ആരോടും പറയരുത്…ഞാൻ നിങ്ങളോട് ഇതൊക്കെ പറയുന്നത് മറ്റാരും അറിയരുത് , എന്റെ അച്ഛനെയും അമ്മയെയും അവർ കൊല്ലും…

കരുതൽ

Story written by അരുൺ നായർ

“‘എനിക്ക് പ്രേതത്തെ പേടിയാണ്….എന്റെ അച്ഛനേം അമ്മയെയും ഒന്നും ചെയ്യരുതേ… “”

ഞാൻ മുറിയിലേക്ക് ചെന്നപ്പോൾ മോൾ കൈകൾ കൂപ്പി എന്തൊ പ്രാർത്ഥിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു…

“”മോളെ രേഷ്മേ, മോൾ എന്താണ് വലിയ പ്രാർത്ഥന? മോൾ അറിഞ്ഞോ നമ്മുടെ ലയ ആത്മഹത്യാ ചെയ്യാൻ ശ്രമിച്ചെന്ന്, കറക്റ്റ് സമയത്തു അവളുടെ അമ്മ ചെന്നതുകൊണ്ട് മരിച്ചില്ല, ഹോസ്പിറ്റലിൽ കൊണ്ടു പോയേക്കുകയാണ്…. നിങ്ങളൊക്കെ അല്ലായിരുന്നോ വലിയ കൂട്ടുകാർ, മോൾക്ക്‌ അറിയുമോ ലയക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടായിരുന്നോ…. “”

“” എനിക്കൊന്നും അറിയില്ല അമ്മേ, ഞാൻ ഹോംവർക്ക് ചെയ്യട്ടെ, എനിക്കു ഇങ്ങനെ ഉള്ള കാര്യങ്ങൾ ഒന്നും കേൾക്കേണ്ട…. “”

“”നിനക്കു ഇത് എന്ത് പറ്റി, അല്ലെങ്കിൽ സ്കൂൾ വിട്ടു വരാൻ നോക്കിയിരിക്കുന്ന പെണ്ണാണ് ഇപ്പോൾ കുറച്ചു നാളായി ഏതു നേരവും പഠിത്തം…. “”

“” അമ്മ തന്നെയല്ലേ പറഞ്ഞത്, ഈ വർഷം എട്ടാം ക്ലാസ്സിൽ ആണ് അതുകൊണ്ട് നല്ലത് പോലെ പഠിക്കണം, കളിയൊക്കെ കുറയ്ക്കണമെന്ന്… എന്നിട്ട് ഇപ്പോൾ എനിക്ക് ആയോ കുറ്റം…. “”

“”അമ്മ പറഞ്ഞാൽ അതു പോലെ കേൾക്കുന്ന ഒരാൾ, എന്തായാലും നന്നായി പഠിക്കാൻ തീരുമാനിച്ചല്ലോ, ദൈവത്തിനു സ്തുതി “”അതും പറഞ്ഞു ഞാൻ അടുക്കളയിലേക്കു പോയി….മോൾ അവിടെ ഇരുന്നു പഠിത്തവും തുടർന്നു….

ജോലി കഴിഞ്ഞു ഏട്ടൻ വന്നപ്പോൾ ഞാൻ ഞങ്ങളുടെ ഹൗസിംഗ് കോളനിയിൽ അന്ന് നടന്ന കാര്യങ്ങൾ പറഞ്ഞു…. ജോലി തിരക്ക് കഴിഞ്ഞു എപ്പോൾ സമയം കിട്ടാനാണ് അല്ലെങ്കിൽ നാളെയൊന്നു ആ കൊച്ച് കിടക്കുന്ന ഹോസ്പിറ്റലിൽ വരെയൊന്നു പോയിട്ട് ജോലിക്ക് പോകാമായിരുന്നു എന്നായിരുന്നു ഏട്ടന്റെ മറുപടി….

