അശ്വതി ~ ഭാഗം 15 ~ എഴുത്ത്: മാനസ ഹൃദയ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

അച്ചു രാവിലെ എഴുന്നേറ്റു അടുക്കളയിലേക്ക് ചെന്നു. ദേവൻ കുടിക്കാതെ വച്ച പാൽ സിംഗിലേക്ക് ഒഴിച്ചു…

ഇത്രയും നാളും വിച്ചന്റെ കൂടെ സഹായത്തിനു വന്നതായത് കൊണ്ട് അടുക്കളയെ കുറിച്ചുള്ള പരിചയമൊന്നും അച്ചുവിന് ഇല്ലായിരുന്നു…..എല്ലാ പാത്രങ്ങളും അങ്ങിങ്ങായി നിരന്നു കിടക്കുന്നത് കണ്ടു അച്ചു അതൊക്കെ എടുത്തു കഴുകി വച്ചു… അപ്പോഴേക്കും സുഭദ്ര വന്നു…..

“””അഹ്… നിന്നെ വിളിക്കാൻ നോക്കുവായിരുന്നു ഞാൻ… ആഹ്… വേഗാവട്ടെ…രാവിലെ കഴിക്കാൻ എന്താണെന്ന് വച്ചാ ഉണ്ടാക്ക്…. ഇനിയിപ്പോ നീ ഉണ്ടല്ലോ…എനിക്കൊന്നിനും വയ്യാ…. രേവതി മോൾ ഉറങ്ങുവാ… അവളെ വിളിച്ചു ശല്യം ചെയ്യണ്ട… അതോണ്ട് എന്റെ പുന്നാര അച്ചു മോൾ തന്നെ എല്ലാം ഉണ്ടാക്കിക്കോ….. “””‘

അച്ചു ചുറ്റുമൊന്ന് നോക്കി…..

“”അല്ല… അമ്മായി… എനിക്കു ഒരു പരിചയം ഇല്ലാത്ത പോലെ തോന്നുവാ…സാധനങ്ങളൊക്കെ എവിടാ….അമ്മായി ഇന്നൊരു തവണ എല്ലാം പറഞ്ഞു താ…. നാളെതൊട്ട് ഞാൻ ഒറ്റയ്ക്ക് ചെയ്തോളാം…. “””

അവൾ സുഭദ്രയോട് കെഞ്ചി…..

“”ദേ… പൊടികളും പച്ചക്കറികളുമെല്ലാം ആ സ്റ്റോർ റൂമിൽ കാണും… അവിടെ ചെന്നു നോക്ക്… എന്നിട്ട് എന്താന്ന് വച്ചാൽ വേഗം ഉണ്ടാക്ക്…. രേവതീടെ അച്ഛൻ ഇപ്പോ എഴുന്നേറ്റു വരും…. ചായ വേണം…. എല്ലാം പെട്ടെന്ന് തുടങ്ങു….. “””

അച്ചുവിന്റെ മറുപടി കേൾക്കാൻ ചെവി കൊടുക്കാതേ അടുക്കള വിട്ട സുഭദ്രയെ നോക്കി നിൽക്കാനേ അവൾക്കായുള്ളു… അത്ര വലിയ പാചകം ഒന്നും അറിയില്ലെങ്കിലും അവൾ എന്തൊക്കെയോ തട്ടി കൂട്ടി ഉണ്ടാക്കാൻ തുടങ്ങി….ഇടയ്ക്കിടെ അമ്മയെ ഓർത്തു കണ്ണിൽ നിന്നും വെള്ളം പൊട്ടി….പിന്നെ അതൊന്നും ഗൗനിക്കാതെ വീണ്ടും പാചകത്തിൽ മുഴുകി….. കുറച്ചു സമയം കഴിഞ്ഞപ്പോഴേക്കും രേവതി വന്നു… അടുക്കള ജോലികളിൽ മുഴുകിയ അച്ചുനെ കണ്ടു സ്തംഭിച്ചു നിന്നു….

