ആരോ തട്ടുക കൂടി ചെയ്തപ്പോൾ ഞാൻ ഞെട്ടിയുണർന്നു. തോളിൽ പിടിച്ചുകൊണ്ട് എന്ത്‌ പറ്റിയെന്ന് ഭർത്താവ് ചോദിക്കുകയാണ്. ആരാണ് മജ്നുവെന്നും ചോദിച്ചു……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ തെരുവ് കാഥികൻ

ഞാൻ ലൈലയാണ്. മജ്നു എവിടെയാണെന്ന് അറിയില്ല. ജീവിച്ചിരിപ്പുണ്ടെങ്കിൽ ഭ്രാന്ത് പിടിച്ചിട്ടുണ്ടാകും. ജീവിതകാലം മുഴുവൻ കൂടെയുണ്ടാകുമെന്ന് പറഞ്ഞ് പരസ്പരം കവിളിൽ നുള്ളി നടന്ന ഈന്തപ്പന കൂട്ടങ്ങൾക്കിടയിലൂടെ പാടി നടക്കുന്നുണ്ടാകും. തുടർന്ന്, വരണ്ട തൊണ്ടയുമായി കുഴഞ്ഞ് വീണിട്ടുണ്ടാകും. മരിച്ച് പോയെന്ന് പോലും അറിയാത്ത വിധം പാറിയിടിഞ്ഞ മൺകൂനയിൽ എന്റെ മജ്നു മറഞ്ഞ് പോയിട്ടുണ്ടാകും…

‘മജ്‌നൂ….!’

ആരോ തട്ടുക കൂടി ചെയ്തപ്പോൾ ഞാൻ ഞെട്ടിയുണർന്നു. തോളിൽ പിടിച്ചുകൊണ്ട് എന്ത്‌ പറ്റിയെന്ന് ഭർത്താവ് ചോദിക്കുകയാണ്. ആരാണ് മജ്നുവെന്നും ചോദിച്ചു. കിടക്കും മുമ്പേ വായിച്ച പുസ്തകത്തിലെ കഥാപാത്രമാണെന്ന് പറഞ്ഞിട്ടും പുള്ളി വിശ്വസിച്ച മട്ടില്ല. അൽപ്പം വെള്ളം കുടിച്ച ശേഷം ഞാൻ വീണ്ടും കണ്ണുകൾ അടച്ചു. കള്ളമല്ല. പറഞ്ഞത് സത്യമാണ്. ഞാൻ ലൈലയാണ്. മജ്നു എവിടെയാണെന്ന് സത്യമായിട്ടും എനിക്ക് അറിയില്ല…

മൂന്ന് മാസങ്ങൾക്ക് മുമ്പ് എന്റെ ലോകത്തിനൊരു അത്തറ് കുപ്പിയുടെ മണമായിരുന്നു. മറ്റാരും പുരയിൽ ഇല്ലാതിരുന്ന നാളാണ് അയാൾ വന്നത്. അത്തറ് വേണോയെന്ന് ആ മനുഷ്യൻ ചോദിച്ചു. വില എത്രയാണെന്ന് ഞാനും..

‘പനിനീരിന് മുന്നൂറ്… മുല്ലയ്ക്ക് ഇരുന്നൂറ്.. ‘

രണ്ടും ഞാൻ വാങ്ങി. പണവും കൊടുത്തു. സന്തോഷത്തോടെ അയാൾ പോയി. പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല. നാളുകൾ കഴിഞ്ഞപ്പോൾ വീണ്ടും ആ അത്തറുകാരൻ വന്നു. അന്ന് ഉമ്മയും ഉപ്പയും പുരയിൽ ഉണ്ടായിരുന്നു. വാങ്ങിയത് തന്നെ തീർന്നില്ലായെന്ന് പറഞ്ഞപ്പോൾ അയാൾ തിരിച്ച് പോകാനും ഒരുങ്ങി. അപ്പോഴാണ് ഉപ്പ അയാളെ തടഞ്ഞ് നിർത്തുകയും, മേലാൽ ഇങ്ങോട്ട് വരരുതെന്നും പറഞ്ഞത്. അയാൾ കുനിഞ്ഞ തലയുമായി മുറ്റം വിട്ട് പോയി.

‘വഴിയേ പോകുന്ന തെiണ്ടികളെയെല്ലാം പറമ്പിൽ കയറ്റിയാലുണ്ടല്ലോ…!’

ശകാരം എന്നോടായിരുന്നു. ഉപ്പയ്ക്ക് ഭ്രാന്താണെന്നും പറഞ്ഞ് ഞാനെന്റെ മുറിയിലേക്ക് പോയി. അയാൾ ജീവിക്കാനുള്ള പാടിലായിരിക്കില്ലേ ഇങ്ങനെ തെiണ്ടി നടക്കുന്നത്…! പാവം… വിഷമമായിട്ടുണ്ടാകും… സഹതാപം… ആ അത്തറുകാരനോട്‌ എനിക്ക് സഹതാപം തോന്നി. അത് സ്നേഹമായി പടരുമെന്ന് ഞാൻ കരുതിയതേയില്ല.

