Story written by NISHA L
“ഛെ ഇതെന്താ മീൻ കറിയോ അതോ മീൻ കഴുകിയ വെള്ളമോ… “!! അജിത്ത്ദേഷ്യത്തോടെ പറയുന്നത് കേട്ട് രേഖ കണ്ണുകൾ നിറച്ചു നിന്നു.
താൻ എന്തു വെച്ചുണ്ടാക്കി കൊടുത്താലും അജിത്ത് കുറ്റം മാത്രമേ പറയൂ. കല്യാണം കഴിഞ്ഞ നാളുമുതൽ ഇതുതന്നെയാണ് അവസ്ഥ. എന്നാൽ അജിത്തിനെ അമ്മ രാധ മുളകരച്ചു കൊടുത്താലും സ്വാദോടെ കഴിക്കുന്നത് കാണാം. അതു കൂടി കാണുമ്പോൾ അവൾക്ക് വിഷമം വരും.
എന്നാൽ രാധ ഉൾപ്പെടെ മറ്റാരും അവളുടെ ആഹാരത്തെക്കുറിച്ച് കുറ്റം പറയാറില്ല. അതുകൊണ്ടുതന്നെ അവൾക്കും അറിയാം അത്ര മോശം ആഹാരം അല്ല താൻ ഉണ്ടാക്കുന്നത് എന്ന്. പക്ഷേ അജിത് മോശം മാത്രമേ പറയൂ.
അജിത്തിന്റെയും രേഖയുടെയും വിവാഹം കഴിഞ്ഞിട്ട് അഞ്ചു വർഷമായി. നാലുവയസുകാരൻ നന്ദുട്ടൻ മകനാണ്. അജിത്തിന് മറ്റു മോശം സ്വഭാവങ്ങൾ ഒന്നും തന്നെ ഇല്ല. മദ്യപാനം,, പുകവലി ഒന്നുമില്ല. പക്ഷേ രേഖ ഉണ്ടാക്കുന്ന ആഹാരം കുറ്റം പറയാതെ അവൻ കഴിക്കാറില്ല. അവൾ ഒരു ഗ്ലാസ് പച്ചവെള്ളം കൊടുത്താലും അത് കുറ്റം പറഞ്ഞ് മാത്രേ കുടിക്കൂ. അവന്റെ ഈ സ്വഭാവം അവൾക്ക് വലിയ വിഷമമുണ്ടാക്കുന്നുണ്ട് .എങ്കിലും അവൻ വഴക്കു പറയുമ്പോൾ അവൾ മിണ്ടാതെ കേട്ടോണ്ട് നിൽക്കാറാണ് പതിവ്. എതിർത്തൊന്നും തന്നെ പറയാറില്ല അതുകാരണം അവൻ വീണ്ടും വീണ്ടും കുറ്റംപറഞ്ഞുകൊണ്ടേയിരിക്കും.
മറ്റുള്ളവരുടെ മുന്നിൽ മുന്നിൽവച്ചും അവൾ ഉണ്ടാക്കുന്ന ആഹാരത്തിന് കുറ്റം പറയും. ചിലപ്പോഴൊക്കെ അവൾക്ക് ജീവിതം തന്നെ ഉപേക്ഷിച്ച് എങ്ങോട്ടെങ്കിലും ഓടി പോകാൻ തോന്നാറുണ്ട്. പക്ഷേ നന്ദുട്ടന്റെ മുഖം ഓർക്കുമ്പോൾ ഒന്നും തന്നെ ചെയ്യാൻ തോന്നില്ല. മറുത്തൊന്നും പറയാത്തത് കൊണ്ടായിരിക്കാം അവനൊരു നേർച്ച പോലെ കുറ്റം പറച്ചിൽ തുടർന്നുകൊണ്ടേയിരുന്നു.
രാധ അവരുടെ വഴക്കുകളിൽ ഇടപെടാറില്ല എങ്കിലും അവരുടെ ആഹാരത്തിന് കുറ്റം പറയാതെ കഴിക്കുകയും മരുമകളുടെ ആഹാരത്തെ കുറ്റം പറയുന്നതും കേൾക്കുമ്പോൾ അവരുടെ മുഖത്ത് ഒരു തെളിച്ചം ഉണ്ടാകാറുണ്ട്.
**************************
ദീർഘ നേരത്തെ ആലോചനയ്ക്ക് ഒടുവിൽ രേഖ ഒരു ഉറച്ച തീരുമാനത്തിൽ എത്തി.