“”ചേച്ചി…. എന്തിനാ ഇപ്പോ അടുക്കളേൽ കയറിയെ….അല്ല ബാക്കി എല്ലാവരും എവിടെ….? “”

“ആര്?…. മോൾടെ അമ്മ ഉണ്ടായിരുന്നു… വയ്യെന്ന് പറഞ്ഞു പോയി…സാധനങ്ങളൊക്കെ ഇരിക്കുന്ന സ്ഥലം കാണിച്ചു തന്നു… പിന്നെ പണ്ടത്തെ പോലെ അല്ലല്ലോ.. ഇപ്പൊ ഈ വീട്ടിലേ ഒരംഗം തന്നെല്ലേ ഞാനും…. അപ്പോൾ പിന്നെ അടുക്കളേൽ ഒക്കെ കയറണ്ടെ?? “””

“””എന്റെ ചേച്ചി….. അതിനൊക്കെ ഇവിടെ ആൾക്കാർ ഉണ്ട്.. അമ്മ രാവിലെ ഇടയ്ക്ക് അടുക്കളേൽ കയറുംന്നെ ഉള്ളു…. എല്ലാം വേലക്കാരിയാണ് ചെയ്യാറ്…ഇടയ്ക്ക് വല്ലതും അമ്മ സഹായിക്കും അത്ര തന്നെ.. “””

രേവതി പറഞ്ഞത് കേട്ടപ്പോൾ തന്നെ സുഭദ്ര തനിക്ക് പണി തന്നതാണെന്ന് അച്ചുവിനു മനസിലായി…. ചെറിയൊരു വിഷമം ഉള്ളിൽ തോന്നിയെങ്കിലും ഒരു നെടുവീർപ്പോടെ അതിനെ ഇല്ലാതാക്കി…. രേവതി അവളെ സഹായിക്കാനായി തുനിഞ്ഞു….. അതേ സമയം അവർ പറഞ്ഞതെല്ലാം കേട്ടു നിൽക്കുകയായിരുന്നു സുഭദ്ര .

“””അതേല്ലോ… ഞാൻ വേലക്കാരിയെ പറഞ്ഞു വിട്ടതെന്നയാ…. ഇനിയിപ്പോ വേലക്കാരിയുടെ ആവശ്യം എന്തിനാ… ഇവളുണ്ടല്ലോ.. അത് കൊണ്ട് തന്നെയാ ഞാൻ അങ്ങനെ ചെയ്തത് “”

“””അമ്മ.. ഇത്രയ്ക്കും മനുഷ്യത്വം ഇല്ലാത്തവളായി പോയല്ലോ…. പോയേ… ഞാൻ സഹായിച്ചോളാം ചേച്ചിയെ….. “””

രേവതിക്ക് ദേഷ്യം ഇരച്ചു കയറി…പെട്ടെന്ന് തന്നെ സുഭദ്ര രേവതിയുടെ കയ്യിൽ പിടിച്ചു വലിച്ചു.

“”അമ്മേ…. വിട്….. “””

“””ഞാൻ ദേവനോട് പറയണോ ഇവളുടെ ആൾമാറാട്ട കഥയൊക്കെ….വേണ്ടല്ലോ.. അപ്പോൾ പിന്നെ ന്റെ മോൾ ഇങ്ങു വാ.. ആ പെണ്ണ് തന്നെ എല്ലാം ചെയ്തോളും… “”

രേവതിക്കു സങ്കടം വന്നവൾ അച്ചുനെ നോക്കി…. പൊയ്ക്കോ എന്നച്ചു ദയനീയതയോടെ തലയാട്ടി. നോവ് കൊണ്ടവളുടെ മനം ഉലയുന്നുണ്ടായിരുന്നു…കണ്ണീർ പാടകൾ കാഴ്ചകളെ ഇടയ്ക്ക് മറച്ചിരുന്നു… എങ്കിലും അവൾ അവളുടെ ക്രിയകളിൽ തന്നെ മുഴുകി…..