“”അല്ല ദീപേ നമ്മുടെ മോൾക്കും നല്ല മാറ്റം ഉണ്ടല്ലോ പഴയ ആ പ്രസരിപ്പൊന്നും ഇപ്പോൾ കാണുന്നില്ലല്ലോ… എന്തെങ്കിലും കുഴപ്പം ഉണ്ടോ, നീ ശരിക്കും ശ്രദ്ധിക്കുന്നുണ്ടല്ലോ അല്ലേ…… “”

“”ഞാൻ അവളോട് ഇന്നും ഇത് സംസാരിച്ചതാണ്, അവൾ എട്ടാം ക്ലാസ്സിൽ എത്തിയ പവറിലുള്ള പഠിത്തം ആണ് ഇപ്പോൾ…. ഇനി കൊച്ചിന് മാർക്ക് കുറഞ്ഞു പറഞ്ഞുള്ള നിങ്ങളുടെ ചാട്ടവും കാണണ്ടല്ലോ എനിക്ക്…. കുളി കഴിഞ്ഞു വാ ഞാൻ കഴിക്കാൻ എടുത്തു വെക്കാം… ഏട്ടാ നാളെ ഏട്ടൻ ജോലിക്കും മോൾ സ്കൂളിലും പോയി കഴിയുമ്പോൾ ഞാനൊന്നു ലയ കിടക്കുന്ന ആശുപത്രി വരെയൊന്നു പോയിട്ട് വന്നാലോ… “”

“”ആ നീ പോയിട്ട് വാ അല്ലെങ്കിൽ മോശമല്ലേ ഒന്നും ഇല്ലെങ്കിലും ഒരു കോളനിയിൽ അല്ലേ താമസം…. “”

ഞങ്ങളുടെ സംസാരമൊക്കെ കഴിഞ്ഞു ഏട്ടൻ കുളി കഴിഞ്ഞു വന്നപ്പോളാണ് ഏട്ടന്റെ ഫോണിലേക്കു ഞങ്ങളുടെ അയൽവക്കത്തു താമസിക്കുന്ന ടോമി ചേട്ടന്റെ വിളി വന്നത്…. ഏട്ടൻ ടർക്കി എന്റെ ദേഹത്തേക്ക് ഇട്ടിട്ട് ഫോൺ എടുത്തു….

“”ടാ സനാഥേ നീ പോയിരുന്നോ ഹോസ്പിറ്റലിലേക്ക്… ഞാൻ ഇപ്പോൾ അവിടുന്ന് ഇറങ്ങിയതേയുള്ളു… ഒരു കാര്യം അറിഞ്ഞു ആരോടും പറയേണ്ട എന്നാലും നീ അറിഞ്ഞു വെച്ചോ… “”

“”എന്താണ് ടോമി ചേട്ടാ കാര്യം പറ, ചുമ്മാ അടുത്ത യുദ്ധം തുടങ്ങും മുൻപുള്ള പഞ്ചു ഡയലോഗ് അടിക്കാതെ… “”

“”ടാ അത് വേറെയൊന്നും അല്ല, നമ്മുടെ ലയ മോൾ ഇപ്പോൾ ഒമ്പതാം ക്ലാസ്സിൽ അല്ലേ ആയുള്ളൂ പക്ഷെ അവൾ ഗർഭിണി ആണെന്ന്… ഞാൻ ഞെട്ടി പോയി ഡോക്ടർ വന്നു ഇത് പറഞ്ഞപ്പോൾ…. ടെൻഷൻ കാരണം നിന്നോട് കൂടി പറയാം എന്നു വെച്ച് വിളിച്ചതാ.. എന്നാ നീ വെച്ചോ തത്കാലം ദീപയോടും കുഞ്ഞിനോടും ഇതൊന്നും സംസാരിക്കാൻ നിൽക്കണ്ട…. “”

