എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
എന്നോളം നീളമുള്ള കാരക്കമ്പിന്റെ മേലെ കയറി നിൽക്കുന്ന തെരുവ് അഭ്യാസിയാണ് ഞാൻ. അന്ന്, പ്രകടനം കഴിഞ്ഞ് കിട്ടിയ പണവും കൊണ്ട് ടെന്റിലേക്ക് പോകുമ്പോൾ ഒരു പെൺകുട്ടി എന്നെ കൈകൊട്ടി വിളിച്ചു.
‘കോളേജിൽ വാർഷികാഘോഷമാണ്. ചേട്ടനെ ക്ഷണിക്കാനാണ് ഞങ്ങൾ വന്നത്.’
ഞാനൊക്കെ കോളേജിൽ വന്നിട്ട് എന്ത് കാട്ടാനാണെന്ന് ചോദിച്ചിട്ടും അവളും കൂട്ടരും പിൻവാങ്ങിയില്ല.
‘ഇങ്ങനെ കമ്പിൽ കയറി നിന്നാൽ മതി. വെറുതേ വേണ്ട ചേട്ടാ… പണം തരാം..’
അത് ന്യായം. വയറ്റിൽ പിഴപ്പിന് കസർത്ത് കാട്ടാൻ ഇറങ്ങിയാൽ പിന്നെ എവിടെ ആയാലെന്താണ്! ഞാൻ സമ്മതിച്ചു. അഡ്വാൻസായി ആയിരം രൂപയും തന്നു. ആ പണം സ്വീകരിച്ച് കണ്ണുകളിൽ തൊട്ട് ഞാൻ വണങ്ങി. അവർ പറഞ്ഞ തീയതി തലയിൽ ഒട്ടിച്ചും വെച്ചു.
ആദ്യമായിട്ടായിരുന്നു അങ്ങനെയൊരു അനുഭവം. ഇത്തരത്തിൽ ജീവിതത്തിലെ ഒരു രംഗത്തിലേക്കും ഞാൻ ക്ഷണിക്കപ്പെട്ടിട്ടില്ല. ആരും തേടി വന്നിട്ടുമില്ല. പോകേണ്ടത് കോളേജിലേക്കാണ്. പിള്ളേരെ കൈയ്യിലെടുക്കാൻ പാകം പുതുതായി പലതും ആലോചിക്കേണ്ടിയിരിക്കുന്നു. വീഴാൻ പോകുന്നുവെന്നയൊരു പ്രതീതിയുണ്ടാക്കി ജനത്തെ കൈയ്യിലെടുക്കുന്ന വിദ്യയുടെ ഉച്ചത്തിൽ നിൽക്കുന്ന എനിക്കതിന് പറ്റുമെന്ന് തന്നെ ഞാൻ വിശ്വസിച്ചു. അതിനായി പുതിയ സാഹസിക ഇനങ്ങൾ കമ്പിൽ പരിശീലിക്കുകയും ചെയ്തു.
‘ചേട്ടാ, റെഡിയല്ലേ… നിങ്ങൾ നമ്മുടെ ചീഫ് ഗസ്റ്റാണ്. ഈ ഉടുപ്പിട്ട് വേണം വരാൻ…’
പ്രോഗ്രാമിന്റെ തലേ ദിവസം ടെന്റിലേക്ക് തിരഞ്ഞെത്തിയ ആ പെൺകുട്ടി പറഞ്ഞതാണ്. അതിന്റെയൊക്കെ ആവിശ്യമുണ്ടോയെന്ന ചോദ്യവുമായി ആദ്യമൊക്കെ ഞാൻ വിസ്സമതിച്ചെങ്കിലും അവളുടെ കൂടെ വന്നവർ നിർബന്ധിക്കുകയായിരുന്നു. കുട്ടികളുടെ ഇഷ്ടം പോലെ ആകട്ടേയെന്ന് കരുതി ഞാനത് വാങ്ങി തലയാട്ടി. എന്തെങ്കിലുമൊക്കെ സംസാരിക്കേണ്ടി വരുമെന്നും പറഞ്ഞാണ് അവർ പോയത്.