ദേവൻ രാവിലെ എഴുന്നേറ്റു കുളിയൊക്കെ കഴിഞ്ഞു മുറ്റത്തേക്ക് ഇറങ്ങി….രേവതിയുടെ മുറിയിലേക്കു ചെറിയൊരു നോട്ടം പോയെങ്കിലും അരിശത്തോടെ അതിനെ തടുത്തു….അടുക്കളയിൽ നിന്നും നടുമുറ്റ വരാന്തയിലൂടെ മുറിയിലേക്ക് പോവുകയായിരുന്നു രേവതി…. ദേവനെ കണ്ടെങ്കിലും ഒന്നും മൈൻഡ് ചെയ്യാതെ അവളും മുറിക്കകത്തു കയറി വാതിൽ കൊട്ടിയടച്ചു… സുഭദ്രയോടുള്ള ദേഷ്യവും അതിൽ പ്രകടമായിരുന്നു ….

“”ഹോ… ഈ പെണ്ണിന് എന്നോട് ഇത്രയ്ക്ക് ദേഷ്യം ഉണ്ടോ .. എന്നെ തന്നെ പറഞ്ഞാൽ മതിയല്ലോ….. ഏത് നേരത്താണോ ആവോ അവളുടെ മുറീല് കയറി ചെല്ലാൻ തോന്നിയത്…. “

വീണ്ടും മുറ്റത്തു നിന്നും അവൻ അകത്തേക്ക് കയറി പോയി. അതേ സമയം അടുക്കളയിൽ ചായ ഉണ്ടാക്കുന്ന വേളയിൽ ആയിരുന്നു അച്ചു… ഒരു ഗ്ലാസിൽ അമ്മാവനും മറ്റൊന്നിൽ ദേവന് വേണ്ടിയും പകർന്നു വച്ചു….

“”‘ഇനിയും ജോലി ഒന്നും കഴിഞ്ഞില്ലേ…. പെട്ടെന്ന് നോക്കിക്കേ… മനുഷ്യന് വിശന്നു വയറു കത്തുവാ…. “”

സുഭദ്ര അടുക്കള വരെയൊന്ന് എത്തി നോക്കി പുലമ്പി. പിന്നെ അധിക സമയം അവിടെ താങ്ങാതെ ഭർത്താവിനുള്ള ചായയുമെടുത്തു പോയി… ദേവനുള്ള ചായയും എടുത്ത് കൊണ്ട് അച്ചുവും…

അവൾ മുറിയിൽ ചെന്നു ദേവന് നേരെ ചായ നീട്ടി….. അവൻ അമർഷത്തോടെ അച്ചുവിനെ നോക്കി…

“മ്മ്മ്… എനിക്കു വേണ്ട… അമ്മായി കൊണ്ട് തന്നോളും…. “””

“””അങ്ങനെ പറയല്ലേ….. ഇത് വാങ്ങിക്ക്… എല്ലാം ഞാൻ ആണു ഉണ്ടാക്കിയത്… പോയിട്ടു ബാക്കി പണി ഉണ്ട്….ദേ… ഗ്ലാസ്‌ നല്ല ചൂടാ…. ഞാൻ ഇവിടെ വച്ചേക്കാം “

എന്നും പറഞ്ഞു അവളതു ടേബിളിൽ വെക്കാൻ തുനിഞ്ഞതും ദേവൻ കൈ കൊണ്ട് തട്ടാൻ ശ്രമിച്ചു….