അഞ്ചോ, ആറോ മാസങ്ങൾ കഴിഞ്ഞിരിക്കുന്നു. കോളേജിലെ അവസാന വർഷ പരീക്ഷയും കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന ഞാൻ നാട്ടിലെ ബസ്റ്റോപ്പിനടുത്ത് നിന്ന് ആ മനുഷ്യനെ വീണ്ടും കണ്ടു. ഒരേ ദിശയിലേക്ക് നടക്കുന്ന സാഹചര്യമായത് കൊണ്ട് അയാളോട് മിണ്ടുകയും, ഒരു കുപ്പി മുല്ല മണം വാങ്ങുകയും ചെയ്തു.

‘ഉപ്പ അങ്ങനെയാണ്. ഒന്നും വിചാരിക്കല്ലേ…’

മനസിലായിട്ടും കൂടുതൽ സംസാരിക്കാൻ കൂട്ടാക്കാതിരുന്ന അയാളോട് ഞാൻ പറഞ്ഞതാണ്. അതൊന്നും കുഴപ്പമില്ലായെന്നായിരുന്നു മറുപടി. അങ്ങനെ പലയിടത്ത് നിന്നും കേൾക്കാറുണ്ട് പോലും…

‘ആരെയും കുറ്റം പറയാൻ പറ്റില്ല. വീട് കേറി മോഷണവും, പിടിച്ച് പറിയുമൊക്കെ നടക്കുന്നതല്ലേ…!’

അങ്ങനെ പറയുമ്പോൾ ആ മനുഷ്യൻ ചിരിക്കാൻ ശ്രമിച്ച് പരാജയപ്പെടുന്നുണ്ടായിരുന്നു.

”എന്താണ് നിങ്ങളുടെ പേര്…?”

‘മജ്നു..’

അങ്ങനെ കേട്ടപ്പോൾ എനിക്കൊരു കൗതുകം തോന്നി. പണ്ടെങ്ങോ വായിച്ച് മറന്നയൊരു അറബിക്കഥ ഒന്നായി ചിന്തയിലേക്ക് ഇടിയുന്നത് പോലെ…

“അപ്പോൾ ലൈലയോ…!’

അയാൾക്ക് മനസ്സിലായില്ല. പ്രണയമെന്ന് പറയുമ്പോഴേ നാക്കിൽ മുട്ടുന്ന മജ്നുവിനേയും ലൈലയേയും അറിയാത്ത ആ മനുഷ്യനെ വെറുതേ ഞാൻ നോക്കി. ആ ഭാവത്തിൽ വല്ലാത്തയൊരു നിഷ്ക്കളങ്കത തോന്നി.

‘മജ്‌നൂന്ന് പറഞ്ഞാൽ ഭ്രാന്തനാണെന്നാണ് അർത്ഥം… ലൈലയോട് ഭ്രാന്തായിരുന്നു മജ്നുവിന്…’

അയാൾ ചിരിച്ചു. അതോടൊപ്പം വിശക്കുമ്പോഴല്ലേ മനുഷ്യർക്ക് ഭ്രാന്ത് പിടിക്കുകയെന്ന് കൂടി ചോദിച്ചു. വിശപ്പ് വയറിന് മാത്രമല്ലല്ലോയെന്ന് ഞാൻ ആരാഞ്ഞു. ശേഷം, രണ്ട് പേർക്കിടയിലും നേർത്തയൊരു മൗനം പിണഞ്ഞ് കിടക്കുകയായിരുന്നു. വീട്ടിലേക്ക് തിരിയേണ്ട വഴിയിൽ എത്തിയപ്പോഴാണ് അത് മുറിഞ്ഞത്. വീണ്ടും കാണാമെന്ന് രണ്ടുപേരും ഒരുമിച്ച് പറഞ്ഞു. ആ യാദൃശ്ചികത വളരേ അധികം എനിക്ക് ഇഷ്ടപ്പെട്ടിരുന്നു.

മുല്ല മണവുമായി നാളുകൾ പിന്നേയും കൊഴിഞ്ഞു. ഞാൻ മജ്‌നുവിനെ ഓർത്ത് കൊണ്ടേയിരുന്നു. ഓർക്കുന്തോറും എനിക്ക് ലൈലയാകാൻ തോന്നുന്നു. അത്രയേറെ പ്രണയകഥകളുണ്ട് അവരുടെ ചരിത്രമായി.