“”അവിടെ ഇപ്പോൾ ആരൊക്കെ ഉണ്ട് ടോമി ചേട്ടാ, എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ പറയാൻ പറയണം, ഈ സമയത്തു വിളിക്കേണ്ട വെച്ചാണ് വിളിക്കാഞ്ഞത്…. നാളെ ദീപ വരുന്നുണ്ട് അങ്ങോട്ടു… “”

“”നന്നായി ഇപ്പോൾ വിളിക്കാഞ്ഞത് അവരൊക്കെ ആകെ സെന്റി ആയി ഇരിക്കുകയാണ്… ഇവിടെ ഇപ്പോൾ ആവശ്യം ഒന്നുമില്ല… പിന്നെ സഹായത്തിനു നമ്മുടെ പ്രദീപ്‌ ഉണ്ട് അവനു ഇവിടെ മോർച്ചറിയിൽ ആണല്ലോ ജോലി…. പിന്നെ വേറെ പേടിക്കാനൊന്നുമില്ല ഈ ഒരു കാര്യം അല്ലാതെ കൊച്ചിന് ബോധം വീണിട്ടുണ്ട്…. “”

ഫോൺ താഴെ വെച്ചപ്പോൾ കാര്യം തിരക്കിയുള്ള എന്റെ ശല്യം സഹിക്കാൻ വയ്യാതെ ഏട്ടൻ എന്നോട് കാര്യങ്ങൾ പറഞ്ഞു… എന്റെ തല പെരുത്തു പോയി, എന്നാലും അവൾക്കു ഇത് എന്ത് പറ്റി… നല്ല മര്യാദയും അച്ചടക്കവും ഉണ്ടായിരുന്ന കുട്ടി ആണല്ലോ, എനിക്കു കേട്ടിട്ട് ആകെ പേടി തോന്നി ഞാൻ ഓടി മോളുടെ മുറിയിൽ ചെന്നു അവളുടെ മുടിയിൽ തലോടി….

കഴിക്കാൻ ഇരുന്നപ്പോളും ആ വാർത്ത ആയിരുന്നു എന്റെ ഹൃദയം മുഴുവൻ, എന്നാലും ലയ മോൾക്ക്‌ ഈ അബദ്ധം എവിടുന്നു സംഭവിച്ചു… സ്കൂളിലൊക്കെ പോകുമ്പോൾ കൂടെ എന്റെ മോളും ഉണ്ടല്ലോ തിരിച്ചും ഉണ്ട്, ഇവിടെ വന്നിട്ട് കളിയും ഒരുമിച്ചു…. ആകെ പേടിയാകുന്നു…. മോൾ കഴിച്ചിട്ട് ഉറങ്ങാൻ പോയപ്പോൾ ഞാൻ ഏട്ടനോട് പറഞ്ഞു

“”സനുവേട്ടാ എനിക്കു എന്തോ പേടിയാകുന്നു… അവൾ ഒരുവിധം സമയം മുഴുവൻ നമ്മുടെ മോളുടെ കൂടെയാണ് പിന്നെ എങ്ങനെ, തലയ്ക്കു ഭ്രാന്ത് പിടിക്കും പോലെ…. “”

“” എന്റെ പൊന്നു ദീപേ അവൾക്കു വല്ല കാമുകൻ വല്ലതും ഉണ്ടാകും നീ വെറുതെ എഴുതാപുറം വായിക്കാതെ…. എന്നിട്ട് ഇന്ന് മുഴുവൻ ഉറങ്ങാതെ കിടക്കും…. “”

“”ഞാൻ ഇന്ന് മുതൽ മോളുടെ കൂടെ കിടക്കുവാ ഏട്ടാ, എനിക്ക് എന്തോ പേടി…എന്തായാലും നാളെ പോകുമ്പോൾ കാര്യം അറിയാമല്ലോ അതു മാത്രമാണ് ആശ്വാസം… “”