“‘എനിക്ക് വേണ്ടെന്ന് പറഞ്ഞില്ലേ… “””

പെട്ടെന്നുള്ള ആ തടുക്കലിൽ ഗ്ലാസ്‌ വീഴാതിരിക്കാൻ അവൾ ഒന്നുകൂടി മുറുകെ പിടിച്ചു…… ചായ തുളുമ്പി കൈയ്യിലേക്ക് മറിഞ്ഞു. കയ്യിലേറ്റ പുകച്ചിലിൽ അവളുടെ കയ്യിൽ നിന്നും ഗ്ലാസ്‌ നിലത്തു വീണു പൊട്ടി. അച്ചു പൊള്ളിയ കൈ കുടഞ്ഞു…. ആ നീറ്റൽ മുഴുവൻ അവളുടെ കണ്ണിലെ കണ്ണീരായി പ്രതിധ്വനിച്ചു… ദേവൻ പിന്നെയും അവളുടെ മെക്കിട്ട് കേറിയതല്ലാതെ ഒരാശ്വാസ വാക്ക് പോലും പറഞ്ഞില്ല…… അവൾ വീണുടഞ്ഞ ചില്ലു കഷ്ണങ്ങൾ ഓരോന്നായി പെറുക്കി… കണ്ണ് നിറഞ്ഞു തുളുമ്പി കാഴ്ചകളെ മറച്ചിരുന്നു….. ഒരു ചില്ല് കഷ്ണം വിരലിലിന്റെ അറ്റത്തായി തുളഞ്ഞു കയറി ചോര ഒഴുകാൻ തുടങ്ങി…വേദനയാൽ ആ കൈകൾ വിറയാർന്നു… ദയനീയതയോടെ അച്ചു ദേവനെ നോക്കി… അവൻ കാര്യമാക്കിയേ ഇല്ല..ഉള്ള വേദനകളെക്കാൾ ദേവൻ ഒന്ന് ശ്രദ്ധിക്കുക പോലും ചെയ്യാത്തതാണ് അവൾക്ക് തീരാ വേദന ആയത്…

“””ന്നൂല്യ…. ഞാൻ…. നോക്കാഞ്ഞിട്ട…. കൈ ചെറുതായൊന്നു പൊള്ളിയപ്പോൾ….. ന്തോ ഗ്ലാസ് വീണു പോയി…. അതിന്റെ വെപ്രാളത്തിൽ തുളഞ്ഞു കയറിയതാ .. പേടിക്കാനൊന്നുല്ല്യ….. “”””

സ്വയം ആശ്വാസം കണ്ടെത്താനെന്നോണം അവൾ ഓരോന്ന് പുലമ്പി….അത് കേട്ടപ്പോഴേക്കും ചെറിയൊരു അലിവ് ദേവന് തോന്നി… അവൻ അവളുടെ അടുത്തേക്ക് ചെന്നിരുന്നു…. കയ്യിൽ തുളഞ്ഞ ചില്ല് മെല്ലെ വലിച്ചൂരി….ഉപ്പും വെള്ളം എടുത്ത് കൊണ്ട് വന്നു മുറിവിൽ കഴുകി കൊടുത്തു…. ഒരു കോട്ടൺ തുണിയെടുത്തു അവിടെ പൊതിഞ്ഞു. കരഞ്ഞു കലങ്ങിയ കണ്ണുകളിലേക്ക് ഇടയ്ക്ക് അവന്റെ ശ്രദ്ധ പതിഞ്ഞെങ്കിലും കണ്ടില്ലെന്നു നടിച്ചു.. അച്ചു അവനെതന്നെ നോക്കി നിന്നു…..

“”””മ്മ്….പൊയ്ക്കോ….കുപ്പിചില്ലുകൾ ഞാൻ എടുത്ത് കളഞ്ഞോളാം…. “”

എന്നിട്ടും ഗൗരവത്തിനു ഒരു കുറവും വരുത്താതെ തന്നെ ദേവൻ പറഞ്ഞു…അച്ചു മെല്ലെ അവിടെ നിന്നും എഴുന്നേറ്റു വീണ്ടും അടുക്കള ലക്ഷ്യമാക്കി നടന്നു. കൈ പൊള്ളി, മുറിവ് പറ്റിയിട്ടു പോലും സുഭദ്ര അവളെ വെറുതെ വിട്ടില്ല…ഭീഷണിപെടുത്തി കൊണ്ട് ഓരോ ജോലികൾ ചെയ്ച്ചു… ഉച്ചയ്ക്കുള്ള ഭക്ഷണവും അവളെ കൊണ്ട് തന്നെ ഉണ്ടാക്കിച്ചു… തീൻ മേശമേൽ അച്ചു ഒഴികെ എല്ലാവരും നിരന്നിരുന്നു….അവൾ ഓരോരുത്തർക്കായി വിളമ്പി കൊടുത്തു….