‘എങ്ങനെയുണ്ട്…?’
കാലിലേക്ക് ചുരുളുന്ന അറ്റമുള്ള വെളുത്ത പാന്റും മഞ്ഞ ജുബ്ബയുമിട്ട് അടുത്ത ടെന്റിലെ പമ്മു മോളോട് ഞാൻ ചോദിച്ചതാണ്. അവൾ അയ്യേയെന്ന് പറഞ്ഞ് കണ്ണുകൾ പൊത്തുകയായിരുന്നു. അല്ലെങ്കിലും, നമ്മൾ തെരുവുകാർക്ക് പുതിയതൊന്നും കണ്ണിൽ പിടിക്കില്ല. ചെരുപ്പ് കുത്തിയായ അച്ഛനും, ബലൂൺ വിൽപ്പനക്കാരിയായ അമ്മയ്ക്കും അപ്പുറം പമ്മുമോൾ കൂടുതലായി ഇടപെട്ടിട്ടുള്ളത് എന്നോടാണ്. ഇവിടെ താമസം ആരംഭിച്ച കാലത്തൊരു പൂച്ചയെ പോലെ പമ്മി പമ്മി ടെന്റിലേക്ക് എത്തിനോക്കുന്ന അവളെ പമ്മൂവെന്ന് വിളിച്ചാണ് ഞാൻ സ്വാഗതം ചെയ്തത്. പമ്മു മോൾക്ക് എട്ട് വയസ്സൊക്കെ ആകുന്നതേയുള്ളൂ…
‘നമസ്ക്കാരം, ആദ്യമായിട്ടാണ് ഇങ്ങനെയൊരു വേഷത്തിൽ… ഇവിടേക്ക് ക്ഷണിക്കപ്പെട്ടതിൽ ഒരുപാട് സന്തോഷമുണ്ട്. സംസാരിക്കാനുള്ള കഴിവൊന്നും എനിക്കില്ല. അറിയുന്നത് ഇത് മാത്രമാണ്. നിങ്ങൾക്കായി ഞാനത് കാണിക്കാം…’
റിഹേഴ്സലെന്ന പോലെ ടെന്റിൽ നിന്ന് ഞാൻ പറഞ്ഞതാണ്. മതി. ഇത്രേം പറഞ്ഞാൽ മതി. എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായിരിക്കുന്നു. കൊണ്ട് പോകാനുള്ള കാരക്കമ്പിൽ വർണ്ണക്കടലാസ്സ് ചുറ്റി വെച്ചിരിക്കുകയാണ്. ആ കോളേജ് കുട്ടികൾ പറഞ്ഞത് വെച്ച് നോക്കിയാൽ വലിയ പരിപാടിയാണ്. പകർത്താൻ ആൾക്കാരൊക്കെയുണ്ടാകും. കൂടുതൽ പേരിലേക്ക് എന്റെ അഭ്യാസം എത്തുകയും ചെയ്യും. ഈ നാൽപ്പതാമത്തെ പ്രായത്തിൽ ജീവിതം മെച്ചപ്പെടുകയാണോയെന്ന് തോന്നിയ രാത്രിയായിരുന്നുവത്. പതിവല്ലാത്ത പുതിയൊരു നാളെയെ സ്വപ്നം കണ്ട് എപ്പോഴോ ഞാൻ ഉറങ്ങിപ്പോയി.
‘ആഹാ.. കൊള്ളാലൊ! കല്ല്യാണം വലതുമാണോ..?’
പിറ്റേന്ന്, നേരത്തിന് കോളേജിലേക്ക് എത്താൻ പുറപ്പെട്ട എന്നോട് തെരുവിലെ പരിചയക്കാരനായ ഒരു കടക്കാരൻ ചോദിച്ചതാണ്. നിനക്ക് ലോട്ടറി അടിച്ചോയെന്ന് മറ്റൊരാളും ചിരിച്ചുകൊണ്ട് ചോദിച്ചു. ബസ്റ്റോപ്പിന്റെ പിറകിലെ കടയുടെ കണ്ണാടിക്കൂടിൽ എന്റെ രൂപം തെളിഞ്ഞപ്പോൾ ഞാൻ നോക്കി നിന്നുപോയി.
എന്റെ മുഖവുമായി മറ്റാരോ മുന്നിൽ നിൽക്കുന്നത് പോലെ..! പുതിയ വേഷവും, ആ മണവും എന്നേയും അസ്വസ്ഥമാക്കാൻ തുടങ്ങിയത് ആ നേരം തൊട്ടായിരുന്നു…
ഏറെ ആലോചിക്കാനുള്ള സാഹചര്യത്തിലേക്ക് എന്നെ തള്ളിയിടാതെ ബസ്സ് വന്നു. അതിൽ കയറി കോളേജ് സ്റ്റോപ്പിലേക്ക് എത്തുന്നത് വരെ വലിയ വെപ്രാളമായിരുന്നു. തുടങ്ങിയാൽ മാത്രം ആളുകൾ കൂടുന്ന തെരുവും, തിങ്ങിനിൽക്കുന്ന ജനങ്ങളുള്ള വേദിയും കടലും കരയും പോലെ വ്യത്യസ്തപ്പെട്ടിരിക്കുന്നു. അങ്ങനെയൊരു അന്തരീക്ഷത്തിൽ നിന്നും ആരഭിക്കണമല്ലോയെന്ന് ഓർക്കുമ്പോൾ പരവേശം തോന്നുകയാണ്. സാരമില്ല. അവസരം വിനിയോഗിക്കുക തന്നെ…
‘ആ, കൃത്യ നേരത്ത് എത്തിയല്ലോ.. വരൂ…’
കോളേജിന്റെ മുറ്റത്ത് എത്തിയപ്പോഴേക്കും അങ്ങനെ പറയാൻ എന്നോണം എന്നെ ക്ഷണിച്ച ആ പെൺകുട്ടി അവിടെ ഉണ്ടായിരുന്നു. അവളും കൂട്ടരും എന്നെ ആനയിച്ച് വേദിയിലേക്ക് കൊണ്ടുപോയി. ചടങ്ങ് തുടങ്ങുന്നതേയുള്ളൂ. പ്രമുഖരാരും എത്തിയിട്ടില്ല. സദസ്സിൽ അവർ ഇരുത്തിയ കസേരയിൽ ക്ഷമയോടെ ഞാൻ ഇരുന്നു. കൈയ്യിലെ കമ്പ് തറയിലും കുത്തി.
‘ആരാ…?’
സംഘാടകനെന്ന് തോന്നിക്കുന്ന തുണി നെഞ്ചിൽ കുത്തിയയൊരു പയ്യൻ അൽപ്പനേരം കഴിഞ്ഞപ്പോൾ അടുത്തേക്ക് വന്ന് ചോദിച്ചതാണ്. ആരാണെന്ന് പറയാൻ അറിയാതെ ഞാൻ ആ പെൺകുട്ടിയെ തിരഞ്ഞു. ഭാഗ്യം..! അവൾ എത്തിയിരിക്കുന്നു!
അവർ തമ്മിലുള്ള സംസാരത്തിന്റെ ഇടയിൽ തീരേ പ്രാധാന്യം അർഹിക്കാത്ത ഇനവും, ആളുമാണ് ഞാനെന്ന് എനിക്ക് മനസ്സിലായി. അല്ലെങ്കിൽ പിന്നെ, വരുന്ന സിനിമാക്കാർക്ക് ഇരിക്കാൻ കസേര തികയാതിരിക്കുമ്പോഴാണ് നിന്റെയൊരു കോപ്പിലെ കമ്പും, ആളുമെന്ന് ആ പയ്യൻ അവളോട് പറയുമായിരുന്നില്ലല്ലോ…
‘വിളിച്ച സിനിമക്കാരാരും വരില്ലെന്ന് പറഞ്ഞത് കൊണ്ടല്ലേ രോഹൻ, നമ്മൾ ഈ പുള്ളിയെ വിളിച്ച് വരുത്തിയത്.’
പാവം പെണ്ണ്! എനിക്ക് വേണ്ടി ഏറെ വാദിച്ച് നോക്കി. വരില്ലെന്ന് പറഞ്ഞവരിൽ പലരും പെട്ടെന്നാണ് എത്തുമെന്ന് അറിയിച്ചതെന്ന് പറഞ്ഞ് അവൻ ധൃതി വെക്കുകയാണ്. ഇറങ്ങിപ്പോയി മറ്റ് വല്ലയിടത്തും ഇരിക്കാൻ എന്നോടും പറഞ്ഞു.
ഒരാളെ പൊക്കിയുയർത്താൻ മറ്റൊരാളെ താഴേക്കിടുന്ന സ്വഭാവം കൂടി മനുഷ്യരിലുണ്ടെന്നത് അറിഞ്ഞ നിമിഷമായിരുന്നുവത്…
ഒരു തടിച്ച കമ്പിന്റെ താങ്ങിൽ ജീവിതം മുന്നോട്ട് തള്ളുന്ന ഞാനൊരു മണ്ടൻ തന്നെയാണെന്ന് എനിക്ക് തോന്നി. ആരെങ്കിലും, എന്തെങ്കിലുമൊക്കെ വന്ന് പറയുമ്പോൾ യാതൊന്നും ആലോചിക്കാതെ ഇറങ്ങിപ്പുറപ്പെട്ട ബുദ്ധിയെ പറഞ്ഞാൽ മതി. തെരുവോളം മറ്റൊരു വേദിയും എന്നെ അർഹിക്കുകയോ, ആസ്വദിക്കുകയോ ചെയ്യുന്നില്ല. അവിടുത്തെ പൊടിയും, മുഷിഞ്ഞ മണവുമില്ലാത്ത ഉടുതുണിയിൽ നിന്ന് ഇറങ്ങിയോടാൻ തോന്നിപ്പിച്ച ആ നേരത്തെ ആയുസ്സിന്റെ നീളത്തിൽ എനിക്ക് മറക്കാൻ സാധിക്കുകയുമില്ല.
വർണ്ണക്കടലാസ്സിൽ ചുറ്റിക്കൊണ്ട് വന്ന കാരക്കമ്പുമായി ആ കോളേജ് വേദിയുടെ തിരക്കില്ലാത്ത അരികിലൂടെ ഞാൻ പുറത്തേക്ക് നടന്നു. ഏറെ അഭിമാനത്തോടെയും, ആഗ്രഹത്തോടെയും നാളുകളോളം പരിശീലിച്ച ആ അഭ്യാസം നടക്കാതിരുന്നില്ല. ഏറെ ആർപ്പ് വിളിയോടെ പ്രകടനം ആരംഭിച്ചിരിക്കുന്നു. മനസ്സിൽ കുത്തി നിർത്തിയ കമ്പിന്റെ മുനമ്പിൽ നിന്ന് കാല് തെന്നി ഞാൻ വീണിരിക്കുന്നു.
ആരുമത് കണ്ടില്ല! എന്നെ ഇറക്കി വിട്ട വേദിയിലേക്ക് ആരവത്തോടെ മറ്റ് ആരെയൊക്കെയോ സ്വാഗതം ചെയ്യുന്ന തിരക്കിലായിരുന്നു എല്ലാവരും. അടർന്ന് മാറിയ ബഹളത്തിലേക്ക് വെറുതേ ഞാനൊന്ന് തിരിഞ്ഞ് നോക്കി. ആ രംഗത്തിൽ, സാരമില്ലെന്ന അർത്ഥത്തിൽ എനിക്ക് ചിരിക്കാൻ എന്നെ തെരുവിൽ നിന്നും കൈകൊട്ടി വിളിച്ച ആ പെൺകുട്ടി കൈകൂപ്പി നിൽക്കുന്നുണ്ടായിരുന്നു….!!!