ഞാൻ പതിവുകൾ തെറ്റിച്ചു അന്ന് മുതൽ മോളുടെ കൂടെ കിടക്കാൻ ചെന്നു, അവൾ എന്നെ ആട്ടി പായിക്കുമെന്നാണ് ഞാൻ കരുതിയത് പക്ഷെ അവളുടെ മുഖം കണ്ടപ്പോൾ എനിക്കു തോന്നി അവൾക്കു ഞാൻ ചെന്നത് വലിയ ആശ്വാസം ആയിയെന്നു… എനിക്ക് അവളോടു കാര്യങ്ങൾ തുറന്നു ചോദിക്കണമെന്ന് ഉണ്ടായിരുന്നെങ്കിലും മോൾക്ക്‌ അത് മാനസികമായി ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നുള്ളത്കൊണ്ട് ഞാൻ ഒന്നും മിണ്ടിയില്ല….

രാവിലെ ഏട്ടനെ ജോലിക്കും മോളെ സ്കൂളിലും വിട്ട ശേഷം ഞാൻ ആശുപത്രിയിലേക്ക് ചെന്നു, അവിടെ ലയയുടെ മാതാപിതാക്കൾ തകർന്നിരിക്കുക ആയിരുന്നു, ഞാൻ അവളുടെ അമ്മയുടെ അടുത്തു ചെന്നിരുന്നു എന്റെ നെഞ്ചിൽ തല ചായ്ച്ചു ഒറ്റ പൊട്ടി കരച്ചിൽ ആയിരുന്നു അവൾ…. ഇത്രയും നേരം അടക്കി വെച്ചിരുന്ന കണ്ണുനീർ ഒരു ആശ്വാസത്തിനായി മടപൊട്ടി വെള്ളം ഒഴുകും പോലെ ഒഴുകുന്നതായി എനിക്ക് തോന്നി…. പഴയ പട്ടാളക്കാരൻ ആയിരുന്നിട്ടു കൂടി തകർന്ന മുഖത്തോടെ നിൽക്കുന്ന അദ്ദേഹത്തെ കണ്ടപ്പോൾ എനിക്ക് ദുഃഖം തോന്നി, എനിക്കു ഏട്ടനെ വിളിച്ചു തിരക്കില്ലെങ്കിൽ ഇങ്ങോട്ട് ഒന്നു വരാൻ പറയാൻ തോന്നി ഇങ്ങനെയുള്ള സമയത്തല്ലേ അയൽക്കാർക്ക് ആശ്വാസം നൽകേണ്ടത്…..

എന്റെ നെഞ്ചിൽ കിടന്നുള്ള കരച്ചിൽ നിർത്തിയ ശേഷം അവൾ എന്നോട് ചോദിച്ചു…

“അവൾക്കു എന്തിന്റെ കുറവ് ഞങ്ങൾ വരുത്തിയിട്ടാണ് ഇങ്ങനെ ഞങ്ങളോട് ചെയ്തത്, എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ ഞങ്ങൾ പിന്നെ ആർക്കു വേണ്ടി ജീവിക്കണം ദീപേ… “”

“”വിഷമിക്കാതെയിരിക്കു അവൾക്കു ദൈവം അനുഗ്രഹിച്ചു ഒന്നും സംഭവിച്ചില്ലല്ലോ അതു പോരെ നമുക്ക്… “”

“” എന്നാലും ദീപേ അവൾ പ്രെഗ്നന്റ് ആണെന്നാണ് ഡോക്ടർ പറയുന്നത്, അവൾക്കിപ്പോൾ പൂർണമായും ബോധം ഒക്കെയുണ്ട് പക്ഷെ ഡോക്ടർസും ഞങ്ങളും മാറി മാറി ചോദിച്ചിട്ടും അവൾ ഒന്നും പറയുന്നില്ല… എനിക്കു പേടിയാ എന്നോട് ഒന്നും ചോദിക്കേണ്ടന്നാണ് പറയുന്നത്…. പോലീസ് വന്നിരുന്നു ഇത്രയും കുഞ്ഞ് കൊച്ച് ആയതുകൊണ്ട് കേസ് ആകുന്നില്ല കൊച്ചിന് നല്ലൊരു കൗൺസിലിംഗ് കൊടുക്ക്‌ അതു കഴിഞ്ഞു ഇടപെടാം എന്നാണ് അവർ പറഞ്ഞത്…. “”