“അല്ലാ… മോൾടെ കൈക്ക് എന്ത് പറ്റിയതാ…? “‘

അമ്മാവന്റെ ചോദ്യത്തിൽ അവൾ ഒന്നു പരുങ്ങി…

“‘ഏയ്.. ഒന്നുല്ല… ചെറുതായി ഒന്ന് പൊള്ളി…”

“”എന്നിട്ട് ഈ കയ്യും വച്ചാണോ ജോലികൾ ചെയ്തത്….. “

അച്ചു ഉത്തരമില്ലാതെ തല കുനിച്ചു…ആ തക്കം നോക്കി സുഭദ്ര ഇടയിൽ കയറി.

“”ആ വേലക്കാരി കൊച്ച് ഇന്ന് വരില്ലെന്ന് പറഞ്ഞു… ഞാൻ അടുക്കളേൽ സഹായിക്കാൻ ചെന്നതാ… അപ്പോൾ ഹിമ മോൾ നിർബന്ധിച്ചു എന്നെ അടുക്കളയിൽ നിന്നും പുറത്താക്കി… അല്ലേ മോളെ…… “”

“മ്മ്…. “അച്ചു ഒന്ന് മൂളി…. അവരുടെ അഭിനയം കണ്ടു രേവതി സുഭദ്രയെ നോക്കി….

“‘മോളും ഇരിക്കെന്നെ “”‘

അമ്മാവൻ പറഞ്ഞത് കേട്ട് അച്ചു ഇരിക്കാൻ ശ്രമിച്ചെങ്കിലും സുഭദ്രയുടെ നോട്ടം അവളെ അതിൽ നിന്നും പിൻവലിച്ചു.

“”വേണ്ട അമ്മാവാ…. ഞാൻ പിന്നെ ഇരുന്നോളാം… “”

എല്ലാവരും ഭക്ഷണം കഴിക്കാൻ തുടങ്ങി….

“ശ്ശോ…ഈ കറികൾക്കൊന്നും ഉപ്പ് അത്ര പോരല്ലോ…പിന്നെയി സാമ്പാറിനാണേൽ എരു അധികമാ . “

സുഭദ്ര കുറ്റം പറച്ചിൽ തുടങ്ങി…

“‘എവിടെ.. എനിക്കൊന്നും തോന്നിയില്ലല്ലോ… എല്ലാം വളരെ നന്നായിട്ടുണ്ട്… “”

“”ആണോ … എന്നാ പിന്നെ നമുക്ക് ആ വേലക്കാരിയെ അങ്ങ് പറഞ്ഞു വിടാം.. ഇവൾ തന്നെ ഉണ്ടാക്കട്ടെ….. “”‘

അത് പറഞ്ഞതും അയാൾ സുഭദ്രയെ കടുപ്പിച്ചൊന്ന് നോക്കി…. ഒന്ന് പരുങ്ങിയെന്നവണ്ണം സുഭദ്ര പ്ലേറ്റിലേക്ക് മുഖം പൂഴ്ത്തി കൊണ്ട് കിള്ളി പൊറുക്കി കഴിച്ചു.

