലും ഞാൻ കൊണ്ട് നടന്നോളാം… പൊന്നുപോലെ നോക്കികോളാം… എന്നെ കൊണ്ട് പൊ .. വിച്ചാ…. എനിക്ക് കാണണം…. “

ഇനിഎന്ത് പറയണം എന്നറിയാതെ വിഷ്ണു കുഴഞ്ഞു…കേട്ടു കൊണ്ടിരുന്ന മുത്തശ്ശിയും, ഭവാനിയും, മാധവൻ മാഷുമെല്ലാം ഒരു നിമിഷത്തേക്ക് നിശബ്ദരായി… വിഷ്ണു പതിയെ അച്ചുവിന്റെ പുറത്ത് തട്ടി …

“അച്ചു….വേറൊരു കാര്യം കൂടിയുണ്ട്…. ആ അപകടത്തിനു ശേഷം ദേവന്റെ ഓർമ്മകൾ മങ്ങി. അതിൽ നിയോ…. ഈ നാടോ..ഒന്നും തന്നെയില്ല.. അവന്റെ തറവാട് ആണു അവന്റെ ഓർമ്മയിലെ വീട്…അവിടുത്തെ ആൾക്കാർ പറഞ്ഞു കൊടുത്തതാണ് അവന്റെ ഓർമ്മകൾ…ദേവനെ ചികിൽസിക്കുന്ന ഡോക്ടർ സക്കറിയ മുഖാന്തരമാണ് ഞാനീ കാര്യങ്ങൾ അറിയുന്നത്…..ദേവനെ ഞാനും പോയി കണ്ടിരുന്നു പക്ഷെ അവൻ തിരിച്ചറിഞ്ഞില്ല…. സൊ അലോപ്പതിയിൽ അവന്റെ ഓർമകളെ തിരിച്ചു കൊണ്ടുവരാൻ സാധിച്ചിട്ടില്ല….ഇനി അങ്ങനെ പഴേ പോലെ ആകുമൊന്ന് ചോദിച്ചാൽ ഒരു പത്തു ശതമാനം മാത്രമേ ചാൻസ് ഉള്ളു…..

“അപ്പോൾ ഇനി എന്ത് ചെയ്യും വിച്ചാ….നിക്ക് ദേവേട്ടനില്ലാതെ പറ്റില്ല… ഉറപ്പാ എന്നെ കണ്ടാൽ ദേവേട്ടൻ തിരിച്ചറിയും…. “

“നിന്നെ ഞാൻ കൊണ്ട് പോകാം… ഇനി ദേവന്റെ ട്രീറ്റ്മെന്റ് ചുമതല എനിക്കാണ്….ഇന്ന് തന്നെ നമ്മൾ പോകും… അവിടെ അവന്റെ തറവാട്ടിൽ താമസിക്കും….. പക്ഷെ…. വേറൊരു കുഴപ്പം കൂടിയുണ്ട്…… “

“എന്ത് കുഴപ്പം… ഞാൻ വരും…ആരെതിർത്താലും ഞാൻ വരും…. “

“ആ തറവാട്ടിലെ അഞ്ചു അംഗങ്ങളാണ് മരണപെട്ടത്…. അതൊക്കെയും കയറി വരാൻ പോകുന്ന പെണ്ണിന്റെ ജാതക ദോഷമായാണ് അവർ കണക്കാക്കിയത്. നീ അശ്വതി ആണെന്ന് അറിഞ്ഞാൽ ചിലപ്പോൾ ദേവൻ പോലും നിന്നെ വെറുത്തേക്കാം… കാരണം ഇപ്പോൾ നിന്നോടുള്ള പ്രണയമില്ല …മറിച് അവർ പറഞ്ഞു കൊടുത്ത കാര്യങ്ങൾ….. അവന്റെ അമ്മയുടെ മരണം….. അതിനു കാരണം പോലും ആ പെണ്ണ് കാണൽ ചടങ്ങിന് പുറപ്പെട്ട ശേഷമാണ്….അവന്റെ ഓർമ്മകൾ തിരിച്ചു വന്നാൽ… അങ്ങനെ വന്നാൽ മാത്രം അവൻ നിന്നെ പഴയ അശ്വതി ആയി തിരിച്ചറിയും…. ജാതക ദോഷങ്ങളെക്കാളുപരി പ്രണയമാണ് വലുതെന്നു മനസിലാക്കും…

വിച്ചന്റെ വാക്കുകളോരോന്നും അച്ചുവിനെ കുത്തി നോവിച്ചു….

“ഇത്രയും കാത്തിരുന്നിട്ടും ദൈവം എന്റെ മോളെ എന്തിനാ ഇങ്ങനെ വിഷമിപ്പിക്കുന്നെ ദൈവമേ ” ഭവാനിയമ്മ കരയാൻ തുടങ്ങി….

“പോകാം വിച്ചാ…. ഇന്ന് തന്നെ….”

വാക്കുകൾക്ക് ദൃഢതവരുത്തി തന്നെ അച്ചു പറഞ്ഞു….

“ഇനിയും ഒരു പരീക്ഷണത്തിന് മുതിരാണോ മോളെ…. “മാഷ് ചോദിച്ചു..
“വേണം…. ഇല്ലെങ്കിൽ ഈ അശ്വതിയുടെ പ്രണയത്തിനു അർത്ഥമില്ലാതായി പോവില്ലേ അച്ഛാ… എന്നെ തിരിച്ചറിഞ്ഞില്ലേലും ആ മുഖം എനിക്ക് കാണണം….”

അന്നു വൈകുന്നേരം തന്നെ വിഷ്ണുവും അച്ചുവും ദേവനെ കാണാൻ തിരിച്ചു…. മാധവൻ മാഷിനും അമ്മയ്ക്കും ഉള്ളുരുകിയെങ്കിലും, അവളെ അനുഗ്രഹിച്ചു യാത്രയാക്കി….

തുടരും…..

Related Posts

Leave a Reply

Your email address will not be published. Required fields are marked *