“”അത് നന്നായില്ലേ അല്ലെങ്കിൽ പോലീസ് കേസ് ഒക്കെ ആയി ആകെ നാണക്കേട് ആകും, ഇതിപ്പോൾ മോൾക്ക്‌ കൗൺസിലിംഗ് കൊടുക്കുമ്പോൾ കാര്യം അറിയാം പിന്നെ അതെടുത്തു കളഞ്ഞിട്ടു എത്രയും പെട്ടന്ന് ഇത് ചെയ്തവനെ പോലീസിലും കുടുക്കാം, അതാണ് നല്ലത്…. “”

ഞങ്ങൾ സംസാരിച്ചുകൊണ്ട് ഇരുന്നപ്പോൾ ആണ് ഡോക്ടർ അവളെയും കൊണ്ടു പുറത്തേക്കു വന്നത്, ഞങ്ങളോട് കൗൺസിലിംഗ് റൂമിന്റെ പുറത്തു വെയിറ്റ് ചെയ്യാൻ പറഞ്ഞിട്ട് ഡോക്ടർ അവളെയും കൂട്ടി അകത്തേക്ക് പോയി….ഞാൻ ഒരുപാട് നേരം പുറത്തു വെയിറ്റ് ചെയ്തു ഇതിനിടയിൽ ഞാൻ ഏട്ടനെ ഫോൺ ചെയ്തു അങ്ങോട്ടേക്ക് വരുത്തി …

രണ്ടു മണിയൊക്കെ കഴിഞ്ഞപ്പോൾ ഡോക്ടർ വളരെ ദുഃഖത്തോടെ ഇറങ്ങി വന്നു, ഞങ്ങളോട് വെയിറ്റ് ചെയ്യാൻ പറഞ്ഞിട്ട് അവളെയും കൊണ്ടു വീണ്ടും റൂമിനു ഉള്ളിലേക്ക് പോയി… അങ്ങോട്ട്‌ പോയപ്പോൾ കുറച്ചെങ്കിലും പ്രസരിപ്പ് ഉണ്ടായിരുന്ന ലയയുടെ മുഖം തിരിച്ചു വന്നപ്പോൾ തീർത്തും തളർന്നു അവശനിലയിൽ ആയിരുന്നു…. പുറത്തു ഇറങ്ങി വന്ന ഡോക്ടർ ഞങ്ങളോട് ആ കോളനിയിൽ ഈ പ്രായമുള്ള എത്ര പെൺകുഞ്ഞുങ്ങൾ ഉണ്ടെന്നാണ് ആദ്യം ചോദിച്ചത്….. ഡോക്ടറുടെ ആ ചോദ്യം കേട്ടപ്പോൾ തന്നെ എന്റെ ബോധം പകുതി പോയി എന്നാലും ഞാൻ തന്നെയാണ് മറുപടി പറഞ്ഞത്….

“”മൂന്നു നാല് പെൺകുഞ്ഞുങ്ങൾ ഉണ്ട്… എന്താണ് ഡോക്ടറെ എന്തെങ്കിലും കുഴപ്പം… “”

“”കുഴപ്പം ഉണ്ട് പെട്ടന്ന് തന്നെ അവരുടെ മാതാപിതാക്കളിൽ ഒരാൾ എങ്കിലും ഇവിടെ വരാൻ പറയണം, എല്ലാവരോടും ഒരുമിച്ചു പറയേണ്ട കാര്യമാണ് ഇത്… ലയയുടെ മാത്രം കാര്യമല്ല, എത്രയും വേഗത്തിൽ അത് ചെയ്യാൻ കഴിയുമോ അത്രയും വേഗത്തിൽ ചെയ്യുക… “”

ഞാൻ ഫോൺ എടുത്തു അവരെയെല്ലാം വിളിച്ചിട്ട് കാര്യങ്ങൾ സീരിയസ് ആണ് പെട്ടന്ന് ഇങ്ങോട്ടു വരാൻ പറഞ്ഞു, അവരൊക്കെ ഇന്നലെ തന്നെ അറിഞ്ഞിരുന്നത്കൊണ്ട് പെട്ടന്ന് വരാമെന്നു പറഞ്ഞു….