🌺🌺

ഊണ് കഴിച്ചു വിശ്രമിക്കാനായി ദേവനും അമ്മാവനും ഉമ്മറത്തിരുന്നു. ഓരോരോ വിശേഷങ്ങൾ പറയാൻ തുടങ്ങി. അതിനിടയിൽ അച്ചുവിനെ കുറിച്ചും സംസാരിച്ചു…

“”മോനെ.. ദേവാ… കാര്യം ഹിമ മോൾ നിന്നെ പരിചരിക്കാൻ വന്നതൊക്കെയാ…ന്നാലും ഇപ്പോൾ അവൾ നിന്റെ ഭാര്യയാണ്… രേവതി വിവാഹത്തിൽ നിന്നും പിന്മാറിയതിന്റെ ദേഷ്യം മുഴുവൻ സുഭദ്ര ആ പാവത്തിനോട തീർക്കുന്നത്. അല്ലേലും ആ കുട്ടി എന്ത് തെറ്റ് ചെയ്തിട്ടാ…? നീ അവളെ കയറി പിടിച്ചിട്ടല്ലേ……””’

ദേവന് ദേഷ്യം വന്നു.

“”അമ്മാവാ… ഞാൻ രേവതി ആണെന്ന് വിചാരിച്ചാ .. പറ്റിപ്പോയി…. “

ഒരു നിരാശ ആ മുഖത്തു പടർന്നു.

“” നീ ആ കുട്ടിയെ അല്ലേ പിടിച്ചേ… അല്ലാതെ അവൾ നിന്നെയല്ലല്ലോ…. അതിനു ഹിമ എന്ത് പിഴച്ചു….രേവതി കല്യാണത്തിൽ നിന്നും പിന്മാറി…. അതിനും അവളല്ലല്ലോ കാരണം.എന്റെ മോൾ കാരണം നീ നിന്റെ ജീവിതം നശിപ്പിക്കരുത്….ഹിമയെ സ്നേഹിക്കണം… ഇന്ന് തന്നെ ഒരു മടിയും കൂടാതെ എല്ലാ ജോലിയും ആ കുട്ടി ചെയ്തില്ലേ…. നിങ്ങൾ തമ്മിൽ രാവിലെ നടന്ന സംസാരോം ദേഷ്യവും ഒക്കെ ഞാൻ കേട്ടിരുന്നു….. നീ കയർത്തു സംസാരിക്കുമ്പോൾ അവൾക്ക് എത്ര വേദനിച്ചു കാണും..ചായ തട്ടികളയാൻ ശ്രമിച്ചപ്പോൾ എത്ര നൊന്തു കാണും…….ഒന്നാമതെ എടിപിടിന്നുള്ള വിവാഹമായിരുന്നു…… മോൻ ഒന്ന് അവളെ കുറിച്ചു ആലോചിച്ചു നോക്ക്….. അപ്പോൾ നിനക്ക് മനസിലാവും “”””

ദേവൻ അമ്മാവൻ പറയുന്നതിനെ കുറിച്ചൊന്ന് ആലോചിച്ചു…

ശെരിയാണ്. ഹിമയെ അമ്മാവൻ മനസിലാക്കിയത്ര കൂടി ഞാൻ തിരിച്ചറിഞ്ഞില്ലല്ലോ…. ഇന്നലെ രാത്രിയും… ഇന്നും…. നോവിക്കുകയല്ലാതെ സ്നേഹത്തോടെ പെരുമാറീട്ടില്ല… അവൾക്കും ആഗ്രഹം കാണില്ലേ…. ശ്ശേ… ഞാനെന്ത് പൊട്ടനാ…. രേവതീടെ മുന്നിൽ അവളുടെ കൂടെ സന്തോഷത്തോട് കൂടി ജീവിച്ചു തീർക്കുകയല്ലേ വേണ്ടേ….. അല്ലാതെ ശോകമടിച്ചു നടന്നിട്ടു ന്ത്‌ കിട്ടാനാ…. “(ആത്മ )

“”മോനെ…. നിങ്ങൾ ഹിമേടെ വീട്ടിൽ ഒക്കെ പോയിട്ടു വാ….. അവളുടെ വീട്ടുകാരെ കൂടി ഒന്ന് പരിചയപെടു… അറിയാലോ ഹിമ ഒറ്റ മോളാ… അവൾ മാത്രമേ അവിടെ കയറി ചെല്ലാനുള്ളു…. അതോണ്ട് നാളെ തന്നെ നിങ്ങൾ പോണം…. ന്നാ ഞാൻ പോയൊന്നു കിടക്കട്ടെ….. “””

