എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
‘ഇടയ്ക്കെന്നെ ത ല്ലും.. കൊ ല്ലുമെന്ന് പറയും… തന്റെ വീടാണെന്നും, ഇറങ്ങി പോകെന്നും അലറും…’
“എന്നാൽ പിന്നെ ഇറങ്ങി പൊയ്ക്കൂടേ…? ” അന്ന് ഫോണിൽ വിളിച്ച് തന്റെ ദയനീയത പറയുന്നതിന്റെ ഇടയിൽ ആനന്ദവല്ലിയോട് ഞാൻ ചോദിച്ചു. കുടുംബവും പഠിപ്പുമില്ലാത്ത താൻ പിന്നെ എങ്ങനെ ജീവിക്കുമെന്ന് അവൾ എന്നോട് ചോദിച്ചു.
‘ഞാനില്ലേ നിനക്ക്..?’
അതുകേട്ടപ്പോൾ ആനന്ദവല്ലി ചിരിച്ചു. സ്വന്തമായിട്ട് വീടുപോലും ഇല്ലാത്ത നീയാണോ എന്നെ നോക്കാൻ പോകുന്നതെന്ന് ചോദിച്ച് അവൾ പൊട്ടി ചിരിച്ചു. പ്രേമത്തിൽ ഇളിഭ്യനായ തലയുമായി നിന്ന എന്റെ കാതുകളിൽ ആ ചിരിമണികൾ തുളച്ചുകയറി. സ്വന്തമായി ഒരുതുണ്ട് ഭൂമിയെങ്കിലും ഉണ്ടായിരുന്നുവെങ്കിലെന്ന് വെറുതേ ഞാൻ ചിന്തിച്ചുപോയി.
പേരിലുള്ള സന്തോഷമൊന്നും ആനന്ദവല്ലിയുടെ ജീവിതത്തിൽ ഇല്ല. അതറിഞ്ഞത് കൊണ്ടുതന്നെയാണ് പ്രായത്തിൽ മൂത്തതായിട്ടും എന്റെ പക്ഷത്തേക്ക് അവളെ അടുപ്പിക്കാൻ ഞാൻ ശ്രമിച്ചത്. പക്ഷേ, ഒരു പരിധിക്കപ്പുറം പെണ്ണ് വഴങ്ങുന്നില്ല. എനിക്കാണെങ്കിൽ അവളുടെ തമിഴ് ചേർന്ന മലയാളം കേൾക്കാതെ ഉറക്കം വരില്ലെന്ന അവസ്ഥയുമായി.
എപ്പോഴെങ്കിലും ഇതുപോലെ സംസാരിക്കുന്ന വേളയിൽ, പരസ്പരം കണ്ടുമുട്ടുന്ന സൂത്രങ്ങൾ ഞാൻ ആനന്ദവല്ലിയോട് പറയാറുണ്ട്. അതുകേൾക്കുമ്പോൾ പെണ്ണ് മുഷിയും. അവൾക്ക് അങ്ങനെയൊരു കുഴപ്പമുണ്ട്. പരസ്പരം ഇഷ്ടപ്പെടുന്നുണ്ടെങ്കിലും നേരിൽ കണ്ടാൽ അതുവലിയ പ്രശ്നമാകുമെന്നാണ് അവളുടെ വാദം.
‘വീടില്ലെങ്കിലും എന്താണ് കുഴപ്പം.. നമുക്ക് എവിടെയെങ്കിലും പോയി ജീവിക്കാം… ജീവനുള്ള കാലം വരെ ഞാൻ നോക്കിക്കൊള്ളാം നിന്നെ..’
ആനന്ദവല്ലിയെ മുഴുവനായും അ നുഭവിക്കണമെന്ന താല്പര്യത്തോടെ ഞാൻ പറഞ്ഞു. ഒരുനാൾ നിന്റെ ജീവൻ പോയാൽ താൻ എന്തുചെയ്യുമെന്നായിരുന്നു അപ്പോൾ അവൾക്ക് ചോദിക്കാൻ ഉണ്ടായിരുന്നത്. ആ മറുപടിയിൽ ഞാൻ തീർത്തും നീരസനായി. അങ്ങനെയെങ്കിൽ നമ്മൾ തമ്മിൽ ഫോണിലൂടെ മാത്രമായൊരു ബന്ധം ഇനിവേണ്ടായെന്ന് ഞാൻ തറപ്പിച്ചു പറഞ്ഞു. പിന്നീട് കുറച്ചുനേരത്തേക്ക് അവൾക്ക് ശബ്ദമുണ്ടായിരുന്നില്ല. കാതിൽ അവളുടെ ശ്വാസം മാത്രം വന്ന് തട്ടുന്നു…
‘ ഇനി ഞാൻ വിളിക്കേണ്ടായെന്നാണോ…?’