“”എന്റെ മോളെ ചതിച്ചതു ആരാണ് സാറെ, എനിക്ക് അവനെ കൊല്ലണം…””ലയയുടെ അച്ഛൻ ഡോക്ടറോട് ചോദിച്ചു

വികാരപരമായി ഉള്ള അദേഹത്തിന്റെ സംസാരവും സംയമനത്തോടെ കേട്ട ശേഷം ഡോക്ടർ പറഞ്ഞു …

“”കുറച്ചു നേരം കൂടി ഒന്നു സമാധാനിക്കു, ഞാൻ എല്ലാം പറയാം, അല്ലെങ്കിലും നിങ്ങൾ ഓരോരുത്തരും അറിയേണ്ട കാര്യങ്ങൾ തന്നെയാണ്, ഒന്നും ഒളിച്ചുവെച്ചിട്ടു കാര്യമില്ല…. “”

ബാക്കി ഉള്ളവർ വരാൻ വേണ്ടി ഞങ്ങൾ കാത്തിരുന്നു, അതിനിടയിൽ ഞാൻ ഏട്ടനോട് വീട്ടിലേക്കു പൊക്കോ അല്ലെങ്കിൽ മോള്‌ വന്നാൽ എന്നെ കാണാതെ വിഷമിക്കും എന്നും പറഞ്ഞു വീട്ടിലേക്കു വിട്ടു…. ഒരു മൂന്നു മണിയോട് കൂടി എല്ലാവരും എത്തി, കാര്യങ്ങൾ വളരെ സീരിയസ് ആയത്കൊണ്ട് ഡോക്ടർ ഞങ്ങളെ എല്ലാവരെയും അപ്പോൾ തന്നെ ഒരു റൂമിലേക്ക്‌ കയറ്റി അതിൽ ലയയുമായി അദ്ദേഹം നടത്തിയ കൗൺസിലിംഗിന്റെ പൂർണ കാര്യങ്ങൾ ഉള്ള വീഡിയോ പ്രൊജക്ടർ ഉൾപ്പെടെ തയ്യാറാക്കിയിരുന്നു….

“” അവൾ പറഞ്ഞു തുടങ്ങുന്നതേ ഇങ്ങനെയാണ്, ആരോടും പറയരുത്… ഞാൻ നിങ്ങളോട് ഇതൊക്കെ പറയുന്നത് മറ്റാരും അറിയരുത് , എന്റെ അച്ഛനെയും അമ്മയെയും അവർ കൊല്ലും, എനിക്കു ആരും ഇല്ലാതെ ആകും, എന്നെ ആരും ഇല്ലാത്തവൾ ആക്കരുത്….

ആരാണ് മോളുടെ വീട്ടുകാരെ കൊല്ലും പറഞ്ഞത്….

പ്രേതങ്ങൾ…. !!!

പ്രേതങ്ങളോ? പ്രേതങ്ങൾ മോളോട് വന്നു പറഞ്ഞോ മോളുടെ അച്ഛനെയും അമ്മയെയും കൊല്ലുമെന്ന്….