ഞാൻ അറിഞ്ഞയിടത്തോളം കൂട്ടിക്കാലം തൊട്ടേ ഒരുമിച്ച് വളര്‍ന്നവരാണ് ലൈലയും മജ്നുവും. ഇരുവരും പരസ്പരം ഒരുപാട് സ്‌നേഹിച്ചിരുന്നു. കളിച്ചും ചിരിച്ചും രാപ്പകൽ പങ്കിട്ട ആ കാലം അധികമൊന്നും നില നിന്നിരുന്നില്ല. ഒരേ മദ്രസ്സയിലായിരുന്ന ഇരുവരേയും അന്ന് ഉസ്താദ് പിടികൂടി. എല്ലാവരോടും ‘അള്ളാഹ്’ എന്നെഴുതാന്‍ ആവശ്യപ്പെട്ടതാണ് പോലും…

മജ്നു മാത്രം ലൈലായെന്ന് എഴുതി. ഉസ്താദ് അടിച്ച് തുട പൊളിച്ചിട്ടും അവൻ ആ പേര് തടഞ്ഞില്ല. മജ്നുവിന് കിട്ടിയ ഓരോ അiടിയിലും ഉള്ള് പിടഞ്ഞ് തുള്ളിയത് ലൈല ആയിരുന്നു.

‘ഈ പെണ്ണിനെ നീ അള്ളാഹുവിനേക്കാള്‍ കൂടുതലാണൊ സ്നേഹിക്കുന്നത്…? ‘

ലൈലയെ ചൂണ്ടി നിർത്തിയാണ് ഉസ്താദത് ചോദിച്ചത്. ആണെന്ന് പറഞ്ഞപ്പോൾ ഉസ്താദ് മജ്‌നുവിനെ അiടിച്ച് കൊണ്ടേയിരുന്നു. അടിക്കല്ലേയെന്ന് ലൈല കരഞ്ഞ് പറയുന്നുണ്ടായിരുന്നു.

‘അവനെ അiടിച്ചാൽ നിനക്കെന്താണ് കുഴപ്പം…?’

ഉരുണ്ട കണ്ണുകളോടെ ഉസ്താദ് ലൈലയോട് ചോദിച്ചു. വേദനിക്കുന്നു വെന്ന് പറഞ്ഞ് ആ നേരം അവൾ തന്റെ കൈ നീട്ടി. ആ ഉസ്താദിന്റെ ഉടലാകെ വിറക്കാൻ പാകം, മജ്‌നുവിന് കൊണ്ട അiടിയുടെ പാടുകളെല്ലാം ലൈലയുടെ കൈവെള്ളയിൽ തെളിഞ്ഞ് നിൽക്കുന്നു…!

സത്യമാണ്. അറബിക്കഥയെ ഓർമ്മിപ്പിക്കുന്ന ആ നേരം എനിക്ക് ലൈലയാകാൻ തോന്നുകയായിരുന്നു. മജ്നുവിന്റെ വേദനകളെ യെല്ലാം എന്നിൽ ചേർക്കണമെന്ന് മനസ്സ് കൊതിക്കുകയാണ്. ഇനി ആ അത്തറുകാരനെ കണ്ടാൽ തീർച്ചയായിട്ടും ഞാനത് പറയും. അതിനായി ഏറെ നാളുകളൊന്നും കാത്തിരിക്കേണ്ടി വന്നില്ല. ആഴ്ച്ചയൊന്ന് കഴിഞ്ഞപ്പോൾ മജ്നുവിനെ ഞാൻ വീണ്ടും കണ്ടു.

‘ഒരു വാടക മുറിയുണ്ട്. വായനശാലയുടെ അടുത്തായിട്ട് വരും…’

എവിടെയാണ് താമസിക്കുന്നതെന്ന എന്റെ ചോദ്യത്തിന് കിട്ടിയ മറുപടിയായിരുന്നു. മജ്നുവിനെ എനിക്ക് ഇഷ്ടമാണെന്ന് വെപ്രാളപ്പെടാതെ ഞാൻ പറഞ്ഞു. വീട്ടിൽ കയറ്റാൻ പോലും യോഗ്യതയില്ലാത്ത തന്നോട് പ്രണയമോയെന്ന് ചോദിച്ച് അയാൾ അപ്പോഴും ചിരിക്കുകയായിരുന്നു. എനിക്ക് ദേഷ്യം വന്നു. പെണ്ണൊരുത്തി ഇത്രയും ധൈര്യത്തോടെ വെട്ടിത്തുറന്ന് പറഞ്ഞിട്ടും മനസ്സിലായി ല്ലെങ്കിൽ പിന്നെ എന്ത് പറയാനാണ്…

‘ഞാനൊരു അത്തറുകാരൻ… കണ്ടില്ലേ, ആകെ മുഷിഞ്ഞിരിക്കുന്നു… അത്തറിന്റെ മണമൊന്നും എനിക്ക് ഇല്ലെന്നേ…’

പ്രായത്തിൽ കൂടുതൽ പക്വമാണെന്ന് കാട്ടാൻ ചില മനുഷ്യർ ഇങ്ങനെ തത്വങ്ങൾ പറയാറുണ്ട്. മജ്നുവിന്റെ ആ മറുപടി എനിക്ക് ഇഷ്ടപ്പെട്ടില്ല.