കുറച്ചുനേരം കഴിഞ്ഞപ്പോൾ ആ ശ്വാസം ശബ്ദമായി. വിളിക്കേണ്ടായെന്ന് തറപ്പിച്ച് പറയാൻ എനിക്ക് കഴിഞ്ഞില്ല. ഞാൻ മൗനത്തിൽ ആണ്ടുപോയി.
ഓർമ്മ ശരിയാണെങ്കിൽ വേലായുധൻ മദ്രാസ്സിൽ നിന്ന് ആനന്ദവല്ലിയെ പ്രേമത്തിൽ കടത്തി കൊണ്ടുവന്നത് തൊട്ട് ഞാൻ അവളെ കാണാറുണ്ട്. കഴിഞ്ഞ വർഷമാണ് അവളുടെ മകളുടെ വിവാഹം കഴിഞ്ഞത്. കണ്ടുമുട്ടിയിട്ട് അത്രയും വർഷങ്ങൾ ആയിട്ടും തമ്മിൽ സംസാരിച്ചത് ആ വിവാഹ നാളിലായിരുന്നു. ആ ബന്ധമാണ് ഇവിടം വരെ എത്തി നിൽക്കുന്നത്.
വേലായുധന്റെ വീടിനരികിലെ അഹമദ് കോയയുടെ ക്വാർട്ടേഴ്സിലാണ് കഴിഞ്ഞ ഇരുപത്തിരണ്ട് വർഷങ്ങളായി ഞാൻ ജീവിക്കുന്നത്. അപ്പോൾ തന്നെ ഊഹിക്കാമല്ലോ അവിടുത്തെ സെക്യൂരിറ്റി ഞാൻ ആയിരിക്കുമെന്ന്.. തമ്മിൽ സംസാരിച്ച് നാളുകൾക്ക് ശേഷം ആനന്ദവല്ലിയെ ഞാൻ വീണ്ടും കണ്ടു. കഴിഞ്ഞതിലും കൂടുതൽ സംസാരിച്ചു. കാണുന്തോറും കൂടുതൽ സംസാരിക്കുന്നത് കൊണ്ടായിരിക്കണം ഫോൺ നമ്പറുകൾ പരസ്പരം കൈമാറിയത്. അന്നുതൊട്ട് ആനന്ദവല്ലിയുടെ വിളിപ്പുറത്ത് ഞാൻ ഉണ്ട്.
സങ്കടങ്ങൾ പറയാനാണ് മനുഷ്യർക്ക് മനുഷ്യരെന്ന് തോന്നിപ്പിക്കും വിധമാണ് അവളുമായുള്ള സമ്പർക്കം. എന്നും താൻ കൊണ്ടതും, കൊണ്ടുകൊണ്ടിരിക്കുന്നതുമായ ഒരുകുന്ന് ദുരനുഭവങ്ങൾ ഉണ്ടാകും അവൾക്ക് പറയാൻ. അതുകേട്ട് കേട്ട് എനിക്ക് മടുത്തു. എത്ര നേരമെന്ന് വെച്ചാ ഒരാളുടെ സങ്കടം മാത്രം കേൾക്കുക..
‘നീ പോലീസിന്റെ നൂറ്റിയെമ്പത്തിയൊന്നിൽ വിളിച്ചിട്ട് പറ.. അങ്ങേര് നിന്നെ പീ iഡിപ്പിക്കുന്നുവെന്ന്…’
ഒരിക്കൽ തന്റെ ഭർത്താവിന്റെ തോ ന്നിവാസങ്ങളിൽ ആകെ മടുത്തുകൊണ്ട് സംസാരിച്ച ആനന്ദവല്ലിയോട് ഞാൻ പറഞ്ഞു. അത് അയാൾക്ക് കൂടുതൽ ദേഷ്യമുണ്ടാക്കുമെന്ന് പറഞ്ഞ് അവൾ കരഞ്ഞു. ഇതൊക്കെ തന്റെ വിധിയാണുപോലും.. ഞാൻ ആശ്വസിപ്പിച്ചു. എങ്ങനേയും അവളുടെ മനസ്സിൽ കയറി പറ്റണമെന്നേ എനിക്ക് ഉണ്ടായിരുന്നുള്ളൂ… മനസ്സ് കിട്ടിയാൽ ശ രീരം താനേ ചാ ഞ്ഞുകൊള്ളും…
‘വേണ്ട… ഇനിയെന്നെ വിളിക്കരുത്…’
ഒരിക്കലും അവളുമായുള്ള എന്റെ ആഗ്രഹം നടക്കില്ലായെന്ന് തോന്നിയപ്പോൾ മനസ്സില്ലാ മനസ്സോടെ ഞാൻ പറഞ്ഞു. അതുകേട്ടപ്പോൾ ആനന്ദവല്ലി ഫോൺ കട്ടുചെയ്ത് പോയി. ഒരുത്തി വഴുതി പോയതിനപ്പുറത്തേക്ക് എനിക്ക് യാതൊരു വിഷമവും തോന്നിയില്ല. എന്റെ വിശപ്പിന് ക്വാർട്ടേഴ്സിൽ തന്നെ പരിഹാരമുണ്ട്. എന്നാലും അവളോട് എനിക്ക് പ്രത്യേകമൊരു ഇഷ്ട്ടം ഉണ്ടായിരുന്നു. ചിലപ്പോൾ അനുഭവിക്കാൻ പറ്റാത്തത് കൊണ്ട് വെറുതേ തോന്നുന്നതായിരിക്കാം….