അതും പറഞ്ഞു അമ്മാവൻ എഴുന്നേറ്റു. ദേവൻ പിന്നെയും അച്ചുവിനെ കുറിച്ചു ഓർത്തുകൊണ്ടിരുന്നു. .. രാവിലെ നടന്ന സംഭവങ്ങളും… അവളുടെ നിറഞ്ഞ കണ്ണുകളും ഒരു ചെറു നോവായി ഉള്ളിൽ പടർന്നു.

🌺

രാത്രിയിൽ ഹിമയെയും കാത്ത് മുറിയിൽ ഇരിക്കുകയായിരുന്നു ദേവൻ. ജോലി ഭാരമെല്ലാം ഉള്ളതിനാൽ അവൾ കുറച്ചു വൈകിയാണ് അവിടെ എത്തിയത്….ദേവനു അനിഷ്ടമാവേണ്ടെന്ന് കരുതി കൂടുതലൊന്നും പറയാനോ ചോദിക്കാനോ നിൽക്കാനോ അച്ചു നിന്നില്ല. കിടക്കയുടെ ഒരു അറ്റത്തു മാറി കിടന്നു…

“””ഹിമേ…. “””.

അവൻ ആർദ്രമായി വിളിച്ചു…. പക്ഷെ മറുപടിയൊന്നും ഇല്ലായിരുന്നു ..

“‘”എനിക്കറിയാം…. ഞാൻ ചെയ്തത് തെറ്റാണെന്ന്…. എങ്ങനെ ക്ഷമ ചോദിക്കണം എന്നറിയില്ല. രാവിലെ അങ്ങനൊക്കെ സംഭവിച്ചതിനു സോറി. നീ എന്റെ ഭാര്യയാണ്….. പക്ഷെ അതിന്റെതായ പരിഗണനകൾ ഒന്നും ഞാൻ നിനക്ക് നൽകിയിട്ടില്ല….. എന്റെ സ്വാർതഥയ്ക്ക് വേണ്ടി നിന്റെ ജീവിതം ഇവിടുത്തെ അടുക്കളയിൽ മാത്രം ബലിയാടാക്കുവാൻ ഞാൻ ഇനിയും സമ്മതിക്കില്ല…. ഈ ദേവേട്ടന്റെ ഭാര്യയായി… എന്റെ മാത്രം ഹിമ ആയി….ഞാൻ പൊന്നുപോലെ നോക്കിക്കോളാം…. “

അത്രയും പറഞ്ഞിട്ടും പ്രതികരണമൊന്നും കേൾക്കാഞ്ഞവൻ ഹിമയെ തിരിഞ്ഞു നോക്കി….. ക്ഷീണം കാരണം അവൾ മയങ്ങിയിരുന്നു…

“‘ഏഹ്… അപ്പോൾ ഞാൻ പറഞ്ഞതൊന്നും ഇവൾ കേട്ടില്ലേ….?… സാരില്ല… “

ഒരു നറു പുഞ്ചിരിയോടെയവൻ അച്ചുവിന്റെ അടുത്തേക്ക് നീങ്ങി കിടന്നു…പൊള്ളി കുമിള പൊന്തിയ കയ്യിൽ മെല്ലെ തലോടി…. പിന്നെ ആ കൈകളിൽ ചുണ്ടുകളാൽ മുദ്രണം ചെയ്തു… അച്ചുവിനെ മെല്ലെ കെട്ടിപിടിച്ചു…..നെറ്റിയിലെ മുടി മാറ്റി സ്നേഹത്തോടെ ചുംബിച്ചു… പിന്നെ തന്റെ കരവലയത്തിൽ അവളെ ഒന്നുകൂടി ഒതുക്കി കെട്ടി പിടിച്ച് കിടന്നു……

തുടരും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *