എൻറെ ഭാര്യ
Story written by Aardra
അച്ഛാ അച്ഛന് അമ്മയെ ഇഷ്ടാണോ?
ഫോണിൽ കളിച്ചുകൊണ്ടിരുന്ന എൻറെ അടുത്ത് വന്നിരുന്നു പത്താംക്ലാസുകാരി അമ്മു ചോദിച്ചു.
അതേല്ലോ ,എന്താ അമ്മുക്കുട്ടിക്ക് ഇങ്ങനൊരു സംശയം?
അച്ഛൻ അമ്മയെ ഇഷ്ടപ്പെടാൻ എന്താ കാരണം?എൻറെ ചോദ്യത്തിനൊരു മറുചോദ്യമായിരുന്നു അവളുടെ ഉത്തരം.
അമ്മ അമ്മുക്കുട്ടിയുടെ കാര്യങ്ങളെല്ലാം നോക്കും ,വീട് നന്നായി നോക്കും അതൊക്കെ കൊണ്ടാണ് അച്ഛന് അമ്മയെ ഇഷ്ടം. ഫോണിൽ കുത്തി കൊണ്ട് ഞാൻ പറഞ്ഞു.
എൻറെ കാര്യങ്ങളും വീട്ടു കാര്യങ്ങളും നോക്കുന്നത് കൊണ്ടാണ് അച്ഛന് അമ്മയെ ഇഷ്ടമെങ്കിൽ അത് അമ്മയോടുള്ള ഇഷ്ടമാണോ, എന്നോടും വീടിനോടുമുള്ള ഇഷ്ടമല്ലേ?
അമ്മു പറഞ്ഞത് കേട്ട് ഞാൻ ഫോൺ മാറ്റിവെച്ച് ആലോചനയിലായി.
ഞാൻ അച്ഛന് ഒരു ദിവസം സമയം തരാം, ഇന്ന് വെള്ളിയാഴ്ച നാളെ കഴിഞ്ഞ ഞായറാഴ്ച രാവിലെ ഈ ചോദ്യം ഞാൻ വീണ്ടും ചോദിക്കാം അപ്പോൾ അച്ഛൻ എനിക്ക് ഉത്തരം തന്നാൽ മതി.
ഇത്രയും പറഞ്ഞ് അമ്മു എണീറ്റ് പോയി.
രാത്രി അത്താഴം കഴിച്ചു കിടക്കാൻ നേരം ഞാൻ ഇതുതന്നെയാണ് ആലോചിച്ചത് ആലോചിച്ച് എപ്പോഴോ ഉറങ്ങിപോയി.
രാവിലെ എണീറ്റതും ആവിപറക്കുന്ന കട്ടൻ കയ്യിൽ കിട്ടി. കുളിച്ചുവന്ന് ടേബിളിൽ ഇരുന്നതും ദോശയും ചായയും പത്രവുമായി അതാ വരുന്നു എൻറെ ശ്രീമതി. ഒരു പുഞ്ചിരി സമ്മാനിച്ച് എൻറെ ഡ്രസ്സ് എടുത്തു വെക്കാൻ പോയി. റെഡിയായി വന്നപ്പോൾ ഉച്ചയ്ക്കുള്ള ഭക്ഷണവും വെള്ളവും എടുത്ത് കയ്യിൽ തന്നു പുഞ്ചിരിയോടെ യാത്രയാക്കി.
ഓഫീസിൽ എത്തിയിട്ടും മനസ്സ് ശരിയായില്ല.എണീക്കുമ്പോൾ തൊട്ട് എൻറെ എല്ലാ കാര്യങ്ങളുo അവൾ തന്നെ നോക്കുന്നു. ആദ്യമായി എൻറെ പ്രവർത്തികളിൽ എനിക്ക് തന്നെ നാണക്കേട് തോന്നി.
പിന്നെ ഞാൻ അമ്മുവിൻറെ ചോദ്യത്തെപ്പറ്റി ആലോചിച്ചു.അപ്പോഴാണ് ശ്രീമതിയുടെ മുഖം മുന്നിൽ തെളിഞ്ഞത് . ആ നുണക്കുഴി കവിളുകളും വിടർന്ന കണ്ണുകളും എപ്പോഴും ഞാൻ കൂടെയുണ്ട് എന്ന് ഓർമ്മിപ്പിക്കുന്ന പുഞ്ചിരിയും ഉം എന്തുകൊണ്ട് ഞാൻ ഇന്നലെ മറന്നു പോയി.ആദ്യമായി പെണ്ണ് കാണാൻ ചെന്നപ്പോൾ തൊട്ടുള്ള ഓർമ്മകൾ ഒരു സിനിമ പോലെ മുന്നിൽ തെളിഞ്ഞു. എത്രയും പെട്ടെന്ന് വീട്ടിൽ എത്തിയാൽ മതിയെന്നു തോന്നി.
വൈകുന്നേരം നേരത്തെ ഇറങ്ങി വീട്ടിൽ ചെന്ന് അവളോട് പുറത്തുപോകാൻ റെഡിയാകാൻ പറഞ്ഞപ്പോൾ രാത്രിയിലേക്ക് ഉള്ളതെന്ന് വെച്ചിട്ടില്ല എന്ന് പറഞ്ഞു ഒഴിഞ്ഞു മാറി. പുറത്തു നിന്ന് വാങ്ങാം എന്ന് പറഞ്ഞു നിർബന്ധിച്ച് ഞാൻ ഒരു വിധത്തിൽ സമ്മതിപ്പിച്ചു. പരീക്ഷ ആയതിനാൽ അമ്മു വരുന്നില്ല എന്ന് പറഞ്ഞു.
അങ്ങനെ ഞാൻ എൻറെ ഭാര്യയെയും കൊണ്ട് ബീച്ചിൽ എത്തി അവൾക്ക് ഇഷ്ടമുള്ള ഐസ്ക്രീം വാങ്ങി കൊടുത്തു.ഇപ്പോഴും അവളുടെ ഇഷ്ടങ്ങൾ എല്ലാം ഞാൻ ഓർത്തിരിക്കുന്നു എന്നത് അവൾക്ക് പുതിയൊരു അറിവാണെന്ന് എനിക്ക് മനസ്സിലായി.
എടോ ,അവളുടെ വിരലിൽ വിരൽ ചേർത്ത് കൊണ്ട് ഞാൻ വിളിച്ചു.
എന്താ ഏട്ടാ ,കടലിൽ നിന്ന് കണ്ണെടുക്കാതെ അവൾ വിളികേട്ടു.
താൻ എന്തിനാടോ എന്നെ ഇങ്ങനെ സ്നേഹിക്കുന്നത്.ഇതുവരെ ആ വീട്ടിലെ ഒരു ജോലിയിൽ പോലും ഞാൻ നിന്നെ സഹായിച്ചിട്ടില്ല .ഞാൻ പറയാതെ തന്നെ എൻറെ കാര്യങ്ങളും താൻ കണ്ടറിഞ്ഞു ചെയ്യുന്നുണ്ട് .എന്ത് പുണ്യം ചെയ്തിട്ടാണ് എനിക്ക് തന്നെ കിട്ടിയത്.
ശബ്ദമിടറി കൊണ്ട് ഞാൻ ചോദിച്ചു.
ഒന്നും മിണ്ടാതെ കടലിലേക്ക് നോക്കി അവൾ ഇരുന്നു.
ഞാൻ തുടർന്നു , ഒരു ദിവസത്തിൽ ഞാൻ നന്നാവും എന്നൊന്നും ഞാൻ പറയുന്നില്ല. പക്ഷെ ഇനി തൊട്ട് എന്നാൽ ആകും വിധം ഞാൻ തന്നെ , ഉറപ്പ്. താൻ ഇല്ലാത്ത ഒരു ജീവിതത്തെ കുറിച്ച് എനിക്ക് ചിന്തിക്കാൻ പോലും വയ്യടോ, അത്രയ്ക്ക് എന്നിൽ ചേർന്നിരിക്കുകയാണ് താൻ. ഇത്രയും നാളത്തെ എൻറെ പ്രവർത്തികളിൽ നിനക്ക് വിഷമം ഉണ്ടായിട്ടുണ്ട് . ഇനി ഒരിക്കലും ഞാൻ തന്നെ വിഷമിപ്പിക്കുന്ന ഒന്നും ചെയ്യില്ല, പ്രോമിസ്.
ഇത്രയും ഞാൻ പറഞ്ഞു നിർത്തിയപ്പോൾ പെട്ടെന്ന് എൻറെ തോളിലേക്ക് അവൾ തല ചായ്ച്ചു.
വീട്ടിൽ എത്തിയതും ഞാൻ അമ്മുവിൻറെ അടുത്തേക്ക് ചെന്നു.
അമ്മൂസിനുള്ള മറുപടി ഞാൻ ഇപ്പോൾ തന്നെ തന്നേക്കാം.
അകത്തേക്ക് പോകുന്ന അമ്മയുടെ പുഞ്ചിരിക്കുന്ന മുഖത്തേക്ക് നോക്കി അമ്മു പറഞ്ഞു ഇനി അതിൻറെ ആവശ്യമില്ലച്ഛാ.