നാളുകൾ കഴിഞ്ഞു. ആനന്ദവല്ലി വിളിച്ചതേയില്ല. എത്ര എത്തി നോക്കിയിട്ടും കാണാൻ പാകത്തിൽ വീടിന് പുറത്തേക്കും വന്നില്ല. എന്തുകൊണ്ടായിരിക്കും ഇത്രയൊക്കെ സഹിച്ചും അവൾ വേലായുധനെ വിട്ട് പോകാതിരിക്കുന്നതെന്ന് ഞാൻ എപ്പോഴോ ചിന്തിച്ചുപോയി.
എന്തുകൊണ്ടായിരിക്കും?
അവകാശം പറഞ്ഞ് വരാൻ മാറ്റാരുമില്ലാത്ത വേലായുധന്റെ വീട് തന്നെയാണ് കാരണമെന്ന് ഞാൻ കണ്ടുപിടിച്ചു. അവൾക്കും ആരുമില്ലല്ലോ…! ആ പറമ്പിലാണെങ്കിൽ രണ്ടുപേർക്ക് കഴിയാനുള്ള വകയുമുണ്ട്. ഭർത്താവിന്റെ കാലത്തിനും അപ്പുറം ആനന്ദവല്ലി ജീവിതം കാണുന്നു.
വിധിയാണെന്ന വാക്കിൽ വിതുമ്പി ജീവിതം ഇങ്ങനെയൊക്കെയാണെന്ന് കരുതുന്ന ഒരുകൂട്ടം മനുഷ്യരുണ്ട് ഈ ഭൂമിയിൽ. അതിൽ ഒരുവളാണ് ആനന്ദവല്ലിയും. അതിജീവനത്തിന്റെ ഭദ്രത തുലനം ചെയ്യുമ്പോൾ അവിടം തന്നെ ചുരുണ്ടാൽ മതിയെന്ന ബുദ്ധിയുടെ വേദനയാണ് അവൾ അനുഭവിക്കുന്നത്. അത് അവൾ അർഹിക്കുകയും ചെയ്യുന്നു.
തന്റെ വിധിയെന്നും പറഞ്ഞ് കരഞ്ഞ് ജീവിക്കുന്നവർ കാത്തിരിക്കുന്നത് കലഹിക്കുന്ന ആളുടെ കാറ്റുപോകുമ്പോൾ തെളിയുന്ന സുഖ ജീവിതം തന്നെയാണ്. അല്ലെങ്കിൽ പണ്ടേക്ക് പണ്ടേ ആത്മാഭിമാനവും മുറുക്കെ പിടിച്ച് പലരേയും പോലെ അവർ പൊരുതാൻ ഇറങ്ങുമായിരുന്നു. ഒരർത്ഥത്തിൽ ഇതും പൊരുതലാണല്ലോ…
ആനന്ദവല്ലിയുടേത് വളരേ വീണ്ടുവിചാരമുള്ള ജീവിത വീക്ഷണമാണ്. ഒരു പെണ്ണിനെ തൊട്ടുകഴിഞ്ഞാൽ മടുത്തുപോകുന്ന എന്നെപോലെയുള്ളവരെ വിശ്വസിച്ച് ജീവിതം പാഴാക്കി കളയുന്നതിലും എത്രയോ ഭേദം ഇതുതന്നെയാണ്. അങ്ങനെ ചിന്തിച്ചപ്പോൾ അവളെ ഒരുതരത്തിലും കുറ്റപ്പെടുത്താൻ എനിക്ക് തോന്നിയില്ല. അല്ലെങ്കിലും, ഭൂമിയിലെ ഏതുജീവനാണ് എന്തും സഹിച്ചും തന്റെ നിലനിൽപ്പ് ഭദ്രമാക്കാൻ ശ്രമിക്കാതിരിക്കുക…?