അന്നു രാത്രി പതിവുപോലെ അത്താഴം കഴിക്കുന്ന സമയം അജിത്ത് കുറ്റം പറഞ്ഞു കൊണ്ട് തന്നെ ആഹാരം മുഴുവൻ അകത്താക്കി… എന്നാൽ ഇപ്രാവശ്യം രേഖയുടെ മുഖത്ത് ദുഃഖഭാവത്തിനു പകരം ഒരു കല്ലിച്ച ഭാവം നിലനിന്നു.
രാത്രി അടുക്കളയിലെ ജോലികളൊക്കെ ഒതുക്കി അവൾ ബെഡ്റൂമിൽ എത്തി. ഈ സമയം മൊബൈലിൽ നോക്കിക്കൊണ്ട് അജിത്ത് അവിടെ കിടക്കുന്നുണ്ട്.
കതകടച്ചു കുറ്റിയിട്ടതിനു ശേഷം അവൾ അജിത്തിനെ വിളിച്ചു
” ഡോ…. “!!
“ങ്‌ഹേ….. എന്താ… എന്താടി നീ വിളിച്ചത് ഡോ എന്നോ…”!!????
“ആ .. അങ്ങനെ തന്നെയാ വിളിച്ചത്…ഞാൻ ഉണ്ടാക്കുന്ന ആഹാരത്തിന് എന്തു കുഴപ്പം ഉണ്ടായിട്ടാഡോ താൻ കുറ്റം മാത്രം പറഞ്ഞു കഴിക്കുന്നത്…??
“നിങ്ങളുടെ കൂടെയുള്ള ജീവിതം എനിക്ക് മടുത്തു. ഇനി കഷ്ടപ്പെട്ട് നിങ്ങൾ എന്നെ സഹിക്കേണ്ട. എന്നെ ഒരാള് ഇഷ്ടമാണെന്ന് പറഞ്ഞിട്ടുണ്ട് ഞാൻ അവന്റെ കൂടെ പോകുവാ. ഇതുവരെ പോകാൻ ഒരിടം ഇല്ലാത്തത് കൊണ്ടാ ഇവിടെ കടിച്ചു തൂങ്ങിയത്.. “!!!
“എന്താടി.. എന്താ നീ പറഞ്ഞത്..”???
” ഞാൻ ഉണ്ടാക്കുന്ന ആഹാരം കുറ്റംപറയാതെ കഴിക്കുന്ന ഒരുത്തന്റെ കൂടെ ഞാൻ പോകുന്നു എന്ന്…. “!!
അജിത്ത് അന്തംവിട്ടവളെ നോക്കിയിരുന്നു..ഈശ്വരാ ഇവൾക്ക് ഇതെന്താ വല്ല ബാധയും കേറിയോ… എന്തൊക്കെയാ ഈ പറയുന്നത്…!!!
അവൻ മനസ്സിലോർത്തു കൊണ്ട് അവളെ അടിമുടി ഒന്ന് നോക്കി.
ആവശ്യത്തിന് ശരീരസൗന്ദര്യവും മുഖസൗന്ദര്യവും ഉണ്ട്… പ്രസവിച്ചപ്പോൾ സൗന്ദര്യം ഒന്നു കൂടി കൂടിയിട്ടുണ്ടെങ്കിലേ ഉള്ളൂ. ആര്കണ്ടാലും അവളെ ഇഷ്ടപ്പെടും.. അവൾ എന്നെ കളഞ്ഞിട്ട് പോകും എന്ന് പറഞ്ഞത് ഉള്ളതായിരിക്കുമോ … ഈശ്വരാ ആഹാരത്തിന് കുറ്റം പറയുന്നത് ഇത്ര വലിയ തെറ്റായിരുന്നോ ..!!!
അവന്റെ നോട്ടം കണ്ട് അവൾ വീണ്ടും ചോദിച്ചു.
” താൻഎന്താ എന്നെ നോക്കി പേടിപ്പിക്കുകയാണോ. ഞാൻ ഉണ്ടാക്കുന്ന ആഹാരം ഇഷ്ടമല്ലെങ്കിൽ കഴിക്കരുത്…. ഇത് കുറ്റം പറയുകയും ചെയ്യും എന്നിട്ട് കൊണ്ടു വയ്ക്കുന്നത് എല്ലാം വലിച്ചു വാരി തിന്നുകയും ചെയ്യും. രണ്ടും കൂടി എന്തിനാ ചെയ്യുന്നേ..??? “!!! അവൾ ദേഷ്യത്തോടെ ചോദിച്ചു.
അജിത് ഒന്നും മിണ്ടാതെ അവളെ തന്നെ നോക്കി നിന്നു.. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ഭാവം അവളിൽ കണ്ടപ്പോൾ അവൻ ആകെ ഞെട്ടിപ്പോയിരുന്നു.