ഇല്ല പ്രദീപ്‌ അങ്കിൾ പറഞ്ഞു, അങ്കിൾ പ്രേതങ്ങളുമായി സംസാരിക്കാറുണ്ടെന്നു മോർച്ചറിയിൽ… മരിച്ചു കുറച്ചു നേരം കഴിയുമ്പോൾ അല്ലേ മോർച്ചറിയിൽ ആൾക്കാരെ കിടത്തുന്നത് അന്നേരം അവരിൽ നിന്നും ആത്മാക്കൾ പോയിട്ട് ഉണ്ടാവില്ലത്രേ, അങ്ങനെ പോകാത്ത ആത്മാക്കളുമായി പ്രദീപ്‌ അങ്കിൾ വളരെ സൗഹൃദത്തിൽ ആണ്…. അങ്കിൾ എന്ത് പറഞ്ഞാലും പ്രേതങ്ങൾ അതുപോലെ കേൾക്കും….

പ്രേതങ്ങളോട് ഞങ്ങൾ പറഞ്ഞോളാം ഒന്നും ചെയ്യരുതെന്ന്, പ്രദീപിനെ കുറിച്ച് എന്ത് പറയരുതെന്നാണ് പറഞ്ഞത്….

അത് എനിക്കു പറയാൻ പേടിയാ…..

മോളുടെ ശരീരത്തിൽ പ്രദീപ്‌ ആവശ്യം ഇല്ലാത്തതു വല്ലതും ചെയ്തിട്ടുണ്ടോ…..

എന്നെ മാത്രമല്ല അവിടെ ഉള്ള ഞങ്ങൾ കുട്ടികളെ മുഴുവൻ അങ്കിൾ….
ഞങ്ങൾ കളിക്കാൻ പോകുമ്പോൾ ഓരോന്ന് ചെയ്യും, ഞങ്ങൾക്ക് പ്രേതങ്ങളെ പേടി ആയതുകൊണ്ട് ഞങ്ങൾ ആരും പുറത്തു പറയില്ലെന്ന് അങ്കിളിനു അറിയാം… ഞങ്ങൾ പുറത്തു പറഞ്ഞാൽ പ്രേതങ്ങൾ അങ്കിളിനു വിവരം നൽകും അപ്പോൾ പ്രേതങ്ങളോട് അങ്കിൾ ഞങ്ങളുടെ അച്ഛനെയും അമ്മയെയും കൊല്ലാൻ പറയുമെന്നാണ് പറഞ്ഞിട്ടുള്ളത്….. പ്രേതങ്ങളോട് അവരെ ഒന്നും ചെയ്യരുതെന്ന് പറയണേ…. “”

അത്രയും കാണിച്ചിട്ട് ഡോക്ടർ പ്രൊജക്ടർ ഓഫ് ആക്കിയ ശേഷം പറഞ്ഞു,

“” ലയക്കുള്ള മനസികബുദ്ധിമുട്ടു ഞങ്ങൾ മാറ്റിയിട്ടുണ്ട് അതുപോലെ നിങ്ങൾ ഓരോരുത്തരുടെയും കുട്ടികൾക്ക് ഇതെ ബുദ്ധിമുട്ട് ഉണ്ട്, ഇത് നിങ്ങൾ എല്ലാം അറിയണം അതിനാണ് നിങ്ങളെ എല്ലാവരെയും വിളിച്ചത്…. കുട്ടികൾക്ക് എല്ലാം കൗൺസിലിംഗ് കൊടുക്കണം…. പിന്നെയൊരു കാര്യം നിങ്ങൾ മാതാപിതാക്കളെ ഞങ്ങൾ വീണ്ടും വീണ്ടും ഓർമിപ്പിക്കുകയാണ് ആരെയും കണ്ണടച്ച് വിശ്വസിക്കാതെയിരിക്കുക, നിങ്ങളുടെ കുഞ്ഞിന്റെ സുരക്ഷിതത്വം നിങ്ങളുടെ കരുതലിൽ ആണെന്ന് തിരിച്ചു അറിയുക…. സ്വന്തം കുഞ്ഞിന്റെ ദേഹത്ത് തൊടുന്നതിന്റെ അപ്പുറത്തുവെച്ചുള്ള സൗഹൃദവും ബന്ധവും മാത്രം മതി നിങ്ങൾക്കും, അത് ആദ്യം മനസിലാക്കേണ്ടത് നിങ്ങൾ തന്നെയാണ്…. കുഞ്ഞുങ്ങൾക്ക് മാനസികമായി ശക്തി കുറവായതുകൊണ്ട് സമൂഹത്തിൽ പതുങ്ങി ഇരിക്കുന്ന പ്രദീപ്കുമാർ പലതരത്തിൽ അവരെ ചൂഷണം ചെയ്യും, അവസരം ഒരുക്കി കൊടുക്കാതെ ഇരിക്കേണ്ടത് നിങ്ങളുടെ കടമയാണ്…. ഇപ്പോൾ നിങ്ങൾക്ക് എല്ലാവർക്കും പോകാം പക്ഷെ കുഞ്ഞുങ്ങളെ നാളെ തന്നെ കൗൺസിലിംഗിന് കൊണ്ടു വരണം…. “”