“ഇന്ന് മുതൽ നിന്റെ ലൈല ഞാനാണ്..’

എന്നും പറഞ്ഞ് ചുളിഞ്ഞ മുഖത്തോടെ ഞാൻ പിൻവലിഞ്ഞു. ആ വളവിൽ മറയുന്നത് വരെ മജ്നു എന്നെ നോക്കി നിൽക്കുകയായിരുന്നു.

പിന്നീടും ഞങ്ങൾ കണ്ടു. ആ മനുഷ്യന്റെ പേടിയൊക്കെ മാറി. കഥയിലെന്ന പോലെ മജ്‌നുവിന്റെ ശ്വാസം പോലും ലൈലയെ ഓർക്കാൻ വേണ്ടി മാത്രമായി. മജ്‌നുവിനെ പ്രണയിക്കാനാണ് ജീവിക്കുന്നതെന്ന് ഞാനെന്ന ലൈലയും നിനച്ചു. എല്ലാത്തിനും അൽപ്പായുസ്സായിരുന്നു. ഉപ്പയുടെ കണ്ണും കാതും ഞങ്ങളെ കയ്യോടെ പിടികൂടി.

പിന്നീട് നടന്നതെല്ലാം ഓർക്കുമ്പോൾ ഉള്ള് വിയർക്കുകയാണ്. ആ കിതപ്പിലാണ് മജ്‌നൂവെന്ന് വിളിച്ച് ഞാൻ ഇങ്ങനെ ഞെട്ടി ഉണരുന്നത്. എവിടെയാണ് മജ്നു? ചോദിക്കാനും പറയാനും മജ്നുവിന് ആരുമില്ലെന്ന് ഉപ്പയ്ക്ക് അറിയാം. തന്നെ പേടിച്ച് ആ ഹിമാറ് നാട് വിട്ടെന്നാണ് ഉപ്പ പറഞ്ഞത്. ഉറപ്പിക്കുന്ന നിക്കാഹിന് സമ്മതിച്ചില്ലെങ്കിൽ മജ്നുവിനെ തിരഞ്ഞ് പിടിച്ച് കൊiല്ലുമെന്നും ഉപ്പ ചേർത്തൂ…

നിക്കാഹ് കഴിഞ്ഞു. ആ അറബി കഥയിലെന്ന പോലെ സുന്ദരനും ധനികനുമായ ഒരു വ്യാപാരി യുവാവായിരുന്നു വരൻ. ലൈലയുടെ പിതാവ് മജ്‌നുവിനെ മരുഭൂമിയിലേക്ക് കൊണ്ടുപോയി തള്ളിയെന്നാണ് കഥയിൽ. ആ മണലാരത്തിൽ മജ്‌നു ഭ്രാന്തനെപ്പോലെ അലഞ്ഞ് നടക്കുന്നുണ്ടെന്നും കഥയിൽ എഴുതിയിരുന്നു.

ശരിയാണ്. കഥയായിരുന്നു. ജീവിതത്തിലേക്ക് പകർത്താൻ ശ്രമിച്ചപ്പോൾ ഒരു അത്തറ് വിൽപ്പനക്കാരനെ കാണാതാക്കാൻ പാകമത് അച്ചട്ടായിപ്പോയി. ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ വിശപ്പ് മാത്രമല്ല ഭ്രാന്തിന്റെ കാരണമെന്ന് അയാൾക്ക് ഇപ്പോൾ മനസിലായിട്ടുണ്ടാകും.

അറബിക്കഥ പോലെയല്ല. ബലമായി സ്വപ്നങ്ങൾ തുന്നിച്ചേർക്കപ്പെട്ട യുവാവാണ് പാടെ മറഞ്ഞിരിക്കുന്നത്. കുറ്റബോധവും പേറി ഇനിയും എത്രനാളെന്ന് എനിക്ക് അറിയില്ല. കണ്ണുകളിൽ ഇരുട്ട് കയറുന്നത് പോലെ… അത്തറുകാരന്റെ സകല വേദനകളും നെഞ്ച് തുളച്ച് പ്രവേശിക്കുന്നത് പോലെ… എങ്ങനെ ഇല്ലാതിരിക്കും…! ഞാൻ ലൈലയാണ്. മജ്നു എവിടെയാണെന്ന് സത്യമായിട്ടും എനിക്ക് അറിയില്ല….!!!

Leave a Reply

Your email address will not be published. Required fields are marked *