” ഞാൻ ഉണ്ടാക്കുന്ന ആഹാരം അത്രക്ക് മോശമാണോഡോ….”??? !”
“അ… അല്ല… “!!” അവൻ പറഞ്ഞു
“ഹ്മ്മ്… അങ്ങോട്ട് മാറി നിക്ക്..”!!പറഞ്ഞു കൊണ്ട് അവൾ കട്ടിലിലേക്ക് കയറി നന്ദുട്ടന്റെ അപ്പുറത്ത് മാറി കിടന്നു.
പിറ്റേന്ന് രാവിലെ…
ഒന്നും മിണ്ടാതെ ഇഡലിയും ചട്നിയും കഴിക്കുന്ന അവനെ കണ്ടു രാധ അത്ഭുതത്തോടെ നോക്കി.രേഖയിലും അവന്റെ ഭാവം ചെറിയ അമ്പരപ്പ് ഉണ്ടാക്കി. ഇന്നലെ പറഞ്ഞത് ഏറ്റു എന്ന് തോന്നുന്നു അവൾ മനസ്സിലോർത്തു. .
ആഹാരം കഴിഞ്ഞ് ജോലിക്ക് പോകാനിറങ്ങിയ അവന്റെ പുറകെ അവൾ ചെന്നു.
ബൈക്കിൽ കയറി ഇരുന്നു കൊണ്ട് അജിത്ത് അവളോട് ചോദിച്ചു…
“വൈകിട്ട് ഞാൻ വരുമ്പോൾ നീ ഇവിടെ തന്നെ കാണില്ലേ .. അതോ ആരുടെയെങ്കിലും കൂടെ പോകുമോ…”!!???
അവൾ അത് കേട്ട് ചിരിക്കണോ കരയണോ എന്നറിയാതെ നിന്നു.
“അതെനിക്ക് ഇന്നലെ ദേഷ്യം വന്നിട്ട് പറഞ്ഞതാ… പിന്നെ ക്ഷമിക്കുന്നതിനും ഒരു പരിധി ഒക്കെ ഇല്ലേ… നിങ്ങളെയും കുഞ്ഞിനെയും ഒക്കെ വിട്ട് ഞാൻ എവിടെ പോകാനാ മനുഷ്യാ..”!!
അവൾ ചിരിയോടെ പറഞ്ഞു..അത് കണ്ട് അവന്റെ ചുണ്ടിലും ഒരു പുഞ്ചിരി തെളിഞ്ഞു.
“നീ എന്റെ സ്വന്തം ആണല്ലോ…. എനിക്ക് എന്തും പറയാമല്ലോ…. എന്ന വിചാരത്തിൽ ആണ് ഞാൻ ചുമ്മാ കുറ്റം പറഞ്ഞു കൊണ്ടിരുന്നത്. പക്ഷേ നീ ഇന്നലെ എന്നെ കളഞ്ഞിട്ട് പോകും എന്ന് പറഞ്ഞപ്പോൾ…. ഞാൻ ആകെ ഒറ്റപ്പെട്ടു പോയതു പോലെ… ആരും ഇല്ലാതായി പോയത് പോലെ ഒക്കെ തോന്നി.എന്റെ സ്വഭാവം നിനക്കിത്ര ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് എനിക്ക് അറിയില്ലായിരുന്നെടി…. നിന്റെ മനസ്സിൽ ഇത്ര വലിയ വേദനയുണ്ടാക്കി എന്ന് ഞാനറിഞ്ഞില്ല സോറി.. “!!!
“ശരിക്കും നീ ഉണ്ടാക്കുന്ന ആഹാരം ഒക്കെ നല്ലത് തന്നെയാണ്.. പക്ഷേ എന്തെങ്കിലും ഒരു കുറ്റം പറഞ്ഞു കഴിക്കുന്നത് ഒരു ശീലമായി പോയതാണ്…..സോറി ഞാൻ ഇനി അത് മാറ്റാം. ഇനി വല്ലപ്പോഴും മാത്രമേ കുറ്റംപറയുകയുള്ളൂ…. എപ്പോഴും പറയില്ല… “!! അവൻ ചിരിയോടെ പറഞ്ഞു..
“ശോ… ഞാൻ കുറച്ചു കാലം മുന്നേ ഈ ഐഡിയ പ്രയോഗിക്കേണ്ടത് ആയിരുന്നു.. അല്ലെ അജിത്തേട്ടാ…”!!! അവന്റെ ചിരിയിൽ ചേർന്നു കൊണ്ട് രേഖ പറഞ്ഞു.
NB : വായിച്ചിട്ട് കെട്ടിയോൻമാരൊന്നും എന്നെ കൊല്ലരുത്… 🤭