ഡോക്ടർ പറഞ്ഞത് കേട്ടു കഴിഞ്ഞപ്പോൾ എന്റെ തല കറങ്ങുന്നത് പോലെ തോന്നി, കണ്ണുകളിൽ ആകെ ഇരുട്ടു കയറിയിരിക്കുന്നു, തൊണ്ടയിൽ വെള്ളം വറ്റി പോയിരിക്കുന്നു… പെട്ടന്ന് ലയയുടെ അച്ഛന്റെ അലർച്ച ഞാൻ കേട്ടു…

“” സ്വന്തം അനിയനെ പോലെ ഞങ്ങൾ അവനെ സ്നേഹിച്ചതാണ് ഡോക്ടറെ, ഇന്നലെ എന്റെ കുഞ്ഞു ഇവിടെ കിടക്കുമ്പോളും അവൻ വന്നെന്നെ ആശ്വസിപ്പിച്ചു, എന്റെ കുഞ്ഞ് ഒന്നു സുഖം ആയിക്കൊള്ളട്ടെ അവന്റെ കുടൽമാല ഞാൻ പുറത്തേടുക്കും…. “”

“” അത് നിങ്ങൾ ഒന്നും ചെയ്യണ്ട, ഈ കാര്യങ്ങൾ അറിഞ്ഞപ്പോൾ തന്നെ ഞങ്ങൾ അയാളെ അറസ്റ്റ് ചെയ്യിപ്പിച്ചു… ഞങ്ങളുടെ ആശുപത്രിയിൽ ഇതുപോലെയൊരു ക്രിമിനൽ ഉണ്ടാവാൻ ഞങ്ങൾ അനുവദിക്കില്ല…. പിന്നെ നിങ്ങൾ ഇപ്പോളും മനസിലാക്കുക സ്വന്തം അനിയന്റെ കൂടെ ആണെങ്കിൽ പോലും നിങ്ങളുടെ കെയർ കുട്ടികളുടെ കൂടെ ഉണ്ടാവണം…. “”

ലയയുടെ അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞിട്ട് ഞാൻ ആശുപത്രിയിൽ നിന്നും ഇറങ്ങി ഇനി എന്റെ മോളുടെ കൂടെ കണ്ണടയും കാലം വരെ എന്റെ കണ്ണൊന്നു ചിമ്മാതെ നോക്കാൻ ഉണ്ടാവുമെന്ന് മനസ്സിൽ ഉറപ്പിച്ചുകൊണ്ട്……

ശുഭം

ഇതൊരു സ്റ്റോറി മാത്രമാണ്, ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന കൊച്ചിന് പ്രേതത്തെ കുറിച്ച് അറിവില്ലേ എന്നുള്ള ചോദ്യം ചോദിക്കരുത്, പ്രായം അല്ല മനുഷ്യന്റെ മാനസികബലം അളക്കുന്ന അളവുകോൽ ….

Leave a Reply

Your email address will not be published. Required fields are marked *